“ഇന്ത്യയിൽ ആദ്യമായി ക്വിയർ രചനകൾ സമാഹരിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നത് തൊണ്ണൂറുകളുടെ അവസാനത്തിലാണ്. ക്വിയർ വ്യക്തികളുടെ രചനകളെക്കാൾ ക്വിയർ പശ്ചാത്തലത്തിലുള്ള രചനകളാണ് അന്ന് സമാഹരിക്കപ്പെട്ടിട്ടുള്ളത്. പിന്നീട് 2013 നും 2018 നും ഇടയിലാണ് ഇന്ത്യയിൽ ക്വിയർ സാഹിത്യത്തിൽ വലിയ മുന്നേറ്റമുണ്ടാവുന്നത്. 2009 ൽ ഡൽഹി ഹൈക്കോടതി ഹോമോസെക്ഷ്വാലിറ്റിയെ ഡീ ക്രിമിനലൈസ് ചെയ്യുകയും 2013 ൽ അത് പിൻവലിക്കുകയുമുണ്ടായി. അതിനിടയിൽ ഒരുപാട് പേർ കമിങ്ഔട്ട് ചെയ്യുകയും ഒരുപാട് കളക്ടീവുകൾ ഉണ്ടാവുകയും ചെയ്തു. ഹോമോസെക്ഷ്വാലിറ്റിയെ വീണ്ടും ക്രിമിനലൈസ് ചെയ്തതോടെ അവരുടെയൊക്കെ നില വല്ലാതെ പരുങ്ങലിലായി.”
കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ മലയാളത്തിലെ ആദ്യത്തെ ക്വിയർ സാഹിത്യ രചനകളുടെ സമാഹാരമായ ‘കേൾക്കാത്ത ശബ്ദങ്ങ’ളുടെ എഡിറ്റർമാരിൽ ഒരാളായ അനസ് എൻ.എസ് ഇത്രയേറെ കാലം മലയാളത്തിൽ നിശബ്ദരായിരുന്ന ക്വിയർ ശബ്ദങ്ങൾ സമാഹരിക്കപ്പെട്ടതിന്റെ ചരിത്രപാതയിൽ നിന്നും പറഞ്ഞു തുടങ്ങി.
“1938 ൽ തകഴിയുടെ സാഹോദര്യം എന്ന കഥയിലാണ് ഒരു ക്വിയർ ബന്ധത്തിന്റെ ആഖ്യാനം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലായാളത്തിലെ ആദ്യത്തെ ലെസ്ബിയൻ കഥ മാധവിക്കുട്ടിയുടെ സ്ത്രീയാണ്. അന്ന് പതിനഞ്ച് വയസ്സായിരുന്നു മാധവിക്കുട്ടിയ്ക്ക്. ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ പ്രണയിച്ചാൽ എന്താണ് കുഴപ്പം എന്ന് മലയാളത്തിൽ ആദ്യമായി ചോദിക്കുന്നത് സ്ത്രീ എന്ന കഥയിലൂടെ പതിനഞ്ച് വയസ്സുള്ള മാധവിക്കുട്ടിയാണ്. 1948 ൽ ബഷീറാണ് ശബ്ദങ്ങളിലൂടെ മലയാള നോവലിൽ ഒരു ക്വിയർ ആഖ്യാനം അവതരിപ്പിക്കുന്നത്. ഒരു ക്വിയർ വ്യക്തിയുമായി ബന്ധപ്പെട്ട ശേഷം രോഗം വന്ന ഒരു വ്യക്തി എഴുത്തുകാരനോട് വന്ന് തന്റെ കഥ പറയുന്നു. പിന്നീട് 2000 ത്തിൽ എത്തുമ്പോൾ എം. മുകുന്ദന്റെ നൃത്തം എന്ന നോവലിൽ ഒരു ക്വിയർ വ്യക്തി മറ്റൊരു വ്യക്തിയോട് തന്റെ ലൈംഗികതയെ കുറിച്ച് പറയുന്നത് ചാറ്റ് റൂമിലൂടെയാണ്. ചാറ്റ് റൂമുകൾ വഴിയാണ് കേരളത്തിലെ ക്വിയർ വ്യക്തികൾ അവരുടെ വായനകളും എഴുത്തുകളും പരസ്പരം പങ്കുവെച്ച് തുടങ്ങിയത്. ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ ക്വയർ വ്യക്തികളുടെ സാഹിത്യ രചനകൾ വരാൻ ഏറ്റവും വൈകിയത് മലയാളത്തിലാവും. മലായാളത്തിൽ ക്വിയർ എഴുത്തുകൾ കണ്ട് തുടങ്ങുന്നത് 2013 ന് ശേഷമാണ്. എന്നാലത് കേരളത്തിൽ നിന്നും അല്ല, വിദേശത്ത് പോയി ബ്ലോഗ് വഴിയെല്ലാമാണ് അവർ എഴുതിയിരുന്നത്. അതൊന്നും മുഖ്യധാരയിൽ അറിയപ്പെട്ടിട്ടില്ല. ഓർകുട്ട്, വേർഡ് പ്രസ് വഴിയെല്ലാം അന്ന് ക്വിയർ എഴുത്തുകൾ ഉണ്ടായിട്ടുണ്ട്. ക്വിയർ എഴുത്തുകാർക്ക് എഡിറ്റർമാരുടെ ഇടപെടലില്ലാതെ എഴുതാൻ കഴിഞ്ഞതും അത് ബഹുസ്വരമായി സ്വീകരിക്കപ്പെട്ടതും നവമാധ്യമങ്ങളിലൂടെയാണ്.” അനസ് പറഞ്ഞു.
മലയാളത്തിൽ ക്വിയർ എഴുത്തുകൾ പ്രത്യക്ഷമായി തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന ഓർമ്മപ്പെടുത്തലോടെ മലയാളത്തിലെ ക്വിയർ സാഹിത്യ രചനകൾ ആദ്യമായി സമാഹരിക്കപ്പെടുന്നത്. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ട്രാൻസ്ജെന്റർ ജനറൽ കൗൺസിൽ അംഗവും മലയാളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ കവിയുമായ വിജയരാജമല്ലികയാണ് അനസ് എൻ.എസിനോടൊപ്പം ഈ സമാഹാരം എഡിറ്റ് ചെയ്തിട്ടുള്ളത്.
“ഈ പദ്ധതി മുന്നോട്ടുവെക്കാനും, അംഗീകരിക്കപ്പെടാനും അതുമായി മുന്നോട്ട് പോകാനും കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. മലയാളത്തിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. അദൃശ്യരായി തുടരേണ്ടി വരുന്ന വലിയൊരു സമൂഹത്തെ അക്ഷരത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും വെളിച്ചത്തിലേക്കും കൊണ്ടുവരാൻ സാധിച്ചതിൽ ഏറെ സന്തോഷം.” വിജയരാജ മല്ലിക പറഞ്ഞു. അച്ചടിയിൽ അടയാളപ്പെടും മുമ്പേ മലയാളത്തിലെ ക്വിയർ എഴുത്തുകൾ പങ്കുവെച്ച് തുടങ്ങിയത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെങ്കിലും ഇപ്പോഴും ക്വിയർ സൗഹാർദപരമല്ല സാമൂഹ്യമാധ്യമങ്ങളെന്ന വിമർശനവും മല്ലിക ഉന്നയിച്ചു.
“സാമൂഹ്യമാധ്യമങ്ങളിലൂടെ വളർന്നുവന്നിട്ടുള്ള ഒരു ട്രാൻസ്ജെന്റർ കവിയാണ് ഞാൻ. ചർച്ചകൾക്കും വിമർശനങ്ങൾക്കും അവിടെ വഴിയൊരുങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ വിമർശനങ്ങൾ എപ്പോഴും നല്ലതാണ്, സർഗാത്മകമായ കഴിവുകളെ വളർത്തിയെടുക്കാൻ അവ വലിയ രീതിയിൽ ഉതകും. എന്നാൽ സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുവാൻ ഐ.ടി നിയമങ്ങൾ കുറേക്കൂടി ശക്തമാക്കേണ്ട കാലം കൂടിയാണിത്. ട്രാൻസ്ജെന്റർ വ്യക്തികളെ പരിഹസിക്കുവാനും, അവഹേളിക്കുവാനുമായി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ മുഖ്യധാരയിലേക്കുള്ള ക്വിയർ മനുഷ്യരുടെ ദൂരം കുറയ്ക്കുന്നതിൽ സാമൂഹ്യമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.”
