നരിവേട്ട: അലസമായി സ്ക്രോൾ ചെയ്തുപോയ മുത്തങ്ങ സമര ചരിത്രം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മിലൻ കുന്ദേരയുടെ ഏറെ പ്രശസ്തമായ വാക്യത്തോടെയാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട സിനിമ ആരംഭിക്കുന്നത്. ‘മറവിക്കെതിരെയുള്ള ഓർമ്മയുടെ പോരാട്ടമാണ് ആധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം.’ (The struggle of man against power is the struggle of memory against forgetting– Milan Kundera, The Book of Laughter and Forgetting). മറവിയിലാണ്ടതോ പുതിയ തലമുറയ്ക്ക് അജ്ഞാതമായതോ ആയ ഒരു സാംസ്ക്കാരിക രാഷ്ട്രീയ പോരാട്ടത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചാവിഷയമാക്കി മാറ്റി എന്നതായിരിക്കാം നരിവേട്ട എന്ന സിനിമ നിർവ്വഹിച്ച സാമൂഹ്യ ദൗത്യം. 2003 ൽ നടന്ന കേരള ചരിത്രത്തിലെ അതീവ പ്രാധാന്യമുള്ള അടിത്തട്ട് ജനതയുടെ ഒരു സമര പോരാട്ടത്തെ, വലതുപക്ഷ സാംസ്ക്കാരിക അധീശത്വത്തിന് വേണ്ടിയുള്ള കടുത്ത ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് അവതരിപ്പിക്കാൻ സിനിമയയുടെ അണിയറ പ്രവർത്തകർ കാണിച്ച ഉത്തരവാദിത്തം അഭിനന്ദനാർഹം തന്നെയാണ്. ഗുജറാത്ത് വംശീയ കലാപത്തിന്റെ ക്രൗര്യം ജനമനസുകളിലേക്കെത്തിക്കാൻ എമ്പുരാൻ സിനിമയ്ക്ക് കഴിഞ്ഞതുപോലെ നരിവേട്ടയും അതേ ദൗത്യം മറ്റൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ നിർവ്വഹിക്കുന്നുണ്ട്. മുത്തങ്ങ സമരത്തിന് മറ്റൊരു പരിസമാപ്തി ആയിരുന്നു സംഭവിച്ചതെങ്കിൽ അത് ആദിവാസി സമൂഹത്തിനും പൊതു സമൂഹത്തിനും മറ്റൊരു ദിശാബോധവും ജീവിതാനുഭവങ്ങളും നൽകുമായിരുന്നു. അതുപോലെ മുത്തങ്ങ സമരത്തെ കൂടുതൽ ആഴത്തിൽ തിരക്കഥാകൃത്തായ അബിൻ ജോസഫ് സമീപിച്ചിരുന്നുവെങ്കിൽ വാണിജ്യ സാധ്യതകൾ നിലനിർത്തിക്കൊണ്ടു തന്നെ പ്രേക്ഷകർക്ക് മറ്റൊരു ദൃശ്യാനുഭവും അവബോധവും നൽകുന്ന ചലച്ചിത്രം സാധ്യമാകുമായിരുന്നു. നരിവേട്ട നഷ്ടപ്പെടുത്തിയ ആ ദൃശ്യാനുഭവ സാധ്യതകൾ കൂടി വിശകലന വിധേയമാക്കേണ്ടതാണ്.

