കുട്ടിക്കാലത്ത് ആദ്യമായി മലമ്പുഴ അണക്കെട്ടു കാണാൻ പോയത് ഓർമ്മയിലുണ്ട്. അണക്കെട്ടും ജലസംഭരണിയും ചീർപ്പിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളവും ആടിക്കുലുങ്ങുന്ന തൂക്കുപാലവും വലിയ പൂന്തോട്ടവുമൊക്കെ നാലാം ക്ലാസുകാരൻ കുട്ടിയെ അൽഭുതപ്പെടുത്തി. എന്നാൽ അന്നു രാത്രി ഉറക്കത്തിൽ ആവർത്തിച്ചു വന്നത് ആ കാഴ്ച്ചകളൊന്നുമായിരുന്നില്ല. ഒരു കല്ലിന്മേൽ നിന്നു കുറച്ചപ്പുറത്തുള്ള മറ്റൊരു കല്ലിന്മേലേക്കു ചാടാൻ തുടങ്ങുമ്പോൾ ബാലൻസു തെറ്റി വീഴാൻ പോകുന്നു. ആ രാത്രിയിലത് പല തവണ സ്വപ്നത്തിൽ വന്നു.
മലമ്പുഴയിലെ പൂന്തോട്ടത്തിന്റെ അങ്ങേത്തലക്കൽ കണ്ട ജാപ്പനീസ് രീതിയിൽ പണിത ഒരു തടാകമുണ്ടായിരുന്നു. ആഴം കുറഞ്ഞത്. അതിൽ നിറയെ താമരകളാണ്. ഇലകളും പൂക്കളും. തടാകത്തിനു നടുക്ക് ഒരു ചില്ലു കൂട്ടിൽ ഭീമാകാരമായ, മോട്ടോറു വെച്ചു മെല്ലെക്കറങ്ങുന്ന ഭൂഗോളം. തടാകത്തിൽ നിരത്തിയിട്ട പരന്ന കല്ലുകളിൽ ചാടിച്ചാടി ആ ഗ്ലോബിനടുത്തെത്താം. കല്ലിൽ നിന്നു കല്ലിലേക്കു ചാടുമ്പോൾ അതിന്റെ താഴെ ഇരിക്കുന്ന പോക്കാന്തവളകളെ കാണും. ചാടുമ്പോൾ വെള്ളത്തിൽ വീഴുമോ എന്ന ചെറുപേടി. പകലുണ്ടായ ആ അനുഭവമാണ് അവിടെക്കണ്ട അത്ഭുതക്കാഴ്ചകളല്ല ആ കുട്ടിയുടെ സ്വപ്നത്തിൽ വരുമാറ് ഉള്ളിൽ കോർത്തത്.
ഒ.അരുൺകുമാറിന്റെ കവിതകൾ സദാശിവൻ പൂമ്പാറ്റ എന്ന ഒറ്റപ്പുസ്തകമായി ഒന്നിച്ചു വായിച്ചപ്പോൾ കുട്ടിക്കാലത്തെ ആ ഇന്ദ്രിയാനുഭവവും സ്വപ്നാനുഭവവും വർഷങ്ങൾ കഴിഞ്ഞ് ഭാഷയിൽ ആവർത്തിക്കുന്നതു പോലെ എനിക്കു തോന്നി.
അതെ, കവിയുടെ പേരു തന്നെ നോക്കൂ.
ഒ. അരുൺകുമാർ. അത് ഓ …… അരുൺകുമാർ എന്നും ഓ ………… ഓ ……… അരുൺകുമാർ എന്നും ഓമനക്കുട്ടനുണ്ണിത്താൻ അരുൺകുമാർ എന്നും ഓണാട്ടുകരക്കാരൻ അരുൺകുമാർ എന്നുമൊക്കെ നീട്ടിപ്പടർത്തിയെടുക്കാം. എങ്ങനെ പടർന്നാലും അടിക്കല്ലുകൾ അഥവാ അടിസ്ഥാന മൂലകങ്ങൾ ഓ എന്ന അക്ഷരം അഥവാ ശബ്ദരൂപവും അരുൺകുമാർ എന്ന വാക്കും തന്നെ.