ഒരു ക്വിയർ വ്യക്തി എഴുതുമ്പോൾ
“സ്വന്തം അനുഭവ പശ്ചാത്തലത്തിൽ നിന്നും എഴുതുന്നതിന്റെ ആഴമാണ് ക്വിയിർ വ്യക്തികളെ കുറിച്ചുള്ള എഴുത്തിൽ നിന്നും ക്വിയർ എഴുത്തുകാരുടെ രചനകളെ സവിശേഷമാക്കുന്നത്. ഭാവനയിലൂടെ അതിമനോഹരമായി മറ്റൊരാൾക്ക് ക്വിയർ ജീവിതം എഴുതാൻ കഴിയുമായിരിക്കാം. എങ്കിലും സ്വന്തം അനുഭവ പശ്ചാത്തലത്തിൽ നിന്നുള്ള എഴുത്തിന് കുറേക്കൂടി രാഷ്ട്രീയ മൂല്യമുണ്ട്. സാഹിത്യത്തിന്റെ അളവുകോലുകളാൽ അല്ല ഈ രചനകളുടെ മൂല്യം അളക്കേണ്ടത്. ആ അളവുകോലുകൾ ആർക്കാണ് അനുകൂലമായിട്ടുള്ളത് ? സാഹിത്യം വായിച്ചും, പഠിച്ചും എഴുതാൻ സാധിക്കുക എന്നുള്ളത് സാമൂഹികമായ പ്രിവിലേജിന്റെ ഭാഗമായിട്ടുള്ളതാണ്. വായനയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടല്ല സ്വന്തം അനുഭവത്തിന്റെ ആഴത്തിൽ നിന്നുകൊണ്ടാണ് ക്വിയർ വ്യക്തികൾ എഴുതുന്നത്.” ക്വിയർ പശ്ചാത്തലത്തിലുള്ള കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളായ് ഒടുങ്ങാതെ ക്വിയർ വ്യക്തികൾ എഴുതുമ്പോഴുള്ള വ്യതിയാനത്തെ കുറിച്ച് അനസ് പറയുന്നു. സാഹിത്യത്തിന്റെ അളവുകോലുകൾ ക്വിയർ എഴുത്തുകാർക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നും അനസ് വിശദമാക്കി.
“ഒരു പുസ്തകശാലയിലൊ ലൈബ്രറിയിലൊ പോകാനോ, സമയമെടുത്ത് ഒരു പുസ്തകം തിരഞ്ഞെടുക്കാനോ, ആ പുസ്തകം ഇരുന്ന് വായിക്കാനോ ഒരു ക്വിയർ വ്യക്തിയ്ക്ക് എളുപ്പം സാധ്യമാകുമായിരുന്നില്ല. പുസ്തകശാലയിലും, ലൈബ്രറിയിലും വരെ നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളിൽ നിന്നും ഓടി രക്ഷപ്പെടാനാവും ഒരു ക്വിയർ വ്യക്തി ആദ്യം ശ്രമിക്കുക. ഈയടുത്ത് മാത്രമാണ് ക്വിയർ വ്യക്തികൾക്ക് ഇതെല്ലാം സാധ്യമായി തുടങ്ങിയത്.” കേരളത്തിലെ ക്വിയർ സമൂഹത്തിൽ നിന്നും ഇത്രയും കാലം എഴുത്തുകാർ ഉയർന്നു വരാതിരുന്നതിന്റെ സാമൂഹികമായ കാരണങ്ങളും മലയാളത്തിൽ എഴുതുമ്പോഴുള്ള പരിമിതികളും അനസ് വ്യക്തമാക്കി.
“മലയാളത്തിൽ ക്വിയർ പശ്ചാത്തലമുള്ള സാംസ്കാരിക മിത്തുകൾ ഒന്നും തന്നെയില്ല. എന്നാൽ തമിഴിൽ അരവാണി സംസ്കാരമുണ്ട്. തിരുനങ്കൈ സംസ്കാരമുണ്ട്. കർണ്ണാടകയിൽ ജോഗപ്പ സംസ്കാരമുണ്ട്. ഹിജഡ സംസ്കാരത്തിന്റെ തന്നെ വലിയ മേഖലയാണ് ഹൈദരാബാദ്. ഇങ്ങനെ ഓരോയിടത്തും ക്വിയിർ സംസ്കാരമുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ യാതൊരു കഥകളുമുണ്ടായിട്ടില്ല. കൊറ്റംകുളങ്ങര പോലെ നമുക്കുള്ള മിത്തുകളിൽ പോലും ഒരു ക്വിയർ എലമെന്റ് ഇല്ല. ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സ്ത്രീവേഷം കെട്ടുന്നു എന്നു മാത്രം. അത്തരം ക്രോസ് ഡ്രസ്സിങ്ങിന്റെ പാരമ്പര്യം മാത്രമാണ് നമുക്കുള്ളത്. കഥകളിയുടെ മിനുക്ക് വേഷം പുരുഷൻ കെട്ടുന്നതും, തെയ്യം ദേവിയായിട്ട് മാറുന്നതും എല്ലാം സ്ത്രീയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലാതിരുന്നതിനാലാണ്. അതൊന്നും ഒരു ക്വിയർ മിത്ത് അല്ല. അരവാൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട കഥയിലൂടെയാണ് തമിഴിൽ അരവാണി സംസ്കാരം ഉടലെടുക്കുന്നത്. ദൈവീകമായ ഒന്നിന് ഇന്ത്യയിൽ നിലനിൽക്കാൻ വലിയ സാധ്യതയുണ്ട്. മതപരമായ സ്വീകാര്യതയാലോ ഭയത്താലോ ആവാം. അല്ലെങ്കിൽ അവർ അനുഗ്രഹിച്ചാൽ ഗുണം വരും എന്ന വിശ്വാസത്താലാവാം. അത് നല്ലതോ ചീത്തയോ ആവട്ടെ, ക്വിയർ വ്യക്തികൾക്ക് അവിടെ ജീവിക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ, പേടിപ്പിച്ചുകൊണ്ടോ അനുഗ്രഹം വരുമെന്ന് മോഹിപ്പിച്ചുകൊണ്ടോ കേരളത്തിൽ ക്വിയർ സമൂഹത്തെ പിന്തുണക്കുന്ന കഥകൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല.”
കേരളത്തിൽ ക്വിയർ മൂല്യങ്ങളുള്ള മിത്തുകളുടെ അഭാവം ഭാഷയെ ബാധിച്ചതെങ്ങനെയെന്നും, കേരളീയ സമൂഹത്തിലെന്ന പോലെ മലയാളത്തിലും ക്വിയർ വ്യക്തികൾ അപരവത്കരിക്കപ്പെട്ടത് എങ്ങനെയെന്നും അനസ് പറയുന്നു.
“കേരളത്തിൽ ഒരു ക്വിയർ സംസ്കാരം ഇല്ലാത്തതിനാൽ തന്നെ വാക്കുകളുമില്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറമുള്ള വാക്കുകൾ ഇവിടെ ഉച്ചരിക്കപ്പെട്ടിട്ടില്ല. സ്വവർഗാനുരാഗികളെ കുറിച്ചുള്ള കഥകൾ മലയാളത്തിലുണ്ട്. അതേക്കുറിച്ചുള്ള വാക്കുകളുമുണ്ട്. അധിക്ഷേപിക്കുവാനായി ഉപയോഗിക്കുന്ന വാക്കുകൾ. സ്ത്രൈണ പ്രകൃതമുള്ള പുരുഷന്മാരെ കുറിച്ചാണ് അത്തരം വാക്കുകളുള്ളത്. അപരവത്കരണത്താലോ അദൃശ്യതയാലോ ക്വിയർ മനുഷ്യരെ മുറിവേൽപ്പിക്കുക മാത്രമാണ് മലയാളം.”
