ചോദ്യങ്ങൾ ചോദിക്കാൻ കൂടിയുള്ളതാണ് എന്റെ നൃത്തം

ചരിത്രത്തോട് വിമർശനാത്മകമായി സംവ​ദിച്ചും ജാതി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും ഭരതനാട്യ നൃത്തരം​ഗത്ത് ഇടപെടുന്ന നർത്തകിയാണ് നൃത്യ പിള്ളൈ. ഗായികയും, എഴുത്തുകാരിയും ആക്ടിവിസ്റ്റും കൂടിയായ നൃത്യ പിള്ളൈ തഞ്ചാവൂരിൽ നിലനിന്നിരുന്ന പാരമ്പര്യ നർത്തകരുടെ കുടുംബത്തിലെ കണ്ണിയാണ്. ചരിത്രം തമസ്കരിച്ച പാരമ്പര്യ നർത്തകരുടെ ഭൂതകാലത്തെ കാല്പനികമായി മെനഞ്ഞെടുക്കുകയല്ല നൃത്യ, പകരം ചരിത്രത്തെ ഇന്നിൽ നിന്നുകൊണ്ട് അഭിമുഖീകരിക്കുകയാണ്. ഇന്നത്തെ ക്ലാസിക്കൽ നൃത്തങ്ങൾ ഇത്തരം തമസ്കരണങ്ങളിലൂടെ രൂപപ്പെട്ടതാണെന്നും നൃത്യ പറയുന്നു. നൃത്യയുടെ അവതരണങ്ങൾ അവരുടെ സമുദായത്തിന്റെ നൃത്തപാരമ്പര്യത്തിന് സാമൂഹികവും സാന്ദര്യശാസ്ത്രപരവുമായ അരങ്ങൊരുക്കുന്നു. കലയിലെ മതത്തിന്റെയും ജാതിയുടെയും ലൈംഗികതയുടെയും സ്ഥാനവും സ്വഭാവവും പ്രവർത്തനരീതിയും വീണ്ടുവിചാരത്തിനെടുക്കുന്നു അവരുടെ അവതരണങ്ങൾ. തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ നടത്തിയ പരിപാടിയിൽ ഭരതനാട്യം അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തിയ നൃത്യ കേരളീയവുമായി സംസാരിക്കുന്നു.

ശാസ്ത്രീയ നൃത്ത രൂപങ്ങൾ പലപ്പോഴും സവർണ കലാരൂപങ്ങളായാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ മുഖ്യധാരാ ചരിത്രം അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. താങ്കളുടെ കലയെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ആ ധാരണകളെ ചോദ്യം ചെയ്യുന്നവയാണ്. ചരിത്രത്തിൽ തെറ്റായി ചിത്രീകരിച്ചിട്ടുള്ള അത്തരം ആഖ്യാനങ്ങളെ പൊളിച്ചെഴുതേണ്ടത് എത്രത്തോളം പ്രധാനമാണ്?

ഈ പ്രത്യേക ചരിത്രം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. എന്റേത് പോലുള്ള ജാതി പരിസരങ്ങളിൽ നിന്ന് വരുന്നവർ ഇരുവശത്തും ഒരുപോലെ അധിക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട്. ‘സാമൂഹ്യ പരിഷ്കരണം’ എന്ന പേരിൽ എന്റേത് പോലുള്ള ജാതി പരിസരങ്ങളിൽ നിന്നുള്ള സ്ത്രീകൾ (പരമ്പരാഗത നർത്തകർ) കുറ്റവാളികളാക്കപ്പെട്ടു. എന്നാൽ പുനരാവിഷ്കരണത്തിലൂടെ, അതേ നൃത്തത്തെ സവർണ ജാതിയിൽപ്പെട്ട സ്ത്രീകളുടെ അല്ലെങ്കിൽ സവർണ ജാതിക്കാരുടെ ശരീരത്തിലേക്ക് പറിച്ചു നടുകയും ചെയ്തു. സാമൂഹ്യ പരിഷ്കരണത്തിന്റെയും, പുനരാവിഷ്കരണത്തിന്റെയും ഈ പ്രക്രിയകൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഒരുവശത്ത് ഈ നർത്തകർ സദാചാര വിരുദ്ധരാണെന്ന് മുദ്രകുത്തി കുറ്റവാളികളാക്കപ്പെട്ടു. പക്ഷെ അതേസമയം 1920കളിലെ മധ്യവർഗ വരേണ്യ ജാതി ദേശീയവാദികൾക്ക് ഈ നൃത്തം പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ നൃത്തം രാജ്യത്തിന്റെ സംസ്കാരമായി മാറുകയും, ആദരണീയരായ ചുറ്റുപാടുകളിൽ നിന്നുള്ളവർ ആ കലാരൂപങ്ങളുടെ വാഹകരാകണമെന്നും അവർ ശഠിച്ചു. സവർണ ജാതികളിൽ നിന്നുള്ള സ്ത്രീകളെ, പ്രത്യേകിച്ചും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരെയാണ് ആദരണീയരായി കണ്ടിരുന്നത്.

സവർണ രചനകളിൽ നിന്നും ആഖ്യാനങ്ങളിൽ നിന്നുമാണ് ഈ നൃത്തരൂപത്തിന്റെ പുനരാവിഷ്കരണത്തിന്റെയും, ക്രിമിനൽവത്കരണത്തിന്റെയും ചരിത്രം നാം മനസിലാക്കുന്നത്. ഒരു സമുദായത്തെ ക്രിമിനൽവത്കരിച്ചുകൊണ്ട് ഈ ‘പാരമ്പര്യത്തിന്’ അവസാനം കുറിച്ചത് ബ്രിട്ടീഷുകാരാണെന്ന് വാദിക്കുന്ന ചില ആഖ്യാനങ്ങൾ നിലവിലുണ്ട്. സത്യത്തിൽ, ബ്രിട്ടീഷുകാരെ മാത്രം ഇവിടെ കുറ്റപ്പെടുത്താനാവില്ല. വിക്ടോറിയൻ ധാർമികതയുടെ സ്വാധീനം കടന്നുവരുന്നത് വെള്ളക്കാരുടെ വരവോടെയാണെങ്കിലും അവർക്ക് ഈ നർത്തകരെയോ അവരുടെ ജീവിതരീതികളെയോ മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. അവരത് മനസിലാക്കിയിരുന്നത് ഇവിടെ നിലനിന്നിരുന്ന ബ്രാഹ്മണിസത്തിന്റെ കണ്ണുകളിലൂടെയായിരുന്നുവെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങൾ മനസിലാക്കാൻ അവരെ സഹായിച്ചിരുന്നത് ആരായിരുന്നു? അത് പലപ്പോഴും ഇവിടുത്തെ പുതുതായി വിദ്യാഭ്യാസം നേടിയ മധ്യവർഗ ബ്രാഹ്മണരും സവർണരുമായിരുന്നു. അവരുടെ കാഴ്ചപ്പാടിലൂടെയാണ് ഈ പാരസ്പര്യം എന്താണെന്ന് വിവരിക്കപ്പെട്ടത്. അതുകൊണ്ട്, ഇവിടുത്തെ ബ്രാഹ്മണ സമൂഹമാണ് ബ്രിട്ടീഷുകാർക്ക് കാര്യങ്ങൾ മനസിലാക്കി കൊടുത്തിരുന്നത്. യൂറോപ്യൻ കോളനിവത്കരണത്തിന്റെ ചരിത്രരേഖകളിലെവിടെയും ‘ദേവദാസി’ എന്നൊരു പദം കാണാൻ കഴിയില്ല. 1901ലെ മദ്രാസ് സെൻസസിൽ ഉള്ളത് പോലെ, ബ്രിട്ടീഷ് നരവംശശാസത്രജ്ഞരുടെയും അധികാരികളുടെയും പരിശ്രമഫലമായാണ് ഈ വാക്ക് ദക്ഷിണേന്ത്യയുടെ ഭരണപരവും സാംസ്കാരികവുമായ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നത്. ഇതിൽ ഭൂരിഭാഗവും, ബ്രിട്ടീഷ് നരവംശ ശാസത്രജ്ഞരെ സഹായിച്ചിരുന്ന ബ്രാഹ്മണരായ അനുയായികളുടെ സംഭാവനയായിരുന്നു. എഡ്ഗർ തർഡസണും രംഗചാരിയും ഇതിനൊരു മികച്ച ഉദാഹരണമാണ്. ഈ വാക്കിന്റെ ഉപയോഗവും പരിചാരകസംഘത്തിന്റെ ആഖ്യാനങ്ങളും സമുദായത്തിനുള്ളിലെ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിച്ചിരുന്നു. 1927ലെ മദ്രാസ് ദേവദാസിസ് അസോസിയേഷന്റെ കാര്യത്തിൽ നമുക്കിത് കാണാവുന്നതാണ്. ഇക്കാലഘട്ടത്തിലെ സ്ത്രീയെന്ന കാഴ്ചപ്പാടിൽ, ഈ വാക്കും അതിന്റെ എല്ലാ തരത്തിലുമുള്ള വിവരണങ്ങളും സൈക്കോ-സൊമാറ്റിക് ട്രോമാ ഇൻഡ്യൂസിങ് എഫക്ടുള്ളതാണ്.