നരിവേട്ട പോസ്റ്റർ

നായക വേഷത്തെ ചുറ്റിപ്പറ്റിയുള്ള നായിക സങ്കൽപ്പത്തെ അട്ടിമറിച്ചുകൊണ്ടാണ് മുത്തങ്ങ സമരത്തിലെ സി.കെ ജാനു എന്ന ശക്തയായ നേതാവിന്റെ സമര വീര്യത്തെ ഓർമ്മപ്പെടുത്തുന്ന സി.കെ ശാന്തി എന്ന കഥാപാത്രത്തിലൂടെ ആദിവാസി സമരത്തെ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആളുകളെ ബോധവൽക്കരിക്കാനും സംഘടിപ്പിക്കാനും അവർ മുന്നിട്ടിറങ്ങുന്നതും അധികാരികളുമായി സന്ധിയില്ലാതെ സമരം ചെയ്യുന്നതും സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് അഹിംസ മാർഗ്ഗത്തിലൂടെ നടന്ന ഒരു ജനകീയ സമരത്തെ തീവ്രവാദ ബന്ധം ആരോപിച്ചും ആസൂത്രിതമായി ഹിംസയെ ഉൽപ്പാദിപ്പിച്ചെടുത്തും ഭരണകൂട കുടിലതയിലൂടെ ദിശമാറ്റുന്നത് എന്നത് ഈ സിനിമയുടെ മുഖ്യവിഷയമായി വരുന്നുണ്ട്. ചേരൻ അവതരിപ്പിച്ച ഡി.ഐ.ജി കേശവദാസ് അന്ന് മുത്തങ്ങയിൽ വെടിവെപ്പിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ അനുസമരിപ്പിക്കുന്ന കഥാപാത്രമാണ്. മുത്തങ്ങ സമരത്തിന്റെ ചരിത്രവുമായി ഈ സിനിമയ്ക്കുള്ള ബന്ധം ഈ രണ്ടേടുകളിൽ ഒതുക്കേണ്ടിവരും. അഭ്രപാളികളിൽ കാണുന്നതെല്ലാം ചരിത്ര സത്യങ്ങളാണെന്ന മൗഢ്യം ഒന്നും പ്രേക്ഷകർക്ക് ഉണ്ടാവുകയില്ലെങ്കിലും ആഖ്യായികയും ചരിത്രവും വേർപിരിഞ്ഞ് സഞ്ചരിക്കുന്ന വഴികൾകൂടി ചർച്ചചെയ്യേണ്ടത് അനിവാര്യമാണ്. ചരിത്രം ഒരു പെട്ടിയിലടക്കം ചെയ്ത നിർജ്ജീവ സാന്നിധ്യമായല്ല മനുഷ്യജീവിതത്തിൽ ഇടപെടുന്നത് എന്നുകൊണ്ടുതന്നെ.

മുത്തങ്ങ വെടിവെപ്പിന് ശേഷം ആദിവാസി കുടിലുകൾക്ക് തീയിട്ട പൊലീസ്. കടപ്പാട്: scroll.in

ഭാവനാരാഹിത്യത്തിന്റെ തുടർക്കഥ

നരഹത്യയുടെ കഥ പറയുന്ന നരിവേട്ട ഭാവനരാഹിത്യത്തിന്റെ തുടർക്കഥകൂടിയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ഒന്നാം പാതി മുഖ്യമായും ശ്രമിക്കുന്നത് ടൊവിനോ തോമസ് വേഷമിട്ട വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിത പശ്ചാത്തലം ഒരുക്കുന്നതിനാണ്. തുടർന്ന് വരുന്ന രംഗങ്ങളിലാണ് സമരഭൂമിയിൽ ചേരൻ വേഷമിട്ട പൊലീസ് ഉദ്യോഗസ്ഥൻ ഭരണകൂടത്തിന് വേണ്ടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ദൃശ്യങ്ങളിലേക്കും അതിനെ തുടർന്ന് വർഗീസ് പീറ്റർ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങളിലേക്കും സിനിമ പ്രവേശിക്കുന്നത്. ഇതിനിടയിൽ പ്രേക്ഷകന്റെ മനസ്സിൽ മൃദുഭാവങ്ങൾ ഉണർത്താൻ മലയാള സിനിമ കാലങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങൾ കാണാം. വിധവയായ അമ്മയുടെ കഷ്ടപ്പാട്, കൊന്നപ്പൂ നട്ടുകൊണ്ട് പുഞ്ചിരിക്കുന്ന പെൺകുട്ടി, അവർണ്ണനായ തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന സവർണ്ണ മുതലാളി, കാമുകനെ ഉത്തരവാദിത്തം പഠിപ്പിക്കുന്ന കാമുകി തുടങ്ങിയ പതിവ് ദൃശ്യങ്ങൾ ഈ സിനിമയിലും ആവർത്തിക്കുന്നു. സിനിമയെ കാഴ്ചക്കാരിലേക്കെത്തിക്കാനും സാമ്പത്തിക ലാഭം ഉണ്ടാക്കാനും ഒരു വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന സിനിമ ശ്രമിക്കുന്നത് നിലനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗമായാണെന്ന് മനസിലാക്കാം. എന്നാൽ അതിനകത്ത് സാധ്യമായ ഭാവനയും ദൃശ്യാവിഷ്ക്കാര സാധ്യതകളും അന്വേഷിക്കാതെയും ഉപയോഗപ്പെടുത്താതെയും പോകുന്നത് സിനിമാപ്രവർത്തകരുടെ സർഗ്ഗാത്മകതയുടെ ദാരിദ്ര്യമായോ വീഴ്ച്ചയായോ കാണേണ്ടിവരും.

ചേരൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രം. കടപ്പാട്: screengrab

ആദിവാസി സമൂഹത്തിന്റെ സവിശേഷമായ സാംസ്ക്കാരിക മൂല്യങ്ങളെയോ ജീവിത രീതികളെയോ ഭാവനാപൂർണമായ ദൃശാവിഷ്ക്കാരത്തിലൂടെ ചിത്രീകരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. കണ്ട് പരിചയിച്ച ഫ്രെയിമുകൾക്കകത്ത് തദ്ദേശീയ ജനതയുടെ ജീവിത പരിമിതികളെ സ്പർശിച്ച് പോകാൻ മാത്രമേ സിനിമ ശ്രമിക്കുന്നുള്ളൂ. അത്ര അയത്ന ലളിതമായി പറഞ്ഞു പോകേണ്ടതല്ല ആദിവാസി ജനതയുടെ ജീവിതവും അവർ മുത്തങ്ങയിൽ നടത്തിയ ഐതിഹാസിക സമരവും. ‘പട്ടിണിയും ദാരിദ്ര്യവും സ്വയം ഏറ്റുവാങ്ങിയ പിന്നോക്ക ജീവികൾ’ എന്ന പൊതു സങ്കൽപ്പത്തിനപ്പുറം ഏറെ വിലപ്പെട്ട ജീവിത മൂല്യങ്ങളും ഉന്നതമായ സംസ്ക്കാരവും ഉയർത്തിപ്പിടിക്കുന്ന ഒരു വിഭാഗം മനുഷ്യരെന്ന ഭാവന ആദിവാസികളെക്കുറിച്ച് പൊതു സമൂഹത്തിനില്ല. ഈ പൊതുബോധത്തെ തലതിരിച്ചിടാൻ പറ്റുന്ന സാധ്യതകൾ തേടാൻ തിരക്കഥാകൃത്തും സംവിധായകനും ശ്രമിക്കുന്നേയില്ല. അത് ജനപ്രിയ സിനിമയുടെ പരിമിതിയല്ല എന്നും സിനിമ സൃഷ്ടാക്കളുടെ അലംഭാവപൂർണ്ണമായ സമീപനഫലമെന്നും പറയേണ്ടിവരും. അതേസമയം പ്രണവ് തെയോഫിൻ അവതരിപ്പിച്ച താമി ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

