കോടതി വിലക്കിയിട്ടും നിർമ്മാണം തുടരുന്ന ടെന്റ് സിറ്റി

ടെന്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ലക്ഷദ്വീപിലെ അഗത്തി തീരത്ത് സ്വകാര്യ കമ്പനി ആരംഭിച്ച അനധികൃത നിർമ്മാണ പ്രവർത്തികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പതിറ്റാണ്ടുകളായി അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചുവരുന്ന തീരം കയ്യേറിയാണ് ഗുജറാത്ത് ആസ്ഥാനമായ പ്രവേഗ് ലിമിറ്റഡ് അനധികൃത നിർമ്മാണം നടത്തുന്നത്. ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള മാർഗ്ഗനിർദ്ദേശ രേഖയായ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെൻറ് പ്ലാൻ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കുന്ന എൻ.ഡി.എസ് (നോൺ ഡെവലപ്മെന്റ് സോൺ) മേഖലയിലാണ് വലിയ കുഴികൾ എടുത്തും കനത്ത കോൺക്രീറ്റ് അടിത്തറ പാകിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അഗത്തിയിലെ നൂറോളം നിവാസികൾ ലക്ഷദ്വീപ് കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിക്ക് സംയുക്തമായി നൽകിയ പരാതിയിൽ പറയുന്നു.

ടെന്റ് സിറ്റിക്കായി തീരത്ത് കുഴിയെടുക്കുന്നു.

മത്സ്യബന്ധന ആവശ്യങ്ങൾക്കായി പാരമ്പര്യമായി ഉപയോഗിച്ചു വരുന്ന തീരം പിടിച്ചെടുക്കുന്നതിനായി അഗത്തി ഡെപ്യൂട്ടി കളക്ടർ പുറപ്പെടുവിച്ച അടിയന്തിര നോട്ടീസിനെതിരെ അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികളുടെ എതിർപ്പുകൾ പരിഗണിക്കുന്നതിനായി തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കോടതി നിർദ്ദേശം മറികടന്നുകൊണ്ട് അഗത്തി ഡെപ്യൂട്ടി കളക്ടർ അനധികൃത നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് ലക്ഷദ്വീപ് കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിക്ക് സംയുക്തമായി നൽകിയ പരാതിയിൽ അഗത്തിയിലെ ജനങ്ങൾ ആരോപിക്കുന്നു.

കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിക്ക് നൽകിയ പരാതി.

അഗത്തി ദ്വീപിലെ പടിഞ്ഞാറെ ജെട്ടി മുതൽ വടക്കോട്ടുള്ള 5,000 ചതു. മീറ്റ‍ർ (1.235527 ഏക്ക‍ർ) തീരമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രവേഗ് ലിമിറ്റഡിന്റെ ടെൻ്റ് സിറ്റി നിർമ്മാണത്തിനായി മത്സ്യത്തൊഴിലാളികളിൽ നിന്നും പിടിച്ചെടുക്കുന്നത്. ‘അക്രീറ്റഡ് ഗവൺമെന്റ് ലാന്റി’ലെ കയ്യേറ്റങ്ങളെല്ലാം മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം റവന്യൂ വകുപ്പെത്തി നേരിട്ട് നീക്കം ചെയ്യുമെന്നും അതിനുള്ള ചെലവ് മത്സ്യത്തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും അറിയിച്ചുകൊണ്ട് അടിയന്തിര നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് അഗത്തി ഡെപ്യൂട്ടി കളക്ടർ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ ആരംഭിച്ചത്. അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ പതിറ്റാണ്ടുകളായി മത്സ്യബന്ധന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തീരത്തെ ബോട്ടുകളും ചെറുവള്ളങ്ങളും ബോട്ട് വലിക്കുന്ന അഴികളും മീൻ ഉണക്കുന്നതിനും മാസാക്കുന്നതിനുമുള്ള ഉപകരണങ്ങളും ഷെഡുകളും എല്ലാം കയ്യേറ്റങ്ങൾ ആയി കണക്കാക്കിയാണ് അഗത്തി ഡെപ്യൂട്ടി കളക്ടർ മത്സ്യത്തൊഴിലാളികൾക്ക് 2024 മാർച്ച് 1 ന് അടിയന്തിര നോട്ടീസ് നൽകിയത്.

