“പലസ്തീനിൽ നടക്കുന്നത് ഒരു വംശഹത്യയാണെന്ന് പറയാനാവില്ല. അവിടെ കൊല്ലപ്പെട്ട 25,000 പേരിൽ 8,000 പേരും ജിഹാദികളാണ്. സാധാരണക്കാരായ മനുഷ്യരെ അവർ മനുഷ്യകവചമായി ഉപയോഗപ്പെടുത്തുകയാണ്.”
പട്ടാമ്പി കോളേജിൽ വച്ച് നടന്ന ‘കവിതയുടെ കാർണിവൽ’ ഏഴാം പതിപ്പിൽ കെ സച്ചിദാനന്ദനും ശ്യാം സുധാകറിനും കൂടെയുള്ള കവിതാ അവതരണത്തിന് ശേഷം ഇസ്രായേൽ വംശഹത്യയെ പരസ്യമായി പിന്തുണച്ചുകൊണ്ട് ആമിർ ഓർ ഇങ്ങനെ പ്രതികരിച്ചു.
വർഷങ്ങൾക്ക് മുമ്പ് ടി.പി രാജീവന്റെ ‘പുറപ്പെട്ടുപോകുന്ന വാക്കി’ലൂടെയാണ് ഈ ഇസ്രായേലി കവിയെ ആദ്യമായി കണ്ടുമുട്ടുന്നത്. എവിടെയും എപ്പോഴും ഇസ്രായേലി ഭരണകൂടം (ദൈവത്തെ പോലെ) ചാരന്മാരിലൂടെ പിന്തുടരുന്ന കവി. ആമിർ ഓറിനെ ഇന്റർനെറ്റിൽ തിരഞ്ഞാണ് യഹൂദ അമിച്ചായ്ക്കു ശേഷമുള്ള ഇസ്രായേലി കവിതയിലേക്കും ഹീബ്രു ഭാഷയിലേക്കും വീണ്ടും ചെന്നു നോക്കുന്നത്.
ഭരണകൂടത്തിന്റെ ഒളിനോട്ടത്തിൽ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന, കവിതയിലൂടെ സമാധാനം കണ്ടെത്താൻ ശ്രമിക്കുന്ന, ഹോളോക്കോസ്റ്റിനെ അതിജീവിച്ച കുടുംബ പാരമ്പര്യമുള്ള ഒരു ഇസ്രായേലി കവിയായി ടി.പി രാജീവൻ ആമിർ ഓറിനെ അടയാളപ്പെടുത്തുന്നു. ഹീബ്രുവിൽ പത്തിലേറെ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും, നോവലുകൾ എഴുതുകയും ഹീബ്രു – അറബി കവിതയുടെ പ്രചാരണത്തിനായി ‘ഹെലിക്കൺ’ പോയട്രി സൊസൈറ്റി സ്ഥാപിക്കുകയും സമാധാനാത്തിനായുള്ള കവികളുടെ കൂട്ടായ്മയായ ‘പോയറ്റ്സ് ഫോർ പീസ്’ എന്ന സംഘടനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ആമിർ ഓറിന്റെ കവിത നാൽപ്പതിലേറെ ഭാഷകളിൽ വായിക്കാം. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മഹാഭാരതവും ഭഗവദ്ഗീതയും ഹീബ്രുവിലേക്ക് മൊഴിമാറ്റുന്ന ആമിർ ഓറിനെ ആദരവോടെയാണ് തന്റെ യാത്രാവിവരണത്തിൽ രാജീവൻ മലയാളത്തിന് പരിചയപ്പെടുത്തിയത്. അന്താരാഷ്ട്ര കാവ്യോത്സവങ്ങളിലൂടെ വളർന്ന ആ സൗഹൃദം ഇസ്രായേലിലേക്കും കേരളത്തിലേക്കും പറന്ന കാവ്യായനങ്ങളിലൂടെ പടർന്നു.
