വീണ്ടെടുപ്പിന്റെ നീണ്ടയത്നങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എം.എസ്.സി ബോട്ടണി പഠിച്ചിട്ട് പോലും ഹോർത്തൂസ് മലബാറിക്കൂസിനെ കുറിച്ച് വളരെ വൈകിയറിഞ്ഞ ഒരാളാണ് ഞാൻ. ഒരു ബുക്ക്ലെറ്റ് വഴിയാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ആ പുസ്തകത്തോടുള്ള കൗതുകം കൊണ്ട് ഇതിങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് മണിലാൽ സാറിന്റെ പേര് കാണുന്നതും അതൊരു മലയാളി ആണല്ലോ എന്ന് കണ്ട് അതിനെ കുറിച്ച് കൂടുതൽ വായിക്കാൻ തുടങ്ങിതും. ജോസഫ് ആന്റണിയുടെ ‘ഹരിത ഭൂപടം’ എന്നൊരു പുസ്തകമുണ്ട്. അത് നല്ല പോലെ വായിച്ചു, അങ്ങനെ കിട്ടാവുന്ന പരമാവധി വിവരങ്ങൾ ഞാൻ ശേഖരിച്ചു. പിന്നീട് ഹോർത്തൂസ് മലബാറിക്കൂസ് പുസ്തകത്തെ കുറിച്ച് തന്നെ പഠിക്കാമെന്ന് കരുതി ഞാൻ അക്കാദമിയിൽ പോവുകയും, ഒന്നൊന്നര മാസത്തോളം ഞാൻ ഈ പുസ്തകത്തെ കുറിച്ചുള്ള കുറിപ്പുകളെടുക്കുകയും ചെയ്തു. എന്താണീ പുസ്തകമെന്ന് ജനങ്ങൾക്ക് അറിയില്ല. അപ്പോൾ അതിനെ കുറിച്ച് അവർ കൂടുതലറിയേണ്ടതുണ്ടെന്ന് മനസിലാക്കി ഞാനൊരു ചെറിയ ബുക്ക്ലെറ്റ് ഉണ്ടാക്കി. അങ്ങനെയാണ് സമത ബുക്ക്സിന്റെ ഉഷ ടീച്ചറുടെ അടുത്ത് ഞാനിത് പുസ്തകമാക്കാമെന്നുള്ള രീതിയിൽ കൊണ്ടുചെല്ലുന്നത്. വായിച്ചതിന് ശേഷം ടീച്ചർ എന്നെ വിളിച്ച് മണിലാൽ സാറിനെ കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകത്തെ കുറിച്ചും ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോൾ ഞാൻ എനിക്കറിയാവുന്ന മണിലാൽ സാറിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ടീച്ചർക്ക് കൈമാറി. ടീച്ചർ ചരിത്രാധ്യാപികയായതുകൊണ്ട് തന്നെ ഇതിൽ കുറെ സമയം ചെലവഴിച്ചു, അങ്ങനെയാണ് മണിലാൽ സാറിന്റെ ശിഷ്യനായ, ഹോർത്തൂസ് മലബാറിക്കൂസിൽ ആദ്യമായി പി.എച്ച്.ഡി എടുത്ത സി.ആർ സുരേഷ് സാറുമായി ബന്ധപ്പെടുന്നത്. ഓരോ ദിവസവും ഹോർത്തൂസ് മലബാറിക്കൂസ് പഠിക്കുമ്പോൾ ഞങ്ങൾക്ക് മനസിലായി ഇത് നമ്മൾ വിചാരിച്ച പോലെ ചെറിയൊരു പുസ്തകമല്ല എന്നുള്ളത്. അങ്ങനെ ഞങ്ങൾ ആ പുസ്തകം വീണ്ടും പഠിക്കാൻ തുടങ്ങി. ഞാൻ പ്രസിദ്ധീകരിക്കാൻ ആദ്യം കൊണ്ടുചെന്ന ബുക്ക്ലെറ്റിനേക്കാൾ വലുതായി പിന്നീട് ഞങ്ങളുടെ വർക്ക്.

