സമൂഹത്തിനില്ലേ സാഹിത്യത്തോട് പ്രതിബദ്ധത ?

എഴുത്തുകാരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചാണ് എനിക്ക് സംസാരിക്കേണ്ടതെങ്കിലും, അതോടൊപ്പം സമൂഹത്തിലെ എഴുത്തുകാരെ കുറിച്ച് ചില ചോദ്യങ്ങളും എനിക്കു ചോദിക്കാനുണ്ട്. സമൂഹവും എഴുത്തുകാരും, എഴുത്തുകാരോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തവും. എഴുത്തുകാർക്ക് സമൂഹത്തോടുള്ള  കടപ്പാട് എന്തെന്ന് നാം പറയും, എങ്ങനെയാണ് എഴുത്തുകാർ പ്രവർത്തിക്കേണ്ടത് എന്ന് വ്യാവഹാരികവും മുദ്രകുത്തുന്നതുമായ മുൻവിധിയോടെയാണ് നാം ഈ വിഷയത്തെ സമീപിക്കാറ്. എന്നാൽ ഞാൻ ഇവിടെ ബോധപൂർവ്വം പ്രകോപനപരമായി സംസാരിച്ച് ചില ചോദ്യങ്ങൾ ഉന്നയിക്കട്ടെ.

‘സമൂഹത്തിലെ എഴുത്തുകാർ’ എന്ന വിഷയം അവതരിപ്പിക്കാനായി എന്റെ തന്നെ എഴുത്തു ജീവിതത്തിൽ നിന്നും ചെറിയ ചില കഥകൾ പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു തുടങ്ങാം.  ഒരു സമൂഹത്തിൽ എഴുത്തുകാർ ആരാണ് ? സമൂഹം –സമാന്യയുക്തിയിൽ- എങ്ങനെയാണ് എഴുത്തുകാരെ കാണുന്നത് ?

എന്റെ സ്വകാര്യമായ ചില കഥകൾ പറഞ്ഞുകൊണ്ടാണ് ഞാൻ തുടങ്ങുന്നത്, എന്റെ കഥകൾ എന്നുവെച്ചാൽ അത് മാതൃഭാഷയിൽ എഴുതുന്ന- എന്റെ കാര്യത്തിൽ അത് ഹിന്ദി- ഒരു സ്ത്രീയുടെ എഴുത്തു ജീവിതമാണ്. ഈ ചെറിയ കഥകളിലൂടെയാണ് ഞാൻ പറഞ്ഞു തുടങ്ങുന്നത്.

എഴുതിത്തുടങ്ങിയിട്ട് കുറച്ചായി കാലം, എഴുത്തുകാരുടെ ജീവിതം എന്ന് ആളുകൾ വിചാരിക്കുന്നതിനു വിരുദ്ധമായിട്ട്; ഒരെഴുത്തുകാരന്റെ ജീവിതം മോഹനമാണെന്നു പലരും വിചാരിക്കുന്നു, സത്യത്തിൽ ഏറെ വിരസമാണത്. മിക്കവാറും നേരമെല്ലാം അകത്തിരിപ്പാണ്. നിങ്ങൾ തനിച്ചാണ്. ഇനി പുറത്താണെങ്കിൽ കൂടി ഏകാന്തതയിൽ, തനിച്ചു തന്നെയാണ്.  നിങ്ങൾ എഴുതുന്നു, എഴുതുന്നു, പിന്നെയും എഴുതുന്നു…  ഇതൊരു ഏകാന്തജീവിതമാണ്. ഒട്ടും ആകർഷണീയമല്ല ഇതെന്ന് എനിക്കു തോന്നി. മോടിയൊന്നു കൂട്ടാൻ ഞാൻ നോക്കി.

ടാഗോറിനെ പോലെയുള്ള എഴുത്തുകാരെ ഞാൻ ഓർത്തു. ഒഴുകുന്ന താടിയും, നാടകീയമായ ഉടയാടകളും, അല്ലെങ്കിൽ ഞങ്ങളുടെ ഹിന്ദിയുടെ പ്രതീകമായ കൃഷ്ണ സോബ്തിയും, ഏറെ പകിട്ടേറിയ ശരാരകളും ഖരാരകളും ധരിക്കുന്നു. കൂടെ ഒരു ഹിമാചലി ടോപ്പിയും, നാടകീയമായ ബണ്ടിയും, നല്ല ജൂത്തികളും.

കൃഷ്ണ സോബ്തി. കടപ്പാട് livemint.com

ഞാൻ വിചാരിച്ചു എഴുത്തുകാർ ഒരു ശ്രദ്ധാകേന്ദ്രമായിരിക്കണം, ഒരു മുറിയിൽ കടന്നുവന്നാൽ ആരോ വന്നിരിക്കുന്നു എന്ന തോന്നിക്കുന്ന തരം വ്യക്തിത്വമായിരിക്കണം.

എവിടുന്നു തുടങ്ങും ഞാൻ? എന്റെ വസ്ത്രങ്ങൾ ഒന്നാകെ മാറ്റുനള്ള ധൈര്യം എനിക്കില്ല, അതുകൊണ്ട് വായിക്കാനുള്ള കണ്ണടവെച്ചു തുടങ്ങാം! ഞാൻ അങ്ങനെ കണ്ണടക്കടയിൽ പോയി. ഫ്രെയിമുകൾക്കായുള്ള വേട്ട തുടങ്ങി, എന്നെ കുറക്കൂടി നാടകീയമാക്കുന്നതും, എഴുത്തുകാരുടേത് എന്നു തോന്നിക്കുന്നതുമായ ഒന്നിനു വേണ്ടി, ഓരോ ഫ്രെയിമുകൾ നോക്കി തുടങ്ങി.

തീർച്ചയായും കടക്കാരൻ അവിടെയുണ്ടായിരുന്നു, എന്നെ  സഹായിക്കുന്നതിനും, നിർദ്ദേശങ്ങൾ നൽകി എന്നെ പ്രേത്സാഹിപ്പിച്ച് ഏറ്റവും വിലയേറിയ കണ്ണട എനിക്കായ് കണ്ടെത്തുന്നതിനും. രസികൻ ചില ഫ്രെയിമുകൾ അവിടുണ്ടായിരുന്നു. ഹൃദയങ്ങൾ കൊരുത്തവ, പൂക്കൾ കൊരുത്തവ, നാടൻ മട്ടിലുള്ള വെള്ളി അരികുള്ളവ. അവയോരോന്നും ഞാൻ എടുത്തുവെച്ചു നോക്കിക്കൊണ്ടിരുന്നു. അങ്ങനെ ഞാനൊന്നു തിരഞ്ഞെടുത്തു. അതു കാണാൻ അത്ര മോശമായിരുന്നുമില്ല. അതിന്റെ മേൽഭാഗം കനത്തതും നാടകീയമായി ചുവന്നതും എന്നാൽ കീഴ്ഭാഗം വെറും വെള്ളയുമായിരുന്നു. അതണിഞ്ഞപ്പോൾ ഇതു വിജയിക്കും എന്ന് എനിക്കു തോന്നി, ഒരുവിധം ഒപ്പിക്കാം.

എന്റെ ഭർത്താവിലേക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു, കാണാൻ എങ്ങനെയുണ്ടിത്?  എഴുത്തുകാരെ പോലെയുണ്ടോ, കണ്ടാൽ എഴുത്തുകാരെ പോലെ തോന്നുന്നുണ്ടോ എന്നെ?  എന്നിലുള്ള ശ്രദ്ധയാൽ എന്നെ ആശ്വസിപ്പിക്കാനും എന്നെ ബോധ്യപ്പെടുത്താനും മുന്നിൽ ചാടി വീണ കടക്കാരൻ പറഞ്ഞു, ഒരിക്കലുമില്ല മാഡം! നിങ്ങൾക്കു കാര്യം മനസ്സിലായോ? അയാൾ എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. എഴുത്തുകാരെ പോലെ കാണപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുകയില്ലെന്ന ബോധ്യം അയാൾക്കുണ്ടായിരുന്നു. ഒരു സിനിമാ താരത്തെ പോലെയോ, രാഷ്ട്രീയക്കാരെ പോലെയോ, അല്ലെങ്കിൽ ഉദ്യോഗസ്ഥരെ പോലെയോ തോന്നുന്നുണ്ടോ എന്നു ചോദിച്ചിരുന്നെങ്കിൽ അയാൾ പറഞ്ഞേനെ, അതെയതെ, തീർച്ചയായും മാഡം. പക്ഷെ എഴുത്തുകാരെ പോലെയുണ്ടോ എന്നോ? ഒരിക്കലുമില്ല മാഡം. ആളുകൾ എങ്ങനെയാണ് എഴുത്തുകാരെ കാണുന്നെതെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്. ഇതിൽ കൂടുതലൊന്നും പറയേണ്ടതില്ല.

