ഫെമിനിസത്തിലെ നീതി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാലാകാലങ്ങളായി ചരിത്രത്തിൽ ഏറ്റവുമധികം അപമാനിതരായവർ, അടിച്ചമർത്തപ്പെട്ടവർ – സ്ത്രീകൾ, ക്വിയർ മനുഷ്യർ, ദലിത് സമൂഹങ്ങൾ, ആദിവാസി സമൂഹങ്ങൾ, മതന്യൂനപക്ഷങ്ങൾ, ഡിസേബിൾഡ് ആയവർ തുടങ്ങിയവർ – ഞങ്ങൾ തന്നെയാണ് ഏറ്റവുമധികം അതിക്രമങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളത്. ഞങ്ങൾക്ക് ഞങ്ങളായി, സമാധാനപൂർവം ജീവിക്കാനുള്ള സാഹചര്യമുണ്ടാവുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതിനായി വിവിധ അധികാര ഘടനകളാൽ അടിച്ചമർത്തപ്പെട്ടവർ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്.

എന്തിനാണ് രാഷ്ട്രീയബോധം?

ഈ ഒരുമിച്ച് നിൽക്കൽ നടന്നു തുടങ്ങുന്നത്, സ്വയം എങ്ങനെയാണ് അടിച്ചമർത്തപ്പെട്ടത് എന്ന് മനസ്സിലാക്കുമ്പോഴാണ്. അതിന് കൃത്യമായ വിശദീകരണങ്ങൾ ഉള്ള ഒരുപാട് പുസ്തകങ്ങളും, ഫെമിനിസം, അംബേദ്കറിസം, ഡിസേബിൾഡ് രാഷ്ട്രീയം തുടങ്ങിയ പഠനശാഖകളും ഉണ്ട്. പലർക്കും സംഭവിക്കുന്നത് അവിടെത്തന്നെ നിന്ന് പോകുക എന്നതാണ്. തങ്ങളല്ലാത്തവരുടെ, തങ്ങൾക്ക് ശരീരാനുഭവം ഇല്ലാത്ത വിവേചനങ്ങൾ നിലവിലില്ല എന്ന് കരുതുന്നതാണ് ഇത് കൊണ്ടുള്ള കുഴപ്പം. തങ്ങൾ അനുഭവിച്ച വേദന സത്യമാണെന്നും അതുകൊണ്ട് അതിന് ഏറ്റവും മികച്ച നീതി കിട്ടണം എന്നും ഇവർ മനസ്സിലാക്കുന്നുമുണ്ടാവും.

എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രശ്‌നം ജാതി ആണ് എന്ന് അഭിപ്രായമുണ്ട്. ഇവിടത്തെ മുതലാളിത്തവും ജാതിയോട് ചേർന്ന് കിടക്കുന്നു. ഇവിടെ അനുഭവിക്കുന്ന തന്തവാഴ്ച (patriarchy) ജാതിയുടെ ഒരു രൂപമാണെന്ന് പറയാനാകും. ബ്രാഹ്‌മണിസ്‌റ്റ് തന്തവാഴ്ചയെ കുറിച്ച് പഠിച്ച ഉമ ചക്രവർത്തി ഇത് വിശദമാക്കുന്നുണ്ട്. ബ്രാഹ്‌മണ സ്ത്രീകൾക്ക് ശൂദ്ര സ്ഥാനമാണ് എന്ന് മനു (മനുസ്മൃതി) പറയുന്നുണ്ട്. ഈ അധികാര വ്യവസ്ഥയിൽ ജാതിയും മുതലാളിത്തവും തന്തവാഴ്ചയും ഏബിളിസവും ഇഴപിരിഞ്ഞാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കാൻ ഓരോ അടിച്ചമർത്തപ്പെട്ടവരും തയ്യാറാകണം. നിങ്ങൾ ഇതിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു എങ്കിൽ ഇതിൽ ഒന്നിനെയും അവഗണിക്കാൻ പറ്റില്ല. അങ്ങിനെ വരുമ്പോൾ തങ്ങൾ അനുഭവിക്കുന്ന അതിക്രമത്തെ കൃത്യമായും വ്യക്തമായും മനസ്സിലാക്കേണ്ടതുണ്ട്, അതുപോലെ തന്നെ തീവ്രമായ അടിച്ചമർത്തലിലൂടെയാണ് മറ്റ് അടിച്ചമർത്തപ്പെട്ട സമൂഹങ്ങളും കടന്നുപോകുന്നത് എന്നും അതിന്റെ വിശദാംശങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു പ്രവർത്തിയാണത്. നിങ്ങളുടെ രാഷ്ട്രീയ ബോധം നിങ്ങളെ നീതിക്ക് നേരെ നയിക്കുന്നുണ്ടെങ്കിൽ ‘എല്ലാവരും സ്വാതന്ത്രരാകും വരെ ആരും സ്വാതന്ത്രരാകുന്നില്ല’ (Nobody’s free until everybody’s free – Fannie Lou Hamer) എന്ന് മനസ്സിലാക്കുന്നുണ്ടെങ്കിൽ ഇവിടെയുള്ള വിവേചനങ്ങളുടെ പലമുഖങ്ങളുള്ള രൂപങ്ങളെ കൂട്ടമായി മനസ്സിലാക്കിയേ തീരൂ. ഇന്ന് ഈ തിരിച്ചറിവിലേക്ക് പലരെയും എത്തിച്ച ‘ഇന്റർസെക്ഷണൽ ഫെമിനിസം’ കഴിയുന്നത്ര ആളുകളെ, ജനസമൂഹങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളതാണ്.

Representational Image

അതിക്രമങ്ങളുടെ വഴി ഞങ്ങൾക്കിനി വേണ്ട

ചരിത്രത്തിൽ അടിച്ചമർത്തപ്പെട്ടവരെ സംബന്ധിച്ച്, ഞങ്ങളെ നൂറ്റാണ്ടുകളായി അങ്ങനെ നിലനിർത്തിയിരിക്കുന്നത് അതിക്രമങ്ങൾ കാണിച്ച് ഭയപ്പെടുത്തിയാണ്. അതിക്രമങ്ങൾ സൃഷ്ടിക്കുന്ന സമാധാനമില്ലായ്മയുടെ, സ്നേഹമില്ലായ്മയുടെ ലോകം, ചാക്രികമായ അതിക്രമങ്ങൾ കൊണ്ട് നിലനിർത്തിയ ഈ അധികാര ഘടന ഞങ്ങൾക്കിനി വേണ്ട.

ഇന്നും ഞങ്ങൾ വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങുന്നത് ഭരണകൂട സ്ഥാപനങ്ങൾ അഥവാ പൊലീസ്, കോടതി, ജയിൽ തുടങ്ങിയ സംവിധാനങ്ങളിൽ നിന്നാണ്. സ്ത്രീകളെ ഏറ്റവുമധികം അപമാനിക്കുന്ന, പ്രത്യേകിച്ചും ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾ അനുഭവിക്കുന്നത് മറ്റൊരു ലൈംഗിക അതിക്രമം എന്ന് തന്നെ വിളിക്കാവുന്ന പെരുമാറ്റങ്ങളാണ്. രാജ്യത്തെ ജയിലുകൾ നിറയെ ദലിതരും ആദിവാസികളും മുസ്ലീങ്ങളുമാണ്. ഇത്തരം സംവിധാനങ്ങൾ രൂപീകരിക്കപ്പെട്ടതിന്റെ ചരിത്രതുടക്കം ഭരണാധികാരികളുടെ സ്വത്ത് സംരക്ഷിക്കുക, അടിമകളെ നിലക്ക് നിർത്തുക എന്നതൊക്കെയാണ്. അവ ഇന്നും അതുപോലെ കോളോണിയൽ ആയി തുടരുന്നു. വളരെ ചെറിയ മാറ്റങ്ങളുണ്ടെങ്കിൽ അത് ഡോ. ബി.ആർ അംബേദ്കറിനെ പോലുള്ള ആളുകളുടെ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ്. ഇക്കാരണങ്ങളാൽ തന്നെ അടിച്ചമർത്തപ്പെട്ടവർക്ക് നീതി അന്വേഷിച്ച് ഇവയിലേക്ക് ചെല്ലാനാകാത്ത സാഹചര്യമാണ്.