ഡെപ്യൂട്ടി കളക്ടറുടെ അടിയന്തിര നോട്ടീസ്.

തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളുടെ താത്കാലിക ഷെഡുകളും ബോട്ട് യാ‍ർഡുകളും നീക്കം ചെയ്യുവാനായി മുൻപ് ഡെപ്യൂട്ടി കളക്ടറിൽ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്ന് അഗത്തിയിലെ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയായ മത്സ്യോൽപ്പന്ന മത്സ്യബന്ധനോപകരണ സഹകരണ സംഘം പ്രസിഡന്റ് അബ്ദുൽ നാസ‍ർ 2021 ജനുവരി 8 ന് ലക്ഷദ്വീപ് കോസ്റ്റൽ മാനേജ്മെൻറ് അതോറിറ്റിക്ക് നിവേദനം നൽകിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതികൾ മുൻനി‍ർത്തി, ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിലെയും ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെൻറ് പ്ലാനിലെയും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി കോസ്റ്റൽ മാനേജ്മെൻറ് അതോറിറ്റി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാ‌ർഗങ്ങൾ സംരക്ഷിക്കണമെന്ന് അഗത്തി ഡെപ്യൂട്ടി കളക്ടർക്കും സബ് ഡിവിഷണൽ ഓഫീസർക്കും കത്ത് നൽകിയിരുന്നു. ബോട്ട് യാ‍ർഡും മീൻ ഉണക്കുന്ന ഷെഡും ഐസ് പ്ലാന്റും ക്രഷിങ്ങ് യൂണിറ്റും അടക്കം മത്സ്യബന്ധനത്തിന് ആവശ്യമായവ നോൺ ഡെവലപ്പ്മെന്റ് സോണിൽ അനുവദനീയമാണെന്ന് കോസ്റ്റൽ മാനേജ്മെൻറ് അതോറിറ്റി മെമ്പർ സെക്രട്ടറി പി. പൂക്കോയ 2021 ഫെബ്രുവരി 9 ന് ഡെപ്യൂട്ടി കളക്ടർക്ക് നൽകിയ ഈ കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശങ്ങൾ അവഗണിക്കുകയും ഷെഡുകൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുകയുമായിരുന്നു അഡ്മിനിസ്ട്രേഷൻ എന്ന് മത്സ്യോൽപ്പന്ന മത്സ്യബന്ധനോപകരണ സഹകരണ സംഘം പ്രസിഡന്റ് അബ്ദുൽ നാസർ കേരളീയത്തോട് പറഞ്ഞു.

ടെന്റ് സിറ്റിക്കായി നിലമൊരുക്കുന്നു.

പ്രവേഗ് ലിമിറ്റഡിന്റെ ടെൻ്റ് സിറ്റി നിർമ്മാണത്തിന് നിലമൊരുക്കുന്നതിനായി മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നതിന് അഗത്തി ഡെപ്യൂട്ടി കളക്ടർ 2024 മാർച്ച് 1 ന് പുറപ്പെടുവിച്ച അടിയന്തിര നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. പരാതി പരിഗണിച്ച ഹൈക്കോടതി മത്സ്യത്തൊഴിലാളികളുടെ എതിർപ്പുകൾ സ്വീകരിക്കുന്നതിനായി 15 ദിവസം അനുവദിച്ചുകൊണ്ട് തുടർനടപടികൾ നിർത്തിവയ്ക്കാനായി ഏപ്രിൽ 2 ന് ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് ഏപ്രിൽ 15 മുതൽ മെയ് 17 വരെ സിവിൽ കോടതി വേനലവധിയിൽ പ്രവേശിച്ചു. കോടതി നിർദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച എതിർപ്പുകൾ അവഗണിച്ചുകൊണ്ട് അഗത്തി ഡെപ്യൂട്ടി കളക്ടർ ഈ അവസരത്തിൽ അടിയന്തിരമായി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാനായി ഏപ്രിൽ 26 ന് മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.