മടപ്പള്ളി കോളേജിൽ എം.ആർ നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്ന ഗീതാജ്ഞലി ശ്രീ

മറ്റൊരു കഥയിലേക്ക് പോവാം നമുക്ക്. കുറച്ചു കാലമായ് എഴുതുന്നുണ്ട് ഞാൻ. പുസ്തകങ്ങൾ ചിലതു പുറത്തിറങ്ങിക്കഴിഞ്ഞു. അഭിമുഖങ്ങളും, നിരൂപണങ്ങളും ചിലതു വന്നു കഴിഞ്ഞു. എന്റെ കുടുംബക്കാരിൽ ഒരാൾ എനിക്കു പ്രിയമുള്ളൊരാൾ അടുത്തുവന്നെത്തി. അതെ, ഞാൻ നിന്റെ അഭിമുഖങ്ങൾ കണ്ടു, ഞാനാ നിരൂപണങ്ങൾ കണ്ടു, എന്നയാൾ പറഞ്ഞു. ഞാൻ അയാൾക്ക് ഈ പുസ്തകങ്ങൾ നൽകി, അവയിൽ ഒപ്പിട്ടുകൊടുത്തു, അങ്ങനെ സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു, അപ്പൊ, ഇപ്പൊ നീ എന്താ ചെയ്യുന്നെ? ഞാൻ ആശ്ചര്യപ്പെട്ടിട്ടു പറഞ്ഞു. നോക്ക്, നീയല്ലേ  ഇപ്പൊ പറഞ്ഞെ, എന്റെ പുസ്തകങ്ങൾ കണ്ടു, എന്റെ അഭിമുഖങ്ങൾ കണ്ടു, നിരൂപണങ്ങൾ കണ്ടു എന്നൊക്കെ ? എന്നിട്ട് ഞാൻ എന്താ ചെയ്യുന്നതെന്നോ ?

അന്നേരം അയാൾ പറഞ്ഞു, അല്ല,ല്ല നീ എഴുതുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ ശെരിക്കും നീ ഇപ്പോൾ ചെയ്യുന്നതെന്താണ് ?

ശരിക്കും ഞാനെന്താണ് ചെയ്യുന്നതെന്നോ ?

എഴുത്ത് എന്നാൽ പലർക്കും എന്തെങ്കിലും ചെയ്യുന്നതായിട്ടുള്ള ചെയ്ത്തല്ല. അയാൾക്കുമതെ… നീ എഴുതുന്നുണ്ടെന്നത് ശരിയാണ്, പക്ഷെ ശരിക്കും നീ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?

ഞാൻ പറയുന്ന മൂന്നാമത്തെ കഥ എന്റെ മാതൃഭാഷയെ കുറിച്ചാണ്. മാതൃഭാഷയിൽ എഴുതുന്നതിനെ കുറിച്ചാണ്. ഞാൻ എഴുത്തു തുടങ്ങിയ കാലം തൊട്ട്, ഇന്നിപ്പോൾ പോലും അറിയപ്പെടുന്നുണ്ടെങ്കിൽ അതൊരു ഹിന്ദി എഴുത്തുകാരിയെന്നാണ്. എന്നാൽ ഞാൻ ഒരു എഴുത്തുകാരിയാണ് എന്ന് അറിഞ്ഞാൽ ഉടനെ എന്നോടു ചോദിക്കും, ഏതു ഭാഷയിലാണ് എഴുതുന്നത് ? അല്ലെങ്കിൽ എന്തിനാണ് ഹിന്ദിയിൽ എഴുതുന്നത് ? എന്തുകൊണ്ട് ഇംഗ്ലീഷിലല്ല ?

എഴുത്തുകാരോടു ചോദിക്കാവുന്ന വിചിത്രമായൊരു ചോദ്യമാണിത്, എന്തുകൊണ്ട് നിങ്ങൾ മാതൃഭാഷയിൽ എഴുതുന്നു, എന്തുകൊണ്ട് ഒരു വിദേശ ഭാഷയിൽ എഴുതുന്നില്ല?  എനിക്കറിയാം പണ്ടേ പോലെ ഇംഗ്ലീഷ് ഇപ്പോൾ ഒരു വിദേശ ഭാഷയല്ലെന്ന്. പക്ഷെ മാതൃഭാഷയാണ് എന്റെ ഭാഷ. അതിൽ എന്താണ് ആളുകൾക്ക് ഇത്രയത്ഭുതം ? ഒരു ഫ്രഞ്ച് എഴുത്തുകാരിയോട് ആരും ചോദിക്കില്ല, നിങ്ങൾ എന്താ ഫ്രഞ്ചിൽ എഴുതുന്നത് എന്ന് ? എന്താ ഇംഗ്ലീഷിൽ എഴുതാത്തത് എന്ന് ? ഈ ചോദ്യം ചോദിക്കുന്നത് ഇന്ത്യയിലെ പഠിപ്പുള്ളവരാണ്. പഠനം എന്നാൽ ഇംഗ്ലീഷിലൂടെ പഠിക്കുന്നതാണ് എന്നാണ് ഇവിടെ മനസ്സിലാക്കപ്പെടുന്നത്. നിങ്ങളുടെ മാതൃഭാഷയിലൂടെയല്ല.

നമുക്കു കടന്നുപോകാൻ ഒരു കഥകൂടിയുണ്ട്. ഈ ഭാഗത്തിന്റെ അവസാന ഭാഗത്ത് എനിക്കു പറയാനുള്ള അവസാനത്തെ കഥ ഒരു സ്ത്രീയായിക്കൊണ്ട് എഴുതുന്നതിനെക്കുറിച്ചാണ്.