സ്ക്രോൾ ചെയ്തുപോയ സമര ചരിത്രം

ഏതെങ്കിലും സെൻസേഷണൽ മൂലധാതു കണ്ടെത്തുക, അതിനെ നിർധാരണം ചെയ്തും പിൻപറ്റിയും ദൃശ്യ വിസ്മയങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ പതിവ് പ്രമാണ സൂത്രം തന്നെയാണ് നരിവേട്ടയുടെയും ആവിഷ്‌ക്കാര ഘടന. അതുകൊണ്ടാണ് മരണത്തിലും അതിന്റെ ദുരൂഹതയിലും അധികാരത്തിന്റെ ഹിംസയിലും ഈ സിനിമയും കേന്ദ്രീകരിക്കപ്പെട്ടുപോയത്. മുത്തങ്ങ സമരത്തിൽ ഇതൊക്കെ നിലനിൽക്കുമ്പോഴും കേരള ചരിത്രത്തിൽ സംഘാടനത്താലും ഉദ്ദേശ ലക്ഷ്യങ്ങളാലും അതിന്റെ ആവിഷ്ക്കാരത്താലും സമരഭാവനകൾക്ക് മറ്റൊരു ആഖ്യാനം നൽകി അടയാളപ്പെടുത്തിയ സമരമായിരുന്നു മുത്തങ്ങയിൽ നടന്നത്. വ്യത്യസ്തമായ സാഹചര്യത്തിലാണെങ്കിലും സമീപകാലത്ത് നടന്ന അത്തരമൊരു സമരം ഡൽഹിയിലെ കർഷക സമരവും പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായിരുന്നു. ഏതാണ്ട് കാലം നിലച്ചുപോയി എന്ന തോന്നലുളവാക്കുന്ന ചരിത്ര സന്ദർഭങ്ങളിലാണ് അത്തരം സമരങ്ങൾ ഉയർന്നുവരുന്നതെന്ന് കാണാം. കല അത്തരം ചലനങ്ങളുടെ സ്വാധീനത്തിൽപ്പെടുകയും പുതിയ ആഖ്യാനങ്ങൾ ആവിഷ്‌ക്കരിക്കാറുമുണ്ട്. അത്തരം മൂല്യവത്തായ ആവിഷ്ക്കാരങ്ങൾ മലയാളി സമൂഹം അർഹിക്കുന്നുമുണ്ട്.

പൊലീസ് വെടിവെപ്പിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട സി.കെ ജാനുവും എം. ഗീതാനന്ദനും. കടപ്പാട്: The New Indian Express

മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലം, അത് ഉയർന്നുവന്ന ചരിത്ര സാഹചര്യം, മുത്തങ്ങ സമരത്തിന് മുൻപും പിൻപും സംഭവിച്ച കാര്യങ്ങൾ ഒക്കെ തിരക്കഥാകൃത്തും സംവിധായകനും ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നെങ്കിൽ ഒരു ബൃഹത്തായ ക്യാൻവാസിൽ നരിവേട്ട പോലൊരു സിനിമ ചെയ്യാമായിരുന്നു. സിനിമ സാമ്പത്തികമായി വിജയിക്കാൻ ഭാവനയും അധ്വാനവും ഒപ്പം കലാപരവും സാങ്കേതികവുമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയും സാധിക്കും. അത്രയ്ക്ക് വലിയ ക്യാൻവാസ് ആയിരുന്നു മുത്തങ്ങ ഭൂ അധികാര സമരത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്. മരണവും ദുരൂഹതയും അതിന് പിന്നിലെ കുറ്റകൃത്യങ്ങളും മാത്രമല്ലല്ലോ മനുഷ്യഭാവനയെയും ദൃശ്യാസ്വാദനത്തെയും ഉത്തേജിപ്പിക്കുന്നതും വൈകാരികതയെ ഉണർത്തുന്നതും. ഒരു സമൂഹത്തിൽ നടക്കുന്ന ഒട്ടനവധി സൂക്ഷ്മതല വ്യവഹാരങ്ങൾക്ക് അതിന് കഴിയും. അത്തരം ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ചില കാര്യങ്ങൾ മാത്രം ചൂണ്ടിക്കാട്ടാം. സി.കെ ജാനുവെന്ന വളരെ ഓർഗാനിക് ആയി ഉയർന്നുവന്ന സമര നായികയുടെ ജീവിതം, മുത്തങ്ങ സമരത്തിന് മുൻപ് നടന്ന ഭൂവധികാര സമരങ്ങൾ, നാനാവിധ ചൂഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന ആദിവാസികളുടെ ദുരിത ജീവിതം, അതിനിടയിലും നാഗരിക മനുഷ്യനെ വിസ്മയപ്പെടുത്തുന്നുന്ന ജീവിത മൂല്യങ്ങൾ, ശാരീരിരികവും മാനസികവുമായ സവിശേഷതകൾ, മുത്തങ്ങ സമരത്തിലേക്ക് നയിച്ച കുടിൽകെട്ടൽ സമരം, പിന്നീട് നടന്ന നിൽപ്പ് സമരം, മുത്തങ്ങ സമരത്തിന്റെ ഭാഗമായി വിവിധ ഊരുകളിൽ, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന എം ഗീതാനന്ദന്റെയും സി.കെ ജാനുവിന്റെയും നേതൃത്വത്തിൽ നടന്ന തയ്യാറെടുപ്പുകൾ, വേറെ ഒരു സമൂഹത്തിനും ഊഹിക്കാൻ കഴിയാത്ത രീതിയിൽ അവർ ഊരുകളിൽ നിന്നും മുത്തങ്ങ സമരഭൂമിയിലേക്ക് കാൽനടയായും വാഹനങ്ങളിലുമായി എത്തുന്ന യാത്രയൊക്കെ അതിൽ ചിലത് മാത്രം. അതിലേറെ വിസ്മയപ്പെടുത്തുന്ന സംഭവങ്ങൾ നിറഞ്ഞതാണ് 2003 ജനുവരി മുതൽ വെടിവെപ്പ് നടന്ന ഫെബ്രുവരി 19 വരെയുള്ള ദിവസങ്ങളിൽ അവർ സ്വയംഭരണ ഗ്രാമങ്ങൾ കെട്ടിപ്പടുക്കാൻ മുത്തങ്ങയിൽ നടത്തിയ പ്രവർത്തനങ്ങൾ.