മലയാളത്തിൽ നിന്നും വ്യത്യസ്തമായി ക്വിയർ മനുഷ്യരെ ഉൾക്കൊള്ളാൻ തമിഴിന് കഴിഞ്ഞുവെന്നും ക്വിയർ മനുഷ്യരെ ഉൾക്കൊള്ളുന്നതിന് സംഘകാല കവിതയുടെ പാരമ്പര്യം തമിഴിനുണ്ടെന്നും വിജയരാജമല്ലിക അഭിപ്രായപ്പെട്ടു.
“തൃപ്തികരമായ ഒരു ഭാഷ തമിഴാണ്. അതിന് കാരണം സംഘകാല സാഹിത്യവും അവിടെ നടക്കുന്ന പഠനങ്ങളുമാണ്. കുമരക്കണ്ടത്തെ പറ്റിയുള്ള പഠനങ്ങൾ വരുമ്പോൾ സംഘകാല രചനകൾ കുറേക്കൂടി ഇൻക്ലൂസീവ് ആയിരുന്നു. തമിഴ് ഭാഷയുടെയും സാംസ്കാരത്തിന്റെയും വളർച്ചയ്ക്ക് സംഘകാല കവികളുടെ സംഗമങ്ങൾ വഴിയൊരുക്കിയിരുന്നുവെന്ന് പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.”
അപരവത്കരിക്കുവാനും മുറിവേൽപ്പിക്കുവാനും ഉപയോഗിച്ച വാക്കുകളെ വീണ്ടെടുത്ത് സ്വാഭിമാനത്തോടെ സ്വീകരിച്ച ക്വിയർ ചരിത്രത്തെ കുറിച്ചും, അധിക്ഷേപ വാക്കുകൾ സ്വാഭിമാനത്തോടെ വീണ്ടെടുക്കുന്നതിന്റെ രാഷ്ട്രീയത്തെ കുറിച്ചും അനസ് ഓർമ്മപ്പെടുത്തി.
“അധിക്ഷേപ വാക്കുകളെ വീണ്ടെടത്ത് രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിന്റെ ചരിത്രമാണ് ക്വിയർ എന്ന വാക്കിന് പോലുമുള്ളത്. വിചിത്രം അല്ലെങ്കിൽ കുഴപ്പം ഉള്ളവർ എന്ന രീതിയിലാണ് ക്വിയർ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. ‘വി ആർ ക്വിയർ വി ആർ ഹിയർ’ എന്ന മുദ്രാവാക്യം അൻപതുകളിൽ ഉയർന്നു വന്നു. ഞങ്ങൾ വ്യത്യസ്തരാണ് ഞങ്ങൾ ഇവിടെയുണ്ട്, അതിനെന്ത് ? എന്ന ചോദ്യം വന്നതോടെയാണ് ക്വിയർ എന്ന വാക്കിന്റെ രാഷ്ട്രീയം മാറുന്നത്. അതുപോലെ നീഗ്രോ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ള ബ്ലാക്ക് മൂവ്മെന്റ്സ് ഉണ്ട്. സ്ലട്ട് എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ള റാഡിക്കൽ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുണ്ട്. ഈ വാക്ക് പറയുന്നതോടെ ഇവർ തളർന്ന് പോകും എന്നതാണ് അധിക്ഷേപിക്കുന്നവരുടെയെല്ലാം വിചാരം. തളരുന്നില്ലെങ്കിൽ പിന്നെ അവർക്കൊന്നും പറയാനാവാതെയാവും. അതങ്ങനെയാണ് നിനക്കന്താ പ്രശ്നം എന്ന് ചോദിക്കുന്നിടത്ത് മറുപടിയില്ലാതാവും.”
കറുപ്പും വെളുപ്പുമല്ല മഴവിൽ വർണ്ണങ്ങൾ
ആദിയുടെ ആദ്യസമാഹാരമായ ‘പെണ്ണപ്പൻ’ 2022 ൽ പുറത്തിറങ്ങുമ്പോൾ ആദിയുടെ കവിതയുടെ സ്വത്വബോധത്തിന് മലയാളത്തിൽ മുൻമാതൃകകൾ ഉണ്ടായിരുന്നില്ല. ആദിയുടെ കവിതയിലെ അനുഭവലോകം മലയാളത്തിന് അത്രയേറെ പരിചിതവുമായിരുന്നില്ല. ഭാഷയിലും, സമൂഹത്തിലും ഒരേസമയം പലതരത്തിൽ അപരവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളാണ് ആദിയുടെ കവിതകൾ തുറന്നുതന്നത്. അതിനാൽ ആദിയുടെ കവിത മലയാള ഭാഷയെയും, മലയാളിയുടെ ലിംഗ-ജാതി-വർഗ നിലകളിലെ കാഴ്ച്ചപ്പാടുകളെയും ജീവിതത്താൽ അട്ടിമറിക്കുന്നു. കേൾക്കാത്ത ശബ്ദങ്ങളിൽ സമാഹരിക്കപ്പെട്ട കവിതകളിൽ ഏറെ കേൾവിപ്പെട്ട കവിതയാണ് ആദിയുടെ പെണ്ണപ്പൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ വായിക്കപ്പെടുക മാത്രമല്ല ഈ വർഷം മുതൽ എം.ജി സർവ്വകലാശാലയുടെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ പാഠ്യവിഷയവുമായിരിക്കുന്നു പെണ്ണപ്പൻ. ആദിയുടെ പല കവിതകളിലും പ്രതിസ്ഥാനത്താണ് അച്ഛൻ എങ്കിൽ പെണ്ണപ്പൻ വ്യത്യസ്തനാണ്. പൊതുവെ സ്ത്രൈണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വരൂപം പുലർത്തുന്നവരെ കളിയാക്കുവാനായി വിളിക്കുന്ന വാക്കുകൾക്ക് സമാനമെന്ന് തോന്നിക്കുന്ന വാക്കാണ് പെണ്ണപ്പൻ. എന്നാൽ ആദി എഴുതുമ്പോൾ പെണ്ണപ്പൻ ഒരു മോശം വാക്കല്ലാതായി മാറുന്നു. ആദി, അല്ലെങ്കിൽ ക്വിയർ കവികൾ ഭാഷയെ അട്ടിമറിക്കുന്നതിന് ഒരു ഉദാഹരണമാണിത്.