അതെ, ഞാൻ ഭാഗ്യമുള്ള, സവിശേഷാധികാരങ്ങളുള്ള ഒരു സ്ത്രീയാണ്. എനിക്ക് എന്റെ എഴുത്തു ജീവിതത്തിൽ പ്രത്യക്ഷമായ വിവേചനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടുമില്ല. എങ്കിലും ഒരാൾക്കും തന്നെ ഇവിടുത്തെ വ്യവസ്ഥാപിത വിവേചനത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയില്ല. സ്ത്രീയെ കാണുന്ന ഒരു പ്രത്യേകരീതി, പുരുഷാധിപത്യ സമൂഹത്തിൽ നാം ആൺനോട്ടം എന്ന് പറയുന്നതിനുള്ള അധികാരം വലുതാണ്. മാത്രമല്ല, എന്നെ പോലെ ഭാഗ്യം ചെയ്ത സ്ത്രീയായിരുന്നാലും അതു നേരിടേണ്ടതുണ്ട്. എങ്ങനെയാണത് സംഭവിക്കുന്നത് ? എന്താണ് അവർ ചെയ്യുന്നത് ? ഒരു എഴുത്തുകാരനെ പോലെ ഒരു എഴുത്തുകാരിയെ കാണാതിരിക്കലാണത്. ഇന്നു കാര്യങ്ങൾ വ്യത്യസ്തമാണ്, പറഞ്ഞ പോലെ ഞാനൊരു ഭാഗ്യം ചെയ്ത സ്ത്രീയുമാണ്. എന്നാൽ എഴുതുന്ന സ്ത്രീകളുടെ പൊതുവായ പ്രതിസന്ധികളാണ് ഞാൻ പറയുന്നത്. ചുരുക്കം ചില കാര്യങ്ങൾ ചെയ്യുന്നവരായി അവർ കാണപ്പെടുന്നത്. കുടുംബം നോക്കും, വീടു നോക്കും, അവരേറെ വ്യക്തിപരരാവും. അല്ലെങ്കിലോ? അവർ ചങ്കൂറ്റത്തോടെ അവരുടെ ശരീരത്തെ കുറിച്ചും രതിയെ കുറിച്ചും എഴുതും. അങ്ങനെയാണ് എഴുതുന്ന സ്ത്രീകളെ കാണുന്നത്. ഇതെല്ലാം  അവർ പറയുക ഏറെ ആദരവോടെയാണ്. സ്ത്രീകളെ കുറിച്ചല്ലാത്ത ഒരു പുസ്തകം അവൾ എഴുതിയിരിക്കുന്നു. ഒരു വലിയ വിഷയം, വർഗീയതയെ കുറിച്ച് ഞാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അപ്പോൾ ഞാൻ കേട്ടു, ഗീതാഞ്ജലി ശ്രീയുടെ എഴുത്ത് സ്ത്രീകൾക്കുമപ്പുറം വ്യാപിച്ചിരിക്കുന്നു! സത്രീകൾ എഴുതുന്നത് എന്താണെന്നും, എഴുതേണ്ടത് എന്താണെന്നും ഉള്ള ഇടുങ്ങിയ കാഴ്ച്ചപ്പാടുകളും, ഈ കഥയിലെ സ്ത്രീകളുടെ വശം എന്തെന്നുള്ളതും ഇത് വ്യക്തമാക്കുന്നുണ്ട്. ഇടുങ്ങിയ ഇടങ്ങളിലിരുന്ന് എഴുതുന്നവരെ പറ്റിയെന്നതിനെക്കാൾ ഇടുങ്ങിയ കണ്ണുകളിലൂടെ കാണുന്നവരുടെ പരിമിതിയെന്തെന്ന് വീടുകളെ കുറിച്ചു പറയുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. നമുക്കറിയാം, ഓരോ മണൽ തരിയിലും ഈ ഭൂമി തന്നെയുണ്ടെന്നും, ഓരോ തുള്ളി ജലത്തിലും ഒരു കടലുണ്ടെന്നും. അതിനാൽ വീട് ചെറിയ വിഷയമാണെന്നും, ചെറിയൊരു കാര്യത്തിന്റെ കഥയെഴുതുന്നത് ചെറിയൊരു കാര്യമാണെന്നുമുള്ള വിചാരത്തിൽ സത്യമില്ല. ചെറുതും വലുതും വേറിട്ടതല്ല. ഏതുതരത്തിലായാലും വീടും ലോകവും തമ്മിൽ കൽപ്പിക്കുന്ന വേർതിരിവ് കൃത്രിമമാണ്. എനിക്കങ്ങനെ പറയാമെങ്കിൽ, അതൊരു പുരുഷസൃഷ്ടിയാണ്.

രേത് സമാധിയുടെ ഹിന്ദി ഇംഗ്ലീഷ് പതിപ്പുകളുമായി ഗീതാജ്ഞലി ശ്രീ. കടപ്പാട് indianexpress.com

 ഈ ചെറയ കഥകൾ എല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്, നമ്മുടെ സമൂഹം എഴുത്തുകാരെ കാണുന്നതിന്റെ കേവലത വെളിപ്പെടുത്താനാണ്. എന്തുകൊണ്ടാണത് ? സമൂഹത്തിലെ എഴുത്തുകാരെ കുറിച്ചുള്ള ആളുകളുടെ ചിന്തകൾ എന്തെല്ലാമാണെന്നു ഞാൻ ആലോചിക്കും.

എഴുത്തുകാരോട് കരുണയുള്ളവരാണെങ്കിൽ അവർ പറയും, നിഷ്ക്ക്ളങ്കരും ആത്മാർത്ഥതയുള്ളവരും രസിപ്പിക്കുന്നവരുമാണെന്ന്. ഒരുപരിധിവരെ അങ്ങനെ അവരെ  ലാളിക്കും. അല്ലെന്നാൽ അവർ പറയും എഴുത്തുകാർ എന്നാൽ  ഇത്തിൾക്കണ്ണികൾ ആണ്. സമൂഹത്തിന്റെ വിഭവങ്ങൾ പാഴാക്കുന്നവരാണ്, സമയം കളയുന്നവരാണ്, അവരെയൊന്നും നമുക്ക് പിന്തുണക്കേണ്ടതില്ല. ഒരുപരിധി വരെ ആവാം. അതിനപ്പുറം എഴുത്തുകാരുമായിട്ടൊന്നും നമുക്ക് ഇടപെടേണ്ടതില്ല. അതെ, ഇനിയെങ്ങാനും എഴുത്തുകാർ വിവാദവിഷയങ്ങൾ വെളിപ്പെടുത്താൻ ശ്രമിക്കുകയാണ് എങ്കിൽ പിന്നെ അവർ ശല്യക്കാരാണ്, എന്തെന്നാൽ അവർ ഒതുങ്ങിയിരുന്ന് അവരുടെ പണി ചെയ്യണം, എന്തിനാണ് സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഇങ്ങെനെ ഒക്കെയാണ് പൊതുവിൽ എഴുത്തുകാരെ വിലയിരുത്തുന്നത്.

നിങ്ങൾക്കു കാണാം, ഇന്ത്യയിൽ മാത്രമല്ല, ലോകത്തൊട്ടാകെ സാഹിത്യം പോലെയുള്ള വിഷയങ്ങൾക്കും കലകൾക്കുമുള്ള ധന, വിഭവ വിഹിതം – എന്തുവശ്യമായ  സമതുലനമാണത് – ശാസ്ത്രം, സാങ്കേതികത എന്നിവയോടു താരതമ്യപ്പെടുത്തിയാൽ വളരെ കുറച്ചു മാത്രമെ സാഹിത്യത്തിനും കലയ്ക്കും നൽകപ്പെടുന്നുള്ളു. വീണ്ടുമതെ, എന്തുകൊണ്ടാണത്? ഭാഷയെയും സാഹിത്യത്തെയും നാം കാണുന്ന രീതിയാണ് ഇതു ശരിയാണെന്നു തോന്നിക്കുന്നത്. ഇതിനെല്ലാം അപ്പുറം എഴുത്തുകാരെക്കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ലെന്ന് നാം കരുതുന്നു.

മറ്റൊരു ചെറിയ കഥകൂടി ഞാൻ നിങ്ങളോടു പറയട്ടെ, ജപ്പാനിൽ വെച്ച് എനിക്കുണ്ടായ ഒരു അനുഭവമാണ് ഇക്കഥ. ജപ്പാനിൽ യാമാക്കിഷി മുന്നേറ്റം എന്ന് അറിയപ്പെടുന്ന ഒരു പ്രസ്ഥാനം ഉണ്ട്. സമത്വവും സ്വകാര്യവസ്തുക്കളുടെ നിരാസവും അടിസ്ഥാനമാക്കിയുള്ള മുന്നേറ്റമായിരുന്നിത്. യാമാക്കിഷി മുന്നേറ്റത്തിൽ പങ്കാളികളായവർ എല്ലാം തന്നെ തുല്യമായി പങ്കുവെക്കുകയും സമൂഹത്തിൽ ഒരുപോലെ ഇടപെടുകയും ചെയ്തു. എന്നുവെച്ചാൽ എല്ലാവർക്കും ഒരേതരം വീടുകൾ, കുട്ടികൾ പോലും അവരുടെ മാതാപിതാക്കളുടേതല്ല, രണ്ടു വയസ്സുവരെ മാതാപിതാക്കൾ നോക്കണം പിന്നെ അവർ ആ സമൂഹത്തിന്റെ ഭാഗമായി എല്ലാവരാലും ഒരുമിച്ച് വളർത്തപ്പെടുന്നു. എല്ലാ പണികളും ഒരു ക്രമത്തിൽ എല്ലാവരും ചെയ്യും. ഒരു പണിയും ഒന്നിനേക്കാൾ മുകളിലൊ താഴെയോ ആയിരുന്നില്ല. അതിനാൽ എല്ലാവരും ഓരോ അവസരത്തിൽ പശുക്കളെ കറന്നു, നിലം തുടച്ചു, കൃഷിചെയ്തു, പാചകം ചെയ്തു, പാത്രങ്ങൾ കഴുകി, എല്ലാം ചെയ്യുന്നത് ഒന്നിച്ച്. ആഘോഷങ്ങൾക്കായി അവർക്ക് വസ്ത്രങ്ങളുടെയും, പാദുകങ്ങളുടെയും, ആഭരണങ്ങളുടെയും ഒരു പൊതുശേഖരം തന്നെയുണ്ട്. അവർക്ക് പോയി ആ സമയത്തിനായി അതു വാങ്ങാം. ആഘോഷം കഴിഞ്ഞ് അവ വൃത്തിയാക്കി തിരികെ ഏൽപ്പിക്കാം. അതെ, തീർച്ചയായും ഇതൊരു ആദർശപരീക്ഷണമായിരുന്നു. അതെല്ലാം എന്നിൽ ഏറെ മതിപ്പുളവാക്കി. പക്ഷെ ഞാനൊരു യുവ എഴുത്തുകാരിയായിരുന്നു. എന്റെ മേഖലയെകുറിച്ച് ഓർത്ത് ഞാൻ ആശങ്കപ്പെട്ടു. അവരോട് ചോദിച്ചു, എന്നെ പോലുള്ളവർക്ക് നിങ്ങളുടെ സമൂഹത്തിലുള്ള ഇടം എവിടെയാണ് ? എന്തെന്നാൽ സമൂഹത്തിന് വേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങളിൽ എല്ലാം നിങ്ങൾ എന്നെ ഉൾപ്പെടുത്തുകയാണെങ്കിൽ ഞാൻ പിന്നെ എങ്ങനെ എഴുതും ? എഴുതാൻ എന്നെ തനിച്ചുവിടണം. ഞാൻ ഒന്നും ചെയ്യുന്നില്ലെന്നു തോന്നിക്കാൻ എന്നെ അനുവദിക്കണം. ഒരു മരച്ചോട്ടിൽ ആകാശം കണ്ടിരുന്നു. നക്ഷത്രങ്ങൾ എണ്ണാൻ എന്നെ  അനുവദിക്കണം. പക്ഷെ നിങ്ങൾ പറയും, ഇതെല്ലാം കാര്യമില്ലാത്ത കാര്യങ്ങളാണെന്ന്. ഈ ചോദ്യം ഉയർന്നു വന്നത് ആ ചെറിയ അനുഭവത്തിൽ നിന്നുമാണ്.