അനുരാജ് മനോഹർ, ടൊവിനോ തോമസ്, അബിൻ ജോസഫ്. കടപ്പാട്: facebook

ഇനി ഒരു ക്രൈം ത്രില്ലർ കഥയായി വികസിപ്പിക്കാൻ പറ്റിയ സംഭവങ്ങൾ, ഗൂഡാലോചനകൾ മുത്തങ്ങയ്ക്ക് പുറത്ത് നടക്കുന്നുണ്ടായിരുന്നു. ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിംഗ് (ജിം) മുത്തങ്ങയെക്കൂടി ലക്ഷ്യംവച്ചായിരുന്നു. ആന്റണി സർക്കാർ ഉണ്ടാക്കിയ ട്രൈബൽ മിഷൻ കണ്ടെത്തിയ നിക്ഷിപ്ത വനഭൂമിയിലും റവന്യൂ ഭൂമിയിലും കെ.എം മാണി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ അനധികൃത കയ്യേറ്റം, അന്നത്തെ വനം മന്ത്രി കെ സുധാകരൻ നടത്തിയ പകപോക്കൽ, വയനാട് പരിസ്ഥിതി സംരക്ഷണ സമിതിയും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബാദുഷയും വനം വകുപ്പുമായി ചേർന്ന് നടത്തിയ ഗൂഡാലോചനകൾ, മുത്തങ്ങ വഴി നടത്തികൊണ്ടിരുന്ന നികുതിവെട്ടിപ്പ്, വന്യ മൃഗവേട്ട തുടങ്ങി ഒട്ടനവധി സംഭവങ്ങളിൽ ചിലതെങ്കിലും നരിവേട്ടയുമായി ചേർത്തുവയ്ക്കാമായിരുന്നു. സർക്കാർ ബിർളയ്‌ക്ക് വേണ്ടി യൂക്കാലി മരങ്ങൾ നട്ട് തരിശാക്കിയ ഭൂമിയിൽ, മാമന ഹള്ള എന്ന നീർച്ചാൽ പുനരുജ്ജീവിപ്പിക്കാൻ കൈത വച്ച് പിടിപ്പിക്കുകയായിരുന്നു മുത്തങ്ങയിൽ ‘വനം കൈയേറിയ’ ആദിവാസികൾ. സമരവും നിർമ്മാണ പ്രവർത്തനങ്ങളും ഒന്നിക്കുന്ന ഇത്തരം സമരമുഹൂർത്തങ്ങൾ പൊതുസമൂഹത്തിന് വിലപ്പെട്ട ഉൾക്കാഴ്ച നൽകുന്നതല്ലേ? പക്ഷേ, ചരിത്ര മുഹൂർത്തങ്ങൾ സ്ക്രോൾ ചെയ്തുപോയാൽ മനുഷ്യ ഭാവനയെ ഉത്തേജിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ദൃശ്യമാവുകയോ മനസിൽ തട്ടുകയോ ഇല്ല.

