

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വ്യാവസായിക തൊഴിലാളികളും കർഷക തൊഴിലാളികളും ഏറെയുണ്ടായിരുന്ന പഴയ കൊച്ചിരാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയൊരുക്കുന്നതിന് നേതൃത്വം നൽകിയ നേതാവായിരുന്നു അന്തരിച്ച എം.എം ലോറൻസ്. 17-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാൻഡിഡേറ്റ് അംഗമായി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന എം.എം ലോറൻസിന്റെ ജീവിതം കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ള കൊച്ചിയുടെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. 1950കളുടെ തുടക്കത്തിൽ കൊച്ചിയിൽ ഉയർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂണിയൻ മുന്നേറ്റങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. ഏറെ വൈകിയാണ് ഈ ഓർമ്മകളെല്ലാം ആത്മകഥാ രൂപത്തിൽ എം.എം ലോറൻസ് എഴുതുന്നത്. 2023ൽ പുറത്തിറങ്ങിയ ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ കൊച്ചി കേന്ദ്രമായി കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രരേഖ കൂടിയായി മാറുന്നു. എൻ.എസ് മാധവൻ പുസ്തകത്തിന്റെ അവതാരികയിൽ സൂചിപ്പിച്ചതുപോലെ കേരളപഠനത്തിലെ വലിയ വിടവാണ് ഈ ആത്മകഥയിലൂടെ എം.എം ലോറൻസ് നികത്തിയത്. കേരള ചരിത്രത്തിലെയും എം.എം ലേറൻസിന്റെ രാഷ്ട്രീയ ജീവിതത്തിലെയും പ്രധാന സംഭവമാണ് 1950 ഫെബ്രുവരി 28ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം. ആ സംഭവത്തിൽ പങ്കെടുത്തതിനെ തുടർന്ന് കൊടിയ പൊലീസ് മർദ്ദനമേറ്റവരുടെ കൂട്ടത്തിൽ ജീവിച്ചിരുന്ന അവസാന വ്യക്തി കൂടിയാണ് അദ്ദേഹം. കേരളത്തിൽ നടന്ന ഈ ആദ്യ പൊലീസ് സ്റ്റേഷൻ ആക്രമണമത്തിൽ പങ്കുചേരാൻ കഴിഞ്ഞത് ജീവിതത്തിലെ സുപ്രധാന സംഭവമായാണ് എം.എം ലോറൻസ് എന്നും പറഞ്ഞിട്ടുള്ളത്. ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിൽ മൂന്ന് അധ്യായങ്ങളിലായി അദ്ദേഹം അത് വിശദമായി എഴുതുകയും ചെയ്തിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രയും വിശദമായി ആദ്യം രേഖപ്പെടുന്നത് ഈ പുസ്തകമാണെന്ന് പറയാം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന എം.എം ലോറൻസിന്റെ ആത്മകഥയുടെ ഒരു പ്രധാന സംഭാവനയും ഇതാണെന്ന് എൻ.എസ് മാധവൻ നിരീക്ഷിക്കുന്നു. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത സഖാക്കളെ ക്രൂരമായി മർദ്ദിച്ചവരുടെ കൂട്ടത്തിൽ പ്രമുഖ നടനും പൊലീസ് ഓഫീസറുമായ സത്യൻ ഉണ്ടായിരുന്നു എന്ന തെറ്റായ പ്രചരണത്തെയും ലോറൻസ് ഈ ഓർമ്മ പുസ്തകത്തിലൂടെ തിരുത്തുന്നുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച ഓർമ്മകളിലെ ചില പ്രധാന ഏടുകളിലൂടെ കടന്നുപോകാം.


എന്താണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം?