ഇസ്രായേലുകാർ തന്നെ പുറത്തുള്ളവർക്ക് വേണ്ടി വാദിക്കുന്നവനായും ലോകം തന്നെ ഇസ്രായേലിന് വേണ്ടി വാദിക്കുന്നവനായും വായിക്കുന്നുവെന്നും, കവികൾ രാജ്യങ്ങളുടെ അതിർത്തികൾക്കെല്ലാം അതീതരാണെന്നും ആമിർ ഓർ രാജീവനോടും സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര കാവ്യോത്സവങ്ങളിലും അഭിമുഖങ്ങളിലും ആമിർ ഓർ തന്റെ മാനവിക സങ്കൽപ്പങ്ങളും സമാധാന സന്ദേശവും വർഷങ്ങളായി പങ്കുവയ്ക്കുന്നു. എന്നാൽ പലസ്തീന് മേലുള്ള ഇസ്രായേൽ അധിനിവേശത്തെ കുറിച്ച് പറയുമ്പോഴുള്ള ആമീർ ഓറിന്റെ നിഷ്പക്ഷ മാനവികതാ വാദം അന്ന് രാജീവന്റെ യാത്രാവിവരണം വായിക്കുമ്പോൾ തന്നെ സംശയകരമായി തോന്നിയിരുന്നു. ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ വ്യത്യസ്തമായ നിലപാടുള്ള കവി എന്നാണ് ആമിർ ഓറിനെ അന്നുമിന്നും രാജീവനെ പോലെ പലരും സാമാന്യവത്കരിക്കുന്നത്.
ഇന്ന് ഗാസയെന്ന തുറന്ന ജയിലിൽ കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കിയും, ആശുപത്രികൾ അക്രമിച്ച് തകർത്തും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടഞ്ഞും, പട്ടിണിക്കിട്ട് കൊന്നും, വെടിവെച്ചും വിഷബോംബുകളിട്ടും പലസ്തീനിൽ ഇസ്രായേൽ കൊടിയ വംശഹത്യ നടത്തുമ്പോഴും പലസ്തീൻ വിമോചനത്തിനായി എന്നും നിലകൊണ്ടിരുന്ന ഇന്ത്യയിലും എന്തിനേറെ മറ്റേത് ഭാഷയേക്കാളും പലസ്തീൻ കവിതകൾ വിവർത്തനം ചെയ്യപ്പെട്ട കേരളത്തിലടക്കം നിഷ്പക്ഷ മാനവികതാ വാദവും ഇസ്രായേൽ പക്ഷപാതിത്വവും ശക്തമായിരിക്കുന്നു. ഇന്ത്യൻ ഭരണകൂടം ഇസ്രായേൽ വംശഹത്യയെ പിന്തുണക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നിഷ്പക്ഷ മാനവികതയുടെ സമാധാന സന്ദേശ പ്രചാരകനായി ആമിർ ഓർ ഇന്ത്യയിലെയും കേരളത്തിലെയും വിവിധ സാഹിത്യോത്സവങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നതും ഹീബ്രു കവിതയും ഇസ്രായേൽ ഭരണകൂട പ്രൊപ്പഗണ്ടയും പ്രചരിപ്പിക്കുന്നതും.
ടി.പി രാജീവന്റെ മരണമാണ് ആമിർ ഓറിനെ കേരളത്തിന് സുപരിചിതനാക്കിയത്. രാജീവന്റെ മരണാനന്തര ചടങ്ങുകൾക്കായി ഇസ്രായേലിൽ നിന്നും കേരളത്തിൽ എത്തിയ ആമിർ ഓറിനെ മലയാളത്തിലെ മുൻനിര മാധ്യമങ്ങളും പിന്തുടർന്നു. നരയംകുളത്തെ ഗ്രാമവഴികളിലൂടെ ആമിർ ഓർ നടന്നു. വെള്ളിയൂരിലെ ക്ഷേത്രോത്സവത്തിൽ പോയി തിറ കണ്ടു. ലോക സാഹിത്യകാരർക്കായി രാജീവൻ തുറന്നിട്ട എഴുത്തുപുരയിൽ ഇരുന്ന് രാജീവന്റെ സ്വപ്നം സഫലാമാക്കുന്നതിനായി നോവൽ എഴുതി തുടങ്ങി. പിന്നീട് കേരളത്തിലെ പല സാഹിത്യ വേദികളിലും, സാഹിത്യോത്സവങ്ങളിലും ആമിർ ഓറിനെ മുഖ്യാതിഥിയായി കണ്ടുതുടങ്ങി.
