ഖത്തർ ലോകകപ്പ് പ്രവചനങ്ങളിൽ മൊറോക്കൊ ഒരു സാധ്യതാ സംഘമായിരുന്നില്ല. ക്രൊയേഷ്യയും ബെൽജിയവും അടങ്ങുന്ന ഗ്രൂപ്പ് എഫിൽ നിന്നും മൊറൊക്കൊയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം മൊറോക്കൻ ആരാധകർക്ക് പ്രതീക്ഷയേക്കാൾ ഒരു സ്വപ്നമായിരുന്നു. 1990 ൽ കാമറൂണിനും 2002 ൽ സെനഗലിനും പിന്നെ 2010 ലെ ഗാനയുടെയും മുന്നേറ്റത്തിനു ശേഷം ക്വാർട്ടർ ഫൈനലിൽ ഇടം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ ഖത്തർ ലോകകപ്പിൽ ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചു.
ഗ്രൂപ്പ് എഫിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മൊറോക്കൊ പിന്നീട് രണ്ടു ഗോളുകൾക്ക് ബെൽജിയത്തെയും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കാനഡയെയും പരാജയപ്പെടുത്തി. നൂറ്റിയിരുപതു മിനിറ്റു നേരം ഒരേയൊരു ഗോളിനായി പോരാടി, സ്പാനിഷ് മുന്നേറ്റങ്ങൾ ഓരോന്നും തടുത്ത്, പെനാൽറ്റിയിലേക്കു കടന്ന മത്സരത്തിൽ മൂന്നു ഗോളുകളുടെ സർവ്വാധിപത്യത്തോടെ സ്പെയിനിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്കു പന്തടിച്ചു. മൊറോക്കോയുടെ ആദ്യത്തേയും ആഫ്രിക്കയുടെ നാലാമത്തേയും ക്വാർട്ടർ പ്രവേശനം. സ്പെയിനിൽ ജനിച്ചുവളർന്ന മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയാണ് എതിരില്ലാത്ത മൂന്നാം പെനാൽറ്റി ഗോളിലൂടെ മൊറോക്കൻ വിജയമുറപ്പിച്ചത്.
ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അവസാന ലോകകപ്പിൽ ഇതിഹാസ താരത്തെ പകരക്കാരനാക്കുന്നതിലെ പ്രതിഷേധങ്ങളെ പോലും വകവെക്കാതെ സെമി ഫൈനലിലേക്കു കുതിക്കാനെത്തിയ പോർച്ചുഗലിനെ ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിനു കീഴ് പ്പെടുത്തി, തെക്കെനമേരിക്കൻ – യൂറോപ്യൻ പ്രമാണങ്ങൾ തിരുത്തി ലോകകപ്പിന്റെ സെമി ഫൈനൽ അഭിമുഖീകരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി മൊറോക്കൊ. രണ്ടായിരത്തിൽ ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പ് നേടും എന്ന പെലെയുടെ പ്രവചനം ഖത്തർ ലോകകപ്പിൽ മൊറോക്കോ സാക്ഷാത്കരിക്കുമോ എന്ന ആകാംക്ഷയോടെയാണ് ഫുട്ബോൾ പ്രേമികൾ ലോകകപ്പ് സെമി മത്സരങ്ങളെ കാത്തിരിക്കുന്നത്. തുടർച്ചയായ രണ്ടാം കിരീടനേട്ടം ലക്ഷ്യമിടുന്ന ഫ്രാൻസിന് മൊറോക്കയെ മറികടക്കുക എളുപ്പമാകില്ല എന്ന് ഇതുവരെയുള്ള മത്സരങ്ങളിലൂടെ മൊറോക്കൊ തെളിയിച്ചിരിക്കുന്നു.
ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ‘അട്ടിമറി വിജയങ്ങൾ’ക്ക് സാക്ഷിയായ ഖത്തർ ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മൊറോക്കൊ ഉയർന്നുവന്നത് കളിമികവിനാൽ മാത്രമല്ല. മൊറോക്കൻ താരങ്ങളുടെ വിജയാഘോഷങ്ങളും, മത്സരാനന്തര വാർത്താ സമ്മേളനങ്ങളും ചർച്ചചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഖത്തർ ലോകകപ്പിലെ മൊറോക്കൻ താരങ്ങളുടെ ഇടപെടലുകളും, അവയോടുള്ള വിവിധ പ്രതികരണങ്ങളും വാദങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്.
ഉമ്മമാരുടെ ലോകകപ്പ്
അൽ-തുമാമാ സ്റ്റേഡിയത്തിൽ മൊറോക്കോ ബെൽജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ വിജയമാഘോഷിക്കാൻ ഗ്യാലറിയിലേക്ക് ഓടിച്ചെന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു മൊറോക്കൻ പ്രതിരോധ താരം അഷ്റഫ് ഹഖീമി. ഹഖീമിയുടെയും ഉമ്മയുടെയും ആ ചിത്രം ഫുട്ബോളിന്റെ മഹത്തായ ഏടുകളിലേക്കും മനുഷ്യഹൃദയങ്ങളിലേക്കും ചേർക്കപ്പെട്ടു.
“എന്റെ ഉമ്മ ഒരു ശുചീകരണതൊഴിലാളിയായിരുന്നു, എന്റെ ഉപ്പ ഒരു തെരുവു കച്ചവടക്കാരനായിരുന്നു, എനിക്കുവേണ്ടി അവർ ജീവിച്ചു, എന്റെ വിജയത്തിനായി എന്റെ സഹോദരങ്ങൾക്ക് അവർ പലതും നിഷേധിച്ചു. ഇന്ന് ഞാൻ അവർക്കു വേണ്ടി കളിക്കുന്നു”.
മത്സരശേഷം അഷ്റഫ് ഹഖീമി സ്പാനിഷ് ടി.വി യോട് പറഞ്ഞ വാചകങ്ങളും ഹൃദയസ്പർശിയായിരുന്നു. അഷ്റഫ് ഹഖീമിയുടെ വാക്കുകൾ മൊറോക്കൊയുടെ വിജയരഹസ്യം വെളിപ്പെടുത്തുന്നു. തനിക്കുവേണ്ടി ജീവിതം സമർപ്പിച്ച ഉമ്മയ്ക്കു വേണ്ടിയാണ് താൻ കളിക്കുന്നത് എന്ന് അഷ്റഫ് ഹഖീമി പറഞ്ഞപ്പോൾ ഹഖീമിയെയും ഉമ്മയെയും ലോകം ആദരിച്ചു.
പി.എസ്.ജിയുടെ പ്രതിരോധത്തിലെ കരുത്തായ ഹഖീമി, സ്പാനിഷ് ടീമിലേക്കുള്ള വിളി തള്ളിക്കളഞ്ഞുകൊണ്ടാണ് മൊറോക്കയുടെ ചെങ്കുപ്പായമണിഞ്ഞത്. ആ തീരുമാനത്തെ ഹഖീമി മാർക്കയോട് വിശദീകരിച്ചത് ഇങ്ങനെയാണ് , “ശരിയായ ഇടത്തല്ല ഞാൻ എന്നു തോന്നി, വീട്ടിലാണെന്ന തോന്നലുണ്ടായില്ല, മറ്റൊന്നിനും വേണ്ടിയായിരുന്നില്ല , പക്ഷെ ഞാൻ വീട്ടിലുള്ളതു പോലെയായിരുന്നില്ല, അത് അറബ് സംസ്കാരമുള്ള മൊറോക്കൊയാണ് “
ഹഖീമിയുടെ മാതാപിതാക്കൾ ഹഖീമിയുടെ ജനനത്തിനു മുന്നെ സ്പെയിനിലേക്ക് കുടിയേറിയവരാണ്, എന്നാൽ ഖത്തർ ലോകകപ്പിൽ നിന്നും സ്പെയിനിനെ പുറത്താക്കി ഹഖീമി അരികിലെത്തിയപ്പോൾ ചുണ്ടിൽ ഒരു സ്നേഹചുംബനം നൽകി ഉമ്മ.
