2023 ഏപ്രിൽ 23 മുതൽ ജന്തർമന്ദറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയായ മഹിളാ സമ്മാൻ മഹാപഞ്ചായത്തിന് നേരെ 2023, മെയ് 28 ന് ദില്ലി പൊലീസിൽ നിന്നുമുണ്ടായ അതിക്രൂരമായ അക്രമങ്ങളെ പി.യു.സി.എൽ (people’s union for civil liberties) അത്യധികം അപലപിക്കുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ച് ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ ബജ്റൻ പുനായ്, സാക്ഷി മാലിക്, വിനീത് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയ കായികതാരങ്ങൾ പ്രതിഷേധം തുടങ്ങിയിട്ട് 35 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈയൊരവസരത്തിലാണ് നാളിതുവരെ ഇന്ത്യൻ കായികതാരങ്ങൾ രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത നേട്ടങ്ങളെ പാടെ മറന്നുകൊണ്ട് അവരെ ബലമായി കയ്യേറ്റം ചെയ്യുന്ന വിധത്തിൽ ദില്ലി പൊലീസിന്റെ പക്കൽ നിന്നും ക്രൂരമായ നീക്കമുണ്ടായത്.
2023 ഏപ്രിൽ 23 മുതൽ കായിക താരങ്ങൾ പ്രതിഷേധിക്കുന്ന ജന്തർമന്ദറിൽ കായിക താരങ്ങൾക്ക് നേരെ അക്രമണം നടത്തി അവർ താമസിക്കുന്ന ടെന്റുകളും, കൂളർ മുതലായവ മറ്റ് ഉപയോഗ വസ്തുക്കളും ദില്ലി പൊലീസ് നീക്കം ചെയ്തു. വനിതാ ഗുസ്തിതാരങ്ങളെ ബലപ്രയോഗത്തിലൂടെ ജന്തർ മന്ദറിലെ പ്രതിഷേധസ്ഥലത്ത് നിന്നും നീക്കം ചെയ്യുമ്പോൾ പുതുതായി നിർമ്മിച്ച പാർലമെന്റ് കെട്ടിടത്തിൽ നിന്നുകൊണ്ട്, ഇന്ത്യ എന്ന രാജ്യം ജനാധിപത്യത്തിന്റെ മാതാവ് മാത്രമല്ല ഇന്നത്തെ ജനാധിപത്യ ഇന്ത്യ മറ്റ് ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതുമാണ് തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി എന്നതാണ് വലിയ വിരോധാഭാസം.
ക്രിമിനൽ ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പടെ ഏഴ് വനിതാ ഗുസ്തിതാരങ്ങൾ മജിസ്ട്രേറ്റിന് മുമ്പാകെ പരാതി നൽകിയിട്ടും ബി.ജെ.പി എം.പിയും റസലേഴ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിച്ചതിന്റെ പേരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കായികതാരങ്ങൾക്ക് നേരെ ദില്ലി പൊലീസിന്റെ ക്രൂരമായ സമീപനമുണ്ടായത്.
ഗുസ്തിതാരങ്ങൾക്ക് പുറമെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യം മുന്നോട്ടുവെച്ചുകൊണ്ട് പുതിയ പാർലമെന്റ് കെട്ടിടത്തിനു മുന്നിൽ പ്രതിഷേധിച്ച മുൻ എം.പിയായ സുഭാഷിണി അലി, ആനി രാജ, കൗൾജീത്ത് കൗർ, ദീപ്തി ഭാരതി (നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ), പൂനം ( പ്രഗതിശീൽ മഹിളാ സംഘാടൻ), സുചേതാ ഡേ (സി.പി.ഐ എം.എൽ ലിബറേഷൻ), ജഗ്മതി സൻഗ്വാൻ, മൈമുന മൊല്ല (AIWA), മായാ മോഹൻ, റിതു കൗശിക്, തുടങ്ങിയ പ്രവർത്തകരെയും ജെ.എൻ.യു വിദ്യാർത്ഥികളെയും AISA, NSUI പ്രവർത്തകർ ഉൾപ്പടെ നൂറോളം പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള കർഷക നേതാക്കളയും മാധ്യമപ്രവർത്തകരെയും, ബ്ലോഗർമാരെയും നിയമഞ്ജരെയും ഉൾപ്പടെ രാജ്യത്തിന്റെ പലയിടങ്ങളിലായി പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്ത് നിയമസഹായം പോലും ലഭ്യമാകാത്ത വിധം ദില്ലിയിലെ പ്രാന്തപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിൽ തടവിലാക്കിയിരിക്കുകയാണ്.
