പൊതുവിതരണം പിന്മടങ്ങുന്ന കെ-സ്റ്റോർ കാലം

കെ-സ്റ്റോർ എന്ന പുതിയ സർക്കാർ പദ്ധതിയിലൂടെ കേരളത്തിലെ റേഷൻ കടകളുടെ രൂപം മാറുകയാണ്. റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പദ്ധതിയാണ് കെ-സ്റ്റോർ എന്നാണ് സർക്കാർ ഭാഷ്യം. റേഷൻ കടകൾ കെ- സ്റ്റോർ ആകുന്നത് വഴി മൂല്യവർദ്ധിത സേവനങ്ങളും, ഉത്പനങ്ങളും നൽകാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാകും എന്നും സർക്കാർ പറയുന്നു. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ, മിനി ഗ്യാസ് ഏജൻസി, മിൽമാ ബൂത്ത് തുടങ്ങിയ സേവനങ്ങളെല്ലാം കെ-സ്റ്റോറിൽ ഒന്നിച്ചുചേരുന്നു. ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിലെ 108 റേഷൻ കടകൾ കെ-സ്റ്റോർ ആക്കി മാറ്റും എന്നാണ് പ്രഖ്യാപനം. എന്നാൽ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം റേഷൻ കടകളെ ന്യായവില കടകൾ എന്ന് പുനർനാമകരണം ചെയ്ത് പൊതുവിതരണ ശൃംഖല ഇല്ലാതാക്കി. ന്യായവില കടകൾ എന്ന പേരിൽ ഇവ ലാഭനഷ്ട കണക്കിന് ഉത്പന്നങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനമാക്കാനുള്ള നയം കേന്ദ്ര സർക്കാരിനുണ്ട്. ഈ ആശയത്തെയാണ് കേരള സർക്കാർ കെ-സ്റ്റോർ എന്ന നിലയിൽ ‘മോഡിഫൈ’ ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുള്ള രാജ്യമാണ് നമ്മുടേത്. രാജ്യത്തെ ജനസംഖ്യയിൽ 14.37 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തവരാണ്. പാർശ്വവത്കൃത സമൂഹങ്ങളിലെ കുട്ടികൾ വേണ്ടത്ര തൂക്കമോ ആരോഗ്യമോ ഇല്ലാത്തവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു മാസം 1,286 രൂപ വരുമാനമുള്ള നഗരവാസിയേയും 1,059.42 രൂപ വരുമാനമുള്ള ഗ്രാമവാസിയേയും ‘സമ്പന്നർ’ ആയാണ് നമ്മുടെ സർക്കാരുകൾ കണക്കുകൂട്ടുന്നത്. ദരിദ്രരെ സമ്പന്നരാക്കും വിധം ദാരിദ്ര്യരേഖയെ പരമാവധി താഴ്ത്തി പിടിച്ചിട്ടും ആകെ ജനസംഖ്യയുടെ 21.1 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്.

പൊതുവിതരണ സംവിധാനം നിലവിലുണ്ടായിട്ടും ഇതാണ് സ്ഥിതിയെങ്കിൽ റേഷൻ കടകൾ പൂർണമായും ഇല്ലാതായാലുള്ള സാഹചര്യം എന്തായിരിക്കും? മറ്റൊരു പ്രശ്നം കൂടി നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാം. അവശ്യ ഭക്ഷ്യധാന്യങ്ങളുടെ വിലനിയന്ത്രണത്തിൽ പൊതുവിതരണ സമ്പ്രദായം വഹിക്കുന്ന പങ്കാണത്. വിപണി വിലയെ നിയന്ത്രിക്കുക എന്ന ദൗത്യവും കൂടി റേഷൻ കടകൾ ചെയ്യുന്നുണ്ട്. റേഷൻ കടകളെ നേരിട്ട് ആശ്രയിക്കാത്തവർ പരോക്ഷമായി റേഷൻ കടകളെ ആശ്രയിക്കുന്നെന്നർത്ഥം. ‘എന്തിനാണ് റേഷൻ?’ എന്ന് ചോദിക്കുന്ന സമ്പന്നർ പോലും അവരറിയാതെ റേഷൻ കടകളെ ആശ്രയിക്കുന്നുണ്ടെന്ന് ചുരുക്കം.