ഡോ. കെ.എസ് മണിലാൽ. കടപ്പാട്: fb

12 വോള്യങ്ങളുള്ള ഒരു വലിയ പുസ്തകം എന്ന നിലയിൽ ലൈബ്രറിയിൽ ഇരിക്കുന്നതുകൊണ്ട് തന്നെ അധികമാരും ഹോർത്തൂസ് മലബാറിക്കൂസിനെ കുറിച്ച് അറിഞ്ഞിട്ടില്ല. പുസ്തകം എഴുതിയ ആൾ മാത്രമല്ല, രണ്ടാമത് അതിലേക്ക് കടന്നുചെന്ന മണിലാൽ സാറാണ് അതിന് വേണ്ടി ഏറ്റവും കൂടുതൽ പണിയെടുത്തിരിക്കുന്നതെന്ന് മനസിലായി. അങ്ങനെ ഞങ്ങൾ സാറിനെ പോയി കണ്ടു. ഹോർത്തൂസ് മലബാറിക്കൂസിനെ കുറിച്ച് ഞങ്ങൾ ഒരു പുസ്തകം ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ സാറിന് വലിയ സന്തോഷമായി. ഞങ്ങൾ കാണാൻ ചെന്നപ്പോൾ സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു കിടക്കുകയായിരുന്നെങ്കിലും, എന്നെ സാർ അനുഗ്രഹിച്ചു.
മണിലാൽ സാറിന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഹോർത്തൂസ് മലബാറിക്കൂസ് യാദൃശ്ചികമായി വന്നുപെട്ടതാണ്. വേറെ മേഖലയിൽ ഗവേഷണം ചെയ്യാൻ പോയതാണ് സാർ. അവിടെ നിന്നാണ് ലൈബ്രറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹോർത്തൂസ് മലബാറിക്കൂസ് സാർ കാണുന്നത്. അന്നൊക്കെ കേരളത്തിൽ റെയർ ആയ ചില സ്ഥലങ്ങളിൽ മാത്രമേ പുസ്തകം ഉണ്ടായിരുന്നുള്ളൂ. കോയമ്പത്തൂർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക് തൃശൂരിലുള്ള ഫോട്ടോഗ്രാഫറെ കൊണ്ടുപോയി പുസ്തകത്തിന്റെ ഓരോ പേജും ഫോട്ടോയെടുത്ത്, പിന്നീട് അത് പ്രിന്റെടുത്താണ് ഹോർത്തൂസ് മലബാറിക്കൂസിനെ കുറിച്ച് പഠിച്ചുതുടങ്ങുന്നത്. 25,000 രൂപയോളം അന്നത്തെ കാലത്ത് അതിന് മാത്രമായി ചെലവായി. അന്നത്തെ ഭാഷ ശാസ്ത്രീയമായിരുന്നില്ലല്ലോ, അതിനെ അപ്ഡേറ്റ് ചെയ്യുകയാണ് സാർ ചെയ്തത്. പിന്നെ ചെടികളുടെയും പേര്, ടാഗ്, സൂചിക തുടങ്ങിയവയെല്ലാം ശരിയാക്കി, ഡ്രോയിങ്ങ്സ് എല്ലാം കറക്റ്റ് ചെയ്തു. മലയാള നാടിന്റെ വിവരങ്ങൾ നഷ്ടപ്പെടാതെ വീണ്ടെടുത്തു എന്നത് തന്നെയാണ് ഇതിലൂടെ മണിലാൽ സാർ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേരളത്തനിമയുള്ള 631 സസ്യങ്ങളാണ്, ചിലതെല്ലാം ആവർത്തനം വരുന്നുണ്ട്. അങ്ങനെ വരുമ്പോഴാണ് 691 സസ്യങ്ങൾ എന്ന് പറയുന്നത്.

ഹോർത്തൂസ് മലബാറിക്കൂസ് മലയാള വിവർത്തനവുമായി കെ.എസ് മണിലാൽ. കടപ്പാട്: national herald

മലയാള നാട്ടിലെ വിവരങ്ങൾ കരപ്പുറം വൈദ്യന്മാരായിട്ടുള്ള ഇട്ടി അച്യുതനിൽ നിന്നാണ് വാൻ റീഡ് ശേഖരിക്കുന്നത്. മോണോപോളി നേടാൻ വേണ്ടിയിട്ടുള്ള വാൻ റീഡിന്റെ ഒരു കൗതുകവും ഇതിന് പിന്നിലുണ്ടായയിരുന്നു. ഔഷധചെടികളുടെ അവകാശം സ്വന്തമാക്കിയാൽ അവിടെയൊരു അധിനിവേശത്തിന് സാധ്യതയുണ്ട് എന്ന തോന്നലും വാൻ റീഡിന് ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. മലയാളനാടിന്റെ ഈ വിവരങ്ങൾ പോർച്ചുഗീസ് ഭാഷയിലേക്ക് കൊണ്ടുവന്ന് അത് ലാറ്റിനിലേക്ക് മാറ്റിയെടുത്തയിട്ടാണ് വാൻ റീഡ് പുസ്തകം ചെയ്യുന്നത്. മണിലാൽ സാർ പുസ്തക വിവർത്തനത്തിനാവശ്യമായ ലാറ്റിൻ ഭാഷ ഒരു പള്ളി വികാരിയിൽ നിന്നും പഠിച്ചെടുക്കുകയും, അതിനെ ഇംഗ്ലീഷിലാക്കി, പിന്നീടത് മലയാളത്തിലാക്കുകയും ചെയ്തു. അതായത് മലയാളനാടിന്റെ വിവരങ്ങളെ മലയാള ഭാഷയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരു വലിയ വൃത്തമാണ് അവിടെ മണിലാൽ സാർ പൂർത്തീകരിച്ചത്. ഇപ്പോൾ ഹോർത്തൂസ് മലബാറിക്കൂസ് എന്നാൽ മലയാളത്തിലുള്ളത് തന്നെയാണ്.

