ജൂലൈ 29ന് വയനാട് മുണ്ടക്കൈയിൽ ഉരുൾ പൊട്ടലുണ്ടാകുന്നതിന് 16 മണിക്കൂർ മുൻപ് തന്നെ ജില്ലാ ഭരണകൂടത്തിനും കേരളാ ദുരന്ത നിവാരണ അതോറിറ്റിക്കും മുന്നറിയിപ്പ് നൽകിയ വെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് 2005ൽ വയനാട് കൽപ്പറ്റയിൽ സ്ഥാപിതമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജി. ദുർബലമായ ആവാസവ്യവസ്ഥകളേയുെം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതത്തെ പറ്റിയും നിരന്തരം പഠനം നടത്തുന്ന ഹ്യൂം സെന്റർ ഗവേഷണത്തിനായി പ്രാദേശിക കമ്മ്യൂണിറ്റികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇത് വഴി ദുരന്തമുണ്ടാകും മുൻപ് തന്നെ പ്രാദേശിക കമ്മ്യൂണിറ്റികളെ ഉചിതമായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഹ്യൂം സെൻ്റർ ലക്ഷ്യം വെക്കുന്നത്. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജിയുടെ എകസ്ക്യൂട്ടീവ് ഡയറക്ടർ സി കെ. വിഷ്ണുദാസ് വയനാട് നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി കേരളീയത്തോട് സംസാരിക്കുന്നു.
വയനാട്ടിൽ കമ്യൂണിറ്റി വെതർ മോണിറ്ററിങ് പ്രോഗ്രാമിൻറെ തുടക്കം എങ്ങനെയായിരുന്നു?
2018ലെ ഉരുൾ പൊട്ടലിന് ശേഷമാണ് കമ്യൂണിറ്റി വെതർ മോണിറ്ററിങ് പ്രോഗ്രാം തുടങ്ങിയത്. ഇപ്പോൾ വയനാട് ജില്ലയിൽ ഏകദേശം 200ലധികം മഴമാപിനികളുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആളുകൾ അന്നന്നത്തെ മഴയുടെ അളവ് ഗ്രൂപ്പിലിടും. ഗ്രൂപ്പിൽ കളക്ടർ, ഫയർസർവീസ്, മറ്റ് ഉദ്യോഗസ്ഥന്മാർ, തുടങ്ങി 350ഓളം പേരുണ്ട്. രണ്ടാമതായി ചെയ്തത് ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ് ആണ്. തീവ്രസാധ്യതാ പ്രദേശങ്ങളിൽ നാൽപത്തിയെട്ട് മണിക്കൂറിൽ 600 എംഎം മഴയാണ് ഉരുൾ പൊട്ടൽ അറിയിപ്പ് കൊടുക്കാനുള്ള വാല്യൂവായി വെച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ എല്ലാ ദിവസവും നമ്മൾ അപ്ഡേറ്റ് ചെയ്യും. ഇത്തവണ പഞ്ചായത്ത് പ്രസിഡൻറിനോടൊക്കെ വിവരം പറഞ്ഞിരുന്നു. അദ്ദേഹം തലേദിവസം തന്നെ പുഞ്ചിരിമട്ടത്തൊക്കെ പോയി വിവരമറിയിച്ചു. അതിനെ തുടർന്ന് കുറെപ്പേര് മാറിപ്പോയി, കുറേപ്പേര് സ്കൂളിലേക്ക് പോയി. സ്കൂളിലേക്ക് മാറിയവരും വീട്ടിൽ നിന്ന് മാറാത്തവരും അപകടത്തിൽപ്പെട്ടു. അതാണ് വലിയ ദുരന്തമായി മാറിയത്.
