പ്രതിബിംബക്കെണികളും പ്രതിരോധങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ തമിഴ്നാടിന്റെ സ്ഥാനം എന്നും സവിശേഷമായ പ്രത്യയശാസ്ത്ര വൈവിധ്യങ്ങളാലും ഭാഷാധിഷ്ഠിത ദേശീയതയാലും അടയാളപ്പെടുത്തപ്പെട്ടതാണ്. ദ്രാവിഡ മുന്നേറ്റത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത പ്രാദേശിക സ്വത്വബോധം, സവർണ്ണവിരുദ്ധ പ്രക്ഷോഭങ്ങൾ, ബ്രാഹ്മണാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങൾ, സാമൂഹിക നീതി എന്നിവയിലാണ് തമിഴകത്തിന്റെ രാഷ്ട്രീയ മാതൃക രൂപപ്പെട്ടത്. മൗലികവാദപരമായ ദ്രാവിഡ സ്വത്വരാഷ്ട്രീയം, അതിൻ്റെ എതിരിടമായി പ്രഖ്യാപിക്കുന്ന സവർണ്ണ സ്വത്വരാഷ്ട്രീയവുമായി സന്ധി ചെയ്യുന്ന കാഴ്ചയും തമിഴ് രാഷ്ട്രീയത്തിൽ കാണാം. ഈ രാഷ്ട്രീയ വികാസങ്ങൾ ദേശീയ-വൈദേശിക ചിന്തകരും സാംസ്കാരിക നിരീക്ഷകരും പലപ്പോഴും അത്ഭുതത്തോടെയും ചിലപ്പോൾ കടുത്ത പരിഹാസത്തോടെയുമാണ് വീക്ഷിച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ ആരാധനാബിംബങ്ങളെ രാഷ്ട്രീയ സിംഹാസനത്തിൽ നിരുപാധികം പ്രതിഷ്ഠിക്കുന്നവരാണ് തമിഴർ എന്ന വ്യാഖ്യാനമാണ് ഈ നിരീക്ഷണങ്ങൾക്ക് പ്രധാന കാരണം.

തമിഴ്നാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപം അവസാനിച്ച 1967-ലെ നിർണ്ണായക തെരഞ്ഞെടുപ്പ് മുതൽ, തമിഴ് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ചരിത്രപരമായ സംയോജനം പ്രകടമാണ്. സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ മികച്ച തിരക്കഥാകൃത്തുക്കളിൽ നിന്ന് തുടങ്ങി, പ്രേക്ഷകരുടെ ആരാധ്യപുരുഷനായ എം.ജി. രാമചന്ദ്രനിലൂടെയും (എം.ജി.ആർ), തമിഴ് ജനതയുടെ മാതൃബിംബമായി പരിണമിച്ച ജെ. ജയലളിതയിലൂടെയും, ഒടുവിൽ തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന പുതിയ പാർട്ടിയുമായി ഭരണത്തലപ്പത്തെത്തിയ ജോസഫ് വിജയിലൂടെയും ഈ ചലച്ചിത്ര-രാഷ്ട്രീയ ബന്ധം തുടരുന്നു.

എന്നാൽ, സിനിമ തമിഴ്നാടിന്റെ രാഷ്ട്രീയത്തെ പൂർണ്ണമായും വിഴുങ്ങി എന്ന മട്ടിലുള്ള പാശ്ചാത്യ-ദേശീയ ആഖ്യാനങ്ങൾ ഉപരിപ്ലവവും യാഥാർത്ഥ്യ വിരുദ്ധവുമാണെന്ന് തെളിയിക്കുന്നതാണ് ടി. അനീഷ് രചിച്ച ‘പരാജിത നായകർ: തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ എന്ന ഗ്രന്ഥം. സ്വന്തം താരപരിവേഷം മാത്രം മൂലധനമാക്കി ജനവിശ്വാസം ആർജ്ജിക്കാൻ ശ്രമിച്ച ഭൂരിഭാഗം സിനിമാതാരങ്ങളെയും തമിഴ് ജനത നിഷ്കരുണം തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് ഈ പുസ്തകം സവിസ്തരം സ്ഥാപിക്കുന്നു. എം.ജി.ആർ, ജയലളിത, വിജയ് എന്നീ അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ, വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളായ ശിവാജി ഗണേശൻ മുതൽ കമൽ ഹാസൻ, വിജയകാന്ത്, സീമാൻ വരെയുള്ളവർക്ക് രാഷ്ട്രീയത്തിൽ കാലിടറുകയോ പരാജയം ഏറ്റുവാങ്ങേണ്ടിവരികയോ ചെയ്തുവെന്ന ചരിത്രസത്യമാണ് ഈ ഗ്രന്ഥം പുറത്തുകൊണ്ടുവരുന്നത്.