ഡോ. ബി.ആർ അംബേദ്കർ

ഒരു മനുഷ്യനെ തെറ്റ് തിരുത്തി നന്നാക്കി, മനുഷ്യൻ ജീവിക്കേണ്ട ആനന്ദത്തോടെ, മറ്റൊരാളെ ഇനി ഉപദ്രവിക്കാതെ ജീവിക്കാനുള്ള മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്ന സ്ഥലങ്ങളായല്ല ഇന്നും ജയിലുകൾ പോലുള്ള ശിക്ഷാ നടപടികൾ. അവരെ എന്നെന്നേക്കും കുറ്റവാളികളാക്കുന്ന സംവിധാനങ്ങളാണ് ജയിൽ. പലരും മാനസിക രോഗികളാവുന്ന സാഹചര്യം. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇങ്ങനെയാണോ മനുഷ്യർ പരസ്പരം മനസ്സിലാക്കുന്നത്?

അതിക്രമങ്ങൾ ഇനിയും അനുഭവിക്കേണ്ടാത്തവർ ആണ് നമ്മൾ, അത്രയധികം അനുഭവിച്ചവർ. ഒരു അതിക്രമം മറ്റൊരു അതിക്രമത്തിലേക്ക് നയിക്കുന്നു എന്ന് ശരീരം കൊണ്ട് അനുഭവിച്ചവർ. അതുകൊണ്ടുതന്നെ അടിച്ചമർത്തപ്പെട്ടവർ പരസ്പരം വേദനിക്കാനും വേദനിപ്പിക്കാനും നിൽക്കാതെ, ഇത്തരം സാഹചര്യത്തിൽ, പരസ്പരം മനസ്സിലാക്കേണ്ടവർ എന്ന നിലയിൽ, സ്വയവും പരസ്പരവുമുള്ള മുറിവുണക്കൽ എന്നത് പ്രധാനപ്പെട്ട ഒരു ചരിത്ര ആവശ്യമായി മനസിലാക്കണം.

Representational Image

ശിക്ഷാടിസ്ഥാന നീതി (Carceral Justice)

ഇന്നും നിലവിലുള്ള പല ഫെമിനിസ്റ്റുകളും നീതിവാദികളും അതിക്രമികളെ അടിസ്ഥാനപരമായി ശിക്ഷിക്കണം എന്ന് വിശ്വസിക്കുന്നവരാണ്. ഭയപ്പെടുത്തി മാത്രമേ ഇവിടുത്തെ ജനങ്ങളെ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനാവൂ എന്ന് കരുതുന്നവർ. ഈ വിശ്വാസത്തിന്റെ പ്രധാന പോരായ്മ ചൂണ്ടിക്കാണിക്കാൻ ഒരു ഉദാഹരണം പറയാം. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് ജർമ്മനിയിലെ ഒരു ടെലഗ്രാം ഗ്രൂപ്പിനെ കുറിച്ച് ഒരു വാർത്ത പുറത്തുവന്നു – അതിൽ ഏഴായിരത്തോളം ആണുങ്ങളുണ്ടായിരുന്നു, പല വയസ്സുകളിലുള്ളവർ. അതിൽ ചർച്ച ചെയ്തിരുന്നത് സ്ത്രീകളെ റേപ് ചെയ്യുന്നതിനെ പറ്റിയാണ്. ചിലർ അമ്മമാരെയും സഹോദരിമാരെയും അതിക്രമിച്ചത് വീഡിയോ സഹിതം വിവരിച്ചിട്ടുണ്ട്. ഈ ഏഴായിരം പേരെ എന്ത് ചെയ്യണം? ഇത്തരം എത്ര ഗ്രൂപ്പുകളുണ്ട്? കേരളത്തിൽ എത്ര? ഇതൊരു തെറ്റാണെന്ന് ഇത്രയും പേർക്ക് അറിയില്ലായിരുന്നു എന്നത് ഒരു സാമൂഹ്യ പ്രശ്‌നമാണ്. അത് എങ്ങനെ സംഭവിച്ചു? ആരൊക്കെയാണ്, അവരുടെ എന്തൊക്കെ സ്വാർത്ഥതകളാണ് ചരിത്രപരമായി അതിന് ഉത്തരവാദിത്തപ്പെട്ടത്? അവർ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ? ഇത്തരം ആന്തരിക അസമത്വവും മത്സരബുദ്ധിയും വളർത്തിവിടുന്ന നമ്മുടെ സ്‌കൂൾ, കോളേജ്, സ്ഥാപനങ്ങൾക്ക്, തൊഴിലിടങ്ങൾക്ക് അവർ ചെയ്തുവിടുന്ന പരിപാടി എന്താണെന്ന് പിടിയുണ്ടോ?