ആണപ്പന്മാർക്കിടയിൽ ആദി ഒരു പെണ്ണപ്പനെ അവതരിപ്പിക്കുന്നു. മീൻ നുള്ളുക, അടുപ്പൂതുക, അടിച്ചു വാരുക എന്നിങ്ങനെ മലയാളിയുടെ വീടുകളിൽ പൊതുവെ പെണ്ണുങ്ങൾ മാത്രം എടുക്കേണ്ടി വരുന്ന പണികളിൽ പങ്കുകൊണ്ട് ആണത്തം കളഞ്ഞതിനാലാണ് നാട്ടുകാർ അപ്പനെ പെണ്ണപ്പൻ എന്നു വിളിക്കുന്നത്. അപ്പന്റെ ലിംഗഭേദത്തെ സൂചിപ്പിക്കുന്ന പരാമർശങ്ങൾ ഒന്നും തന്നെ കവിതയിലില്ല. അതിനാൽ സമൂഹം എങ്ങനെയാണ് ഒരാളുടെ സ്വത്വത്തെ നിർണ്ണയിക്കുന്നത് എന്നത് പെണ്ണപ്പൻ പറയാതെ പറയുന്നു. എന്നാൽ ഇങ്ങനെ ക്വിയർ മനുഷ്യരെ ആക്ഷേപിക്കാനായി ഉപയോഗിക്കാവുന്ന, രാഷ്ട്രീയപരമായി ശരിയല്ലെന്ന് തോന്നിക്കുന്ന പെണ്ണപ്പൻ എന്ന വാക്ക് ഒരു ക്വിയർ കവി ഉപയോഗിക്കേണ്ടി വരുന്നത് എന്തുകൊണ്ടെന്ന് ആദിയോട് തന്നെ ചോദിച്ചു,
“ഞാൻ ഈ അധിക്ഷേപങ്ങൾ കേൾക്കാത്ത മനുഷ്യനൊ ഇതിന് പുറത്തുനിൽക്കുന്നയാളോ അല്ല. ആ അനുഭവങ്ങളെ ആവിഷ്ക്കരിക്കാൻ എനിക്ക് ആ വാക്കേ ഉപയോഗിക്കാനാവു. എന്നാൽ ഒരു അധിക്ഷേപ വാക്ക് എന്നതിനപ്പുറം ജെന്ററിനകത്തുള്ള ഫ്ലൂയിഡിറ്റിയെ സൂചിപ്പിക്കുന്ന ഒരു വാക്കായാണ് ഞാൻ പെണ്ണപ്പൻ എന്ന് ഉപയോഗിക്കുന്നത്. പൊളിറ്റിക്കൽ കറക്റ്റനസ്സിന്റെ യുക്തി ഉപയോഗിച്ചുകൊണ്ട് നമ്മൾ ഒരു സാമൂഹ്യ യാഥാർത്ഥ്യത്തെയൊ അനുഭവത്തെയൊ വിശദീകരിക്കുമ്പോൾ വന്ന് പെടാവുന്ന അപകടങ്ങൾ അതിനകത്തുണ്ട്. ഏത് വാക്കാണ് ശരിയായ വാക്ക്? അധിക്ഷേപത്തിന്റെ ചരിത്രമില്ലാത്ത ഏത് വാക്കിനാലാണ് ക്വിയർ മനുഷ്യരുടെ അനുഭവങ്ങളെ ആവിഷ്ക്കരിക്കാനാവുക? ഗേ എന്ന വാക്കാണെങ്കിലും ക്വിയർ എന്ന വാക്കാണെങ്കിൽ പോലും കുണ്ടൻ എന്ന് വിളിക്കും പോലെ അധിക്ഷേപിക്കാനായി ഉപയോഗിച്ചിരുന്ന വാക്കുകളാണ്. ക്വിയർ എന്ന് വിളിക്കപ്പെടാനും നിർവചിക്കപ്പെടാനും ആഗ്രഹിക്കാത്ത മനുഷ്യരുണ്ട്. പക്ഷേ, ആ വാക്കുകളുടെ ചരിത്രത്തെ എടുത്തുകളഞ്ഞ് ഇന്ന് കേരളത്തിന്റെ പശ്ചാത്തലത്തിൽ നമ്മൾ ഉപയോഗിക്കുന്നു. അതുപോലെ കുണ്ടൻ, ഒൻപത് തുടങ്ങിയ വാക്കുകളെ ഒക്കെ ഇത്തരത്തിൽ രാഷ്ട്രീയ ഊന്നലുകളോടെ ഉപയോഗിക്കാൻ തുടങ്ങിയാൽ അത് പെട്ടെന്ന് ഭീതിയുണ്ടാക്കും. എന്നാൽ ഈ വാക്കുകളെ സ്വയം വീണ്ടെടുക്കാനും വിശദീകരിക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇത് ശരിയല്ലെങ്കിൽ അത് തെറ്റ് എന്ന രീതിയിൽ ഈ യാഥാർത്ഥ്യങ്ങളെ നിർണ്ണയിക്കാനാവില്ല. ശരി-തെറ്റുകളുടെ ബൈനറി ആണ് ആദ്യം തകർക്കപ്പെടേണ്ടത്. ആ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന വേദനയെ നിഷേധിച്ചുകൊണ്ടല്ല പറയുന്നത്. പക്ഷേ, രാഷ്ട്രീയപരമായി ശരിയല്ലാത്ത ഒരു വാക്ക് കവിതയിൽ ഉപയോഗിക്കരുത് എന്ന് പറയുന്നതിലൂടെ അതിനകത്തെ സങ്കീർണ്ണതകളെ അപ്പാടെ ചോർത്തിക്കളയുകയാണ് ചെയ്യുന്നത്. ഭാഷയിൽ ശരിയായിരിക്കുന്നതുകൊണ്ട് മാത്രം സാമൂഹിക മാറ്റം സാധ്യമാകും എന്നുള്ളത് മിഥ്യയായ ധാരണയാണ്.”
ക്വിയർ മനുഷ്യരുട സ്വത്വഭേദങ്ങളെ, അനുഭവങ്ങളെ അടയാളപ്പെടുത്തുന്നതിന് മതിയായ വാക്കുകൾ ഇല്ലാത്ത ഒരു ഭാഷയിൽ ക്വിയർ വ്യക്തികൾ എഴുതി തുടങ്ങുന്നതിന്റെ സങ്കീർണ്ണതകൾ ഏറെയാണ്. സ്വയം ആവിഷ്ക്കരിക്കുന്നതിനായി ഭാഷയിലെ നൂറ്റാണ്ടുകളുടെ വിഴുപ്പലക്കി കളയേണ്ടതുണ്ട് ക്വിയർ സാഹിത്യകാർക്ക്. അധിക്ഷേപ വാക്കുകളെ സ്വയം വീണ്ടെടുക്കുകയും രാഷ്ട്രീയപരമായി പുനരവതരിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ പുതിയ വാക്കുകളും വിശേഷണങ്ങളും സാധ്യമാക്കുന്നതിനും ക്വിയർ സാഹിത്യകാർ ശ്രമിക്കുന്നുണ്ട്. മാറുറയ്ക്കാത്ത പെണ്ണ്, പെണ്ണൊരുത്തൻ, ജലകുടീരം എന്നിവയുൾപ്പെടെ ക്വിയർ സ്വത്വഭേദങ്ങളെ അടയാളപ്പെടുത്തുന്നതിനും ക്വിയർ അനുഭവങ്ങളുടെ സൂക്ഷമാവിഷ്ക്കാരങ്ങൾക്കായും വിജയരാജ മല്ലികയുടെ കവിതകളിൽ പുതിയ വാക്കുകൾ നിർമ്മിക്കപ്പെടുന്നു. ഈ സമാഹാരത്തിലെ തന്നെ വിഷ്ണു മൃണാളിനി ജയൻ എഴുതിയ കഥയ്ക്ക് മുലമുറിച്ചോളെന്നാണ് തലക്കെട്ട്.
പൊളിറ്റിക്കൽ കറക്റ്റനസിന്റെ യുക്തിയിലൂടെ മാത്രം സാഹിത്യകൃതികളെ വിലയിരുത്തുന്നതിന്റെ പരിമിതിയെ പെണ്ണപ്പൻ തുറന്നുകാട്ടുന്നത് തലക്കെട്ടിലൂടെ മാത്രമല്ല. ആണപ്പന്മാരിൽ നിന്നും വ്യത്യസ്തനായിരിക്കുമ്പോഴും ഒരു ക്വിയർ പുരോഗമന ആദർശവക്താവായിട്ടല്ല പെണ്ണപ്പനെ ആദി അവതരിപ്പിക്കുന്നത്. ആണത്തത്തിന്റെ പൊതുമാനദണ്ഡങ്ങളുടെ പുറത്തായിരിക്കുമ്പോഴും, തുണിയലക്കുമ്പോൾ ‘അടിപ്പാവാട കൂടി കഴുകിക്കോടാ’ എന്ന് പഴി കേൾക്കുമ്പോഴും അടിപ്പാവാടയൊരു ചീത്ത സാമാനമാണോ എന്ന തന്റെ കുഞ്ഞിന്റെ ചോദ്യത്തോട് പെണ്ണപ്പൻ പ്രതികരിക്കുന്നത് കേൾക്കുക.
“അടീലുള്ളതൊക്കെയും
ചീത്തതാണ് കൊച്ചേയെന്ന്
പെണ്ണപ്പൻ
വീണ്ടും സിദ്ധാന്തം പറയും.”
നൂറ്റാണ്ടുകളുടെ വിഴുപ്പലക്കുന്ന പെണ്ണപ്പൻ എന്തുകൊണ്ട് അടീലുള്ളതൊക്കെയും ചീത്തതാണെന്ന് പറയുന്നു ?
