ബ്രഹ്മപുരം: ചിതയിലെ വെളിച്ചവും തീരാ ദുരിതങ്ങളും

മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട കേന്ദ്രീകൃത പദ്ധതികളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പരമ്പരയുടെ രണ്ടാം ഭാ​ഗം.

ബ്രഹ്മപുരം പ്ലാന്റിലെ ചിതയിൽ വെളിച്ചം കെട്ടടങ്ങിയിട്ടില്ല. എരിഞ്ഞടങ്ങുന്ന മാലിന്യങ്ങൾ പുറത്തുവിട്ട വിഷാംശമുള്ള രാസസംയുക്തങ്ങളെക്കിറിച്ച് ഇപ്പോൾ കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. ആശുപത്രി മാലിന്യവും വ്യവസായശാലകളിലെ മാലിന്യവും എല്ലാം അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യ ബോംബാണ് ബ്രഹ്മപുരം. ആകാശത്തേക്കുയർന്ന് പലയിടങ്ങളിലേക്കും പടർന്ന വിഷ വാതകങ്ങളെക്കാൾ കൂടുതൽ അപകടകാരികളായ മാലിന്യങ്ങൾ തീ അണയുമ്പോൾ അവിടെ അടിഞ്ഞുകൂടും. ഒരു കനത്ത മഴ മതി അവ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും ജലാശയങ്ങളിലേക്കും ഒലിച്ചിറങ്ങാൻ. അങ്ങനെ രാസമാലിന്യങ്ങൾ കടമ്പ്രയാർ വഴി കൊച്ചിയിലെ വിവിധങ്ങളായ ജലാശയങ്ങളെയും മണ്ണിനെയും മലിനപ്പെടുത്തിക്കൊണ്ട് കൊച്ചി കായലിലേക്ക് ഒഴുകിയെത്തും. ബ്രഹ്മപുരത്തെ ഈ തീക്കളി ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ചർച്ച ചെയ്യാനും അവസരമുണ്ടാക്കി. ദുരിതങ്ങൾ ഒരുവശത്ത് തുടരുമ്പോഴും ബ്രഹ്മപുരത്തെ ചിതയിലെ വെളിച്ചം നമുക്ക് വഴികാട്ടിയാകുമോ എന്നതാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും മാലിന്യത്തിൽ നിന്നും ഊർജ്ജം ഉത്പാദിപ്പിക്കാം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി ശുദ്ധ അസംബന്ധവും കുറ്റകൃത്യവുമാണെന്ന് ബോധ്യമാകാൻ ആവശ്യമായ തെളിവുകൾ നമുക്കുചുറ്റുമുണ്ട്.

ബ്രഹ്മപുരത്തെ പ്രഹസനം

എറണാകുളത്ത് അമ്പലമുകളിന് സമീപം വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലാണ് 110 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്ന ബ്രഹ്മപുരം മാലിന്യകേന്ദ്രം. 2007ലാണ് ഇവിടെ നിലവിലെ പ്ലാന്റ് സ്ഥാപിച്ചത്. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകൾ, ചേരാനെല്ലൂർ, കുമ്പളങ്ങി, വടവുകോട് -പുത്തൻകുരിശ് എന്നീ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവിടെ മാലിന്യമെത്തുന്നത്. 200 ലേറെ ടൺ ജൈവ മാലിന്യവും അതിന്റെ പകുതിയോളം അജൈവ മാലിന്യവുമാണ് ദിനംപ്രതി വരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഇത് കൃത്യമാണോ എന്നറിയുക പ്രയാസമാണ്. എന്തായാലും പ്ലാന്റ് വന്നതോടെ ജനജീവിതം ദുരിതത്തിലായി. പരിസ്ഥിതി മലിനീകരണം രൂക്ഷമായി. അന്തരീക്ഷത്തിൽ അസഹ്യമായ ഗന്ധം നിറയുകയും വീടുകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും പറ്റാതെയുമായി. കൃഷിയും മത്സ്യബന്ധനവും ചെയ്തിരുന്ന പലരുടേയും ജീവിതമാർ​ഗം വഴിമുട്ടി. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറിനൊപ്പം ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയും മലിനമായി. അതോടെ ഈ പ്രദേശത്ത് രോഗങ്ങൾ വ്യാപകമായി. പ്ലാന്റ് അടച്ചുപൂട്ടാൻ നടന്ന പ്രതിഷേധങ്ങൾ പോലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചൊതുക്കി. തദ്ദേശവാസികളെ ബലംപ്രയോഗിച്ച് കുടിയിറക്കിക്കൊണ്ട് സർക്കാർ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതിയുമായി മുന്നോട്ടുപോയി. പിന്നീട് പദ്ധതികൾ കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ‘മാലിന്യത്തിൽ നിന്നും ഊർജ്ജം’ പദ്ധതി തുടർന്ന് വന്ന പിണറായി സർക്കാറും ഏറ്റെടുത്തതോടെ മാലിന്യം ബ്രഹ്മപുരത്തിന്റെ അനിവാര്യതയായി. അതിനു വേണ്ടി കൊച്ചി കോർപ്പറേഷൻ കോടികൾ മുടക്കാൻ തുടങ്ങി. മാലിന്യം കൊച്ചി കോർപ്പറേഷനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്റിൽ എത്തിക്കാൻ സർക്കാർ 80 ലക്ഷം രൂപയോളം ഓരോ മാസവും വേറെ വകയിരുത്തിയിട്ടുണ്ട്. കത്തുന്നതിനു മുൻപ് 70 ഏക്കർ വിസ്തൃതിയിൽ 5 ലക്ഷം ടണ്ണോളം ലെഗസി വേസ്റ്റ് ഉണ്ടായിരുന്നതായി പറയുന്നു.

ബ്രഹ്മപുരം പ്ലാന്റിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്ന ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം. കടപ്പാട്: PTI

ഉത്തരം പറയേണ്ട ചോദ്യങ്ങൾ

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട കേരള സർക്കാരും കൊച്ചി കോർപ്പറേഷൻ എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. ബോധപൂർവ്വവും അല്ലാതെയും ഒരു ജനതയോട് ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളുണ്ട്. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ വികേന്ദ്രീകൃത രീതിയിൽ മാലിന്യ സംസ്ക്കരണം നടക്കുമ്പോൾ കൊച്ചിയിൽ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി എന്തിനുവേണ്ടിയാണ് ഒരിക്കലും പ്രായോഗികമല്ലാത്ത ഒരു പദ്ധതിക്കായി മാലിന്യം കുന്നുകൂട്ടിയത് എന്ന ചോദ്യത്തിന് കേരള സർക്കാരും കൊച്ചി കോർപ്പറേഷനും മറുപടി നൽകണം. കരാർ കാലാവധി അവസാനിക്കാൻ ആകുമ്പോഴും 25 ശതമാനം പോലും മാലിന്യം സംസ്ക്കരിക്കാൻ കഴിയാത്ത Zonta Infrateche എന്ന കമ്പനിക്കെതിരെ സർക്കാറിന്റെ ഭാഗത്തുനിന്നും എന്ത് പരിശോധനകളും നടപടികളുമാണ് ഉണ്ടായിരിക്കുന്നത്? അവർക്ക് ബയോമൈനിങ്ങിനായി 11 കോടി രൂപ അഡ്വാൻസ് നൽകാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നോ? കരാർ വ്യവസ്ഥകൾ പാലിക്കാതിരുന്ന കമ്പനിക്ക് നാല് കോടി രൂപ നൽകാൻ മേയർക്ക് ആരുടെ സമ്മർദ്ദം ആണുണ്ടായിരുന്നത്? Solid Waste Management Rules, 2016 പ്രകാരം ജൈവമാലിന്യങ്ങൾ അതിന്റെ പ്രഭവ സ്ഥാനത്ത് തന്നെ സംസ്ക്കരിക്കാനുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാതെ വർഷങ്ങളായി മാലിന്യം കുന്നുകൂട്ടിയതിനെതിരെ എന്തുകൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഒരിക്കൽ പിഴയടപ്പിക്കുന്നതിനപ്പുറം ശക്തമായ നടപടി എടുത്തില്ല? മാലിന്യം കത്തിയതിന്റെ ഫലമായി ഇപ്പോഴുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ ആരോഗ്യ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമോ?

