താങ്ങാനാവാത്ത വികസനവും ഉത്തരേന്ത്യയിലെ പ്രളയവും

അതിതീവ്ര മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ജൂലൈ രണ്ടാം വാരത്തിലുണ്ടായ പെരുംമഴ മണ്ണിടിച്ചിലും മിന്നൽപ്രളയവും സൃഷ്ടിച്ചു. നൂറിലേറെ മനുഷ്യർ മരണത്തിന് കീഴടങ്ങി. ഹിമാചൽ പ്രദേശിലുണ്ടായ നിരവധിയായ ഉരുൾപൊട്ടലിൽ ദേശീയപാതകളടക്കം തകർന്നു. ഡൽഹിയിൽ ഐ.ടി.ഒ-റിങ് റോഡ്, വികാസ് മാർഗ്, ഡബ്ലിയു.എച്ച്.ഒ ബിൽഡിംഗ് നിൽക്കുന്ന സ്ഥലങ്ങൾ എന്നിവയെല്ലാം അഞ്ചു ദിവസത്തിലധികമാണ് വെള്ളത്തിൽ മുങ്ങിക്കിടന്നത്. പി.ഡബ്ല്യു.ഡി ആസ്ഥാനം, എക്സൈസ് വകുപ്പ്, ഡൽഹി വനിതാ കമ്മീഷൻ എന്നിവയുൾപ്പെടെയുള്ള ഓഫീസുകളെയും പ്രളയം ബാധിച്ചു. 1978 ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് ഡൽഹി നേരിട്ടത്. 2023 ജൂലൈ 13‌ ന് (വൈകീട്ട് ആറ് മണിക്ക്) ഓൾഡ് റെയിൽവേ ബ്രിഡ്ജിൽ 208.66 മീറ്ററാണ് വെള്ളപ്പൊക്ക നില രേഖപ്പെടുത്തിയത്. ഇത് 1978-ലെ ഉയർന്ന വെള്ളപ്പൊക്ക നിലയേക്കാൾ 1.17 മീറ്റർ കൂടുതലായിരുന്നു. യമുനയിലെ ജലനിരപ്പ് ജൂലൈ 9ന് 203.14 മീറ്ററിൽ നിന്ന് ജൂലൈ 10ന് 205.4 മീറ്ററായി ഉയർന്നു. അത് ജൂലൈ 13 വ്യാഴാഴ്ച രാവിലെ ആയപ്പോഴേക്കും 208.48 മീറ്ററായി ഉയരുകയായിരുന്നു. (ഹിമാചലിൽ മഴ വീണ്ടും തുടങ്ങിയതിനാൽ ജൂലൈ 22ന് രാവിലെ 8 മണിയോടെ ഓൾഡ് റെയിൽവേ ബ്രിഡ്ജിലെ ജലനിരപ്പ് 205.33 മീറ്ററായി ഉയരുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് പോയവർ ക്യാമ്പുകളിൽ തിരികെയെത്തിയതായും മാധ്യമ റിപ്പോർട്ടുകളുണ്ട്). യമുനയിലെ ജലനിരപ്പ് ഉയർന്നതിനൊപ്പം ദ്രുതഗതിയിലുള്ള നഗരവൽക്കരണവും പടർന്നുകൊണ്ടിരിക്കുന്ന കോൺക്രീറ്റ് സൗധങ്ങളും സ്വാഭാവിക ഡ്രെയിനേജ് സംവിധാനങ്ങളിൽ സൃഷ്ടിച്ച തടസങ്ങളും പ്രളയതീവ്രത കൂടാൻ കാരണമായി.

