സാന്ത തന്ന പൊതിച്ചോറ്

1984 ഡിസംബർ. മഞ്ഞുകാലത്ത് ഞാൻ കൊടൈക്കനാൽ കാണാൻ പോവുകയായിരുന്നു. വളരെക്കുറച്ച് കാശുമാത്രമേ കയ്യിലുള്ളൂ. ലോറികൾ മാറിക്കയറി യാത്ര ചെയ്യുന്ന ബിരുദ വിദ്യാർഥി കാലമാണ്. ഒരു ലോറിയിൽ കയറി അതിൽ പോകാവുന്നത്ര ദൂരം താണ്ടും. പിന്നെ ഇറങ്ങും. ലിഫ്റ്റ് കിട്ടുന്ന മറ്റൊരു ലോറിക്ക് കാത്തിരിക്കും. വണ്ടിക്കൂലി രഹിത യാത്രകളുടെ അക്കാലം ചെറുപ്പത്തിന് എന്തു ചെറുപ്പം എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. കൊടൈക്കനാലിൽ എത്തുമ്പോൾ ഇരുട്ടായി. നല്ല വിശപ്പുണ്ട്. കിടക്കാൻ വാടകയില്ലാത്ത സുരക്ഷിതമായ ഒരു സ്ഥലം വേണം. ഉപേക്ഷിക്കപ്പെട്ട ആരാധനലായങ്ങളാണ് സൗജന്യ പാർപ്പിന് പറ്റിയ ഏറ്റവും നല്ലയിടം. (പ്രത്യകിച്ചും ഉപേക്ഷിക്കപ്പെട്ട കോവിലുകൾ). അന്നൊക്കെ സ്കൂളുകളിൽ രാത്രി പാർപ്പ് സാധ്യമായിരുന്നു. കാവൽക്കാർ ഇല്ലാത്ത, പൊളിഞ്ഞ മതിലുകളുള്ള, ഗേറ്റുകളൊന്നുമില്ലാത്ത എത്രയോ സർക്കാർ സ്കൂളുകളിൽ അക്കാലത്തെ യാത്രകളിൽ ഉറങ്ങിയിട്ടുണ്ട്. ജിന്നുകളേയും പ്രേതങ്ങളേയും പേടിക്കാതെ ഉറങ്ങാനുള്ള പരിശീലനക്കളരിയായിരുന്നു അക്കാല രാത്രികൾ.

എവിടെ കിടക്കും എന്നതിനെക്കുറിച്ച് വലിയ ധാരണയില്ലാതെ കൊടൈക്കനാലിൽ അലയുന്നതിനിടയിൽ കരിങ്കൽകെട്ടിൽ മനോഹരമായി നിർമ്മിച്ച ഒരു ചർച്ചിന്  മുന്നിലെത്തി. വർണങ്ങളിലും അലങ്കാര ദീപപ്രഭയിലും കുളിച്ചു നിൽക്കുകയാണ് പള്ളി. അകത്ത് പ്രത്യേക പ്രാർഥന നടക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളും അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നത് നോക്കി നിന്നു. തണുപ്പ് എല്ലിൽ കുത്തുന്നുണ്ട്. വിശപ്പ് പെരുമ്പറ കൊട്ടുന്നുണ്ട്. കയ്യിലുള്ള തുളവീണ സ്വറ്ററിന് തണുപ്പിനെ പ്രതിരോധിക്കാൻ ഒട്ടുമേ പറ്റുന്നില്ല. ഒരു സൂപ്പ് കിട്ടിയാൽ എത്ര നന്നായിരുന്നു, ഒരു പടിഞ്ഞാറൻ കഥാപാത്രം പറയാനിടയുള്ള ആത്മഗതം! സത്യത്തിൽ ചൂടുള്ള ഒരു കിണ്ണം കഞ്ഞിയായിരുന്നു ആഗ്രഹിച്ചത്. രാത്രി ഉറക്കം കിട്ടിയാൽ ഭക്ഷണം വേണ്ട.
ഞാൻ പള്ളിമുറ്റത്ത് തന്നെ നിന്നു. അകത്തു കയറാമോ? കയറിയിട്ടെന്ത്? കുറേ നേരം അങ്ങിനെ നിന്നു. മഞ്ഞ് ശക്തമായി പെയ്യുന്നുണ്ട്. പള്ളിയിലെ ദീപപ്രഭയിലും റോഡിലെ ലൈറ്റ് പോസ്റ്റിനു കീഴിലും മഞ്ഞു വീഴുന്നത് ശരിക്കും കാണാം. തോർത്തെടുത്ത് തലയിൽ കെട്ടി. പക്ഷെ  മൂക്കൊലിപ്പിന് കുറവൊന്നുമില്ല. അപ്പോഴാണ് ഒരു കരോൾ സംഘം റോഡിലൂടെ വന്നത്. അവർ ഈ പള്ളിയുമായി ബന്ധപ്പെട്ടവരല്ല. ഞാൻ റോഡിലേക്കിറങ്ങി. സാന്ത എന്നെ കണ്ടതുകൊണ്ടെന്ന വണ്ണം നിന്നു. പെട്ടെന്ന് ഒരു മിഠായി എടുത്ത് നീട്ടി. ഹാപ്പി ക്രിസ്മസ് പറഞ്ഞു. ഞാനാ മിഠായി വായിലിട്ടു. കരോൾ സംഘത്തിന്റെ പിന്നിൽ ചെന്ന് നിന്നു.

