കേരളീയം വാര്‍ഷികവും റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനവും

1998 നവംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച കേരളീയം മാസിക, കേരളീയം റിസോഴ്‌സ് സെന്റര്‍ എന്ന പുതിയൊരു സംരംഭത്തിന് കൂടി തുടക്കം കുറിച്ചുകൊണ്ട് 2014 നവംബര്‍ 28ന്  16-ാം വാര്‍ഷികം ആഘോഷിച്ചു. 16 വര്‍ഷമായി നടത്തുന്ന മാധ്യമ ഇടപെടലുകളുടെ ഭാഗമായി കേരളീയം സമാഹരിച്ച വിഭവങ്ങള്‍ പൊതുസമൂഹത്തിന്റെ സ്വതന്ത്ര ഉപയോഗത്തിനായി ലഭ്യമാക്കുക എന്ന ആശയമാണ് കേരളീയം റിസോഴ്‌സ് സെന്ററിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പുതിയതായി ലഭ്യമാകുന്നതും കഴിഞ്ഞകാലങ്ങളില്‍ ശേഖരിച്ചതുമായ വിഭവങ്ങള്‍ വായനയ്ക്കും വിവരശേഖരണത്തിനും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ചിട്ടയോടെ സൂക്ഷിക്കുന്ന ഇടമാണ് കേരളീയം റിസോഴ്‌സ് സെന്റര്‍. തൃശൂരിലെ കൊക്കാലെയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളീയം ഓഫീസിന്റെ ഒരു ഭാഗം തന്നെയാണ് റിസോഴ്‌സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. ആനുകാലികങ്ങള്‍ (മാസികകള്‍, ജേര്‍ണലുകള്‍), ജനകീയ സമരങ്ങളുടെ ലഘുലേഖകള്‍/ പഠന റിപ്പോര്‍ട്ടുകള്‍/ചരിത്രരേഖകള്‍/കോടതി വിധികള്‍/ നോട്ടീസുകള്‍/ പോസ്റ്ററുകള്‍/ പത്രവാര്‍ത്തകള്‍, പരിസ്ഥിതി സാമൂഹിക വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍, സമാന്തര പ്രസിദ്ധീകരണങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബദല്‍ പ്രസിദ്ധീകരണങ്ങള്‍/പുസ്തകങ്ങള്‍, ഡോക്യുമെന്ററികള്‍/സിനിമകള്‍, കേരളീയം ലക്കങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഡയറക്ടറി (വിലാസം-ഫോണ്‍ നമ്പര്‍), ഓണ്‍ലൈന്‍ വായനാ സൗകര്യം (ഇ-പേപ്പര്‍, ഇ-ജേര്‍ണലുകള്‍) തുടങ്ങിയ സൗകര്യങ്ങളാണ് റിസോഴ്‌സ് സെന്റര്‍ നിങ്ങള്‍ക്കായി ഒരുക്കുന്നത്. എല്ലാ അന്വേഷകര്‍ക്കും നിലവിലുള്ള കേരളീയം മാസികയുടെ ക്രമീകരണങ്ങളും ഓഫീസ് വ്യവസ്ഥയും തെറ്റാതെ ഈ സംവിധാനം സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഒപ്പം ഒരു കൂട്ടായ ശ്രമം എന്ന നിലയില്‍ റിസോഴ്‌സ് സെന്ററിലെ വിഭവങ്ങള്‍ വികസിപ്പിക്കുന്നതില്‍ ആര്‍ക്കും പങ്കാളികളാകാം. റിസോഴ്‌സ് സെന്ററിന്റെ ഭാഗമായി സമകാലിക വിഷയങ്ങളില്‍ സ്ഥിരമായി സംവാദപരമ്പരകള്‍ സംഘടിപ്പിക്കാനും പഠന പരിപാടികള്‍ ആസൂത്രണം ചെയ്യാനും പദ്ധതിയുണ്ട്.

2014 നവംബര്‍ 28ന് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. എം.പി. പരമേശ്വരനാണ് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ സി.പി. ഗംഗാധരന്‍ മാസ്റ്റര്‍, വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാച്ചിമട സമരത്തിന്റെ രേഖകള്‍ പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ അറുമുഖന്‍ പത്തിച്ചിറ കേരളീയം റിസോഴ്‌സ് സെന്ററിലേക്ക് കൈമാറി. സാമൂഹിക ശാസ്ത്രജ്ഞന്‍ ഡോ. എം. അമൃത് രേഖകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവനന്തപുരം എം.ബി.എസ്. യൂത്ത് ക്വയറിലെ 40 ഓളം ഗായകര്‍ പങ്കെടുത്ത സംഘഗാനം കൊക്കാലെ തെരുവില്‍ അരങ്ങേറി. വൈകീട്ട് 4 മണിക്ക് ഭൂമിക്കും സ്വയംഭരണത്തിനും വേണ്ടി നൂറ് ദിവസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന ആദിവാസി നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊക്കാലെ അടക്കാമാര്‍ക്കറ്റ് തെരുവില്‍ ഐക്യദാര്‍ഢ്യ നില്‍പ്പ് സമരവും സംഘടിപ്പിച്ചു. വൈകീട്ട് 7.00ന് ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത ബിഹൈന്‍ഡ് ദി മിസ്റ്റ്, സുനന്ദ ഭട്ട് സംവിധാനം ചെയ്ത നിങ്ങള്‍ അരണയെ കണ്ടോ? എന്നീ ഡോക്യുമെന്ററികളുടെ സംപ്രേക്ഷണവും നടന്നു.