നൃത്യ പിള്ളൈ വേദിയിൽ. കടപ്പാട്: തുടിപ്പ്

സവർണ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും ഞങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ എല്ലായ്പ്പോഴും ശൂദ്രരായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഈ ജാതി പരിസരം വളരെ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം courtesan (കൊട്ടാര ദാസി) ജാതികൾ ദക്ഷിണേന്ത്യ ഒട്ടാകെ നിലനിന്നിരുന്നു. ഇപ്പോൾ ഭരതനാട്യത്തെ തമിഴ്നാടിന്റെ നൃത്തരൂപമായാണ് കണക്കാക്കപ്പെടുന്നത്. ഭരതനാട്യത്തെ ഒരു തമിഴ് കലാരൂപമായി അവതരിപ്പിക്കുന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. ‘സതിർ’ യഥാർത്ഥ തമിഴ് കലാരൂപമാണെന്ന് അവർ വാദിക്കുന്നു. ഇതെല്ലാം തന്നെ വളരെ റിഡക്ഷനിസ്റ്റായുള്ള ധാരണകളാണ്. ഇത്തരം ധാരണകളെല്ലാം ഏതെങ്കിലും തരത്തിലുള്ള ദേശീയതയിൽ നിന്നാണ് ഉടലെടുക്കുന്നത്. എന്നാൽ ദേശീയത എന്ന ആശയം പലപ്പോഴും ചില ആളുകളെ പുറത്ത് നിർത്തുന്നവയാണ്. സതിർ ഒരു തമിഴ് കലാരൂപമാണെന്ന് അവർ വാദിക്കുന്നു. അപ്പോൾ പിന്നെ അവതരിപ്പിക്കപ്പെടുന്ന തെലുങ്ക് പാട്ടുകളോ? ഈ കലാരൂപത്തെ സംസ്കൃതത്തിൽ നിന്ന് രൂപം കൊണ്ടതാണെന്ന് പറയാനാകാത്ത പോലെ തന്നെ ഒരു ഭാഷയിൽ മാത്രമായി പരിമിതപ്പെടുത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. ഇത് ദക്ഷിണേന്ത്യൻ ദാസ്യ നൃത്തത്തിൻറെ ഒരു സമ്മേളനമായി മാത്രമേ വിശേഷിപ്പിക്കാനാകൂ.

ചരിത്രത്തെ നിരാകരിക്കുക എന്ന രീതി എല്ലാ കലാരൂപങ്ങളിലും കാണാൻ കഴിയുന്ന ഒന്നാണ്. ‘ശാസ്ത്രീയ’ നൃത്തരൂപങ്ങൾ അഭ്യസിക്കുന്ന അല്ലെങ്കിൽ അവതരിപ്പിക്കുന്ന നർത്തകർക്ക് അതൊരു പ്രശ്നമായേ തോന്നാറില്ല. ഈ പ്രശ്നത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്യാനാകുക?

കേരളത്തിലെ പല നർത്തകരും ആളുകളും മോഹിനിയാട്ടത്തിന് അത്തരം അപഹരിക്കപ്പെട്ട ചരിത്രമൊന്നുമില്ലെന്ന് വാദിക്കാറുണ്ട്. യാത്ര ചെയ്തുകൊണ്ട് നൃത്തം അവതരിപ്പിച്ചിരുന്നവരാണ് മോഹിനിയാട്ട നർത്തകരെന്നും, അത് പ്രകൃതിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും അവർ വാദിക്കുന്നു. പക്ഷെ തഞ്ചാവൂർ ക്വാർട്ടറ്റിലെ (Thanjavur quartet) വടിവേലു, സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലായിരുന്നുവെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. മോഹിനിയാട്ടമെന്ന വാക്കിന്റെ പ്രയോഗം ഈ കാലഘട്ടത്തിലാണ് ആരംഭിക്കുന്നതും. തഞ്ചാവൂർ മേഖലയിൽ നിന്നുള്ള സ്ത്രീകൾ കൊട്ടാരം നർത്തകിമാരായി ഇവിടെ വന്ന് നൃത്തം ചെയ്തിരുന്നതിന് തെളിവുകളുണ്ട്. ഇത്തരം പ്രോബ്ലമാറ്റികായ ജാതി ചരിത്രങ്ങളെ വിലയ്ക്കെടുക്കാതെ തള്ളിക്കളയുന്നത് നീതിയോ കേടുപോക്കലോ പ്രദാനം ചെയ്യില്ല.

ഇന്ന് നമ്മൾ ആഭരണങ്ങളും തലൈ സാമാനങ്ങളും ചിലങ്കയുമണിഞ്ഞ് വേഷം ധരിക്കുന്നു. നമ്മൾ അതിലൂടെ ആരെയാണ് പരാമർശിക്കുന്നതെന്ന് ചിന്തിക്കണം. ഈ വേഷവിധാനങ്ങളിലൂടെ ആരെയാണ് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്? ഉറപ്പായും ഭൂതകാലത്തിലെ താഴ്ന്ന ജാതി സ്ത്രീകളെയാണ് നമ്മൾ പരാമർശിക്കുന്നത്. എല്ലാ ആഭരണങ്ങളും ചിലങ്കയും അണിഞ്ഞ് ഞാൻ ഭരതനാട്യം അവതരിപ്പിക്കുന്നു. ആരാണ് എന്നിലൂടെ ജ്വലിച്ചു നിന്നത്? ഒരിക്കൽ കുറ്റവാളികളാക്കപ്പെട്ടവർ! ഈ രാഷ്ട്രീയം നമ്മൾ മനസിലാക്കണം. അതാണ് നൃത്തത്തിന്റെ ശരിയായ സ്വഭാവം. ഇത് എല്ലാ ശാസ്ത്രീയ നൃത്തരൂപങ്ങൾക്കുമുള്ളതാണ്. കലയുടെ പേരിൽ കുറ്റവാളികളാക്കപ്പെട്ട സ്ത്രീകളെ നാം ഓർക്കണം. അവർ അവതരിപ്പിച്ചതിന് അപമാനിക്കപ്പെട്ട അതേ നൃത്തം ഇന്ന് നമുക്ക് അവതരിപ്പിക്കാൻ സാധിക്കുന്നുവെന്നും ഓർക്കണം.

ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ പരമ്പരാ​ഗത നൃത്തരൂപങ്ങൾ സവർണ നൃത്ത രൂപങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കാരണം, ഹിന്ദു ദൈവങ്ങളെയും അതിലെ മിത്തുകളെയും സ്തുതിക്കാനാണ് മിക്കപ്പോഴും അവ അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെയും ലൈംഗികതയുടെയും പ്രമേയങ്ങളെ അതിൽ നിന്ന് നമ്മൾ നിരസിക്കുകയാണുണ്ടായത്. കാരണം, ഭരണവർഗവും ഈ സ്ത്രീകളും തമ്മിലുള്ള ബന്ധവും രാജകൊട്ടാരങ്ങളുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന ഈ കലാരൂപത്തിന്റെ ചരിത്രവും നമുക്ക് മറയ്ക്കണമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഈ നൃത്തരൂപങ്ങളെ അവരുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള മാർഗമായാണ് ഉപയോഗിക്കുന്നത്. ഈ കലയിൽ സാമൂഹിക പരിഷ്കരണവും പുനരാവിഷ്കരണവും കൊണ്ടുവന്ന മാറ്റങ്ങൾ അതിന്റെ സൗന്ദര്യാത്മകതയിലും മാറ്റങ്ങൾ വരുത്തി. പുരുഷനെ തൃപ്തിപ്പെടുത്താനുള്ള ഒന്നായി അത് മാറി. പുഞ്ചിരിക്കുന്ന മുഖത്തോടെ, പ്രസന്നവതിയായി, വിധേയത്വത്തോടെ ‘ഐഡിയൽ സ്ത്രീത്വം’ പ്രകടിപ്പിക്കേണ്ട ഒന്നായിത്തീർന്നു. പുരുഷാധിപത്യ സമൂഹം അടക്കവും ഒതുക്കവുമുള്ള സ്ത്രീകളെ ഇങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഈ നൃത്തരൂപം മാറി.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടെ നമ്മൾ ഇവിടെ മനസിലാക്കേണ്ടതുണ്ട്. നമ്മളുടെ പ്രവർത്തികളുടെ ഉദ്ദേശലക്ഷ്യവും അത് പ്രദാനം ചെയ്യുന്ന ഉദ്ദേശ്യവും എന്താണെന്ന് നാം വിമർശനാത്മകമായി ചിന്തിക്കണം. വലതുപക്ഷ ഹിന്ദു ഭൂരിപക്ഷത്തിന് അവരുടെ എല്ലാ രാഷ്ട്രീയ അജണ്ടകളും ഇപ്പോൾ ശാസ്ത്രീയ കലാരൂപങ്ങളിലൂടെ പ്രചരിപ്പിക്കാൻ കഴിയും. ഈ കലാരൂപങ്ങളെ നമ്മുടെ പുരാതന നൃത്തകലയായും, മഹത്തായ ഭൂതകാലത്തിന്റെ ശേഷിപ്പായുമൊക്കെയാണ് അവർ അവകാശപ്പെടുന്നത്. ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായാണ് അവരത് അവതരിപ്പിക്കുന്നത്. പക്ഷെ ഇതെല്ലാം എവിടെ നിന്നാണ് തുടങ്ങുന്നത്? ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇവിടെ നിലനിന്നിരുന്ന സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയത്തിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ജാതീയതയും ബ്രാഹ്മണീയ പുരുഷാധിപത്യവും ഈ രാജ്യത്തിന്റെ രൂപരേഖയുടെ ഭാഗമായിരുന്നെന്ന് നമുക്ക് മനസിലാക്കാം. സദാചാര വിരുദ്ധരായതിനാൽ ഈ പ്രത്യേക സമുദായം നൃത്തം ചെയ്യരുതെന്ന് അവർ പറയുന്നു. പക്ഷെ അവരുടെ കല ഞങ്ങളുടെ സംസ്കാരമാണ്. അതിനാൽ, ഞങ്ങൾ അവരുടെ ശരീരങ്ങളിൽ നിന്നും അതിനെ പിടിച്ചെടുത്ത് ‘നല്ല’ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളിലേക്ക് പുനഃസ്ഥാപിച്ചു. അവരാകണം ഈ കലാരൂപത്തിന്റെ ഉചിതമായ വാഹകർ എന്നും സ്ഥാപിച്ചു. ഇത് പാരമ്പര്യ നർത്തകരുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കി. ഇപ്പോൾ ഈ കലാരൂപം അതിന്റെ അന്തിമഘട്ടത്തിലാണുള്ളത്. ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ മാധ്യമമായി അത് മാറി.

