ജനസംഖ്യയാൽ മാത്രം നിർണയിക്കപ്പെടേണ്ടതല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ. മറിച്ച് വിഭവങ്ങൾ ഉപഭോഗം ചെയ്യപ്പെടുന്ന രീതിയെയാണ് പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥയോട് ചേർത്ത് വായിക്കേണ്ടത്. മുൻകാല ജനസംഖ്യാ കണക്കെടുപ്പുകളെ അടിസ്ഥാനപ്പെടുത്തി നിരീക്ഷിക്കുമ്പോൾ ഈ വരുന്ന ജൂലൈയോടെ ചൈനയെ പിന്തള്ളിക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറാൻ പോവുകയാണ്. ലഭ്യമാകുന്ന ഏകദേശ കണക്കുകളെ മുൻനിർത്തി പരിശോധിച്ചാൽ 2023 പകുതിയോടെ 1.45 ബില്ല്യൺ വരുന്ന ചൈനീസ് ജനസംഖ്യയെ നാം മറികടക്കും. എന്നാൽ ജനസംഖ്യാ വളർച്ചയോടനുബന്ധമായി ഞാൻ പലപ്പോഴും ഉന്നയിക്കുന്ന ചോദ്യം അത് എങ്ങനെയാണ് പരിസ്ഥിതിയെ ബാധിക്കുന്നത് എന്നതാണ്.
അനിയന്ത്രിതമായ ജനസംഖ്യാ വളർച്ചമൂലം ജനങ്ങൾക്ക് അതിജീവിക്കാൻ നിലവിലുള്ളതിനേക്കാളധികം വിഭവങ്ങൾ ആവശ്യമാണെന്നത് വസ്തുതാപരമാണ്. എന്നാൽ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് പ്രകൃതിയെ ചൂഷണം ചെയ്യന്നതിന് ഒരു കാരണമാണെന്ന് പറയാനും സാധിക്കില്ല. കാരണം അത് രേഖീയമല്ല. അതിന് നൽകാവുന്ന ലളിതമായ എതിർവാദം ഇന്ത്യയേക്കാൾ കുറവ് ജനസംഖ്യ വരുന്ന അമേരിക്ക (336 മില്ല്യൺ), ആസ്ട്രേലിയ (26 മില്ല്യൺ) മുതലായ രാഷ്ട്രങ്ങളിലെ പാരിസ്ഥിതിക പാദമുദ്രയെന്നത് ഇന്ത്യയേക്കാളധികമാണ് എന്നതാണ്.
‘എർത്ത് ഓവർ ഷൂട്ട് ഡേ’ എന്ന, രാജ്യങ്ങൾ ഉപയോഗിക്കുന്ന ജൈവവിഭവങ്ങൾ കണക്കാക്കുന്ന ഒരു ഗ്രൂപ്പ് പുറത്തുവിടുന്ന കണക്കുകൾ പറയുന്നത് പ്രകാരം നാം അമേരിക്കക്കാരെ പോലെയാണ് ജീവിക്കുന്നതെങ്കിൽ നമുക്ക് അഞ്ച് ഭൂമികൾ ആവശ്യമായി വരുമായിരുന്നു. ആസ്ട്രേലിയക്കാരെപ്പോലെ ആയിരുന്നെങ്കിൽ 4.5 ഭൂമിയും ഇന്ത്യക്കാരെപ്പോലെ ആണെങ്കിൽ 0.8 ഭൂമിയും ആവശ്യം വരുമായിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് ജനസംഖ്യയിലുണ്ടാകുന്ന അമിത വർധനവല്ല, മറിച്ച് വിഭവങ്ങളുടെ ഉപഭോഗമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് കുറഞ്ഞ ജനസംഖ്യയുള്ള രാഷ്ട്രങ്ങളാണ് അന്തരീക്ഷത്തിലേക്ക് വലിയതോതിൽ വ്യാപകമായി കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത്. ഇത് ലോകത്തിനാകമാനം ഭീഷണിയായി മാറുന്നുമുണ്ട്. സമ്പന്ന രാഷ്ട്രങ്ങളാണ് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ളത് എന്ന് നമുക്കറിയാവുന്ന കാര്യമാണ്. അതിനാൽ തന്നെ അവർ സൃഷ്ടിക്കുന്ന പാരിസ്ഥിതിക നാശങ്ങളും വളരെ വലുതാണ്. അവർ ഭൂമിയെയും ജലത്തെയും വനങ്ങളെയും മറ്റു പ്രകൃതി വിഭവങ്ങളെയും ദുരുപയോഗം ചെയ്യുന്നു. അവർ ഫോസിൽ ഇന്ധനങ്ങളെ അമിതമായി ഉപയോഗിക്കുകയും അത് ആഗോളതാപനത്തിന് ഇടയാക്കുകയും ചെയ്യുന്നു.
