കർഷക സമരത്തിലെ ശരിക്കും വില്ലൻ അബുദാബിയിൽ വരും

കർഷക സമരത്തിൻ്റെ ആവശ്യങ്ങളിൽ ഏറ്റവും പുതുമയുള്ളത് ‘ലോക വ്യാപാര സംഘത്തിൽ നിന്നും ഇന്ത്യ പിന്മാറണം’ എന്നതാണ്. എന്നുവെച്ചാൽ കൃഷിക്കാർ മർമ്മത്തിൽ തന്നെ പിടിച്ചിരിക്കുന്നു. കഴിഞ്ഞ 30 വർഷമായി കടക്കെണി, ആത്മഹത്യ, വിലത്തകർച്ച, വിളനാശം എന്നീ ചതുർദോഷങ്ങൾ ഒരുമിച്ച് ഇന്ത്യൻ കാർഷിക ജീവിതത്തെ വേട്ടയാടുന്നതിൻ്റെ ഒന്നാംപ്രതി ലോക വ്യാപാര സംഘമാണ്. 1996 ൽ ലോക വ്യാപാര സംഘം സ്ഥാപിതമായതിന് ശേഷം, സ്വതന്ത്ര വാണിജ്യക്കരാറുകളിൽ ഒപ്പിട്ടതിൻ്റെ ഫലമായി നമ്മുടെ കൃഷിക്കാർക്ക് ഓരോ വർഷവും ഏറ്റവും കുറഞ്ഞ നഷ്ടം 12 ലക്ഷം കോടി രൂപ വരും. എന്നാൽ വളം, വെള്ളം, വൈദ്യുതി, വായ്പ, ഇൻഷ്വറൻസ്, താങ്ങുവില എന്നീ ഇനങ്ങളിൽ കൃഷിക്ക് സബ്സിഡിയായി കേന്ദ്രം കൊടുത്തതാകട്ടെ 1.21 ലക്ഷം കോടി രൂപ മാത്രവും. 2022 ൽ കൃഷിക്കാർക്ക് കിട്ടാതെ പോയ വരുമാനം 14 ലക്ഷം കോടി രൂപയെങ്കിൽ, കർഷക സഹായത്തിന് വകയിരുത്തിയത് 1.25 ലക്ഷം കോടിയേയുള്ളൂ.

മോദി പ്രചാരകർ ആർപ്പുവിളിക്കും പോലെ പ്രധാനമന്ത്രി ഇന്ത്യയുടെ പരമാധികാരത്തിൻ്റെ ഉരുക്കുപ്രതീകമായ മനുഷ്യാവതാരമാണെങ്കിൽ, അത് ശരിക്കും കാണിക്കാൻ ഏറ്റവും നല്ല അവസരം മോദിക്ക് കൃഷിക്കാർ കൊടുത്തിരിക്കുന്നു. കാരണം ഇന്ത്യയുടെ പരമാധികാരത്തെ കൈയേറ്റം ചെയ്യുകകയാണ് ലോക വ്യാപാര സംഘം. കൃഷിക്കാർ എന്ത് കൃഷി ചെയ്യണം, അവ എത്ര വിലയ്ക്ക് വിൽക്കണം, ആർക്ക് വിൽക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ലോക വ്യാപാര സംഘമായിട്ടുണ്ട്. ഇന്ത്യാ ഗവൺമെൻ്റ് കൃഷിക്കാർക്ക് സബ്സിഡി കൊടുക്കരുത്; താങ്ങുവിലയും ഭക്ഷ്യസംഭരണവും എടുത്തുകളയുക; ഇതൊക്കെ അവർ ദശകങ്ങളായി നിർബ്ബന്ധിക്കുന്നു.

