2001 മുതൽ 2023 വരെയുള്ള രണ്ട് പതിറ്റാണ്ടിനിടയിൽ 23.33 ലക്ഷം ഹെക്ടർ (23,000 ചതുരശ്ര കിലോ മീറ്റർ) വനഭൂമി ഇന്ത്യയിൽ നഷ്ടമായതായി ആഗോള പരിസ്ഥിതി സംഘടനയായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠന റിപ്പോർട്ട്. 2010 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ വനഭൂമി നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 2010 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ വനഭൂമി 31.3 മില്യൺ ഹെക്ടർ ആണ്. ഇത് ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 11 ശതമാനമായിരുന്നു. 2023 ലേക്ക് എത്തുമ്പോൾ 1,34,000 കിലോ ഹെക്ടർ സ്വാഭാവിക വനം നഷ്ടമായതായി കണക്കുകൾ പറയുന്നു. ഇത് 81.9 മില്യൺ ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന് കാരണമായതായും റിപ്പോർട്ട് പറയുന്നു. സ്വാഭാവിക വനഭൂമിക്കുണ്ടാകുന്ന ശോഷണം അന്തരീക്ഷ മലിനീകരണം കൂടുന്നതിന് എങ്ങനെയാണ് കാരണമായിത്തീരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള വനങ്ങളെ നിരീക്ഷിക്കുകയും ഉപഗ്രഹ ചിത്രങ്ങൾ, ബിഗ് ഡാറ്റ, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവ വഴി ആഗോള തലത്തിൽ വനങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ, വന നശീകരണത്തിന്റെ കാരണങ്ങൾ, വന പുനരുദ്ധാരണം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് 2014 ൽ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഗ്ലോബൽ ഫോറസ്റ്റ് വാച്ച്.
ആർദ്ര ഉഷ്ണ മേഖലാ വനങ്ങളുടെ ശോഷണം
2002 മുതൽ 2023 വരെയുള്ള കാലയളവിൽ ആർദ്ര ഉഷ്ണ മേഖലാ വനങ്ങളുടെ വലിയ തോതിലുള്ള ശോഷണമാണ് ഇന്ത്യയിൽ സംഭവിച്ചിട്ടുള്ളത്. ഇന്ത്യയുടെ ജൈവ പരിസ്ഥിതിയിലെ പ്രധാന കണ്ണികളായ 4,14,000 ഹെക്ടർ വൃക്ഷാവരണം ( Tree cover – ആർദ്ര നിത്യഹരിത വനങ്ങൾ, ഇലപൊഴിയും വനങ്ങൾ,തോട്ടങ്ങൾ എന്നിവയുൾപ്പെടുന്നത് ) ആണ് ഈ 21 വർഷത്തിനിടയിൽ നഷ്ടമായത്. ഇന്ത്യയുടെ മൊത്തം വൃക്ഷാവരണത്തിന്റെ 18 ശതമാനമാണിത്. ഇന്ത്യയുടെ ആർദ്ര ഉഷ്ണ മേഖലാ വനങ്ങളുടെ ആകെ വിസ്തീർണത്തിന്റെ 4.1 ശതമാനമാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി കുറഞ്ഞത്.
ഇന്ത്യയിലെ വൃക്ഷങ്ങളുടെ നാശം
2001 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 2.33 മില്യൺ ഹെക്ടർ വൃക്ഷാവരണം നഷ്ടമായി. 1.20 ജിഗാ ടൺ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനാണ് ഇത് കാരണമായിരിക്കുന്നത്. മരങ്ങൾക്ക് ഉണ്ടാകുന്ന ശോഷണം കാലാവസ്ഥാ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വൃക്ഷങ്ങൾ കൂടുതലായി നശിച്ച ഇടങ്ങൾ
2001 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് കൂടുതൽ മരങ്ങൾ നശിച്ചിട്ടുള്ളത് എന്ന് റിപ്പോർട്ട് പറയുന്നു. ഈ സംസ്ഥാനങ്ങളെല്ലാം ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലയിലാണുള്ളത് എന്നതും പ്രധാന വസ്തുതയാണ്. പട്ടികയിൽ ഒന്നാമത് ഉള്ളത് ആസാമാണ്. രണ്ട് ദശാബ്ദങ്ങളിലായി 3,24,000 ഹെക്ടർ മരങ്ങളാണ് ആസാമിൽ നഷ്ടമായിട്ടുള്ളത്. മിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത്. രണ്ടാം സ്ഥാനത്തുള്ള മിസോറാമിൽ 3,12,000 ഹെക്ടർ മരങ്ങൾ നശിച്ചതായാണ് കണക്ക്. കേരളം ഈ നിരയിൽ ഒൻപതാം സ്ഥാനത്താണുള്ളത്. കേരളത്തിൽ നഷ്ടമായിട്ടുള്ളത് 96.8 കിലോ ഹെക്ടർ വൃക്ഷാവരണമാണ്.