നിർഭാഗ്യവശാൽ, എന്നെപ്പോലുള്ള പാരമ്പര്യ നൃത്തജാതികളിൽ നിന്നുള്ള ആളുകൾക്ക് രാഷ്ട്രീയ അവബോധത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണിസവും ദ്രവീഡിയനിസവും ഞങ്ങളെ ഏറെക്കുറെ ഉപയോഗിച്ചു. ഞങ്ങളുടെ സ്ത്രീകൾ ഒരുതരം ആദർശ ബ്രാഹ്മണ സ്ത്രീത്വവും ഗാർഹികതയുമെല്ലാം നിർവഹിക്കാൻ നിർബന്ധിതരായി. എന്റെ മുത്തശ്ശിയുടെ കാലം മുതൽ എന്റെ കുടുംബത്തിലും കണ്ടുവന്ന സ്ഥിതിവിശേഷമാണിത്. പൊതുസമൂഹത്തിൽ നിന്നും ബഹുമാനം നേടുന്നതിന് അവരുടെ മുന്നിലുണ്ടായിരുന്ന ഒരേയൊരു പോംവഴി അതായിരുന്നു. ഡി.എം.കെ നേതാക്കളുടെ വീടുകളിലെ ലിംഗ രാഷ്ട്രീയം മനസിലാക്കിയാൽ ഇത് വ്യക്തമാകും. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയം, നാടോടി, സമകാലികം എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷൻസ് ഞാൻ അംഗീകരിക്കുന്നില്ല. ഞാൻ ഭരതനാട്യമാണ് ചെയ്യുന്നത്. പക്ഷെ അതെനിക്ക് ഉടഞ്ഞതിന് ശേഷമാണ് ലഭ്യമായത്. ആ ഉടഞ്ഞ കഷ്ണങ്ങളെ ഒട്ടിവെച്ചുകൊണ്ടാണ് ഞാൻ നൃത്തം ചെയ്യുന്നത്. ഞാനീ ചരിത്രത്തെ അംഗീകരിക്കുന്നു. എന്നാൽ, എന്റെ ശരീരത്തിലോ, നൈപുണ്യരായ എന്റെ പൂർവീകരിലോ, എന്റെ ശരീരം മുന്നോട്ടുവയ്ക്കുന്ന ലൈംഗികതയിലോ എനിക്കൊരു നാണക്കേടുമില്ല. അതുമല്ല, ഭൂതകാലത്തിൽ നിന്നും എന്തെങ്കിലുമൊന്നിനെ അതിന്റെ പൂർണതയോടെ പുനഃസൃഷ്ടിക്കാൻ സാധ്യമല്ല എന്ന കാര്യത്തിലും എനിക്ക് വ്യക്തതയുണ്ട്. ഇന്ന് സതിർ നൃത്തം ചെയ്യാൻ ആർക്കും സാധ്യമല്ല. അത് ഉടച്ചുവാർക്കപ്പെടുകയും എല്ലാ അരാജകത്വങ്ങളും സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരിക്കുന്നു. അതിന്റെ എല്ലാ ട്രോമയും പേറുന്നത് ഞങ്ങളാണ്. ക്ഷേത്ര നൃത്തത്തെയും ദേവദാസി നൃത്തത്തെയും പുനരുജ്ജീവിപ്പിക്കുന്നുവെന്ന് ബ്രാഹ്മണ സ്ത്രീകൾ അവകാശപ്പെടുന്നുണ്ട്. അവർ അതിനെ സതിർ എന്നും വിലാസിനി നാട്യമെന്നും വിശേഷിപ്പിക്കുന്നു- ഇത് അവരുടെ ജാതി ശക്തിയുടെ പ്രകടനം മാത്രമാണ്.

നൃത്യ പിള്ളൈ വേദിയിൽ. കടപ്പാട്: തുടിപ്പ്

ലൈംഗികത്തൊഴിലിൽ നിന്ന് രക്ഷിക്കപ്പെട്ട ഇരകളായാണ് courtesan ജാതി സമൂഹം എപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. അത്തരം ആഖ്യാനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ദേശീയവാദികളുടെ (കോൺഗ്രസ്) രാഷ്ട്രീയവും അത് പ്രചരിപ്പിച്ച പുരുഷന്മാരും പാരമ്പര്യമായി നൃത്തം ചെയ്യുന്ന ജാതികളിൽ നിന്നുള്ള സ്ത്രീകൾ വിവാഹം ചെയ്ത് രക്ഷപ്പെടണമെന്നാണ് ആഗ്രഹിച്ചത്. അവരെ ഇരകളായാണ് കണക്കാക്കിയിരുന്നത്. പക്ഷെ സ്വജാതി വിവാഹമാണ് അവർ കണ്ടെത്തിയ പോംവഴി. ജാതിശ്രേണിയിൽ വിശ്വസിച്ചിരുന്ന ഗാന്ധി ഈ സ്ത്രീകൾ സദാചാരത്തിന് നിരക്കാത്തവരാണെന്നും പുരുഷാധിപത്യവും വിവാഹവും പുനഃസ്ഥാപിക്കുന്നതിലൂടെ അവരെ വീണ്ടെടുക്കേണ്ടതുണ്ടെന്നും നിർദ്ദേശിച്ചു. ഇന്നത്തെ കാഴ്ചപ്പാടിൽ, വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷൻ ഒരുതരം അടിച്ചമർത്തലാണെന്നും അത് പലതരത്തിലുള്ള അതിക്രമങ്ങളും നിലനിന്ന് പോകുന്ന ഒന്നാണെന്നും നമ്മൾ മനസിലാക്കുന്നുണ്ട്. പക്ഷെ ഇന്നും വളരെ കുറച്ച് പുരോഗമനവാദികൾ മാത്രമേ ഇതിനെ അഭിസംബോധന ചെയ്യുന്നുള്ളൂ. ഒരു പുരുഷാധിപത്യ സമൂഹമെന്ന നിലയിൽ, നമ്മളിപ്പോഴും വിവാഹമെന്ന സ്ഥാപനത്തെക്കുറിച്ച് ധാരണകളുണ്ടാക്കി കൊണ്ടിരിക്കുന്നതേയുള്ളൂ. അതിനെ എത്രത്തോളം വിശാലമാക്കാൻ കഴിയുമെന്ന ആലോചനകളിലാണ് നാമിപ്പോഴും.