പോർച്ചുഗലിനെ പുറത്താക്കി സെമിയിലേക്കുള്ള വഴി വെട്ടിയ ഗ്രൌണ്ടിൽ മൊറോക്കൻ താരം സോഫിയാന ബൌഫൽ ഉമ്മയോടൊത്ത് നൃത്തം വെച്ചുകൊണ്ടാണ് ആഘോഷിച്ചത്.
ബൗഫലിന്റെ വാക്കുകളിലും നിറഞ്ഞത് ഉമ്മയോടുള്ള സ്നേഹം തന്നെയായിരുന്നു.
“ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ,എന്റെ ഉമ്മയാണ്. (അതെ അവർ കരയുകയായിരുന്നു) കളിയുടെ ആവേശം നിങ്ങളെ കവരും. കുടുംബത്തിന്റെ പിന്തുണതന്നെയാണ് വിലപ്പെട്ടത്”. ഫ്രാൻസിൽ പിറന്ന മൊറോക്കൻ താരം ബൗഫലും ഉമ്മയും ഗ്രൌണ്ടിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും അനേക ഹൃദയങ്ങൾ പങ്കുവെച്ചു. ’ഉമ്മമാരുടെ ലോകകപ്പ്’ എന്ന വിശേഷണം കൂടി ഖത്തർ ലോകകപ്പിനു ലഭിച്ചു.
മൊറോക്കയിലെ ഉമ്മമാരും മക്കളും സ്നേഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപങ്ങളായി വാഴ്ത്തപ്പെട്ടപ്പോൾ , ഹൃദയഹാരിയായ മുഹൂർത്തങ്ങൾ വിവാദങ്ങൾക്കും വഴിവെച്ചു. മൊറോക്കോയുടെ അറബ് അടുപ്പത്തിന്റെ പശ്ചാത്തലത്തിൽ ഹഖീമിയുടെയും ബൗഫലിന്റെയും മാതൃസ്നേഹം ഇസ്ലാമിന്റെ മഹത്വമായി വ്യാഖ്യാനിക്കപ്പെട്ടു. ഉമ്മയ്ക്കു വേണ്ടി ഞാൻ കളിക്കുന്നു എന്നു ഹഖീമി പറഞ്ഞപ്പോൾ മറ്റുള്ള കളിക്കാർ കാമുകിമാർക്കു വേണ്ടി കളിക്കുന്നു എന്നു പൂരിപ്പിക്കപ്പെട്ടു. എന്നാൽ ഈ വാദങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. ഓരോ ഗോളിനു ശേഷവും ഇരുകൈയ്യും ഉയർത്തി മുത്തശ്ശിയെ സ്മരിക്കുന്ന മെസ്സിയെയും ,അമ്മയോടൊപ്പം വിജയാഘോഷങ്ങൾ നടത്തിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വിസ്മരിക്കരുതെന്ന ഓർമപ്പെടുത്തലുകളുണ്ടായി. ഫുട്ബോളിന്റെ മാനവികത മതങ്ങൾക്കതീതമാണെന്നും കാമുകിമാരൊത്തുള്ള വിജയാഘോഷങ്ങളും പരിഹസിക്കപ്പെടേണ്ടതില്ലെന്നും തിരുത്തലുകളുണ്ടായി.
വിജയമാഘോഷിക്കുന്ന പലസ്തീൻ പതാക
സ്പാനിഷ് പടയെ പരാജയപ്പെടുത്തിയ മൊറോക്കൻ താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തത് പലസ്തീൻ പതാക ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു. അന്നേരം ഗ്വാലറിയും മൊറോക്കൻ താരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ഏറ്റുപാടി –
“ഓ എന്റെ പ്രിയപ്പെട്ട പലസ്തീൻ,
അറബികൾ എവിടെ? അവർ ഉറങ്ങുകയാണ്.
ഏറ്റവും മനോഹരമായ രാജ്യം പ്രതിരോധിക്കുന്നു.