യാമാക്കിഷിയിലെ ആളുകളുമായി എനിക്ക് ഏറെ ഇടപെടേണ്ടി വന്നില്ല, അവർ എന്നോട് ആകെ പറഞ്ഞത്, ഞങ്ങൾക്ക് ഒരു നയമുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും പ്രതേക ആവശ്യങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ എല്ലാവരും ഒത്തുകൂടി ചർച്ച ചെയ്ത് എന്തു ചെയ്യണം എന്നു തീരുമാനിക്കും. ഇത്തരത്തിലാണ് ഞങ്ങൾ പുതിയ കാര്യങ്ങളെ സമീപിക്കുന്നത് എന്നാണ്. അതവരുടെ കാര്യം എന്നാൽ അതെന്നെ പിന്നെയും ചിന്തിപ്പിച്ചു. എന്തുകൊണ്ടാണ് ഒരു മരത്തിന്റെ തണലിൽ ഇരുന്ന് നക്ഷത്രങ്ങൾ എണ്ണുന്ന എഴുത്തുകാരനെ സമൂഹം വിലമതിക്കാത്തത് ? എന്തുകൊണ്ടാണത് സമയം കൊല്ലലായി കണക്കാക്കുന്നത് ? അതേകുറിച്ച് ഞാൻ കൂടുതൽ പറയുന്നതിനു മുമ്പ്, എഴുത്തുകാരുടെ പ്രയോജനത്തെ കുറിച്ചു കൂടുതൽ പറയുന്നതിനു മുമ്പ്, എന്താണ് സാഹിത്യമെന്നും അതെങ്ങനെ എഴുതപ്പെടുന്നെന്നും പറയട്ടെ ഞാൻ.

എന്താണ് സാഹിത്യം ?  കഥകൾ, എന്റെയും നിന്റെയും ലോകത്തിന്റെ ജീവിത കഥകൾ, ഒരു കഥ വായിക്കണം എങ്കിൽ ശാന്തിയുള്ള ഒരിടത്ത് ഇരിക്കേണ്ടതുണ്ട് ഒരു ധ്യാനത്തിൽ എന്നപോലെ, എങ്കിൽ മാത്രമെ അല്ലെങ്കിൽ തിരിച്ചറിയാത്തവ നിങ്ങൾക്കു കാണാനാകു. സാഹിത്യവും അതിന്റെ ഇടവും നിങ്ങളെ തടഞ്ഞുനിർത്തുന്ന ഒരിടമാണ്. ലോകത്തിനായി നിങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ സാഹിത്യം നിങ്ങളെ തടഞ്ഞുനിർത്തുന്നു. നിങ്ങളെ ശാന്തമാക്കുന്നു, ചുറ്റും എന്തെന്നു നോക്കാൻ, ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു, നിങ്ങൾ നിരീക്ഷിച്ചു തുടങ്ങുമ്പോൾ, നിങ്ങൾ അത്ഭുതപ്പെടാൻ തുടങ്ങും, നിങ്ങൾ ചോദ്യം ചോദിച്ചു തുടങ്ങും. നിങ്ങൾക്ക് സംശയങ്ങളുണ്ടായിത്തുടങ്ങും, അറിയാം എന്നു വിചാരിച്ച പല കാര്യങ്ങളെ കുറിച്ചും നിങ്ങൾ പുനരാലോചനകളിലേക്കു കടക്കും. അറിവിനെ മുന്നോട്ടുനയിക്കുന്ന രീതിയാണിത്, സത്യവും അർത്ഥവും കണ്ടെത്താനുള്ള വഴിയാണിത്. അതുകൊണ്ട് അത്രയും പ്രധാനപ്പെട്ട ഒരിടമാണത്.

ഞാൻ പറയും, സാഹിത്യമെന്നാൽ സ്വന്തത്തോടും ലോകത്തോടും സംവദിക്കലാണെന്ന്. ഒന്നാലോചിച്ചു നോക്കൂ, അതു തിരക്കിട്ടു ചെയ്യാവുന്ന ഒന്നല്ല, നിങ്ങൾ എന്നും കണ്ടുകളയുന്ന ഒന്ന്, ഒരു സായാഹ്നത്തിലെ സൂര്യാസ്തമയം, സാഹിത്യം ആവിശ്യപ്പെടും പോലെ ശാന്തമായും സൗമ്യമായും ഇരുന്ന് ഒന്ന് കണ്ടു നോക്കൂ. നിങ്ങൾ ഇതേവരെ കാണാത്ത ഒരസ്തമയം നിങ്ങൾ കാണും, ഓരോ അസ്തമയവും വ്യത്യസ്തമാണെന്നു നിങ്ങൾ തിരിച്ചറിയും, കാണാത്ത നിറങ്ങൾ കാണും, അതു നിങ്ങളുടെ ആനന്ദവും ആസക്തിയുമായിത്തീരും.

ഗീതാഞ്ജലി ശ്രീ ബുക്കർ പുരസ്‌കാരവുമായി, Photo: AP

എന്നിട്ടെന്താണതു ചെയ്യുന്നത്? നിങ്ങളുടെ സംവേദനത്തെ അതു മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ സൂക്ഷ്മതയെ അതു മെച്ചപ്പെടുത്തുന്നു. ഞാൻ പറയുന്നു, അതു നിങ്ങളുടെ സംസ്കാരത്തെ കൂടി മെച്ചപ്പെടുത്തും. നിങ്ങളുടെ മുന്നിലുള്ള ഈ വസ്തു, സംയമത്തോടെ നിങ്ങൾ നോക്കുന്ന ജീവിതം, നിങ്ങൾ കൊത്തുപണി ചെയ്യുന്ന ഒരു വസ്തുവായി മാറും, നിങ്ങൾ കൊത്തു പണി ചെയ്യുമ്പോൾ രൂപങ്ങളും അർത്ഥങ്ങളും തേടുന്നു. അതാണ് സാഹിത്യം.