ശിവാജി ഗണേശനും കമൽ ഹാസനും

എം.എസ്.എസ്. പാണ്ഡ്യന്റെ ‘ഇമേജ് ട്രാപ്പ്’ സിദ്ധാന്തം

താരരാഷ്ട്രീയത്തെ വെറുമൊരു തിരഞ്ഞെടുപ്പ് കൗതുകമായല്ല, മറിച്ച് സാംസ്കാരിക പഠനങ്ങളുടെയും രാഷ്ട്രീയ സമൂഹശാസ്ത്രത്തിന്റെയും രീതി ശാസ്ത്രത്തിലാണ് നോക്കിക്കാണേണ്ടത്.

തമിഴ് താരരാഷ്ട്രീയത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ സൈദ്ധാന്തിക പഠനം എം.എസ്.എസ്. പാണ്ഡ്യന്റെ ‘ദി ഇമേജ് ട്രാപ്പ്: എം.ജി. രാമചന്ദ്രൻ ഇൻ ഫിലിം ആൻഡ് പൊളിറ്റിക്സ്’ (The Image Trap: M.G. Ramachandran in Film and Politics) എന്ന ഗ്രന്ഥമാണ്. എം.ജി.ആർ എന്ന ചലച്ചിത്ര താരം സിനിമയിലൂടെ നിർമ്മിച്ചെടുത്ത ‘ജനരക്ഷകൻ’, ‘മാതൃഭക്തൻ’, ‘ദരിദ്രരുടെ സംരക്ഷകൻ’ എന്നീ ബിംബങ്ങൾ എങ്ങനെയാണ് ഒരു സാംസ്കാരിക മൂലധനമായി രാഷ്ട്രീയത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് എന്ന് പാണ്ഡ്യൻ തുറന്നു കാണിക്കുന്നു. ഗ്രാംഷിയുടെ ‘ഹെജിമണി’ (മൂല്യാധിപത്യം), ‘കോമൺ സെൻസ്’ (പൊതുബോധം) എന്നീ സങ്കൽപ്പങ്ങളെ മുൻനിർത്തി, കീഴാള ജനവിഭാഗങ്ങളുടെ നിത്യജീവിതത്തിലെ ആകുലതകളെയും ആഗ്രഹങ്ങളെയും എം.ജി.ആർ തന്റെ സിനിമകളിലൂടെ എങ്ങനെ സ്വാംശീകരിച്ചു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. സിനിമയിലെ സാങ്കൽപ്പികനന്മ, രാഷ്ട്രീയത്തിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്ക് പകരംനിൽക്കുന്ന ‘ഇമേജ് ട്രാപ്പ്’ (പ്രതിബിംബക്കെണി) ആയി മാറിയെന്ന് പാണ്ഡ്യൻ വാദിക്കുന്നു.