ദൈവം നിന്നെ സംരക്ഷിക്കട്ടെ”
മൊറോക്കൻ ഫുട്ബോൾ ക്ലബ്ബായ രാജാ കാസാബ്ലാങ്കയുടെ ആരാധകർ പാടാറുള്ള ഈ പാട്ട് ഖത്തർ ലോകകപ്പിന്റെ അനൗദ്യോഗിക ഗാനമായി കഴിഞ്ഞു എന്നാണ് മിഡിൽ ഈസ്റ്റ് ഐ അടക്കമുള്ള മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ലോകം തങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വേളയിൽ മൊറോക്കൻ താരങ്ങൾ നടത്തിയത് ഒരു ഓർമപ്പെടുത്തലാണ്. അറബ് ആരാധകരെ ഒന്നിപ്പിക്കുന്ന ഒരു ഇടപെടലായിരുന്നത്.
മൊറോക്കൻ മിഡ്ഫീൽഡർ അബ്ദെൽ ഹാമിദ് സബിരി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും പലസ്തീൻ പതാകയോടൊത്തുള്ളതായിരുന്നു. ‘ശബ്ദമില്ലാത്ത മനുഷ്യർക്കു വേണ്ടി’ എന്ന അടിക്കുറിപ്പോടു കൂടെ മൊറോക്കൻ ജനതയുടെ ഐക്യദാർഢ്യം ഉറപ്പിക്കുകയായിരുന്നു സബിരി. ഇസ്റയേലുമായുള്ള ബന്ധം സാമാന്യവത്കരിച്ച മൊറോക്കൻ ഭരണകൂടത്തിന്റെ നയങ്ങളോടുള്ള മൊറോക്കൻ ജനതയുടെ പ്രതിഷേധമായി അടയാളപ്പെട്ടു ഈ വിജയാഘോഷം. ഗാസാ മുനമ്പിലെ പലസ്തീനികൾ മൊറോക്കൻ വിജയം ആഘോഷിക്കുന്ന വീഡിയോയും ഇതോടൊപ്പം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വിജയം നിങ്ങളുടേതു കൂടിയാണ്
മൊറോക്കൻ താരങ്ങൾ പലസ്തീൻ പതാകയുയർത്തിയ വിജയാഘോഷത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മൊറോക്കൻ താരം ബൗഫലിന്റെ വാചകങ്ങൾ സ്വീകാര്യതയ്ക്കും വിമർശനങ്ങൾക്കും കാരണമായി. അൽ റയ്യാൻ സിറ്റി സ്റ്റേഡിയത്തിൽ സ്പെയിനെ മൂന്നു ഗോളുകൾക്കു പെനാൽറ്റിയിൽ പരാജയപ്പെടുത്തിയ ഐതിഹാസിക വിജയത്തിനു ശേഷം ബൗഫലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ലോകമൊട്ടാകെയുള്ള മൊറോക്കൻ ആരാധകരുടെ പിന്തുണയ്ക്കും, അറബ് ജനതയ്ക്കും, എല്ലാ മുസ്ലിങ്ങൾക്കും നന്ദി. “
അറബ് ലോകവും മുസ്ലിം ജനതയും ബൗഫലിന്റെ വാചകങ്ങൾ ഏറ്റെടുക്കുകയും , മൊറൊക്കൊയുടെ വിജയം തങ്ങളുടെ വിജയമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ സെനഗലും, കാമറൂണും, ഗാനയും കളമൊഴിഞ്ഞ ലോകകപ്പിൽ ആഫ്രിക്കൻ ജനതയുടെ ഒരേയൊരു പ്രതീക്ഷയായി മാറിയിരുന്നു മൊറൊക്കൊ. വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ ആരാധകർ ഒന്നടങ്കം മൊറോക്കയെ പിന്തുണക്കുന്ന ഘട്ടത്തിൽ ബൌഫൽ ആഫ്രിക്കൻ ജനതയെ വിസ്മരിച്ചത് വിമർശനങ്ങൾക്കിടയാക്കി. മൊറോക്കോയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ബൗഫലിന്റെ പരാമർശം ഇടയാക്കി.