മാലിന്യകൂമ്പാരത്തെ പലരും ഇഷ്ടപ്പെടുന്നു

വർഷങ്ങൾക്കു മുൻപ് പി സായിനാഥ് ‘Everybody Loves a Good Drought’ എന്ന പുസ്തകത്തിൽ എങ്ങനെയാണ് ഓരോ പ്രകൃതിദുരന്തങ്ങളും അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം മനുഷ്യർക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ ഒരുക്കുന്നതെന്നും അവർ ദുരന്തങ്ങൾക്കായി കാത്തിരിക്കുന്നതെന്നും എഴുതിയിരുന്നു. മാലിന്യത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. മാലിന്യം ഒരു സമ്പത്താണെന്നുള്ള പ്രചാരണം അക്ഷരാർത്ഥത്തിൽ ആരെയാണ് ധനികരാക്കുന്നതെന്ന് പഠിക്കാൻ ബ്രഹ്മപുരത്തെ അനുഭവം മാത്രം മതിയാകും. മാലിന്യം ഒരു പൊന്മുട്ടയിടുന്ന താറാവാണെന്ന് തിരിച്ചറിഞ്ഞ പലരും ബാം​ഗളൂർ പോലെയുള്ള സ്ഥലങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്ത് അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ്. ജനങ്ങൾ ശ്വാസം മുട്ടുമ്പോഴും ഭരണ പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇടനിലക്കാരും കമ്പനി മുതലാളിമാരും അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ലഭ്യമായ പല സ്ഥിതിവിവര കണക്കുകളും കാണിക്കുന്നത് ബ്രഹ്മപുരം മാതൃകയെ ഒരു വിഭാഗം മനുഷ്യർ ഇഷ്ടപ്പെടുന്നു എന്നാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ബ്രഹ്മപുരത്ത് കോർപ്പറേഷൻ ചെലവഴിച്ചത് 150 കോടി രൂപയാണ്. അവിടെ ഇപ്പോൾ കെട്ടികിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബയോമൈനിംഗിനായി 54 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. ലോറി വാടക ഇനത്തിൽ ഓരോ വർഷവും വൻ തുകയാണ് കോർപ്പറേഷൻ ചെലവഴിക്കുന്നത്. 2015-16ൽ 3.23 കോടിയായിരുന്ന ലോറി വാടക 2019-20ൽ 7.83 കോടിയായി. 2021-22ൽ 9.68 കോടിയും.

പാലാരിവട്ടം-വൈറ്റില ബൈപാസ് മാർച്ച് 7ന് രാവിലെ ഏഴുമണിയോടെ അനുഭവപ്പെട്ട പുക. കടപ്പാട്: ദി ഹിന്ദു

“കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിന് കീഴിലാണ് മാലിന്യ സംസ്ക്കരണം വരുന്നത്. 10 ലോറി മാലിന്യം ഇറക്കിയാൽ 25 ലോറിയുടെ പൈസ കോർപ്പറേഷനിൽ നിന്നും എഴുതിയെടുക്കും. മാലിന്യം ശേഖരിക്കുമ്പോൾ ഓരോ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന തുകയ്ക്ക് പുറമെയാണ് ഇത്. അതിന്റെ വിഹിതം ചില കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ലഭിക്കും. അവർ ചേർന്നുള്ള ഒരു കോക്കസ് ആണ് അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനകീയ സമരത്തെ തുടന്ന് ബ്രഹ്മപുരത്തു മാലിന്യം കൂട്ടിയിടുന്നത് തടസ്സപ്പെട്ടതിന്റെ ഫലമായി അന്നത്തെ ജില്ലാ കളക്ടർ മുഹമ്മദ് ഹനീഷ് ഉദ്യോഗമണ്ഡലിലെ കുളത്തിൽ മാലിന്യം നിക്ഷേപിക്കാൻ തീരുമാനിച്ചു. അന്ന് പ്രതിദിനം 50 ടണ്ണിൽ കൂടുതൽ മാലിന്യം കൊച്ചിയിൽ ഉണ്ടായിരുന്നില്ല. അന്ന് കൊച്ചിൻ കോർപറേഷൻ 250 ടൺ മാലിന്യം ഉണ്ട് എന്ന് പറയുന്ന സമയം ആയിരുന്നു. മാലിന്യങ്ങൾ ഊതിവീർപ്പിച്ച് കാണിച്ച് ലാഭം ഉണ്ടാക്കുന്ന അഴിമതി എത്രയോ നാളായി ഒരുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.” GJ Eco Power Ltd എന്ന കമ്പനിക്ക് നേരത്തെ നൽകിയ കരാറിലെ വ്യവസ്ഥകൾ റദ്ദാക്കാൻ ആവശ്യപ്പെട്ട നിയമ യുദ്ധം നടത്തിയ പൊതു പ്രവർത്തകനും KSEB AITUC യൂണിയൻ സെക്രട്ടറിയുമായ ജേക്കബ് ലാസർ പറയുന്നു.