“ഈ കവിതയുടെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം അയാൾ സ്വയമേവ ഈ സാമൂഹ്യ ഘടനയ്ക്ക് പുറത്താണെങ്കിലും അയാളുടെ ബോധം വളരെ വിമോചനാത്മകമാവും എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. കൺസർവേറ്റീവ് ആയ ധാരണകൾ തന്നെയാവും ഒരുപക്ഷെ അയാളും പിൻപറ്റുന്നുണ്ടാവുക. അയാളുടെ ശരീരവും, പെരുമാറ്റവും സാമൂഹ്യബോധ്യങ്ങളെ ഉലയ്ക്കുന്നത് എങ്ങനെയെന്ന് അയാൾ ബോധപൂർവ്വം തിരിച്ചറിയുന്നുണ്ടാവില്ല. അതുകൊണ്ട് തന്നെ വളരെ കൺസർവേറ്റീവ് ആയ കാര്യങ്ങൾ അയാൾ പറഞ്ഞുകൂടെന്നില്ല. അത് വളരെ സ്വാഭാവികമായാണ് എനിക്ക് തോന്നുന്നത്.” ആദി പറഞ്ഞു.
പുരോഗമനപരമായി മാത്രം ചിന്തിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന കൃത്രിമമായ കഥപാത്രങ്ങളിലേക്കും ആഖ്യാനങ്ങളിലേക്കും അല്ല ക്വിയർ സാഹിത്യം ചലിക്കേണ്ടതെന്ന ബോധ്യം ആദിയ്ക്കുണ്ട്. ജീവിതത്തിന്റെ സ്വാഭാവികതയ്ക്ക് അകത്തെ വൈരുധ്യങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ മാത്രമെ സത്യസന്ധമായ ആവിഷ്ക്കാരം സാധ്യമാവുകയുള്ളു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ആദിയും പെണ്ണപ്പനും.
ക്വിയർ കവിതയിലെ പ്രകൃതിമൊഴി
ഈ സമാഹാരത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് വയനാട്ടിലെ പണിയ ഗോത്രത്തിൽ നിന്നുള്ള ആദ്യ ക്വിയർ കവിയായ പ്രകൃതി എൻ.വി. മലയാള കവിതയിൽ ക്വിയർ രചനകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലത്ത് തന്നെയാണ് കേരളത്തിൽ ഗോത്ര കവിത ശക്തിപ്പെടുന്നത്. കേരളത്തിലെ വിവിധ ഗോത്രങ്ങളിലെ കവികളെ സമാഹരിച്ച് സുകുമാരൻ ചാലിഗദ്ധയും, സുരേഷ് എം. മഞ്ഞളമ്പരയും എഡിറ്റ് ചെയ്ത ‘ഗോത്ര കവിത’ പുസ്തകത്തിൽ ഉൾപ്പെടാതെ പോയ പ്രകൃതിയെ ‘കേൾക്കാത്ത ശബ്ദങ്ങൾ’ ചേർത്തുവയ്ക്കുന്നു. മലയാള ലിപി ഉപയോഗിച്ച് പണിയ ഭാഷയിൽ എഴുതിയ പണിച്ചി എന്ന കവിതയ്ക്ക് പക്ഷേ മലയാള വിവർത്തനം നൽകാത്തത് വായനയെ പരിമിതപ്പെടുത്തുന്നുണ്ട്. എങ്കിലും പണിയ ഭാഷയിലെ പരിചിതമല്ലാത്ത വാക്കുകളിലൂടെ പോലും സംവേദനം സാധ്യമാക്കുന്നതാണ് പ്രകൃതിയുടെ കാവ്യശൈലി. പണിയ ഭാഷയിലെ വാക്കുകളെ പോലെ തന്നെ വാചാലമാകാൻ മടിക്കുന്നു പ്രകൃതിയുടെ കവിതയും.
കായ് എന്നും പൂവ് എന്നുമാണ് ആണെന്നും പെണ്ണെന്നും സൂചിപ്പിക്കുന്ന പണിയ ഭാഷയിലെ വാക്കുകൾ. ‘പുട്ക്ക്’ കണ്ടാൽ കായ് എന്നും ഇല്ലെങ്കിൽ പൂവ് എന്നും ലിംഗനിർണ്ണയം നടത്തുന്ന ഗോത്രത്തിൽ ഇത് രണ്ടും അല്ലാത്തവരെ വിളിക്കുന്നത് ‘പണിച്ചിവൊളുത്തെ’ യെന്നാണ്. കായിനുള്ളിൽ പൂവ് കണ്ടതിനാൽ “ചീയ്യേ പണിച്ചിവൊളുത്തെ” എന്ന നീട്ടിവിളിയിലെ ആക്ഷേപം കേട്ടു വളരുന്ന കുഞ്ഞ് ഗോത്രത്തിനകത്ത് അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങളിലൂടെ വികസിക്കുന്നു പ്രകൃതിയുടെ പണിച്ചി എന്ന കവിത. ഒരു ആദിവാസിയായ ക്വിയർ വ്യക്തിയായി സ്വയം തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത് എത്രമാത്രം സങ്കീർണ്ണമാണെന്ന് പ്രകൃതി പറയുന്നു.
“ഗോത്ര സമൂഹത്തിൽ ക്വിയർ ആയിട്ടുള്ള ഒരുപാട് ആളുകളുണ്ട്. പേടി കാരണമാണ് പലരും തുറന്നു പറയാത്തത്. വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും ആദിവാസികൾ എവിടെ എത്തി നിൽക്കുന്നു എന്ന് എല്ലാവർക്കും അറിയുന്നതാണല്ലോ. വളരെയേറെ കഷ്ടപ്പാടുകൾ അതിജീവിച്ച് ജീവിക്കുന്നവരാണ് ആദിവാസികൾ. അതിന്റെ ഇടയിൽ ഈ ജെന്റർ ഇഷ്യൂ കൂടി വരുമ്പോൾ അത് താങ്ങാൻ പറ്റാതെ പോവുന്ന എത്രയോ മനുഷ്യർ ഗോത്ര സമൂഹങ്ങളിലുണ്ട്. ഇതുവരെ പിടിച്ചു നിൽക്കാൻ എനിക്ക് പറ്റിയത് കുറച്ചു പേര് ചേർത്ത് നിർത്തിയതിനാലാണ്. ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ഒരു സമൂഹത്തിൽ ഒരാൾ തന്റെ സ്വത്വം എന്തെന്ന് തുറന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ അവർക്ക് കഴിയണമെന്നില്ല.”
കായും പൂവും അല്ലാത്ത ഒരാളുടെ ദേഹത്ത് നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ ബാധ കേറിയിരിക്കുകയാണെന്നും, ഭ്രാന്തായി പോയതാണെന്നും ഒക്കെയുള്ള ഗോത്രവിചാരങ്ങളെയും പരിഹാരത്തിനായി മുത്തപ്പനെ വിളിച്ചുള്ള തേടലുകളെയും പ്രകൃതിയുടെ പണിച്ചി എന്ന കവിതയിൽ കേൾക്കാം.
“നോക്കു കൊണ്ടോ? വാക്കു കൊണ്ടോ?
അല്ലത്തിരിവാ വാതെ തോന്റി
കേറി നിന്റെയി
ഓ ഉത്തമനെ പായു ഉത്തപ്പനെ പായു
വന്ത നായ നോക്കി കാണു
മ് ഇവെ വാതെ തന്നെ
പിരാന്താ പിരാന്താ”
“നമുക്ക് എന്തെങ്കിലും പ്രശ്നമാണെന്ന് വിചാരിച്ച് ഇവര് കാരണവന്മാരെയൊക്കെ വിളിക്കും. കാവിലെ വെളിച്ചപ്പാട് തുള്ളുന്ന ആളെ വിളിച്ച് തുള്ളിക്കും. അങ്ങനെ ദൈവം തുള്ളി പറയുന്നത് മാത്രമെ ഇവര് കേൾക്കു. എന്നെ കുറേ അമ്പലങ്ങളിൽ കൊണ്ടു പോയിട്ടുണ്ട്, വഴി പാടുകൾ നേർന്നിട്ടുണ്ട്. ഒടുക്കം ഞാൻ പറഞ്ഞു, എത്ര വഴിപാട് വേണമെങ്കിലും കൊടുത്തോളൂ ആ ദൈവത്തിനും അറിയാം എന്നെ നന്നായിട്ട്.” ആത്മവിശ്വസത്തിന്റെ നിറചിരിയോടെ പ്രകൃതി പറഞ്ഞു.