നിങ്ങൾ അറബ് ലോകത്തിനായാണോ കളിക്കുന്നത് എന്ന് മൊറോക്കൻ കോച്ച് വാലിദ് റെഗ്റാഗ്വിയോട് ചോദിക്കപ്പെട്ടു. ബൗഫലിനോട് വിയോജിച്ച് വാലിദ് പറഞ്ഞു.
“ഒരു രാഷ്ട്രീയക്കാരനാവാനല്ല ഞാനിവിടെ, ഞങ്ങൾക്കും കാമറൂണിനെയും, ഗാനയെയും, സെനഗലിനെയും പോലെ ആഫ്രിക്കൻ പതാക ഉയരെ പാറിക്കണം. ആഫ്രിക്കയെ പ്രതിനിധീകരിക്കുകയാണ് ഞങ്ങൾ ഇവിടെ.”
ഗോൾ എന്ന മാധ്യമത്തിനു നൽകിയ മറുപടിയോട് ആഫ്രിക്കൻ ഫുട്ബോളിലുള്ള തന്റെ അഭിമാനവും പ്രത്യാശകൂടി പങ്കുവെച്ചു വാലിദ് റെഗ്റാഗ്വി.
“മറ്റിടങ്ങളെ പോലെ അത്ര നന്നല്ലെന്ന് ആഫ്രിക്കൻ ഫുട്ബോളിനെ മാറ്റി നിർത്തുന്നതാണ് പതിവ്, എന്നാൽ ഈ ലോകകപ്പിൽ ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു, ആരെയും അവരുടെ പണത്തിനു പിന്നാലെ പായിക്കാൻ ഞങ്ങൾക്കാവുമെന്ന്, യൂറോപ്യൻ, തെക്കെ അമേരിക്കൻ ടീമുകളെയാണ് ഞാൻ സൂചിപ്പിച്ചത്. ഭാവിയിൽ കൂടുതൽ ആഫ്രിക്കൻ ടീമുകളെ കാണുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.എന്തുകൊണ്ട് ഇനി ഒരു ആഫ്രിക്കൻലോകകപ്പ് വിജയമുണ്ടായിക്കൂട?”
വാലിദ് റെഗ്റാഗ്വിയുടെ മറുപടിയും മറുചോദ്യവും ആഫ്രിക്കൻ ജനതയെ ആശ്വസിപ്പിക്കുന്നതും ആവേശംകൊള്ളിക്കുന്നതുമായിരുന്നു. മൊറോക്കൻ ടീമിനെ കരുത്തുറ്റതാക്കിയ പരീശീലകന്റെ വാക്കുകൾ ഇനി ലോകം കാണാനിരിക്കുന്ന ആഫ്രിക്കൻ ഫുട്ബോൾ വിപ്ലവത്തിന്റെ സൂചനയും, തന്റെ സംഘത്തിലുള്ള വിശ്വാസം പ്രകടമാക്കുന്നതുമാണ്. ഏറെ വൈകാതെ തന്നെ ബൌഫൽ തന്റെ മറവിയ്ക്ക് ആഫ്രിക്കൻ ജനതയോടു മാപ്പ് ചോദിച്ചു.
“മത്സരശേഷമുള്ള അഭിമുഖത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തെ പരാമർശിക്കുവാൻ മറന്നതിൽ ഞാൻ മാപ്പ് പറയുന്നു. ഞങ്ങൾക്കു പിന്നിൽ നിൽക്കുന്നതിനു നന്ദി. തീർച്ചയായും ഈ വിജയം നിങ്ങളുടേതു കൂടിയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ സഹോദരങ്ങളെയും പ്രതിനിധീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, ഒറ്റക്കെട്ട് ..”