റെഡ് ഫോർട്ടിലെ പാലത്തിനടിയിലൂടെ ഒഴുകുന്ന യമുന. കടപ്പാട്: news18

പ്രളയതലങ്ങളിലൂടെ പരന്നൊഴുകി യമുന

വടക്കേ ഇന്ത്യയിൽ ലഭിച്ച അതിതീവ്ര മഴ, ഹത്നിക്കുണ്ട് ഡാമിൽ നിന്നും തുറന്നുവിട്ട അളവിൽ കവിഞ്ഞ വെള്ളം എന്നിവയാണ് ഡൽഹിയിലെ പ്രളയ കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സാധാരണയായി ലഭിക്കുന്ന മൺസൂൺ മഴയും പടിഞ്ഞാറൻ ‘അസ്വസ്ഥതകൾ’ എന്ന് വിളിക്കുന്ന പ്രതിഭാസവുമാണ് കൂടുതൽ അളവിലുള്ള മഴയ്ക്ക് കാരണമായി പറയപ്പെടുന്നത്. കാലാവസ്ഥാ മാറ്റമാണ് അസാധാരണ മഴയ്ക്കും പ്രളയത്തിനും കാരണമെന്ന് വിലയിരുത്തപ്പെടുമ്പോഴും അശാസ്ത്രീയമായ നഗരവത്കരണത്തിന്റെ ഫലം കൂടിയാണ് ഈ ദുരന്തമെന്ന് വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

റെഡ് ഫോർട്ടും, സലിം ഘർ ഫോർട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനടിയിലൂടെ യമുനയുടെ പ്രതാപകാലത്തു നദി ഒഴുകിയിരുന്നതായി അന്നത്തെ ചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ അഡ്മിനിസ്ട്രേറ്ററായ ചാൾസ് മെറ്റ്കാൾഫ് കമ്മീഷൻ ചെയ്ത, ചിത്രകാരൻ മസർ അലി ഖാൻ വരച്ച, മുഗൾ കാലഘട്ടത്തിലെ ഡെൽഹി സ്മാരകങ്ങളുടെ ആൽബത്തിൽ ഈ ഫോർട്ടുകൾക്കിടയിലൂടെ നദി ഒഴുകുന്ന ഒരു പെയിന്റിംഗ് കാണാം. യമുനയുടെ പ്രളയതലങ്ങളിലൂടെയെല്ലാം യമുന ഇത്തവണ നിറഞ്ഞൊഴുകിയിരുന്നു. അങ്ങനെയാണ് യമുന വീണ്ടും റെഡ് ഫോർട്ടിനും സലിം ഘർ ഫോർട്ടിനുമിടയിലൂടെ ഒഴുകിയത്.

ദില്ലി ന​ഗരത്തിലേക്ക് ഒഴുകിയെത്തിയ യമുന. കടപ്പാട്: livemint

ഒരു ന​ഗരമായി രൂപപ്പെട്ട് വന്ന പുരാതന കാലം മുതൽ ഇന്ന് വരെ യമുനയെ ആശ്രയിച്ചാണ് ഡൽഹി വികസിച്ചിട്ടുള്ളത്. മുഗൾ കാലഘട്ടത്തിൽ യമുനയേയും മറ്റു ജലാശയങ്ങളെയും ബന്ധിപ്പിച്ചാണ് ഷാജഹാൻബാദ് വികസിപ്പിക്കപ്പെട്ടത്. പിന്നീട് ന്യൂ ഡൽഹി ബ്രിട്ടീഷുകാർ നിർമ്മിച്ചപ്പോഴും യമുനയെ ആശ്രയിച്ചായിരുന്നു സിറ്റിയുടെ പ്ലാൻ. എന്നാൽ ബ്രിട്ടീഷ് കാലഘട്ടത്തിലാണ് യമുനയെ ജനങ്ങളിൽ നിന്നും, സംസ്കാരത്തിൽ നിന്നും പൂർണമായും വിച്ഛേദിക്കുന്ന തരത്തിലുള്ള നഗര വികസനം തുടങ്ങിയത് എന്ന് ചരിത്രപഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അവിടുന്നിങ്ങോട്ട് യമുന മാലിന്യം വഹിക്കാനുള്ള നദി മാത്രമായി മാറുകയായിരുന്നു. യമുനയുടെ തീരങ്ങൾ മുഴുവൻ പുതിയ ഡൽഹിയി കൈയടക്കി. ഈ പ്രളയത്തിൽ ആ കൈയേറിയ പ്രദേശങ്ങളിലൂടെയെല്ലാം യമുന ഒഴുകി. 251 മീറ്റർ വീതിയിൽ ഒഴുകിയിരുന്ന യമുന 2.44 കിലോമീറ്റർ അകലെയുള്ള ചാന്ദ്നി ചൗകിന് സമീപമുള്ള റിങ് റോഡ് വരെ ഒഴുകിയെത്തി. സിവിൽ ലൈനിന് സമീപം 218 മീറ്ററിൽ നിന്നും ഏകദേശം 2.8 കിലോമീറ്റർ പ്രദേശത്തേക്ക് യമുനാ നദി വ്യാപിച്ചതായി സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് ഇന്ത്യ ടുഡേ നടത്തിയ പഠനങ്ങൾ പറയുന്നു.