മഹ്മൂദ് ദർവീശ് മുതൽ നജ്വാൻ ദർവീശ് വരെയുള്ള പലസ്തീൻ പക്ഷ കവികളെ വായിച്ചും പരിഭാഷപ്പെടുത്തിയും പ്രചരിപ്പിച്ചും പലസ്തീനെ കേട്ടിരുന്ന, നിഷ്പക്ഷ നീതി വെട്ടിമുറിച്ചുകൊണ്ടിരുന്ന പലസ്തീനെ ചേർത്തുപിടിച്ചിരുന്ന കേരളം, സമാധാന സന്ദേശകനായ ഇസ്രായേൽ കവിയെയും കൗതുകത്തോടെ സ്വീകരിച്ചു. മഹ്മൂദ് ദർവീശിന്റെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ സച്ചിദാനന്ദൻ തന്നെ ആമിർ ഓറിന്റെ കവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റി. കാവ്യോത്സവങ്ങളിൽ അവതരിപ്പിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ആദ്യപതിപ്പിൽ പലസ്തീൻ പക്ഷ കവിയായ നജ്വാൻ ദർവീശിനൊപ്പം പലസ്തീൻ ഐക്യദാർഢ്യം നടത്തിയ സച്ചിദാനന്ദൻ അതേ സാഹിത്യോത്സവത്തിൽ ആമിർ ഓറിനും വേദിയൊരുക്കിയിരുന്നു. പ്രതിരോധ കവിയായി അറിയപ്പെടുമ്പോഴും പ്രതിരോധ കവിതാ വേദികളിൽ പങ്കെടുക്കുമ്പോഴും ഏതെങ്കിലും ഭരണകൂടത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചാരണത്തിനായുള്ള കവിതാരചനയെ വ്യഭിചാരത്തോട് തുലനപ്പെടുത്തുന്ന ആമിർ ഓർ എന്നും കവിതയുടെയും വിശുദ്ധി കാത്തുപോന്നു. ഇസ്രായേൽ വംശഹത്യയിൽ പലസ്തീൻ കത്തിയെരിയുമ്പോഴും നിർമ്മമനായ ആമിർ ഓർ നിഷ്പക്ഷ മാനവികതാ സമാധാന സന്ദേശ പ്രചാരണം തുടർന്നു. ബാംഗ്ലൂർ സാഹിത്യോത്സവത്തിലും, കൊൽക്കത്തയിലെ ചെയർ പോയറ്റ് ഇൻ റെസിഡൻസ് പ്രോഗ്രാമിലും, കേരള സാർവ്വദേശീയ സാഹിത്യോത്സത്തിലും, കിത്താബ് ഫെസ്റ്റിലും എല്ലാം ആമിർ ഓർ അതിഥിയായി.
