ജലം ജന്മാവകാശമായാൽ മാത്രം മതിയോ ?

 കേരളത്തിലെ ജലപ്രശ്നത്തിൽ ഉപരിജലത്തിന്റെയും ഭൂജലത്തിന്റെയും വിനിയോഗത്തിന്റെയും മലിനീകരണത്തിന്റെയും സംരക്ഷണത്തിന്റെയും പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ജലപ്രശ്നങ്ങൾ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായി ഇടകലർന്നവയുമാണ്. കേരളത്തിലെ ജലസമൃദ്ധി ഒരു തർക്കവിഷയമായി കരുതുന്നില്ലെങ്കിൽ കേരളത്തിലെ ജലപ്രശ്നം ജലഭരണത്തിന്റെ പ്രശ്നമാണ് എന്ന് പറയാം കേരളത്തിൽ ലഭ്യമായ ജലം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്ന് തീരുമാനിക്കേണ്ടത് എങ്ങിനെയായിരിക്കണം എന്നതാണ് കേരളത്തിലെ ജലപ്രശ്നം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ ജലപ്രശ്നം  മുഖ്യമായും ജലരാഷ് ട്രീയപ്രശ്നം തന്നെയാണ് – ജനകീയ ജലാധികാരം- കേരളീയം,2007-ജനുവരി.

ശുദ്ധജലം ജന്മാവകാശമാണെന്ന പൗരബോധം കേരളീയ സമൂഹത്തിൽ വേരൂന്നി കഴിഞ്ഞിരിക്കുന്നുവെങ്കിൽ അതിന് കാരണം പ്ലാച്ചിമടയിൽ നടന്നുവരുന്ന സമരവും എ.ഡി.ബി.യുടെ കാൽവെയ്പ്പുമാകാം. ജലം, കൃഷി എന്നീ അടിസ്ഥാന വികസന മേഖലകളിൽ നിന്നും സർക്കാർ പതുക്കെ പിൻമാറുന്ന ഈ കാലഘട്ടത്തിലാണ് ഇത്തരമൊരു ബോധത്തിന് കൂടുതൽ പ്രസക്തിയേറുക എന്നതും ശരിയാണ്. എന്നാൽ ജലം ജന്മാവകാശമാണെന്ന ബോധത്തിനൊപ്പം തന്നെ അത് നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന ജീവസ്രോതസ്സാണെന്നും’, പങ്കാളിത്ത മനോഭാവത്തോടുകൂടിയും, കൂട്ടുത്തരവാദിത്തത്തോടു കൂടിയും സംരക്ഷിക്കപ്പെടേണ്ടതും കൈകാര്യം ചെയ്യപ്പെടേണ്ടതുമായ വിഷയമാണെന്നുമുള്ള അവബോധം ഒരു പക്ഷെ കേരളത്തിൽ വേരൂന്നാൻ കാലതാമസമെടുക്കും.

ജനകീയ ജലാധികാരം- കേരളീയം,2007-ജനുവരി

വികസനത്തിന്റെ പേരിൽ കേരളത്തിൽ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രകൃതി വിഭവ ചൂഷണ പരമ്പരകൾ – അത് കുന്നിടിക്കലായാലും, വയൽ നികത്തലായാലും മണൽ വാരലായാലും, പുഴയോര-കായലോര-മലയോര കൈയ്യേറ്റങ്ങളായാലും, ഭൂഗർഭജല ചൂഷണമായാലും – ഈ അവബോധമില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വർദ്ധിച്ചുവരുന്ന ജലദൗർലഭ്യത്തിന് ഇവയൊക്കെ ആക്കം കൂട്ടുന്നുണ്ടെന്ന സാമാന്യ ബോധത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് ജലത്തിന്റെ കൂടെ നമുക്ക് അന്യമായികൊണ്ടിരിക്കുന്നതും. ജലനയത്തിന്റെ കരടുരേഖയിലും ഈ അവബോധമില്ലായ്മ അതുകൊണ്ടാവാം, പുതിയ കുടിവെള്ള ജലസേചന പദ്ധതികൾ (അണക്കെട്ടുകൾ ഉൾപ്പെടെ) കുടിവെള്ള ലഭ്യതയ്ക്കും കാർഷിക വികസനത്തിനും നിദാനമാണെന്ന കാഴ്ചപ്പാടാണ് കരട് നയം മുന്നോട്ടുവെയ്ക്കുന്നത്. നാൽപ്പതു കൊല്ലത്തോളം നിർമ്മാണം നീണ്ട ഇപ്പോൾ പ്രവർത്തനമാരംഭിച്ച കല്ലട ഇറിഗേഷൻ പദ്ധതി ഉദ്ദേശിച്ച ഗുണം ചെയ്യുന്നില്ല എന്ന് ബന്ധപ്പെട്ട അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്.