ജലത്തിലാഴ്ന്നുപോയ നഗര വികസന മാതൃക

യമുന നദിക്ക് മൊത്തം 9,700 ഹെക്ടർ പ്രളയതലം (flood plain) ഉള്ളതായാണ് ഓദ്യോദിക കണക്കുകൾ. എന്നാൽ ഇതിൽ ഏകദേശം 6,300 ഹെക്ടർ മാത്രമാണ് സജീവ പ്രളയത്തടങ്ങളായി നിലവിൽ ഡൽഹിയിൽ അവശേഷിക്കുന്നത്. ബാക്കിയുള്ളവ വികസനപ്രവർത്തനങ്ങൾക്കു വേണ്ടി ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. അക്ഷർധാം ക്ഷേത്രം, കോമൺവെൽത്ത് ഗെയിംസ് വില്ലേജ്, യമുന ബാങ്ക് മെട്രോ സ്റ്റേഷനും ഡിപ്പോയും, അക്ഷരധാം മെട്രോ സ്റ്റേഷനും സമീപത്തുള്ള റസിഡൻഷ്യൽ കോളനിയും, ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷൻ ഡിപ്പോ എന്നിവയെല്ലാം പ്രളയതലങ്ങൾ കയ്യേറി നിർമ്മിച്ചതാണ്. ഈ പ്രദേശങ്ങളെല്ലാം ഇത്തവണ വെള്ളത്തിനടിയിലായി.

യമുനാ നദിയുടെ തീരത്ത് വെള്ളപ്പൊക്കബാധിതരായ ആളുകൾ. കടപ്പാട്: thehindu

യമുന 48 കിലോമീറ്റർ നീളത്തിലാണ് ഡൽഹിയിലുടെ ഒഴുകുന്നത്. ആദ്യ 24 കിലോമീറ്ററിൽ അധികം തടസങ്ങളില്ലാതെയും, മലിനീകരണം കുറഞ്ഞ അളവിലുമാണ് യമുനയുടെ ഒഴുക്ക്. വാസീറാബാദ് ഗാരേജ് ആണ് പുഴയുടെ ഒഴുക്കിനെ ആദ്യമായി തടയുന്ന നിർമ്മിതി. നഗരവൽകരണത്തിന്റെ ഭാഗമായുമുള്ള നിർമ്മാണങ്ങളും പാലങ്ങളും കാരണവും, അഴുക്കു ചാലുകൾ യമുനയിലേക്ക് ഒഴുകിയെത്തുന്നതിനാലും അടുത്ത 22 കിലോമീറ്റർ ഭാ​ഗത്താണ് യമുന ഏറ്റവമധികം വീർപ്പുമുട്ടുന്നത്. വസീറാബാദ് ബാരേജിനും ഓഖ്‌ല ബാരേജിനും ഇടയിലുള്ള 22 കിലോമീറ്റർ ദൂരത്തിൽ നിലവിൽ 14 പാലങ്ങളുണ്ട്. പുതുതായി രണ്ടെണ്ണം നിർമ്മാണത്തിലുമാണ്. അതായത് ശരാശരി ഓരോ 1.35 കിലോമീറ്ററിലും ഒരു പാലം. ഇവയിൽ ഭൂരിഭാഗം പാലങ്ങളുടെയും നിർമ്മിതി ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധത്തിലാണ്. പഴയ യമുന പാലം അഥവാ ഇരുമ്പു പാലം മാത്രമാണ് പ്രളയതലത്തിന് മുകളിലൂടെ പൂർണ്ണമായും കടന്നുപോകുന്നത്. കൂടുതൽ പാലങ്ങളും നദിയുടെ വേനൽക്കാല ഒഴുക്കിന് മുകളിലൂടെ പണിതവയാണ്.