ശംഭു അതിർത്തിയിൽ തടഞ്ഞ കർഷകരുടെ ട്രക്ക്. കടപ്പാട്:sputniknews

പുറമേക്ക് സ്വദേശീപ്രണയം നടിക്കുന്ന മോദിസർക്കാർ ഉള്ളാലെ ലോക വ്യാപാരസംഘത്തെ അപ്പാടെ അനുസരിക്കാൻ തിടുക്കം കൂട്ടുന്ന നടത്തിപ്പുകാരായി മാറുകയാണ്. ഇപ്പോൾ കർഷക സമരത്തിൽ ഒത്തുതീർപ്പ് ചർച്ചക്ക് വന്നതിൽ പ്രധാനിയാരാണെന്നും, അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും നോക്കുക. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് സർക്കാരിൻ്റെ ഭാഗമായി വന്ന പ്രമുഖൻ. കൃഷിക്കാർ അരിക്കും ഗോതമ്പിനും പകരം മറ്റുവിളകൾ കൃഷി ചെയ്താൽ – വൈവിധ്യവൽക്കരണം നടത്തി-അവർക്ക് രക്ഷപ്പെടാമെന്നാണ് പീയുഷ് ഗോയൽ പറഞ്ഞത്. അതായത് അരിക്കും ഗോതമ്പിനും മറ്റും താങ്ങുവില ഉറപ്പാക്കുമെന്നോ സർക്കാർ സംഭരിക്കുമെന്നോ വിചാരിക്കേണ്ട. രക്ഷപ്പെടണമെങ്കിൽ ലോക വ്യാപാരസംഘം പറയുന്ന പ്രകാരം ഗ്ലോബൽ കോർപ്പറേറ്റ് മാർക്കറ്റിന് വേണ്ടത് ഉത്പാദിപ്പിക്കുക!

കൃഷിയെന്നത് ലോക വ്യാപാര സംഘടനക്ക് ഒരു അന്താരാഷ്ട്ര വാണിജ്യ വിഷയം മാത്രമാണ്. ഭക്ഷ്യവിഭവങ്ങളെ വാണിജ്യച്ചരക്കുകളായി കാണാൻ സർക്കാരുകളെ പരിശീലിപ്പിക്കുന്ന കോർപ്പറേറ്റുകളുടെ സംഘമാണ് ലോക വ്യാപാര സംഘടന. മാത്രമല്ല ഈ ഫെബ്രുവരി 26ന് അബുദാബിയിൽ ലോക വ്യാപാര സംഘത്തിൻ്റെ ഏറ്റവും ഉന്നത സമിതി-മന്ത്രിതല സമ്മേളനം നടക്കാൻ പോകുകയാണ്. ഇന്ത്യ താങ്ങുവിലയും ഭക്ഷ്യസംഭരണവും ഭക്ഷ്യസുരക്ഷാപദ്ധതിയും ഉടനടി നിർത്തണമെന്നതാകും അതിലെ ഏറ്റവും മുന്തിയ സമ്മർദ്ദം. അതുകൊണ്ട് ശരിക്കും കേന്ദ്രസർക്കാർ വെട്ടിൽ വീണിരിക്കുന്നു. ഒരുവശത്ത് തെരഞ്ഞെടുപ്പിൻ്റെ കേളികൊട്ട്, ഒപ്പം തലസ്ഥാനാതിർത്തിയിൽ കർഷക മാർച്ചിൻ്റെ ട്രാക്ടറുകളുടെ മുരൾച്ച. അതിനിടയിൽ അബുദാബിയിൽ ലോക വ്യാപാര സംഘത്തിൻ്റെ മീറ്റിംഗും.

കോർപ്പറ്റേറ്റുകളിൽ നിന്നും ഇലക്ട്രൽ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ കാശ് കിട്ടിയ പാർട്ടി ബി.ജെ.പിയാണല്ലോ. കഴിഞ്ഞ കർഷകസമരത്തിൻ്റെ ക്ഷിപ്ര കാരണം, ഇന്ത്യൻ കാർഷികവിപണി ‘സ്വതന്ത്ര വ്യാപാരം’ എന്ന വ്യാജേന കോർപ്പറ്റേറ്റുകൾക്ക് സ്വൈര്യം മേയാൻ മൂന്ന് വ്യാപാരനിയമങ്ങൾ കൊണ്ടുവന്നതാണ്. സമരത്താൽ നിയമങ്ങൾ മരവിപ്പിച്ചെങ്കിലും അന്നത്തെ ഒത്തുതീർപ്പ് വ്യവസ്ഥകൾ ഒന്നും തന്നെ കേന്ദ്രം നടപ്പാക്കിയില്ല. കാരണം ഇന്ത്യൻ കാർഷിക വിപണിയിൽ കണ്ണുനട്ടിരിക്കുന്ന അദാനി ആദിയായ ഒരുപിടി ആഗോള കോർപ്പറേറ്റുകൾ വേണോ, അതോ 58 ശതമാനം വരുന്ന കാർഷിക ജനത വേണോ എന്ന കീറാമുട്ടി ഇനിയും ജനായത്തം പിടിവിടാത്ത ഇന്ത്യയിൽ ബി.ജെ.പിയുടെ തലവേദന തന്നെ.