പാട്ടുകളും സ്ത്രോത്രങ്ങളും തമിഴിലാണ്. അതിനാൽ കൂടെ പാടാനായില്ല. കരോൾ സംഘം വീടുകളിൽ കയറി ഇറങ്ങുന്നു. പണം പിരിക്കുന്നു. ചില വീടുകളിൽ നിന്നും കേക്കും മറ്റും കിട്ടുന്നുണ്ട്. കരോളിന്റെ ആവേശവും ഉൽസാഹവും എന്നെ മുന്നോട്ടു തന്നെ നടത്തി. ഒരു വീട്ടിൽ നിന്ന് സാന്തക്ക് ഒരു പൊതിച്ചോറ് കിട്ടി. സാന്തക്ക് മാത്രമേയുള്ളൂവെന്ന് വീട്ടുകാരൻ തമിഴിൽ പറയുന്നത് ഞാനും കേട്ടു. സാന്ത ഒരു പിടി മിഠായി ആ വീട്ടിലെ കുട്ടികൾക്ക് കൊടുത്തു. അവിടെ നിന്നും ഇറങ്ങി അൽപ്പം നടന്നപ്പോൾ സാന്ത എന്നെ അടുത്തേക്ക് വിളിച്ചു. പശിക്കിതാ, സാപ്പിട്- ഇങ്ങിനെ പറഞ്ഞ് ആ പൊതി എനിക്ക് നീട്ടി. ഒരു പബ്ലിക്ക് ടാപ്പിനടുത്തുവെച്ചാണ് സാന്ത എനിക്ക് പൊതി തന്നത്. ഞാൻ കൈ കഴുകി. പൊതി തുറന്നു. ചോറും അപ്പവും ഇറച്ചിക്കറിയും. ഞാനത് വാരി വാരി തിന്നു. അതിനിടെ സാന്തയേയും കരോൾ സംഘത്തേയും മറന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവരെയൊന്നും കാണാനില്ല. അവർ നടന്നു മറഞ്ഞിരുന്നു. അതുവരെ നടന്നത് ഒരു സ്വപ്നമായിരുന്നുവോ എന്ന തോന്നൽ എനിക്കുണ്ടായി. എന്നാൽ സാന്ത തന്ന മിഠായിയുടെ വർണ്ണ ചിത്രങ്ങളുള്ള കവർ എന്റെ കീശയിൽ തന്നെയുണ്ടായിരുന്നു. അപ്പോൾ ഒരു പള്ളി മണിയുടെ ശബ്ദം കേട്ട പോലെ തോന്നി. ജീസസ്, ഞാനിന്ന് സാന്തയെ കണ്ടു. ഇങ്ങിനെ പിറുപിറുത്ത് രാത്രിയുറക്കത്തിന് സൗജന്യ സത്രങ്ങൾ തേടി പിന്നെയും ഞാൻ അലഞ്ഞു തുടങ്ങി.

2

1988ൽ മമ്പാട് എം.ഇ.എസ് കോളേജിൽ പഠിക്കുമ്പോൾ ക്രിസ്മസ് രാവിൽ ഞങ്ങൾ മെൻസ് ഹോസ്റ്റലിലെ കുട്ടികൾ കരോൾ സംഘമായി ഇറങ്ങി. പ്ലാസ്റ്റിക്ക് ബക്കറ്റുകളിൽ മെഴുകുതിരികൾ കത്തിച്ചുവെച്ച് കാണാ പാഠം പഠിച്ച കരോൾ പാട്ടുകളുമായി വീടുകളിൽ കയറി ഇറങ്ങി. ചില വീട്ടുകാർ രസിച്ചു. ചിലർ ചീത്ത വിളിച്ചു. ഒരു വീട്ടിൽ നിന്ന് (ചുമരിൽ ക്രിസ്തുവിന്റെ ചിത്രമുള്ള വീടായിരുന്നു) ചോദിച്ചു, നിങ്ങൾ ഏത് ഇടവകയിലെ കരോളുകാരാ?

