ആദ്യം കോടതി വിധി, തൊട്ടു പിന്നാലെ എം.പി സ്ഥാനം അയോഗ്യമാക്കൽ- രാഹുൽ ഗാന്ധിയുടെ “മോദി” പരാമർശത്തിന്റെ പരിണിതി ഇന്ന് വെള്ള പുതച്ചു കഴിഞ്ഞ ഇന്ത്യൻ “ജനാധിപത്യത്തിന്റെ” അസ്സൽ സ്വഭാവം പുറത്തു കൊണ്ടു വന്നു. ഇതിലൊന്നും ഞങ്ങൾ ഭയപ്പെടുന്നില്ലെന്ന കോൺഗ്രസിന്റേയും ഇതര പ്രതിപക്ഷ പാർട്ടികളുടേയും പ്രതികരണം വിലക്കെടുക്കാൻ പറ്റാത്ത വിധം രാജ്യത്തെ ജനാധിപത്യ വാദികളെ ഭീതിയിലാഴ്ത്തുന്നു.
തങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിലേക്കുള്ള ചൂണ്ടുപലകയാണ് (ഒരു പക്ഷെ ഏറ്റവും ചെറുത്) രാഹുൽ ഗാന്ധിക്ക് നൽകിയ രണ്ടു വർഷത്തെ തടവും (ജാമ്യം നൽകിയെങ്കിലും) പിറകെ വന്ന എം.പി സ്ഥാനം അയോഗ്യമാക്കലും. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കില്ല, മോദി സർക്കാരിനെതിരെ സംസാരിക്കുന്ന ഏതൊരാൾക്കും എന്തു സംഭവിക്കും എന്നതിന്റെ സൂചന തന്നെയാണ്.

വിമർശനങ്ങൾ, ആരോപണങ്ങൾ, തുറന്നു കാട്ടലുകൾ, പൊളിച്ചെഴുതലുകൾ- ഇവ എക്കാലത്തും ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്രയായിരുന്നു. രാഹുൽ ഗാന്ധി അത്തരമൊരു ശ്രമം നടത്തിക്കൊണ്ടിരുന്ന സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ നേതാക്കളിൽ ഒരാളാണ്. തനിക്കു നേരെ ഉയർന്ന എല്ലാ വിമർശനങ്ങൾക്കും പാർലമെന്റിൽ തന്നെ മറുപടി പറയാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
അദാനിയുമായി ബന്ധപ്പെട്ട രാഹുലിന്റെ വിമർശനം പാർലമെന്റിൽ ചർച്ചയാകുമോ എന്ന ഭയത്തിൽ നിന്നും എം.പി സ്ഥാനം റദ്ദാക്കിയതോടെ മോദി സർക്കാർ രക്ഷപ്പെടുകയും ചെയ്തു. എന്തും സാധ്യമാകുന്ന ഒന്നായി ഇന്ത്യൻ ജനാധിപത്യവും ജുഡീഷ്യറിയും മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുലിനെതിരെയുള്ള നടപടികളിലൂടെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞത്.

നിയമത്തിനും കോടതിക്കും പലപ്പോഴും ജനാധിപത്യ സംവാദങ്ങളെ തന്നെ അടച്ചു കളയാൻ കഴിയുമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി രാഹുൽ സംഭവം ഇന്ത്യൻ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. രാഹുൽ കഴിഞ്ഞ കുറച്ചുകാലമായി പാർലമെന്റിൽ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത പാർലമെന്റ് കമ്മിറ്റിയെ വെക്കണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല.
എ.കെ.ജി പാർലമെന്റിൽ സംസാരിക്കുമ്പോൾ എല്ലാ കോൺഗ്രസ് അംഗങ്ങളും നിർബന്ധമായും സഭയിലുണ്ടായിരിക്കണമെന്നു പറഞ്ഞ നെഹ്റുവിന്റെ പാരമ്പര്യത്തിൽ നിന്നും മോദി ജനാധിപത്യം എവിടം വരെയെത്തി എന്നു മനസ്സിലാക്കാൻ, ജനാധിപത്യത്തിന്റെ അന്ത്യം തൊട്ടറിയാൻ സഹായിക്കുന്നു രാഹുൽ സംഭവം.