മാലിന്യത്തിൽ നിന്നും ഊർജ്ജം: യാഥാർത്ഥ്യങ്ങൾ

മാലിന്യത്തിൽ നിന്നും വൈ​ദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയ്ക്കായി സർക്കാർ ആദ്യം കരാർ ഒപ്പിട്ടത് ആ രംഗത്ത് മുൻപരിചയം ഇല്ലാതിരുന്ന GJ Eco Power Ltd എന്ന കമ്പനിയുമായിട്ടായിരുന്നു. അതിനെതിരെ നിരവധി ആരോപണങ്ങൾ അന്നുണ്ടായിരുന്നു. ഒടുക്കം ഹൈക്കോടതി അതിൽ ഇടപെട്ടു. കൊച്ചിൻ കോർപ്പറേഷൻ ആ പദ്ധതിയിൽ നിന്നും പല കാരണങ്ങളാൽ പിന്മാറി. അതൊരു വ്യാജ പ്രൊജക്റ്റ് ആയിരുന്നു. അന്ന് കേന്ദ്ര സർക്കാർ മാലിന്യത്തിൽ നിന്നും ഒരു മെഗാവാട്ട് വൈദുതി ഉൽപ്പാദിപ്പിക്കാൻ കണക്കാക്കിയ തുകയുടെ ഇരട്ടിയിലധികമുള്ള തുകയാണ് അവർ ആവശ്യപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ പവർ ഉൽപ്പാദന സ്ഥാപനങ്ങളിൽ നിന്ന് യൂണിറ്റിന് 3.5 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകുമ്പോൾ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് 15 രൂപയായിരുന്നു. “ഓരോ ദിവസവും 500 ടൺ മാലിന്യം കോർപ്പറേഷൻ കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. അങ്ങനെ കൊടുക്കാത്ത പക്ഷം 25 ലക്ഷം രൂപ വീതം ഓരോ ദിവസവും കോർപ്പറേഷൻ ഈ കമ്പനിക്ക് കൊടുക്കേണ്ടിവരും. അപ്പോൾ മാലിന്യം കുറയ്ക്കുന്നതിന് പകരം കോപ്പറേഷൻ മാലിന്യം സൃഷ്ടിക്കാൻ പ്രയത്നിക്കേണ്ടി വരും. വെസ്റ്റുണ്ടാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടിവരും. കൂടാതെ യൂറോപ്പ്യൻ രാജ്യങ്ങളിലുള്ള മാലിന്യത്തിന്റെ സ്വഭാവം അല്ല കേരളത്തിലെ മാലിന്യത്തിനുള്ളത്. ഇവിടെ ജലാംശത്തിന്റെ അളവ് കൂടുതൽ ആണ്. 500 ടണ്ണിനടുത്ത് മാലിന്യത്തിൽ 60 -70 ശതമാനം ജൈവ മാലിന്യമാണ്. അതിന്റെ 80 ശതമാനം വെള്ളം ആണ്. അത് ഉണക്കിയിട്ടു വേണം കത്തിക്കാൻ. അതിന് ഒരുപാട് കലോറി ഊർജ്ജം വേണം. 80 ശതമാനം ഊർജ്ജം അങ്ങനെ പോകും. യഥാർത്ഥത്തിൽ 30 ശതമാനം മാത്രമേ അജൈവ മാലിന്യങ്ങൾ ഉള്ളൂ എന്നർത്ഥം. അതിൽ തന്നെ പകുതിയോളം റീസൈക്കിൾ ചെയ്യാനോ വീണ്ടും ഉപയോഗിക്കാനോ കഴിയുന്നതാണ്. അപ്പോൾ മൊത്തം മാലിന്യത്തിന്റെ 15 ശതമാനം സംസ്ക്കരിക്കാനാണ് ഇത്രയും ചെലവും ദുരന്തങ്ങളും. നമ്മുടെ നാട്ടിലെ സ്ഥിതിയല്ല മറ്റു രാജ്യങ്ങളിൽ. യൂറോപ്പിൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ശീലമൊന്നും ഇല്ല. ബ്രഹ്മപുരത്തെ ഭൂമി ബാങ്കിൽ പണയപ്പെടുത്തി ലോൺ എടുത്ത് പണം തട്ടാനുള്ള ഒരു അസംബന്ധ പദ്ധതി ആയിരുന്നു അത്. പൂനെയിൽ പോലും 1500 മെട്രിക് ടൺ മാലിന്യം ഉണ്ടാക്കും എന്ന് പറഞ്ഞ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞില്ല. ആന്ധ്രയിലും തമിഴ്നാട്ടിലും ഒക്കെ മണ്ണിൽ അലിഞ്ഞുചേരേണ്ട വൈക്കോൽ പോലുള്ളവ കത്തിച്ചാണ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്.” പൊതുപ്രവർത്തകനായ ജേക്കബ് ലാസർ ചൂണ്ടിക്കാട്ടുന്നു.

പാരിസ്ഥിക ദുരന്തങ്ങൾക്ക് കാരണമാകുന്ന പദ്ധതികളിൽ ചില ഉദ്യോഗസ്ഥർക്കും താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. “കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾക്ക് പിന്നിൽ അന്നത്തെ ചീഫ് സെക്രെട്ടറി ടോം ജോസും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനും ആയിരുന്നു . മുഖ്യമന്ത്രിയെ അവർ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചു. എന്നിട്ട് അത്തരം പ്രോജെക്റ്റുകൾ മർക്കട മുഷ്ടി ഉപയോഗിച്ച് അടിച്ചേൽപ്പിക്കുകയായിരുന്നു.13 ജില്ലകളിൽ WtE പ്ലാന്റ് ആയിരുന്നു അവരുടെ പദ്ധതി. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ ഉദ്യോഗസ്ഥർ മാറി. കമ്പനിക്ക് വേണ്ട മൊബിലൈസേഷൻ ഫണ്ട് ഇല്ലാതെ വന്നപ്പോൾ പുതിയ ചീഫ് സെക്രട്ടറി വന്ന് അവരെ പുറത്താക്കി. അതിനുശേഷം ആണ് ഇപ്പോഴത്തെ പുതിയ കരാർ വരുന്നത്.” പരിസ്ഥിതി പ്രവർത്തകനും മാലിന്യ സംസ്‌ക്കരണ വിദഗ്ധനുമായ ഡോ. സി.എൻ മനോജ് പറയുന്നു.

ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ദില്ലി ഓഖ്‌ലയിലെ പ്ലാന്റ്‌. കടപ്പാട്: toxicswatch.org

പിന്നീട് കേരള വ്യവസായ വികസന കോർപറേഷൻ വഴി വന്ന Zonta Infrateche ആണ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. 54 കോടിയുടെ ബയോമൈനിം​ഗ് പ്രോജക്ടറും 337 കോടിയുടെ അജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതിയും ജൈവ മാലിന്യത്തിൽ നിന്നും ബയോ ഗ്യാസും ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയുമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. 300 മുതൽ 600 ടൺ മാലിന്യം ഒരു ദിവസം കൈകാര്യം ചെയ്യാൻ പ്ലാന്റിന് കഴിയും എന്ന് ഈ രംഗത്ത് മുൻപരിചയം ഇല്ലാത്ത കമ്പനി അവകാശപ്പെടുന്നു. ഏതെങ്കിലും ദിവസം 270 ടൺ മാലിന്യമെങ്കിലും എത്തിക്കാൻ കോർപ്പറേഷൻ പരാജയപ്പെട്ടാൽ വൻ തുക പിഴയായി കോർപ്പറേഷൻ കമ്പനിക്ക് നൽകേണ്ടിവരും. സംയോജിത ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ വികസനത്തിനായി ടണ്ണിന് 3,550 രൂപ ടിപ്പിംഗ് ഫീസ് നൽകുന്ന ഇനത്തിൽ വർഷത്തിൽ ഇതിൽ മാത്രം 38 കോടി രൂപ കോർപ്പറേഷന് ചെലവ് ഉണ്ട്.