ഈ ‘ഇമേജ് ട്രാപ്പിനെ ‘ ഒരു ജനത മറികടക്കുന്നു എന്നതിൻ്റെ സൂചകമാണ് എം.ജി.ആറിന് ശേഷം വന്ന പരാജിതരായ നായകർ എന്നാണ് ടി. അനീഷിന്റെ ഗ്രന്ഥം വിശകലനം ചെയ്യുമ്പോൾ കാണാൻ കഴിയുന്നത്. കെ. ഭാഗ്യരാജ്, വിജയകാന്ത്, കാർത്തിക് തുടങ്ങിയവർ എം.ജി.ആറിന്റെ ബാഹ്യരൂപങ്ങളെയോ ബിംബങ്ങളെയോ അനുകരിക്കാൻ ശ്രമിച്ചുവെങ്കിലും കീഴാള ജനവിഭാഗങ്ങളുടെ സാംസ്കാരിക മനഃശാസ്ത്രത്തെ ഉത്തേജിപ്പിക്കാനോ ഘടനാപരമായ രാഷ്ട്രീയ സംഘാടനം നടത്താനോ അവർക്ക് സാധിച്ചില്ല.

എം.എസ്.എസ്. പാണ്ഡ്യൻ

കാർത്തിഗേശു ശിവത്തമ്പിയുടെ വിശകലനം

ശ്രീലങ്കൻ തമിഴ് പണ്ഡിതനായ കാർത്തിഗേശു ശിവത്തമ്പി തൻ്റെ ‘ദി തമിഴ് ഫിലിം ആസ് എ മീഡിയം ഓഫ് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ’ എന്ന ഗ്രന്ഥത്തിൽ തമിഴ് സിനിമയുടെ രാഷ്ട്രീയ പരിണാമത്തെ രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു:

തിരക്കഥ/സംഭാഷണ കേന്ദ്രീകൃത ഘട്ടം: അണ്ണാദുരൈയുടെയും കരുണാനിധിയുടെയും നേതൃത്വത്തിൽ ഭാഷാപരമായ ശുദ്ധി, ദ്രാവിഡ പ്രത്യയശാസ്ത്രം, പൗരോഹിത്യ വിരുദ്ധത, സാമൂഹിക പരിഷ്കരണം എന്നിവ ഊന്നിപ്പറഞ്ഞ ഘട്ടം (ഉദാഹരണത്തിന് ‘പരാശക്തി’). ഇവിടെ വ്യക്തിയേക്കാൾ ഉപരി പ്രത്യയശാസ്ത്രപരമായ വാദമുഖങ്ങൾക്കാണ് പ്രാധാന്യം നൽകപ്പെട്ടത്.

നട/താര കേന്ദ്രീകൃത ഘട്ടം: എം.ജി.ആറിന്റെ വരവോടെ 1957-ന് ശേഷം ആരംഭിച്ച ഘട്ടം. ഇവിടെ രാഷ്ട്രീയ സംഘർഷങ്ങൾ വ്യക്തി കേന്ദ്രീകൃതമാവുകയും, നായകന്റെ വ്യക്തിപരമായ രക്ഷാപ്രവർത്തനങ്ങൾ രാഷ്ട്രീയ സന്ദേശമായി മാറുകയും ചെയ്തു. ഈ നിലപാട് മുൻനിർത്തി നോക്കുമ്പോൾ, ശിവാജി ഗണേശൻ, എസ്.എസ്. രാജേന്ദ്രൻ (എസ്.എസ്.ആർ) തുടങ്ങിയവർ ആദ്യ ഘട്ടത്തിലെ അതിശക്തമായ സംഭാഷണ ശൈലിയിലൂടെ രക്ഷാകർതൃസ്ഥാനത്തെ പ്രതിനിധീകരിച്ചവരാണ് എന്നു പറയാം.എങ്കിലും, രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ താര കേന്ദ്രീകൃത ഘട്ടത്തിന്റെ തന്ത്രങ്ങളെ പ്രയോജനപ്പെടുത്തി എന്നതുകൊണ്ട് അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല എന്ന് മനസ്സിലാക്കാം. അതിനെ മറ്റൊരു തരത്തിൽ മനസിലാക്കേണ്ടതുണ്ട്. അതാണ് അനീഷിൻ്റെ പുസ്തകത്തിൻ്റെ പ്രസക്തി.