മൊറോക്കൊ ഒരു അന്താരാഷ്ട്ര സഖ്യം
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന മൊറോക്കൊ, അറബ് സംസ്കാരത്തിന്റെ ഭാഗമാണ്. ആഫ്രിക്കയോടും അറബ് ലോകത്തോടും മാത്രമല്ല എന്നാൽ മൊറോക്കോയുടെ അടുപ്പം, യൂറോപ്പിനോടു ചേർന്നു കിടക്കുന്നു മൊറോക്കൊ. യൂറോപ്യൻ രാജ്യങ്ങളിൽ താമസമാക്കുന്ന മൊറോക്കോക്കാർ ഏറെയാണ്. മൊറോക്കൻ സർക്കാർ കണക്കുകൾ പ്രകാരം 4.2 മില്യൺ മൊറോക്കക്കാർ രാജ്യത്തിന് പുറത്ത് കഴിയുന്നവരാണ്, അതായത് മൊറോക്കൻ ജനസംഘ്യയുടെ 10 ശതമാനത്തോളം. എന്നാൽ വിദേശവാസികളായിരിക്കുമ്പോഴും 18 നും മുപ്പത്തഞ്ചിനും ഇടയിലുള്ള മൊറോക്കൻ ജനത വർഷത്തിൽ ഒരിക്കൽ എങ്കിലും രാജ്യം സന്ദർശിക്കുന്നു എന്ന് മൊറോക്കൻ കമ്യൂണിറ്റി അബ്രോഡ് എന്ന ഗവർൺമെന്റ് ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
മൊറോക്കൻ ടീമിലെ കളിക്കാരുടെ ജന്മദേശങ്ങൾ നോക്കിയാൽ ഈ സങ്കീർണ്ണബന്ധം മനസ്സിലാക്കാനാവും. സ്പെയിനിലെ മാഡ്രിഡിൽ ജനിച്ചു വളർന്നു അഷ്റഫ് ഹഖീമി. സോഫിയാൻ അംറാബട്ട്, നൌബർ മസ്റൂറി, സഖറിയ അബൂഖലാല, ഹക്കീം സിയെച്ച് എന്നിവർ നെതർലൻഡ്സിൽ വളർന്നവരാണ്. അംറാബട്ട് അണ്ടർ 15 ടീമിലും മസ്റൂറിയും അബൂഖലാലയും അണ്ടർ 20 ടീമിലും സിയെച്ച് അണ്ടർ 21 ടീമിലും നെതർലൻഡ്സിനു വേണ്ടി രാജ്യാന്തരമത്സരങ്ങളിൽ അരങ്ങേറിയവരാണ്. മൊറോക്കോയുടെ ബൗഫൽ ജനിച്ചു വളർന്നത് പാരീസിലാണ്. ഹഖീമി മൊറോക്കോയ്ക്ക് വേണ്ടി സ്പെയ്നിനെ പരാജയപ്പെടുത്തിയതു പോലെ ഫ്രാൻസിനെ പുറത്താക്കാൻ ബൗഫൽ കളിക്കിറങ്ങുമോ എന്ന് ബൗഫലിന്റെ പരിക്ക് തീരുമാനിക്കും. ഇത്തരത്തിൽ മൊറോക്കൊൻ ടീമിലെ 26 അംഗങ്ങളിൽ 14 പേരും മൊറോക്കൊയിൽ ജനിച്ചു വളർന്നവരല്ല. എന്നാൽ പിതാവിന്റെയും, മാതാവിന്റെയും ജന്മഭൂമിയാണ് ഇവരെല്ലാം സ്വന്തം രാജ്യമായി തിരഞ്ഞെടുക്കുന്നത്. സ്പാനിഷ് ടീമിലേക്കുള്ള ക്ഷണം നിരസിച്ച് മൊറോക്കോയിൽ ചേർന്ന ഹഖീമിയുടെ വാക്കുകൾ വെളിപ്പെടുത്തുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുമ്പോഴും അവരുടെ വീട് മൊറോക്കോയിലാണെന്നാണ്. മൊറോക്കോയിലെ അറബ് സംസ്കാരത്തിൽ വളർന്നതുകൊണ്ട് അറബ് ലോകത്തോടു കൂടി ബന്ധമുള്ളവരാണ് മൊറോക്കൻ താരങ്ങൾ. മൊറോക്കൻ ടീമിനോട് ശക്തമായ പ്രതിബദ്ധതയുള്ളവരാണ് ഇവരെല്ലാവരും. വേർതിരിവില്ലാത്ത പിന്തുണ തന്നെയാണ് മൊറോക്കൻ ആരാധകരിൽ നിന്നും ഈ കളിക്കാർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ രാഷ്ട്ര സങ്കൽപ്പനത്തിന്റെ അതിർവരമ്പുകളെ മായ്ച്ചുകൊണ്ടാണ് മൊറോക്കൻ സഖ്യം ലോകകപ്പിൽ മുന്നേറുന്നത്.