കോടതി ഉത്തരവ്.

കോടതി നടപടികൾ ഭയന്ന് അഗത്തി തീരത്തെ സി.ആ‍ർ.സെഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ) പരിധിയിയിലെ നി‍ർമ്മാണങ്ങൾ പൊളിച്ചുമാറ്റിയ പ്രവേഗ് ലിമിറ്റഡ് അക്രീറ്റഡ് ലാന്റിൽ നി‍ർമ്മാണ പ്രവർത്തികൾ തുടരുകയാണെന്ന് അബ്ദുൽ നാസർ പറയുന്നു.

അബ്ദുൽ നാസർ.

”കടലിന്റെ കറന്റ് മാറുന്നതിനനുസരിച്ച് എർത്ത് മൂവ്മെന്റ് ഉണ്ടാവുന്നതിനെ തുടർന്ന് ഇങ്ങോട്ട് കേറിയ മണലാണ് അക്രീറ്റഡ് ലാന്റ് എന്ന് പറയുന്നത്. വേറൊരു സ്ഥലം അത്രയും ഇടിഞ്ഞ് വെള്ളത്തിലായിട്ടാണ് അവിടുന്ന് ഈ മണൽ ഇങ്ങോട്ട് വന്ന് കേറുന്നത്. തെക്ക് ഭാഗത്ത് ഒരുപാട് സ്ഥലം ഇങ്ങനെ വെള്ളത്തിൽ ആയിട്ടുണ്ട്. സർവ്വെ ചെയ്യപ്പെട്ടിട്ടുള്ള സ്ഥലമാണത്. ആ സ്ഥലത്തിലുള്ള മണ്ണാണ് ഇങ്ങോട്ട് വന്ന് കയറിയത്. ഈ സ്ഥലമാണ് അക്രീറ്റഡ് ലാന്റ് ആണ് എന്ന് പറഞ്ഞ് ഗവൺമെന്റ് കൈവശപ്പെടുത്തിയിരിക്കുന്നത്. അവിടെയാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്.” അബ്ദുൽ നാസർ വിവരിച്ചു.

‘ആൾ അക്രീറ്റഡ് ലാന്റ് ഈസ് ഗവൺമെന്റ് ലാൻഡ്’ എന്നാണ് തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടർ പുറപ്പെടുവിച്ച അടിയന്തിര നോട്ടീസിൽ അവകാശപ്പെടുന്നത്. എന്നാൽ പതിറ്റാണ്ടുകളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന തീരമേഖലയാണിത്. 1991-ലെ CRZ വിജ്ഞാപനത്തിനു പകരമായി 2011 ൽ പുതുക്കിയ CRZ വിജ്ഞാപനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണവും തീരദേശ പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്നതാണ്. അതോടൊപ്പം തന്നെ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതും വലിയ നിർമ്മാണങ്ങൾ നടത്തുന്നതും ഉൾപ്പെടെ വ്യാവസായിക, നിർമ്മാണ പ്രവർത്തനങ്ങളും പുതുക്കിയ CRZ വിജ്ഞാപനം നിയന്ത്രിക്കുന്നു. എന്നാൽ തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ പുറത്താക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കോടതി വിലക്കുകൾ മറികടന്ന് ടെന്റ് സിറ്റ് നിർമ്മാണത്തിനായി പ്രവേഗ് ലിമിറ്റഡിന് അഗത്തിയുടെ തീരം കൈമാറിയിരിക്കുന്നു.