“പുതിയ കരാറിൽ ജൈവ മാലിന്യത്തിൽ നിന്നും ബയോ ഗ്യാസ് അജൈവ മാലിന്യം കത്തിച്ചു വൈദുതി എന്നതാണ് പദ്ധതി. കേന്ദ്രീകൃത ബയോ ഗാസ് ഓരോസ്ഥലത്തായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇൻഡോറിൽ 300 കോടി ചെലവാക്കി സ്ഥാപിച്ച പ്ലാന്റും പൂട്ടി. ബയോഗ്യാസ് പ്ലാന്റിൽ ബാക്ടീരിയ വളരാൻ ഒട്ടും ആന്റി ബയോട്ടിക് മെറ്റീരിയൽസ് ഉണ്ടാകാൻ പാടില്ല. നമ്മുടെ ഭക്ഷണത്തിൽ അടക്കം ആന്റി ബയോട്ടിക് സാന്നിധ്യം ഉണ്ട്. 300 ടൺ ജൈവ മാലിന്യം കമ്പോസ്റ്റ് ആകാതിരിക്കാൻ ഒരു ആന്റി ബയോട്ടിക് ടാബ്ലറ്റ് ഉണ്ടായാൽ മതി. രണ്ടാമതായി ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി വാല്യൂവിന്റെ PH കുറയുമ്പോൾ ന്യൂട്രലൈസ് ചെയ്യലും വലിയ വെല്ലുവിളിയാണ്. കൂടാതെ നമ്മളുടെ ഫുഡ് മാലിന്യം സ്‌പൈസിയും അസിഡിക്കും ആണ്. അത് ബയോഗ്യാസ് പ്ലാന്റിന് പറ്റിയതല്ല. ബാക്ടീരിയ വളരാൻ സമയം എടുക്കും. ചെറിയ പ്ലാന്റ് ആണെങ്കിൽ അത് മാനേജ് ചെയ്യാൻ എളുപ്പമാണ്. കുറച്ചു ബാക്ടീരിയ ചേർത്തിളക്കി ഒക്കെ പ്രശ്നങ്ങൾ ശരിയാക്കിയെടുക്കാം. ഇത്രയും വെല്ലുവിളികൾ അവഗണിച്ചുകൊണ്ടാണ് പ്ലാസ്റ്റിക് ഇൻഡസ്ട്രിയെ സഹായിക്കാൻ ഈ പ്രൊജക്ട് നടത്തുന്നത്. ഇതിന്റെ മുഴുവൻ പ്രൊജക്റ്റ് റിപ്പോർട്ട് ഒന്നും ആർക്കും കിട്ടിയിട്ടില്ല.” ഡോ. സി.എൻ മനോജ് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിന് പൊള്ളിയ പരിഹാരം

തെറ്റായ വികസന മാതൃകകളുടെ സ്വീകാര്യത ഉറപ്പുവരുത്താൻ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ അമേരിക്കയെയും യൂറോപ്പിനെയും ഒക്കെ മാതൃകകളാക്കി പൊതുസമക്ഷം അവതരിപ്പിക്കാറുണ്ട്. എന്നാൽ അവിടെ നടക്കുന്ന തെറ്റുതിരുത്തലുകളെക്കുറിച്ച് മൗനം പാലിക്കുകയാണ് പതിവ്. യൂറോപ്പ്യൻ യൂണിയൻ വർഷങ്ങളായി തുടരുന്ന, മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പദ്ദതികൾ റദ്ദു ചെയ്ത് വരുമ്പോഴാണ് കേരളത്തെ യൂറോപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു സർക്കാർ അവർ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയുമായി ഇവിടെ മുന്നോട്ടുപോകുന്നത്. “ദശാബ്ദങ്ങളായി, യൂറോപ്പ് ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ മാലിന്യം ഗ്രീൻ എനർജി എന്ന പേരിൽ ഇൻസിനറേറ്ററുകളിലേക്ക് എത്തിച്ചു കത്തിച്ചു. ഇപ്പോൾ, ഇൻസിനറേഷനിലൂടെ പുറംതള്ളപ്പെട്ട കാർബൺ കാൽപ്പാടുകളെക്കുറിച്ചുള്ള ആശങ്കകളും അത് പുനരുപയോഗത്തെ തുരങ്കം വയ്ക്കുമെന്ന ഭയവും യൂറോപ്പ്യൻ യൂണിയനെ മാലിന്യം കത്തിക്കുന്നത് നിർത്താൻ പ്രേരിപ്പിക്കുന്നു.” Yale School of Environment പ്രസിദ്ധീകരിച്ച In Europe, a Backlash Is Growing Over Incinerating Garbage എന്ന റിപ്പോർട്ട് പറയുന്നു. 2008 മുതൽ 2015 വരെ യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവും, ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ വേസ്റ്റ് കൺസൾട്ടന്റുമായിരുന്ന ഡോ. ഇമ്മാനുവൽ മാലിന്യം കത്തിക്കുന്നതിന്റെയും അതുവഴി ഊർജം ഉത്പ്പാദിപ്പിക്കുന്നതിന്റെയും ഫലമായുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചു പഠിക്കുകയുണ്ടായി. “Waste to Energy എന്നത് പഴയ കാലത്തെ ഇൻസിനറേഷനെ ആകർഷകമായി വേറെ രൂപത്തിൽ അവതരിപ്പിച്ചതാണ്. ടൺ കണക്കിന് മുനിസിപ്പൽ മാലിന്യങ്ങൾ കത്തിച്ച് വൻതോതിൽ വിഷ മാലിന്യങ്ങളും ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളുമ്പോൾ ചെറിയ അളവിൽ നെറ്റ് ഊർജ്ജം ഉത്പാദിപ്പിക്കുന്നത് അപകടകരമായ പദ്ധതിയാണ്. നെതർലൻഡ്‌സിലെ ഹാർലിംഗനിലുള്ള അത്യാധുനിക മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോൾ ഡയോക്‌സിന്റെ അളവ് നിയമപരമായ പരിധിക്കപ്പുറമാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. അവിടെ 10 കിലോമീറ്റർ അകലെയുള്ള ഫാമുകളിലെ പുല്ലിലും മുട്ടയിലും ഉയർന്ന അളവിൽ ഡയോക്‌സിനുകൾ ഉണ്ടായിരുന്നു. ഗവൺമെന്റുകൾ അന്താരാഷ്‌ട്ര എമിഷൻ മാനദണ്ഡങ്ങൾ സ്വീകരിക്കുമ്പോൾ പോലും, അപകടകരമായ ഉദ്വമനം നടക്കുകയില്ലെന്ന് ഉറപ്പുനൽകുന്നില്ല, പ്രത്യേകിച്ച് ഉദ്വമനം തുടർച്ചയായി നിരീക്ഷിക്കാനുള്ള സാങ്കേതിക ശേഷിയില്ലാത്ത വികസ്വര രാജ്യങ്ങളിൽ ഇതിന്റെ അളവ് കൂടുതലുമാണ്.”