പക്ഷെ 19-ാം നൂറ്റാണ്ടിൽ വിവാഹമെന്നത് കൂടുതൽ അടിച്ചമർത്തുന്നതായിരുന്നു, അത് സാധാരണവുമായിരുന്നു. സ്വരാജ്യത്തിൻറെ ഭാഗമായി ദക്ഷിണേന്ത്യയിൽ ഗാന്ധി എത്തിയപ്പോൾ courtesan ജാതിയിലുൾപ്പെടുന്ന സ്ത്രീകൾ പണം സംഭാവന ചെയ്യാൻ ശ്രമിച്ചതിനെപ്പറ്റി ഒരു കഥയുണ്ട്. ഗാന്ധി പക്ഷെ അവരുടെ കൈയിൽ നിന്നും സംഭാവന സ്വീകരിച്ചില്ല. കാരണം മാന്യമല്ലാത്ത തൊഴിലിലൂടെയാണ് അവർ ആ പണം സമ്പാദിച്ചതെന്ന ന്യായമായിരുന്നു ഗാന്ധിക്കുണ്ടായിരുന്നത്. അതിലൂടെ courtesan ജാതിയിലുൾപ്പെട്ടിരുന്ന നിരവധി സ്ത്രീകളെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിവാക്കി. അവർ സമൂഹത്തിൽ എല്ലായ്പ്പോഴും അന്യരായിരുന്നു. എല്ലായ്പ്പോഴും രണ്ടാം തരം പൗരന്മാരായി കണക്കാക്കപ്പെട്ടു. സദാചാരത്തെ മുൻനിർത്തിയുള്ള ഒരുതരം അസമത്വ സംവിധാനമാണിത്. അതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.

ദലിതുകളെക്കുറിച്ചും അവർ നേരിടുന്ന ജാതി അടിച്ചമർത്തലുകളെക്കുറിച്ചും ഞാൻ സംസാരിക്കുന്നില്ല എന്ന വിമർശനം ചില പുരോഗമന ജാതി വിരുദ്ധ ഗ്രൂപ്പുകളിൽ നിന്ന് ഞാൻ നേരിടുന്നുണ്ട്. പക്ഷെ, ഞാൻ നേരിടുന്ന അടിച്ചമർത്തലെന്നത് ഒരു പ്രത്യേക തരം ഇരയാക്കപ്പെടലാണ്. ചരിത്രപരമായി, ലൈംഗികമായി എങ്ങനെ അടിച്ചമർത്തപ്പെട്ടിരുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു ജാതി പരിസരത്തിൽ നിന്നുമാണ് ഞാൻ സംസാരിക്കുന്നത്. എന്നാൽ ഞാൻ വരുന്ന ജാതി പരിസരത്തിന്റെയും യെല്ലമ്മ, ജോഗിനി തുടങ്ങിയ ദലിത് ദേവദാസി ജാതികളുടെയും യാഥാർത്ഥ്യങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിൽ പ്രശ്നമുണ്ട്. അത് വലിയ അപകടമുണ്ടാക്കും. അവർ എല്ലാ courtesan ചരിത്രങ്ങളെയും ലൈംഗിക അടിമത്വത്തിലേക്കും വേശ്യാവൃത്തിയിലേക്കും ചുരുക്കും- അതൊരു റിഡക്ഷനിസ്റ്റ് ധാരണയാണ്.

ഇത്തരം അടിച്ചമർത്തലുകളിൽ നിന്ന് സുരക്ഷിതത്വം ലഭിക്കാനാണ് courtesan ജാതിയിൽപ്പെട്ട സ്ത്രീകൾ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നത്. പെരിയാറും അടിച്ചമർത്തലിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗമായി വിവാഹത്തെയാണ് നിർദ്ദേശിച്ചത്. പെരിയാർ തന്റെ രചനകളിൽ വിവാഹത്തെ വിമർശിക്കുന്നുണ്ട്. പക്ഷേ courtesan സ്ത്രീകളെ സ്വതന്ത്രരാക്കാൻ അദ്ദേഹവും വിവാഹത്തെ തന്നെ നിർദ്ദേശിക്കുന്നു. വേശ്യാവൃത്തി എന്ന പദം സ്ത്രീകളെ മാത്രം സൂചിപ്പിക്കുന്നതിന് എന്തിന് ഉപയോഗിക്കുന്നുവെന്ന് പെരിയാർ തന്റെ കൃതികളിൽ ചോദിക്കുന്നുണ്ട്. പുരുഷന്മാർ പല സ്ത്രീകളുടെ അടുത്തേക്ക് പോകുകയാണെങ്കിൽ സ്ത്രീകളും അവരാഗ്രഹിക്കുന്ന പുരുഷന്മാരുടെ അടുത്ത് പോകട്ടെയെന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ ഇത് മറ്റ് ജാതി സ്ത്രീകൾക്ക് വേണ്ടിയാണ്. പ്രത്യേകിച്ച്, പാരമ്പര്യമായി നൃത്തം ചെയ്യുന്ന ജാതിക്കാർ വിവാഹം കഴിക്കണമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് അവരെ മാത്രം നമ്മൾ മറ്റൊരു ലെൻസിലൂടെ നോക്കിക്കാണാൻ ശ്രമിക്കുന്നത്?

‘ദ വൾഗാരിറ്റി ഓഫ് കാസ്റ്റ്’ എന്ന പേരിൽ ശൈലജ പായ്ക് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അതിൽ അവർ ലാവണികളെക്കുറിച്ചും തമാശ നർത്തകരെക്കുറിച്ചും പറയുന്നു. പട്ടാളക്കാർ, രാജക്കന്മാർ തുടങ്ങിയ പുരുഷന്മാർക്ക് വേണ്ടി, അവരുടെ മുൻപിൽ നൃത്തം ചെയ്തിരുന്നവരാണ് അവർ. അവരിൽ പലരും ദലിത് വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇന്ത്യൻ സമൂഹത്തിലെ ജാതിശ്രേണി പോലെ സ്ത്രീകൾ എങ്ങനെയാണ് തരംതിരിക്കപ്പെട്ടിരുന്നതെന്ന് ശൈലജ പായ്ക് തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സദാചാരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ തരംതിരിച്ചിരുന്നത്. ഏറ്റവും മര്യാദ ലഭിച്ചിരുന്നവർ ഏറ്റവും ഉയർന്നതും മര്യാദ ഇല്ലാതിരുന്നവർ ഏറ്റവും താഴ്ന്നതുമായാണ് തരംതിരിച്ചിട്ടുണ്ടായിരുന്നത്. ഈ സ്ത്രീകളോട് സംസാരിക്കൻ അംബേദ്കർ ബോംബെയിലേക്ക് പോയത് അവർ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തൊഴിലുകൾ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം അവരെ നിർബന്ധിതമായി ഉപേക്ഷിക്കേണ്ടി വരുമെന്നും അംബേദ്കർ പറയുന്നു. അംബേദ്കർ അക്രമ രാഷ്ട്രീയ ആശയം പ്രകടിപ്പിച്ച സമയമായിരുന്നു അത്. കാരണം, ഈ സ്ത്രീകൾക്ക് മാന്യത വീണ്ടെടുക്കാനുള്ള ഒരേയൊരു മാർഗം അതാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാന്യതയ്ക്കായുള്ള ഇത്തരത്തിലുള്ള അക്രമ രാഷ്ട്രീയം നൃത്തം ചെയ്തിരുന്ന സ്ത്രീകൾക്ക് യോജിക്കുന്നതായിരുന്നില്ല. അത് അവരെ കൂടുതൽ പുരുഷാധിപത്യത്തിൻറെ പിടിയിലേക്ക് തള്ളിവിടുന്നതായിരുന്നു. നിർഭാഗ്യവശാൽ, ഈ ഒരു വിഷയത്തിൽ പുരോഗമനവാദികളും പിന്തിരിപ്പന്മാർക്കും ഒരേ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. Courtesan ജനതയുടെ വ്യക്തിത്വം അവർക്ക് പ്രശ്നകരമായി തോന്നി. അതുകൊണ്ട് ആ വ്യക്തിത്വത്തെ ഇല്ലാതാക്കണമായിരുന്നു. അതിനായി അവർ വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കണമെന്ന് അവർ ആഗ്രഹിച്ചു.