സാർവലൗകിക റേഷൻ അവസാനിപ്പിക്കുന്നു

1997വരെ പക്ഷഭേദമില്ലാതെ ഏതൊരു ഇന്ത്യൻ പൗരനും റേഷൻ കടകൾ പ്രാപ്യമായിരുന്നു. എന്നാൽ 1997ൽ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായം (TPDS) നടപ്പിലാക്കപ്പെട്ടതോടെയാണ് പൊതുവിതരണ സമ്പ്രദായത്തിൽ നിന്ന് പലരും ഒഴിവാക്കപ്പെടുകയും ക്രമക്കേടുകൾ സർവസാധാരണമായിത്തീരുകയും ചെയ്തത്. ദരിദ്രർക്ക് മാത്രം സബ്സിഡി നിരക്കിൽ മിനിമം ഭക്ഷ്യധാന്യം നൽകി മറ്റുള്ളവരെ പൊതുവിതരണത്തിന്റെയും സബ്സിഡിയുടെയും പരിധിയിൽനിന്ന് പുറത്താക്കുകയുമായിരുന്നു ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായത്തിന്റെ ലക്ഷ്യം. പിന്നീട് 1993-94 കാലത്ത് അവസാന പത്ത് വർഷത്തെ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്യുക എന്ന നയം കേന്ദ്രം സ്വീകരിച്ചു. എന്നാൽ, അതോടൊപ്പം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ആവശ്യമുള്ളതിലും അധികം അളവിൽ ധാന്യങ്ങൾ ക്ഷണികമായ വകയിരുത്തൽ (Transitory allocation) എന്ന പേരിലും നൽകി. ദാരിദ്ര്യ രേഖയ്ക്ക് താഴെ പട്ടികയിൽ ഉൾപ്പെടുത്തപ്പെടാത്ത എന്നാൽ സമാന ജീവിത സാഹചര്യമുള്ളവർക്ക് നൽകാനാണ് ക്ഷണികമായ ഈ വകയിരുത്തൽ. പേര് സൂചിപ്പിക്കും പോലെ എപ്പോൾ വേണമെങ്കിലും പിൻവലിക്കപ്പെടാവുന്ന വകയിരുത്തലാണിത്. മാത്രമല്ല വ്യത്യസ്തമായ വിലകൾ ഈടാക്കുന്ന സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തു. പതിയെ സബ്സിഡികൾ പൂർണ്ണമായും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവർക്ക് മാത്രമായി ചുരുക്കുക എന്ന ലക്ഷ്യത്തോടെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവർക്കായി അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ മുഴുവൻ തുകയും സംസ്ഥാനങ്ങൾ നൽകണമെന്ന നിബന്ധന കേന്ദ്രം മുന്നോട്ടുവെച്ചു. ദാരിദ്ര്യ രേഖയിൽ താഴെയുള്ളവർക്കായി കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലും ഏറി വന്നാൽ അമ്പത് പൈസ മാത്രം അധികം ഈടാക്കാനേ 2000 വരെയുള്ള കാലത്ത് സംസ്ഥാനങ്ങൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂവെങ്കിൽ 2000ത്തോടെ എത്ര തുക വേണമെങ്കിലും ഈടാക്കാം എന്ന നയം സ്വീകരിക്കപ്പെട്ടു. സബ്സിഡികളെ പൂർണമായും ദരിദ്രരിൽ ദരിദ്രരായവർക്കായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കുള്ള ഭക്ഷ്യധാന്യത്തിന് (അന്ത്യോദയ, അന്നയോജന ഒഴികെ) എത്ര തുകവേണമെങ്കിലും ഈടാക്കാൻ കേന്ദ്രം അനുവദിക്കാൻ കാരണം.