ഏറ്റവും വലിയ പലസ്തീനി ജീസസ് ആണ്. ഏറ്റവും വലിയ പോരാളിയും- പലസ്തീൻ കവി നജ്വാൻ ദർവിശ് എന്നോട് പറഞ്ഞു. ഗാസ കത്തിയമർന്ന് ഏതാണ്ട് 15,000ത്തോളം പേർ മരിച്ചു കഴിഞ്ഞ സന്ദർഭത്തിൽ ഏറ്റവും വലിയ പലസ്തീൻ പോരാളിയെ ലോകം എങ്ങിനെയാണ് ഓർക്കേണ്ടത്? കുരിശിനും ബോംബുകൾക്കുമിടയിൽ ക്രിസ്മസ് അതിന്റെ അർഥം ഉൾക്കൊള്ളുന്നുണ്ടോ? ഇന്നുണ്ടായിരുന്നെങ്കിൽ ഗസ്സയിൽ ജീസസ് എന്തായിരിക്കും ചെയ്യുക? സംശയിക്കേണ്ട. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുമായിരുന്നു.

ഈ വർഷത്തെ പുൽക്കൂടുകളിലൊന്ന് യേശു പരിവർത്തിപ്പിച്ചത് എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ബെത്ലഹേമിൽ തന്നെയാണ് ആ പുൽക്കൂട്. ബോംബിംഗിൽ തകർക്കപ്പെട്ട വീടുകളുടെ കൽക്കഷ്ണങ്ങളും ഇഷ്ടികച്ചീളുകളും മരക്കഷണങ്ങളും ചേർത്താണ് ഈ പുൽക്കൂടുണ്ടാക്കിയിരിക്കുന്നത്.

ജറുസലേമിലെ ക്രിസ്ത്യൻ ലൂഥറൈൻ ചർച്ചിൽ ബോംബിംഗിൽ തകർന്ന അവശിഷ്ടങ്ങൾ ഉപയോ​ഗിച്ചുണ്ടാക്കിയ പുൽക്കൂട്. കടപ്പാട്:newarab.com

ജറുസലേമിലെ ക്രിസ്ത്യൻ ലൂഥറൈൻ ചർച്ചിലാണ് ഇങ്ങനെയൊരു പുൽക്കൂട് ഈ ക്രിസ്മസ് കാലത്ത് ഒരുങ്ങിയിരിക്കുന്നത്. കെയ്റോയിൽ സോഷ്യോളജി പ്രൊഫസറായ അംറോ അലി, ഫെയ്സ് ബുക്ക് വാളിൽ ഡേവിഡ് അസർ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫുകൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ആ ചിത്രങ്ങൾ ഇന്ന് ലക്ഷക്കണിക്കാനുകൾ കണ്ടു കഴിഞ്ഞു. ആ പുൽ(കൽ)ക്കൂടിനുള്ളിൽ ഉണ്ണിയേശു പുതച്ചിരിക്കുന്നത് കഫിയ്യ (വെളുത്ത തുണിയിൽ കറുത്ത ചതുരക്കളങ്ങളുള്ള ഫലസ്തീൻ പുരുഷ ഹെഡ്സ്കാർഫ്) യാണ്. ആ കഫിയ്യ നൽകുന്ന സന്ദേശം ആരാണ് ഏറ്റവും വലിയ പലസ്തീൻ പോരാളി എന്നതു തന്നെയാണ്. കഫിയ്യ ധരിച്ച ഈ ഉണ്ണിയേശുവിൽ ഇസ്രായേൽ ഇല്ലാതാക്കിയ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പുനർജനിക്കുന്നു.  

3

അങ്ങിനെയിരിക്കുമ്പോഴാണ് ജിദ്ദയിലെ (സൗദി) ഞങ്ങളുടെ ബാച്ചിലർ മുറിയിലേക്ക് 2006ൽ ജസ്റ്റിൻ ജോസഫ് സഹമുറിയനായി വന്നത്. അവിടെ ചർച്ചില്ല. ഞായറാഴ്ച്ചകളിൽ പള്ളിയിൽ പോകാനാകാതെ അയാൾ ഉഴറും. പ്രാർഥന എവിടയെുമാകാമല്ലോ, ഞാനയാളെ ആശ്വസിപ്പിക്കും. അതിനിടെ പെസഹ വന്നു. ഞങ്ങളുടെ മുസല്ലകൾ (നമസ്ക്കാരപടങ്ങൾ) മടക്കിവെച്ചിരിക്കുന്ന മുറിയിൽ ഒരു പാട്ടുശകലമുയർന്നു-

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ,
എന്മനോവാക്കിൻവശമ്പോൽ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷർക്കുവന്ന സർവ്വദോഷത്തരത്തിനായ്
സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
സർവനന്മക്കടലോന്റെ, സർവ്വപങ്കപ്പാടുകണ്ട
സർവ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
കുന്തമമ്പ് വെടി ചങ്കിൽക്കൊണ്ടപോലെ മനംവാടി
തൻ തിരുക്കാൽ കരങ്ങളും തളർന്നു പാരം
ചിന്തമെന്തു കണ്ണിൽനിന്നു ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സർവ്വനാഥൻ തൻതിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!