ഈ സമുദായത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരി എന്ന നിലയ്ക്ക്, സ്ഥിരമായ അപമാനവും, സംശയവും, സദാചാര വിധികളും ഞാൻ നേരിടുന്നുണ്ട്. രാഷ്ട്രീയ ഇടതുപക്ഷം ഞങ്ങളെ രക്ഷിച്ചുവെന്നും സംരക്ഷിച്ചുവെന്നും അവകാശപ്പെടുന്നുണ്ട്. ഞങ്ങളുടെ ജാതിയെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണകളിൽ നിന്ന് അവർ ഞങ്ങളെ ശരിക്കും രക്ഷിച്ചിട്ടുണ്ടോ? അതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല. സമൂഹത്തിലെ ഭൂരിഭാഗം ആളുകളും എന്നെ സംശയാസ്പദമായ പശ്ചാത്തലത്തിൽ നിന്നും വരുന്ന ആളായിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പാരമ്പര്യ ജാതിയിൽപ്പെട്ടവർ നേരിടേണ്ടി വരുന്ന അപമാനഭാരം ഞങ്ങളെ എല്ലായ്പ്പോഴും രണ്ട് തീവ്രവശങ്ങളിൽ ഏതെങ്കിലുമൊന്നിനെ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നുണ്ട്. ഞങ്ങളുടെ പൂർവ്വികർ ദൈവത്തിന്റെ ഭാര്യമാരായി കണക്കാക്കിയിരുന്നുവെന്ന രീതിയിലുള്ള ചരിത്രത്തെ പിൻതാങ്ങുന്നവർ തീവ്ര വലതിലേക്ക് പോകുന്നു. അങ്ങനെ പറയുന്നതിലൂടെ അവർക്ക് ഒരുതരം ബഹുമാനമൊക്കെ ലഭ്യമാകാറുണ്ട്. മറുവശത്ത്, മൂവല്ലൂർ രാമാമൃതം, മുത്തുലക്ഷി റെഡ്ഡി എന്നിവരെപ്പോലുള്ളവർ ഞങ്ങൾ മാന്യതയോടെ ജീവിക്കാൻ നൃത്തം ചെയ്യാനോ പാടാനോ പാടില്ലെന്ന് പ്രചരിപ്പിക്കുന്നു. ഈ രണ്ട് എക്സ്ട്രീമുകളിലൊന്നിനെ ഞങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിരാകുന്നു. ഒരുവശത്ത് നിങ്ങൾ നൃത്തം ചെയ്യാനേ പാടില്ല. മറുവശത്ത് നിങ്ങൾക്ക് നൃത്തം ചെയ്യാം. പക്ഷെ, ‘ക്ഷേത്ര സ്ത്രീകളുടെ’ പിൻഗാമികളായി നിങ്ങളുടെ പശ്ചാത്തലത്തെ വിവരിക്കണം. ഇത് രണ്ടും എനിക്ക് അംഗീകരിക്കാനാവില്ലെങ്കിൽ ഞാനെന്ത് ചെയ്യണം? ഈ സങ്കീർണമായ രാഷ്ട്രീയം മനസിലാക്കാൻ ഈ ചരിത്രത്തെ വിമർശനാത്മകമായ കണ്ണിലൂടെ വേണം കാണാൻ. ഇതൊരു റിഡക്ഷനിസ്റ്റ് രാഷ്ട്രീയമല്ല. ഇത് മനസിലാക്കാൻ എളുപ്പവുമല്ല. പലപ്പോഴും പുരോഗമനവാദികൾ പറയുന്നത് നിങ്ങളൊരു വിക്ടിമായിരുന്നു, നിങ്ങളെ ഞങ്ങൾ രക്ഷപ്പെടുത്തി. ഇനി നിങ്ങൾ വായടയ്ക്ക്. നിങ്ങൾക്ക് പഴയതിലേക്ക് തിരിച്ചുപോകണമോ എന്നാണ്. അവർക്ക് മനസിലാകുന്നില്ല എന്നതാണ് കാര്യം. ഇന്നത്തെ പുരോഗമന സ്ത്രീ എന്ന നിലയിൽ എനിക്കറിയാം അത് അടിച്ചമർത്തലായിരുന്നുവെന്ന്. ഒരു തിരിച്ചുപോക്ക് ഇനിയില്ല. അത് ക്രിമിനൽവത്കരിച്ചതാണ്. നമ്മൾ അത് അംഗീകരിക്കുകയും മുന്നോട്ട് വരികയും ചെയ്തിരിക്കുന്നു. എന്റെ പ്രശ്നം, ചില സവർണർ പിന്നോട്ട് നീങ്ങുന്നുവെന്നതാണ്. അവർ ചെയ്യുന്നത് സതിർ ആണെന്ന് അവർ പറയുന്നു. ബ്രാഹ്മണർ അതിനെ ഭരതനാട്യമാക്കി. സ്വർണമാല്യ ഗണേഷിനെ പോലുള്ള ബ്രാഹ്മണസ്ത്രീകൾ സതിർ എന്നൊരു കലാരൂപം അവതരിപ്പിക്കുന്നതായി അവകാശപ്പെടുന്നു. ഇത് ബ്ലാക്ക് ഫേസിങാണ്-ദേവദാസിയെ പോലെ വേഷം ധരിക്കുന്നുവെന്ന് മാത്രം. ആർക്കാണ് ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നത്? ഈ വിഷയത്തെക്കുറിച്ച് പഠിച്ച ബ്രാഹ്മണ സ്ത്രീകൾ ഞങ്ങളെ ഒരു ഗവേഷണ വസ്തുവായാണ് കണക്കാക്കുന്നത്. അവർ സ്വയം പുരോഗമനവാദികളായി ചിത്രീകരിക്കുന്നു. പക്ഷെ അവരും വേഷം ധരിച്ച് പണ്ടത്തെ ദേവദാസികളായി മാറാൻ ശ്രമിക്കുന്നു. ആരും അതിനെ ചോദ്യം ചെയ്യുന്നുമില്ല.

പുരോഗമനവാദികളുടെ ഇടയിലും ഒരു പ്രശ്നമുണ്ട്. അവർ കലകളെ എല്ലായ്പ്പോഴും ഒഴിവാക്കും, ഏതോ അധപതിച്ച ഇടമായാണ് അവർ കലയെ കാണുന്നത്. ജാതിവിരുദ്ധ രാഷ്ട്രീയം പറയാൻ ചില കലകളെ മാത്രം അവർ ആശ്രയിക്കും. പക്ഷെ ആ കലകളിലും അപഹരണങ്ങളുടെ വശങ്ങളുണ്ട്. അവിടെയാണ് നമ്മുടെ പ്രശ്നങ്ങൾ കിടക്കുന്നത്. പൊതുവെ സൗന്ദര്യത്തോട് ഒരു അവഗണനയുണ്ട്. എന്നാൽ അത് ഓരോ സ്ത്രീക്കും പ്രധാനമാണ്. നമുക്കത് അനുഭവിക്കണം. അത് തെറാപ്യൂട്ടിക്കാണ്. അതിനെ നമ്മൾ അവഗണിക്കേണ്ടതില്ല. പെരിയാർ മൂവ്മെന്റിൽ അദ്ദേഹം പറയുന്നത് സ്ത്രീകൾ പൊട്ട് തൊടരുത്, കറുത്ത സാരിയുടുക്കണമെന്നൊക്കെയാണ്. ആണുങ്ങൾക്ക് വേണ്ടി മേക്കപ്പ് ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ ആണുങ്ങൾക്ക് വേണ്ടിയല്ല അതൊന്നും ചെയ്യുന്നത്. ഞങ്ങൾക്ക് വേണ്ടിയാണ്. ഇത്തരം അപകീർത്തിപ്പെടുത്തലും സദാചാര പോലീസിംങും ഒരു എക്സ്ട്രീം പരിധിയിലേക്ക് പോയതാണ് പുരുഷാധിപത്യ മാനദണ്ഡങ്ങൾക്ക് കീഴ്പ്പെടാത്ത എല്ലാ സ്ത്രീകളെയും ക്രിമിനൽവത്കരിക്കുന്നതിനും അപമാനിക്കുന്നതിനും ഇടയാക്കിയത്.

നൃത്യ പിള്ളൈ. കടപ്പാട്: feminisminindia

സവർണ നർത്തകരുടെ ഇത്തരം കപടതകളെ കൈകാര്യം ചെയ്യുന്നതിനൊപ്പം താങ്കൾ ആഗ്രഹിക്കുന്നത് പോലെ ഭരതനാട്യം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഇതിൽ തുടരുക എന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് പറയാമോ?