യമുനാ നദിയുടെ തീരത്ത് വെള്ളപ്പൊക്കബാധിതരായ ആളുകൾ. കടപ്പാട്: thehindu

യമുനയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന പാലങ്ങൾ വെള്ളപ്പൊക്കം വ്യാപിക്കാൻ കാരണമായിത്തീർന്നിട്ടുണ്ട്. “വസീറാബാദ് ബാരേജിനും ഓഖ്‌ല ബാരേജിനും ഇടയിലുള്ള 22 കിലോമീറ്റർ ഭാഗത്ത് റോഡുകൾ, റെയിൽവേ, മെട്രോ, റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം എന്നിവയ്ക്കായി മൂന്ന് ബാരേജുകളും 26 പാലങ്ങളുമുണ്ട്. ഈ പാലങ്ങൾ പ്രളയതലത്തെ മുറിക്കുകയും, മഴക്കാലത്തെ വെള്ളപ്പൊക്കത്തിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു.” സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേഴ്‌സ് ആൻഡ് പീപ്പിൾ അസോസിയേറ്റ് റിസർച്ചർ ഭീം സിംഗ് റാവത്ത് പറയുന്നു. ഐ.ടി.ഒ ബാരേജിലെ അഞ്ച് ഗേറ്റുകൾ യമുനയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതായി ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി സെക്രട്ടേറിയറ്റിന് സമീപമുള്ള ബാരേജിൽ നടത്തിയ പരിശോധനയിൽ, 32 ഗേറ്റുകളിൽ അഞ്ചെണ്ണത്തിൽ ചെളി അടിഞ്ഞുകൂടിയതിനാൽ നദീജലം വേഗത്തിൽ ഒഴുകിപ്പോകുന്നതിന് തടസ്സമുണ്ടെന്ന് അദ്ദേഹം പറയുന്നു.

“ഇത്തവണ മുകൾഭാഗത്ത് നിന്ന് താഴെ തടങ്ങളിലേക്ക് പുറന്തള്ളുന്ന ജലത്തിന്റെ അളവ് മുൻവർഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. എന്നാൽ ഡൽഹിയിലെയും ഹരിയാനയിലെയും വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. പ്രളയതലങ്ങളിലെ കൈയേറ്റങ്ങൾ നദിയുടെ ഒഴുക്ക് പരിമിതപ്പെടുത്തി. നദിയിൽ ചളിയും (silt) അടിഞ്ഞുകൂടിയതും വെള്ളപ്പൊക്കത്തിന് കാരണമായി.” സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേഴ്‌സ് ആൻഡ് പീപ്പിൾ കോർഡിനേറ്റർ ഹിമാൻഷു തക്കർ പറഞ്ഞു. ബാരേജുകളിൽ ചെളിയടിഞ്ഞതും, ചിലയിടത്ത് ഇത് തുറന്ന് വെള്ളം ഒഴുക്കിവിടാൻ സാധിക്കാത്തതും പ്രളയത്തിന്റെ തീവ്രത കൂടിയിട്ടുണ്ട്.