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ചോരപടർന്ന അധ്യായമാണ് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം.1950 മാർച്ച് ഒൻപതിന് രാജ്യവ്യാപകമായി റെയിൽവേ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സാധാരണ ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കേണ്ട അഖിലേന്ത്യ പണിമുടക്ക് അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് നടന്നത്. ‘ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കോൺഗ്രസ് സർക്കാരിനെ അധികാര ഭ്രഷ്ടമാക്കുന്ന വിപ്ലവ സമരത്തിൽ തൊഴിലാളി വർഗത്തിനുള്ള കടമ നിറവേറ്റുന്നതിനുള്ള തുടക്കമെന്ന നിലയിലാണ് ഈ പണിമുടക്ക് ആസൂത്രണം ചെയ്തത്’ എന്ന ഇ.എം.എസിന്റെ വാക്കുകൾ ലോറൻസ് പുസ്തകത്തിൽ ഓർമ്മിക്കുന്നുണ്ട്. റെയിൽവേ തൊഴിലാളികളുടെ ഒപ്പം മറ്റു വ്യവസായ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യവും പണിമുടക്കിന്റെ ഭാഗമായി പാർട്ടിക്കുണ്ടായിരുന്നു. അങ്കമാലി മുതൽ എറണാകുളം വടുതല വരെയുള്ള റെയിൽ ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു ഉദ്ദേശം.
പണിമുടക്കുമായി ബന്ധപ്പെട്ട് പോണേക്കരയിൽ രഹസ്യ മീറ്റിംഗിനെത്തുമ്പോഴാണ് എൻ.കെ മാധവനെയും വറുതൂട്ടിയെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി ലോക്കപ്പിലിട്ട് അതിക്രൂരമായി മർദിച്ചുവെന്ന വിവരം ലോറൻസ് അടക്കമുള്ള സഖാക്കൾ അറിയുന്നത്. ലോക്കപ്പിലുള്ളവരിൽ ഒരാളുടെ ജീവൻ അപകടത്തിലാണെന്നും മറ്റൊരാൾ മരണപ്പെട്ടതായും കെ.സി മാത്യു മീറ്റിംഗിൽ അറിയിച്ചു. എങ്ങനെയെങ്കിലും പാർട്ടി നേതാക്കളെ സ്റ്റേഷനിൽ നിന്നും മോചിതരാക്കണം എന്ന് മീറ്റിംഗ് തീരുമാനിച്ചു. അന്ന്, 1950 ഫെബ്രുവരി 28ന് പൊലീസ് സ്റ്റേഷനിൽ കയറി ആക്രമണത്തിന് തയ്യാറായത് എം.എം ലോറൻസ്, കെ.സി മാത്യു, കെ.യു ദാസ് ഉൾപ്പെടെ പതിനേഴ് സഖാക്കളായിരുന്നു. ആലുവ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ചുമതലപ്പെടുത്തിയ നേതാവായിരുന്നു ലോക്കപ്പിലായ എൻ.കെ മാധവൻ. ആലുവ-ഏലൂർ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം വളർന്നുവരുന്ന കാലം കൂടിയായിരുന്നു അത്. എറണാകുളത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഷണ്ടിങ് കേന്ദ്രമെന്ന നിലയിൽ ഇടപ്പള്ളി വളരെ പ്രധാനപ്പെട്ട സ്റ്റേഷനായിരുന്നു. സ്റ്റേഷനിലേക്ക് നടന്ന സംഭവങ്ങൾ എം.എം ലോറൻസ് പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു.