ആദ്യത്തെ പഞ്ചവത്സരപദ്ധതി മുതൽക്കിങ്ങോട്ട് 2462 ൽ പരംകോടി രൂപ മുതൽ മുടക്കി പണിത ചെറുതും വലുതുമായ ജലസേചനപദ്ധതികൾ മിക്കതും ഉദ്ദേശിച്ച കാര്യക്ഷമതയോടുകൂടി പ്രവർത്തിക്കുന്നില്ല എന്നും ബന്ധപ്പെട്ടവർ അംഗീകരിക്കുന്നുണ്ട്. അമ്പതു കൊല്ലം പിന്നിട്ടപ്പോൾ പുഴകൾ ശോഷിച്ചു, കാട് ശോഷിച്ചു, നീരൊഴുക്കു കുറഞ്ഞു, കാലാവസ്ഥ മാറി, കൃഷിരീതികൾ മാറി, കൃഷിഭൂമി നന്നേ കുറഞ്ഞു. ഭൂമിവിനിയോഗം അപ്പാടെ മാറി, ഭൂഗർഭ ജലശേഷിയും കുറഞ്ഞു, ജനങ്ങളുടെ ഭൂമിയോടും വെള്ളത്തിനോടും മറ്റുമുള്ള കാഴ്ചപ്പാടും മാറി കഴിഞ്ഞു. എന്നാലും ‘പുതിയ പദ്ധതികൾ’ തന്നെയാണ് വർദ്ധിച്ചുവരുന്ന കുടിവെള്ള കാർഷിക പ്രതിസന്ധി പരിഹാരമെന്ന് ബന്ധപ്പെട്ട അധികൃതർ മുൻവിധിയെഴുതുന്നു.

ജനകീയ ജലാധികാരം – ഡോ. എ ലതയുടെ നിരീക്ഷണം

നിലവിൽ കേരളത്തിനെ ഗ്രസിച്ചിരിക്കുന്ന കാർഷിക – ജലവിനിയോഗ പ്രതിസന്ധികളെ സമഗ്രമായി കണ്ടുകൊണ്ട് യാഥാർത്ഥ്യ ബോധത്തിലൂന്നിക്കൊണ്ടുള്ള വിഭവാധിഷ്ഠിത (Resource Based) ജലനയമാണ് നമുക്കിന്നാവശ്യം. പ്രകൃതി വിഭവ ചൂഷണത്തിന്റെ പരിധി നിശ്ചയിച്ചു കൊണ്ടുള്ള, ജനപങ്കാളിത്ത സ്വഭാവമുള്ള, ഉപഭോക്താക്കളുടെ കൂട്ടുത്തരവാദിത്വം ആവശ്യപ്പെടുന്ന, വികേന്ദ്രീകൃത ആസൂത്രണത്തിലൂന്നിയ ഒരു ഭൂവിനിയോഗ രീതി ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. അതിൽ പുഴത്തടങ്ങളെ (Riva Basin) അടിസ്ഥാന സാമൂഹ്യ-പാരിസ്ഥിതിക-സാമ്പത്തിക വികസന യൂണിറ്റുകളായി കാണേണ്ടതുണ്ട്. കേരളത്തിലെ ജലം കാർഷിക-ഭൂവിനിയോഗ പ്രശ്നങ്ങളെ ഈ പശ്ചാത്തലത്തിൽ വീക്ഷിക്കേണ്ടതുണ്ട്.

ഈയൊരു പശ്ചാത്തലത്തിൽ നിന്നു കൊണ്ടു മാത്രമേ ജലം ജന്മാവകാശമാണെന്ന ബോധത്തിൽ നിന്നു ജലസംരക്ഷണവും പരിപാലനവും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയാണ് എന്ന തലത്തിൽ എത്തിപ്പെടാൻ സാധിക്കൂ. ഉപയോഗിക്കുകയും പങ്കിടുകയും ചെയ്യുന്ന ജലസ്രോതസ്സുകൾ പുഴയായാലും, കുളമായാലും, പൊതുകിണറായാലും കുഴൽകിണറായാലും പൊതു പൈതൃക സ്വത്താണെന്ന (Common Herlage and property Resource) തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്. ജലസ്രോതസ്സുകളും മറ്റു പ്രകൃതി വിഭവങ്ങളും മനുഷ്യന്റെ ഉപയോഗത്തിനും ഉപഭോഗത്തിനും മാത്രമുള്ളവയല്ലെന്നും, അവയ്ക്കു നിർവ്വഹിക്കേണ്ടതായ മറ്റൊരുപാട് പാരിസ്ഥിതിക ധർമ്മങ്ങൾ ഉണ്ടെന്നുള്ളതും ജലനയത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാകേണ്ടതാണ്. പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിക്കുന്ന പുഴ ഒഴുകി കടലിൽ ലയിച്ചേ മതിയാകൂ. അതിനുതകുന്ന നീരൊഴുക്കെങ്കിലും (Minimum Ecological Flow) പുഴയിൽ ബാക്കി നിർത്തേണ്ടത്. പുഴയെ ആശ്രയിക്കുന്ന എല്ലാ മനുഷ്യ ജൈവ സമൂഹങ്ങളുടേയും കൂട്ടായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും ജലനയം അംഗീകരിക്കണം.