2000ത്തിൽ തന്നെ ആവിഷ്കരിക്കപ്പെട്ട പദ്ധതിയാണ് അന്ത്യോദയാ അന്നയോജന. 1997 വരെ നിലനിന്നിരുന്ന സാർവലൗകിക പൊതുവിതരണം അവസാനിപ്പിച്ച് ഭക്ഷ്യധാന്യ സബ്സിഡി ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു 2000 വരെയുള്ള നയമെങ്കിൽ ദാരിദ്ര്യ രേഖയെ വീണ്ടും വിഭജിക്കുകയും സബ്സിഡി ചുരുക്കുകയുമായിരുന്നു അന്ത്യോദയാ അന്നയോജനയുടെ ലക്ഷ്യം. ചുരുക്കത്തിൽ, ദാരിദ്ര്യ രേഖയ്ക്ക് മേലെയുള്ളവരും അന്ത്യോദയാ അന്നയോജനയിൽ ഉൾപ്പെടാത്ത ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾക്ക് എത്ര തുകവേണമെങ്കിലും ഈടാക്കാനുള്ള അനുവാദം നൽകപ്പെട്ടതോടെ അവരും പൊതുവിതരണ സമ്പ്രദായത്തിൽ നിന്ന് പുറത്താവുകയും പൊതുവിതരണം ദരിദ്രരിൽ ദരിദ്രരായവർക്ക് മാത്രമുള്ളതായി ചുരുക്കപ്പെടുകയും ചെയ്തു. അതോടുകൂടി ഇത്രയും റേഷൻ കടകൾ ആവശ്യമല്ലാതായി തീരുകയും സർക്കാരിനെ സംബന്ധിച്ച് അവ ഒരു ബാധ്യതയായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്ക് നീക്കിവെയ്ക്കപ്പെട്ട ഭക്ഷ്യധാന്യം വീട്ടിലെത്തിച്ചുകൊടുത്ത് റേഷൻ കടകളെ ന്യായവില കടകളാക്കാമെന്ന ആശയം ഉടലെടുക്കുന്നത്. അത് പിന്നീട് 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലൂടെ യാഥാർത്ഥ്യമാവുകയും ചെയ്തു.

1997 മുതൽ പൊതുവിതരണ സമ്പ്രദായത്തിനകത്ത് നടന്ന മേൽ വിവരിക്കപ്പെട്ട പരിഷ്കരണങ്ങൾക്ക് നിയമ പരിരക്ഷ നൽകിയ നിയമ നിർമ്മാണമാണ് 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം. റേഷൻ കടകളെ ന്യായവില കടകൾ എന്ന് പുനർനാമകരണം ചെയ്തത് ഭക്ഷ്യ സുരക്ഷാ നിയമമാണ്. മാത്രമല്ല, ന്യായവില കടകളെ പഞ്ചായത്തുകളേയോ സ്വാശ്രയ സംഘങ്ങളെയോ സഹകരണ സ്ഥാപനങ്ങളെയോ ഏൽപ്പിക്കണമെന്നും അവിടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കണമെന്നും ഭക്ഷ്യ സബ്സിഡികൾക്ക് അർഹരായവർക്ക് പണമോ ഭക്ഷ്യ കൂപ്പണോ ഏർപ്പെടുത്തണമെന്നും ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നുണ്ട്. പൊതുവിതരണ ശൃംഖല ഇല്ലാതാക്കി ന്യായവില കടകൾ എന്ന പേരിൽ ലാഭനഷ്ട കണക്കിന് ഉൽപന്നങ്ങൾ വിൽക്കുന്ന കച്ചവട സ്ഥാപനമാക്കാനുള്ള പരിശ്രമമാണ് ഭക്ഷ്യ സുരക്ഷാ നിയമം മുന്നോട്ടുവെക്കുന്ന ന്യായവിലക്കുകൾ. അതുതന്നെയാണ് കേരള സർക്കാർ അവതരിപ്പിക്കുന്ന കെ-സ്റ്റോറുകളും.

