മുതിർന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കുന്നമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. 2016 ൽ കരുളായി വനമേഖലയിൽ പോലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ അജിത, കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗ്രോ വാസു അടക്കമുള്ളവർ പ്രതിഷേധിച്ചിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്കു മുന്നിൽ അന്യായമായി സംഘം ചേർന്ന് മാർഗ്ഗതടസ്സം സൃഷ്ടിച്ചു എന്ന പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ പിഴയടച്ചു ജാമ്യം സ്വീകരിക്കുവാൻ ഗ്രോ വാസു തയ്യാറായിരുന്നില്ല.
കോടതിയിൽ നിന്നും പുറത്തിറങ്ങിയ ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചു. “ഒരു പ്രതിഷേധം രേഖപ്പെടുത്തി. ആ ഒരു കുറ്റമാണ് ഭീകര കൃത്യമായി സർക്കാരും പോലീസും ഇപ്പോൾ കാണുന്നത്. ഇത് ഞാൻ അംഗീകരിക്കില്ല. ഇത് രണ്ടു തരം നിയമമാണ്, ഇരട്ട നീതിയാണ്. ഞങ്ങൾ ഒരു പ്രതിഷേധ യോഗം നടത്തി. യോഗത്തിൽ രക്തസാക്ഷികളെ അനുസമരിച്ചു. ഇതാണ് ഒരു മഹാകുറ്റമായി മാറിയത്. ആ കുറ്റം സമ്മതിക്കാൻ ഞാൻ തയ്യാറാണ്, അതിനുള്ള ശിക്ഷയും വാങ്ങാം. എന്നാൽ അജിത, കുപ്പു ദേവരാജ് എന്നിവർ അവിടെ കൊല്ലപ്പെടുകയുണ്ടായി. കൂടാതെ എട്ടു പേർ പശ്ചിമഘട്ടത്തിൽ കൊല്ലപ്പെടുകയുണ്ടായി. ഈ കൊലപാതകങ്ങളെക്കുറിച്ച് ഒരു അന്വേഷണവും നടക്കുന്നില്ല. അതിനെ സംബന്ധിച്ച് ഭരണകൂടം മിണ്ടുന്നില്ല. ഒരു കുറ്റവും ചെയ്യാത്ത ഇവരെ കൊല്ലാൻ വേണ്ടിയാണ് വെടിവെച്ചത്. ഈ രീതിയിലുള്ള അന്യായത്തിന് കുറ്റവുമില്ല, ശിക്ഷയുമല്ല, കേസുമില്ല. ഞാനും, സഖാക്കളും നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ കോടതിയും, പോലീസും, സർക്കാരും വലിയ കുറ്റമായി കാണുന്നത് . ഇവിടെ രണ്ട് കൂട്ടർക്ക് രണ്ട് നിയമമാണ്. ഇത് ഞാൻ അംഗീകരിക്കില്ല എന്നാണ് കോടതിയിൽ പറഞ്ഞത്. ഒരുകാട്ടിൽ നിന്ന് എട്ടു പേരെ മുയലിനെ വെടി വെക്കുന്ന പോലെ വെടിവച്ച് കൊന്നിട്ട് കേസില്ല. നമ്മുടെ നാട്ടിലല്ലാതെ മറ്റെവിടെയും ഇത് നടക്കുമെന്ന് തോന്നുന്നില്ല.” ഗ്രോ വാസു പറഞ്ഞു.
2016 ന് ശേഷം കേരളത്തിൽ എട്ട് പേരെയാണ് മാവോയിസ്റ്റ് നേതാക്കൾ എന്നാരോപിച്ച് കേരള പൊലീസും, സേനകളും ചേർന്ന് വെടിവച്ച് കൊന്നിട്ടുള്ളത്. നിരവധി വെടിവെപ്പുകൾ വ്യാജ ഏറ്റുമുട്ടലുകൾ ആയിരുന്നെന്നും, ജുഡീഷ്യൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വെടിവെപ്പുകളിലൊന്നിലും കേസ് എടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ഈ ഇരട്ട നീതിയെയാണ് ഗ്രോ വാസു ചോദ്യം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നിടത്തോളം പോരാട്ടം തുടരുമെന്നും ഗ്രോ വാസു പറയുന്നു
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