മുണ്ടക്കൈയിൽ 1984ലും 2020ൽ പുത്തുമലയിലും ഉരുൾ പൊട്ടിയുട്ടുള്ള ഭാഗങ്ങളാണ്. ആ മൊത്തം ഭൂപ്രദേശം ഒട്ടും സുരക്ഷിതമല്ല. ഞങ്ങള് കഴിഞ്ഞ കുറെ വർഷങ്ങളായി പറയാൻ ശ്രമിക്കുന്നതും ഇത് തന്നെയാണ്. മുണ്ടക്കൈ ടൗൺ എന്ന ടൗൺഷിപ്പ് നിൽക്കില്ല എന്നത് വ്യക്തമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തുടങ്ങിയതിന് ശേഷം 1984ൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന് പറയുമ്പോൾ അന്ന് തൊട്ടേ ഈ സ്ഥലം വൾനറബിളാണല്ലോ(ദുർബലമാണല്ലോ). അന്ന് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതമെന്നൊന്നും പ്രത്യക്ഷമായിട്ടില്ല. ദുർബലമായ ഒരു ഭൂപ്രദേശത്തിലേക്ക് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി മേഘവിസ്ഫോടനം സംഭവിക്കുകയും, അതെ തുടർന്ന് തീവ്രമഴ ലഭിക്കുകയും ചെയ്യുമ്പോൾ ഇത്തരം പ്രദേശങ്ങളൊന്നും തന്നെ നിലനിൽക്കില്ല.
2019ൽ ചാലിയാറിന്റെ Catchment areaയിൽ നൂറ് കണക്കിന് സ്ഥലങ്ങൾ ഇടിഞ്ഞ് തകർന്ന് പോയിട്ടുണ്ട്. അവിടെയുള്ള സസ്യജാലങ്ങളൊക്കെ വലിയ രീതിയിൽ നശിച്ചു പോയി. ഇനിയൊരു 15 വർഷം കഴിഞ്ഞാൽ അതിന്റെ പടിഞ്ഞാറൻ ചരിവിൽ കാട് തന്നെയുണ്ടാകില്ല. വെറും പാറക്കൂട്ടങ്ങൾ മാത്രമേ ഉണ്ടാകുള്ളൂ. അതാണ് അതിന്റെ ഗ്രാവിറ്റി.
മേപ്പാടി പഞ്ചായത്ത് അതീതീവ്രമായിട്ട് ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്ന് 2020ൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. 2018ന് ശേഷം തന്നെ സംസ്ഥാനത്തിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ദുരന്തനിവാരണസമിതികൾ രൂപീകരിച്ചിരുന്നു. പക്ഷേ അവ ഫലപ്രദമായി പ്രവർത്തിച്ചിരുന്നോ? പ്രാദേശികമായി നടത്തുന്ന പഠനങ്ങൾ എന്തുകൊണ്ടാണ് കാര്യ ഗൗരവത്തിലെടുക്കാൻ പറ്റാത്തത്?
അതാണ് ഇതിലെ ഒരു മേജർ ഗാപ്പ്. 2008ൽ സെസ്സ് (CESS) തയാറാക്കിയ ഉരുൾ പൊട്ടൽ സാധ്യതാ പഠന മാപ്പാണ് സ്റ്റേറ്റ് ഉപയോഗിക്കുന്നത്. അന്ന് അതിനായി അവർ ഉപയോഗിച്ച രീതിശാസ്ത്രം എന്നത് പ്രദേശത്തിന്റെ ചരിവും, ഭൂമിക്ക് മേലുള്ള അമിതഭാരം, നീരൊഴുക്കിന്റെ സാമീപ്യം എന്നിവയായിരുന്നു. പക്ഷേ നമ്മുടെ രീതിശാസ്ത്രം വേറെയാണ്. 