അടിപ്പടവിൽ നിന്ന് അടിപ്പടവിലേക്കു പടർന്നു പടർന്നു നീളുന്നതാണ് സദാശിവൻ പൂമ്പാറ്റയിലെ കവിതകളുടെ വായന. ചിലപ്പോൾ ഒരടിപ്പടവിൽ നിന്ന് അടുത്ത അടിപ്പടവിലേക്കു കൂടുതൽ ദൂരം കാണും. ദൂരം എന്ന കവിതയിൽ കവി തന്നെ പറയുമ്പോലെ വാക്കെത്താദൂരം. ആ നീട്ടിവയ്പിൽ വായനക്കാർ തെന്നി ഒന്നാഞ്ഞ് വീഴാൻ പോകാനും മതി. ഇന്നെഴുതപ്പെടുന്ന കവിതകളുടെ പൊതു വായനാരീതിയല്ല ഇത്. ഒറ്റ വായനക്കു തന്നെ കവിത മുഴുവൻ വിരൽത്തുമ്പിലൊതുങ്ങുന്ന സുഗമവായനക്ക് വഴങ്ങുന്നതല്ല അരുൺകുമാറിന്റെ കവിത. പക്ഷേ വായനയിലെ സാഹസികതയിൽ ആനന്ദിക്കാൻ സാവകാശമുള്ളവർക്ക് സദാശിവൻപൂമ്പാറ്റ തരുന്ന ആവേശം ചെറുതല്ല.
ഈ പുസ്തകത്തിലെ വീട് എന്നു പേരുള്ള പല കവിതകളൊന്നിൽ ശരീരം തന്നെ വീടാകുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. ഒരു നായയെ മുൻനിർത്തിയാണത്. നായയുടെ കുര അതിന്റെ കൂരയാവുന്നു. കുര എന്ന വാക്കിൽ നിന്നും കൂര എന്ന മറ്റൊരു വാക്കിലേക്ക് മനസ്സ് നീട്ടിവെച്ചൂന്നുമ്പോൾ ഉടൽ തന്നെ വീടാകുന്ന അനുഭവം വിടർന്നു വരുന്നു.
കുട്ടി എഴുതുന്ന അ എന്ന അക്ഷരത്തിൽ നിന്നാണ് ഒരു കവിത തുടങ്ങുന്നത്. അ ആർപ്പുവിളിച്ചു വരുമ്പോൾ ഒരു എടുപ്പുകുതിരയാവുന്നു. അതു വലിച്ചു വരുന്ന ഒരു കര തന്നെയാകുന്നു. ഓണാട്ടുകര തന്നെയായി മാറുന്നു. അക്ഷരരൂപിയായ അ എന്ന ശബ്ദത്തിൽ നിന്ന് ഓണാട്ടുകരയുടെ ദേശസംസ്ക്കൃതിയിലേക്ക് ആ കവിത ആർപ്പോ എന്നു കുതിക്കുന്നു. ഒറ്റയടിക്കല്ല ആ മാറ്റം. ഒരു കൊതുകിനേക്കാൾ, പുരയേക്കാൾ, പുരയിടത്തേക്കാൾ വലുതായി ഒടുവിലത് ഓണാട്ടുകരയായി മാറുന്നു. വായനയിൽ അതു മറ്റു പല കരകളായും വിസ്തൃതമാകുന്നു. അമ്മേ, കര എന്നിടത്തെത്തുമ്പോൾ കോവിലന്റെ തട്ടകവും തോറ്റങ്ങളും എന്നിലെ വായനക്കാരനിൽ തോറ്റിയുണർന്നു. ഈ പെരും ഭൂഗോളം തന്നെയായിത്തീരുന്നു. അതെ, പ്രാഥമികതകളെ പടർത്തിയുണ്ടാക്കുന്ന ലോകമാണ് ഒ.അരുൺകുമാർ എന്ന കവിയുടേത്. ഏറ്റവും അടിത്തട്ടിലുള്ള ശബ്ദം, അക്ഷരം, വാക്ക്, ഉടൽ, ചിത്രം തുടങ്ങിയ പ്രാഥമികതകളിലൂന്നിയല്ലാതെ അരുണിന്റെ കവിതകളിലേക്ക് കടക്കാൻ കഴിയണമെന്നില്ല.
ഒന്ന് മറ്റൊന്നാകുന്നതിന്റെ അത്ഭുതം തീർച്ചയായും ഇവിടെയുണ്ട്. ചൂണ്ട എന്ന പേരിനു താഴെ കവി എഴുതുന്നത്, മത്സ്യം വെള്ളമാകാൻ ആഗ്രഹിക്കുന്ന നിമിഷം എന്നാണ്. മറ്റൊന്നാകുമ്പോഴും പ്രാഥമികതയുടെ പരലുകളെ അങ്ങനെത്തന്നെ തുടരാനായ്
കവിതക്കടിയിൽ വിടുകയും ചെയ്യുന്നു ഈ കവി. ഉദാഹരണത്തിന്, മിഴാവിൽ കൊട്ടുമ്പോൾ ഉണ്ടാകുന്ന സവിശേഷമായ ശബ്ദം എന്ന പ്രാഥമികതയിൽ അരുൺ ഊന്നും. മിഴാവിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെ വായനക്കാരനായ എന്റെയുള്ളിൽ മുഴങ്ങുക വിചിത്രമായ ഒരു ഗുഹപ്പക്ഷിയുടെ ശബ്ദമാണ്. അഥവാ അരുണിന്റെ കവിതയിലെ മിഴാവിന്റെ ശബ്ദം എന്റെ മനസ്സിൽ ഒരു ഗുഹപ്പക്ഷിയാവുന്നു.പക്ഷി പറക്കുന്ന ആകാശവുമാകുന്നു. കൈകൊട്ടി വിളിക്കുമ്പോൾ ബലിച്ചോറുണ്ണാൻ കാക്കകളെത്തുന്നു. കൈ കൊട്ടൽ തന്നെ കാക്കകളാകുന്നു എന്നും പറയാം.