ശംഭു അതിർത്തിയിലെ കർഷക പ്രക്ഷോഭം. കടപ്പാട്:timesofindia

ഫെബ്രുവരി 26 ന് ലോക വ്യാപാര സംഘത്തിൻ്റെ സമ്മേളനം നടക്കുന്ന അതേ ഗൾഫ് രാജ്യത്ത്-അബുദാബിയിൽ ഈ മാസം ഒരു ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഓർക്കുമല്ലോ. ഇന്ത്യക്കകത്ത് മാത്രമല്ല, ലോകതലത്തിൽ തന്നെ ക്ഷേത്രനിർമ്മാണം കൊണ്ട് വോട്ടർമാരെയും അതുവഴി സർക്കാർ നയങ്ങളെയും കൈയിലെടുക്കാം എന്ന പി.ആർ വർക്കുമായി ഇതിന് ബന്ധമുണ്ടാകും. കഴിഞ്ഞ വർഷം അമേരിക്കയിൽ ന്യൂ ജെഴ്സിയിൽ ഇതേമാതിരി 150 ദശലക്ഷം ഡോളർ മുടക്കി, പാശ്ചാത്യലോകത്തെ ഏറ്റവും വലിയ അമ്പലം-സ്വാമിനാരായൺ അക്ഷർധാം പണിത മതസംഘടനയാണ് അബുദാബിയിലും അതേ ക്ഷേത്രം ഇപ്പോൾ പണിത് മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്. അമേരിക്ക ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ ആഗോള താവളമായിട്ട് നാളുകളേറെയായി.

ഇവിടെ 2020-21 ലെ ഒന്നാം കർഷകസമരം ഒത്തുതീർപ്പിലെത്തിയപ്പോൾ, അമേരിക്കയിലെ 12 കോൺഗ്രസ് അംഗങ്ങൾ 2022 ജൂലായ് 1 ന് ഇന്ത്യക്കെതിരെ ജോ ബൈഡെന് പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യ ലോക വ്യാപാരസംഘത്തെ വേണ്ട പോലെ അനുസരിക്കുന്നില്ല, അതിനാൽ ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു അവരുടെ ശാഠ്യം. അതായത് ഇന്ത്യാ ഗവൺമെൻ്റ് അരിക്കും ഗോതമ്പിനും താങ്ങുവില ഇനിയും പിൻവലിക്കുന്നില്ല. ബജറ്റിൽ പണം നീക്കിവെച്ച് എഫ്.സി.ഐ വഴി കർഷകരിൽ നിന്നും കുറച്ചെങ്കിലും ധാന്യം സംഭരിക്കുന്നു. കൃഷിക്കാർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ന്യായവില പൊതുമാർക്കറ്റുകൾ – മണ്ഡികൾ പൂട്ടുന്നില്ല. ഇതുമൂന്നും ‘സ്വതന്ത്ര്യവ്യാപാര’ത്തിന് തടസ്സമാണ്. കൃഷിക്കാരിൽ നിന്നും വിലപേശി ഇഷ്ടാനുസരണം ചരക്കുകൾ കോർപ്പറേറ്റുകൾക്ക് വാങ്ങാൻ ഇന്ത്യയിലെ കാർഷിക ക്ഷേമനടപടികൾ സമ്മതിക്കുന്നില്ല. അതിനാൽ ലോകത്ത് കോർപ്പറേറ്റുകളുടെ കാർഷിക വ്യാപാര മുന്നേറ്റത്തിന് ഏറ്റവും തടസ്സം നിൽക്കുന്നു ലോക ജനസംഖ്യയുടെ 18 ശതമാനത്തിൽ താഴെ വരുന്ന ഇന്ത്യാ മഹാരാജ്യം. ഇത് മാറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ലോക വ്യാപാരസംഘടന എന്ന് കോർപ്പറ്റുകൾക്കുവേണ്ടി ശുപാർശ ചെയ്യുന്ന അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ അരിശം കൊള്ളുന്നു.