പക്ഷെ, ഇതും ഏറെ പ്രധാനപ്പെട്ടതാണ്. നാം നമ്മുടെ ചുറ്റുമുള്ള യാഥാർഥ്യത്തിന്റെ ഉപരിതലത്തിലേക്കു മാത്രമാണോ നോക്കുന്നത്? ഈ ഉപരിതലം മാത്രമാണോ നാം വിവരിക്കുന്നത്? ഒരിക്കലുമല്ല, അത് ഒട്ടും പര്യാപ്തമല്ല, ഈ ഉപരിതലത്തിനപ്പുറം ജീവിതത്തിനു പല തലങ്ങളുണ്ട്, അതാണ് നിങ്ങൾ നിരീക്ഷിക്കേണ്ടതും അവിടെയാണ് നിങ്ങൾ പണിയെടുക്കേണ്ടതും. ആ തലങ്ങളെ വെളിപ്പെടുത്താനായി , നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലേക്ക് ചെന്നെത്തേണ്ടതുണ്ട്, ആ ഇരുണ്ട ഇടങ്ങളിൽ നിന്നും ആ ഇരുട്ടു പുറത്തു കൊണ്ടുവരേണ്ടതുണ്ട്. എഴുത്തുകാർ തങ്ങളുടെ ബോധ്യങ്ങൾ മാത്രം എഴുതുന്നവരല്ല, എഴുത്തുകാർ അവരുടെ അബോധത്തിലേക്ക് ആകർഷിക്കപ്പെടുന്നവരാണ്. ചിലനേരം അതു സ്വന്തം അന്തരംഗം പുറത്തെടുത്തു പ്രദർശിപ്പിക്കുന്നതു പോലെയാണ്. ഈ പുറത്തെടുക്കൽ പലപ്പോഴും എഴുത്തുകാരെയും, വായനക്കാരെയും വേദപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. ഇങ്ങനെ വെളിപ്പെടുത്തുന്ന സത്യം എല്ലായ്പ്പോഴും എല്ലാവർക്കും അംഗീകരിക്കാൻ കഴിയണമെന്നില്ല. അതാണു ഞാൻ പറയുന്നത്, സാഹിത്യം മനസ്സിലാക്കാൻ അത്ര എളുപ്പമല്ലെന്ന്. ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഞാൻ ചൂണ്ടികാണിക്കട്ടെ, ഒരു എഴുത്തുകാരി അവളുടെ അന്തരംഗം വെളിപ്പെടുത്തുന്നു. എന്നാൽ എഴുത്തുകാർ തങ്ങളെ മാത്രം പ്രതിനിധീകരിക്കുന്നവരല്ല, ഞാൻ എന്റെ സമൂഹത്തിന്റെ ഭാഗമാണ്, മാനവികതയുടെ ഭാഗമാണ്. എന്റെ അന്തരംഗം സമൂഹത്തിന്റേതു കൂടിയാണ്. അതിനെയാണ് യുങ് സംഘ അബോധം (collective unconscious) എന്നു പറയുന്നത്. അതാണ് എനിക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ആവുന്നത്. ഇതാണ് ആളുകൾക്ക് ലളിതമായി മനസ്സിലാക്കാനാവാത്ത അതിന്റെ മൂല്യം.

കാഫ്കയെ പോലെ ഒരു എഴുത്തുകാരനെ കുറിച്ചു ചിന്തിക്കയാണെങ്കിൽ, അദ്ദേഹം ചുറ്റും ആവിഷ്ക്കരിച്ച ആ ഇരുണ്ട ലോകത്തെ ഓർമിക്കും. അല്ലെങ്കിൽ ടാഗോറിനെ കുറിച്ച് ചിന്തിച്ചാൽ, ആൾക്കൂട്ടത്തിന് ആവേശം പകരുന്നതിൽ- ഗാന്ധി ചെയ്തതു പോലെ –  ദേശീയതയെ ഉണർത്തുന്നതിലെ അദ്ദേഹത്തിന്റെ ആശങ്ക ഓർത്താൽ. ഈ രണ്ടു കാര്യങ്ങളിലും ടാഗോറിന് ആശങ്കയുണ്ടായിരുന്നു. ആൾക്കൂട്ട രാഷ്ട്രീയത്തെയും, ദേശീയതയീലൂടെ രൂപപ്പെടുത്തുന്ന സവിശേഷ സ്വത്വരാഷ്ട്രീയത്തെയും അദ്ദേഹം സംശയിച്ചിരുന്നു. അത് മനുഷ്യരെ തമ്മിൽ വേർതിരിക്കുമെന്നും അകറ്റുമെന്നും അദ്ദേഹം എഴുത്തിലൂടെയും സംസാരത്തിലൂടെയും മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു.

ടാഗോർ

കാഫ്ക്ക

ഇവർ ഇരുവരെയും കാഫ്ക്കയെയും, ടാഗോറിനെയും മഹാനായ ഇടതു ചിന്തകനായി അറിയപ്പെടുന്ന ജോർജ് ലൂക്കാച് അധിക്ഷേപിച്ചു. ടാഗോറിനെ ഇംപീരിയലിസ്റ്റ് ഏജന്റ് എന്നും ഇരുവരെയും പിന്തിരിപ്പന്മാരെന്നും വിളിച്ചു. എന്നാൽ ഇന്ന്, ഏറെ ദൂരം പോന്ന് നാം തിരിച്ചറിയുന്നു, ഈ രണ്ട് എഴുത്തുകാരും മനുഷ്യാവബോധത്തിൽ മറഞ്ഞിരുന്ന സത്യങ്ങൾ പുറത്തെടുക്കുകയായിരുന്നെന്ന്.

ലൂക്കാച്ച്

സത്യമെന്തെന്നാൽ സാഹിത്യം നിങ്ങൾക്ക് കുറേക്കുടി വ്യക്തമായി ലോകത്തെ കാണിച്ചു തരുന്നു. നിങ്ങൾ അതു മനസ്സിലാക്കണം എന്നു മാത്രം, മനസ്സിലാക്കുമ്പോൾ നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങും, അങ്ങനെ മാത്രമെ നിങ്ങൾക്കു മുന്നോട്ടു പോകാനാവു.  ഇത് ഉപകാരപ്രദമായ ഒരു പ്രവർത്തിയാണോ ? ഉത്തരം തീർച്ചയായും അല്ല എന്നായിരിക്കും, എങ്കിലും ആ ചോദ്യം അവശേഷിക്കുന്നു, എന്തുകൊണ്ട് സാഹിത്യവും എഴുത്തുകാരും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല ? സമൂഹത്തെ മുന്നോട്ടു ചലിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമ്പോഴും എന്തുകൊണ്ടാണ് സമൂഹത്തിന്റെ നടത്തിപ്പിനുള്ള ഒരു ഉപാധിയായി സാഹിത്യത്തെ കാണക്കാക്കാത്തത് ? ഞാൻ വിചാരിക്കുന്നു അതിന്റെ മുഖ്യകാരണങ്ങൾ രണ്ടാണെന്ന്, മറ്റു കാരണങ്ങൾ ഉണ്ടായിരിക്കാം എങ്കിൽ ഇപ്പോൾ ഞാൻ ഇവയെ കുറിച്ചു മാത്രമെ പറയുന്നുള്ളു.

അധിനിവേശ ചരിത്രം സാഹിത്യത്തെ വ്യാവഹാരികമാക്കി. ദേശീയതയ്ക്കും നവീകരണത്തിനും ഉള്ള ഒരു ഉപാധിയാക്കി മാറ്റി, ആ സമയത്തത് നന്നായി പ്രവർത്തിച്ചു, സാമൂഹിക യാഥാർഥ്യം ആയിരുന്നു അതിന്റെ രീതി, എന്നാൽ അത് നാം ഇന്നും ചുമക്കുന്ന ഒരു ഭാരമായിത്തീർന്നു.

രണ്ടാമത്തെ കാര്യം സങ്കീർണ്ണമായ സമകാലികതയാണ്, അത്രയേറെ മാറ്റങ്ങൾ, ആശങ്കകൾ നമ്മെ ഭരിക്കുന്നു. കുഴക്കുന്ന ഒരു കാർണിവൽ സർക്കസ് ആണ് നമ്മെ ചുറ്റിക്കളിക്കുന്നത്. നമ്മൾ അസ്വാസ്ഥ്യരാണ്. തൽക്ഷണത നമ്മെ വശീകരിച്ചിരിക്കുന്നു. തൽക്ഷണമായ ഉത്തരങ്ങളും തൽക്ഷണമായ ഫലങ്ങളും  .. മനസ്സിരുത്തുവാനും, ആലോചിക്കുവാനും നമുക്കു നേരമില്ലാതെയായി. ഒരു പ്രശ്നത്തിന് ഉടനെയുള്ള പരിഹാരങ്ങൾ മാത്രമാണ് നമുക്കു വേണ്ടത്. അതിനാൽ നമുക്ക് ഒരു എഞ്ചിനീയറെ മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയും, കാരണം അയാൾ ഒരു പാലമുണ്ടാക്കുന്നു. നമുക്ക് ഒരു നദി കടക്കാം. അതുപോലെ ഒരു ശാസ്ത്രജ്ഞനെയും, അയാൾ ലാബിലേക്കു പോകുന്നു, കോവിഡ് വാക്സിനുമായി തിരിച്ചെത്തുന്നു. ഒരു ഡോക്ക്ടറെയും നമുക്ക് മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയും, ജീവിതങ്ങൾ രക്ഷപ്പെടുത്തുന്നത് നാം കാണുന്നു, എന്നാൽ എഴുത്തുകാരോ ? കാണാനൊന്നുമില്ല, നാടകീയമായില്ല, തൽക്ഷണതയില്ല, വ്യക്തതയുണ്ടാക്കലല്ല സാഹിത്യത്തിന്റെ നയം അതു സംശയമുണ്ടാക്കലാകുന്നു.