ഈ അക്രമ പരമ്പര ബാധിക്കുന്നത്, ഒരു സമൂഹമെന്ന നിലയിൽ അവരെതന്നെയാണ്, അവരുടെ കുഞ്ഞുങ്ങളെക്കൂടി ആണ്. ഇത്തരം സാമൂഹ്യ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാകുന്നതിനു മുമ്പ് പരസ്പര ധാരണയിൽ, പല വിധത്തിൽ പരിഹരിക്കപ്പെടണം.

രൂപാന്തര നീതി, പുനഃസ്ഥാപന നീതി

രൂപാന്തര നീതി (Transformative Justice) എന്ന സങ്കല്പം ഊന്നുന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവരാണ് എല്ലായ്‌പോഴും ശരിയായും അല്ലാതെയും കുറ്റവാളികളാകുന്നത് എന്നതാണ് ഈ സങ്കല്പത്തിന്റെ ഒരു കാരണം. മറ്റൊന്ന് കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിലെ ആളുകളുടെ ജീവിതാവസ്ഥകൾ പരിഗണിക്കപ്പെടണം എന്നതാണ്. ഇത്തരം ഒരു ജനാധിപത്യപരമായ സാഹചര്യം ഉണ്ടാക്കിയാൽ മാത്രമേ ഇവിടെ അടിച്ചമർത്തപ്പെട്ടവർക്ക് നീതിയെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയൂ. ആഫ്രോ അമേരിക്കൻ ഫെമിനിസ്റ്റുകൾ നിരന്തരം വാദിച്ചതും ഇത്തരം ഒരു സംവിധാനത്തിന് വേണ്ടിയാണ്.

Representational Image

പുനഃസ്ഥാപന നീതി (Restorative Justice) എന്ന സങ്കല്പത്തെ ‘പൊറുക്കൽ നീതി’ എന്ന് വിവർത്തനം ചെയ്തത് ശരിയല്ല. പൊറുക്കൽ എന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. സമൂഹം ഒന്നായി ഇടപെടുക എന്നുള്ളതാണ്, നീതിയെ പുനഃസ്ഥാപിക്കുക എന്നതാണ് ഇതിലെ പ്രധാന സങ്കല്പം. കുറ്റകൃത്യങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഊന്നൽ നൽകുന്ന ഒരു പ്രക്രിയയാണിത്. ശിക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇത് ആരോഗ്യപുനഃസ്ഥാപനം, പൊതുജന പങ്കാളിത്തം, സമാധാനപ്രക്രിയ എന്നിവക്ക് പ്രാധാന്യം നൽകുന്നു. ഇതിൽ ബാധിതരായ എല്ലാ കക്ഷികളും – അതിജീവിതർ, കുറ്റവാളി, സമൂഹത്തിലെ അംഗങ്ങൾ – ഒരുമിച്ച് സംവാദത്തിലും സഹകരണത്തിലും ഏർപ്പെടുന്നു. ഈ പ്രക്രിയയിലൂടെ, ഉണ്ടായ പ്രശ്‌നങ്ങൾ അംഗീകരിക്കുകയും ബന്ധങ്ങളും ക്ഷേമവും പുനസ്ഥാപിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നു.