എന്നിട്ടും അവരുടെ ആകാശവും, വായുവും ‘ശുദ്ധമാണ്’. അവർക്ക് വിശാലമായ ഭൂപ്രദേശങ്ങളുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതിക്കായി ചെലവഴിക്കാൻ അവരുടെ പക്കൽ പണമുണ്ട്. അതിനാൽ തന്നെ അവർ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നെണ്ടെന്ന് നിങ്ങൾ വാദിക്കും. എന്നാൽ വസ്തുത മറിച്ചാണ്. സമ്പന്നർ സ്വാഭാവിക ആവാസവ്യവസ്ഥയെ അമിതമായി ഉപയോഗിക്കുന്നതിനാൽ മറ്റു പ്രദേശങ്ങളെ അത് വനനശീകരണത്തിലേക്കും ഭൂമിയുടെ അമിത ഉപഭോഗത്തിലേക്കുമാണ് കൊണ്ടെത്തിക്കുന്നത്. തൽഫലമായി ദരിദ്രർക്ക് അവരുടെ സ്വാഭാവിക പരിസ്ഥിതിയെ കൂടുതൽ ആഴത്തിൽ ഉപയോഗിക്കേണ്ടി വരുന്നു.
അവർ അവരുടെ ഗ്രാമങ്ങളിലെ ഉപയോഗശൂന്യമായ നദികളെയും തണ്ണീർതടങ്ങളെയും വനങ്ങളെയും വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. എന്നിരുന്നാൽ പോലും സമ്പന്ന രാഷ്ട്രങ്ങളോളം അവർ പ്രകൃതിയെ ചൂഷണം ചെയ്യുന്നില്ല. പൊതുവെ ദരിദ്ര രാഷ്ട്രങ്ങൾ പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം എന്നത് സമ്പന്ന രാഷ്ട്രങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ദരിദ്ര രാഷ്ട്രമായതിനാൽ തന്നെ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം ചെറുതായിരിക്കും. ഇവിടെ ദാരിദ്ര്യം ഭൂമിയുടെ മിതവിനിയോഗത്തിന് ഹേതുവാകുന്നുണ്ട്.
അങ്ങനെ വരുമ്പോൾ നമുക്ക് വാദിക്കാം, സമ്പന്നരായാൽ നമ്മളും അമേരിക്കൻ രീതിയിലുള്ള ആഗോള മധ്യവർഗജീവിതം ആഗ്രഹിച്ചേക്കാം എന്ന്. ഇന്ന് ഭൗതിക സമ്പത്തിന്റെയും ആധുനികതയുടെയും മാനദണ്ഡങ്ങളായി പരിഗണിക്കുന്നത് അതിനെയെല്ലാമാണല്ലോ. സമ്പന്നരാകുന്നതിനനുസരിച്ച് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവിലുണ്ടാകുന്ന വർദ്ധനവ് നാം ഇതിനോടകം കണ്ടതാണ്. നമ്മുടെ തെരുവുകളെല്ലാം മാലിന്യങ്ങൾ കീഴടക്കും.
നമ്മുടെ നഗരങ്ങളിലെയെല്ലാം വായു മലിനമാണ്. സമ്പന്നരാകുന്നതിനനുസരിച്ച് ഓരോരുത്തരും സ്വന്തമായി വാഹനങ്ങൾ വാങ്ങുന്നു. ഇന്ധന ഗുണനിലവാരവും പുക പുറംതള്ളുന്നതിന്റെ തോതുമെല്ലാം പരിശോധിച്ചാണ് ഇപ്പോൾ വാഹനങ്ങൾ വാങ്ങുന്നതെങ്കിലും വാഹനപ്പെരുപ്പം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മലിനീകരണം എന്നുതന്നെയാണ്.