പ്രതിഷേധക്കാരെ ഒറ്റപ്പെടുത്തിക്കൊണ്ട്, അവരുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെ അനധികൃതമായി ഗുസ്തി താരങ്ങളെ നാല് വ്യത്യസ്ത പൊലീസ് സ്റ്റേഷനിലാക്കുകയും നിയമനടപടികൾക്ക് വിധേയമാക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണ് ഉണ്ടായത്. ഞങ്ങൾ ഈ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുന്ന വേളയിലും വനിതാ ആക്ടിവിസ്റ്റുകൾ ഉൾപ്പടെയുള്ള നിരവധി പ്രതിഷേധക്കാർ അനധികൃതമായി ഭരണകൂടത്തിന്റെ തടങ്കലിൽ തന്നെയാണ്.
വനിതാ ഗുസ്തിതാരങ്ങൾക്കെതിരെ ദില്ലി പൊലീസിനെക്കൊണ്ട് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തുന്ന ഭരണകൂട ഭീകരത, സ്ത്രീകളുടെ ആത്മാഭിമാനത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമാണ് ഞങ്ങൾ മുൻതൂക്കം നൽകുന്നതെന്നും അത് സംരക്ഷിക്കാൻ എപ്പോഴും ഉത്തരവാദിത്തപ്പെട്ടിരിക്കുമെന്നും പറയുന്ന കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടുന്നത്. സർക്കാരിന്റെ ഈ നിക്കം പ്രധാനമായും വ്യക്തമാക്കുന്നത് ;
1. പോക്സോ കേസ് ഉൾപ്പടെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റവാളികൾക്ക് (ബി.ജെ.പി പ്രവർത്തകർ) നേരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം സമാധാനപരമായും അക്രമണരഹിതമായും ഗുസ്തിതാരങ്ങൾ നടത്തിയ പ്രതിഷേധത്തെയാണ് ബി.ജെ.പി സർക്കാരും ദില്ലി പൊലീസും ചേർന്ന് നിഷ്കരുണം അടിച്ചമർത്താൻ ശ്രമിച്ചത്. ഇത് ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നിലപാടിനെയാണ് അനാവരണം ചെയ്യുന്നത്.
2. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ച് വനിതാ ഗുസ്തിതാരങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസിന്റെ കടന്നുകയറ്റം മൗലികാവകാശങ്ങളെ ഹനിക്കും വിധമുള്ളതാണ്. 2023 ജനുവരിയിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് വനിതാ ഗുസ്തിതാരങ്ങൾ കമ്മറ്റികൾക്ക് മുമ്പാകെ നിയമപരമായി പരാതികൾ നൽകിയിരുന്നു. എന്നിട്ടും തുടർ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് 2023 ഏപ്രിൽ 23 ന് ഗുസ്തിതാരങ്ങൾ പ്രതിഷേധമാരംഭിച്ചത്. എന്നാൽ മരണ തുല്യമായ മൗനം മാത്രമാണ് മോദി സർക്കാരിൽ നിന്നും ഉണ്ടായ പ്രതികരണം.
3. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടാണ് മോദി സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലും ചീഫ് ജസ്റ്റിസിന്റെ ബഞ്ചിനും പ്രത്യേകം പരാതി നൽകിയതിനുശേഷമാണ് പ്രസ്തുത വിഷയത്തിൽ തുടർ നടപടികളുണ്ടായത്.
4. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം വനിതാ ഗുസ്തിക്കാർ നടത്തിയ പ്രതിഷേധത്തെ ദേശവിരുദ്ധ പ്രവൃത്തിയായി പ്രഖ്യാപിച്ചുകൊണ്ട് അടിച്ചമർത്താൻ ശ്രമിച്ച കേന്ദ്ര സർക്കാരിന്റെയും ദില്ലി പൊലീസിന്റെയും സമീപനം അത്യധികം സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. പ്രതിഷേധിക്കാനുള്ള പൗരരുടെ മൗലികമായ അവകാശത്തെ നിഷേധിക്കുന്നതാണിത്.
ലൈംഗീകാതിക്രമങ്ങൾക്കെതിരെ നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധിച്ച ഗുസ്തിതാരങ്ങളുടെ സമരം ‘ദേശവിരുദ്ധ’ പ്രവർത്തനമായി മാറ്റിയ, സാമാന്യയുക്തിക്ക് വിരുദ്ധമായുള്ള സർക്കാരിന്റെ ചെയ്തികൾ ഭരണഘടനാ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരാണ്.
ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച വിനീത് (വിനേഷ് എന്നു വായിക്കാം) ഫോഗട്ടിന്റെ ഈ പ്രസ്താവനയിൽ നിന്നും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിനകത്ത് നീതിക്കുവേണ്ടി പ്രതിഷേധിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. “കുറ്റവാളികളെല്ലാം സ്വതന്ത്രരാണ്. അവരെ ഈ ഭരണകൂടം എന്നും സംരക്ഷിക്കുന്നു. എന്നാൽ ഈ രാജ്യത്തിനുവേണ്ടി മെഡലുകൾ നേടിയ കായികതാരങ്ങൾ, രാജ്യത്തിന്റെ പെൺമക്കൾക്ക് നീതി നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ചതിനാൽ ജയിലഴികൾക്കുള്ളിലുമാണ്.”
വനിതാ ഗുസ്തി താരങ്ങൾക്കൊപ്പം അവർക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധത്തിൽ അണിചേരാനും പ്രതിഷേധ സ്ഥലത്തെ അവരുടെ താമസസ്ഥലങ്ങൾ നശിപ്പിച്ച ദില്ലി പൊലീസിന്റെ പ്രവൃത്തികൾക്കെതിരെ പ്രതിഷേധിക്കാനും സ്ത്രീകളോടും, അഭിഭാഷകരോടും, തൊഴിലാളികളോടും തുടങ്ങി എല്ലാ വ്യക്തികളോടും സംഘടനകളോടും PUCL ആഹ്വാനം ചെയ്യുന്നു.
ലൈംഗീകാതിക്രമങ്ങൾക്കെതിരെ ജനാധിപത്യപരമായ രീതിയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള എല്ലാവിധ പിന്തുണകളും നൽകുകയും പൊലീസിനാൽ നശിപ്പിക്കപ്പെട്ട പ്രതിഷേധക്കാരുടെ താമസസ്ഥലങ്ങൾ വാസയോഗ്യമാക്കി പുനഃസ്ഥാപിക്കാനും വനിതാ ഗുസ്തിക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാനും ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും പ്രതിഷേധക്കാർക്കുനേരെ ക്രൂരമായ അക്രമണം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും PUCL ആഹ്വാനം ചെയ്യുന്നു.
28 മെയ്, 2023
ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പി.യു.സി.എൽ നടത്തിയ പ്രസ്താവന – കവിതാ ശ്രീവാസ്തവ (പ്രസിഡന്റ്), ഡോ. വി സുരേഷ് (ജനറൽ സെക്രട്ടറി)
പരിഭാഷ: ശ്രുതി ടി.എസ്