ഭരതനാട്യം എന്ന് വിളിക്കപ്പെടുന്ന ഒന്ന് മാത്രമേ എനിക്ക് അവതരിപ്പിക്കാനാകൂവെന്നാണ് ഞാൻ പറയുന്നത്. പാരമ്പര്യ നൃത്തമെന്നത് ഉടച്ചുവാർക്കപ്പെട്ട ഒന്നാണ്. ബാക്കിയുള്ള ഉടഞ്ഞ കഷ്ണങ്ങൾ കൂട്ടിയിണക്കിയാണ് ഞാൻ പെർഫോം ചെയ്യുന്നത്. ഉടഞ്ഞതിന്റെ വിള്ളലുകൾ എൻറെ നൃത്തത്തിൽ പ്രതിഫലിക്കും. അതാണ് എന്റെ നൃത്തം. എന്റെ പൂർവികർ ഇങ്ങനെയാണ് നൃത്തം ചെയ്തിരുന്നതെന്ന് എനിക്ക് അവകാശപ്പെടാനാവില്ല. കാരണം അവരെങ്ങനെയാണ് നൃത്തം ചെയ്തിട്ടുണ്ടാവുകയെന്ന് എനിക്കറിയില്ല. എന്നാൽ സവർണർ പറയുന്നത് അവർ ചെയ്യുന്നത് സതിർ ആണ്, അവരുടെ ഗവേഷണത്തിന്റെ ഔട്ട്കം ആണ് ഇതെന്നൊക്കെയാണ്. അവരോടുള്ള എന്റെ ചോദ്യമിതാണ്, പാരമ്പര്യ രൂപത്തെ അല്ലെങ്കിൽ പ്രീ ഇൻവെൻഷന് മുമ്പുള്ള കലാരൂപത്തെ നമ്മൾ അവതരിപ്പിച്ചിരുന്നപ്പോൾ അതിന് പ്രശ്നകരമായ സാമൂഹ്യവശങ്ങൾ കൂടിയുണ്ടായിരുന്നു. അത് ക്രിമിനൽവത്കരിക്കപ്പെട്ടു. ‘ബോട്ടുകട്ടുതൽ’ എന്നൊരു ചടങ്ങൊക്കെയുണ്ടായിരുന്നു. അപ്പോൾ, നിങ്ങൾ അതിലേക്ക് തിരിച്ച് പോകുന്നുവെന്ന് അവകാശപ്പെടുമ്പോൾ അടിച്ചമർത്തർത്തപ്പെട്ട ഭൂതകാലത്തെ തിരികെ കൊണ്ട് വരികയാണോ? അപഹരണങ്ങൾ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. എന്താണ് നിങ്ങൾ ചെയ്യുന്നതിലെ സാമ്പത്തികവശം? ഇത് ചെയ്യുന്നതിന് നിങ്ങൾക്ക് പണം ലഭിക്കുന്നുണ്ടോ? കാരണം, അക്കാലത്തെ ഫ്യൂഡൽ വ്യവസ്ഥ സതിറിനായി പ്രതിഫലം നൽകിയിരുന്നു. അത് സാമ്പത്തികം പ്രദാനം ചെയ്തിരുന്നതുകൊണ്ടാണ് നിലനിന്ന് പോന്നിരുന്നത്. അല്ലാതെ ക്ഷേത്രങ്ങളിൽ പോയി നൃത്തം ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. അത് അങ്ങനെ അല്ല പ്രവർത്തിച്ചിരുന്നത്. സ്ത്രീകൾക്ക് സതിർ ചെയ്യുന്നതിലൂടെ പണവും, ഭൂമിയും, ആഭരണങ്ങളും ലഭിച്ചിരുന്നു. അപ്പോൾ ഇത് എങ്ങനെയാണ് പ്രാവർത്തികമാകുന്നത്? സതിർ അല്ലെങ്കിൽ ദേവദാസി നൃത്തത്തെ പുനരുജ്ജീവിപ്പിച്ചുവെന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ courtesan ആളുകൾ ചെയ്തിരുന്നുവെന്ന് അവർ കരുതുന്ന അല്ലെങ്കിൽ സങ്കല്പിക്കുന്ന ഒന്നിനെ മിമിക് ചെയ്യുകയാണ്. സതിർ ഒരു തമിഴ് കലാരൂപമായി കണക്കാക്കപ്പെടുന്നു. പക്ഷെ അവർ മറാത്തി പാട്ടുകളും തെലുഗു പാട്ടുകളും ഉപയോഗിക്കുന്നുണ്ട്. തമിഴ് ദേശീയതയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

എന്തുകൊണ്ടാണ് ഇതിലെ അപ്രോപിയേഷന്റെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്? ഇതൊരു ശാസ്ത്രീയ നൃത്തരൂപമായി നമ്മൾ ഉയർത്തിപ്പിടിക്കുന്നത് തുടരുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾ ചോദിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഞാനിവിടെ ഉത്തരങ്ങൾ കൊടുക്കാനല്ല വന്നിരിക്കുന്നത്. എല്ലാവരും ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. മുഴുവൻ സംസ്കാരത്തെയും എപ്പോഴും ബ്രാഹ്മണിസത്തിന്റെയോ ഓറിയന്റലിസത്തിന്റെയോ ലെൻസിലൂടെയാണ് നോക്കിക്കാണുന്നത്. നിലവിലുണ്ടായിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയായി ഇതിനെ കാണാൻ നമുക്ക് കഴിയില്ലേ? അടിച്ചമർത്തലിന്റെ ചരിത്രം അംഗീകരിക്കുകയും അതേസമയം അക്കാലത്തെ സ്ത്രീകളെ എങ്ങനെയാണ് കണ്ടിരുന്നതെന്നത് എന്ന് മനസിലാക്കാനുള്ള സൂക്ഷ്മത നേടുകയും ചെയ്യാവുന്നതാണ്. ലൈംഗിക സ്വാതന്ത്ര്യവും വരുമാനവും പൊതുസാന്നിധ്യവും ഉണ്ടായിരുന്നതുകൊണ്ട് ചില ആളുകൾ പറയുന്നത് ഈ സ്ത്രീകൾ ലിബറേറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നാണ്. പക്ഷെ ഇടതുപക്ഷക്കാർ ഈ വാദത്തെ എതിർക്കും. അവർ ലൈംഗിക അടിമകളായിരുന്നുവെന്നും അതിനെ മഹത്വവല്കരിക്കരുതെന്നും അവർ വാദിക്കും.

എനിക്ക് ആരെയും ആരാധനാപാത്രമാക്കാൻ കഴിയില്ല. ഒരുവശത്ത് ദൈവങ്ങളെ ആരാധിക്കുന്നു, മറുവശത്ത് പെരിയാറിനെയും അംബേദ്കറിനെയും ആരാധിക്കുന്നു. എല്ലാ ജാതി പരിസരങ്ങളിലും സർവ്വവ്യാപിയായുള്ളത് ഈ പുരുഷനോട്ടമാണ്. മേൽജാതി സ്ത്രീകൾ ലിംഗവിവേചനത്തെക്കുറിച്ച് നിരന്തരം സംസാരിക്കും, പക്ഷേ ജാതി പ്രശ്നങ്ങളെ അവർ ചോദ്യം ചെയ്യില്ല. അത് കുടുംബങ്ങളിലും അങ്ങനെ തന്നെയാണ്. എന്റെ 19-ാമത്തെ വയസിൽ ഞാൻ വിവാഹിതയായി. പക്ഷെ ഒരു മാസത്തിനുള്ളിൽ എനിക്കതിൽ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. എന്റെ കുടുംബത്തിന് അത് മാനക്കേടുണ്ടാക്കി. ഞാൻ എന്റെ സ്വന്തം കുടുംബത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു. ഞാനൊരു വഴക്കാളിയായ കുട്ടിയായിരുന്നു. ഞങ്ങളുടെ സമുദായത്തിലെ കുട്ടികൾ സെക്ഷ്വലൈസിങിന് വിധേയമാകുന്നത് സാധാരണമാണ്. പക്ഷെ, അവർ നേരിടേണ്ടി വന്ന ട്രോമയോടുള്ള പ്രതികരണങ്ങളാകണം അവ. അവരെയും പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ നെഞ്ച് പിളർന്ന് ഇതാണ് എന്റെ രാഷ്ട്രീയമെന്ന് വിളിച്ച് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മേൽജാതി മനുഷ്യർ അങ്ങനെ ചെയ്യില്ല.

നൃത്യ പിള്ളൈ

പാരമ്പര്യ നർത്തകർ എന്ന വാക്കാണ് താങ്കൾ പലപ്പോഴും ഉപയോഗിച്ചു വരുന്നത്. എന്തുകൊണ്ടാണത്?

സാമൂഹിക പരിഷ്കരണത്തിന് മുമ്പ് ‘ദേവദാസി’ എന്നൊരു വാക്ക് പ്രയോഗത്തിലുണ്ടായിരുന്നില്ല. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളുൾപ്പെടെയുള്ള പൊതുഇടങ്ങളിലും നൃത്തം ചെയ്തിരുന്ന ജാതി സമൂഹങ്ങൾക്ക് പ്രാദേശികമായി വ്യത്യസ്ത പേരുകളുണ്ടായിരുന്നു. പക്ഷെ സാമൂഹിക പരിഷ്കരണത്തിനായുള്ള ചർച്ചകൾക്കിടയിലെപ്പോഴോ, വിവാഹമെന്ന പുരുഷാധിപത്യ വ്യവസ്ഥയുമായി പൊരുത്തപ്പെടാതെ തുടർന്ന സ്ത്രീകളെയെല്ലാം ഒരുമിച്ച് ‘ദേവദാസി’ എന്ന umbrella termനുള്ളിൽ കൊണ്ടുവന്നു. നെഗറ്റീവ് പബ്ലിസിറ്റി നൽകിയിരുന്ന ഈ പദം സാമൂഹിക പരിഷ്കരണ കാലഘട്ടത്തിൽ കൂടുതൽ പ്രചാരം നേടി. മുത്തുലക്ഷ്മി റെഡ്ഡി, പെരിയാർ, ഗാന്ധി, മൂവലൂർ രാമാമൃതം തുടങ്ങിയവർ അവരുടെ പ്രഭാഷണങ്ങളിൽ ഈ പദം ഉപയോഗിച്ചു. എന്റെ പ്രസംഗങ്ങളിൽ ആ വാക്കും അതിനോട് അനുബന്ധപ്പെട്ട നറേറ്റീവുകളും ഒഴിവാക്കാറുണ്ട്. പണ്ട് കാലത്തെ എല്ലാ courtesan ഗ്രൂപ്പുകളും തേവിടിയാ, തേവിടിച്ചി തുടങ്ങിയ അശ്ലീല പദങ്ങളായി പരിണമിച്ചുവെന്നത് നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ്.