കാർത്തിഗേശു ശിവത്തമ്പി

സാറാ ഡിക്കിയുടെയും റോബർട്ട് ഹാർഡ്ഗ്രേവിന്റെയും സാംസ്കാരിക നിരീക്ഷണങ്ങൾ

സാറാ ഡിക്കി തൻ്റെ ‘സിനിമ ആൻഡ് ദി അർബൻ പുവർ ഇൻ സൗത്ത് ഇന്ത്യ’ എന്ന പഠനത്തിൽ, നഗരങ്ങളിലെ കീഴാള ജനവിഭാഗങ്ങൾ സിനിമയെ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ക്ലേശങ്ങളിൽ നിന്നുള്ള താത്കാലിക ആശ്വാസമായും സ്വത്വപ്രകാശനത്തിനുള്ള ഉപാധിയായും എങ്ങനെ കാണുന്നു എന്ന് വിശദീകരിക്കുന്നു. എന്നാൽ റോബർട്ട് എൽ. ഹാർഡ്ഗ്രേവ് ദ്രാവിഡ പ്രസ്ഥാനങ്ങൾ ആരാധക സംഘങ്ങളെ (രസികർ മൺട്രം) കേഡർ പാർട്ടികളുടെ വോട്ട് ബാങ്കാക്കി മാറ്റിയ ചരിത്രം അടയാളപ്പെടുത്തുന്നു.

അനീഷിന്റെ പുസ്തകം നൽകുന്ന പ്രധാന നിരീക്ഷണം, ആരാധക സംഘങ്ങളെ രാഷ്ട്രീയ പാർട്ടികളാക്കി മാറ്റാൻ ശ്രമിച്ച ഭാഗ്യരാജ്, വിജയകാന്ത്, ശരത്കുമാർ, സീമാൻ എന്നിവർക്ക് ആരാധനയെ കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി പരിവർത്തിപ്പിക്കാൻ സാധിച്ചില്ല എന്നതാണ്. സംഘടനാപരമായ പക്വതയില്ലാതെ ഫാൻസ് ക്ലബ്ബുകളെ മാത്രം വിശ്വസിച്ച് ഇറങ്ങിത്തിരിച്ചതാണ് ഇവരുടെ പതനത്തിന് ആക്കം കൂട്ടിയത്.

വിജയകാന്ത് രാഷ്ട്രീയ യോഗത്തിൽ.

രാഷ്ട്രീയത്തിന്റെ സൗന്ദര്യവൽക്കരണം

വാൾട്ടർ ബെഞ്ചമിൻ ‘രാഷ്ട്രീയത്തിന്റെ സൗന്ദര്യവൽക്കരണം’ (Aestheticization of Politics) എന്ന സങ്കൽപ്പം അവതരിപ്പിക്കുന്നുണ്ട്. അധികാര വ്യവസ്ഥയുടെയും സ്വത്തുടമസ്ഥതയുടെയും ഘടന മാറ്റാതെ, ജനങ്ങൾക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു അവസരം (Ritual values) നൽകുക മാത്രമാണ് താരരാഷ്ട്രീയം പലപ്പോഴും ചെയ്യുന്നത്.