വടക്കൻ ലണ്ടനിലെ എഡ്മണ്ടണിൽ ഇൻസിനറേറ്ററിനെതിരെ നടന്ന പ്രതിഷേധം. കടപ്പാട്:e360.yale.edu

ഇൻസിനറേറ്ററുകൾക്ക് സമീപം താമസിക്കുന്നവരിലും പ്ലാന്റിൽ ജോലി ചെയ്യുന്നവരിലുമാണ് കൂടുതലും കാൻസർ, ശ്വസനവ്യവസ്ഥയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ, ഹൃദ്രോഗം, രോഗപ്രതിരോധ സംവിധാനത്തിന്റെ നാശം, വർദ്ധിച്ച അലർജികൾ, വൈകല്യങ്ങൾ എന്നിവ കാണാൻ കഴിഞ്ഞതെന്ന് University of Exeter നടത്തിയ പഠനത്തിൽ പറയുന്നു. ന്യൂയോർക്ക് ഇൻസിനറേറ്ററുകൾ കൽക്കരി പദ്ധതികളേക്കാൾ 36 ശതമാനം മെർക്കുറി കൂടുതൽ പുറന്തള്ളുകയുണ്ടായി എന്ന് 2009-ൽ കണ്ടെത്തുകയുണ്ടായി. American Economic Review അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം യു.എസ് വ്യവസായങ്ങളിൽ, മാലിന്യ സംസ്കരണ വ്യവസായം ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളുടെ അനുപാതം കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി. മാലിന്യ സംസ്ക്കരണ വ്യവസായം ഉണ്ടാക്കിയ സാമ്പത്തിക മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ വായു മലിനീകരണം മൂലം ,ഉണ്ടാക്കിയ നഷ്ടം വളരെ കൂടുതലായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാക്കി, വർഷങ്ങൾ കഴിഞ്ഞു പഠന റിപ്പോർട്ടുകൾ വരുമ്പോഴേക്കും അതുണ്ടാക്കിയ ആരോഗ്യപ്രശ്ങ്ങൾ കാരണം ഒരുപാട് മനുഷ്യരുടെ ജീവിതം ദുരിതങ്ങൾ സഹിച്ചും സാമ്പത്തിക നഷ്ടം വരുത്തിവച്ചും അവസാനിച്ചിട്ടുണ്ടാകും.

ഇൻസിനറേറ്ററുകളുടെ കാര്യത്തിൽ അമേരിക്കയുടെ അനുഭവവും വ്യത്യസ്തമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ ഇൻസിനറേറ്റർ 1885-ൽ ന്യൂയോർക്കിലെ ഗവർണേഴ്‌സ് ഐലൻഡിലാണ് നിർമ്മിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നൂറുകണക്കിന് ഇൻസിനറേറ്ററുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ 1960-കൾ വരെ ഈ ഇൻസിനറേറ്ററുകളിൽ നിന്നുള്ള മലിനജലം പുറന്തള്ളുന്നതിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും വിഷ വാതകങ്ങൾ പുറന്തള്ളുന്നതിനെക്കുറിച്ചും വളരെക്കുറച്ചേ പുറം ലോകത്തിന് അറിവുണ്ടായിരുന്നുള്ളൂ. മെർക്കുറി, ഡയോക്‌സിൻ ഉദ്‌വമനം ഉയർത്തുന്ന ഭീഷണികൾ പുറത്തുവന്നതോടെ, 1990-കളിൽ പരിസ്ഥിതി സംരക്ഷണ അതോറിറ്റി Maximum Achievable Control Technology (MACT) ചട്ടങ്ങൾ നടപ്പിലാക്കിയതിന് ശേഷം പ്ലാന്റുകൾ പൂട്ടാൻ തുടങ്ങി.

“മുനിസിപ്പൽ സോളിഡ് വേസ്റ്റ് ഇൻസിനറേറ്ററുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു മാലിന്യ നിർമ്മാർജ്ജന സംവിധാനമെന്ന നിലയിൽ ഒരു നീണ്ട ചരിത്രമുണ്ട്. അതുപോലെ അവ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കമ്മ്യൂണിറ്റികൾ നടത്തിയ പ്രതിരോധത്തിനും. നിലവിലെ അവസ്ഥയിൽ അസ്ഥിരമായ വരുമാന മാതൃക, പഴക്കം, ചെലവേറിയ പ്രവർത്തനം, മലിനീകരണം എന്നിവ കാരണം നിരവധി ഖരമാലിന്യങ്ങൾ കത്തിക്കുന്ന പദ്ധതികൾ അമേരിക്കയിൽ നിർത്തിവച്ചിരിക്കുകയാണ്. 2000 മുതൽ കുറഞ്ഞത് 31 മുനിസിപ്പൽ സോളിഡ് വേസ്റ്റ് ഇൻസിനറേറ്ററുകളെങ്കിലും അടച്ചുപൂട്ടുകയുണ്ടായി. എഴുപത്തിമൂന്ന് ഇൻസിനറേറ്ററുകൾ യു.എസിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ മിക്കതും അപര്യാപ്തമായ വരുമാനം അല്ലെങ്കിൽ ആവശ്യമായ നവീകരണങ്ങൾ താങ്ങാനുള്ള ശേഷിയില്ലായമ തുടങ്ങിയ കാരണങ്ങളാൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്.” Tishman Environment and Design Center പുറത്തിറക്കിയ U.S. Municipal Solid Waste Incinerators: An Industry in Decline എന്ന റിപ്പോർട്ട് പറയുന്നു.

മുതലാളിത്ത വ്യവസ്ഥയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ ഒരു വശത്ത് ഒരു ന്യൂനപക്ഷത്തിന്റെ കയ്യിൽ സമ്പത്ത് കുമിഞ്ഞുകൂട്ടിയപ്പോൾ മറുവശത്ത് പൊതു ജനത്തിനായി മാലിന്യക്കൂമ്പാരം തീർക്കുന്നതിലേക്കും ഈ റിപ്പോർട്ട് വിരൽചൂണ്ടുന്നു. “ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, മുനിസിപ്പൽ ഖരമാലിന്യത്തെ വർധിപ്പിക്കുന്നതിൽ പല ഘടകങ്ങളും പങ്കുവഹിച്ചു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം വിപണിയെ ചലനാത്മകമാക്കാൻ വർദ്ധിച്ച ഉപഭോഗ ശീലം ആളുകൾക്കിടയിൽ വളർത്തേണ്ടത് സാമ്പത്തിക ശക്തികളുടെ ആവശ്യമായിരുന്നു. അതിൽ മുൻപന്തിയിലായിരുന്നു അമേരിക്ക. വർദ്ധിച്ചു വരുന്ന സമ്പത്തും മാലിന്യവും തമ്മിൽ പരസ്പ്പര ബന്ധം ഉണ്ട്. ദരിദ്ര രാജ്യങ്ങളിൽ ആളോഹരി മാലിന്യ ഉൽപ്പാദനം കുറവാണ്.” ഇത്തരം കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മാലിന്യം കത്തിക്കലിന്റെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഗ്ലോബൽ അലയൻസ് ഫോർ ഇൻസിനറേറ്റർ ആൾട്ടർനേറ്റീവ്സ് (GAIA) പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ നിർമ്മിച്ച അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് ‘Waste Burning Exposed’.