വഴിപാടുകൾ വിഫലമാകുമ്പോൾ മുണ്ട് പൊക്കി നോക്കി പുടുക്ക് കണ്ടെത്തിയ ഗോത്രം മീശ വെക്കാൻ ആവശ്യപ്പെടുമ്പോഴും ഗോത്രത്തിന് പുറത്തുള്ള മേലാളന്മാർ കണ്ണു പൊത്തി ചിരിക്കുമ്പോഴും താനൊരു ‘പണിച്ചി’ – പണിയ ഗോത്രത്തിലെ പെണ്ണ് – എന്ന് പ്രഖ്യാപിക്കുന്ന പ്രകൃതിയുടെ കവിത, ഗോത്രത്തിനകത്തും പുറത്തും ആദിവാസിയായ ഒരു ക്വിയർ വ്യക്തി അതിജീവിക്കേണ്ട അടിച്ചമർത്തലിന്റെ അനേകം തലങ്ങളെ അനാവരണം ചെയ്യുന്നു.
രതിയുടെ പര്യായം
സ്വവർഗരതി ക്രിമിനൽ കുറ്റമല്ല എന്നുള്ള ഡൽഹി ഹൈക്കോടതിയുടെ 2009 ലെ വിധി റദ്ദ് ചെയ്ത് 2013 ൽ സുപ്രീംകോടതി 377-ാം വകുപ്പ് പുനസ്താപിച്ച 11.12.13 എന്ന ദിവസമാണ് കിഷോർ കുമാർ എഴുതിയ നിയമലംഘനം എന്ന കഥയുടെ പശ്ചാത്തലം. ഡൽഹി ഹൈക്കോടതിയുടെ വിധിയെ തുടർന്ന് അന്നാളുകളിൽ സ്വവർഗാനുരാഗികൾ അനുഭവിച്ചിട്ടുള്ള ‘കെണിയിൽ പെട്ടതു പോലെ’യുള്ള അരക്ഷിതാവസ്ഥയുടെ ആഖ്യാനമാണീ കഥ. രതിയുടെ പര്യായമായാണ് നിയമലംഘനം എന്ന വാക്ക് കഥയിൽ കടന്നുവരുന്നത്. സ്വവർഗ പ്രണയവും, രതിയും ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും വിധിയിലും മുൻവിധിയിലും കുറ്റകരമായിരിക്കുമ്പോൾ ഒരു സ്വവർഗാനുരാകി ഓരോ ശ്വാസത്തിലും വലിച്ചെടുക്കുന്ന ഉത്കണ്ഠകളുടെ വേപഥു പകരുന്നുണ്ട് മോഹൻ എന്ന ഗേ കഥാപാത്രത്തിലൂടെ കിഷോർ കുമാർ.
കുടുംബത്തിലും, സൗഹൃങ്ങളിലും തൊഴിലിടത്തിലുമെല്ലാം ഒളിജീവിതം നയിക്കേണ്ടിവന്ന മോഹന് 377-ാം വകുപ്പ് റദ്ദ് ചെയ്ത കാലത്തും അമ്മയുടെയും അടുത്ത സുഹൃത്തുക്കളുടെയും മുൻപിൽ മാത്രമെ സ്വയം വെളിപ്പെടാൻ കഴിഞ്ഞിട്ടുള്ളു. പ്ലാനറ്റ് റോമിയോ എന്ന ഡേറ്റിങ്ങ് ആപ്പാണ് മോഹന് ഒരു പ്രണയിയെ സമ്മാനിച്ചിട്ടുള്ളത്. ക്വിയർ ജീവിതങ്ങളെ കണ്ണിചേർക്കാൻ ഡേറ്റിങ്ങ് ആപ്പുകൾ ഉണ്ടായിട്ടും സ്വവർഗബന്ധങ്ങൾക്ക് സാമൂഹികമായ സ്വീകാര്യത കൈവരാത്തതിന്റെ വൈരുധ്യത്തെയും അതുണ്ടാക്കന്ന സംഘർഷങ്ങളെയും നിയമലംഘനത്തിൽ വായിക്കാം. സ്വവർഗാനുരാഗം വീണ്ടും കുറ്റകൃത്യമായി വിധിക്കപ്പെട്ട ആ ദിവസത്തിൽ ഡേറ്റിങ്ങ് ആപ്പിലെ പ്രണയത്തിന് മുൻപ് പ്രണയികളെ കണ്ടെത്തിയിരുന്ന ‘റയിൻബോ ബ്രിഡ്ജിൽ’ മോഹന് തിരിച്ചെത്തേണ്ടി വരുന്നു. ആ ദിവസത്തെ അതിജീവിക്കുവാനായി മോഹൻ ഒരിണയെ കണ്ടെത്തുന്നു. സ്വന്തം പേരു മറച്ചുപിടിച്ചുകൊണ്ടയാൾ (ഒരുപക്ഷേ മറ്റെയാളും) ഇന്ത്യൻ പീൻൽ കോഡിനെ ഭേദിക്കുന്നു. നിയമ ലംഘനത്തിലൂടെ ആ ദിവസത്തിൽ നിന്നും അവർ വിമോചനം നേടുന്നു. ഈ നിയമലംഘനം അനിവാര്യമായിരുന്നു !
രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ – മലയാളി ഗേയുടെ ആത്മകഥകളും എഴുത്തുകളും എന്ന ആത്മകഥയിലൂടെയാണ് കിഷോറിനെ വായിച്ച് തുടങ്ങുന്നത്. മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന പഠന ഗ്രന്ഥവും കിഷോർ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. കേൾക്കാത്ത ശബ്ദങ്ങൾ എന്ന ഈ പുസ്തകം പുറത്തിറങ്ങുമ്പോഴേക്കും കിഷോർ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.
ആത്മഹത്യക്കുറിപ്പുകളാവുന്ന സാഹിത്യം
“അവഗണനകളുടെ പൊള്ളലേൽക്കാൻ
ഒരുപക്ഷേ, ഞങ്ങളിനി ബാക്കി കാണില്ല.
ഓരോ കണ്ണിയായി തകർന്ന്
ഓരോ ജീവനായി പൊലിഞ്ഞ് തീരും”
ജ്യോതിഷിന്റെയും പ്രവീണിന്റെയും ഓർമ്മക്കുറിപ്പ് ഒരു തുറന്നെഴുത്താണ്. ഈ ലോകം ഉപേക്ഷിച്ച് പോയ ക്വിയർ മനുഷ്യരെയെല്ലാം ഒരേ ഭാരവും, വിയർപ്പ് മണവുമുള്ളവരായി ഓർമിക്കുന്നു നവ്യ നൊച്ചാട്. അതോടൊപ്പം ഒരു ഓർമപ്പെടുത്തൽ കൂടി.
“പുഞ്ചിരിക്കുന്ന ക്വിയർ മുഖങ്ങളെ
ഇനിയും വെറുക്കുമെങ്കിൽ
നിങ്ങൾ ശവങ്ങളാണ്
ഉള്ളിലെ മനുഷ്യത്വം
എന്നേ മരിച്ച ശവങ്ങൾ.”