കെ.എസ് മണിലാൽ പരിഭാഷപെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ്, മലയാളം കവർ.

ഉദാഹരണത്തിന് ഈ മുരിങ്ങ, ചെമ്പകം, ഇലഞ്ഞി എന്നൊക്കെ പറയുന്നത് മലയാളം പേരാണ്. അതുകൊണ്ടുതന്നെ ഹോർത്തൂസ് മലബാറിക്കൂസിൽ അതിന്റെ ദ്വിനാമ സമ്പ്രദായത്തിൽ Muringa, Chempaka, Elanji എന്നൊക്കെ കാണാൻ കഴിയും. അതായത് ശാസ്ത്രനാമമായിട്ട് മലയാളം പേരുകൾ തന്നെ വന്നു. പ്രാചീന മലയാളം അച്ചടിയിലാണ് പുസ്തകത്തിൽ സാക്ഷിപത്രം എഴുതിയിട്ടുള്ളത്. അത്തരത്തിൽ നോക്കുമ്പോൾ ആ പുസ്തകമൊരു അസറ്റ് ആണ്. വാൻ റീഡിലൂടെ മണിലാൽ സാർ അതിനെ തിരിച്ചുകൊണ്ടുവരികയാണ് ചെയ്തത്. ഒരിക്കലും വിലമതിക്കാൻ കഴിയാത്ത ഒരു സംഭാവന തന്നെയായിരുന്നു അത്. അങ്ങനെയാണ് ഹോർത്തൂസ് മലബാറിക്കൂസിനെ കുറിച്ചുള്ള ഞങ്ങളുടെ ഈ പുസ്തകം ഇറങ്ങുന്നത്. ഈ പുസ്തകത്തിൽ നിന്നും ലഭിച്ച ലാഭവിഹിതം ഉഷ ടീച്ചർ പ്രളയത്തിലേക്ക് സംഭാവന നൽകുകയുണ്ടായി. മാത്രമല്ല ഇതിന്റെ പേരിൽ നിരവധി പുരസ്കാരങ്ങൾ മണിലാൽ സാറിനും സുരേഷ് സാറിനും ലഭിക്കാനിടയായി.

അധികമാരാലും ഓർമ്മിക്കപെടാതെ, മണിലാൽ സാർ പിന്നിലേക്ക് മറഞ്ഞുപോയൊരു കാലഘട്ടമുണ്ടായയിരുന്നു. ആ കാലഘട്ടത്തിൽ നിന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത് പദ്മശ്രീ പുരസ്കാരം ലഭിക്കുന്നതോടെയാണ്.
ആ അംഗീകാരം ലഭിച്ചില്ലായിരുന്നെങ്കിൽ വെറുമൊരു ശാസ്ത്രജ്ഞൻ മാത്രമായി ലോകം മണിലാൽ സാറിനെ അവഗണിക്കുമായിരുന്നു. ഹോർത്തൂസ് മലബാറിക്കൂസ് മാത്രം ബന്ധപ്പെടുത്തിയല്ല ഞാൻ പറയുന്നത്. സൈലന്റ് വാലിയിലെ പഠനം, നീണ്ടകരയിലെ തോറിയം വലിച്ചെടുക്കുന്ന സസ്യങ്ങളെ കുറിച്ചുള്ള പഠനം അങ്ങനെ ഒട്ടനവധി പഠനപ്രവർത്തനങ്ങൾ ബോട്ടണിയിൽ ചെയ്ത ആളാണ് അദ്ദേഹം. ജീവിതത്തിന്റെ സമ്പാദ്യം മുഴുവൻ ഹോർത്തൂസ് മലബാറിക്കൂസ് വിവർത്തനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചെലവായിട്ടുണ്ട്. ഇത്രയും വലിയൊരു സസ്യശാസ്ത്രജ്ഞനായിരുന്നിട്ടും കോഴിക്കോട് ഒരു ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഇന്ത്യൻ സസ്യശാസ്ത്ര രംഗത്ത് മണിലാൽ സാർ ചെയ്ത സംഭാവനകൾ അതുല്യമാണ്. അദ്ദേഹത്തിന്റെ സ്കൂളിൽ നിന്നും വരുന്ന ശിഷ്യന്മാരുമതെ. സമത പ്രസിദ്ധീകരിച്ച മലബാർ പൂന്തോട്ടം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചെല്ലാം വളരെ വിശദമായി പറയുന്നുണ്ട്. ഇന്ത്യൻ സസ്യശാസ്ത്ര രംഗത്ത് ഇത്രയുമധികം സംഭാവനകൾ നടത്തിയ ഡോ. കെ.എസ് മണിലാൽ സാറിന്റെ ഓർമ്മകൾക്ക് എന്നും പച്ചപ്പുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. പ്രണാമം.

(സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്)

Also Read

4 minutes read January 3, 2025 10:17 am