ലോക വ്യാപാര സംഘടനയുടെ പങ്ക്

1994ൽ ഗാട്ട് കരാറിനൊപ്പം രൂപപ്പെട്ട സംഘടനയാണ് ലോക വ്യാപാര സംഘടന. സ്വതന്ത്ര വ്യാപാരമാണ് ലോക വ്യാപാര സംഘടനുടെ പരമ പ്രധാന ലക്ഷ്യം. സ്വതന്ത്ര വ്യാപാരം വന്നാൽ ലോകത്ത് ഉൽപാദിപ്പിക്കുന്ന ഏത് ഉൽപന്നവും തങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭിക്കുമെന്നും തങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ലോകത്തെവിടേയും വിൽക്കാൻ സാധിക്കുമെന്നും നമ്മളിൽ പലരും കരുതുന്നുണ്ട്. എന്നാൽ സ്വതന്ത്ര വ്യാപാരം ചെറുന്യൂനപക്ഷത്തെ ഉപഭോക്താക്കളാക്കി മാറ്റുകയും ബഹുഭൂരിപക്ഷത്തേയും പാപ്പരാക്കുന്നെന്നും സാമ്പത്തിക ശാസ്ത്രജ്ഞരായ മൈക്കൽ റോബോത്തമ്നെയും ജെയിംസ് ഗോൾഡ്സ്മിത്തിനെയും പോലുള്ളവർ വാദിക്കുന്നു. സ്വതന്ത്ര വ്യാപാരം, ഏഷ്യൻ രാജ്യങ്ങളിൽ മാത്രം 67 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽതന്നെ നിലനിർത്താൻ കാരണമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്വതന്ത്ര വ്യാപാരത്തിലൂടെ വികസിച്ചെന്ന് പറയപ്പെടുന്ന ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിൽ ഗ്രാമീണ മേഖലകളിൽ അതിഭീകരമായ ദാരിദ്രം നിലനിൽക്കുന്നെന്നും ചെറുകിട കച്ചടവും കൃഷിയും തകർന്നെന്നും മൈക്കൽ റോബോത്തം കടക്കെണി (Debt Trap)യെന്ന തന്റെ പുസ്തകത്തിൽ വിശദമാക്കുന്നു.

മുതലാളിത്ത സാമ്പത്തികശാസ്ത്രത്തിൽ അഗ്രഗാമികളിലൊരാളായ ഡേവിഡ് റിക്കാർഡോ സ്വതന്ത്ര വ്യാപാരത്തിൽ പങ്കാളികളാവുന്ന രാജ്യങ്ങൾക്ക് ഒരുപോലെ നേട്ടമുണ്ടാവണമെങ്കിൽ മൂന്ന് മുന്നുപാധികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഉയർന്ന വേതനമുള്ള സാമ്പത്തിക മണ്ഡലത്തിൽ നിന്ന് കുറഞ്ഞ വേതനമുള്ള സാമ്പത്തിക മണ്ഡലത്തിലേക്ക് മൂലധനം സഞ്ചരിക്കരുത് എന്നതാണ് റിക്കാർഡോ മുന്നോട്ടുവെക്കുന്ന ആദ്യ ഉപാധി. രാജ്യങ്ങൾക്കിടയിലെ കയറ്റുമതിയും ഇറക്കുമതിയും തുല്യ അളവിലായിരിക്കണം എന്നതാണ് രണ്ടാമത്തെ മുന്നുപാധി. സ്വതന്ത്ര്യ വ്യാപാര കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളിൽ എല്ലാവർക്കും തൊഴിലുണ്ടാവണമെന്നതാണ് അവസാനത്തെ മുന്നുപാധി. എന്നാൽ ലോക വ്യാപാര സംഘടന മുന്നോട്ടുവെക്കുന്ന സ്വതന്ത്ര വ്യാപാരത്തിൽ ഈ മുന്നുപാധികളൊന്നും പൂർത്തീകരിക്കപ്പെടുന്നില്ല. അന്താരാഷ്ട്ര നാണ്യനിധി, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പാ കുരുക്കുകൾ വഴിയാണ് ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളെ ലോകവ്യാപാര സംഘടന സ്വതന്ത്ര്യ വ്യാപാരത്തിന്റെ കെണിയിൽ അകപ്പെടുത്തുന്നത്.