ഇന്ത്യയിലെ പ്ലാന്റുകളുടെ ചരിത്രം

1987-ൽ ദില്ലിയിലെ തിമർപൂരിൽ ആണ് മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിച്ചത്. ഡെൻമാർക്കിൽ നിന്നുള്ള ഒരു കമ്പനി നിർമ്മിച്ച ഈ പ്ലാന്റ് പ്രതിദിനം 300 ടൺ മുനിസിപ്പൽ ഖരമാലിന്യങ്ങൾ കത്തിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതായിരുന്നു. 20 കോടി രൂപ ചെലവിൽ സ്ഥാപിച്ച പ്ലാന്റ് 20 ദിവസത്തോളം മാത്രമേ നിലനിന്നുള്ളൂ. പ്ലാന്റിലേക്ക് വരുന്ന മാലിന്യത്തിന്റെ ഗുണനിലവാരം കുറഞ്ഞതാണ് അതിന്റെ പരാജയത്തിന് കാരണമെന്ന് സന്നദ്ധ സംഘടനയായ ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിന്റെ സാങ്കേതിക ഉപദേഷ്ടാവ് ധർമേഷ് ഷാ പറയുന്നു. അന്നുമുതൽ ഈ മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുന്ന പ്ലാന്റിന്റെ പരാജയ കഥ തുടരുകയാണ്. “ഇന്ത്യയിൽ മൊത്തം14 മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്, അതിൽ ഏഴ് പ്ലാന്റുകൾ അടച്ചുപൂട്ടി.” സ്വതന്ത്ര മാലിന്യ സംസ്കരണ- സർക്കുലർ ഇക്കോണമി വിദഗ്ധയായ സ്വാതി സിംഗ് സാംബാൽ പറയുന്നു. ദില്ലിയിലെ ഓഖ്‌ല WtE പ്ലാന്റ് പരിസ്ഥിതിയെ മലിനമാക്കുന്നതിന്റെ പേരിൽ തുടർച്ചയായ പ്രതിഷേധം നേരിടുകയാണ്. ബംഗളൂരുവിലെ അഞ്ച് മെഗാവാട്ട് (MW) പ്ലാന്റ് സമാനമായ സ്ഥിതി നേരിടുകയാണ്. അതുതന്നെയാണ് ഹരിയാനയിലെ Bandhwari WtE പ്രോജെക്ടിന്റെയും അവസ്ഥ. മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പല പ്ലാന്റുകൾക്കെതിരെയും ഡസൻ കണക്കിന് കോടതി കേസുകളുമുണ്ട്.

“ഇന്ത്യൻ മാലിന്യങ്ങൾക്ക് കുറഞ്ഞ കലോറി മൂല്യവും ഉയർന്ന ഈർപ്പവും ആണുള്ളത്.” സാംബാൽ വിശദീകരിച്ചു. “ഇന്ത്യയിലെ മാലിന്യത്തിന്റെ കലോറി മൂല്യം 1,411 കിലോ കലോറി/കിലോ മുതൽ 2,150 കിലോ കലോറി/കിലോ വരെയാണ്. സ്വീഡൻ, നോർവേ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ മാലിന്യത്തിന്റെ കലോറിഫിക് മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, 1,900 കിലോ കലോറി/കിലോ മുതൽ 3,800 കിലോ കലോറി/കിലോ വരെയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ പ്ലാന്റുകൾക്ക് മാലിന്യം കത്തിക്കാൻ സപ്ലിമെന്ററി ഊർജ്ജം ആവശ്യമാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ നിയന്ത്രിച്ചാലും ഇന്ത്യയിലെ ഖരമാലിന്യങ്ങൾ കത്തിച്ചു വിജയകരമായി ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.” സ്വാതി സിംഗ് സാംബാൽ വിശദീകരിക്കുന്നു.

കത്തിക്കൽ ഒരു മഹാ ദുരന്തം

ഇപ്പോൾ മാലിന്യങ്ങൾ കത്തിക്കുന്നതിന് ഒരു പുതിയ കാരണം കൂടി ഭരണകൂടങ്ങളും അതിനെ പിന്തുണയ്ക്കുന്ന കമ്പനികളും ശാസ്ത്രമാത്ര വാദികളും എഴുതിച്ചേർത്തിട്ടുണ്ട്. അത് കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ എന്നാണ്. ഹരിതഗൃഹ വാതക ഉദ്‌വമനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിഷ വാതകങ്ങളും കാർബണും പുറത്തേക്കു തള്ളുന്ന ഈ പ്രവർത്തനത്തെയാണ് മറ്റു നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ വെള്ളപൂശുന്നത്. ഇൻസിനറേറ്ററുകൾ ഒരു യുണിറ്റ് വൈദുതി ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാക്കുന്ന കാർബൺ ഡൈ ഓക്സൈഡ് (2988 lbs/MWh) കൽക്കരി പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളേക്കാൾ (2249 lbs/MWh) കൂടുതൽ ആണ്. ചെറുതും വലുതുമായ ഇൻസിനറേറ്ററുകളിൽ നിന്നും മണ്ണിൽ അടിഞ്ഞുകൂടുന്ന ഘന ലോഹങ്ങൾ, ഡയോക്സിനുകൾ തുടങ്ങിയ അവശിഷ്ടങ്ങൾ പിന്നീട് തൊട്ടടുത്ത ജലസ്രോതസ്സുകളിലേക്കും ഭൂപ്രദേശങ്ങളിലിക്കും വ്യാപിക്കുന്നതുമൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ വേറെയും. പലപ്പോഴും ഇതിന്റെ ആദ്യത്തെ ഇരകൾ പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികൾ, ഗ്രാമവാസികൾ, പ്രകൃതിയെ ആശ്രയിച്ച് ജീവനോപാധി കണ്ടെത്തുന്ന മനുഷ്യർ തുടങ്ങിയവർ ആണ്. മാസ് ബേൺ ഇൻസിനറേറ്ററുകൾ, താപ സംസ്കരണ സൗകര്യങ്ങൾ (thermal treatment facilities ), മാലിന്യത്തിൽ നിന്നുള്ള ഊർജ്ജം (waste-to-energy ) എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്ന വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വിഷവാതകങ്ങളും പുതിയ മാലിന്യങ്ങളും നമ്മുടെ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഒരു പോലെ ഹാനികരമാണ്. നമ്മുടെ റെയിൽവെ സ്റ്റേഷൻ പരിസരത്തു സ്ഥാപിച്ചിരിക്കുന്ന ഇൻസൈറിനേറ്ററുകൾ മാത്രം പരിശോധിച്ചാൽ ഇത് മനസിലാകും.

