Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഭാഗം 2
സൂപ്പർ എൽനിനോയുടെ പ്രത്യാഘാതങ്ങൾ പ്രവചിച്ചതുപോലെ സംഭവിച്ചാൽ അതീവ ഗുരുതരമായിരിക്കും കേരളത്തിന്റെ സ്ഥിതി. കുടിവെള്ളം ഉറപ്പാക്കുകയാണ് പരമപ്രധാനം. കാർഷിക മേഖലയുടെ തകർച്ച ഭക്ഷ്യസുരക്ഷയ്ക്കും വെല്ലുവിളിയായി മാറും. ആരോഗ്യപ്രശ്നങ്ങളും നിരവധിയായിരിക്കും. എന്നാൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊള്ളുന്ന മറ്റൊരു പ്രതിഭാസം അനുകൂലമായാൽ തുലാവർഷം അതിശക്തമായി ലഭിക്കാനും സാധ്യതയുള്ളതായി ശാസ്ത്രജ്ഞർ പറയുന്നു.
തുലാവർഷത്തിലെ മഴവെള്ളം പരമാവധി ഭൂമിക്കടിയിലെത്തിക്കുന്നതിനാണ് ഇപ്പോൾ ശ്രദ്ധ നൽകേണ്ടത്. തുലാവർഷത്തിൽ കാലവർഷത്തിലേത് പോലെ മഴ നീണ്ടു നിൽക്കാത്തിനാലും പരക്കെ ലഭിക്കാത്തതിനാലും പ്രദേശികതലത്തിൽ മഴവെള്ളം സംഭരിക്കാനും സൂക്ഷിക്കാനും ഭൂമിയിൽ ഇറക്കിവിടാനും ശ്രമിക്കേണ്ടതുണ്ട്. പതിവ് ആഹ്വാനത്തിലും സർക്കുലറിലും നടപടി ഒതുങ്ങാതിരിക്കണം. വാർഡ് തലത്തിൽ വേണം എൽനിനോ പ്രതിരോധ നടപടികൾ. ഈ സാഹചര്യത്തിൽ സമൂഹത്തിലെ അതീവദുർബലരെയും കുട്ടികളെയും മുതിർന്നവരെയും കിടപ്പുരോഗികളെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക കടമയാണ്.
തദ്ദേശതലത്തിലുള്ള ആസൂത്രണമാണ് വരൾച്ചയെ നേരിടുന്നതിൽ പ്രധാനം. ഇപ്പോൾതന്നെ ആ ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ വിജയകരമായ അനുഭവ പരിചയമുള്ള കേരളത്തിന് അത്യുഷ്ണത്തെ നേരിടാനും ആശ്വാസം നൽകാനുമുള്ള സമഗ്രമസംവിധാനം ഒരുക്കാൻ കഴിയേണ്ടതാണ്. സൂഷ്മതല പ്രാദേശിക തയാറെടുപ്പിന് ജനപ്രതിനിധികളെയും സമിതികളെയും തയാറാക്കണം. ആസൂത്രിതമായ നീക്കങ്ങളും നടപടികളുമുണ്ടായാൽ സൂപ്പർ എൽനിനോ കാരണം ഉണ്ടായേക്കാവുന്ന കടുത്തശുദ്ധജലക്ഷാമവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും വലിയൊരു അളവുവരെ മറികടക്കാനാകും. പതിവുപോലെ തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം നൽകി വാർഡ് തലത്തിൽ ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.


