ലോകകവികളിൽ അതുല്യനായ മഹാകവി കുമാരനാശാൻ്റെ നൂറാം ചരമവാർഷിക ദിനമാണ് ഇന്ന്. ഓരോ തവണ വായിക്കുമ്പോഴും ആശാൻ കവിതകൾ അത്ഭുതാതിരേകമുണ്ടാക്കുന്നു. സാന്ദ്രമായൊരു നദിയുടെ പദപ്രവാഹം,ഭാഷാസൂക്ഷ്മതയുടെ ലാവണ്യാനുഭൂതി, ദർശനഗരിമ, ശില്പഭംഗി! പൂർണ്ണകവിതയെന്നൊരു സങ്കല്പമുണ്ടെങ്കിൽ അത് ആശാൻകവിതയാണെന്ന് സമ്മതിക്കേണ്ടി വരും.
മരക്കൊമ്പിൽ നിന്നും കോലോളം ദൂരത്തിൽ അമ്പിളിയും, പറന്നുനടക്കുന്ന പൂക്കളും വായിച്ച കുട്ടിക്കാലം മുതൽ “എണ്ണീടുകാർക്കുമിതുതാൻഗതി” എന്ന മഹത്തായ ദർശനത്തിലേക്ക് ചിന്തയെ കൊണ്ടെത്തിച്ചത് ആശാൻ്റെ കവിതകളാണ്. വിടർന്ന പൂക്കളുടെ ഭംഗിയിൽ ആണ്ടുമുങ്ങിയ മലയാള കാല്പനിക ഭാവനയിൽ വീണ പൂവിന്റെ ലാവണ്യദർശനം തന്മയത്വത്തോടെ അവതരിപ്പിച്ച ആശാൻ രുദിതാനുസാരിയാവണം കവി എന്ന തത്വം പറയാതെ പറയുകയായിരുന്നു.
ഒരേസമയം കവിതയുടെ സൗന്ദര്യാനുഭൂതിയും സമൂഹത്തിൻ്റെ ജീർണ്ണതയ്‌ക്കെതിരായ ശബ്ദമുയർത്തലുകളും കവിതകൾക്കു വിഷയമാക്കിയ കവിയുടെ ജലമരണം വായനാ ലോകത്തിനേറ്റ ഒരാഘാതം തന്നെയായിരുന്നു.
ആശാൻ കവിതകൾ വായിച്ചും ഉറക്കെ ച്ചൊല്ലിയും നടന്ന ഭൂതകാലത്തിൽ നിന്ന് അതേ മലയാള കവിതയിലെ മറ്റൊരു കണ്ണിയായിത്തീരാനായതും അദ്ദേഹത്തിന്റെ ജീവിതമരണങ്ങളെ തൊട്ടു പോകുന്നൊരു കവിത എഴുതാനായതും തീർത്തും യാദൃശ്ചികമായിട്ടാണ്!
നിത്യജീവിതത്തിൽ നിരന്തരം കാണാറുണ്ടായിരുന്ന വെള്ളത്തിലാശാനെന്ന ജലജീവിയെ ചുറ്റിപ്പറ്റി ഒരു കവിത സംഭവിക്കുകയായിരുന്നു. നാട്ടിയ ചീമക്കൊന്നക്കമ്പുലഞ്ഞ് ഒരിക്കൽ ഒരു നീലപ്പൂവ് കിണറിന്റെ ആഴത്തിലേക്ക് വീണു. ആ ദൃശ്യത്തിലൂടെ വെള്ളത്തിലാശാൻ എന്ന കവിത പൂർണ്ണമായി തെളിഞ്ഞു വരികയായിരുന്നു.
ആശാൻ കവിതകളുടെ ആഴം അനന്തമാണ്. ഉപരിതലത്തിൽ മാത്രം തെന്നി നീങ്ങുന്ന ജലജീവിക്കൊപ്പം എൻ്റെ മുഖവും വൃത്തത്തിൽ തെളിഞ്ഞു കണ്ടു.
ഭയത്തോടെ പ്രസിദ്ധീകരിച്ച ഈ കവിത ഒരുപാടാളുകൾക്ക് നല്ല വായന സമ്മാനിച്ചതായി അറിയാൻ കഴിഞ്ഞു. മഹാകവിയുടെ സ്മരണകൾക്കു മുന്നിൽ വെള്ളത്തിലാശാനെന്ന ചെറുകവിത സമർപ്പിക്കുന്നു:
*വെള്ളത്തിലാശാൻ
നിശ്ചലം ജലം, കാണാ-
നാകുന്നുണ്ടെന്നെത്തന്നെ
വട്ടത്തിൽ, വേലിക്കൊന്ന-
ച്ചില്ലയും മേഘങ്ങളും
തൊട്ടതായ്ത്തോന്നും, പതി
നെട്ടരഞ്ഞാണം താഴെ.
ദൃശ്യങ്ങളോളങ്ങളാൽ
തുടച്ച്, തെന്നിത്തെന്നി
വൃത്തത്തിലെഴുതുന്നു
വെള്ളത്തിന്മീതേ ആശാൻ.
ആഴത്തെ ഭയമുള്ള-
താവണം, പരപ്പിലൂ-
ടാണതിൻ കളി, പണ്ട് സംഭവിച്ചതോർത്താവാം
തൊട്ടി താങ്ങുവാൻ നാട്ടി
നിർത്തിയ, വേലിക്കൊന്ന-
ത്തൂണുലഞ്ഞൊരുനീല-
പ്പൂവറ്റുപതിക്കുമ്പോൾ
വീണപൂവിനു നേരെ പാളിവന്നോളത്തിന്മേൽ
എഴുതിത്തുടങ്ങുന്നു
വെള്ളത്തിലാശാൻ വീണ്ടും.
*ഒരു ജലജീവി
വെള്ളത്തിലാശാൻ കവിത കവിയുടെ ശബ്ദത്തിൽ കേൾക്കാം:
(മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവിത, ഡി.സി ബുക്ക്സ് പുറത്തിറക്കിയ ‘രാത്രിയിൽ അച്ചാങ്കര’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)