ഇൻസിനറേറ്ററുകൾ മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിഹാരമാണെന്ന ആശയം അടിസ്ഥാനപരമായി തെറ്റാണ്. മാലിന്യങ്ങളെ ഊർജമാക്കി മാറ്റുകയോ അല്ലെങ്കിൽ നമ്മുടെ മാലിന്യങ്ങളെ ഇല്ലാതാക്കുകയോ ചെയ്യുമെന്ന തെറ്റായ വിശദീകരണം നൽകിക്കൊണ്ടാണ് ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നത്. വാസ്തവത്തിൽ, കത്തിക്കുന്നതിലൂടെ അത്ര സങ്കീർണ്ണമല്ലാത്ത നമ്മുടെ ഗാർഹിക മാലിന്യ പ്രശ്‌നങ്ങളെ വെള്ളവും വായുവും വിഷമയമാക്കുന്ന വിഷചാരം (toxic ash) പോലുള്ള സങ്കീർണ്ണവും ഗുരുതരവുമായ വിഷ മാലിന്യ പ്രശ്‌നങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ഇൻസൈറിനേഷൻ അഥവാ കത്തിക്കലിലൂടെ നടക്കുന്നത്. ഇത് വിശദീകരിക്കുന്ന Incinerators: Myths vs. Facts about “Waste to Energy” ഒരു റിപ്പോർട്ട് The Global Alliance for Incinerator Alternatives (GAIA) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1874-ൽ യു.കെയിലെ നോട്ടിംഗ്ഹാമിലാണ് ആദ്യത്തെ WtE പ്ലാന്റ് നിർമ്മിച്ചത്. സ്റ്റീഫൻ ഫ്രയർ രൂപകൽപ്പന ചെയ്ത ഈ ഇൻസിനറേറ്ററുകൾ യഥാർത്ഥത്തിൽ ‘ഡിസ്ട്രക്റ്ററുകൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. മാലിന്യങ്ങൾ നശിപ്പിക്കാനായി ഒരു ചൂളയിലിട്ട് ചില വസ്തുക്കൾ കത്തിച്ചതിന്റെ ഉപോൽപ്പന്നമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ, മലിനീകരണത്തിന്റെ തോത് കാരണം ആ പ്രക്രിയ അന്നും കാര്യക്ഷമമായിരുന്നില്ല. തുടർന്ന് വന്ന മാലിന്യത്തെ ഊർജ്ജമാക്കി മാറ്റുമെന്ന് അവകാശപ്പെടുന്ന ആധുനിക ഇൻസിനറേറ്ററുകളും കാര്യക്ഷമമല്ല എന്നാണ് ലോകമെമ്പാടുമുള്ള അനുഭവം. ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ മാർഗങ്ങളിലൊന്നാണ് അവ. പ്ലാന്റുകളുടെ നിർമ്മാണവും നടത്തിപ്പും ചെലവേറിയതാണെന്നതിന് പുറമേ, അവർക്ക് ചെറിയ അളവിൽ മാത്രമേ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്നുള്ളൂ എന്നുമാത്രമല്ല കൽക്കരി പ്ലാന്റുകളേക്കാൾ 68 ശതമാനം കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ ഒരു യൂണിറ്റ് യൂണിറ്റ് വൈദുതി ഉൽപ്പാദിപ്പിക്കുമ്പോൾ പുറന്തള്ളുന്നു എന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

മറ്റൊരു വാദം, പഴയതുപോലെ അല്ല ഇൻസിനേറ്ററുകൾ പ്രവർത്തിക്കുന്നതെന്നും അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ എയർ ഫിൽട്ടറുകൾ ഉപയോഗിച്ച മാലിന്യങ്ങൾ കത്തുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഘന ലോഹങ്ങളുടെയും വിഷ വാതകങ്ങളുടെയും വ്യാപനം തടയാം എന്നതാണ്. ആധുനിക മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ അൾട്രാ-ഫൈൻ കണികകൾ പോലെയുള്ള നിരവധി അപകടകരമായ ഉദ്വമനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നതല്ല എന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാലിന്യങ്ങൾ കത്തുമ്പോൾ ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ വാതകങ്ങളാണ് അൾട്രാ-ഫൈൻ കണികകൾ (Polychlorinated biphenyls ഉൾപ്പെടെ, ഡയോക്‌സിൻ, ഫ്യൂറാൻ തുടങ്ങിയ). ഈ കണങ്ങൾ കാൻസർ, ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. പുതിയ ഇൻസിനറേറ്ററുകളിൽ, എയർ ഫിൽട്ടറുകൾ പോലുള്ള വായു മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ ചില മലിനീകരണം ഉണ്ടാകുന്ന ഘടകങ്ങളെ പിടിച്ചെടുക്കുകയും കേന്ദ്രീകരിക്കുകയും (Capture and Concentrate) ചെയ്യുന്നുണ്ട്. എന്നാൽ അവയെ ഇല്ലാതാക്കുന്നില്ല. ഇങ്ങനെ പിടിച്ചെടുത്ത മാലിന്യങ്ങളെ fly ash, bottom ash, boiler ash/ slag, and wastewater treatment sludge എന്നിങ്ങനെയുള്ള മറ്റ് ഉപോൽപ്പന്നങ്ങളിലേക്ക് മാറ്റുകയും പിന്നീട് തുറന്നുവിടുകയുമാണ് ചെയ്യുന്നത്. ഇൻഡോറിലെ bio-CNG plant യൂണിറ്റ് വൃത്തിയായും പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെയും പ്രവർത്തിക്കുന്നു എന്ന പ്രചാരണത്തെ ഈ സാഹചര്യത്തിൽ വേണം വിശകലനം ചെയ്യുവാൻ. ദുർഗന്ധമോ, കാഴ്ചയ്ക്ക് അസുഖകരമായ മാലിന്യ കൂമ്പാരങ്ങളോ അല്ല കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ ഉയർത്തുന്ന പ്രശനം. അടിസ്ഥാനപരമായി അത് സുസ്ഥിരമായ ഊർജ്ജ ഉൽപ്പാദന രീതിയല്ല എന്നും മാലിന്യങ്ങൾ കത്തിച്ചു കളയാൻ ഉള്ളതല്ല എന്നുള്ളതുമാണ്.

റീസൈക്കിള്‍ ചെയ്യുന്ന പ്ലാസ്റ്റിക്. കടപ്പാട്:opportunityindia

റീസൈക്ലിങ് നൽകുന്ന ആരോഗ്യവും തൊഴിലും

പിഴിഞ്ഞെടുക്കൽ സമ്പദ്‌വ്യസ്ഥ (Extractive Economy) യെ നിലനിർത്താൻ വേണ്ടി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇൻസിനറേറ്ററുകൾ സമൂഹത്തിന്റെ ആരോഗ്യത്തെ അപകടത്തിലാക്കുമ്പോൾ റീസൈക്ളിങ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹരിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കമ്പോസ്റ്റ് യൂണിറ്റുകളോടും റീസൈക്കിൾ യൂണിറ്റുകളോടും ഗുണ നിലവാരത്തിൽ മത്സരിക്കാൻ ഇൻസിനറേറ്ററുകൾക്ക് കഴിയില്ല. റീസൈക്ലിംഗ് മേഖലയിൽ ബ്രഹ്മപുരത്തേത് പോലുള്ള കേന്ദ്രീകൃത ലാൻഡ്‌ഫിൽ, മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിനെക്കാളും 50 മടങ്ങ് തൊഴിലവസരങ്ങളും കേടായ ഉൽപ്പന്നങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്ന മേഖലയിൽ 200 മടങ്ങ് തൊഴിൽ സാധ്യതകളും സൃഷ്ടിക്കപ്പെടുമെന്നുമാണ് പറയപ്പെടുന്നത്. കോടിക്കണക്കിന് രൂപ കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾക്കുവേണ്ടി ചെലവഴിക്കാതെ പ്രാദേശികമായി സീറോ വേസ്റ്റ് ഇൻഫ്രാസ്ട്രക്ചെറുകൾ സ്ഥാപിക്കാനാണ് സർക്കാരുകൾ ശ്രമിക്കേണ്ടത്. ഇതൊന്നും പ്രോത്സാഹിപ്പിക്കപ്പെടാത്തതിന്റെ പ്രധാനം കാരണം നിരന്തര വളർച്ചയിലധിഷ്ഠിതമായ ലീനിയർ എക്കണോമിയെ ആണ് സ്റ്റേറ്റ് പിന്താങ്ങുന്നതു എന്നാണ്. മറ്റൊരു പ്രധാന കാരണം വൻ തുകകൾ നിക്ഷേപിച്ച് അഴിമതി നടത്താനും സ്വകാര്യ താൽപ്പര്യങ്ങളെ സംരക്ഷിക്കാനും ഇത് അവസരം ഒരുക്കുന്നില്ല എന്നുള്ളതാണ്.