മിഴാവിനും അതിൽ നിന്നുമെന്റെയുള്ളിൽ എഴുന്നു പാറുന്ന ഗുഹപ്പക്ഷിക്കുമിടയിൽ, കൈ കൊട്ടലിനും കാക്കകൾക്കുമിടയിൽ കവി വിട്ടുകളയുന്ന ചിലതുണ്ട്.
അഥവാ കവി ആ ഇടവെളിയെ തന്റെ മൗനം കൊണ്ടോ ഉദാസീനത കൊണ്ടോ ഇല്ലാതാക്കുന്നു. ഇത് അരുണിന്റെ കവിതകളിൽ ചിലപ്പോഴെങ്കിലും സ്വാഭാവികമായി ദുരൂഹതയോ അവ്യക്തതയോ കൊണ്ടുവരുന്നു. വിട്ടുകളയൽ കൊണ്ടുണ്ടാകുന്ന ഈ ദുരൂഹ / അവ്യക്ത നില കവിക്ക് ഒഴിവാക്കാനേ വയ്യ. അതീ കവിതയുടെ അല്ലെങ്കിൽ കവിവ്യക്തിത്വത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. വാക്കെത്താദൂരത്തിന്റെ ശൂന്യതയിൽ കവിയും വായനക്കാരും ഒരു പക്ഷേ വീണു പോയേക്കാനും മതി.
ഈ പുസ്തകത്തിൽ ഇരുട്ട് എന്നൊരു കവിതയുണ്ട്. അമ്മ പോയി എന്ന രണ്ടു കുഞ്ഞു വാക്കുകളിൽ ഊന്നി വളരുന്ന ആ കവിത തന്റെ കവികർമ്മത്തെക്കുറിച്ചു തന്നെയുള്ള കവിതയായും വായിക്കാം. മിഠായി വാങ്ങിത്തരാം എന്നു പറഞ്ഞു കുട്ടിയെ വിട്ട് എന്നെന്നേക്കുമായി പോയ ഒരമ്മയെക്കുറിച്ച് ആ കവിതയിൽ പറയുന്നു.
“അതിസാധാരണമായ രണ്ടു കുഞ്ഞുവാക്കുകളല്ലേ
അതിൽ ഉണ്ടായിരുന്നുള്ളൂ.
എന്നിട്ടും വേദനിക്കുന്നല്ലോ”
എന്നിട്ടും അതു കേൾക്കുന്നവർക്ക് കുട്ടിയുടെ വേദന മനസ്സിലാവുന്നില്ല. സത്തയിലേക്ക് ഊറിക്കൂടി എഴുതിയാലും ആളുകൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ അതു കവിതയുടെ കുഴപ്പമാണോ എന്ന ചോദ്യത്തിലേക്കാണ് ഈ കവിത നയിക്കുന്നത്. കമ്യൂണിസം, പ്ലാസ്റ്റിക്, ദൈവം ഈ മൂന്നു വാക്കുകളുടെ പ്രാഥമികതയിൽ നിന്ന് പടരുന്ന രാഷ്ട്രീയ വിചാരണയാണ് മരണമില്ലാത്തത് അഥവാ അനശ്വരം എന്ന കവിത.
ഏതനുഭവത്തേയും അതിന്റെ പ്രാഥമികതയിൽ ചെന്നു തൊടുക എന്നതാണ് ഒ. അരുൺ കുമാറിന്റെ കാവ്യഭാവുകത്വത്തിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. അ എന്ന ശബ്ദം അ എന്ന ചിത്രമാകുന്നു. ഒരു ദേശം ഒന്നാകെ ആ ചിത്രത്തിൽ അലിഞ്ഞുചേരുന്നു. മലയാള പാണിനീയം എന്ന കവിതയിൽ തീട്ടം, തൂറൽ എന്നീ വാക്കുകൾ ചിത്രങ്ങളാകുന്നു. പ്രാഥമികതകളിലേക്കെത്തുമ്പോൾ എന്തും ചിത്രമായും ശബ്ദമായും കുറുകുന്നു. മലയാളം എന്നെഴുതുമ്പോൾ ഈ കവി മല – അളം എന്നീ പ്രാഥമികതകളിലേക്കു പിരിയാതിരിക്കില്ല. ഭാഷ ഭാഷക്കടിയിലെ വായ്ത്താരി കളിലേക്ക് കുറുകുന്നു. (മലയാളപാണിനീയം) ഈ കുറുകൽ ആദിമത്വത്തിലേക്കുള്ള കനപ്പെടൽ കൂടിയായി ഈ കവികളിൽ അനുഭവിക്കാം.