ഡൽഹി ന​ഗരത്തിൽ യമുനയ്ക്ക് കുറുകെയുള്ള പാലങ്ങളും ബാരേജുകളും

ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ഡൽഹിയിലേക്ക് മാത്രം തിരിച്ചുവിട്ടുവെന്നാരോപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ബിജെപിയെ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ ഹരിയാനയിൽ നിന്നും കൂടുതലായി വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് വാദത്തെയും വിദഗ്ധർ ഖണ്ഡിക്കുന്നുണ്ട്. “ഹരിയാനയിലെ ഹത്നികുണ്ഡിനും ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിനും ഇടയിൽ സെൻട്രൽ വാട്ടർ കമ്മീഷന് ആറ് വെള്ളപ്പൊക്ക നിരീക്ഷണ സ്റ്റേഷനുകളുണ്ട്. യമുന ജലം ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക നില (HFL) രേഖപ്പെടുത്തിയത് ഡൽഹിയിൽ മാത്രമാണ്. ഇത് കാണിക്കുന്നത് പ്രശ്നം ഡൽഹിയിൽ തന്നെയാണെന്നാണ്. 1978ൽ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് ഏഴ് ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടപ്പോൾ ഡൽഹിയിലെ ജലനിരപ്പ് 207.49 മീറ്റർ മാത്രമായിരുന്നു. ഇപ്പോൾ 3.59 ലക്ഷം ക്യുസെക്‌സ് മാത്രമാണ് തുറന്നുവിട്ടതെങ്കിലും ജലനിരപ്പ് 208.66 മീറ്ററായി ഉയർന്നു. നഗരത്തിലേക്ക് യമുനയിലൂടെ എത്തിയ വെള്ളം കുറവാണെങ്കിലും ഡൽഹിയിൽ മുൻകാലങ്ങളിലുണ്ടായതിനേക്കാൾ വലിയ വെള്ളപ്പൊക്കമുണ്ടായതായി ഇത് വ്യക്തമാക്കുന്നു.” ഭീം സിംഗ് റാവത്ത് അഭിപ്രായപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിൽ പെയ്ത മഴയുടെ അളവ്

താങ്ങാനാവാത്ത വികസനം

ജൂലൈ മാസത്തിലെ അതിതീവ്ര മഴയിൽ ഏറ്റവുമധികം ദുരന്തം നേരിട്ട സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. കനത്ത മഴയും, ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും കാരണം നിരവധി നാശനഷ്ടങ്ങളാണ് ഇവിടെയുണ്ടായത്. “ജൂൺ 24 മുതൽ ജൂലൈ 14 വരെ ഹിമാചൽ പ്രദേശിൽ 108 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മണ്ണിടിച്ചിലുകൾ, മേഘപാളികൾ, വെള്ളപ്പൊക്കം എന്നിവ കാരണം 36 മരണങ്ങളും റോഡപകടം, തീപിടുത്തം, മുങ്ങിമരണം, കുത്തനെയുള്ള പാറയിൽ നിന്നുള്ള വീഴ്ച, പാമ്പ് കടി, വൈദ്യുതാഘാതം മുതലായവ കാരണം 72 മരണങ്ങളും സംഭവിച്ചു.” ഔദ്യോദിക കണക്കുകൾ പറയുന്നു.

എന്നാൽ ഹിമാചലിലെ പ്രളയ ദുരിതങ്ങൾ സുസ്ഥിരമല്ലാത്ത വികസന നയത്തിന്റെ ഭാഗമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഹിമാലയത്തിലെ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികൾക്കായി നടത്തിയ അശാസ്ത്രീയവും താങ്ങാൻ കഴിയാത്തതുമായ വികസന പ്രവർത്തനങ്ങളുടെ ആഘാതങ്ങൾ നാളുകളായി ഹിമാചൽ പ്രദേശിനെ ഉലയ്ക്കുന്നുണ്ട്. അതിൽ നിന്നും ഒരു പാഠവും പഠിച്ചില്ല എന്നതിന് തെളിവായി മാറിയിരിക്കുകയാണ് ഇപ്പോഴുണ്ടായ ​ദുരന്തങ്ങൾ. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണവും, പുതിയ ഡാമുകളുടെ നിർമ്മാണവും ഹിമാചലിനെ കൂടുതൽ ദുർബലമാക്കുന്നു. “മഴ പെയ്യുന്നത് ഞങ്ങൾ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ട്. എന്നാൽ അന്ന് നാശനഷ്ടങ്ങളും ദുരന്തവും ഞങ്ങൾ ഇപ്പോൾ കാണുന്ന നിലയിലല്ല. മഴയിൽ ഇത്രയും ചെളി നിറഞ്ഞ വെള്ളം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ധാർമ്മികതയും നൈതികതയും ഇല്ലാതെ റോഡുകൾ നിർമ്മിച്ചതിനാൽ ഇപ്പോൾ നദികൾക്കിവിടെ തവിട്ടുനിറമാണ്… ഇത് ഹിമാലയത്തിന്റെ ആസൂത്രിത നാശമാണ്.” സംസ്ഥാന തലസ്ഥാനമായ ഷിംലയുടെ മുൻ ഡെപ്യൂട്ടി മേയറും ക്ലൈമറ്റ് ആക്ടിവിസ്റ്റുമായ തികന്ദർ സിംഗ് പൻവാർ പറയുന്നു.