കോഴിക്കോട് വെയ്സ്റ്റ് ടു എനർജി പ്ലാന്റിന്‌ തുടക്കം കുറിച്ചുകൊണ്ട് നടന്ന ഭൂമി പൂജയിൽ മേയർ തോട്ടത്തിൽ രവീന്ദ്രനും കൗൺസിലർമാരും. കടപ്പാട്:thehindu.com

കൊച്ചിക്ക് പിന്നാലെ കോഴിക്കോട്

ബ്രഹ്മപുരത്തിന് സമാനമായ മാലിന്യത്തിൽ നിന്നും ഊർജം ഉൽപ്പാദിപ്പിക്കുന്ന ഒരു പദ്ധതിക്ക് കോഴിക്കോട് ഞെളിയൻ പറമ്പിൽ 2020 ജനുവരിയിൽ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു. പ്രതിദിനം 450 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന പ്ലാന്റിൽ നിന്നും ആറ് മെഗാവാട്ട് വൈദുതി തൊട്ടടുത്ത നല്ലളം സബ്‌സ്റ്റേഷനിൽ എത്തിക്കാൻ കഴിയും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതിനുള്ള മാലിന്യവും കോഴിക്കോട് നഗരത്തിനു ചുറ്റുമുള്ള പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും ശേഖരിക്കാൻ ആണ് പദ്ധതി. സംസ്ഥാനത്ത് മാലിന്യ-ഊർജ്ജ പദ്ധതി സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) കൊല്ലം കോർപ്പറേഷനുമായും ഇത്തരം ഒരു പദ്ധതിനടപ്പാക്കുന്നതിന് കരാർ ഒപ്പുവച്ചിട്ടുണ്ട്. കുരീപ്പുഴയിൽ ഏഴ് ഏക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന് പ്രതിദിനം 200 ടൺ ഖരമാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ടാകും എന്ന് പറയുന്നു. അതായത് ഇത്തരം പദ്ധതികൾ കേരളത്തിൽ വ്യാപിപ്പിക്കുമ്പോൾ ഇപ്പോൾ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം നടക്കുന്ന പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അത് നിർത്തിവയ്‌ക്കേണ്ടി വരും എന്നർത്ഥം. “പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും കേൾക്കുന്ന ഒരു ചോദ്യം വലിയ waste to energy പ്രൊജക്ടുകൾ വരാൻ പോവുകയാണ്. പിന്നെ എന്തിനാണ് ഇത്രയ്ക്കു സമയം ചെലവഴിച്ച് ഡിസെൻട്രലൈസ്ഡ് പ്രൊജെക്ടുകൾ നടത്തുന്നത് എന്നാണ്. തിരുവന്തപുരത്തെ 300 കോടിയുടെ ഒരു പ്രൊജക്റ്റ് വരാൻ പോവുകയാണെന്ന് പറയുന്നു. എന്നാൽ 10 കോടി രൂപയുണ്ടെങ്കിൽ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം വളരെ നന്നായി ചെയ്യാൻ കഴിയും. എന്നാൽ സർക്കാരിന് താൽപ്പര്യം വലിയ പ്രൊജക്റ്റ് ആണ്. ഒരുവശത്ത് കേന്ദ്രീകൃത മാലിന്യ സംസ്ക്കരണം നടക്കുബോൾ മറു വശത്തു വികേന്ദ്രീകൃത സംസ്ക്കരണം പ്രോത്സാഹിപ്പിക്കുന്നു. ഇത് ആശയക്കുഴപ്പവും മറ്റ് സംഘർഷങ്ങളും ഉണ്ടാക്കുന്നുണ്ട്.” പരിസ്ഥിതി പ്രവർത്തകനായ എസ് രാജു (തണൽ) പറയുന്നു.

മുഖ്യമന്ത്രിയുടെ 2018ലെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

എന്തുകൊണ്ട് സീറോ വേസ്റ്റ് ?

മുനിസിപ്പൽ ഖരമാലിന്യ പ്രവാഹം (Municipal Solid Waste Flow) കുറയ്ക്കുന്നതിനും ശേഷിക്കുന്നവ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനുമുള്ള നയങ്ങൾ, പരിപാടികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ നഗരങ്ങൾക്ക് പ്രാദേശിക സാമ്പത്തിക വികസനത്തെയും ജനങ്ങളുടെ ഉപജീവനത്തെയും പിന്തുണയ്ക്കാനും വായുവിന്റെയും വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും കഴിയും. സീറോ വേസ്റ്റ് എന്നാൽ മാലിന്യം ഒട്ടും ഉണ്ടാക്കാതിരിക്കുക എന്നല്ല. മാലിന്യം പരമാവധി ഇല്ലാതാക്കാൻ ലക്ഷ്യം വയ്ക്കുക, ഉൽപ്പാദകർക്ക് മേൽ മാലിന്യത്തിന്റെ ഉത്തരവാദിത്തം നിലനിർത്തുക (Hold Producers Accountable), ഉത്തരവാദിത്തമുള്ള ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, സീറോ വേസ്റ്റ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുക എന്നിവയാണ്. നമ്മുടെ വിഭവവിനിയോഗത്തിലും വിതരണത്തിലും അതുണ്ടാക്കുന്ന അവശിഷ്ടങ്ങളുടെയും കൂടി ഉത്തരവാദിത്തം കൊണ്ടുവരിക എന്നതാണ് ലക്കും ലഗാനുമില്ലാത്ത ഉപഭോഗത്തെ മാറ്റിസ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പരിഹാരം എവിടെ?

ഉൽപ്പാദന രീതിയിൽ പ്രകൃതി പിന്തുടരുന്ന ചാക്രിക സമ്പദ് വ്യവസ്ഥയ്ക്ക് പരിഗണന നൽകുകയും വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം നടപ്പാക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിർത്തുകയും ചെയ്യാതെ ഇനി അധികനാൾ നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ല. അവിടെയാണ് വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തോടോപ്പോം വികേന്ദ്രീകൃത ഉൽപ്പാദനവും സമ്പദ്‌വ്യവസ്ഥയും (Localisation) പ്രസക്തമാവുന്നത്. അല്ലാതെയുള്ള പരിഹാരങ്ങൾ ബ്രഹ്മപുരത്തെ പുറത്തു കാണുന്ന തീയണഞ്ഞാലും വിഷ മാലിന്യങ്ങൾ അടിയിൽ അവശേഷിക്കുന്നതുപോലുള്ള സ്ഥിതിവിശേഷം മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

ഭാ​ഗം 1 വായിക്കാം: http://bit.ly/41Vqx5D

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 10, 2023 2:39 pm