ആർച്ച എം.ആർ എഴുതിയ സെയ്ത്താൻ എന്ന കഥയിൽ ലെസ്ബിയനായ പാത്തുവിന് വിവാഹനാളിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. മഹാലയ എന്ന കഥയിൽ അതിവിഷാദത്താൽ ഹൃദയസ്തംഭനം മൂലം മരിച്ചു പോകുന്ന ഗേ ആയ സുബീറിനെ തെൻസിൻ അമർ ലാഘവത്തോടെ അടയാളപ്പെടുത്തുന്നു. ദുസ്സഹമായ ഒരു കിനാവുകൂടി വെളിച്ചത്തിലേക്ക് ഉണരും പോലെ ട്രാൻസ് വുമൺ ആയ ആനി ആത്മഹത്യ ചെയ്ത രാത്രിയാണ് എം.കെ ആസിഫ് എഴുതിയ കിനാവിൽ ഒരു നിലാവ് എന്ന കഥ. ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവെക്കാതെയുള്ള ഈ മരണങ്ങളുടെ സാക്ഷികളായി മാറുന്നു ഈ കഥകൾ. ജിജോ കുരിയാക്കോസ് എഴുതിയ വര-വരി-വെളിപാട് എന്ന കഥയിലെ തര്യനും കൈത്തണ്ടയിലെ ‘പച്ച ഞരമ്പിൻചോല വെട്ടിവിട്ടാലോ’ എന്ന് പലവുരു ചിന്തിച്ചവനാണ്. ഓരോ ക്വിയർ വ്യക്തിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരിക്കും എന്ന് ഈ കഥകൾ വായിക്കുമ്പോൾ തിരിച്ചറിയുന്നു.
വിവാഹമാണ് പാത്തുവിനെ ആത്മഹത്യയിലെത്തിക്കുന്നത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കില്ല. ആണുങ്ങളെയല്ല പെണ്ണുങ്ങളെയാണ് തനിക്കിഷ്ടം എന്ന് പാത്തു തുറന്നു പറയുന്നതോടെ തന്നെ മരണമല്ലാതെ മറ്റൊരു വഴിയും അവൾക്ക് മുന്നിലില്ല. സുബീറിന്റെ മരണം ആത്മഹത്യയല്ലെങ്കിലും തന്റെ കൂട്ടുകാരനെ പിരിഞ്ഞ് കഴിയേണ്ടി വന്ന നാളുകളുടെ കനത്ത ഭാരവും, അവനെ കുറിച്ചുള്ള ഉത്കണ്ഠകളും തന്നെയാണ് ആ ഹൃദയം ഉടച്ചുകളഞ്ഞത്. ശരീരത്തിൽ നിന്നുള്ള മോചനം തേടി നൂറായിരം കഷ്ണങ്ങളായി ഉടലിനെ ചിതറിച്ചു കളയാനാണ് ആനി റെയിൽ പാളങ്ങളിലെത്തുന്നത്. ഇങ്ങനെ ക്വീർ മനുഷ്യരുടെ ആത്മഹത്യകളുടെ വ്യത്യസ്ത മാനങ്ങൾ അവതരിപ്പിക്കുന്ന ഈ കഥകൾ ഓരോ വർഷവും നമുക്കിടയിൽ നിന്നും മാഞ്ഞ് പോകുന്ന ക്വിയർ മനുഷ്യരുടെ ജീവിതത്തെ കുറിച്ച് തീവ്രമായി ഓർമപ്പെടുത്തുന്നുണ്ട്.
ഉള്ളുരുക്കങ്ങൾ ഉടലുരുക്കങ്ങൾ
പ്രണയകാമനകളുടെ വ്യത്യസ്തമായ ‘ഉള്ളടക്കങ്ങൾ’ ഈ സമാഹാരത്തിലെ കവിതകളിലും കഥകളിലും വായിക്കാം. മുഹമ്മദ് സുഹറാബിയുടെ ‘ഞാൻ അപരിചിതരോട് വേഗം കൂട്ടാകുന്ന തരക്കാരനാണ് നിങ്ങളോ?’ എന്ന കവിതയിൽ അണയാത്ത കാമനകളുടെ എരിയുന്ന തീയുണ്ട്. അടച്ചുറപ്പുള്ള മുറിയിലല്ല പൊതുവിടങ്ങളിലാണ് അപരിചിതരോട് വേഗം കൂട്ടാവുന്ന ഗേ ആഖ്യാതാവിന്റെ രതിസ്വപ്നങ്ങൾ നിറയുന്നത്. നഗരത്തിലെ ഏറ്റവും വൃത്തികെട്ട മൂത്രപ്പുരയിൽ, റെയിൽവെ ട്രാക്കിന്റെ ഓരത്ത്, മനുഷ്യനാറ്റം തുളച്ചു കയറുന്ന ഷട്ടറിട്ട ബസ്സിൽ. ഗൂഢമായ രതിവിചാരങ്ങളുടെ ഏറ്റുപറച്ചിലാവുമ്പോഴും അടങ്ങാത്ത കാമനകളുടെ ഒടുങ്ങാത്ത ലഹരിയല്ല, മറ്റൊരുടലിനെ തൊട്ടറിയാനാവാത്ത വേദനയാണ് കവിതയുടെ കാതൽ.
“ഇനിയും ഞെക്കിയാലെന്റെ മുലകൾ പാൽ
ചുരത്തുമായിരിക്കും.”
വിഷ്ണു സുജാത മോഹൻ എഴുതിയ ‘ഒരുവനെപ്പറ്റിയുള്ള ആയിരും നുണകളിൽ’ വല്ലപ്പോഴും തന്നെ തേടിയെത്തുന്ന കാമുകനെ അനുതാപത്തോടെ പുൽകുന്നു. വലിയ ഇടവേളകളിൽ ശ്വാസമെടുക്കാൻ മുകൾപ്പരപ്പിലെത്തുന്ന മീനുപോലൊരു കാമുകൻ. പുറം തൊലിയുരിയും പോലെ പൊയ്മുഖങ്ങൾ ഓരോന്നും അടർത്തിക്കളഞ്ഞാണ് സ്നേഹംകൊണ്ട് അയാളെ ഊട്ടുന്നത്. ക്ഷണമാത്ര മാത്രം തമ്മിൽ കാണാനാവുന്ന പ്രേമബന്ധങ്ങളുടെ ഉദ്വിഗ്നതയെ കരുണയുടെ കരവലയത്തിൽ കോരിയെടുക്കുന്നു കവി. പൊയ്മുഖങ്ങളിൽ ജീവിക്കേണ്ടി വരുന്ന, രഹസ്യമയി സ്നേഹം പങ്കുവെക്കേണ്ടി വരുന്ന ഏതൊരു മനുഷ്യന്റെയും മുറിവുകൾ തുന്നാൻ ഈ കവിതയ്ക്കാവുന്നു.
ഒരാളിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ സ്നേഹത്തോടെ ശുഭയാത്ര പറയുവാൻ ആശിക്കുന്ന കവിതയാണ് ഹരിശങ്കർ സി.യുടെ മീസാൻ കല്ലുകൾ. അവഗണിക്കുകയാണെന്ന് തോന്നിക്കാതെ അകലുവാനും, പതിയെ പതിയെ മാഞ്ഞുപോകുവാനും കഴിയുന്ന മനുഷ്യരെ വാഴ്ത്തുന്ന കവിത. കൊലാപാതകങ്ങളിൽ കലാശിക്കുന്ന പ്രണയങ്ങളുടെ കാലത്ത് സ്നേഹിക്കേണ്ടത് എങ്ങനെയെന്നതിനെക്കാൾ വേർപിരയേണ്ടതെങ്ങനെ എന്ന് ഹരിശങ്കർ കാണിച്ചു തരുന്നു.
എന്നാൽ പിരിയാനാവാതെയും അകലാനാവാതെയും ഒരു പൊലിഞ്ഞ സ്വപ്നത്തിൽ സ്വയം ബലിയർപ്പിക്കുന്നതിന്റെ വേദനയാണ് മാധവ് ശങ്കറിന്റെ ആത്മബലി. അനസ് എൻ.എസ് എഴുതിയ ഭയങ്കരസ്നേഹം പ്രണയ പരിണാമങ്ങളെ പകർത്തുന്നു. രണ്ടാണുങ്ങൾ പ്രേമിക്കുന്നതിന്റെ രഹസ്യ ഉടമ്പടികളുടെ മഷിമണം വഴിയുന്ന കവിത.
“ഓർക്കാൻ പാടില്ല
ഓർത്താലും
നാലാൾ കാൺകെ
പരിചയം കാട്ടാൻ പാടില്ല.
പരിചയം കാട്ടിയാലും
അടുപ്പത്തിൽ
നനുത്തതൊന്നും
അലയടിക്കാൻ പാടില്ല.”