കവിതയുടെ കാർണിവൽ ഏഴാം പതിപ്പിൽ സച്ചിദാനന്ദൻ ഉദ്ഘാടകനായും ആമിർ ഓർ വിശിഷ്ടാതിഥിയായും എത്തി. തുടർന്ന് നടന്ന കവിതാ വായനയിൽ ആമിർ ഓറിനൊപ്പം സച്ചിദാനന്ദനും ശ്യാം സുധാകറും പരിഭാഷകൾ വായിച്ചു. എന്നാൽ കവിതാ വായനയ്ക്കിടയിലെ വർത്തമാനങ്ങളിൽ ഇസ്രായേൽ വംശഹത്യയോ പലസ്തീൻ ഉന്മൂലനമോ സംസാരവിഷയമായില്ല. എങ്കിലും ഹോളോക്കോസ്റ്റിനെ അപലപിച്ചും രണ്ടായിരം വർഷങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേറ്റ ഹീബ്രു ഭാഷയെ കുറിച്ച് വാചാലനായും തന്റെ വിശുദ്ധ മാനവികത ഉയർത്തിപ്പിടിച്ച് സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി ഒരിക്കൽ കൂടി ആമിർ ഓർ സംസാരിച്ചു. സദസ്യർക്ക് സംവദിക്കാനായി അവസരം നൽകിയപ്പോൾ, സച്ചിദാനന്ദനും ശ്യാം സുധാകറും പരാമർശിക്കാതിരുന്ന ഇസ്രായേൽ വംശഹത്യയെ കുറിച്ച് ആമിർ ഓറിനോട് ചോദിക്കപ്പെട്ടു. (അപ്പോൾ അതേ വേദിയിൽ ഉടനെ ആരംഭിക്കാനിരുന്ന വടക്ക്-കിഴക്കൻ കവികളോടൊപ്പമുള്ള സെഷനിൽ പങ്കെടുക്കാനായി വേദിയ്ക്കരികിൽ നിൽക്കുകയായിരുന്നു ഞാൻ.) പലസ്തീനുമേലുള്ള ഇസ്രായേൽ പ്രതിരോധത്തെ വംശഹത്യ എന്ന് വിളിച്ചതിലുള്ള ക്ഷോഭത്തോടെ ആമിർ ഓർ പ്രതിവചിച്ചു:
“പലസ്തീനിൽ നടക്കുന്നത് ഒരു വംശഹത്യയാണെന്ന് പറയാനാവില്ല. അവിടെ കൊല്ലപ്പെട്ട 25,000 പേരിൽ 8,000 പേരും ജിഹാദികളാണ്. സാധാരണക്കാരായ മനുഷ്യരെ അവർ മനുഷ്യ കവചമായി ഉപയോഗപ്പെടുത്തുകയാണ്.”
ആമിർ ഓർ മറുപടി പറഞ്ഞ് മൈക്ക് തിരിച്ചുവെച്ചിട്ടും സദസ്സിലുള്ളവരെല്ലാം സ്തബ്ധരായി തന്നെ തുടർന്നു. പിന്നെ പരസ്പരം നോക്കി. അതുവരെ മാനവികവാദിയും സമാധാന സന്ദേശകനുമായിരുന്ന കവിയുടെ വംശഹത്യാ നീതീകരണം കേട്ട ഞെട്ടലിൽ സദസ്സ് പിറുപിറുത്തു തുടങ്ങി. തുടർ ചോദ്യങ്ങൾ തടയുന്നതിനായി ശ്യാം സുധാകർ ഈ സെഷൻ അവസാനിച്ചതായി അറിയിച്ച് എഴുന്നേൽക്കാൻ ഭാവിച്ചു.
സാർവ്വദേശീയ സാഹിത്യോത്സവത്തിൽ വെച്ച് പലസ്തീൻ കവിയായ നജ്വാൻ ദർവിശിനൊപ്പം പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണെന്ന് ആവർത്തിച്ച് പറഞ്ഞ സച്ചിദാനന്ദൻ നാവറുക്കപ്പെട്ട മരമായി കുത്തിയിരുന്നു. എന്നാൽ വംശഹത്യയെ പിന്തുണക്കുന്ന ലോക കവികൾക്ക് മുന്നിൽ സദസ്സിലെ മുറുമുറുപ്പുകളൊന്നും പ്രതിഷേധ സ്വരങ്ങളായി ഉയർന്നില്ല. ഹമാസ് പോരാളികളുടെ ഒളിത്താവളമെന്ന് ആരോപിച്ച് പലസ്തീനിലെ ആശുപത്രികൾ പോലും ആക്രമിച്ച ഇസ്രായേൽ ക്രൂരതകളുടെ ഓർമ്മ എന്നെ ആമിർ ഓറിന് മുന്നിലേക്ക് തള്ളിവിട്ടു.