ഡോ. ബി.ആർ. അംബേദ്കറുടെ ‘സാമൂഹിക ജനാധിപത്യം’ (Social Democracy) എന്ന ആശയം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ സമൂഹത്തെ പുനഃസംഘടിപ്പിക്കുന്നതിനെയാണ് ലക്ഷ്യമിടുന്നത്. താരരാഷ്ട്രീയം ജനങ്ങളെ പൗരന്മാരിൽ നിന്ന് മാറ്റി വെറും ഫാൻസ് അസോസിയേഷൻ ആൾക്കൂട്ടങ്ങളാക്കി ചുരുക്കുമ്പോൾ സാമൂഹിക ജനാധിപത്യം നിർവീര്യമാക്കപ്പെടുന്നു. താരരാഷ്ട്രീയത്തിലൂടെ ഉയർന്നുവരുന്ന സ്വത്വരാഷ്ട്രീയം (Identity Politics) പലപ്പോഴും നിലവിലുള്ള സവർണ്ണ/ഭരണവർഗ്ഗ രാഷ്ട്രീയത്തിന് അനുബന്ധമായി മാറുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, തമിഴകത്തെ വിവിധ നായകന്മാർ തങ്ങളുടെ സമുദായ സ്വത്വങ്ങളെ (നാടാർ, തേവർ, വണ്ണിയർ തുടങ്ങിയവ) ഉത്തേജിപ്പിച്ച് രാഷ്ട്രീയ അടിത്തറയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ, അത് സമൂഹത്തിൽ നടക്കുന്ന ആഴത്തിലുള്ള സാമ്പത്തിക മാറ്റങ്ങളെയും വർഗ്ഗപരമായ ചൂഷണങ്ങളെയും മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. ഭരണവർഗ്ഗത്തിന്റെ സാമ്പത്തിക നയങ്ങളെയോ മുതലാളിത്ത ഘടനകളെയോ ചോദ്യം ചെയ്യുന്നതിന് പകരം, കേവലമായ സമുദായ വോട്ട് ബാങ്കുകളായി ജനങ്ങളെ തളച്ചിടാൻ ഈ സ്വത്വരാഷ്ട്രീയം ഉപകരിക്കുന്നു. ആത്യന്തികമായി, ഇത് സവർണ്ണ-അധികാര വ്യവസ്ഥയ്ക്കും യഥാർത്ഥ സാമ്പത്തിക അസമത്വങ്ങൾക്കും സംരക്ഷണമൊരുക്കുന്ന ഒരു പുകമറയായി പരിണമിക്കുന്നു.

ശരത്കുമാർ

പരാജിതരുടെ പരാജയ കാരണങ്ങൾ

പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന താരങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ ഗ്രന്ഥകർത്താവ് അവതരിപ്പിച്ചിരിക്കുന്നത് വ്യക്തി സംബന്ധവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെയാണ്. ഓരോ അധ്യായത്തിലും അവരുടെ അഭിനേതാവെന്ന നിലയിലുള്ള പ്രതിച്ഛായയും രാഷ്ട്രീയത്തിലെ പ്രയോഗ വൈകല്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വരച്ചുകാട്ടുന്നു.

ഉദാഹരണമായി രജനീകാന്തിനെക്കുറിച്ചുള്ള അവസാന അധ്യായം ഇങ്ങനെ സംഗ്രഹിക്കാം:

‘തമിഴകത്തിന്റെ ‘സ്റ്റൈൽ മന്നൻ’ രജിനികാന്ത് മൂന്ന് പതിറ്റാണ്ടുകാലം തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ആകാംക്ഷയായിരുന്നു. 1996-ൽ ജയലളിതയ്ക്കെതിരെ നടത്തിയ പ്രസ്താവന (“ജയലളിത വീണ്ടും അധികാരത്തിൽ വന്നാൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല”) ഡി.എം.കെയെ അധികാരത്തിലേറ്റാൻ സഹായിച്ചു. എന്നാൽ തനിച്ച് രാഷ്ട്രീയത്തിലിറങ്ങാൻ അദ്ദേഹം എപ്പോഴും ഭയന്നു. 2017-ൽ ‘ആത്മീയ രാഷ്ട്രീയം’ പ്രഖ്യാപിച്ച് ‘രജിനി മക്കൾ മൻട്രം’ ഉണ്ടാക്കിയെങ്കിലും 2020 ഡിസംബറിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങി. വെള്ളിത്തിരയിലെ നായകൻ യഥാർത്ഥ ജീവിതത്തിൽ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാത്ത വ്യക്തിയാണെന്ന് രജിനികാന്തിന്റെ പിൻവാങ്ങൽ തെളിയിച്ചു.’ ഇങ്ങനെ ആ ഭാഗം ഉപസംഹരിക്കുന്നു:

“തമിഴ്നാട് രാഷ്ട്രീയത്തിൻ്റെ ഘടനാപരമായ സവിശേഷതകളെ മനസ്സിലാക്കിപ്രവർത്തക്കാനുള്ള പരിചയക്കുറവും രാഷ്ട്രീയവത്കരിക്കപ്പെടാത്ത ആരാധകക്കൂട്ടായ്മയും എം.ജി.ആർ എന്ന രാഷ്ട്രീയതാരവുമായി ഉണ്ടാകാവുന്ന താരതമ്യവും ഒക്കെ നടക്കാതെപോയ രാഷ്ട്രീയ പ്രവേശനത്തെ സ്വാധീനിച്ച ഘടകങ്ങളാണ്.”