”സ്റ്റേഷനിൽ എത്തേണ്ട താമസം ‘അറ്റാക്ക്’ എന്ന് കെ.സി മാത്യു വിളിച്ചു പറഞ്ഞു. എല്ലാവരും സ്റ്റേഷനിലേക്ക് ഇരച്ചുകയറി. ശബ്ദം കേട്ട് സ്റ്റേഷന് മുന്നിൽ പാറാവുനിന്ന പൊലീസുകാരൻ മാത്യു കൈയിലെ ചൂരൽവടികൊണ്ട് അങ്ങിങ്ങ് ഉറങ്ങിക്കിടന്ന പൊലീസുകാരെ അടിച്ചുണർത്തി. ഉണർന്നവർ ചുറ്റുപാടും നോക്കിയപ്പോൾ കൈയിൽ വടികളും മറ്റുമായി നിൽക്കുന്ന ഒരുപറ്റം ആളുകൾ. എഴുന്നേറ്റവർ ഒന്നിനുപിറകെ ഒന്നായി പുറത്തേക്കോടി. കോൺസ്റ്റബിൾ മാത്യു കൈയിലെ തോക്കിന്റെ ബയണറ്റുകൊണ്ട് കെ.സി മാത്യുവിനെ കുത്താൻ ശ്രമിച്ചു. കെ.സി മാത്യു ബയണറ്റിൽ കയറിപ്പിടിച്ചു. കൈ മുറിഞ്ഞു. ഇതേത്തുടർന്ന് കോൺസ്റ്റബിൾ മാത്യു തൊട്ടടുത്തുനിന്ന മറ്റൊരു സഖാവിന്റെ നെഞ്ചിനുനേരേ ബയണറ്റുമായി തിരിഞ്ഞു. ഇതുകണ്ട മറ്റു സഖാക്കൾ മാത്യുവിനെ വടികൊണ്ട് അടിക്കാൻ തുടങ്ങി. അപ്പോൾ സ്റ്റേഷൻ ചാർജുകാരൻ കോൺസ്റ്റബിൾ വേലായുധൻ മുറിയിൽ കയറി മേശപ്പുറത്തെ ഫോണെടുത്ത് വിളിക്കാൻ തുടങ്ങി. സഖാക്കൾ ഫോൺബന്ധം വിച്ഛേദിച്ചു. ഉടനെ വേലായുധൻ പോക്കറ്റിൽ നിന്ന് കഠാരയെടുത്ത് സഖാക്കൾക്ക് നേരേ തിരിഞ്ഞു. അപ്പോൾ സഖാക്കൾ പ്രതിരോധിച്ചു. അടി കൊണ്ട് വേലായുധൻ വീണു. കൈയിൽ പടക്കം കരുതിയ സഖാവ് അതെടുത്ത് പ്രയോഗിച്ചപ്പോൾ വീണത് മറ്റൊരു സഖാവിന്റെ പുറത്ത്. ഞങ്ങൾ വരുന്ന വഴി മഴ ചാറിയിരുന്നതിനാൽ പടക്കം നനഞ്ഞുകാണും, പൊട്ടിയില്ല. ഇതിനിടയിൽ മാധവനും വറുതൂട്ടിയും കിടക്കുന്ന ലോക്കപ്പ് മുറിയുടെ പൂട്ട് പൊളിക്കാനുള്ള ശ്രമം സഖാക്കൾ തുടങ്ങിയിരുന്നു. വാക്കത്തികൊണ്ട് പൂട്ട് വെട്ടിപ്പൊളിക്കാൻ ശ്രമിക്കുന്ന ശബ്ദം മുഴങ്ങിക്കേട്ടു. പൂട്ട് അനങ്ങിയില്ല. ശബ്ദം കേട്ടപ്പോൾ തൊട്ട് അയൽപക്കത്തെ വീട്ടുകാർ ലൈറ്റ് ഓഫ് ചെയ്തു. ഇതിനിടയിൽ വി.സി ചാഞ്ചൻ തോക്കിന്റെ പാത്തികൊണ്ട് ലോക്കപ്പിന്റെ പൂട്ട് ഇടിച്ചുപൊളിക്കാൻ ശ്രമിച്ചു. കരുത്തനായ ചാഞ്ചന്റെ ശക്തിയിലുള്ള ഇടികൊണ്ടും പൂട്ട് പൊളിഞ്ഞില്ല. സമയം പത്ത് മിനിറ്റിൽ കൂടുതലായി. പതിനഞ്ച് മിനിറ്റായപ്പോൾ കെ.