“അങ്ങനെയങ്ങ് പോകാതെ. ഇരിക്ക്. ജിഹാദി വേട്ട എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ? കുഞ്ഞുങ്ങളെ കൊല്ലുന്ന, ആശുപത്രികൾ ആക്രമിക്കുന്ന, വിഷവാതകങ്ങൾ പ്രയോഗിക്കുന്ന ഇസ്രായേൽ ‘പ്രതിരോധത്തെ’ വംശഹത്യ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് ?” ചോദിക്കുക തന്നെ ചെയ്തു.
ക്ഷോഭം അടക്കാനാവാതെ വേദിക്ക് മുന്നിൽ നിൽക്കുമ്പോൾ സമാധാന പ്രചാരണ സന്ദേശങ്ങളുടെ മറവിൽ അധിനിവേശത്തെയും ഇപ്പോൾ വംശഹത്യയെയും നീതീകരിച്ച് ഇസ്രായേലിനെ പിന്തുണക്കുന്ന ആമിർ ഓർ എന്ന ഇസ്രായേലി കവിയുടെ യഥാർത്ഥ മുഖം തെളിഞ്ഞു കണ്ടു. തികഞ്ഞ ഒരു ഇസ്രായേലി പക്ഷപാതിയായി ആമിർ ഓർ ഉടൻ പ്രതികരിച്ചു.
“പത്രത്തിൽ വരുന്ന വാർത്തകൾ വായിച്ച് നിങ്ങൾ എന്നോട് പ്രതികരിക്കരുത്.”
“നിങ്ങളുടെ ഇസ്രായേലി പ്രൊപ്പഗണ്ട കേട്ടിട്ടുവേണ്ട, പലസ്തീനിൽ എന്ത് നടക്കുന്നു എന്ന് ഞങ്ങൾക്കറിയാൻ. പത്രം വായിക്കുന്ന ശീലവും സത്യം തിരിച്ചറിയാനുള്ള ശേഷിയും എന്തായാലും ഞങ്ങൾക്കുണ്ട്” എന്ന് തിരിച്ചടിച്ചു.
“കേൾക്കുന്നില്ല… നിങ്ങളെ കേൾക്കാനാവുന്നില്ല” എന്നു പറഞ്ഞ് ശ്യാം സുധാകർ എഴുന്നേൽക്കുകയും ആമിർ ഓറിന് വഴി കാണിക്കാൻ പതുങ്ങുകയും ചെയ്തു. ആമിർ ഓർ ഇസ്രായേൽ വംശഹത്യയെ പിന്തുണച്ചതിൽ അത്രയേറെ ആശ്ചര്യപ്പെടാനൊന്നും ഇല്ലായിരുന്നു. വർഗത്തിനും സ്വത്വത്തിനും എല്ലാം അതീതമായി അധിനിവേശത്തിനും കീഴടക്കലിനും എല്ലാം അതീതമായി മനുഷ്യനിലേക്ക് ഉയരാൻ ഉദ്ഘോഷിക്കുന്ന ആമിർ ഓറിന്റെ വിശുദ്ധ നിഷ്പക്ഷ മാനവികത ഇസ്രായേൽ അധിനിവേശത്തെ മറച്ചുപിടിക്കുകയല്ലെ എന്ന വർഷങ്ങളായുള്ള സംശയം വംശഹത്യാ നീതീകരണം വഴി വെളിപ്പെട്ടതിന്റെ ഞെട്ടൽ എന്നാൽ എന്നെ അപ്പോഴും ഉലച്ചുകൊണ്ടിരുന്നു.