രജനീകാന്ത്

ചുരുക്കത്തിൽ, താരങ്ങളെ രാഷ്ട്രീയ നേതാക്കളായി കാണണമെങ്കിൽ ചുരുങ്ങിയ രൂപത്തിലെങ്കിലും അവർ മണ്ണിൽ തൊടുകയും ആ അർത്ഥത്തിൽ അവർ താരങ്ങളല്ലാതായി മാറുകയും ചെയ്യണം. പ്രതിബിംബകെണിയിൽ വീഴണമെങ്കിൽ പോലും പരിമിതമായ രീതിയിലെങ്കിലും ഫാൻസ് മനശ്ശാസ്ത്രം രാഷ്ട്രീയവത്കരിക്കപ്പെടണം. അങ്ങനെയല്ലാത്തവരെ തമിഴ് ജനത തള്ളിക്കളഞ്ഞു എന്നാണ് അനീഷ് വ്യക്തമാക്കുന്നത്. പരാജിതനായകരുടെ പരാജയ കാരണങ്ങളെ അനീഷിൻ്റെ പുസ്തകത്തിൽ നിന്നും ഇങ്ങനെ ക്രോഡീകരിക്കാം:

പ്രത്യയശാസ്ത്ര അടിത്തറയില്ലായ്മ:

കൃത്യമായ രാഷ്ട്രീയ-സാമൂഹിക പ്രത്യയശാസ്ത്രമില്ലാതെ കേവലം വെള്ളിത്തിരയിലെ നായക പ്രതിച്ഛായയെ മാത്രം മുന്നിൽനിർത്തി രാഷ്ട്രീയത്തിലിറങ്ങിയതാണ് ഭൂരിഭാഗം താരങ്ങളുടെയും തോൽവിക്ക് പ്രധാന കാരണം.

ആരാധകക്കൂട്ടത്തെ കേഡർ പാർട്ടിയാക്കാൻ കഴിയാതിരിക്കൽ:

ഫാൻസ് ക്ലബ്ബുകളെയോ ആരാധക പ്രസ്ഥാനങ്ങളെയോ കൃത്യമായ രാഷ്ട്രീയ ബോധമുള്ള സംഘടനയോ കേഡർ സംവിധാനമോ ആക്കി മാറ്റാൻ ഇവർക്ക് സാധിച്ചില്ല.

അവസരവാദ രാഷ്ട്രീയവും ചാഞ്ചാട്ടങ്ങളും:

സ്ഥിരതയുള്ള രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിന് പകരം ഇടയ്ക്കിടെ മുന്നണികൾ മാറിപ്പോവുക, പാർട്ടികൾ ലയിപ്പിക്കുക, അല്ലെങ്കിൽ നിസ്സാര കാരണങ്ങളാൽ പാർട്ടികൾ പിരിച്ചുവിടുക തുടങ്ങിയ നിലപാടില്ലായ്മ ജനങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെടുത്തി (ഉദാഹരണത്തിന്: കെ. ഭാഗ്യരാജ്, ശരത്കുമാർ, കാർത്തിക്).

സംഘടനാപരമായ പക്വതയില്ലായ്മയും ഏകാധിപത്യവും:

ജനകീയ സമരങ്ങളിലോ അടിത്തട്ടിലെ പ്രവർത്തനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ, സ്വന്തം തടവറയ്ക്കുള്ളിൽ നിന്ന് തീരുമാനങ്ങളെടുക്കുന്ന ഏകാധിപത്യ ശൈലിയും വ്യക്തികേന്ദ്രീകൃതമായ സമീപനങ്ങളും നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കിലേക്ക് നയിച്ചു (ഉദാഹരണത്തിന്: കമൽ ഹാസൻ, ടി. രാജേന്ദർ, സീമാൻ).