ഡോ. എ ലത

ജലം ജന്മാവകാശമാണെന്ന് അംഗീകരിക്കുമ്പോൾ, അത് എല്ലാവർക്കും അളവിൽ, ശുദ്ധമായ അവസ്ഥയിൽ സമയാസമയങ്ങളിൽ എത്തിക്കേണ്ട ചുമതലയും പൊതു ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഗുണഭോക്താക്കൾ ആരായാലും ശരി, ഗാർഹിക ഉപഭോക്താവായാലും, വ്യവസായശാലയായാലും, നഗരത്തിലായാലും, ഗ്രാമത്തിലായാലും, വിനിയോഗിക്കുന്ന ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലേക്ക് പങ്കാളികളായാൽ മാത്രമേ അർഹമായ അളവിലും ഗുണത്തോടു കൂടിയും ജലം എന്നെന്നേക്കും ലഭ്യമാകൂ എന്ന് നമ്മളും തിരി ച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് സംരക്ഷണവും പരിപാലനവും ഉപയോഗവും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകേണ്ട പ്രവർത്തനങ്ങളായി ജലനയത്തിന്റെ ഉള്ളടക്കത്തിലടങ്ങിയിരിക്കണം.
പതിനൊന്നാം പദ്ധതി നീർത്തട പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ‘ജലനയം’ വീണ്ടും കേന്ദ്രീകൃതമായ കാഴ്ചപാടോടെ രൂപീകരിക്കുമ്പോൾ നീർത്തടാധിഷ്ഠിത വികസനം സമഗ്രതയോടെ നടപ്പിലാക്കുക വിഷമമാണ്.

ഗ്രാമപഞ്ചായത്തുകൾ നീർത്തടാധിഷ്ഠിത വികസന പദ്ധതികൾക്കു രൂപം കൊടുക്കുമ്പോൾ വികേന്ദ്രീകൃതമായ ജലവിനിയോഗ പരിപാലന സംരക്ഷണ രീതികൾക്കാണ് ഊന്നൽ കൊടുക്കേണ്ടതും. അതുകൊണ്ട് ഉപരിതല ജലവിനി യോഗവും ഭൂഗർഭ ജലവിനിയോഗവും കാര്യക്ഷമമാക്കുക, വയൽ സംരക്ഷണം, കുന്നുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം എന്നിങ്ങനെ പ്രാദേശിക ജലസ്രോതസ്സുകളെ പരിരക്ഷിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കാനുതകുന്ന അധികാരവും നിയമനിർമ്മാണവും ഗ്രാമപഞ്ചായത്ത് തലത്തിൽ കൊണ്ടുവരേണ്ടതുണ്ട്. നിലവിലുള്ള എല്ലാ ഭൂവിനിയോഗ-ജലവിനിയോഗ സംബന്ധമായ നിയമങ്ങളും ചട്ടങ്ങളും മറ്റും ഇതിനുവേണ്ടി ഏകോപിപ്പിക്കേണ്ടതായി വരും. പങ്കാളിത്ത ഉത്തരവാദിത്വവും (Shared responsibility) ജലം ജന്മാവകാശമാണെന്ന അവബോധവും അടങ്ങിയിട്ടുള്ള ഒരു സമൂഹത്തിൽ ജലത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും കമ്പോളവൽകരണത്തിനും, ചൂഷണത്തിനും സ്വകാര്യവൽകരണത്തിനുമുള്ള സാധ്യതകൾ നന്നേ കുറയുന്നു.

റിവർ റിസർച്ച് സെന്റർ, കാർത്തിക, ഒല്ലൂർ, തൃശൂർ

ജീവജലം സംരക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാം – കേരളീയം 2007 ജനുവരി – ജനകീയ ​ജലാധികാര ച‍ർച്ചയിൽ നിന്നും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 23, 2023 11:23 am