ഇന്ന് ഈ വാക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ്. യെല്ലമ്മ, മാതാമ്മ, ജോഗിനി തുടങ്ങിയ ദലിത് ജാതി പരിസരങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളുടെയും എന്റേത് പോലുള്ള കൊട്ടാര നർത്തക സമൂഹങ്ങളിൽ നിന്ന് വരുന്നവരുടെയും ജീവിത യഥാർത്ഥ്യങ്ങളെ ആളുകൾ കൂട്ടിക്കുഴക്കുന്നുണ്ട്. ഞങ്ങൾ വ്യത്യസ്തരാണ് നമ്മുടെ ചരിത്രങ്ങൾ വ്യത്യസ്തമാണ്, സാമൂഹിക പരിഷ്കരണം നമ്മിൽ ചെലുത്തിയ സ്വാധീനം വ്യത്യസ്തമാണ്, നമ്മുടെ വർത്തമാന യാഥാർത്ഥ്യങ്ങളും വ്യത്യസ്തമാണ്. വലതുപക്ഷത്തെ നമുക്ക് തിരുത്താൻ കഴിയില്ല. അവർക്ക് അവരുടേതായ അജണ്ടകളുണ്ട്. അവരുടെ ബാഡ് ബുക്കിൽ തുടരാൻ ഞാൻ സന്തുഷ്ടയാണ്. പക്ഷെ പുരോഗമനവാദികൾക്ക് ഈ ചരിത്രത്തെ കുറിച്ച് കൂടുതൽ സൂക്ഷ്മമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. ഇത്തരത്തിലുള്ള ജാതി പരിസരത്തിൽ നിന്നും വരുന്ന ഒരാളെന്ന നിലയിൽ ഇന്ത്യയുടെ പുരോഗമന രാഷ്ട്രീയം എന്നെ നിരാശപ്പെടുത്തുന്നതാണ്. അവരുടെ അന്തസിൻറെ രാഷ്ട്രീയം (politics of dignity) എന്നെ അന്തസോടെ തുടരാൻ അനുവദിക്കുന്നില്ല. എന്നെയോ എന്റെ ജാതി പരിസരത്തെയോ സൂചിപ്പിക്കാൻ അവർ ആ പദം വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. ഈ സങ്കീർണമായ പ്രശ്നത്തിന് എങ്ങനെയാണ് വിവാഹം പരിഹാരമാകുന്നത്.

ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന അന്തസിന്റെ രാഷ്ട്രീയം എന്നെപ്പോലുള്ള courtesan ജാതികളിൽ നിന്നുള്ള പല സ്ത്രീകൾക്കും അംഗീകരിക്കാനാവുന്നതല്ല. പക്ഷെ കുറച്ച് പേർക്ക് അത് അംഗീകരിക്കാനായി. അവർ നൃത്തവും സംഗീതവും അവരുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി. അവരുടെ പ്രാവീണ്യരായ പൂർവ്വികരെയും, കുടുംബങ്ങളിലെ കലയുടെ ചരിത്രത്തെയും കുറിച്ച് സംസാരിക്കുന്നത് അവർ നിർത്തലാക്കി. മറ്റ് ഗ്രൂപ്പുകാർ ബഹുമാന്യത ലഭിക്കുമെന്ന് കരുതി ഹിന്ദു ആഖ്യാനങ്ങളിലേക്ക് പോയി. പാർശ്വവത്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങളിൽ നിന്നും അവരുടെ കലാപങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നുമാണ് ഞാൻ എന്റെ ശക്തി കണ്ടെത്തുന്നത്. പക്ഷെ എന്റെത് കുറെ വ്യക്തികൾ കൂടിച്ചേർന്ന പോരാട്ടമല്ല. അങ്ങനെ ആകാനും സാധിക്കില്ല. നിങ്ങളുടെ അതേ അഭിപ്രായങ്ങളുള്ള ബാക്കിയുള്ളവർ എവിടെയെന്ന് പലരും ചോദിക്കാറുണ്ട്. അടുത്തിടെ അച്ചടിച്ചു വന്ന ഒരു നൃത്ത നിരൂപണത്തിൽ, പ്രശസ്ത നൃത്ത നിരൂപക ലീല വെങ്കിട്ടരാമൻ എഴുതിയത് ഇങ്ങനെയാണ്, “ഭരതനാട്യത്തിൽ ജാതി പ്രശ്നങ്ങളുണ്ടെന്ന് അവരുടെ മുത്തച്ഛൻ പറഞ്ഞിട്ടില്ല. അപ്പോൾ പിന്നെ എന്തിന് വേണ്ടിയാണ് അവർ പോരാടുന്നത്?” ‘ശാസ്ത്രീയ’ കലാരൂപങ്ങൾ ബ്രാഹ്മണജാതിക്കാർ കൈയ്യടക്കി വെച്ചിരിക്കുന്ന ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘാടകരും, അവതാരകരും, വിമർശകരുമൊക്കെ ബ്രാഹ്മണ ജാതിയിൽപ്പെട്ടവരാണ്. നമുക്കവിടെ നിലനിന്ന് പോകണമെങ്കിൽ അവർക്ക് കീഴ്പ്പെടണം. നമ്മൾ ചോദ്യം ചോദിച്ചാൽ അങ്ങോട്ടേക്കുള്ള കതകുകൾ അവർ അടയ്ക്കും. എനിക്ക് അവിടെ സ്ഥാനമില്ലയെന്ന് എനിക്ക് നന്നായറിയാം. എനിക്ക് വേണ്ട ഇടങ്ങൾ ഞാൻ തന്നെ കണ്ടെത്തുമെന്ന് തീരുമാനിച്ച് ഉറപ്പിച്ചതിന് ശേഷമാണ് ഞാൻ സംസാരിക്കാൻ തുടങ്ങിയത്. അതുകൊണ്ട് എനിക്കവരെ ചോദ്യം ചെയ്യാൻ സാധിക്കുന്നു. ശാസ്ത്രീയ നൃത്തം, ഭരതനാട്യം, നാട്യവേദം, നാട്യശാസ്ത്രം തുടങ്ങിയ അവരുടെ എല്ലാ സങ്കൽപ്പങ്ങളെയും എന്റെ അസ്തിത്വം ചോദ്യം ചെയ്യുന്നു. ഞാൻ തുടർച്ചയായി, സാവധാനത്തിലും ജാഗ്രതയോടെയും ധാരണകളുണ്ടാക്കുകയും എന്റെ സ്വന്തം രാഷ്ട്രീയം പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