ഇങ്ങനെ ഉടമ്പടികളാൽ പ്രേമിക്കേണ്ടി വരുന്നതിന്റെ കുരുക്കുകളിൽ പെട്ടുഴലുന്നതിന്റെ നൈരാശ്യം ഈ കവിതയുടെ ഓരോ വരിയെയും ചൂഴ്ന്നിരിക്കുന്നു. സ്വാഭിമാനത്തോടെ സ്വതന്ത്രമായി പ്രേമിക്കാൻ ആവാത്ത രഹസ്യബന്ധൾ നിരാശകൾ പങ്കിട്ടെടുക്കുന്ന കളിയായി മാറുന്നു.
പ്രണയിക്കുവാൻ ഒരാളെയും തേടാതെ ഒരാളെയും കൊതിക്കാതെ സ്വയം ഒരുദ്യാനമായി മധുരോത്സവമേളം മൂളുന്നു ആദ്യ സെയിൻ എഴുതിയ വണ്ടുകൾ പറക്കേണ്ടതില്ലാത്ത ഉദ്യാനം എന്ന കവിത.
“ശരീരം അവൾക്കും ഒരുദ്യാനം
എന്നാൽ
തുടിക്കുന്ന ഹൃദയമില്ല.
കൊതിപ്പിക്കുന്ന നോട്ടമില്ല,
വൈകാരികതയുടെ ചെന്തീയില്ല.
ഏതെങ്കിലും വ്യക്തിക്കായി
കൊതിക്കുന്നില്ല.”
ഇങ്ങനെ സ്വയം സംതൃപ്തയായ ഒരുവൾക്കുള്ള വാഴ്ത്തുപാട്ടാണ് ഈ കവിത. അലൈംഗികയായ ഒരുവളുടെ ജീവിതം വിരസവും, അപൂർണ്ണവുമല്ലെന്ന് വണ്ടുകൾ പറക്കേണ്ടതില്ലാത്ത ഉപമയിലൂടെ ആദ്യ സെയിൻ തിരുത്തി എഴുതുന്നു. ക്വിയർ മനുഷ്യരെ ഓർമിക്കാത്ത പ്രണയത്തിന്റെ പൊതുബോധ സങ്കൽപ്പങ്ങളിൽ കറുത്ത വരയുള്ള മഴവില്ല് വരയ്ക്കുന്നു മഴവില്ല് വരയ്ക്കുന്നവരോട് എന്ന കവിതയിൽ അഖീഷ് എം.എസ്.
“നിങ്ങളെന്റെ 377 വിരലുകൾ
തുന്നിക്കെട്ടുന്നതെന്തിനാണ് ?“
സ്വവർഗബന്ധങ്ങളെ കുറ്റകൃത്യമായി വിധിയെഴുതിയ 377ാം വകുപ്പിനെ തമ്മിലിണങ്ങാൻ കൊതിക്കുന്ന 377 വിരലുകളാക്കി മാറ്റുന്നു അഖീഷ്.
ആർച്ച എം.എർ എഴുതിയ സെയ്ത്താൻ എന്ന കഥയിലെ പാത്തു തന്റെ പ്രണയിയെ കണ്ടെത്തുന്നത് അവളുടെ അപരലോകത്താണ്. ലാവണ്ടർ പൂക്കളുടെ താഴ്വരയിൽ മഴ നിറമുള്ളൊരു പെൺകുട്ടിയെ അവൾ കണ്ടെത്തുന്നു. ലാറ ! പാത്തു അവളുടെ പാട്ട് കേൾക്കുന്നു, പാത്തു അവളോടൊത്ത് മഴ നനയുന്നു. ഉള്ളിന്റെയുള്ളിലെ ആ മാന്ത്രിക ലോകത്ത് അവർ പ്രണയിക്കുന്നു. സ്നേഹിക്കാനും പ്രണയിക്കാനും ഇടമുള്ള സ്വപ്നലോകമാണ് യഥാർത്ഥ ലോകം എന്ന സത്യം അവൾ തിരിച്ചറിയുന്നു. സ്നേഹിക്കാൻ പോലും കഴിയാത്ത യഥാർത്ഥ ലോകം സത്യമല്ലെന്ന് അവൾക്ക് ബോധ്യപ്പെടുന്നു. അതിനാൽ തന്നെ പാത്തുവിന്റെ ആത്മഹത്യയെ അപരലോകത്തേക്കുള്ള പലായനം പോലെ ആർച്ച ആവിഷ്ക്കരിച്ചിരിക്കുന്നു. സെയ്ത്താനിൽ മാത്രമല്ല വര-വരി-വെളിപാട്, മാണികാന്താ എന്നീ കഥകളിലെല്ലാം സാമ്പ്രദിയകമായ വിവാഹത്തെ നേരിടേണ്ടി വരുന്ന സ്വവർഗാനുരാകികളുടെ പ്രതിസന്ധികൾ കടന്നുവരുന്നുണ്ട്.
വര-വരി-വെളിപാട് എന്ന കഥയിലൂടെ ജിജോ കുരിയാക്കോസ് വെളിപ്പെടുത്തുന്നത് തര്യന്റെയും വർക്കിച്ചന്റെയും ഉള്ളുലകങ്ങളാണ്. തര്യന്റെ ഉള്ളുലകം സൂക്ഷിച്ചിരിക്കുന്നത് അലമാരിക്കകത്താണ്. വധുവിന്റെ പേരുവെട്ടി തനിക്ക് മാത്രം മനസ്സിലാവുന്ന രീതിയിൽ തന്റെ പേരെഴുതിച്ചേർത്ത കല്ല്യാണക്കുറികൾ തൊട്ട് വസ്ത്രഭാരമില്ലാതെ വിശ്രമിക്കുന്ന ആണുങ്ങളുടെ രേഖാചിത്രങ്ങൾ വരെ ഒളിച്ചിരിക്കുന്നു തര്യന്റെ ആ അലമാരിക്കകത്ത്. ചിത്രകാരനായ വർക്കിച്ചനാവട്ടെ തനിച്ച് താമസിക്കുന്ന വീട്ടിൽ തനിക്കുവേണ്ടി തന്നെ വരച്ച ചിത്രങ്ങളിൽ തന്റെ ഉള്ളുലകം ആവിഷ്ക്കരിക്കുന്നു. കരിമ്പിൻ തോട്ടത്തിൽ കരിമ്പുരിക്കിയെടുക്കുന്ന ആണുങ്ങളുടെ ചിത്രം, മീനുകളുടെ നടുവിൽ താമരയിതളിന്മേൽ പുഞ്ചിരിക്കുന്ന വരുണദേവന്റെ ചിത്രം, കാഹളം മുഴക്കുന്ന നിമ്രോദിന്റെ ചിത്രം, ഇളം പായലുള്ള പള്ളിക്കുളത്തിൽ കുളിച്ചുല്ലസിക്കുന്ന ആണുങ്ങളുടെ ചിത്രം. വർക്കിച്ചൻ വരച്ച ചിത്രങ്ങളിലൂടെ, വർക്കിച്ചന്റെ ഉള്ളുലകത്തിലൂടെ കടന്നുപോകുന്ന തര്യൻ സ്വന്തം ഉള്ളുലകത്തെ ജീവിതത്തിലേക്ക് തുറക്കുന്നു. ജിജോ കുരിയാക്കോസിന്റെ വര-വരി-വെളിപാട് ഈ സമാഹാരത്തിലെ ഏറ്റവും സർഗാത്മകമായ രചനയാവുന്നത് ഈ മാന്ത്രികതയിലൂടെയാണ്.
കേൾക്കാത്ത ശബ്ദങ്ങൾ വായിച്ചൊടുങ്ങുമ്പോൾ ഇനിയും കേൾക്കപ്പെടാത്ത ശബ്ദങ്ങളെ കുറിച്ച് ഓർക്കാതിരിക്കാനാവില്ല. മലയാളത്തിലെ ക്വിയർ സാഹിത്യരചനകളുടെ ഈ ആദ്യസമാഹാരം നിശബ്ദമായിരിക്കുന്ന ആ ശബ്ദങ്ങളെയും വൈകാതെ തിരിച്ചറിയും.