മർദ്ദകമായ അധികാര വ്യവസ്ഥക്കെതിരെ കവിതയിലൂടെ ശബ്ദിക്കുവാനും, അധികാരത്തോട് ചേർന്നുനിന്നുകൊണ്ട് സാംസ്കാരിക പ്രവർത്തനം നടത്തുവാനുമുള്ള അവസരവാദ വൈദഗ്ധ്യത്തോടെ സച്ചിദാനന്ദൻ അപ്പോഴും മൗനം തുടർന്നു. കവിതയും, പരിഭാഷയും പോലെ മൗനവും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് അറിയാത്ത ആളല്ല മലയാളത്തിന്റെ ലോക കവി. എന്നാൽ എല്ലായ്പ്പോഴും അഭിപ്രായങ്ങൾ പറയാതിരിക്കാനും, വേണ്ടിടത്ത് വേണ്ട പോലെ പറയാനും സാഹിത്യ അക്കാദമി അധ്യക്ഷൻ പരിശീലിച്ചിരിക്കുന്നു. വംശഹത്യയെ പിന്തുണക്കുന്ന ഇസ്രായേൽ കവിയ്ക്ക് മുന്നിൽ മൗനിയാവുന്ന സച്ചിദാനന്ദനെ ഇനിയും രാഷ്ട്രീയ കവി എന്ന് വിളിക്കാൻ മലയാളത്തിനാവുമോ ?
‘കേൾക്കാനാവുന്നില്ല, നിങ്ങളെ കേൾക്കാനാവുന്നില്ല’ എന്ന നാട്യത്തോടെ പ്രതിഷേധം വകവയ്ക്കാതെ വേദി വിട്ടിറങ്ങിയ ശ്യാം സുധാകറിനും സച്ചിദാനന്ദനും ആമിർ ഓറിനും പലസ്തീനിൽ കൊല്ലപ്പെട്ട കുഞ്ഞു മക്കളുടെ മയ്യത്തുകളെ മാറോടണക്കി പിടിച്ച് കരയുന്ന ഉമ്മമാരുടെ വിലാപങ്ങൾ കേൾക്കാനാവാത്തത് എന്തുകൊണ്ടാവും? ഉറ്റവരെല്ലാം അറ്റുപോയ അനാഥരായ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാനാവാത്തത് എന്തുകൊണ്ടാവും? വംശഹത്യയുടെ ഭാഗമാകാനാവാതെ അന്നേയ്ക്ക് രണ്ട് നാൾ മുമ്പു മാത്രം ഇസ്രായേലി എമ്പസിക്ക് മുന്നിൽ സ്വയം തീകൊളുത്തി, കത്തിയെരിയുമ്പോഴും ”ഫ്രീ പലസ്തീൻ” എന്ന് മുദ്രാവാക്യം മുഴക്കി ആത്മബലിയർപ്പിച്ച ആരോൺ ബുഷ്നെൽ എന്ന അമേരിക്കൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ ഇവർക്ക് കേൾക്കാൻ കഴിയാത്തതത് എന്തുകൊണ്ടാവും? പലസ്തീനിൽ നടക്കുന്നത് ഇസ്രായേൽ വംശഹത്യയാണെന്ന് നജ്വാൻ ദർവിശിനോടൊപ്പം വേദിയിലിരുന്നു പറഞ്ഞ സച്ചിദാനന്ദൻ, ജിഹാദികളെ പ്രതിരോധിക്കുക മാത്രമാണ് ഇസ്രായേൽ എന്ന് ആമിർ ഓർ പറയുമ്പോൾ തിരുത്താതിരുന്നത് എന്തുകൊണ്ടാണ്? ഇസ്രായേൽ വേട്ടയാടിക്കൊന്ന പതിനായിരക്കണക്കിന് മനുഷ്യ ജീവനെ വിസ്മരിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