2023 ജൂലൈ 11ന് കനത്ത മഴയെത്തുടർന്ന് കുളുവിൽ ബിയാസ് നദി കരകവിഞ്ഞൊഴുകി തകർന്ന തീരങ്ങൾ. കടപ്പാട്: thehindu

“ഛണ്ഡീഗഡ് മുതൽ മണാലി-ഷിംല വരെയുള്ള ദേശീയ പാതകൾ നാലുവരിയാക്കൽ, മാണ്ഡിയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള നിർദേശം, നിലവിലുള്ളവയുടെ വിപുലീകരണം, പരിസ്ഥിതിയെ നശിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ വ്യാപനം തുടങ്ങിയ എല്ലാ വികസന പദ്ധതികളും പുനരവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.” ഹിമാചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമായ മാൻഷി ആഷർ പറയുന്നു. ദേഹശീയപാത വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമിച്ച ടണലുകളും പ്രശ്നത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ഇതുമൂലം മലകളും, അവയുടെ ചെരിവുകളും ദുർബലമായിരിക്കുന്നു. ഇത് ഉരുൾപൊട്ടലുകളുടെ ആഘാതം കൂടാൻ കാരണമായി.
പരിസ്ഥിതി പ്രവർത്തകരുടെയും വിദഗ്ധരുടെയും മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ഹിമാചലിലെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. “ഹിമാചലിൽ സംഭവിച്ച നാശ-നഷ്ടങ്ങൾക്ക് പ്രധാന കാരണം രണ്ടു റോഡുകളുടെ നിർമ്മാണമാണ്. ഹിമാലയം പ്രായം കുറഞ്ഞ പർവതനിരകളാണ്. അവിടെയുള്ളത് ബലം കുറഞ്ഞ ഉപരിതലമാണ്. ഇവിടെയാണ് പുതിയ റോഡുകൾ നിർമ്മിക്കുകയും വീതി കൂട്ടുകയും ചെയ്യുന്നത്. ഛണ്ഡീഗഡ്-മണാലി ഹൈവേ, ഷിംല-ഛണ്ഡീഗഡ് ഹൈവേ എന്നിവക്ക് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ലംബമായാണ് മലയെ മുറിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിർമാണം ദേശീയപാത അതോറിറ്റി അനുവദിക്കുകയും ചെയ്തു. പ്രളയത്തിൽ ഈ റോഡുകൾ പൂർണ്ണമായും ഒഴുകി പോകുകയാണ് ചെയ്തത്. ഇത് വരാൻ പോകുന്ന പത്തു മുപ്പതു വർഷത്തേക്ക് ഒരു നിരന്തര പ്രശനമാകാൻ പോകുകയാണ്.” തികന്ദർ സിംഗ് പൻവാർ അഭിപ്രായപ്പെടുന്നു.

പരിസ്ഥിതിയേയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും പരി​ഗണിക്കാതെ മുന്നോട്ടുവയ്ക്കപ്പെടുന്ന വികസന സമീപനത്തിന്റെ കൂടി ഫലമാണ് വടക്കേ ഇന്ത്യയിലെ പ്രളയത്തിന് കാരണമെന്ന് ജൂലൈയിൽ ഉത്തരേന്ത്യയിൽ ഉണ്ടായ ദുരന്തങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥ തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഡൽഹിയിലും, ഹിമാചലിലും അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകൾ കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ ആഘാതങ്ങൾ അതിതീവ്രമാക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും പ്രവചിക്കാനാവാത്ത കാലാവസ്ഥ സംഭവങ്ങളും ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ സുസ്ഥിരമായ വികസന മാതൃകകൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നു ഈ ദുരന്തങ്ങൾ ഓർമ്മിപ്പിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read