ലോക വ്യാപാര സംഘത്തിൻ്റെ ഉന്നത സമിതി-മന്ത്രിതല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ. കടപ്പാട്:bnnbreaking

ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പൊതുവിതരണ സംവിധാനം ഇന്ത്യയുടേതാണ്. പകുതിയിൽ താഴെ പരമ ദരിദ്രർ അധിവസിക്കുന്ന രാജ്യത്ത് റേഷൻ വിതരണം വഴി ധാന്യം കൊടുക്കുന്നതുകൊണ്ട് മാത്രമാണ് വിദേശ ഭരണകാലത്തെ പോലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ക്ഷാമമരണങ്ങൾ ഇപ്പോൾ കേൾക്കാത്തത്. 1943 ലെ ബംഗാൾ ക്ഷാമത്തിൽ മാത്രം മരണം 35 ലക്ഷം ആയിരുന്നു. അന്ന് രാജ്യത്ത് ഭക്ഷ്യധാന്യങ്ങൾ കൃഷിക്കാർ ഉത്പാദിപ്പിച്ചിരുന്നെങ്കിലും വിശക്കുന്നവരിൽ അവ എത്തിക്കാൻ പൊതുവിതരണ സംവിധാനമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പട്ടിണി മാറ്റാൻ കൃഷിക്കാരിൽ നിന്നും സർക്കാർ തന്നെ ധാന്യങ്ങൾ സംഭരിക്കുന്ന ‘ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ’ 1964 ൽ സ്ഥാപിച്ചത്. കൂടാതെ, കൃഷിക്കാരിൽ നിന്നും തുച്ഛം വിലയ്ക്ക് വിഭവങ്ങൾ വാങ്ങി കച്ചവടക്കാർ പൂഴ്ത്തിവെച്ച് ക്ഷാമം വരുത്താതിരിക്കാൻ താങ്ങുവില നിശ്ചയിച്ചു; അതുപ്രകാരം കൃഷിക്കാരിൽ നിന്നും അവ നേരിട്ട് സംഭരിക്കാൻ വ്യവസ്ഥയുണ്ടാക്കി. അതായത് പട്ടിണി മാറ്റാനും കൃഷിക്കാരെ സഹായിക്കാനും വേണ്ടിയാണ് കാർഷിക സബ്സിഡി സ്വതന്ത്ര ഇന്ത്യ കൊണ്ടുവന്നത്.

ലോക വ്യാപാര സംഘടന പഠിപ്പിക്കുന്നതുപോലെ അരിയും ഗോതമ്പും മറ്റും വെറും കോർപ്പറേറ്റ് കയറ്റിറക്കുമതി ചരക്കല്ല പരാമധികാര റിപ്പബ്ലിക്കായ ഇന്ത്യക്ക്. ആദ്യം അവ കൃഷിക്കാർക്കും പട്ടിണിക്കാർക്കും ജീവിത – ഭക്ഷ്യസുരക്ഷയത്രേ; അത് കഴിഞ്ഞുമതി കച്ചവടം. 1947 ന് ശേഷം 60 വർഷം കഴിഞ്ഞിട്ടും വിശപ്പ് ശമിപ്പിക്കാൻ വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവാണ്, 2014 ൽ മോദി ഭരണം പിടിക്കുന്നതിനു മുമ്പ്, ‘ഭക്ഷ്യസുരക്ഷാ നിയമം – 2013’ കൊണ്ടുവരാൻ കാരണമായത്. എന്നാൽ ഇന്ത്യയുടെ പട്ടിണിയോ കൃഷിക്കാരുടെ ആത്മഹത്യയോ അല്ല, അരിയുടെ കച്ചവടക്കുത്തക അദാനി ഉൾപ്പെടുന്ന ആഗോള കോർപ്പറേറ്റുകൾക്ക് തരപ്പെടുത്തണം. അതുമാത്രമാണ് അമേരിക്കയുടെയും ലോക വ്യാപാരസംഘത്തിൻ്റെയും അവർക്ക് സേവചെയ്യുന്ന മോദീസർക്കാരിൻ്റെയും ഉന്നം.