പട്ടിണികിടന്ന് ചാവാതിരിക്കാൻ കാലിത്തീറ്റ തിന്നുന്നവർ ഒരുനേരത്തെ ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ വെടിവെച്ചുകൊല്ലുന്ന ‘ജിഹാദി വേട്ട’യെ മൗനം കൊണ്ട് പിന്തുണക്കുന്ന കവിയ്ക്ക് കുറ്റബോധമില്ലാതെ ഇനിയും പ്രതിരോധ കവിതകൾ എഴുതാനാവട്ടെ. ഒരു സന്നദ്ധ സംഘടനയ്ക്കും സഹായമെത്തിക്കാൻ കഴിയാത്തതുകൊണ്ട്, കടന്നുചെല്ലാൻ ഇസ്രായേൽ അനുവദിക്കാത്തതുകൊണ്ട് ഗാസയിലെ അഞ്ച് ലക്ഷം പേർ ക്ഷാമത്തിന്റെ വക്കിലാണെന്നും രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ആറിലൊരാൾ കടുത്ത പോഷകാഹാര കുറവ് നേരിടുകയാണെന്നുമുള്ള വാർത്ത നിങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്. നിഷ്പക്ഷ മാനവികതയുടെ സ്നേഹ സന്ദേശവുമായി ആമിർ ഓർ എത്തുമ്പോൾ കേരളം ഇനിയും വേദിയൊരുക്കട്ടെ. പുറത്തിറങ്ങുമ്പോൾ മാത്രം ധരിക്കുന്ന ജനാധിപത്യത്തിന്റെ ചെരുപ്പ് അകത്തു കയറുമ്പോൾ എങ്കിലും നമ്മുടെ മുഖത്തടിക്കട്ടെ.
‘നീയെങ്കിലും പ്രതികരിച്ചത് നന്നായി’
അമീർ ഓറും, സച്ചിദാനന്ദനും, ശ്യാം സുധാകറും വേദിവിട്ടു പോയപ്പോൾ അടുത്തു വന്നു നിന്ന പട്ടാമ്പി കേളേജിലെ ഒരു അധ്യാപകൻ പറഞ്ഞു.
“സംഘാടകരായതുകൊണ്ട് ഞങ്ങൾക്ക് പ്രതികരിക്കാൻ ആവില്ലല്ലോ!”
അതേവരെ മിണ്ടാതെ കേട്ടിരുന്നവരിൽ ചിലർ അടുത്തു വന്ന് അനുകൂലിച്ചു. പലരം നോട്ടംകൊണ്ട് പിന്തുണച്ചു. അടുത്ത സെഷനുള്ള അറിയിപ്പ് കേട്ടപ്പോൾ എന്തു ചെയ്യും എന്ന് അറിയാതെ, ആരോൺ ബുഷ്ണെല്ലിൽ നിന്നും പടർന്ന തീ അണയ്ക്കാനാവാതെ ഞാൻ നിന്നു. അക്കാര്യം അപ്പോൾ മനസ്സിലുറച്ചിരുന്നു. ഒരു നിലയ്ക്കും ഈ വംശഹത്യയെ പിന്തുണച്ചുകൂട. എന്തുവിലകൊടുത്തിട്ടാണെങ്കിലും !
‘വംശഹത്യ തുടരുന്ന ഈ സാഹചര്യത്തിലും വംശഹത്യയെ പിന്തുണക്കുകയും ഇസ്രായേലിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു കവിയെ നിങ്ങൾ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് എന്തുകൊണ്ടാണ് ?’
കാർണിവൽ സംഘാടകരിൽ പലരോടും ചോദിച്ചു. മതിയായൊരു മറുപടിയുണ്ടായില്ല. ആമിർ ഓറിന്റെ വംശഹത്യാ നീതികരണത്തെ വിമർശിച്ചുകൊണ്ട് ഫെസ്റ്റിവൽ ഡയറക്ടർ പി.പി രാമചന്ദ്രൻ തിരിച്ചു ചോദിച്ചു,
“ഇതിന് മുമ്പ് ആമിർ ഓറിനെ കുറിച്ചുള്ള ആദിലിന്റെ ധാരണയെന്തായിരുന്നു ?”