2018ൽ ഉണ്ടായിട്ടുള്ള ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണ് നിരങ്ങിനീങ്ങൽ തുടങ്ങിയവയുണ്ടായ പ്രദേശങ്ങൾ മാപ്പ് ചെയ്തപ്പോൾ അതിൽ വലിയ ശതമാനം വന്നത് മേൽപ്പറഞ്ഞ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ഉരുൾ പൊട്ടൽ സാധ്യത പ്രദേശങ്ങളുടെ പുറത്താണ്. ആ പാരാമീറ്റർ (ഘടകങ്ങള്) വെച്ചിട്ട് വീണ്ടും മാപ്പ് ഉണ്ടാക്കിയാൽ യതാർത്ഥ ഉരുൾ പൊട്ടൽ സാധ്യതാ പ്രദേശങ്ങളെ കണ്ടെത്താൻ പറ്റില്ല. അതുകൊണ്ട്, വയനാട് ജില്ലയിൽ ഭൂവിതരണം (land fragmentation), റോഡിന്റെ സാമീപ്യം, നീരൊഴുക്ക് എന്നിവ ഞങ്ങൾ വേരിയബിളായി എടുത്തു. അങ്ങനെ എടുക്കുമ്പോ പണ്ടത്തെക്കാൾ കൂടുതൽ ഏരിയ ഉരുൾ പൊട്ടൽ സാധ്യത പ്രദേശങ്ങളായി വരും. ജനജീവിതത്തെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആളുകൾ താമസിക്കുന്ന പല ഇടങ്ങളും സാധ്യതാ പ്രദേശങ്ങളാണ്. ആദ്യം പറഞ്ഞ മോഡലിൽ വനത്തിനുള്ളിൽപ്പെടുന്ന സ്ഥലങ്ങൾ മാത്രമേ ഉള്ളൂ. അതിനെ അടിസ്ഥാനമാക്കിയാണ് സ്റ്റേറ്റ് മുന്നറിയിപ്പുകൾ നൽകുന്നത്.
പ്രൈമറി ട്രിഗറിങ് ഫാക്ടർ മഴയുടെ അളവ് ആയതുകൊണ്ടാണ് മഴയുടെ അളവ് രേഖപ്പെടുത്താൻ തുടങ്ങിയത്. ഓരോ 25 ച.കി.മീയിലും മഴമാപിനികൾ വെച്ച് മഴയളന്നു. ഉരുൾ പൊട്ടൽ പ്രവചനാതീതമാണ് എന്നാണ് പൊതുവെയുള്ള അക്കാദമിക വിലയിരുത്തൽ. എല്ലാ ജിയോളജിസ്റ്റും അത് പറയും. പക്ഷേ, പ്രൈമറി ട്രിഗറിങ് ഫാക്ടർ മഴയാണെങ്കിൽ അതിനെ അളന്നാൽ ഒരു പോയിന്റ് എത്തുമ്പോൾ മണ്ണ് സാച്ചുറേറ്റഡായിട്ടുണ്ടെന്ന് മനസിലാക്കാൻ പറ്റും. അതിലേക്ക് മറ്റ് ഫാക്ടേഴ്സ് കൂടി കണക്കിലെടുത്താൽ ഉരുൾ പൊട്ടൽ സാധ്യത മുന്നറിയിപ്പുകൾ പ്രവചിക്കാവുന്നതാണ്.
2020ലാണ് ആദ്യമായി മുന്നറിയിപ്പ് കൊടുക്കുന്നത്. മുന്നറിയിപ്പ് കൊടുത്തതിന്റെ അടുത്ത ദിവസം അവിടുന്ന് ആളുകളെ ഒഴിപ്പിച്ചു. അന്നവിടെ ശക്തമായ ഉരുൾ പൊട്ടൽ ഉണ്ടായിയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. ഈ വർഷം മുണ്ടക്കൈയിൽ മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് ഒന്നിന് രണ്ട് ഇടങ്ങളിൽ മുന്നറിയിപ്പ് നൽകി. അവിടെയും ഉരുൾ പൊട്ടൽ ഉണ്ടായി. അങ്ങനെയാണ് ശാസ്ത്രീയമായി നമ്മൾ ഇതിനെ വിലയിരുത്തുന്നത്. ഈ അറിവിനെ (knowledge) ഫോർമൽ സിസ്റ്റത്തിന് എടുക്കാൻ ഒരു വൈമുഖ്യമുണ്ട്. ഇങ്ങനത്തെ സംവിധാനങ്ങളെ ഫോർമൽ സിസ്റ്റവുമായി ചേർക്കുക എന്നതാണ് പ്രധാന കാര്യം. ഇതിനിടയിൽ ഉണ്ടായ പോസിറ്റീവായ കാര്യമെന്തെന്നാൽ കണ്ണൂരിൽ ഒരു സിസ്റ്റം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു കൊണ്ട് കണ്ണൂർ ജില്ലാ കളക്ട്രേറ്റിൽ നിന്ന് വിളിച്ചിരുന്നു. അതൊരു നല്ല മാറ്റമാണ്. ഇത്തരം സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാൽ വിവരങ്ങള് ശേഖരിക്കാനും വേഗത്തിൽ ആക്ഷൻ എടുക്കാനുമാകുമെന്ന് ആളുകൾ മനസിലാക്കുന്നുണ്ട്.