 നമ്മെ ചുറ്റുന്ന ഈ കൊടുങ്കാറ്റിന്റെ കാലത്ത്, സാഹിത്യവും ഒരു ഡോക്ക്ടറെ പോലെയും എഞ്ചിനിയറെ പോലെയും ആയിത്തീരണം എന്നു നാം വിചാരിക്കുന്നു. എന്നാൽ അത് സാധ്യമല്ല. കൊടുങ്കാറ്റിനാൽ ചുറ്റപ്പെടുമ്പോൾ നമുക്ക് അതേക്കുറിച്ച് എഴുതാനാവില്ല. വിഷയത്തിൽ നിന്നും ഒരു അകലവും വേർപ്പെടലും ആവശ്യമുണ്ട്, ഒരു ക്യാൻവാസ് എന്ന പോലെ കാണാൻ കഴിഞ്ഞാൽ മാത്രമെ അതു വിവരിക്കാൻ കഴിയൂ. അപ്പോൾ എന്തു സംഭവിക്കും ? ആളുകൾ സാഹിത്യത്തെ പരിമിതമായി കാണും. തൽക്ഷണമാക്കി മാറ്റും, എന്തിന്റെയെങ്കിലും ഉടനടിയുള്ള ഒരു വിവരണം നൽകുന്നതാക്കിത്തീർക്കും, ഇനി ഞാൻ ആശങ്കപ്പെടുത്തുന്ന കാര്യത്തിലേക്കു വരാം, ഇത് എഴുത്തുകാരെ സമ്മർദ്ദത്തിലാക്കും, തൽക്ഷണമായി പ്രതികരിക്കാനും, തൽക്ഷണമായ സമ്മർദ്ദങ്ങളോട് പ്രതികരിക്കാനും. ഇപ്പോഴിത് എഴുത്തുകാരന്റെ കടമ എന്ന വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതോടൊപ്പം, സമൂഹത്തിന് എഴുത്തുകാരോടുള്ള കടമയെ കുറിച്ചും. അതുകൊണ്ട് ഞാൻ ഇവിടെ ഒരാശങ്ക രേഖപ്പെടുത്തുന്നു. ഈ കാലവും, സമൂഹവും, ഭരണകൂടവും, വിപണിയും എല്ലാം എഴുത്തുകാരനുമേൽ സമ്മർദ്ദം ചെലുത്തുന്നു. ഒരു പ്രതേക രീതിയിൽ സാഹിത്യം കൈകാര്യം ചെയ്യുന്നതിനായി.

എന്നാൽ ഞാൻ പറയട്ടെ , അൽപ്പം പ്രകോപനപരമായ് തന്നെ, ഈ ബന്ധം ഇരുവശമുള്ളതായിരിക്കണം. സമൂഹത്തിനും സാഹിത്യത്തോട് കടമയുണ്ട്, അതുണ്ടാവാൻ, വളരുവാൻ, അതെങ്ങനെ? അനുവദിക്കുന്നതിലൂടെ, അതായിരിക്കാൻ അനുവദിക്കുന്നതിലൂടെ. അടിസ്ഥാനപരമായി സാഹിത്യം എന്നാൽ ഒരു ഭാഷാ പ്രവർത്തനമാണ്, അതിന് സ്വന്തമായൊരു ലോകം സൃഷ്ടിക്കാനാവും, അതിനകത്തു നിന്നും മാത്രമാണത് പൂർണ്ണത തേടുന്നത്.

2022 ലെ ബുക്കർ പ്രൈസ് പുരസ്ക്കാരം നേടിയ ഗീതാജ്ഞലി ശ്രീയുടെ ടോമ്പ് ഓഫ് സാന്റ്

ഓരോ ജോണറിനും അതിന്റെതായ സ്വാതന്ത്രം വേണം ഒരു സംസ്കൃ്ത സമൂഹത്തിൽ. സാഹിത്യം വളരെ പ്രധാന്യമുള്ളതാണ്. സാഹിത്യം ഭാഷയെ സംരക്ഷിക്കുന്നു, മുന്നോട്ടു നയിക്കുന്നു, ഭാഷ എന്നാൽ ഒരു മാധ്യമം മാത്രമല്ല, അതൊരു ഉപകരണം മാത്രമല്ല, ഭാഷ ഒരു സമ്പൂർണ്ണ സ്വത്വമാണ്. ഭാഷ സംസ്കാരത്തെയും കാഴ്ച്ചപ്പാടുകളെയും പ്രധിനിതീകരിക്കുന്നു. സാഹിത്യം അതിനെ മുന്നോട്ടു നയിക്കുന്നു. നല്ല സാഹിത്യം സംസ്കാരത്തെ സമ്പന്നമാക്കും.

ഇതു നമ്മെ സ്വാതന്ത്രത്തിലേക്കു കൊണ്ടുപോകുന്നു. കണ്ടെത്തുന്നതിനായി തിരഞ്ഞുകൊണ്ടിരിക്കലാണ് സാഹിത്യത്തിന്റെ ധർമ്മം, അതിന് അതൊരു കളിയായിരിക്കണം. അതിനു നഷ്ടപ്പെടാനും, വന്യതയിലെത്താനും, തുലയാനും, പുറത്തിറങ്ങാൻ ഒരു വഴി കണ്ടെത്താനും കഴിയണം. സാഹിത്യം വളരെ വലുതാണ്, ഏതെങ്കിലും ഒരു ലക്ഷ്യത്തിനായ് ഉള്ളതല്ലത്. അതായിരിക്കലാണ് അതിന്റെ ലക്ഷ്യം.

 ഞാൻ വിചാരിക്കുന്നു, എഴുത്തുകാർ, സമൂഹം, ഉത്തരവാദിത്തം.. ഈ ചോദ്യങ്ങളെ കുറിച്ചു നാം ഒരിക്കൽ കൂടെ ചിന്തിക്കണം. തീർച്ചയായും ഞാൻ സമൂഹത്തോടു കടപ്പെട്ടിരിക്കുന്നു. എന്നാൽ എനിക്കു സാഹിത്യത്തോടും ചില കടപ്പാടുകളുണ്ട്. ഞാൻ ഒരു പൌരയാണ്, ഞാൻ ഒരു സ്ത്രീയാണ്, എനിക്ക് പല സ്വത്വങ്ങളുണ്ട്, അവ പരസ്പരം കൂട്ടിമുട്ടുന്നതും, പങ്കുവെക്കുന്നതുമാണ്, എന്നാൽ ഒന്നും മറ്റൊന്നിനു മുകളിലായിരിക്കരുത്, ഒരു പൌര എന്ന നിലക്ക് ഞാൻ സമൂഹമധ്യത്തിലാണ്, ഒരു എഴുത്തുകാരി എന്ന നിലയ്ക്ക് എനിക്ക് അതേ സമൂഹത്തിൽ നിന്നും ഒരകൽച്ച വേണ്ടതായുണ്ട്. ഒരു പൌര എന്ന നിലയ്ക്ക് ഇന്നാണ് എന്റെ കാലം എന്നാൽ  ഒരു സാഹിത്യകാരിയുടെ കാലമോ അനന്തവും..