ജോഗി എന്ന ആദിവാസിയുടെയും വിനോദ് എന്ന പൊലീസുകാരന്റെയും മരണം ഇപ്പോഴും സ്വതന്ത്രമായി അന്വേഷിക്കപ്പെട്ടിട്ടില്ല. അതുപോലെ സിനിമയ്ക്ക് ഏറെ സാധ്യതകൾ നൽകുന്ന അതി ക്രൂരവും ആധുനിക മനുഷ്യ സമൂഹത്തെ ലജ്ജിപ്പിക്കുന്നതുമായ കുറ്റകൃത്യങ്ങൾ ആണ് വെടിവെപ്പ് നടന്ന ശേഷം വയനാട്ടിൽ അരങ്ങേറിയത്. ആദിവാസികളെ തെരഞ്ഞുപിടിച്ച് പീഡിപ്പിച്ച പൊലീസ്, കുടിയേറ്റക്കാർ കുടിപ്പക തീർക്കാൻ ചെയ്തുകൂട്ടിയ ക്രൂരതകൾ, ആദിവാസിക്കുടിലുകളിൽ പൊലീസ് നടത്തിയ നരനായാട്ട്, സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി വേട്ടയാടിയത്, കഞ്ഞി വെക്കാൻ പാത്രം പോലും ലഭിക്കാതെ പട്ടിണി കിടന്ന ആദിവാസികൾ, ജാനുവും ഗീതാനന്ദനും നേരിട്ട പൊലീസ് പീഡനങ്ങൾ, ഡയറ്റ് അധ്യാപകൻ ആയിരുന്ന കെ.കെ സുരേന്ദ്രന്റെ അറസ്റ്റും പീഡനങ്ങളൂം തുടർന്നുള്ള നിയമപോരാട്ടവും തുടങ്ങി ഒട്ടനവധി സംഭവങ്ങൾക്ക് അബിൻ ജോസഫിന്റെ തിരക്കഥയിൽ സാധ്യതയുണ്ടായിരുന്നു. ആദിവാസി സമൂഹത്തോടും ചരിത്രത്തോടും കുറച്ചുകൂടി നീതികാണിച്ചുകൊണ്ടുതന്നെ മുഖ്യധാരാ സിനിമയ്ക്ക് വേണ്ട ചേരുവകൾ കണ്ടെത്താമായിരുന്നു.

മുത്തങ്ങയിലെ പൊലീസ് ഭീകരത. കടപ്പാട്: The News Minute

അതുപോലെ സിനിമ അവഗണിച്ച മറ്റൊരു കാര്യമാണ് മുഖ്യധാരാ മാധ്യമങ്ങൾ എടുത്ത നിലപാട്. ഏഷ്യാനെറ്റ് റിപ്പോർട്ടർ ആയിരുന്ന എം.കെ രാമദാസിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന് സി.ബി.ഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് കേസിൽ നിന്നും വിടുതൽ ലഭിച്ചത്. അതി സാഹസികമായാണ് ഷാജി പട്ടണം എന്ന കൈരളി ടിവി യുടെ ക്യാമറാമാൻ മുത്തങ്ങയിലെ വെടിവെപ്പ് ദൃശ്യങ്ങൾ പുറംലോകത്തേക്ക്‌ എത്തിക്കുന്നത്. ബാക്കി എല്ലാവരെയും പൊലീസ് ബലമായി മാറ്റിയിരുന്നു. മുത്തങ്ങയിലെ നരഹത്യയെക്കുറിച്ചുള്ള പത്രങ്ങളുടെ അവതരണം ആദിവാസികളെ ‘ഭീകരവാദി’ കളായി മുദ്രകുത്തുന്ന രീതിയിലായിരുന്നു. സമരം സംഘടിതവും ജനാധിപത്യപരവുമായ രാഷ്ട്രീയ പ്രവർത്തനമാണെന്ന് അംഗീകരിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. സമരത്തെ കുറ്റകൃത്യങ്ങളുടെ പരമ്പരയായി ചിത്രീകരിക്കുകയായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ഗോത്ര മഹാസഭയെ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുമ്പോൾ മാധ്യമങ്ങൾ ഒന്നടങ്കം ഭരണകൂടത്തിന് ഒത്താശ ചെയ്യുകയായിരുന്നു. “ആദിവാസികളും മറ്റുള്ളവരെപ്പോലെതന്നെ നാട്ടിൽ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. യുദ്ധം പ്രഖ്യാപിച്ചുകൊണ്ടും നിയമലംഘനം നടത്തിയും ജനങ്ങളെ ശത്രുക്കളാക്കിയും ആർക്കും ഒരു സമരവും വിജയിപ്പിക്കാനാവില്ല” എന്നായിരുന്നു 2003 ഫെബ്രുവരി 20 ന് മലയാള മനോരമ എഡിറ്റോറിയൽ എഴുതിയത്. സമാനമായിരുന്നു മറ്റ് മാധ്യമങ്ങളുടെയും നിലപാട്. ഒരുപക്ഷേ ഒരു മാധ്യമ പ്രവർത്തകനിലൂടെ കഥ പറയാൻ തിരക്കഥകൃത്ത് ശ്രമിച്ചിരുന്നെങ്കിൽ, മറ്റൊന്നായിരുന്നേനെ നരിവേട്ടയുടെ ദൃശ്യാവിഷ്‌കാരം.