മുണ്ടക്കൈ ഉരുൾ പൊട്ടലിൽ, ഐഎംഡിയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചത് ദുരന്തം നടന്നതിന് ശേഷമാണ്. ഓഖിയിലും, 2018ലെ പ്രളയത്തിലും സമാനമായ പഴിചാരലുകൾ ഉയർന്നിരുന്നു. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാകും?
ഇതൊരു പോളിസി ഇഷ്യൂ ആണ്. ഐഎംഡിയുടെ ജില്ലാതല വാർണിങ് സിസ്റ്റമുണ്ട്. അവരുടെ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള ഡേറ്റയാണ് അവർ എടുക്കുന്നത്. അത് മിക്കവാറും ഒരു ഓട്ടോമേറ്റഡ് സ്റ്റേഷനായിരിക്കും. ഓട്ടോമേറ്റഡ് സ്റ്റേഷന്റെ ഒരു പ്രശ്നമെന്ന് പറഞ്ഞാൽ അതിന്റെ സെൻസർ ആക്വറസി അനുസരിച്ചിരിക്കും ലഭിക്കുന്ന ഡാറ്റയുടെ ആധികാരികത. കൃത്യമായ ഡാറ്റ കിട്ടണമെങ്കിൽ വെൽ മെയിന്റെയിൻഡ് സിസ്റ്റമാകണം. പലപ്പോഴും മാനുവലായി എടുക്കുന്ന ഡാറ്റയേക്കാൾ കുറവാണ് കിട്ടുക. പക്ഷേ അവ 100 ശതമാനം പരാജയമാണെന്നും പറയാനാകില്ല. ചിലപ്പോൾ, ഐഎംഡിയുടെ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് വരും ആളുകളെ ഒഴിപ്പിക്കണമെന്ന് പറയും. ഇവിടെയുള്ള ഫോർകാസ്റ്റിങ് സിസ്റ്റത്തിൽ അന്ന് നോർമൽ റെയിൻ ഫോളായിരിക്കും. ഇത് ആശയക്കുഴപ്പങ്ങളുണ്ടാക്കും.
പ്രാദേശികമായുള്ള കാലാവസ്ഥ ക്രമം, അവയുടെ വ്യത്യാസം മനസിലാക്കി അതിനെ സംയോജിപ്പിക്കാനുള്ള സംവിധാനം കൂടി സ്റ്റേറ്റ് കൊണ്ടുവരണം. ആ ഒരു ഫ്ലക്സിബിലിറ്റി കൊണ്ടുവന്നാലേ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമതയുളളതാകൂ. അതിനെ സെൻട്രലൈസ്ഡാക്കാം. പക്ഷേ ഇങ്ങനൊരു മോഡലിൽ സാധാരണ ജനങ്ങൾ കൂടിയുള്ളത് കൊണ്ട് അവർക്ക് ഡാറ്റ അറിയാമായിരിക്കും. അപ്പോൾ അവർക്ക് തീരുമാനം എടുക്കാനും കഴിയും.