ജനസംഖ്യാ വളർച്ചയെ എങ്ങനെ പരിശോധിക്കാം? ജനസംഖ്യാ വർദ്ധനവുമൂലമുണ്ടാകുന്ന നേട്ടത്തെ എങ്ങനെ ഉപയോഗപ്പെടുത്താം? എല്ലാ മനുഷ്യ ജീവനും അമൂല്യമാർന്നതാണ്. മാനവവിഭവം എന്നത് രാജ്യത്തിന്റെ സമ്പത്താണെന്നതിൽ യാതൊരു സംശയവുമില്ല. അതിനാൽ തന്നെ മറ്റു പല രാഷ്ട്രങ്ങളിലെയും പോലെ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് ഒരുവിധത്തിലും സ്വന്തം നിലനിൽപ്പിനെ നശിപ്പിക്കുന്ന തരത്തിലാകില്ലെന്ന് എങ്ങനെ ഉറപ്പു വരുത്തണം? ഈ കാര്യങ്ങളിലേക്ക് നമുക്ക് ശ്രദ്ധതിരിക്കാം
ആദ്യം ഉന്നയിച്ച കാര്യത്തിന്റെ ഉത്തരം വ്യക്തമാണ്. ഇന്ത്യയിലെ പ്രത്യുൽപാദനനിരക്ക് പരിശോധിക്കുമ്പോൾ അത് മനസ്സിലാക്കും. ബീഹാർ, ഝാർഖണ്ഡ്, മണിപ്പൂർ, മേഘാലയ, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ നടത്തിയ ഏറ്റവും പുതിയ കുടുംബാരോഗ്യ സർവ്വെയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ പ്രത്യുൽപാദനനിരക്ക് എന്നത് ഒരു സ്ത്രീക്ക് രണ്ടിലധികം കുട്ടികളെന്ന നിലയിലാണുള്ളത്. (രാജ്യത്തിന്റെ ശരാശരി കണക്ക് പ്രകാരം).
രാജ്യത്ത് പ്രത്യുൽപാദനനിരക്ക് കുറയ്ക്കണമെങ്കിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുകയും സ്ത്രീ ശാക്തീകരണവും, ആരോഗ്യ–സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുകയും വേണം. പ്രത്യുൽപാദനത്തെ ജനസംഖ്യാ നിയന്ത്രണമാർഗമായല്ല ഇവിടെ കണക്കാക്കുന്നത്. മറിച്ച് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. പ്രസവിക്കാനുള്ള സ്ത്രീയുടെ അവകാശമാണിവിടെ അർത്ഥമാക്കുന്നത്. ശരിയാണ് ഇതെല്ലാം ജനസംഖ്യമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണെങ്കിലും വിദ്യാഭ്യാസമെന്നത് ഇതിനൊരു പോംവഴിയാണ്. എന്നാൽ ഒടുവിൽ പരിസ്ഥിതിയിലേക്കെത്തുമ്പോൾ അതൊരു ചോദ്യമായി തന്നെ നിലനിൽക്കുന്നു. ആഗോള മധ്യവർഗത്തിന്റെ ആശയങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കുകയേോ അപനിർമ്മിക്കുകയോ സാധ്യമല്ല. ആഗോള ഉപഭോക്തൃ വർഗത്തിന്റെ ജീവിതമെന്നത് കമ്പോള, സാമ്പത്തിക ശക്തികൾ രൂപപ്പെടുത്തും വിധമാണുള്ളത്. അവിടെ പരിസ്ഥിതി അദൃശ്യമാണ്. ഈയൊരു ഘട്ടത്തിലാണ് സിദ്ധാന്തങ്ങളെ നാം പ്രാവർത്തികമാക്കേണ്ടത്. നമ്മൾ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. എന്തെന്നാൽ നമുക്ക് ജീവിക്കാൻ എന്തായാലും ഒരു ഗ്രഹം വേണം.
കടപ്പാട്: ഡൗൺ ടു എർത്ത്, പരിഭാഷ: ശ്രുതി ടി.എസ്