രൂപാന്തര നീതിയുടെ തത്വങ്ങളിൽ പ്രധാനം ഭരണകൂട സംവിധാനങ്ങളെ ആശ്രയിക്കാതിരിക്കൽ എന്നതാണ്. പൊലീസ്, കോടതികൾ, ജയിലുകൾ തുടങ്ങിയവയെ അതിക്രമത്തിനുള്ള പരിഹാരമായി മനസിലാക്കുന്നില്ല. ഈ സംവിധാനങ്ങളിലൂടെ സ്ത്രീകൾ, ദലിതർ, ആദിവാസികൾ, ക്വിയർ സമൂഹങ്ങൾ, വികലാംഗർ, ദരിദ്രർ എന്നിവരുടെ നേരെ അതിക്രമങ്ങൾ തുടരുന്നുവെന്ന് തിരിച്ചറിയുന്നു. മറ്റൊരു പ്രധാന തത്വം അതിജീവിതരെ കേന്ദ്രീകരിക്കുക, അതിജീവിതരുടെ ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുവരിക, സമൂഹ ചികിത്സയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

Representational Image

അതിക്രമത്തിന്റെ മൂല കാരണങ്ങൾ അഡ്രസ്സ് ചെയ്യുക എന്നത് മറ്റൊരു തത്വമാണ് – എന്ത് സാമൂഹ്യ സാഹചര്യങ്ങളാണ് ഈ ഹിംസ സാധ്യമാക്കിയത്? (ദാരിദ്ര്യം, മാനസികാഘാതം, വിഭവങ്ങളുടെ അഭാവം തുടങ്ങിയവ). രൂപാന്തര നീതി വ്യക്തികളെ മാത്രമല്ല, അതിക്രമം സൃഷ്ടിക്കുന്ന സംവിധാനങ്ങളെയും തിരുത്താനായി പ്രവർത്തിക്കുന്നു.

കേരളത്തിലെ സാമൂഹ്യ സാഹചര്യം നോക്കൂ. പെൺശരീരത്തിൽ വളരുന്നവർക്ക് ലൈംഗികത എന്നത് ഒരവകാശമായോ ഒരു ചർച്ചയായോ പോലും ഇന്നും മനസിലാക്കുന്നില്ല. നിലവിലുള്ള സാമൂഹിക തന്തവാഴ്ച വളരെയധികം അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഒരേ സമയം അതിയായ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുകയും അതേ സമയം അടിസ്ഥാനപരമായ ലൈംഗിക വിദ്യാഭ്യാസം പോലും ഇല്ലാതെ പോവുകയുമാണിവിടെ. കൺസന്റ് എന്താണെന്ന് ആർക്കും അറിയില്ല. അടിച്ചമർത്തപ്പെട്ടവരിലെ ആണുങ്ങൾ അവർ അടിച്ചമർത്തപ്പെട്ടതിന്റെ ദേഷ്യം തീർക്കുന്നത് അതേ സമൂഹത്തിലെയോ അല്ലാതെയോ ഉള്ള സ്ത്രീകളോടാണ്. എല്ലാം അവിടെ തീർക്കാൻ പറ്റും എന്നും എല്ലാ സ്ത്രീകളും ലൈംഗിക ജീവികൾ മാത്രമാണെന്നുമൊക്കെ അവർ ബാല്യകാലം മുതൽ പരിശീലിക്കപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവനായ കാമുകൻ ചെയ്യുന്ന അതിക്രമത്തെ ന്യായീകരിക്കാനാണ് സ്ത്രീകളായി അടയാളപ്പെടുത്തപ്പെട്ടവർ പരിശീലിക്കപ്പെടുന്നത്. ഇത് സൃഷ്ടിക്കുന്നത് അതുല്യമായ ഒരു അധികാരഘടനയാണ്. അതുപോലെ തന്നെ സങ്കീർണമായ ജാതിയും വർഗവും മറ്റെല്ലാ വ്യവസ്ഥകളും കൂടെ ഇതിനോട് ചേർന്ന് വരും. നിലവിലെ സാമൂഹ്യ സാഹചര്യങ്ങൾ മാറിയാൽ ഈ അതിക്രമങ്ങളിൽ പലതും ഇല്ലാതാക്കാം എന്നാണ് രൂപാന്തര നീതിയിൽ വിശ്വസിക്കുന്നത്.