നരിവേട്ടയുടെ പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം എന്തുകൊണ്ട് അടിത്തട്ട് ജനതയുടെ ജീവിതവും പോരാട്ടങ്ങളും മുഖ്യധാരാ സിനിമയിൽ ശക്തമായി പ്രതിനിധാനം ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ്. തമിഴിൽ പാരഞ്ജിത്, മാരി സെൽവരാജ്, വെട്രിമാരൻ തുടങ്ങിയ സംവിധായകർ അടിത്തട്ട് ജനതയുടെ ജീവിതവും സമരവും അവർ നേരിടുന്ന ജാതി വിവേചനവും ഒക്കെ ശക്തമായി മുഖ്യധാര സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. സമാനമായ രീതിയിൽ മലയാളത്തിൽ ഇടപെടൽ നടക്കാത്തത് സവർണ്ണവൽക്കരിക്കപ്പെട്ട പൊതുബോധം നിലനിൽക്കുന്നതുകൊണ്ടും ഇടതുപക്ഷം പോലും അതിന്റെ ഓരംപറ്റി സഞ്ചരിക്കുന്നതുകൊണ്ടും കൂടിയായിരിക്കും. അതിന്റെ വിപരീത ദിശയിൽ വേടന്റെ പാട്ടുകൾ കേൾക്കാൻ യുവതലമുറ എത്തുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. വേടൻ റാപ്പിലൂടെ പങ്കുവയ്ക്കുന്ന രാഷ്ട്രീയം എത്രമാത്രം അവർക്ക് സ്വീകാര്യമാവുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഒരു ജനപ്രിയ മാധ്യമത്തിലൂടെ എങ്ങനെ റാഡിക്കൽ ആയ രാഷ്ട്രീയം പറയാം എന്നാണ് വേടൻ തെളിയിച്ചുകൊണ്ടിരിക്കുന്നത്. വേടന്റെ പാട്ട് ഉൾപ്പെടുത്തിയ നരിവേട്ട അത്തരം ഒരു ശ്രമം ഗൗരവമായി നടത്തിയില്ല എന്നതാണ് യാഥാർഥ്യം.

മുത്തങ്ങയിലെ പൊലീസ് ഭീകരതയെ പ്രതിരോധിക്കുന്ന സമരക്കാർ. കടപ്പാട്: having-said-thaat.blogspot.com