അങ്ങിനെയാണ് ആദ്യമായി അർണോസ് പാതിരിയെ, അദ്ദേഹത്തിന്റെ യേശുവിനെ അറിയുന്നത്. ഇന്നോർക്കുമ്പോൾ ജസ്റ്റിൻ ഇതു പാടി കേട്ട ദിവസം എന്നെ സംബന്ധിച്ച് ക്രിസ്തുവിന്റെ ജീവിതാർത്ഥം മേരിയുടെ കണ്ണുനീർ തുള്ളിയിൽ പ്രതിഫലിച്ച് ആത്മാവിന്റെ കാചത്തിൽ അണയാതെ നിന്നു.

അർണോസ് പാതിരി

 2018ൽ മൈക്കലാഞ്ചലോയുടെ പിയാത്തെ നേരിൽ കാണാൻ എനിക്ക് അവസരം കിട്ടി. പക്ഷെ അർണോസിൽ വായിച്ച വ്യാകുല മാതാവ് എന്ന പ്രയോഗത്തിന്റെ ആഘാതത്തിൽ നിന്നും മോചിതനാകാൻ ഇനിയും കഴിയാത്തതിനാൽ എന്റെ ചെറു ഭാഷയിലെ വ്യാകുല മാതാവ് തന്നെയാണ് പിയാത്തേക്കും മുകളിൽ നിൽക്കുന്നത് എന്നു തന്നെ തോന്നി. വെണ്ണക്കൽ ശിൽപ്പമേ ക്ഷമിക്കുക എന്ന് പ്രാർഥിച്ചു. ഒരു മാതാവിന്റേയും വ്യാകുലത ഒരു കാലത്തും അവസാനിക്കാത്തതിനാലാണ് അങ്ങിനെ തോന്നിയത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയുടെ ദി മഡോണ ഡെല്ല പിയാത്തെ.

യേശു ഉയർത്തെഴുന്നേറ്റതോടെ പിയാത്തെ ആ ജീവിതത്തിലെ നിരവധി രക്തസന്ദർഭങ്ങളിൽ ഒന്നുമാത്രമായി എന്നും വത്തിക്കാനിൽ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആ വെണ്ണക്കൽ ശിൽപ്പം കണ്ടു കൊണ്ടു നിന്നപ്പോൾ തോന്നി.

4

പനാമയിലെ പോർട്ടോബെലോയിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്കാ പള്ളിയിലെ കറുത്ത ക്രിസ്തുവിന്റെ രൂപം. കടപ്പാട്:wikipedia

ജിദ്ദയിൽ ജീവിക്കുമ്പോൾ റെക്സ് എന്നൊരു ആഫ്രിക്കൻ സുഹൃത്തുണ്ടായിരുന്നു. പനാമയിലെ  “കറുത്ത ക്രിസ്തു ” ആഘോഷം കഴിഞ്ഞെത്തിയ അദ്ദേഹം നിരവധി ചുരുൾ ചിത്രങ്ങളുമായി വന്നു. എല്ലാം കറുത്ത ക്രിസ്തുമാർ. അത് ക്രിസ്തുവിനെ കുറിച്ചുള്ള, ക്രിസ്മസിനെക്കുറിച്ചുള്ള മറ്റൊരാഖ്യാനത്തിലേക്ക് നയിച്ചു. അതിനു മുമ്പ് കറുത്ത ക്രിസ്തു എന്ന സങ്കൽപ്പത്തെക്കുറിച്ച് കേട്ടിട്ടില്ല. പലർക്കുമൊപ്പം കോവിഡ് റെക്സിനേയും കൊണ്ടു പോയി. അവന്റെ അവസാന സന്ദേശം ഇങ്ങിനെയായിരുന്നു: “ഈ രോഗം എന്നെ ഇല്ലാതാക്കും. മറുലോകത്ത്  ഞാൻ എനിക്കു സ്വന്തമായ കറുത്ത ക്രിസ്തുവിൽ ലയിക്കും.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read