ലഭിക്കുന്ന തുലാവർഷ മഴയെ മണ്ണിലിറക്കിയാലേ ഫലമുണ്ടാകൂ. മാലിന്യം നിറഞ്ഞ് നശിച്ച ശുദ്ധജലസ്രോതസുകളും ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളും വീണ്ടെടുക്കാൻ അടിയന്തര നടപടികൾ ആരംഭിക്കേണ്ടതുണ്ട്. കിണറുകളും തോടുകളും മറ്റ് നിർച്ചാലുകളും സാധാരണ നിലയിലാക്കണം. ജലം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ അവയെ മാറ്റിയെടുക്കണം. തുലാമഴക്ക് പിന്നാലെ സാധാരണ കേരളം തണുപ്പ് കാലത്തേക്ക് കടക്കാറുണ്ടെങ്കിലും എൽനിനോ സ്വാധീനത്തിൽ ഇത്തവണ തണുപ്പിന് കുറവുണ്ടായേക്കാം. അങ്ങനെയെങ്കിൽ, വേനലിന്റെ കാഠിന്യം നേരത്തേ തന്നെ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ചൂട് കൂടിയാൽ കാട്ടുതീയാണ് മറ്റൊരു ദുരന്തം. ഏതുസമയവും എവിടെയും തീപടരാമെന്നതിനാൽ ഉണ്ടാകുന്ന നാശനഷ്ടം വനത്തിൽ മാത്രം ഒതുങ്ങില്ല. ജൈവമണ്ഡലം കത്തിയമരുന്നത് നാട്ടിലെ ജീവിതത്തിന്റെ നിലനിൽപ്പിനെ ബാധിക്കും. വന്യമൃഗങ്ങൾ വൻതോതിൽ ഭക്ഷണവും ജലവും തേടി നാട്ടിലിറങ്ങും. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകാൻ അത് കാരണമാകും.


നീർക്കുഴികൾ, പുതയിടൽ പരമപ്രധാനം
വീടുകളിൽ നിന്നും തുടങ്ങേണ്ട അനേകം അടിയന്തിര നടപടികളുണ്ട്. നീർക്കുഴിയും പുതയിടലും പോലെ ജലസംരക്ഷണത്തിനും തണുപ്പ് നിലനിർത്താനും സഹായിക്കുന്ന സംവിധാനം കുറവാണ്. മഴ മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന സാഹചര്യം തുലാവർഷത്തിൽ കുറവായതിനാൽ കിട്ടുന്ന മഴ പരമാവധി പിടിച്ചെടുക്കുകയാണ് വേണ്ടത്. ചെരിവ് കുറഞ്ഞ പ്രദേശത്താണ് നീർക്കുഴികൾക്ക് അഥവാ മഴക്കുഴികൾക്ക് അനുയോജ്യം. കുഴികൾ തുല്യ അകലത്തിൽ മുകളിൽ നിന്ന് താഴേക്ക് എന്ന ക്രമത്തിലായിരിക്കണം നിർമ്മിക്കേണ്ടത്. അഞ്ചടി നീളവും രണ്ടര അടിവരെ താഴ്ചയും വേണം. തെങ്ങിൻതോപ്പുകളിൽ രണ്ടുനിര തെങ്ങുൾക്കിടയിൽ ചന്ദ്രക്കല ആകൃതിയിൽ ഒന്നര അടി താഴ്ചയുള്ള കിടങ്ങ് കീറാം. അത്തരം സ്ഥലങ്ങളിൽ ഇടത്തട്ടുകൾ നിർമ്മിക്കുന്നത് മഴവെള്ളത്തിന് ഭൂമിയിലേക്ക് ഇറങ്ങാൻ സഹായിക്കും. തട്ട് തിരിക്കാൻ കഴിയാത്ത സ്ഥലത്ത് ചെരുവുകളിൽ തട്ടുതിരിക്കലാണ് യോജിക്കുക, ചാലുകളായും ഇടവിട്ടും ഇവ നിർമ്മിക്കാം. ഇവിടെ മണ്ണും വെള്ളവും സംഭരിക്കപ്പെടും.
ശാസ്ത്രീയ തടയണകൾ
തടയണകൾ ശാസ്ത്രീയമായി നിർമ്മിക്കുകയാണ് മറ്റൊരു പ്രധാന നടപടി. പല പുഴകളിലും തടയണകൾ തലങ്ങും വിലങ്ങും നിർമിച്ച് പുഴയെ വെള്ളം കെട്ടിക്കിടക്കുന്ന കുണ്ടുകളാക്കി മാറ്റിയിട്ടുണ്ട്. അതിന് പകരം വെള്ളം മണ്ണിലിറങ്ങുന്നതിനാ സഹായകമാകുന്ന താത്കാലിക തടയണകളാണ് വേണ്ടത്. തടയണക്ക് പിന്നിൽ കെട്ടിനിൽക്കുന്ന വെള്ളം സാവധാനം ഭൂമിക്കുള്ളിലേക്ക് ഇറങ്ങി ഭൂഗർഭജലനിരപ്പ് ഉയർത്തും. തടയണകൾ നിർമിക്കാൻ പ്രകൃതിദത്തമായ വസ്തുക്കളും രീതികളും തന്നെ പരമാവധി ഉപയോഗിക്കണം.