 സാഹിത്യത്തിന്റെ ആ ഇടത്തിലാണ് എനിക്ക് എന്തെങ്കിലും സമൂഹത്തിനു നൽകാനാവുന്നത്. അതിനായി ഞാൻ പറയുന്നു, എനിക്ക് സ്വാതന്ത്ര്യം വേണം, എന്റെ മാധ്യമവുമായി ബന്ധപ്പെടാനായി, ഉപേക്ഷിക്കപ്പെടാനും, കണ്ടെത്താനും, കളിച്ചുകൊണ്ടിരിക്കാനും.. അതൊരു പ്രണയബന്ധമാണ്. ഒരു പ്രണയബന്ധത്തിൽ നിങ്ങൾ പരസ്പരം കളിയാക്കും, അതാസ്വദിക്കും, പക്ഷെ അതെല്ലാം വരുന്നത് പ്രണയത്തിന്റെയും അടുപ്പത്തിന്റെയും ആവേഗങ്ങളിൽ നിന്നാണ്. ശത്രുതയിൽ നിന്നോ അപമാനത്തിൽ നിന്നോ അല്ല. അതിനാലാണ് സാഹിത്യം എല്ലാത്തിന്റെയും കൂടെ കളിക്കുന്നത്, അവയെ അട്ടിമറിക്കുന്നത്, മറിച്ചിടുന്നത്. ആരോഗ്യകരമായ തമാശ എന്നു ഞാൻ മനസ്സിലാക്കുന്നത്, നമ്മെ ചിരിപ്പിക്കാനും പരസ്പരം സ്നേഹിക്കാനും പ്രേരിപ്പിക്കുന്നതാണ്. നമ്മൾ തമ്മിൽ വേർതിരിവുണ്ടാക്കുന്നതും ശത്രുതയുണ്ടാക്കുന്നതും അല്ല.

 രണ്ടു ചെറിയ ഉദാഹരണങ്ങൾ മാത്രം ഞാൻ നൽകാം. നിങ്ങളുടെ ഭാഷയിലെ ഒരു എഴുത്തുകാരന്റെ കഥ ഞാൻ ഓർക്കുന്നു. തലക്കെട്ടു മറന്നുപോയ ഒരു കഥ, എന്നാൽ എഴുത്തുകാരൻ പോൾ സക്കറിയ. ഒരു പകലിൽ ദൈവത്തെ കണ്ടുമുട്ടുന്നതാണ് കഥ. മകനുമായി ഒരാൾ സൈക്കിൾ ചവിട്ടി പോകവെ, ദൈവം എതിരെ സൈക്കിൾ ചവിട്ടി വരുന്നത് കണ്ടു. കഥ കേൾക്കുമ്പോൾ തന്നെ ഒരു ചിരി തോന്നുന്നില്ലേ ? ദൈവത്തിന് എല്ലാ വിദ്യകളും വഴികളും അറിയാം. കുട്ടിയെ സന്തോഷിപ്പിക്കുന്നതിനായി ദൈവം അതോരോന്നും ചെയ്തു. എനിക്ക് ഈ കഥ മുഴുവനായും ഓർമിക്കാൻ ആവുന്നില്ല. എന്നിരുന്നാലും, ആരോ പാടുന്നതിന്റെ മൂളക്കം ദൈവം കേട്ടപ്പോൾ ദൈവം ആകെ ഞെട്ടിപ്പോയി. ദൈവത്തിന് അത് പിടികിട്ടിയില്ല. ദൈവം ആകെ അസ്വസ്ഥനായി. ആ പാട്ടു പഠിക്കണം എന്നു തന്നെ ദൈവം തീർച്ചപ്പെടുത്തി. നിങ്ങളുടെ ഇടത്തു നിന്നുള്ള മഹാനായ സംഗീതജ്ഞൻ ബാബുക്കയുടെ പാട്ടായിരുന്നു അത്. ബാബുക്കയ്ക്കു മുന്നിൽ സംഗീതത്തിനു മുന്നിൽ കലയ്ക്കു മുന്നിൽ ദൈവവും വണങ്ങി നിന്നു. പാട്ടു പഠിക്കാനായി ബാബുക്കയുടെ കാൽക്കൽ ഇരിക്കാനായി.

സക്കറിയ കടപ്പാട് : wikiwand.com

നിങ്ങൾ ഒരു വിഡ്ഡിയായിരിക്കാൻ തീരുമാനിക്കുകയാണ് എങ്കിൽ നിങ്ങൾക്കു പറയാം ഇത് അനാദരവാണെന്ന്, എന്നാൽ അങ്ങനെയല്ല, ആരോഗ്യകരമായ ഒരുപാട് സ്നേഹത്തോടെയും, നർമ്മത്തോടെയുമാണത് നിർവഹിച്ചിരിക്കുന്നത്. എന്താണെന്നു വെച്ചാൽ സാഹിത്യത്തിലും ജീവിതത്തിലും നിങ്ങൾക്ക് തൊടാനാവാത്ത പവിത്രതയൊന്നും ഇല്ല.  ഇക്കാര്യങ്ങൾ കൊണ്ടെല്ലാം നിങ്ങൾക്കു കളിക്കാം. സാഹിത്യവും, കലയുമെല്ലാം മനുഷ്യരെ തമ്മിൽ ചേർക്കുന്നതിനും, മാനവികതയിൽ പ്രതീക്ഷയുളവാക്കുന്നതിനും, സ്നേഹത്താൽ അടുപ്പിക്കുന്നതിനുമാണ്.

മറ്റൊരു ഉദാഹരണം ഒരു ക്ഷേത്രചുമർച്ചിത്രമാണ്. ഈ ചുമർചിത്രത്തിൽ പല ദൈവങ്ങളുടെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതിൽ ഒരു രംഗത്തിൽ വിശുദ്ധമായ അഗ്നിക്കു മുൻപിൽ രാമനും സീതയും കൂടെയോ, രാമൻ തനിച്ചോ ഇരിക്കുകയാണ്. അവർക്കരികെ കുറച്ച് ഉയരത്തിൽ ഹനുമാൻ ഉണ്ട്, ഹനുമാൻ ഈ തീയിലേക്ക് മൂത്രമൊഴിക്കുകയാണ്. നിങ്ങൾ അതിനെ വികൃതമായി വ്യാഖിനിക്കുകയാണെങ്കിൽ നിങ്ങൾ അതിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയാണ്, രാമനും ഹനുമാനും തമ്മിൽ ഏറെ സ്നേഹമുണ്ട്. ഇത് അവർക്ക് ഇടയിലെ ഒരു കളിമാത്രമാണ്. അത് അവരുടെ സ്നേഹത്തെ ചോദ്യം ചെയ്യുന്നതേയില്ല. ഇതാണ് ഓരോ ജോണറിനും ഉണ്ടായിരിക്കേണ്ട സ്വാതന്ത്ര്യം. ഒരു ജോണറും നിർദ്ദിഷ്ട്മായി നിയന്ത്രിക്കപ്പെടരുത്. സമൂഹത്താലോ , വിപണിയാലോ മറ്റെന്തിനാലും തന്നെയും.

ഇവിടെ ഞാൻ പ്രകോപനപരമായ മറ്റൊരു കാര്യം കൂടി പറയുകയാണ്. മൌലികവാദികൾ എപ്പോഴും എഴുത്തുകാരോട് എന്തു ചെയ്യണം എന്നും എന്ത് ചെയ്യരുത് എന്നും കൽപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ പറയാതിരിക്കാൻ വയ്യ, പുരോഗമനവാദികളും നിർദ്ദേശിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു. എഴുത്തുകാർ ഈയൊരു സാമുഹിക തിന്മയ്ക്ക് എതിരെ പ്രവർത്തിക്കണം, അതിനെതിരായി പരിശ്രമിക്കണം. എഴുതാതെ ഇരിക്കുമ്പോൾ പോലും ഒരു എഴുത്തുകാരൻ ഒരു ആക്ടിവിസ്റ്റായിരിക്കണം, ആകിടിവിസം എന്ന് അവർ വിചാരിക്കും പോലെ. വിയോജിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു.

