ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍

ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ് രാജിനും എതിരെ ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍ 2015 ഫെബ്രുവരി 1, ഞായര്‍ രാവിലെ 10.00 മുതല്‍ വൈകീട്ട് 8.00 വരെ തൃശൂര്‍ തെക്കേഗുപരനടയില്‍ വച്ച് നടന്നു.

മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ്സാര്‍ കമ്പനിയുടെ ഖനനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ലണ്ടനിലേക്ക് പോകും വഴി ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് തടയപ്പെട്ട ഗ്രീന്‍പീസ് പ്രചാരക പ്രിയ പിള്ള മുഖ്യാതിഥിയായി. ജനാധിപത്യത്തിലെ പോലീസ് എന്ന വിഷയത്തില്‍ അഡ്വ. കാളീശ്വരം രാജ് വിഷയാവതരണം നടത്തി. കെ. വേണു അധ്യക്ഷനായി. സണ്ണി പൈകട, ഗീതാനന്ദന്‍, സി.ആര്‍. നീലകണ്ഠന്‍, ഹാഷിം ചേന്ദാമ്പിള്ളി, സൈമണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ സംസാരിച്ചു. ജനവിരുദ്ധ ഭരണകൂടനയങ്ങളും പോലീസ് രാജും നേരിട്ട/നേരിടുന്നവര്‍ നടത്തിയ അനുഭവസാക്ഷ്യങ്ങള്‍ അഡ്വ. എസ്. ബാലമുരുഗന്‍ (ജനറല്‍ സെക്രട്ടറി, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, തമിഴ്‌നാട്) ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരന്‍ അധ്യക്ഷനായി. കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. കണ്‍വെന്‍ഷന്റെ ഭാഗമായി വൈകീട്ട് നടന്ന പൊതുസമ്മേളനം കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.ആര്‍. ഗോവിന്ദന്‍, വിളയോടി വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയുടെ നോട്ടീസില്‍ നിന്നും..