തുറന്നെടുക്കുക കിണറും കുളവും
വികസന പദ്ധതികളുടെ പേരിൽ ജലസംഭരണികളായ നിരവധി കുളങ്ങളും കിണറുകളും പുഴകളും കൈത്തോടുകളും കേരളത്തിൽ വ്യാപകമായി മൂടപ്പെട്ടിട്ടുണ്ട്. ചിലത് ഉപയോഗിക്കാതെയും കിടക്കുന്നു. ഇവ തിരിച്ചെടുക്കുകയാണ് വരൾച്ചയെ നേരിടാനുള്ള മറ്റൊരു മാർഗം. അതത് പ്രദേശത്തെ ജലസ്രോതസുകൾ വീണ്ടെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം തുടങ്ങണം. മഴയുടെ കുറവും വരാൻപോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയും ജനത്തെ ബോധ്യപ്പെടുത്തി വേണം നടപടി. കുളങ്ങൾ സർവേ ചെയ്യാൻ പറ്റിയ സന്ദർഭം കൂടിയാണിത്. മൂടികിടക്കുന്നവ അതത് സ്ഥലത്തെ ജനങ്ങളുടെ സഹായത്തോടെ തന്നെ കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടത്. കോളജുകളുടെയും എൻഎസ്എസ് വിഭാഗത്തിന്റെയും സഹായം ഇതിന് തേടാം.
ജലത്തിന്റെ വലിയൊരു ഭാഗവും സമൂഹത്തിലെ ഒരു വിഭാഗമാണ് നിയന്ത്രിക്കുന്നത്. അവരാണ് ശുദ്ധജല ഉപയോഗത്തിലും മുന്നിൽ. വലിയൊരു ജനവിഭാഗത്തിന് ശുദ്ധജലം പലപ്പോഴും കഷ്ടിച്ചാണ് ലഭിക്കുന്നത്. ജലക്ഷാമത്തിൽ, ജലചൂഷണത്തിൽ എല്ലായിടത്തും സ്ത്രീകളാണ് ഇരകൾ. ഉപ്പുവള്ളം കയറുന്ന ഇടങ്ങളിൽ, തീരദേശത്തെ ഗ്രാമങ്ങളിൽ, ചേരികളിൽ ശുദ്ധജലം കിട്ടാത്ത സാഹചര്യം മുൻകൂട്ടി ജലം ഉറപ്പാക്കാനാണ് സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടത്.


സർക്കാർ ചെയ്യേണ്ടത്
കുടിവെള്ള ലഭ്യത ഉറപ്പാക്കലിനും വരൾച്ച പ്രതിരോധത്തിനും തണ്ണീർ പന്തലുകളും ജലവിതരണ കേന്ദ്രങ്ങളും (Water Kiosks):
• പൊതുസ്ഥലങ്ങൾ, ബസ് സ്റ്റോപ്പുകൾ, ചന്തകൾ, പ്രധാന കവലകൾ, തൊഴിലുറപ്പ് ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കുക.
• കാലാവസ്ഥ ശാസ്ത്രജ്ഞരുടെയും ദുരന്തനിവാരണ അതോറിറ്റി വിരദ്ധരുടെയും സാന്നിധ്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി സൂപ്പർ എൽനിനോ പ്രത്യാഘാതം നേരിടാനും ആശ്വാസത്തിനുമുള്ള നടപടിക്ക് രൂപം നൽകണം.
• തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പൊതു കിണറുകൾ, കുളങ്ങൾ, പുഴകൾ എന്നിവ അടിയന്തരമായി ശുചീകരിക്കണം. ജലസ്രോതസ്സുകളിൽ നിന്നുള്ള നീരൊഴുക്ക് ഉറപ്പാക്കണം.