സി മാത്യു ‘റിട്രീറ്റ്’ എന്ന് വിളിച്ചു പറഞ്ഞു. എല്ലാവരും സ്റ്റേഷനിൽനിന്ന് കൈയിൽ കിട്ടിയ തോക്കുകളും ആയുധങ്ങളുമായി പലവഴിക്ക് സ്ഥലം വിട്ടു. ആ ശ്രമം പരാജയപ്പെട്ട് എൻ.കെ മാധവനെയും വറുതൂട്ടിയെയും ലോക്കപ്പിൽ തന്നെ ഉപേക്ഷിച്ച് പോരുമ്പോൾ ഞങ്ങൾക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളായിരുന്നു അത്. എന്താണ് ഇനി വരാൻ പോകുന്നതെന്നതിനെക്കുറിച്ചുള്ള ധാരണ ഞങ്ങൾക്ക് ഉണ്ടായതിനാലാണത്.” (P.81,82)


ഇടപ്പള്ളി സ്റ്റേഷൻ ആക്രണത്തെ തുടർന്ന് ഒളിവിൽപ്പോയ എം.എം ലോറൻസ് ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പിടിക്കപ്പെടുന്നത്. അതിഭീകരമായ മർദ്ദനമാണ് ലോറൻസ് അടക്കമുള്ള പ്രതികൾക്കെല്ലാം നേരിടേണ്ടി വന്നത്. ക്രൂരമായ മർദ്ദനത്തെതുടർന്ന് ആലുവ പൊലീസ് സ്റ്റേഷനിൽ വെച്ച് മരിച്ച കെ.യു ദാസിന്റെ മൃതദേഹം കുടുംബാംഗങ്ങളെപ്പോലും കാണിക്കാതെ പൊലീസ് തന്നെ മറവു ചെയ്യുകയായിരുന്നു. പൊലീസിന്റെ ക്രൂരതകൾ എം.എം ലോറൻസ് ആത്മകഥയിൽ ഇങ്ങനെ വിവരിക്കുന്നു.
“എന്നെയും കെ.സി മാത്യുവിനെയും രാമവർമ്മയെയും പിടിച്ച് ഡിവൈ.എസ്.പി മന്നാടിയാരുടെ മുന്നിൽ കൊണ്ടുവന്ന് കുറച്ചുകഴിഞ്ഞപ്പോൾ തന്നെ മർദ്ദനം തുടങ്ങി. പൊലീസുകാർ ചുറ്റും കൂടി നിന്ന് ചവിട്ടിയും ഇടിച്ചും ഞങ്ങളെ ഏതാണ്ട് മൃതപ്രായരാക്കി. എ.ആർ ക്യാമ്പിലിട്ട് ഏതാനും മണിക്കൂറുകൾ തുടർച്ചയായി ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് ക്യാമ്പിൽനിന്ന് പൊലീസ് അകമ്പടിയോടെ എന്നെയും കെ.സി മാത്യുവിനെയും രാമവർമയെയും നടുവിൽ നിർത്തി കാളയെ കെട്ടുന്ന കയർകൊണ്ട് കെട്ടി ഷൺമുഖം റോഡ് വഴി ബ്രോഡ് വേ ഭാഗത്തേക്ക് കൊണ്ടുപോയി. റോഡിൽ ഇറങ്ങിയ ഉടൻ പൊലീസുകാർ മാറിമാറി തുടർച്ചയായി ഞങ്ങളുടെ മുതുകത്ത് ഇടിക്കുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്തു. റോഡിൽ നൂറുകണക്കിന് ജനങ്ങളുടെ ഇടയിൽ, അവരുടെ മുന്നിലിട്ട് തുടർച്ചയായി ഞങ്ങളെ നിഷ്ഠൂരമായി മർദ്ദിച്ചു. ഞങ്ങളുടെ ഷർട്ടെല്ലാം വലിച്ചുകീറി.” (P.91)
അടിയന്തരാവസ്ഥ കാലത്തേക്കാൾ ക്രൂരമായിരുന്നു അന്നത്തെ മർദ്ദന മുറകളെന്നും എം.എം ലോറൻസ് സാക്ഷ്യപ്പെടുത്തുന്നു.