കോര്‍പ്പറേറ്റ്-സാമ്പത്തിക താത്പര്യങ്ങളുടെ സംരക്ഷകരായിത്തീര്‍ന്ന ഭരണാധികാരികള്‍ ജനാധിപത്യ വ്യവസ്ഥയെ നിഷ്പ്രഭമാക്കി ജനകീയ ചെറുത്തുനില്‍പ്പുകളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനായത്തഭരണവും നിയമനിര്‍വഹണ സംവിധാനങ്ങളും ഏറെ വളര്‍ച്ച പ്രാപിച്ചിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ പോലും അഹിംസാത്മക സമരങ്ങളോടുള്ള ഭരണകൂട സമീപനം നിര്‍ദ്ദയവും നിഷേധാത്മകവുമായി മാറുന്നു. ദേശസുരക്ഷയുടെയും വന്‍കിട വികസന പദ്ധതികളുടെയും പേരില്‍ പൗരാവകാശങ്ങള്‍ക്ക് മേലുള്ള രാഷ്ട്രത്തിന്റെ കടന്നുകയറല്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്ന ഒരു ദേശീയ സാഹചര്യം ആഗതമായിരിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ തടസ്സങ്ങള്‍ നീക്കിയ ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് മുതല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് നല്‍കാതെ തിരിച്ചയച്ച നടപടിവരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപകാല ഇടപെടലുകളെല്ലാം സമഗ്രാധിപത്യ പ്രവണതകളുടെ സൂചനകളെയാണ് അനാവരണം ചെയ്യുന്നത്.
അതേസമയം ജനാധിപത്യത്തിന്റെ അപചയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനങ്ങളുടെ സമരങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാറുകള്‍ക്കും ഭരണവര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അടിപതറുന്ന സാഹചര്യവും ഇവിടെ സംജാതമാകുന്നുമുണ്ട്. സിവില്‍ സമൂഹത്തിന്റെ ഈ ഉണര്‍വ് സാമൂഹിക പ്രവര്‍ത്തകര്‍ക്കും ജനകീയ സമരങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭരണകൂടത്തിന്റെ അധികാര പ്രയോഗങ്ങള്‍ കൂടുന്നതിന് കാരണമായിത്തീര്‍ന്നിരിക്കുന്നു. കേരളത്തിലെ എല്ലാ ജനകീയ സമരങ്ങള്‍ക്കും പോലീസിന്റെ ഏതെങ്കിലും വിധത്തിലുള്ള അധികാര പ്രയോഗങ്ങളെ അനുദിനം അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ലാത്തിചാര്‍ജ്ജും കള്ളക്കേസില്‍ കുടുക്കലും കേസ് കെട്ടിച്ചമയ്ക്കലും അറസ്റ്റും നിരന്തരമുള്ള ചോദ്യം ചെയ്യലും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കലും പരിപാടികള്‍ക്ക് അനുമതി നിഷേധിക്കലും രാജ്യദ്രോഹത്തിന്റെ ലേബല്‍ പതിക്കലും ഒക്കെയായി ദുരനുഭവങ്ങളുടെ ഒരു നീണ്ടപട്ടിക മിക്ക സാമൂഹികപ്രവര്‍ത്തകര്‍ക്കും പറയാനുണ്ട്. അതേസമയം കേരളത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന സി.പി.ഐ (മാവോയിസ്റ്റ്) സംഘടന നടത്തുന്ന ഏകപക്ഷീയമായ അക്രമസമരങ്ങള്‍ ജനകീയ സമരങ്ങള്‍ നിര്‍മ്മിച്ചെടുത്ത ജനാധിപത്യ പ്രതിരോധ പ്ലാറ്റ്‌ഫോമുകളെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. കേരള പോലീസിന്റെ സൈനീകവത്കരണത്തിനും, വിഭവസംരക്ഷണ സമരങ്ങള്‍ക്കും ആദിവാസി പ്രക്ഷോഭങ്ങള്‍ക്കും നേരെയുള്ള പോലീസ് അതിക്രമം കൂടുന്നതിനും മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ഇടപെടലുകളും കാരണമായിത്തീരുന്നു. ജനാധിപത്യവത്കരണ പ്രക്രിയയില്‍ ഏറെ മുന്നോട്ട് പോയിരിക്കുന്ന സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ മാവോയിസ്റ്റ് സംഘടനകളുടെ ഗറില്ല സമരങ്ങളോട് വിയോജിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, മാവോയിസ്റ്റുകളെ നേരിടുന്നതില്‍ നിയമവ്യവസ്ഥയെ അതിലംഘിക്കുന്നതരത്തിലുള്ള ഇടപെടല്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയുടെ ഭാഗമായി രൂപംകൊണ്ട ഭരണഘടനയേയും നിയമവ്യവസ്ഥയേയും അംഗീകരിക്കുന്ന സമരങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമാണ് ജനാധിപത്യവ്യവസ്ഥയുടെ അപചയങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനുള്ള തിരുത്തല്‍ ശക്തിയാകാന്‍ കഴിയൂ. ജനാധിപത്യതത്വങ്ങളെ മാനിക്കും വിധമുള്ള സമഗ്രമായ നിയമപരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഇനിയും ഏറേ മുന്നേറേണ്ടതുണ്ട്. അത്തരം ഇടപെടലുകള്‍ക്കായി ശ്രമിക്കുന്ന അഹിംസാത്മകവും ജനാധിപത്യപരവുമായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഏറിവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ്‌രാജിനും എതിരെ ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍ എന്ന ഏകദിന പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. 2015 ഫെബ്രുവരി 1, ഞായറാഴ്ച രാവിലെ 10.00 മുതല്‍ വൈകീട്ട് 6.00 വരെ തൃശൂര്‍ തെക്കേഗോപുര നടയില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.