സമുദായ/സ്വത്വ രാഷ്ട്രീയത്തെ ആശ്രയിക്കൽ:

ജാതി സ്വത്വങ്ങളിലോ (തേവർ, നാടാർ തുടങ്ങിയവ) വംശീയ ശുദ്ധിവാദത്തിലോ തളച്ചിട്ട് വോട്ട് ബാങ്ക് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ, അത് തമിഴ്നാടൻ സമൂഹത്തിൽ നടക്കുന്ന യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങളെയും വർഗ്ഗപരമായ അസമത്വങ്ങളെയും മറച്ചുപിടിക്കാനേ ഉപകരിച്ചുള്ളൂ. ഇത് വിശാലമായ ജനവിഭാഗങ്ങളിൽ നിന്ന് ഇവരെ ഒറ്റപ്പെടുത്തി.

ജനക്ഷേമ മാതൃകകളുടെ അഭാവം:

എം.ജി.ആറിനെപ്പോലെ കീഴാള ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ള യഥാർത്ഥ ക്ഷേമ പ്രവർത്തനങ്ങളിലൂടെയോ ജീവകാരുണ്യ പ്രതിച്ഛായയിലൂടെയോ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ ഇവർക്ക് സാധിച്ചില്ല.

വ്യക്തിപരമായ മുൻകോപവും അസഹിഷ്ണുതയും:

മാധ്യമങ്ങളോടും രാഷ്ട്രീയ എതിരാളികളോടുമുള്ള വ്യക്തിപരമായ അസഹിഷ്ണുതയും, മുൻകോപവും, കൃത്യമായ ആസൂത്രണമില്ലായ്മയും ഇവർക്ക് പ്രതികൂലമായി ഭവിച്ചു (ഉദാഹരണത്തിന്: വിജയകാന്ത്, ശിവാജി ഗണേശൻ).

‘പരാജിത നായകർ’, കവർ

ബോദ്രിലാദിനെ പോലുള്ള ഉത്തരാധുനിക മാധ്യമ ചിന്തകർ പ്രതീതി യാഥാർത്ഥ്യ (Simulation&Simulacra)മാണ് യാഥാർത്ഥ്യമെന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്. അതായത് മാധ്യമത്തിലെ എം.ജി.ആർ.മാത്രമേ ഉള്ളൂ, സിനിമയിലെ രജനീകാന്ത് മാത്രമേ ഉള്ളൂ എന്നാണ് അവരുടെ വാദമെന്നു പറയാം.അവർ തങ്ങളുടെ യാന്ത്രികഭൗതികവാദത്തിലൂടെ സർഗ്ഗാത്മകമായ നിർമ്മിതി യാഥാർത്ഥ്യത്തെ തമസ്കരിക്കാനാണ് ശ്രമിക്കുന്നത്. ഡിജിറ്റൽമുതലാളിത്ത കാല രാഷ്ട്രീയ- വൈയക്തികപ്രവർത്തനങ്ങൾ ഒന്നാകെ പ്രതീതി യാഥാർത്ഥ്യപ്രവർത്തനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.എന്നാൽ തമിഴ് ജനത ഈ പ്രതിബിംബക്കെണിയിൽ വീഴുമ്പോഴും മറ്റാരെക്കാളും അതിൽ നിന്നും കുതറി മാറാനുള്ള ശ്രമങ്ങൾ പ്രകടിപ്പിക്കുന്നു എന്നാണ് അനീഷിൻ്റെ വിശകലനത്തിൽ നിന്നും മനസിലാകുന്നത്. മാധ്യമത്തിലെ വിജയിച്ച രജനീകാന്തും രാഷ്ട്രീയത്തിലെ പരാജിതരജനീകാന്തും പ്രതീതി യാഥാർത്ഥ്യത്തിനുള്ളിലെ മറ്റൊരു യാഥാർത്ഥ്യത്തെ നിർമ്മിച്ചെടുക്കുന്നു.