“ഇതുകൂടാതെ ക്ലിപ്പിടൽ എന്നൊരു മർദ്ദനമുറയും ഉണ്ടായിരുന്നു. അപ്രകാരം മർദ്ദിക്കാൻ നല്ല ശാരീരിക ശക്തിയും അത് ചെയ്യാൻ പരിചയവുമുള്ള പൊലീസുകാരെ ദൂരെദിക്കുകളിൽനിന്ന് കൊണ്ടുവന്നു. മർദ്ദനം ഏൽക്കുന്നവരുടെ കക്ഷത്തിനിടയിൽ കൂടി കൈവിരലുകൾ ശക്തിയായി കുത്തിക്കയറ്റി മർമ്മങ്ങളിൽ മർദ്ദനം ഏൽപ്പിച്ച് പ്രാണവേദനയുണ്ടാക്കുന്ന ഒരു രീതിയായിരുന്നു അത്. കൂടാതെ ഒരു കൈയിൽ വിലങ്ങണിയിച്ച് മുകളിൽ കെട്ടിത്തൂക്കി ആട്ടുകയും ആടിവരുമ്പോൾ ചൂരലിനും ലാത്തിക്കും തോക്കിന്റെ പാത്തിക്കും അടിക്കുകയും പതിവായിരുന്നു. പലപ്പോഴും ബെഞ്ചിൽ മലർത്തിക്കിടത്തി കാൽമുട്ടുകൾക്കടിയിലും മുകളിലും റൂൾ തടികൾ വെച്ച് ബലമായി അമർത്തി കാലുകൾ വലിച്ചുനീട്ടി ഉള്ളംകാലിൽ ചൂരലിന് അടിക്കും. വലത്തെ കാലിന് അടിക്കാൻ വലതു കൈയ്ക്ക് സ്വാധീനം ഉള്ള പൊലീസുകാരെയും ഇടത്തെ കാലിന് അടിക്കാൻ ഇടതുകൈയ്ക്ക് സ്വാധീനമുള്ള പൊലീസുകാരെയും പ്രത്യേകമായി തയ്യാറാക്കി നിർത്തി. ഇപ്രകാരം അടിച്ച് പലരുടെയും ഉള്ളംകാൽ പൊട്ടിച്ചു. കുറെ അടി ഉള്ളംകാലിൽ കൊള്ളുമ്പോൾ ബോധം പോകും. അപ്പോൾ മുഖത്ത് വെള്ളമൊഴിച്ച് ബോധം വരുത്തി എഴുന്നേൽപ്പിച്ച് നിർത്തി ചാടാൻ പറയുക പതിവായിരുന്നു. ഉള്ളം കാലിലെ ചൂരൽ പ്രയോഗം എന്നെയും മറ്റുള്ളവരെയും പലപ്പോഴും അബോധാവസ്ഥയിലാക്കി. തളർന്ന് വീണ് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചു. തെളിവെടുപ്പിന്റെ പേരുപറഞ്ഞ് ഇടപ്പള്ളി പൊലീസ് സ്റ്റേഷ നിൽ കൊണ്ടുവന്നും മർദ്ദിച്ചു. അടിയന്തരാവസ്ഥയിൽ രക്തസാക്ഷിയായ രാജനെ മർദ്ദിക്കാൻ പ്രയോഗിച്ച ഉരുട്ടൽ വിദ്യയും ഞങ്ങളിൽ പ്രയോഗിക്കപ്പെട്ടു.”(P.95)


എം.എം ലോറൻസിനെ മർദ്ദിച്ച പൊലീസുകാരുടെ കൂട്ടത്തിൽ പൊലീസ് ഓഫീസറായിരുന്ന സിനിമാ നടൻ സത്യൻ ഉണ്ടായിരുന്നു എന്ന ഒരു കഥ ഏറെക്കാലമായി കേരളത്തിൽ നിലനിൽക്കുന്നുണ്ടായിരുന്നു. സത്യന്റെ 49-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് നിരൂപകൻ കെ.പി അപ്പനെ ഉദ്ധരിച്ച് ഗ്രാഫിക് ആർട്ടിസ്റ്റായ ബബിത് കോഴിക്കളത്തിൽ ഫെയ്സ്ബുക്കിൽ അത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. സത്യനാണ് ലോറൻസിനെ മർദ്ദിച്ചതെന്നാണ് കെ.പി അപ്പനും പറഞ്ഞിരുന്നത്. എന്നാൽ അതിനെയും ആത്മകഥയിൽ എം.എം ലോറൻസ് ഇങ്ങനെ തിരുത്തുന്നു.