പൗരത്വ പ്രക്ഷോഭ കാലത്ത് കൊടിയ നടപടികൾക്കുള്ള ശ്രമങ്ങൾക്ക് സർക്കാർ അന്തരീക്ഷം ഒരുക്കി വരവേയാണ് കോവിഡ് വന്നത്. പരിവാറിന്റെ ഹിംസാത്മക സംഹാരാത്മകതയെ അന്ന് തടഞ്ഞു നിർത്തിയ കുഞ്ഞൻ വൈറസ് രോഗാതുരതയുടെ പൊട്ടിത്തെറിയായി മോദി സർക്കാരിൽ പ്രവർത്തിച്ചു വരികയായിരുന്നു.
വിമർശനങ്ങൾ, വിമത ശബ്ദങ്ങൾ എല്ലാം സംഹരിക്കാനുള്ള തങ്ങളുടെ തീരുമാനം നടപ്പാക്കുന്നതിന്റെ വേഗത എങ്ങിനെയായിരിക്കുമെന്നതിന്റെ കൃത്യം തെളിവാണ് രാഹുലിന്റെ എം.പി സ്ഥാനം അയോഗ്യമാക്കൽ.
ശശി തരൂർ ഇങ്ങിനെ പറഞ്ഞു: രാഹുലിനെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയുടെ അതി വേഗത കണ്ട് ഞാൻ സ്തംബ്ധനായിപ്പോയി. അതും കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിൽ, അപ്പീൽ നടപടി പുരോഗമിക്കവേ, ഇത് നമ്മുടെ ജനാധിപത്യത്തിനേറ്റ വലിയ തിരച്ചടിയാണ്.

ഈ മിസൈലൽ അതിവേഗത രാജ്യത്തെ എല്ലാ വിമത ശബ്ദങ്ങൾക്കുമുള്ളതാണ്. അത് നടപ്പിലാക്കിയെടുക്കാൻ അൽപ്പം മാറ്റങ്ങളോടെയുള്ള കേസ് ഫ്രെയിമുകൾ മാത്രമേ ഇന്ന് ഇന്ത്യ ഭരിക്കുന്നവർക്ക് ആവശ്യമുള്ളൂ.
ഇന്ത്യൻ ജനാധിപത്യവും രാജ്യത്തെ ജനാധിപത്യ വാദികളും പരിവാരത്തെ നിർവ്വീര്യമാക്കാൻ കഴിയുന്ന മഴവിൽ മുന്നണി സംവിധാനത്തെ ഇന്ന് ആഗ്രഹിക്കുന്നു. രാജ്യത്തെ, അതിന്റെ ജനാധിപത്യ മൂല്യങ്ങളെ, ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന എല്ലാ സംവിധാനങ്ങളേയും പരാജയപ്പെടുത്താൻ കഴിയുന്ന മഴവിൽ മുന്നണിക്കു മാത്രമേ ലോകത്തെ ഏറ്റവും വലിയ ” ജനാധി”പത്യത്തെ യഥാർഥത്തിൽ രക്ഷിക്കാനാകൂ. കോൺഗ്രസ് ഇതു മനസ്സിലാക്കിയിട്ടുണ്ടോ, ഒപ്പം മറ്റ് ചെറുതും വലുതുമായ കക്ഷികൾ തങ്ങൾക്ക് ഈ സംവാദത്തിൽ എങ്ങിനെ ഭാഗഭാക്കാകാൻ കഴിയുമെന്ന് ആലോചിക്കുന്നുണ്ടോ? രാഹുൽ ഗാന്ധി അയോഗ്യക്കനാക്കപ്പെട്ട ഈ സന്ദർഭത്തിൽ ഉയരുന്ന യഥാർഥ ചോദ്യം ഇതാണ്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