ആകയാൽ ആദിമമായ ഭാഷണം ഈ കവിതകളുടെ അടിസ്ഥാന സ്വരൂപമായിരി ക്കുന്നു. പരിണാമസിദ്ധികൾ, അബദ്ധം തുടങ്ങി ഏതു കവിതകൾ എടുത്താലും ഭാഷ ണസ്വരൂപം കാണാം. ഭാഷണം സ്വാഭാവികമായും താളക്കെട്ടുകളിലേക്കും വായ്ത്താ രിയിലേക്കും ഒഴുകുന്നു. ഭാഷണം പുറപ്പെടുന്ന ഉടലും വെളിപ്പെടുന്നു. ശരീരം പകുത്തെടുക്കുവാൻ തുരുതുരാ ചിലമ്പും ചെറുതാളക്കൂട്ടങ്ങളാണു നല്ലത് എന്ന് ഒരു കവിതയിൽ അരുൺ എഴുതുന്നുണ്ട്.
ശ്ലോകങ്ങൾ അന്വയിച്ച് അർത്ഥം പറയുന്ന രീതിയോ ചോംസ്കിയെപ്പോലുള്ള ഭാഷാശാസ്ത്രജ്ഞരുടെ ഭാഷയുടെ അടിപ്പടവുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ രീതിയോ ഒക്കെ ഓർമ്മ വരും, ഈ കവിയുടെ കാവ്യരചനാരീതിയെപ്പറ്റി ചിന്തിക്കുമ്പോൾ.
ഭാഷ – ഭാഷണം – ശബ്ദം – ചിത്രം – ഉടൽ എന്ന ക്രമത്തിന്റെ ഒടുവിലെത്തുമ്പോൾ മുദ്ര ഈ കവിക്ക് പ്രധാനമായിത്തീരുന്നു. രാമായണം കൈദീപിക എന്ന കവിത ഈ സമാഹാരത്തിലെ ഒരു പ്രധാന രചനയാണ്. കൂടിയാട്ട വിദ്യാർത്ഥികൾ മുദ്ര അഭ്യസിച്ചു തുടങ്ങുന്ന രാമായണസംക്ഷേപത്തിലെ “എങ്കിലോ പണ്ട് സൂര്യനെ സംബന്ധിച്ച വംശം ഉണ്ടായി അത് എങ്ങനെ” എന്ന ആദ്യവരിയായി കൈമുദ്രകൾ വിടരുകയാണിവിടെ. മെയ്യ് കണ്ണാകുന്ന ആ വിടർച്ചയുടെ രേഖാരൂപമായ ആകർഷ് കരുണാകരന്റെ ചിത്രങ്ങളും കവിതയുടെ തന്നെ ഭാഗമായി നിൽക്കുന്നു. ആശയം, അനുഭവം, അവ രണ്ടും സാന്ദ്രീകരിച്ച മുദ്ര, ആ മുദ്രയെ ചിത്രീകരിച്ച വര, വായിച്ചു തീരുമ്പോൾ മനസ്സിലുണ്ടാകുന്ന മുദ്രാശില്പം എന്നിങ്ങനെ ആ കവിത ഉള്ളിലേക്ക് ഘനീഭവിച്ചു വരുന്നു. അങ്ങനെ ഈ പുസ്തകത്തിൽ കാവ്യം, വാദ്യം, നൃത്യം, നാട്യം, ശില്പം
എന്നിവ ചേരുന്നു. ഇവയെല്ലാമടങ്ങുന്ന സംസ്ക്കൃതിയെ സുന്ദരമായി പ്രകാശിപ്പിക്കുന്നു
സമകാല മലയാള മുഖ്യധാരാ കവിതകളെ ഭാഷ കൊണ്ടും ഭാവുകത്വം കൊണ്ടും ഓർമ്മിപ്പിക്കാത്ത വ്യത്യസ്തമായ കവിതയാണിത് എന്നു വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്. അരുൺ കുമാറിന്റേതു മാത്രമായ ഒരു വഴി. സമകാല കവിതയുടെ വായനാശീലത്തിന് മിക്കവാറും അപരിചിതമാകാവുന്ന സാഹസിക വഴി. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹിത്യാന്തരീക്ഷത്തിൽ ഈ കവിതകൾ ചർച്ച ചെയ്യപ്പെടാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല എന്നു കൂടി കുറിച്ചു കൊണ്ട് നിർത്തട്ടെ.