മഴവെള്ള സംഭരണികളും റീചാർജിങും:
• തുലാവർഷത്തിലെ മഴ പരമാവധി സംഭരിക്കാൻ പൊതു സ്ഥാപനങ്ങളിലും വീടുകളിലും മഴവെള്ള സംഭരണികൾ സജ്ജമാക്കുകയും മഴക്കുഴികളും കുഴൽകിണർ റീചാർജിങും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
• മേൽക്കൂരയിൽ വീഴുന്ന വെള്ളം പാത്തികൾ വഴി വലിയ ടാങ്കുകളിൽ ശേഖരിക്കാം. പിവിസി ഫെറോസിമന്റ്, കോൺക്രീറ്റ് ടാങ്കുകളിലാണ് വെള്ളം സംഭരിക്കേണ്ടത്. ടാങ്കിലേക്ക് വെള്ളം വിടുന്നതിന് മുൻപ് അതിലെ ഇലകളും പൊടിയും അരിച്ചെടുക്കാൻ സംവിധാനം വേണം.
• കാലവർഷത്തിലെ മഴക്ക് ശേഷം ചെറിയ ഇടവേള കഴിഞ്ഞാണ് തുലാവർഷത്തിന്റെ വരവ് എന്നതിനാൽ ആദ്യത്തെ ഒന്നോ രണ്ടോ മഴയുടെ വെള്ളം സംഭരിക്കാതിരിക്കുന്നതാണ് നല്ലത്.
• മേൽക്കൂരയിലെ മഴവെള്ളം അരിച്ച് സംഭരിച്ച് പൈപ്പിലൂടെ നേരിട്ട് തുറന്ന കിണറുകളിലേക്ക് ഒഴുക്കിവിടാം. കടുത്തവേനലിലും കിണറുകളിലെ ജലവിതാനം വൻതോതിൽ താഴാതെ നിലനിർത്താൻ ഇത് സഹായിക്കും.
• ഗ്രാമങ്ങളിൽ തുലാമഴകൊയ്ത്തിന് പരമ്പരാഗതമായി പല മാർഗങ്ങളും സ്വീകരിച്ചിരുന്നു. തെങ്ങിൻചുവട് തുറക്കുന്നത് അതിൽ ഒന്നാണ്. വൻതോതിൽ പച്ചിലവളങ്ങൾ നിറച്ച തെങ്ങിൻചോട്ടിൽ തുലാമഴവെള്ളം സംഭരിക്കപ്പെടും. തെങ്ങ് കൂടാതെ മറ്റ് മരങ്ങളുടെ ചുവട്ടിലും തടമെടുത്ത് അതിൽ കരിയിലകൾ നിറച്ചാൽ മണ്ണിന്റെ തണുപ്പ് നിലനിർത്താനാകും.
• വരാൻപോകുന്ന കടുത്തവരൾച്ചാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പറമ്പിന്റെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ ചെറിയ കുളങ്ങൾ നിർമ്മിച്ച് വെളളം ശേഖരിക്കാനാകും. വെളളം മണ്ണിലേക്ക് താഴ്ന്നുപോകാതിരിക്കാൻ കുളത്തിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിക്കുന്നതും നല്ല മാർഗമാണ്.
• പറമ്പിലൂടെയോ, സമീപത്ത് കൂടിയോ ഒഴുകുന്ന ചെറിയ നീർച്ചാലുകളിൽ താൽക്കാലിക തടയണകൾ നിർമിച്ചാൽ വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനാകും.
• കുട്ടികളെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ അങ്കണവാടി കെട്ടിടങ്ങളിൽ ‘കൂൾ റൂഫ്’ (Cool Roof) പെയിന്റിങും ശരിയായ വായുസഞ്ചാരവും ഉറപ്പാക്കുക.


ആശുപത്രികളിൽ ‘ഹീറ്റ് അലർട്ട് ക്ലിനിക്കുകൾ’:
• പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ഐ.വി അടിയന്തര ഡ്രൈപ്പുകൾ, ഒ.ആർ.എസ് (ORS) പാക്കറ്റുകൾ, തണുപ്പിക്കാനുള്ള ഐസ് പാക്കുകൾ, എയർകണ്ടീഷൻ സൗകര്യമുള്ള പ്രത്യേക വാർഡുകൾ സജ്ജമാക്കുക.
• ദുരന്തനിവാരണ അതോറിറ്റിയുമായി (KSDMA) ചേർന്ന് ഉയർന്ന ആർദ്രതയും ചൂടും ഉള്ള ദിവസങ്ങളിൽ ‘യു.വി/ഹീറ്റ് ഇൻഡെക്സ്’ മുന്നറിയിപ്പ് പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുക.