തീരത്തെ നിർമ്മാണ പ്രവർത്തികൾ.

അഗത്തിയിലെ പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവേഗ് ലിമിറ്റഡിന് ടെൻ്റ് സിറ്റി നിർമ്മിക്കാനായി തീരം പിടിച്ചെടുക്കുന്ന ഡെപ്യൂട്ടി കളക്ടറും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും അഗത്തിയിലെ 60 ശതമാനം മനുഷ്യരുടെയും ജീവനോപാധിയാണ് ഇല്ലാതാക്കുന്നത്. അഗത്തിയിൽ 150 ഓളം ബോട്ടുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ട്. തീരഭൂമി ഇല്ലാതാകുന്നതോടെ ബോട്ടുകൾ കയറ്റിവെക്കുന്നതിനും മീൻ ഉണക്കുന്നതിനും മാസാക്കുന്നതിനും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ ഇടം ഇല്ലാതാവും. അയോധ്യയിലും വാരണാസിയിലും നർമ്മദയിലും ഉൾപ്പെടെ അത്യാഡംബര ടെന്റ് സിറ്റികൾ സ്ഥാപിച്ചിട്ടുള്ള പ്രവേഗ് ലിമിറ്റഡ് 15,000 മുതൽ 20,000 വരെ ഓരോ ദിവസവും ഓരോ ടെന്റിൽ നിന്നും വരുമാനം കണ്ടെത്തുമ്പോൾ അഗത്തിയിലെ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും ദരിദ്രരാവും. ജനജീവിതത്തെ എന്നപോലെ ദ്വീപിൻ്റെയും ലഗൂണുകളുടെയും ആവാസ വ്യവസ്ഥയെയും ടെൻ്റ് സിറ്റിയുടെ നിർമ്മാണവും പ്രവർത്തനവും സാരമായി ബാധിക്കും എന്ന ആശങ്കയിലാണ് അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ.

അഗത്തിയിലെ 50 ടെന്റുകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ 400 ആഢംബര ടെന്റുകൾക്കാണ് പ്രവേഗ് ലിമിറ്റഡിന് അനുമതി നൽകിയിട്ടുള്ളത്. അഗത്തിയിലെ ടെൻ്റുകളോടൊപ്പം തിണ്ണകര ദ്വീപിൽ 200 ആഢംബര ടെന്റുകളും ബംഗാരം ദ്വീപിൽ 150 ആഢംബരം ടെന്റുകൾക്കും പ്രവേഗ് ലിമിറ്റഡിന് അനുമതി ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഢ പട്ടേൽ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ദാദ്ര നാഗ‍‍‍ർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റികൾ അനുവദിച്ചിട്ടുണ്ട്. ദാമൻ-ദിയുവിൽ ചക്രതീ‍‍ർത്ഥ് ബീച്ചിലും ജാംപോർ ബീച്ചിലും ഘോഗ്ല ബീച്ചിലും പ്രവേഗിന്റെ ടെൻ്റ് സിറ്റികളും ബീച്ച് റിസോ‍‍ർട്ടുകളും പ്രവ‍ർത്തിക്കുന്നുണ്ട്. പ്രഫുൽ ഖോഢ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി എത്തിയതിന് ശേഷമുള്ള ജനദ്രോഹ നടപടികളുടെ തുടർച്ചയായാണ് ടെന്റ് സിറ്റി പദ്ധതിയെ അഗത്തിയിലെ ജനങ്ങൾ കാണുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഗത്തിയിൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന തീരം പിടിച്ചെടുത്തുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കിക്കൊണ്ട് ടൂറിസം നടപ്പിലാക്കരുതെന്നും തിണ്ണകര, ബംഗാരം ഉൾപ്പെടെ ടൂറിസത്തിനായി വകയിരുത്തിയിട്ടുള്ള ദ്വീപുകളിൽ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കാത്ത രീതിയിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കണമെന്നുമാണ് അഗത്തി നിവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read