ആ ചോദ്യം ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ടി.പി. രാജീവന്റെ വാക്കുകളെ തിരിച്ചു വിളിച്ചു. ആമിർ ഓറിന്റെ നിഷ്പക്ഷ മാനവികതയുടെ സമാധാന സന്ദേശം സത്യസന്ധമെന്നും ആത്മാർത്ഥമെന്നും പൂർണ്ണമായി വിശ്വസിക്കുവാൻ അന്നുതൊട്ടെ എനിക്ക് കഴിഞ്ഞിരുന്നില്ല.
ഇസ്രായേലിൽ ജീവിക്കുന്നതിൽ കുറ്റബോധത്തോടെ ആത്മവിചാരണ ചെയ്യുന്ന കവികളെ വായിച്ചിട്ടുണ്ട്, പലസ്തീൻ വിമോചനത്തോട് ഐക്യപ്പെടുന്ന ഇസ്രായേൽ കലാകാരരെ കണ്ടിട്ടുണ്ട്. ആമിർ ഓറിന് ഈ കുറ്റബോധമോ അനുതാപമോ ഇല്ലാത്തത് എന്തുകൊണ്ട് ? നിഷ്പക്ഷ മാനവികതയിലൂടെ ഇസ്രായേൽ അധിനിവേശത്തെ സാമാന്യവത്കരിക്കുവാനും, ഇപ്പോൾ പരസ്യമായി ഇസ്രായേൽ വംശഹത്യയെ പിന്തുണക്കാനും കഴിയുന്നത് എന്തുകൊണ്ട് ? സമാധാനത്തിന്റെ മുഖം മൂടിയ്ക്കു പിന്നിലുള്ള ഇസ്രായേലി കവിയുടെ യഥാർത്ഥ മുഖം ഇനിയെങ്കിലും ലോകം തിരിച്ചറിയേണ്ടതുണ്ട്. കാരണം വംശഹത്യകൾ അവസാനിക്കുന്നില്ല.
ടി.പി രാജീവന്റെ യാത്രാവിവരണത്തിന്റെ ഓർമ്മയിലാവണം ഒരു കവി സുഹൃത്ത് ചോദിച്ചു. അയാൾക്ക് പിന്നിൽ എവിടെയും ഒരു ചാരനുണ്ട്, അതിനാലാവും ഇങ്ങനെ പറയേണ്ടി വന്നത്. അയാൾക്കിനിയും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകേണ്ടെ ? അപ്പോൾ സ്വന്തം മണ്ണും, ആകാശവും, ഒലീവ് മരങ്ങളും വിട്ട് ഓടിപോകേണ്ടി വന്ന, സ്വന്തം ദേശത്തേക്ക് തിരിച്ചുവന്നു ജീവിക്കാൻ കഴിയാതിരുന്ന, കവിതയിലൂടെ തന്റെ ദേശവും ജീവിതവും വീണ്ടെടുക്കാൻ ശ്രമിച്ച ഒരു കവിയെ ഞാൻ ഓർത്തു.
കേരളത്തിലും തനിക്ക് വായനക്കാരുണ്ടെന്നും പലസ്തീന് പിന്തുണയുണ്ടെന്നും അറിഞ്ഞ് അദ്ദേഹം സന്തോഷിച്ചതായി ഒരിക്കൽ സച്ചിദാനന്ദൻ ആവർത്തിച്ച് എഴുതിയിരുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും അതിർത്തികൾക്കപ്പുറം ഇനിയൊരിക്കൽ കണ്ടുമുട്ടാൻ കഴിയുകയാണെങ്കിൽ കേരളത്തിൽ നിങ്ങൾക്ക് തൊട്ടടുത്തിരുന്ന് വംശഹത്യയെ നീതികരിച്ച ഇസ്രായേൽ കവിയെ തിരുത്താതിരുന്നത് എന്തേയെന്ന് മഹ്മൂദ് ദർവിശ് സച്ചിദാനന്ദനോട് ചോദിക്കാതിരിക്കുമോ? വംശഹത്യയെ പിന്തുണക്കുന്നയാൾക്ക് വേദിയൊരുക്കിയത് എന്തിനെന്ന് ചോദിക്കാതിരിക്കുമോ?