അപരശബ്ദങ്ങളോടുള്ള ഭരണകൂട അസഹിഷ്ണുതയ്‌ക്കെതിരെ, Against State Surveillance, പൊതുഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍

അഭിപ്രായഭിന്നതകളോട് തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരുണ്ടാക്കുന്ന ഗവണ്‍െമന്റും ഇന്ന് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് സ്റ്റേറ്റിന്റെ അമിതാധികാര പ്രവണതകളും, മറുവശത്ത് മധ്യകാല യാഥാസ്ഥിതികത്വത്തില്‍ നിന്ന് മുന്നോട്ടുപോകാത്ത പ്രതിലോമശക്തികളുംകൂടി ജനാധിപത്യത്തിലെ പ്രതീക്ഷകളെ നിരന്തരം ശോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. മൗലികാവകാശങ്ങളുടെ, സെക്യുലറിസത്തിന്റെ, ലിംഗനീതിയുടെ, സ്വതന്ത്രചിന്തയുടെയെല്ലാം കല്ലുകള്‍ മതഭ്രാന്തന്മാര്‍ ഇളക്കുമ്പോള്‍ അതിലൊന്നും ഇടപെടാത്ത പോലീസ് സംവിധാനങ്ങള്‍ സ്റ്റേറ്റിന് ഹിതകരമല്ലാത്ത എല്ലാ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് കടന്നുകയറുകയാണ്.
സാംസ്‌കാരിക ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച്, കേരളീയം പോലെയുള്ള പരിസ്ഥിതി-മനുഷ്യാവകാശ പ്രസദ്ധീകരണങ്ങളെ നിരന്തരം വേട്ടയാടി, നിലാവുകൂട്ടായ്മകളെയോ, സംഗീതരാവുകളെയോ, എന്തിന് പുതുവത്സര ആഘോഷങ്ങളെയോപോലും ഭയത്തോടെ നോക്കിക്കണ്ട്, സദാചാര പോലീസായി വേഷംകെട്ടി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ പോലീസ് നടത്തുന്ന നിയമവിരുദ്ധ ഇടപെടലുകളുടെയെല്ലാം അത്യന്തികലക്ഷ്യം അപരശബ്ദങ്ങളെ നിശ്ശബ്ദമാക്കലാണ്. നിര്‍ഭയമായ വ്യക്തിസ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യമില്ല. പൗരന്മാരുടെ സ്വതന്ത്രമായ ഒത്തുചേരലുകളെ, ആനന്ദത്തെ ഭയക്കുന്നവര്‍ പൗരന്റെ രാഷ്ട്രീയകാമനകളുടെ അബോധത്തെതന്നെയാണ് ഭയക്കുന്നത്. അടിച്ചമര്‍ത്തലിന്റെ വൃത്തികെട്ട ഒരു ഉപകരണമായാണ് സ്റ്റേറ്റ് സര്‍വൈലന്‍സ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യതയുടെ മേലുള്ള സ്റ്റേറ്റിന്റെ ചാരനിരീക്ഷണം സ്വതന്ത്രമായിരിക്കേണ്ട സാംസ്‌കാരിക ഇടങ്ങളില്‍പ്പോലും കാമറകള്‍ സ്ഥാപിച്ചുകൊണ്ട് മനുഷ്യാന്തസ്സിനുമേല്‍ കടന്നുകയറ്റം നടത്തുന്നു. നിയമാനുസൃതമല്ലാത്ത കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ച്, മനുഷ്യര്‍ ഒത്തൊരുമിച്ചിരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്ന ഒരു ഫാസിസ്റ്റ് മനോനില ഭരണാധികാരത്തിന്റെ സര്‍വ്വതലങ്ങളിലും ഏറിവരുകയാണ്. അധികാരശ്രേണിക്ക് പുറത്തുള്ള എല്ലാ ജനസമൂഹങ്ങളെയും അത് വരിഞ്ഞുമുറുക്കുന്നുണ്ട്. അതുകൊണ്ടാണ് നമുക്ക് ഇത്തരം ഇടപെടലുകള്‍ക്കെതിരെ കലഹിക്കേണ്ടിവരുന്നത്.
പ്രകൃതിവിഭവങ്ങളായ മണ്ണും, ജലവും, വായുവും, മലകളും, പുഴകളുമെല്ലാം സമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണെന്ന് നമ്മുക്ക് ഇന്ന് സ്ഥാപിച്ചെടുക്കേണ്ടിവരുന്നതുപോലെ പ്രധാനമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പൊതു ഇടങ്ങളെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും. സംവാദങ്ങളെ, ഉണര്‍വുകളെ, ആഹ്ലാദങ്ങളെ, ആനന്ദത്തെ നാം ക്രിയാത്മകമായി തിരിച്ചുപിടിക്കേണ്ടതുണ്ട്. പാട്ടും വരകളുമായി പറച്ചിലുകളുമായി ജനുവരി 12 ന് ഉച്ചതിരിഞ്ഞ് 3.00 മണിക്ക് റിജിണല്‍ തിയ്യറ്റര്‍ ക്യാപസില്‍, സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളെ ആഘോഷിക്കുന്ന നാടകമേളയുടെ ഒഴിവുവേളയില്‍ നമുക്കൊത്തുചേരാം.