ടി. അനീഷിന്റെ ‘പരാജിത നായകർ’ എന്ന പുസ്തകത്തിന്റെ രചനാശൈലി ദൃഢമായ മാധ്യമപ്രവർത്തന രീതിശാസ്ത്രത്തെയും സാംസ്കാരിക ചരിത്രാവലോകനത്തെയും സംയോജിപ്പിക്കുന്ന ഒന്നാണ്. തമിഴ് ചലച്ചിത്ര സംസ്കാരത്തെയും രാഷ്ട്രീയ അടിയൊഴുക്കുകളെയും അപഗ്രഥിക്കാൻ ഗ്രന്ഥകർത്താവ് സ്വീകരിച്ചിരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. കഥനവും വിശകലനവും സമന്വയിപ്പിച്ച ഗദ്യമാണ് ഉപയോഗിക്കുന്നത്. ഒരു വശത്ത് താരങ്ങളുടെ വെള്ളിത്തിരയിലെ ജീവിതാനുഭവങ്ങളെ കഥാത്മകമായി അവതരിപ്പിക്കുമ്പോൾ തന്നെ, മറുവശത്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗൗരവകരമായ നാൾവഴികളെ കൃത്യതയോടെ അപഗ്രഥിക്കുന്ന കഥേതര ഗദ്യത്തിന്റെ സ്വഭാവം പുസ്തകത്തിലുണ്ട്. ചരിത്രപരമായ കൃത്യത സൂക്ഷിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.

ഓരോ താരത്തിന്റെയും രാഷ്ട്രീയ പ്രവേശനം, അവർ നേരിട്ട തടസ്സങ്ങൾ, തിരഞ്ഞെടുപ്പ് കണക്കുകൾ, പാർട്ടികളുടെ പിളർപ്പുകൾ എന്നിവ വസ്തുതാപരമായി രേഖപ്പെടുത്തിയിരിക്കുന്നു. തമിഴ്നാട് രാഷ്ട്രീയം ദ്രാവിഡ ആശയങ്ങൾ ഉൾക്കൊള്ളുമ്പോഴും, ജയലളിത ഒഴികെയുള്ള മറ്റ് സ്ത്രീകളെയോ ദളിത് വിഭാഗങ്ങളെയോ പ്രാതിനിധ്യസ്വഭാവത്തോടെ ഉയർത്തിക്കൊണ്ടുവരാൻ ചലച്ചിത്ര മേഖലയിലെ താരരാഷ്ട്രീയത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനം ഗ്രന്ഥകർത്താവ് ഉയർത്തുന്നു.

ചുരുക്കത്തിൽ, ടി. അനീഷിന്റെ ‘പരാജിത നായകർ: തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം വ്യക്തമാക്കുന്നത് തമിഴ്നാട്ടിലെ സമ്മതിദായകർ അന്ധമായ ആരാധകക്കൂട്ടമല്ല എന്ന യാഥാർത്ഥ്യമാണ്. ഇമേജ് ട്രാപ്പിനെ നിഷേധിക്കാനുള്ള, പ്രതിരോധിക്കാനുള്ള ഇച്ഛ ഒരു ജനതയ്ക്ക് ഉണ്ട് എന്ന ജനാധിപത്യബോധ്യങ്ങളെ കണ്ടെടുക്കുക എന്ന ദൗത്യമാണ് ഈ പുസ്തകം നിർവ്വഹിക്കുന്നത്. ജയിച്ചവരല്ല, തോറ്റവരാണ് ചരിത്രത്തിൻ്റെ ആഴങ്ങളെ പ്രത്യക്ഷമാക്കുന്നത് എന്ന യാഥാർത്ഥ്യമാണ് ഈ പരാജയഗാഥകളിലൂടെ വെളിപ്പെടുത്തുന്നത്.

Also Read

8 minutes read August 30, 2026 11:22 am