• സൂര്യാഘാതം (Sunstroke), സൺ ബേൺ (Sunburn), നിർജ്ജലീകരണം എന്നിവയുടെ ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ നൽകാൻ ആശാ പ്രവർത്തകർക്കും ഹെൽത്ത് ഇൻസ്പെക്ടർമാർക്കും വിപുലമായ പരിശീലനം നൽകുക. ആശുപത്രികളിലും തയാറെടുപ്പുകൾ വേണം.
• വൈദ്യുതി ലഭ്യത പ്രതിസന്ധിയിലാകുമ്പോൾതന്നെ കടുത്ത ചൂടിൽ എസി, ഫാൻ എന്നിവയുടെ ഉപയോഗം മൂലം പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരും. ഈസമയം വൈദ്യുതി ഗ്രിഡ് തടസ്സമില്ലാതെ നിലനിർത്താൻ കെ.എസ്.ഇ.ബി ആവശ്യമായ ഇന്ധന സ്രോതസ്സുകൾ ഉറപ്പുവരുത്തണം.
• വരൾച്ചയിലുണ്ടാകുന്ന വൻ കൃഷിനാശം ഭക്ഷ്യസുരക്ഷയെ ബാധിക്കും. ഭക്ഷണവസ്തുക്കൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുക. കർഷകർക്ക് അടിയന്തര ആശ്വാസ പദ്ധതികളും വിള ഇൻഷുറൻസ് വിതരണവും ഉറപ്പാക്കണം.
• കാർഷിക ജലസേചനത്തിനായി ഡാമുകളിൽ നിന്നും കനാലുകളിൽ നിന്നുമുള്ള ജലവിതരണം കൃത്യമായി പ്ലാൻ ചെയ്യണമെന്നാണ് നിർദ്ദേശമെങ്കിലും ഡാമുകളിലെ ജലലഭ്യത പലപ്പോഴും പ്രതിസന്ധിയിലാകാം.
• ക്ഷീരകർഷകരുടെയും തെരുവ് മൃഗങ്ങളുടെയും സംരക്ഷണത്തിനായി നിഴൽ ലഭിക്കുന്ന ഷെഡ്ഡുകളും പൊതുവായ കുടിവെള്ള പാത്രങ്ങളും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
• എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും സ്വന്തമായി ‘പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ’ തയാറാക്കി തുടങ്ങണം.


കാത്തിരിക്കാൻ സമയമില്ല
“ജലസംഭരണം തന്നെ ഇനി പ്രധാനം. തുലാവർഷം വൻതോതിൽ ലഭിക്കാൻ ഇടയായാൽ അനുഗ്രഹമാകും. എൽനിനോയുടെ പ്രത്യാഘാതം അത് കുറയ്ക്കാം. പറ്റുന്ന രീതികളിലൊക്കെ മഴവെള്ള സംരക്ഷണവും കരുതലും ഉറപ്പാക്കുകയാണ് വേണ്ടത്. ഒരുപക്ഷേ, ഈ ആശങ്കാജനകമായ സ്ഥിതിവിശേഷം മാറിക്കൂടെന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും അത്. നമ്മുക്ക് പ്രതീക്ഷ പുലർത്താം. പത്ത് വർഷം തമിഴ്നാട്ടിലെ എൽനിനോ കാലാവസ്ഥ നിരീക്ഷിച്ചിരുന്നു. അതിൽ ഏഴുവർഷവും ഇന്ത്യൻ സമുദ്രത്തിലെ അനുകൂല സാഹചര്യം കാരണം കൂടുതൽ കൂടുതൽ ലഭിച്ചത് വലിയ ആശ്വാസമായി. എന്നാൽ കാലവർഷം കുറവായിരുന്നു. അങ്ങനെ ഇത്തവണയും ഉണ്ടായാൽ കേരളത്തിനും അതിന്റെ ഗുണം ലഭിക്കും. അതൊന്നും പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് മണ്ടത്തരമായിരിക്കും. സ്ഥിതിഗതികൾ തൽസമയം വിലയിരുത്തി കരുതൽ നടപടി ആരംഭിക്കുകയാണ് വേണ്ടത്.”
പ്രമുഖ ജലശാസ്ത്രജ്ഞൻ, കാരുണ്യ സർവകലാശാല മുൻ വിസിയുമായ ഡോ. ഇ.ജെ. ജയിംസ് പറയുന്നു.