വനഭൂമി തരം മാറ്റൽ
2000 മുതൽ 2020 വരെയുള്ള കാലയളവിൽ 8,74,000 ഹെക്ടർ വൃക്ഷാവരണമാണ് പല ആവശ്യങ്ങൾക്കായി മാറ്റപ്പെട്ടിട്ടുണ്ട്. മാറ്റമില്ലാത്ത വനം 59.2 മില്യൺ ഹെക്ടർ, വനവത്കരണം നടന്നത് 1.88 മില്യൺ ഹെക്ടർ, വനം നഷ്ടമായത് 1.01 മില്യൺ ഹെക്ടർ, മനുഷ്യ ഇടപെടലുകൾ ഉണ്ടായത് 6.17 മില്യൺ ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്.
വൃക്ഷാവരണം കൂടുതലുള്ള ഇടങ്ങൾ
ഇന്ത്യയിലെ ഏഴ് മേഖലകളിലാണ് വൃക്ഷാവരണം കൂടുതലുള്ളത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഒന്നാം സ്ഥാനത്ത് അരുണാചൽ പ്രദേശാണ്. 6.11 മില്യൺ ഹെക്ടർ വിസ്തൃതിയിലാണ് അരുണാചൽ പ്രദേശിലെ വൃക്ഷാവരണം. 2010 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുഴുവൻ വൃക്ഷാവരണത്തിന്റെ 55 ശതമാനം വ്യാപിച്ച് കിടക്കുന്നത് ഇന്ത്യയിലെ ഏഴ് മേഖലകളിലായാണ്. രണ്ടാം സ്ഥാനത്ത് ആസാം ആണ്. 2.28 മില്യൺ ഹെക്ടർ വൃക്ഷാവരണമുള്ള കേരളം നാലാം സ്ഥാനത്താണ്.
കാട്ടുതീ മുന്നറിയിപ്പുകൾ
വന നശീകരണത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി റിപ്പോർട്ട് പറയുന്നത് കാട്ടുതീയാണ്. ഫെബ്രുവരി മധ്യത്തിൽ ആരംഭിച്ച് ഏകദേശം മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് ഇന്ത്യയിലെ കാട്ടുതീ സീസൺ. 2023 ആഗസ്റ്റ് മുതൽ 2024 ആഗസ്റ്റ് വരെ 14,002 തീ മുന്നറിയിപ്പുകളാണ് VIIRS സെൻസറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
വൃക്ഷാവരണം വർദ്ധിച്ച സ്ഥലങ്ങൾ
ഇന്ത്യയിൽ 2000 മുതൽ 2020 വരെ ഉണ്ടായ വൃക്ഷാവരണത്തിന്റെ വർധനവ് പ്രധാനമായും ആറ് മേഖലകളിലാണ്. കർണ്ണാടക സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത്. 2,22,000 ഹെക്ടറാണ് അവിടെ വർധിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആന്ധ്രപ്രദേശും തമിഴ്നാടുമാണ്. കേരളം 22-ാം സ്ഥാനത്തും.
വനനശീകരണവും ഹരിതഗൃഹവാതകങ്ങളും
2001 മുതൽ 2023 വരെ ഇന്ത്യയിൽ വൃക്ഷാവരണം നഷ്ടമായതിന്റെ ഫലമായി ശരാശരി 52.3 മില്യൺ ടൺ ഹരിതഗൃഹ വാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടത്. 22 വർഷത്തിനിടെ 1.20 ജിഗാ ടൺ കാർബൺ ഡയോക്സൈഡ് വാതകം പുറന്തള്ളപ്പെട്ടുവെന്നാണ് കണക്ക്.