മുണ്ടക്കൈയിൽ ഉള്ള ഒരു സുഹൃത്ത് ഗ്രൂപ്പിലെ വിവരങ്ങൾ കാണുന്ന ആളാണ്. അയാൾ തലേദിവസം രാത്രി കോഴിക്കോട് നിന്ന് വന്ന് രക്ഷിതാക്കളെ കൊണ്ടുപോയി. അവർ രക്ഷപ്പെട്ടു. 2019ൽ മേപ്പാടിയിൽ ഒരു വർക്ക്ഷോപ്പ് നടത്തിയിരുന്നു. അത് അറ്റൻഡ് ചെയ്തിട്ടാണ് മേപ്പാടിയിലെ സ്ഥലം വിറ്റ് അയാള് വേറൊരു സ്ഥലം വാങ്ങി മാറിയത്. അങ്ങനൊരു തീരുമാനം എല്ലാവർക്കും എടുക്കാൻ പറ്റില്ല. പക്ഷേ അലേർട്ടുകൾ കണ്ട് മനസിലാക്കി ഉചിതമായ തീരുമാനം എടുക്കാൻ കമ്യൂണിറ്റിയെയും കൂടി നമ്മൾ സജ്ജരാക്കേണ്ടതുണ്ട്.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിചയമുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പ്രധാനമാണ്. മുണ്ടക്കൈയിൽ ഉരുൾ പൊട്ടുമ്പോൾ വയനാട്ടിൽ ഇപ്പോ ഉള്ള കളക്ടർ ചാർജെടുത്തിട്ട് ഒരു ആഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. സിസ്റ്റം മനസിലാക്കിയെടുക്കാനുള്ള സമയം കിട്ടിയിട്ടുണ്ടായിരുന്നില്ല. ജില്ലാ ഭരണകൂടത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് റൂട്ടീൻ ട്രാൻസ്ഫറുണ്ടാകാം. രണ്ട് വർഷം ദുരന്തമേഖലയിൽ പ്രവർത്തിച്ച സ്റ്റാഫ് റൂട്ടീൻ ട്രാൻസ്ഫറിന്റെ ഭാഗമായിട്ട് വേറെ സ്ഥലത്തേക്ക് പോകും. അവരുടെ ഈ മേഖലയിലുള്ള പ്രാവീണ്യം തീരുമാനങ്ങളെടുക്കാൻ വളരെ പ്രധാനപ്പെട്ടതാണ്.
ആഗസ്റ്റ് ഒന്നാം തീയതി മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തത്തെക്കുറിച്ച് ശാസത്രജ്ഞർ അഭിപ്രായങ്ങൾ പങ്കുവെക്കരുതെന്നും ദുരന്ത ബാധിത മേഖലയിൽ പഠനം നടത്തണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണമന്നുമുള്ള സർക്കാർ ഉത്തരവ് ഇറങ്ങുകയും, വളരെ വേഗം സർക്കാർ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നല്ലോ, ഈ നടപടിയെ എങ്ങനെ കാണുന്നു?
സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയായിരുന്നുവത്. നമ്മൾ ഒരു സമൂഹമെന്ന നിലയിൽ എന്തൊക്കെ നേടിയിട്ടുണ്ടോ അത് ശാസ്ത്രത്തിന്റെ സഹായം കൊണ്ടാണ്. ശാസ്ത്രമാണല്ലോ നമ്മളെ ഇവിടെ വരെ എത്തിച്ചത്. ശാസ്ത്രത്തിൻറെ ഒരു ഉൽപന്നമാണ് സാങ്കേതികവിദ്യകൾ. ഏത് പരിഹാരമാർഗം കണ്ടെത്തണമെങ്കിലും ശാസ്ത്രജ്ഞർ വേണമല്ലോ. ഞങ്ങൾ ഡവലപ് ചെയ്തിരിക്കുന്ന ഉരുൾ പൊട്ടൽ വാർണിങ് സിസ്റ്റം ഭയങ്കര വലിയ ശാസ്ത്രവും സാങ്കേതികവിദ്യയുമൊന്നുമല്ല. അതൊരു ലോജിക്കൽ സയൻസാണ്. ഒരു സയന്റിഫിക് ക്വസ്റ്റ്യൻ ഇല്ലെങ്കിൽ നമുക്കൊരിക്കലും ഇങ്ങനൊരു പരിഹാരമാർഗം ഡവലപ് ചെയ്യാൻ പറ്റില്ല. 2018ലെ ഉരുൾ പൊട്ടൽ പ്രദേശങ്ങൾ മുഴുവൻ മാപ്പ് ചെയ്തത് കൊണ്ടാണ് ലോജിസ്റ്റിക്കൽ റിഗ്രഷൻ മാതമറ്റിക്കൽ മോഡൽ വെച്ച് അതുപോലെ സാധ്യതയുള്ള സ്ഥലങ്ങൾ സിസ്റ്റം നമുക്ക് കാണിച്ച് തരുന്നത്. അത് സയൻസിന്റെ ആപ്ലിക്കേഷൻ മാത്രമാണ്. മഴ എന്ന പ്രൈമറി ഫാക്ടറാണ് ഏറ്റവും കോറിലേറ്റ് ചെയ്യുന്ന ഫാക്ടർ. അതിനെ എങ്ങനെ ട്രാക്ക് ചെയ്യാമെന്ന് നോക്കുന്നത് സയന്റിഫിക്കൽ അപ്രോച്ചാണ്. അതുകൊണ്ട് തന്നെ ഇത്തരം സംവിധാനങ്ങൾ ഡവലപ് ചെയ്യാൻ ശാസ്ത്രജ്ഞരെ മാറ്റി നിർത്താൻ പറ്റില്ലല്ലോ.