“ഇത് വായിച്ച് ഒട്ടനവധി പേർ എന്നോട് ഫോണിലൂടെയും നേരിട്ടും അത് ശരിയാണോ എന്ന് ചോദിച്ചു. പലർക്കും അറിയേണ്ടിയിരുന്നത് മഹാനടനായ സത്യൻ ആണോ അങ്ങനെ ചെയ്തത്, സത്യൻ അത്ര ക്രൂരനായിരുന്നോ എന്നൊക്കെയാണ്. എന്തായാലും എറണാകുളം നഗരത്തിലൂടെ എന്നെ മർദ്ദിച്ചുകൊണ്ടുപോയവരിൽ സത്യൻ ഉള്ളതായി ഞാൻ ഓർക്കുന്നില്ല….. കെ.പി അപ്പനെയോ ബിബിത് കോഴിക്കളത്തിനെയോ എനിക്ക് നേരിട്ട് പരിചയമില്ല. ഞങ്ങളെ അറസ്റ്റുചെയ്ത് ക്രൂരമായി മർദ്ദിച്ച കാലയളവിൽ കെ.പി അപ്പൻ എറണാകുളം മാഹാരാജാസ് കോളേജിൽ പഠിച്ചിരുന്നതായും എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള മോഡേൺ ഹോട്ടലിൽ താമസിച്ചിരുന്നതായും പിന്നീട് അറിഞ്ഞു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങളിൽ അത് പറഞ്ഞട്ടുണ്ട്. എന്തൊക്കെയായാലും ഒരു പാർലമെന്റ് തെരഞ്ഞെടുപ്പു സമയത്ത് ഞാൻ പാർട്ടി നിർദേശപ്രകാരം സത്യനെ ബന്ധപ്പെട്ടിരുന്നു. ആ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി സത്യനെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. സത്യൻ എതിർത്തൊന്നും പറഞ്ഞില്ല. എങ്കിലും ശാരീരികമായി നല്ല സുഖമില്ല, അതിനാൽ നിൽക്കാൻ കഴിയില്ല’ എന്ന് പറഞ്ഞു. തന്റേതായ സ്വഭാവഗുണങ്ങൾ ഉള്ള ആളായിരുന്നു സത്യൻ.”(P.99)
ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം നടന്നിട്ട് 74 വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ തയ്യാറല്ലാതിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി വിമോചനത്തിന് ആയുധമേന്തണമെന്ന നയമാണ് അന്ന് മുന്നോട്ടുവച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട കൽക്കത്ത തീസിസ് അതിന് അടിത്തറ നൽകി. 1948 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊൽക്കത്തയിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസ്സിൽ അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി.ടി. രണദിവെ അവതരിപ്പിച്ച കൽക്കത്ത തീസിസ് സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാനാണ് ആഹ്വാനം ചെ്യതത്. കൽക്കത്താ തീസിസിന്റെ അംഗീകാരത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമാസക്തമായ സമരങ്ങളുടെ ഭാഗമായിരുന്നു ഇടപ്പള്ളി സ്റ്റേഷൻ ആക്രണം. 1957ൽ തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽ വന്നതിനെ തുടർന്നാണ് ഇടപ്പള്ളി കേസിലെ പ്രതികൾ മോചിപ്പിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾ കേരളത്തിൽ പിന്നീടുമുണ്ടായിട്ടുണ്ട്. ആറ് പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ ആക്രമിക്കപ്പെട്ടിട്ടുള്ളത്. ആദ്യ സ്റ്റേഷൻ ആക്രമണത്തിൽ പങ്കുചേർന്ന എം.എം ലോറൻസ് വിടവാങ്ങുന്നതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി സായുധ വിപ്ലവപാതയിൽ സഞ്ചരിച്ച കാലത്തെ ഓർമ്മകളും പിന്നീടുണ്ടായ തെറ്റുതിരുത്തലുകളും പങ്കുവയ്ക്കാൻ കഴിയുന്ന തലമുറയിൽ അവശേഷിച്ച ഒരു ചരിത്രവ്യക്തിത്വത്തെ കൂടിയാണ് നഷ്ടമാകുന്നത്.