കർഷക സമര പ്രതിനിധികളുമായി ചർച്ച നടത്തുന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. കടപ്പാട്:indiatoday

ഇപ്പോൾ തന്നെ ഇന്ത്യയുടെ ഭക്ഷ്യയെണ്ണ സ്വായശ്രത്വവും പരമാധികാരവും അദാനിയും വിദേശ കൂട്ടാളികളും (അദാനി വിൽമർ) ചേർന്ന് പാമോയിൽ വ്യാപാരക്കുത്തക വഴി കീഴടക്കിയിരിക്കുന്നു. നമ്മുടെ എണ്ണ വൈവിധ്യം – വെളിച്ചെണ്ണ, കടലയെണ്ണ, എള്ളെണ്ണ, കടുകെണ്ണ, പരുത്തിയെണ്ണ എന്നിവയുടെ ചെറുകിട ഉല്പാദനവും ഉപഭോഗവും അട്ടിമറിയ്ക്കപ്പെട്ടു. എണ്ണക്കുരുക്കൾ, കാപ്പി, തേയില, റബ്ബർ, പരുത്തി എന്നിവയിൽ ചീപ്പ് ഇറക്കുമതി വഴി വിലത്തകർച്ച വന്നതുപോലെ അരി, ഗോതമ്പ് ഇവയിലും ഇന്ത്യയുടെ ഭക്ഷ്യ പരമാധികാരവും സ്വാശ്രയത്വവും തകർക്കുക എന്നതാണ് ഗ്ലോബൽ കോർപ്പറേറ്റ് സംഖ്യത്തിനായി ലോക വാണിജ്യ സംഘത്തിൻ്റെ ഉന്നം. അതാണ് ഭക്ഷ്യധാന്യ വിതരണത്തിലെ സമ്പൂർണ്ണമായ കോർപ്പറേറ്റ് അധിനിവേശം.

നാട്ടുഭക്ഷ്യയെണ്ണകളും നിരവധി വിളകളും പോലെ വൈവിധ്യമുള്ള 143 കോടി മനുഷ്യരുടെ, ലോകത്തിലെ ഏറ്റവും വലിയ ജനായത്ത പരമാധികാര രാഷ്ട്രമാണ് നമ്മൾ. അതിനെ തകർത്ത് സർവ്വവ്യാപിയായ പാമോയിൽ പോലെ, ഇന്ത്യയെ ഏകശിലാ ഏകാധിപത്യ മതരാഷ്ട്രമാക്കിയാലേ അമേരിക്കൻ സെനറ്റർമാരുടെ കോർപ്പറേറ്റ് ലോക വ്യാപാര സ്വപ്നം സാധ്യമാകൂ. അതുകൊണ്ട് അയോധ്യയിൽ മാത്രമല്ല അബുദാബിയിലും വരും അമ്പലം. ഇന്ത്യ ‘ആത്മീയതയുടെ നാട്’ എന്ന് പുന്നാരിപ്പിച്ചാണ് ബ്രിട്ടീഷ് ഭരണം ഭക്ഷണമുൾപ്പെടെ നമ്മുടെ എല്ലാ ആവശ്യങ്ങളെയും തഴഞ്ഞത്. ഇപ്പോഴും ആത്മീയതയുടെ വാണിജ്യം വെച്ച് ഇന്ത്യയെ തോൽപ്പിക്കുകയാണ് ഈസ്റ്റ്-വെസ്റ്റ് കോർപ്പറേറ്റ് കൂട്ടുകെട്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 21, 2024 8:42 am