കൂടാതെ സർക്കാർ ഉത്തരവ് പിൻവലിക്കാതെ നിലനിന്നിരുന്നുവെങ്കിൽ എനിക്ക് ഇപ്പോ ഇത് പോലെ സംസാരിക്കാൻ പറ്റില്ല. 2020ലെ ഞങ്ങളുടെ റിപ്പോർട്ടിന്റെ ഔട്ട്കമിനെപ്പറ്റിയോ ഒന്നും സംസാരിക്കാൻ പറ്റില്ല. പിൻവലിച്ചത് നന്നായി. പക്ഷേ, പേടി ഉണ്ടാകും. ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ ഞാൻ സംസാരിക്കുന്നത്, ശാസ്ത്രം സമൂഹത്തിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. ഇന്ത്യയിലെ മുൻനിരയിലുള്ള ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്നിട്ട് ഒരു പ്രാദേശിക തലത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത് ശാസ്ത്രം ജനങ്ങൾക്ക് ഉപകാരപ്പെടണമെന്ന ഒരേയൊരു ഒബ്ജക്ടീവിലാണ്. അങ്ങനെ നിൽക്കുന്ന ഞാൻ പൊതുസമൂഹത്തോട് സംസാരിച്ചില്ലെങ്കിൽ ശരിയാകില്ലല്ലോ..
ഉരുൾ പൊട്ടൽ ഉണ്ടാകുന്നതിന് 16 മണിക്കൂർ മുൻപ് ഹ്യൂംസ് റിസർച്ച് സെന്റർ മുന്നറിയിപ്പ് കൊടുത്തിരുന്നല്ലോ. 16 മണിക്കൂർ കൊണ്ട് എന്തൊക്കെ സാധിക്കുമായിരുന്നു? ഭാവിയിൽ നമ്മൾ കൂടുതൽ ജാഗരൂകരാകണ്ടേ?
16 മണിക്കൂർ കൊണ്ട് നമുക്ക് ഒരുപാട് ആളുകളെ മാറ്റാമായിരുന്നു. ലോകത്തിൽ സംഭവിച്ചതിൽ ഏറ്റവും വലിയ ഉരുൾ പൊട്ടലുകളിൽ ഒന്നാണ് ഇതെന്ന് നമുക്ക് പറയേണ്ടിവരും. ഇത്രയുമധികം ആളുകൾ മരണപ്പെട്ട ഉരുൾ പൊട്ടൽ ഇതാകും.