നൃത്യ പിള്ളൈ വേദിയിൽ. കടപ്പാട്: തുടിപ്പ്

എന്റെ ഔദ്യോഗികനാമം നൃത്യ പാണ്ഡ്യൻ എന്നാണ്. പിള്ളൈ എന്നത് യഥാർത്ഥത്തിൽ ജാതി പേരല്ല. ഞാനുൾപ്പെടുന്ന ജാതി സമൂഹങ്ങളിലെ പുരുഷാധിപത്യമാണ് ജാതി പ്രതിഛായ മാറ്റാൻ നേതൃത്വം നൽകിയത്. സാമൂഹിക പരിഷ്കരണകാലത്തെ സമുദായത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ജാതിസമവാക്യം ഇതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്. പാരമ്പര്യ നൃത്ത ജാതികൾ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്ന ജാതിയാണ്- matri focal സമുദായങ്ങളെന്ന് അവരെ വിളിക്കാം. ഒരു ട്രൂപ്പിന്റെ പേര് ആ ട്രൂപ്പിലെ സ്ത്രീയുടേതായിരിക്കും. പുരുഷന്മാരെ സഹായികളായി മാത്രമാണ് കണ്ടിരുന്നത്. അതുകൊണ്ട് പുരുഷന്മാർക്ക് മറ്റ് സമുദായങ്ങളെപ്പോലെ പുരുഷാധിപത്യം വരണമെന്നത് അവരുടെ താൽപര്യമായിരുന്നിരിക്കാം. സമുദായത്തിലെ പുരുഷന്മാർ പുരുഷകേന്ദ്രീകൃത കുടുംബങ്ങളെ പിൻപറ്റാൻ തീരുമാനിച്ചു. സാമൂഹിക പരിഷ്കരണത്തിന് ശേഷം, അവർ സ്വയം ഉണ്ടാക്കിയ ജാതിപ്പേരാണ് ഇസൈ വെള്ളാളർ എന്നത്. ബഹുമാന്യത സമൂഹത്തിൽ നിന്ന് നേടാനായി പിള്ളൈ എന്ന സർനെയിം അവർ ഉപയോഗിക്കാൻ തുടങ്ങി. ഭരതനാട്യത്തിന്റെ ബ്രാഹ്മണലോകത്ത് നൃത്തം ചെയ്യാൻ ഞാൻ തീരുമാനിച്ചപ്പോൾ, ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമാക്കാൻ ഒരു pronounce വേണമെന്ന് ഞാനും കരുതി. ഞാൻ ഒരു നാട്ടുവനാർ കുടുംബത്തിൽ നിന്നാണ് വരുന്നത്. അങ്ങനെ എന്റെ സ്റ്റേജ് നാമം നൃത്യ പിള്ളൈ എന്നാക്കാൻ തീരുമാനിച്ചു. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. ഞാനിപ്പോഴും എൻറെ സ്വത്വത്തെക്കുറിച്ച് ധാരണകളുണ്ടാക്കിയെടുക്കുകയാണ്. ഇൻറർസെക്ഷ്വണാലിറ്റിയെ മനസിൽ കരുതിക്കൊണ്ട് ഇതെക്കുറിച്ചെല്ലാം സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാരമ്പര്യ നൃത്ത സമൂഹമെന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നത്. വിദഗ്ധരായ കലാകാരന്മാരുടെ ഒരു നീണ്ട പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ഒരു കലാകാരിയായി ഞാൻ എന്നെ തിരിച്ചറിയുന്നു. ഭരതനാട്യത്തിന്റെ ചരിത്രങ്ങളിൽ നിന്ന് മായ്ച്ചു കളഞ്ഞ എന്റെ ചില പൂർവികരുടെ (fore-mothers) നൈപുണികതയെ ആഘോഷമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പൂർവികരുടെ സ്കില്ലിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ ജാതിയിൽ എനിക്ക് അഭിമാനമില്ല. അതിൽ അഭിമാനിക്കാനായി എന്താണുള്ളത്? അതിൽ അപകീർത്തി മാത്രമാണുള്ളത്. ദേവദാസി ഒരു ശാക്തീകരണ വാക്കല്ല. അതൊരു തെറിയാണ്. ഒരു umbrella term ലഭിക്കുകയും ഒരു ഗ്രൂപ്പ് മൂവ്മെന്റായി മാറ്റാനും എനിക്ക് സാധിക്കുമോ? ഇവിടെ ഞാൻ മാത്രമാണ് സംസാരിക്കുന്നത്. സമുദായത്തിൽ നിന്ന് മറ്റാരെയും രാഷ്ട്രീയബോധമുള്ളവരായി ഞാൻ കാണാനിടയായിട്ടില്ല. ഞാൻ തനിച്ചാണ്. അതുകൊണ്ട് തന്നെ എന്റെ ചുമലിൽ ഒരുപാട് ചുമതലകളുണ്ട്. വിമർശനങ്ങൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ തന്നെ എന്നെ ഒരുപാട് വിമർശിക്കാറുണ്ട്. ചിലസമയങ്ങളിൽ ഞാൻ തന്നെ ചെയ്യുന്ന കാര്യങ്ങൾ പ്രശ്നകരമായി തോന്നാറുണ്ട്. അപ്പോൾ ഞാൻ അതിനെ മാറ്റും. നിരന്തരമായ ആലോചനകളാണ്. ചില സമയങ്ങളിൽ ആളുകൾക്ക് മനസിലാകാൻ വേണ്ടി ദേവദാസി എന്ന വാക്ക് ഉപയോഗിക്കേണ്ടി വരും. ആ വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ഇടത്ത് ആ വാക്ക് ഞാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയേണ്ടി വരും. അതിന് വേണ്ടി ആ വാക്ക് ഉപയോഗിക്കും. അതൊരു തരം ചർച്ചയ്ക്കുള്ള ഇടം ഒരുക്കലാണ്. അതിന്റെ അധിക ചുമതലയോടെയാണ് ഞാൻ ഭരതനാട്യം അവതരിപ്പിക്കുന്നത്. അതില്ലാതെ നൃത്തം ചെയ്യാൻ എനിക്ക് ആകില്ല.

ഇന്റർജനറേഷണൽ ട്രോമയുമായാണ് ഞാൻ വരുന്നത് തന്നെ. എനിക്ക് അതിനെ നിഷേധിക്കാനാകില്ല. എന്റെ കലയിലൂടെ എത്രത്തോളം എന്നെത്തന്നെ ശാക്തീകിരിപ്പിക്കാൻ കഴിയുമെന്ന പരിശ്രമത്തിലാണ് ഞാൻ. ഫ്രഞ്ചിലൊരു വാക്കുണ്ട്. ‘jouissance’ – ശാരീരിക ചലനത്തിന്റെ ആനന്ദം എന്നാണ് ആ വാക്കിന്റെ അർത്ഥം. എന്നാൽ അത് ചില ആളുകൾക്ക്, ചില ശരീരങ്ങൾക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അതിൽ എക്സ്ക്ലൂഷനുമുണ്ട്. നൃത്തം ചെയ്യുമ്പോൾ ഞാൻ ആ ആനന്ദമാണ് ആഗ്രഹിക്കുന്നത്. ഈ ശരീരം കൊണ്ട് ഞാൻ നൃത്തം ചെയ്യുന്നു. എന്റെ ശരീരപ്രകൃതിയുള്ള മറ്റുള്ളവരെ അത് ഏതെങ്കിലും തരത്തിൽ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ത നിറത്തിലും ശരീരപ്രകൃതിയിലുമുള്ള വിദ്യാർത്ഥികൾ എനിക്കുണ്ട്. ഞാൻ നൃത്തം പഠിപ്പിച്ച, പ്രത്യേകിച്ചും കൊച്ചുകുട്ടികൾ, വളർന്നപ്പോൾ ആത്മവിശ്വാസമുള്ളവരായി മാറിയെന്ന് എനിക്ക് തോന്നാറുണ്ട്. എന്റെ കൂടെയുള്ളത് അവരെ ലിബറേറ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ടെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട പ്രക്രിയയാണ്. എനിക്ക് പലതും പൊട്ടിച്ചെറിയേണ്ടി വന്നിട്ടുണ്ട്. എനിക്ക് ധരിക്കാൻ ആഗ്രഹമുള്ളതെന്താണോ അത് ധരിക്കണമെന്ന വളരെ ചെറിയ കാര്യത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. വളരെക്കാലം അതൊക്കെ എനിക്ക് നിഷേധിക്കപ്പെട്ടിരുന്നു. തുടർച്ചയായി ബോഡിഷെയിമിങ് ഉണ്ടായിരുന്നു. സ്ലട്ട് ഷെയിമിങ് ഇത്തരം കുടുംബപശ്ചാത്തലത്തിന്റെ തന്നെ ഭാഗമാണ്. അത് ഏറെക്കുറെ ഇന്റേണലൈസ് ചെയ്തിട്ടുള്ളതാണ്. അവർക്കതിൽ ഒന്നും ചെയ്യാനും കഴിയില്ല. എനിക്ക് സുന്ദരിയായി അനുഭവിക്കണമായിരുന്നു. Kinesthetic pleasure അനുഭവിക്കണമായിരുന്നു. ഇവയെല്ലാം സവർണർക്ക് വേണ്ടി മാത്രം അനുവദിക്കപ്പെട്ടിട്ടുള്ളവയാണ്. എനിക്കത് എന്റെ രീതിയിൽ അനുഭവിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിന് ഒരുപാട് സമയമെടുത്തു. നമ്മളെത്തന്നെ ലിബറേറ്റ് ചെയ്യാനായി ഈ പ്രക്രിയയിലൂടെ എല്ലാരും കടന്നുപോകാൻ ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ശാസ്ത്രീയ നൃത്തലോകത്ത്, എൻറെ സാന്നിധ്യം എല്ലാവർക്കുമറിയാവുന്നതാണ്. ആളുകൾക്ക് ചരിത്രത്തെക്കുറിച്ചുമറിയാം. ഇപ്പോൾ ആളുകൾ പ്രശ്നകരമായി എന്തെങ്കിലും പറയുന്നതിന് മുമ്പ് രണ്ടുതവണയെങ്കിലും ചിന്തിക്കാറുണ്ട്. ഞാനവരെ വെല്ലുവിളിക്കുമെന്ന് അവർക്ക് അറിയാം. എന്നാൽ അധികാരഘടനകൾ അവിടെയുമുണ്ട്. ഞാൻ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കാൻ അവർക്ക് സാധിക്കും. ഞങ്ങളെ ചരിത്രപരമായി തന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവരാണ്. പക്ഷെ, എനിക്കിങ്ങനെ മാത്രമേ ഭരതനാട്യത്തിൽ നിലനിൽക്കാനും ഇടപെടാനും കഴിയൂ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 30, 2023 1:09 pm