എന്റെ ആക്ടിവിസം ഒരു പുസ്തകത്തിന്റെ പുറംചട്ടകൾക്കുള്ളിലാണ്. എന്റെ രാഷ്ട്രീയത്തിന്റെ സമയം മറ്റൊരു കാലമാണ്. തീർച്ചയായും ചലനങ്ങളുണ്ടാവും, എന്നിലെ പൗരയ്ക്ക് പുറത്തുചാടേണ്ടപ്പോൾ, തെരുവിൽ ഒരു പ്രതിഷേധത്തിൽ പങ്കുചേരേണ്ടപ്പോൾ, എങ്കിലും ഞാൻ ഉറച്ചു നിൽക്കുന്നു, അതിനായി വാദിക്കുന്നു, അപേക്ഷിക്കുന്നു, എന്റെ ഏകാന്തതയുടെ ഇടം എനിക്കു നൽകണം. എന്നാൽ മാത്രമെ എനിക്ക് ചെയ്യാനുള്ളത് ചെയ്യാനാവു. ഒരു എഞ്ചിനിയറെയോ ഡോക്ടറെയോ അവരുടെ പണി ചെയ്യാൻ വിടുന്നതു പോലെ ഒരു എഴുത്തുകാരിയെയും അവളുടെ പണിയെടുക്കാൻ അനുവദിക്കണം. അവളുടെ ഏകാന്തതയിൽ അവൾ ആ പണി നന്നായി ചെയ്യുകയാണെങ്കിൽ സമൂഹത്തോടുള്ള അവളുടെ കടമ നിർവഹിക്കുകയാണ് അവൾ. അതു വളരെ പ്രധാനമാണ്.

എന്നാൽ ആളുകൾ പറയും, എന്താണ് സ്വാതന്ത്ര്യം, എത്രത്തോളം സ്വതന്ത്രയാകാൻ എനിക്കാവും, എത്രത്തോളം സ്വതന്ത്രമാണാ സ്വാതന്ത്ര്യം. അതിനോടായി ഞാൻ പറയും സ്വാതന്ത്രത്തിന്റെ പരിധി പുറത്തു നിന്നും വരുന്നതല്ല. അത് ഉള്ളിൽ നിന്നും വരേണ്ടതാണ്. സംവാദത്തിലൂടെ, യോജിപ്പിലൂടെയും വിയോജിപ്പിലൂടെയും ആ സംവാദം മുന്നോട്ടു കൊണ്ടുപോയി നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്, എന്താണ് ഉചിതം എന്നും അല്ലാത്തതെന്നും. ഒരു സമൂഹത്തിൽ പരസ്പര സംവേദനം സാധ്യമാകേണ്ടതുണ്ട്. എന്നാൽ പുറമെ നിന്നും അതിരുകൾ നിർണ്ണയിക്കപ്പെടുന്ന ഒരിടത്ത് അത് സാധ്യമല്ല. സംവേദനത്തം നിങ്ങളുടെ ഉള്ളിൽ നിന്നും വരേണ്ടതാണ്. ഹിന്ദിയിൽ ഞങ്ങൾ വിവേക് എന്ന വാക്ക് പറയാറുണ്ട്. ഇപ്പുറത്ത് വീഴുന്നതെന്തെന്നും അപ്പുറത്ത് വീഴുന്നതെന്തെന്നും തിരിച്ചറിയാനുള്ള വിവേകം നിങ്ങൾക്ക് ഉണ്ടായിരിക്കണം.

ഇതിനായി ഒരു ചെറിയ ഉദാഹരണം. ലോകമൊട്ടാകെ നമ്മൾ മിക്കവാറും ഒരു പുരുഷാധിപത്യ സമൂഹം ആയിരുന്നു. എന്റെ പ്രഭാഷണത്തിന്റെ അവസാനഭാഗമാണ് ഇതിപ്പോൾ. ഈ സമൂഹം ആൺകോയ്മയുള്ളതാണ്, ഭാഷ ആൺകോയ്മയുള്ളതാണ്. ഹിന്ദിയിൽ ചില പ്രയോഗങ്ങൾ ഉണ്ട് മലയാളത്തിലും അത് ഉണ്ടോ എന്ന് എനിക്ക് അറിയില്ല, ആളുകൾ വളരെ നിശ്ക്കളങ്കമായി ആ പ്രയോഗങ്ങൾ ഉപയോഗിക്കും , സിനിമകളിൽ ഒരുപക്ഷെ നിങ്ങൾ അതു കണ്ടിട്ടുണ്ടാവും. ആരെങ്കിലും ഭയത്തോടും പരിഭ്രമത്തോടും പെരുമാറുകയാണ് എങ്കിൽ പറയും നീ ഒരു പോരാളിയല്ല, വീട്ടിലേക്ക് പൊയ്ക്കോ, വളകളിട്ടോ… അല്ലെങ്കിൽ മാതാപിതാക്കൾക്ക് ആൺകുട്ടികളെ ചീത്ത പറയും ഒരു പെൺകുട്ടിയെ പോലെ കരയല്ലേ, അല്ലെങ്കിൽ പാട്ടുകളിൽ നിങ്ങൾ കേട്ടിട്ടുണ്ടാവും അവൾ ഒരു പലഹാരമാണെന്ന്. കുടിക്കാനുള്ള കൊക്ക കോളയാണെന്ന്. ഇതെല്ലാം ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്നെ മുറിപ്പെടുത്തുന്നു, ഒരു സ്ത്രീ എന്ന നിലയ്ക്ക് പുരുഷന്മാർ അവരുടെ ഭാഷയിൽ ഇതിനെകുറിച്ച് ശ്രദ്ധാലുക്കളാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനോട് സംവേദനത്തം ഉള്ളവരാവണം എന്നും അവരുടെ ഭാഷയെ പരുവപ്പെടുത്തണം എന്നും, അത് പതിയെ അവർ ചെയ്യുന്നുണ്ട് അവർ അതു ചെയ്യും. എന്നാൽ അതു സാധ്യമാകേണ്ടത് നമുക്കിടയിലെ സംവാദങ്ങളിലൂടെയാണ് അല്ലാതെ അക്രമങ്ങളിലൂടെയോ ശിക്ഷകളിലൂടെയോ അല്ല. ഞാൻ പറയുന്നത് എന്തെന്നാൽ സ്വാതന്ത്ര്യം സർഗാത്മകതയെയും, സംവേദനത്തെയും, ആത്മവിശ്വാസത്തെയും പ്രോത്സാഹിപ്പിക്കും. സെൻസർഷിപ്പ് ആത്മാവിനെ ഞെരുക്കും, അറിവിനെ ചുരുക്കും.

ഏറ്റവും ഒടുവിൽ ഞാൻ എന്തു പറയും? എഴുത്തുകാർക്ക് എഴുത്തെന്നാൽ ശ്വസിക്കും പോലെയാണ്. എനിക്ക് എങ്ങനെ ശ്വസിക്കാതിരിക്കാനാവും? എനിക്ക് എങ്ങനെ എഴുതാതിരിക്കാനാവും, അന്തരീക്ഷം ശ്വസനത്തിന് അനുകൂലമാണെങ്കിൽ, കേരളത്തിലെ വനമേഖലകളിൽ എന്ന പോലെ വായുവിൽ ഓക്സിജൻ നിറഞ്ഞിരിക്കുന്നു എങ്കിൽ ഞാൻ ഭാഗ്യവതിയാണ്. എനിക്ക് ശ്വസിക്കാൻ എളുപ്പമാണ്. ഇനി ഡെൽഹിയിലെ പോലെ വായു മലിനമാണ് എന്നാലും എനിക്ക് ശ്വസിച്ചേ തീരു. അതിനുള്ള മാർഗങ്ങൾ എനിക്കു കണ്ടെത്തിയേ തീരു. എഴുത്തുകാർക്ക് എഴുതേണ്ടതുണ്ട് ഭയത്തിലായാലും, ഒളിവിലായാലും, ആനന്ദത്തിലും സൌഹൃദത്തിലായാലും എഴുത്തുകാർക്ക് എഴുതിയേ തീരു. അല്ലെങ്കിൽ അവൾ മരിച്ചേക്കാം, അത് കൊലപാതകം ആയേക്കാം ആത്മഹത്യ ആയാക്കാം. എനിക്കു തോന്നുന്നു ഇതാണ് നാം ഒന്നിച്ചു ചിന്തിക്കേണ്ടത്. എഴുത്തുകാരും സമൂഹവുമായുള്ള ബന്ധം സ്നേഹത്തിലും, പരസ്പര ബഹുമാനത്തിലും, അടുപ്പത്തിലും, സന്തോഷത്തിലും.. സംവേദനമാണ് സെൻസർഷിപ്പല്ല അതിനെ നയിക്കുന്നത്. നന്ദി

ഗവ: കോളേജ് മടപ്പള്ളിജിൽ നടത്തിയ എം.ആർ നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണം. പകര്‍പ്പെഴുത്ത്, വിവർത്തനം : ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 22, 2022 4:28 pm