നിലനിൽക്കുന്ന വ്യവസ്ഥയിലെ അസമത്വത്തിന്റെ കാലികമായതും ചരിത്രപരമായതുമായ വേരുകൾ അവരവരിൽ കണ്ടെത്തുക, അത് ഓരോരുത്തരിലും പടർന്നു നിൽപ്പുണ്ട്. അത് അറുത്തുമാറ്റുക – നീതി ആവശ്യപ്പെടുന്നവർക്ക് ദീർഘകാലത്തിൽ മറ്റു വഴികളില്ല.

ഫെമിനിസത്തിലെ നീതി

അതിജീവിത ആവശ്യപ്പെട്ട കാര്യം കുറ്റമേറ്റ് പറഞ്ഞ് വേടൻ മാപ്പു പറയുക എന്നതാണ്. വേടൻ സ്വയം അവകാശപ്പെടുന്ന പോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാണെങ്കിൽ, ഈ പൊതുവേദികളിലും മറ്റും കാണിക്കുന്ന കരുണ സത്യമാണെങ്കിൽ, സ്ത്രീകളും ക്വിയർ മനുഷ്യരും അടിച്ചമർത്തപ്പെട്ടവരാണെന്നും അവരോട് കാണിക്കേണ്ട മര്യാദ ഉണ്ടെന്നും, അവർക്കും ശബ്ദമുണ്ടെന്നും, അത് നീതിയെക്കുറിച്ചുള്ള ചർച്ചയിൽ പ്രധാനപ്പെട്ടതാണെന്നും മനസിലാക്കണം. അമ്മയെക്കുറിച്ച് അനാവശ്യം പറയേണ്ടിവരുന്ന ഒരു കുഞ്ഞ് കുട്ടി ഉള്ളിൽ പിണങ്ങി ഇരിക്കുന്നുണ്ടെങ്കിൽ ആ മുറിവ് പരിഹരിക്കുക, അത് മറ്റ് സ്ത്രീകളോടല്ല കാണിക്കേണ്ടത്. അടിച്ചമർത്തപ്പെട്ടവരെ സംബന്ധിച്ചിടത്തോളം കരുണ ഒരു ഷോ പീസ് അല്ല. നിങ്ങളുടെ രാഷ്ട്രീയ അവബോധത്തെ മെച്ചപ്പെടുത്തി എടുക്കാനും നിങ്ങളുടെ ജീവിതത്തെ തന്നെ കുറച്ചുകൂടി സ്നേഹത്തോടെ മനസ്സിലാക്കാനും വേണ്ട അധ്വാനം നിങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങിനെ ഒരു മാതൃക ആവുമെന്നും. നിങ്ങളെ അനാവശ്യമായി പൊലീസ് നീതിക്ക് വിട്ടുകൊടുത്തത് കണ്ട് നിങ്ങൾക്ക് വേണ്ടി സംസാരിച്ചവർ തന്നെയാണ് ഇതാവശ്യപ്പെടുന്നത്.

അതിക്രമരഹിതമായ ജീവിതങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിനായി എല്ലാ അടിച്ചമർത്തപ്പെട്ടവരും ഒരുമിച്ച് നിന്നേ തീരൂ, അർഹിക്കുന്ന നീതി പരസ്പരം ലഭ്യമാക്കിയേ തീരൂ.

Also Read

6 minutes read May 5, 2025 12:11 pm