ആര്യ സലിം നന്നായി കൈകാര്യം ചെയ്ത സി.കെ ശാന്തി എന്ന കഥാപാത്രത്തിന് പോലും ആദിവാസി സൂക്ഷ്മ രാഷ്ട്രീയം പറയാനോ മുത്തങ്ങ ഭൂ സമരം എന്ന ഒരു സംഭവത്തിനപ്പുറമുള്ള ചരിത്രം പറയാനോ സിനിമ ഇടം നൽകുന്നില്ല. വെറും ഭൂസമരമോ പട്ടിണി മാറ്റാനുള്ള ഒരു സമരമോ ആയിരുന്നില്ലല്ലോ അത്. ഇപ്പോഴും കേരളത്തിലെ ലിബറൽ ബുദ്ധിജീവികൾക്ക് പോലും ഭരണഘടന ആദിവാസികൾക്ക് അനുവദിച്ചു നൽകിയിരിക്കുന്ന സ്വയംഭരണം എന്ന അവകാശത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ഭൂസമരത്തിനപ്പുറമുള്ള വിശാല ഇടങ്ങളെ പ്രതിപാദിക്കേണ്ടത് പ്രധാനമാകുന്നു. ആദിവാസി ഊരുകൾ ഷെഡ്യൂൾഡ് ഏരിയകളാക്കുന്നത് ആദിവാസികളുടെ സ്വയംഭരണവും അവരുടെ സംസ്കാരം സംരക്ഷിക്കാനും സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാനും സമാധാനം സംരക്ഷിക്കാനും വേണ്ടിയാണ്. അതുൾക്കൊണ്ടാണ് അന്തരിച്ച മുൻ പട്ടികജാതി പട്ടികവർഗ കമ്മീഷണർ ഡോ. ബി.ഡി ശർമ്മ ‘ഭരണഘടനയ്ക്കുള്ളിലെ ഒരു ഭരണഘടന’ എന്ന് അതിനെ വിശേഷിപ്പിച്ചത്. ഈ അന്തഃസത്തയാണ് കേരളത്തിലെ ഭരണകൂടത്തിനും പൊതു സമൂഹത്തിനും മനസിലാകാത്തതും ഉൾക്കൊള്ളാൻ കഴിയാത്തതും.

നരിവേട്ടയിൽ നിന്നുള്ള ഒരു രംഗം. കടപ്പാട്: screengrab

സിനിമയുടെ അവസാന ഭാഗത്ത് പ്രിയംവദ കൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം വർഗീസിനോട് ചോദിക്കുന്നുണ്ട് ‘ പൊലീസ് ഇങ്ങനെയൊക്കെ ചെയ്യുമോ?’ എന്ന്. ഈ സംശയം നമുക്ക് ചുറ്റും നടക്കുന്ന യാഥാർഥ്യങ്ങളെക്കുറിച്ച് സാമാന്യ ബോധമുള്ള ഒരു മലയാളിക്കുണ്ടാവില്ല. ഫിക്ഷനെ വെല്ലുന്ന തരത്തിലാണ് നമ്മുടെ രാജ്യത്ത് പൊലീസ് അധികാരം മനുഷ്യ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ആ ചോദ്യം ആദിവാസികൾ/ അടിത്തട്ട് ജനവിഭാഗം ഇത്രയും കാലമായി എന്തുകൊണ്ട് വഞ്ചിക്കപ്പെട്ടു എന്നും ചൂഷണ ചെയ്യപ്പെട്ടു എന്നും ആയിരുന്നു ആവേണ്ടിയിരുന്നത്. എന്നാൽ അതിലേക്ക് ഒരു ചുവട് മുന്നോട്ട് വയ്ക്കാൻ ഈ സിനിമ കാരണമാകുന്നുവെങ്കിൽ അതിൽ നമുക്ക് പ്രതീക്ഷ കണ്ടെത്താം. ഒരു അഭിമുഖത്തിൽ ആര്യ സലിം ഈ സിനിയിൽ അഭിനയിച്ച ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് പറയുന്നുണ്ട്, ഇനി തനിക്ക് വളരെ അടിസ്ഥാന പ്രശനങ്ങൾ അശ്രദ്ധമായി സ്ക്രോൾ ചെയ്ത് പോകാൻ കഴിയില്ല എന്ന്. അത് ഒരു വലിയ മാറ്റം തന്നെയാണ്. ഇനി ഇത്തരം സിനിമ എടുക്കുന്ന കലാകാരന്മാർ ഏറെ ചരിത്രപ്രാധാന്യം ഉള്ള, നീതിക്ക് വേണ്ടിയുള്ള മനുഷ്യ പോരാട്ടങ്ങളെ ആഴത്തിൽ അന്വേഷിക്കാതെ അലസമായി സ്ക്രോൾ ചെയ്ത് പോകാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.

Also Read

8 minutes read June 1, 2025 11:29 am