1995 മുതൽ ലോക വ്യാപാര സംഘടനയിൽ അംഗരാജ്യമാണ് ഇന്ത്യ. ലോക വ്യാപാര സംഘടനയിലെ അംഗരാഷ്ട്രങ്ങൾ തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കാർഷിക കരാർ പ്രകാരം ആകെ ഉത്പാദനത്തിന്റെ പത്ത് ശതമാനം മൂല്യത്തിനധികം (1985-86 കാലത്തെ വിലയെ അടിസ്ഥാനപ്പെടുത്തി) തുക ഭക്ഷ്യധാന്യങ്ങൾക്ക് സബ്സിഡിയായി നൽകാൻ അനുവാദമില്ല. മൂന്നാം ലോക രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ലോക കമ്പോളത്തിൽ എത്തിക്കാനും കമ്പോളത്തിൽ വൻകിട റീട്ടയിൽ ഭക്ഷ്യോൽപ്പന്ന വിൽപ്പനക്കാർക്ക് കടന്നുവരാനുമുള്ള മാർഗമെന്ന നിലയ്ക്കാണ് ഭക്ഷ്യ സബ്സിഡി പരമാവധി ചുരുക്കാനും പൊതുവിതരണം അവസാനിപ്പിക്കാനും ലോക വ്യാപാര സംഘടന ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളെ നിർബന്ധിക്കുന്നത്. വികസിത രാഷ്ട്രങ്ങളുടെയും ആഗോള കോർപ്പറേറ്റുകളുടെയും താൽപര്യം സംരക്ഷിക്കാനായാണ് ലോക വ്യാപാര സംഘടന ഉപരോധ സമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായിട്ടും ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് കീഴടങ്ങുന്നത് മറ്റൊരു വിരോധാഭാസം.

കേന്ദ്രനയത്തിന്റെ അന്ധമായ നടപ്പിലാക്കൽ

സബ്സിഡികൾ പരിമിതപ്പെടുത്തപ്പെടുത്തി പൊതുവിതരണ ശൃംഖലയെ ന്യായവില കടകളായിമാറ്റുകയെന്ന കേന്ദ്ര നയത്തിന്റെ അന്ധമായ നടപ്പിലാക്കൽ മാത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്ന കെ-സ്റ്റോറുകൾ. ശബരി ഉൽപ്പന്നങ്ങളുടേയും ഗ്യാസ് കുറ്റികളുടേയും മിൽമ ഉൽപന്നങ്ങളുടേയും വിൽപ്പന നടത്തുന്ന, പണമിടപാടും മറ്റ് സേവനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമായി റേഷൻ കടകളെ മാറ്റുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം. പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുകയും പൊതു വിപണിയിലെ ഭക്ഷ്യധാന്യ വില വർധിപ്പിച്ച് മധ്യവർഗ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിന് ചൂട്ടുപിടിക്കുകയാണ് കെ-സ്റ്റോറിലൂടെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ.

ലോകത്ത് ഏറ്റവുമധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനതയായ നമ്മുടെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ നിലവിലെ റേഷൻ സംവിധാനങ്ങൾക്കോ കെ-സ്റ്റോറുകൾക്കോ സാധിക്കില്ല. പോഷകാഹാരം ലഭ്യമാക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം. ജനസംഖ്യാ വർധനവനുസരിച്ച് റേഷൻ കടകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുമുണ്ട്. എന്നാൽ സാർവ്വലൗകിക റേഷൻ ഇല്ലാതാക്കാനുള്ള പരിശ്രമം റേഷൻ വിതരണം പക്ഷപാതിത്വം നിറഞ്ഞതാക്കും. ഇതെല്ലാമായിട്ടും ഇടതുപക്ഷ സർക്കാർ വലതുപക്ഷ നിലപാടിന് ചൂട്ട് പിടിക്കുന്നു. തങ്ങൾ ജനങ്ങൾക്ക് വേണ്ടി മഹത്തരമായതെന്തോ നടപ്പിലാക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. റേഷൻ കടകളില്ലാതാവുന്നതിലൂടെയുണ്ടാകാൻ സാധ്യതയുള്ള പട്ടിണിയേയും വിലക്കയറ്റത്തേയും കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

May 19, 2023 9:29 am