ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും

കേരളീയം മാസിക ഏര്‍പ്പെടുത്തുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും പ്രശാന്ത് പൈക്കറെ നിര്‍വഹിച്ചു. ഒഡീഷയില്‍ പോസ്‌കോ എന്ന ബഹുരാഷ്ട്ര ഇരുമ്പുരുക്ക് കമ്പിനിക്ക് വേണ്ടി നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരം നയിക്കുന്ന പ്രശാന്ത് പൈക്കറെ പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്. ‘ബലപ്രയോഗത്താലുള്ള ഭൂമിയേറ്റെടുക്കലും ജനകീയ പ്രതിരോധങ്ങളും സമകാലിക ഇന്ത്യയില്‍’ എന്ന വിഷയത്തിലാണ് അദ്ദേഹം 7-ാമത് ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തിയത്. 2015 ജൂണ്‍ 28 ശനിയാഴ്ച വൈകീട്ട് 4.00ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്ന പരിപാടിയില്‍ ഫെലോഷിപ്പ് ജൂറി അംഗവും കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞനുമായ ഡോ. എസ്. ശങ്കര്‍ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവര്‍ത്തകനും ക്വാറി/ക്രഷര്‍ വിരുദ്ധ ഏകോപന സമിതി സംസ്ഥാന കണ്‍വീനറുമായ എസ്. ബാബുജി, ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകനായ സി.എന്‍. മുസ്തഫ, 2014ലെ ഫെലോഷിപ്പ് വിജയി സി.കെ.എം. നബീല്‍, റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിഴിഞ്ഞം തുറമുഖം പദ്ധതിക്കെതിരായ അഭ്യര്‍ത്ഥന
യോഗത്തില്‍ വായിച്ചു.

കെ. രഞ്ജിത്ത് ആണ് 7-ാമത് ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പിന് അര്‍ഹനായത്. മുംബൈ ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ കെ. രഞ്ജിത്ത്. ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട സമരങ്ങള്‍, വാദപ്രതിവാദങ്ങള്‍, മാധ്യമ പ്രതിനിധാനങ്ങള്‍, പരിസ്ഥിതി സംവാദങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ്‌
രഞ്ജിത്തിന് ഫെല്ലോഷിപ്പ് നല്‍കിയത്. 10,007 രൂപയാണ് ഫെല്ലോഷിപ്പ് തുക.

കെ. രാജഗോപാല്‍ ചെയര്‍പേഴ്‌സണും (മാധ്യമപ്രവര്‍ത്തകന്‍), ഡോ. എസ് ശങ്കര്‍ (പരിസ്ഥിതി ശാസ്ത്രജ്ഞന്‍), സി.ആര്‍. നീലകണ്ഠന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), എസ്. ഉഷ (ഡയറക്ടര്‍, തണല്‍, തിരുവനന്തപുരം) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് രഞ്ജിത്തിനെ ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തത്.