മാതൃരാജ്യത്തെ പ്രതിനീധീകരിക്കാത്ത 130 ലേറെ താരങ്ങൾ ലോകകപ്പിൽ ബൂട്ടുകെട്ടുന്നുണ്ട്. വഹ്ബി കസ്രി ഉൾപ്പെടെ നിരവധി ഫ്രാൻസ് സ്വദേശികൾ തുണീഷ്യയ്ക്കു വേണ്ടി കളിക്കുന്നുണ്ട്. അതുപോലെ നിരവധി ആഫ്രിക്കൻ വംശജർ ഫ്രാൻസിനു വേണ്ടി കളിക്കുന്നു. യു.എസ്, ഇംഗ്ലണ്ട്, ആസ്തട്രേലിയ ടീമുകളിലും ആതിഥേയരായ ഖത്തർ സംഘത്തിലും സ്വദേശികളല്ലാത്ത നിരവധി കളിക്കാർ പന്തുതട്ടുന്നുണ്ട്. എന്നാൽ മൊറോക്കൊയേക്കാൾ വിദേശ താരങ്ങൾ അണിനിരക്കുന്ന മറ്റൊരു ടീം ലോകകപ്പിൽ വേറെയില്ല. മൊറോക്കോയുടെ ചരിത്രം തന്നെയാണ് ഇതിനു കാരണം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരും പിന്നീട് ഓട്ടോമെൻ തുർക്കികളും, ശേഷം ഫ്രാൻസും, സ്പെയിനും മൊറോക്കോ കീഴടക്കിയിട്ടുണ്ട്. സ്പെയിനിനെയും , പോർച്ചുഗലിനെയും മൊറോക്കോ കീഴടക്കിയപ്പോൾ കൊളോണിയസിത്തോടുള്ള കാൽപ്പന്തിന്റെ പ്രതികാരമാണ് മൊറോക്കൻ ജയങ്ങൾ എന്ന വിലയിരുത്തലുകളുണ്ടായി. കീഴടക്കിയവരെ കളിയിലൂടെ അട്ടിമറിക്കുന്നതിന്റെ ആവേശം ഇത്തരം വായനകളിലുണ്ട്, ഒരുകാലത്ത് എം.എസ്.പി കുന്നിൽ നിന്നും കേട്ട ആർപ്പുവിളികളുടെ അലയൊലികൾ അതിലുണ്ട്. എന്നാൽ ഇന്നത്തെ മൊറോക്കൻ ദേശീയതാ സങ്കൽപ്പം അത്ര ലളിതമായി വ്യാഖ്യാനിക്കാവുന്നതല്ല, പ്രതേകിച്ചും സ്പെയിനിലും, ഫ്രാൻസിലും കളിപഠിച്ച കളിക്കാർ മൊറോക്കോയ്ക്ക് വേണ്ടി മാതൃരാജ്യങ്ങളെ പരാജയപ്പെടുത്തുമ്പോൾ.
എവിടെ ജനിച്ചു വളർന്നവരായിരുന്നാലും എവിടെ വസിക്കുന്നവരായിരുന്നാലും മൊറോക്കോയെ സ്നേഹിക്കുന്നവർക്കെല്ലാം ഇടമുള്ള ഒരു രാജ്യമായി മൊറൊക്കൊ ഖത്തർ ലോകകപ്പിൽ അടയാളപ്പെടുന്നു. അതിനാൽ മൊറോക്കൊയുടെ വിജയത്തിന് ആഗോളമാനമുണ്ട്.