വയനാട്ടിലെ മലനിരകള് അനിശ്ചിതത്വത്തിലാണ്. സാധാരണ മെയ് മാസത്തിന്റെ അവസാനമാണ് ഞാനെന്റെ ഗവേഷണം നിർത്തുന്നത്. 2010ൽ മെയ് മാസം മഴ വൈകിയത് കൊണ്ട് ഞാനൊരു 6 ദിവസം കൂടി റിസർച്ച് നീട്ടി. ജൂൺ 5നാണ് മഴമേഘങ്ങൾ കാണുന്നത്. മലയുടെ വക്കിൽ പോയി നിന്നാൽ നിലമ്പൂർ വാലിയിൽ നിന്ന് അഗ്നിപർവതത്തിൽ നിന്ന് വരുന്നത് പോലെ മേഘങ്ങൾ ഉയരേക്ക് പൊങ്ങി വന്നു. മലയെ മുഴുവനത് മൂടി അതിശക്തമായ വലിയ തുള്ളികളാണ് പതിക്കുക. അതിന്റെ കൂടെയാണ് ഇപ്പോൾ മേഘവിസ്ഫോടനങ്ങൾ കൂടി സംഭവിക്കുന്നത്. സാധാരണ മലകളുടെ മുകളിൽ പുൽമേടുകളാണ്. എന്നാൽ ഇവിടെ പാറക്കൂട്ടങ്ങളാണ്. രണ്ടര ച.കി.മീ നീളമുള്ള ഫ്ളാറ്റ് റോക്ക്സാണ്. അതാണ് ജോഗ്രഫിക്കൽ പൊസിഷൻ. അതിന്റെ മേലെ സസ്യജാലങ്ങൾക്കൊന്നും വളരാൻ പറ്റില്ല. ഓരോ മലകൾക്കിടയിലും ആഴത്തിലുള്ള വാലികളാണ്. ആ വാലികളിലേക്കാണ് കാലകാലങ്ങളായി ആളുകൾ കുടിയേറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഈ പ്രദേശം അൺസ്റ്റേബിൾ ആകുന്നതും.
ഇതൊന്നും ഞങ്ങൾ ഇപ്പോൾ പറഞ്ഞ് തുടങ്ങിയ പുതിയ കാര്യമൊന്നുമല്ല, ഇതൊക്കെ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു, ഇപ്പോഴും പറഞ്ഞോണ്ടിരിക്കുന്നുണ്ട്. പുതിയ ആളുകൾ, യുവജനങ്ങൾ നിലവിലെ അവസ്ഥയും സിസ്റ്റവും മനസിലാക്കണം. ഫോർമൽ സിസ്റ്റം ഇൻക്ലൂസീവ് അപ്രോച്ചിലേക്ക് പോകണം. ലോകം വളരെ മാറിയിട്ടുണ്ട്. നമുക്കൊരു സ്റ്റേറ്റ് ഉണ്ടെങ്കിലും നമ്മൾ ഒരു ഗ്ലോബലൈസ്ഡ് സ്റ്റേറ്റിലാണ്. അപ്പോൾ പല സ്റ്റേക്ക്ഹോൾഡേഴ്സ് ഉണ്ടാകും, സാങ്കേതികവിദ്യകൾ ഒരുപാട് വികസിക്കുന്നുണ്ട്. അപ്പോൾ എല്ലാവരെയും ഒരു ലക്ഷ്യത്തിലേക്ക് കൊണ്ട് വരണം. അത് ഭയങ്കര പ്രധാനമാണ്. അത്തരം സംവിധാനങ്ങളെ ഫോർമൽ സിസ്റ്റവുമായി ലിങ്ക് ചെയ്യണം. അതിന് നമ്മുടെ സർക്കാരാണ് തീരുമാനം എടുക്കേണ്ടതും.
സ്റ്റേറ്റിന്റെ പിന്തുണ പ്രധാനമാണ്. ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ ഒന്നടങ്കം മാറ്റി പാർപ്പിക്കാനുള്ള സാമ്പത്തികാവസ്ഥ ഇന്ന് സർക്കാരിനില്ല. ആ സാഹചര്യത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആപത്ഘട്ടങ്ങളിൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ മനുഷ്യർക്ക് രണ്ട്, മൂന്ന് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ സുരക്ഷിതമായൊരു സ്ഥലത്ത് ഷെൽറ്റർ ഉണ്ടാക്കുക എന്നതാണ്. അതിനൊരു പത്തോ, പതിനഞ്ചോ കോടി രൂപ മതിയാകും മുണ്ടക്കൈയിലൊന്നും ഇനി ആരും താമസിക്കില്ല. അതുപോലെ ദുർബലമായ, ഉരുള് പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ വയനാട്ടിൽ ഇനിയുമുണ്ട്. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.