അന്തമാങ്കാരുടെ ചരിത്രകാരൻ

ഓഫ്റോഡ്-6

അന്തമാങ്കാരാ, ഓല് അന്തമാങ്കാരാ… കുട്ടിക്കാലത്തേ ഈ പ്രയോഗം ഞങ്ങളുടെ ചുറ്റുവട്ടങ്ങളിൽ കേട്ടുതുടങ്ങിയിട്ടുണ്ട്. ഇടക്കിടെ അന്തമാങ്കാര് വരും, കുറച്ചു നാൾ നിൽക്കും, മടങ്ങും. ചിലർ ചികിത്സ തേടി, മറ്റു ചിലർ ബന്ധുക്കളേയും വേരുകളും തേടി, ഇനി ചിലർ കുടുംബ സ്വത്ത് ഭാഗിക്കാനായി. അതിപ്പോഴും ഏറിയും കുറഞ്ഞും തുടരുന്നു.

അന്തമാനിലൂടെ (ആൻഡമാൻ ആന്റ് നിക്കോബാർ ഐലന്റ്‌സ്) അലഞ്ഞു നടക്കുമ്പോൾ കുട്ടിക്കാലം മുതലുള്ള പല ഓർമ്മകളും ഒരു തിരശ്ശീലയിലെ പോലെ വെളിപ്പെട്ടുകൊണ്ടിരുന്നു. സെല്ലുലാർ ജയിലിൽ സവർക്കർ കിടന്ന സെല്ലിൽ അപ്പോഴേക്കും പ്രത്യക പൂജകൾ തുടങ്ങിയിരുന്നു. പിന്നീട് പ്രധാനമന്ത്രി മോദിയും ഈ അടുത്ത് അമിത് ഷായും ആ സെല്ല് സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി. സവർക്കർ ഒരു ദേശീയ പുരുഷനായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതേ സെല്ലുലാർ ജയിലിൽ മലബാറിലെ നിരവധി മാപ്പിളമാരെ തടവിലിട്ടിട്ടുണ്ട്. അവരുടെ പിൻതലമുറ ഇന്നും അന്തമാനിൽ തുടരുന്നുമുണ്ട്. പീനൽ കോളനിയിലെത്താൻ വിധിക്കപ്പെട്ടവരുടെ പിൻതലമുറക്കാർ. മലബാർ കലാപത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷുകാർ സെല്ലുലാർ ജയിയിൽ അടക്കുകയായിരുന്നു. ‘മോപ്പ്‌ള വിദ്രോഹി’ എന്നാണ് ഈ തടവുകാരെ ജയിൽ രേഖകളിൽ വിളിച്ചിട്ടുള്ളത്. ഇന്ന് മലബാർ കലാപം കേരളത്തിൽ ചർച്ച ചെയ്യപ്പെടുമ്പോൾ ഇതേ വിദ്രോഹി പ്രയോഗം വീണ്ടും ആവർത്തിക്കപ്പെടുന്നു.
അന്തമാൻ രേഖകളിലെ വിദ്രോഹി പ്രയോഗം നീക്കം ചെയ്യാൻ, സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കളും പിൻമുറക്കാരും എന്ന ശരിയായ തിരുത്തിനുവേണ്ടി പോരാടി വിജയിച്ച എ.പി മുഹമ്മദ് ഒക്ടോബർ 30ന് ഓർമ്മയായി.

എ.പി മുഹമ്മദ്, സ്റ്റിവർട്ട് ഗഞ്ച്.

അന്തമാനിലൂടെ യാത്ര ചെയ്യുമ്പോൾ സ്റ്റിവർട്ട് ഗഞ്ച് ബാംബൂ ഫ്‌ളാറ്റിൽ വെച്ച് അദ്ദേഹത്തെ കാണാനും സംസാരിക്കാനും എനിക്കവസരം കിട്ടിയിരുന്നു. കൈദി ക ബച്ചാ (രാജ്യദ്രോഹിയുടെ മക്കൾ) എന്ന പ്രയോഗം മാറ്റാനായി നടത്തിയ കത്തെഴുത്ത്/നിവേദനപ്പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം അന്ന് വിശദമായി സംസാരിക്കുകയുണ്ടായി. 2008ൽ മുഹമ്മദ് ‘മോപ്പ്‌ള സ്വതന്ത്ര സേനാനി’ എന്ന ശീർഷകത്തിൽ ഹിന്ദിയിൽ ഒരു ചെറുപുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടത് ‘മാപ്പിള സ്വാതന്ത്ര്യസമര സേനാനികളും പിൻതലമുറകളും’ എന്ന തലക്കെട്ടിൽ ഡോ. ഇസ്മായിൽ കോണിക്കൽ മലയാളത്തിലാക്കി. പുസ്തകത്തിന്റെ തുടക്കത്തിൽ ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് ഇങ്ങിനെയാണ്: 1943ൽ പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ ജനനം. ആൻഡമാനിലെ സ്റ്റിവർട്ട് ഗഞ്ചിൽ താമസം. ഏറെക്കാലം പച്ചക്കറിക്കച്ചവടക്കാരനായി ജീവിതം നയിച്ചു. ആദ്യകാലത്ത് മതരാഷ്ട്രവാദക്കാരോടൊത്ത് സജീവ പ്രവർത്തനം. ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. നല്ല വാനയക്കാരൻ. പിന്നീട് സജീവ ഇസ്‌ലാഹി പ്രവർത്തകനായി. അതോടൊപ്പം കോൺഗ്രസ് പ്രവർത്തകനും. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. ആൻഡമാനിലെ ആദ്യത്തെ ഹിന്ദി ദിനപത്രമായ ‘സാഹിൽ കി ഓർ’ സ്ഥാപകനും എഡിറ്ററുമാണ് ഗ്രന്ഥകാരൻ. ദിനപത്രം ഇപ്പോൾ വാരികയായി പ്രസിദ്ധീകരണം തുടരുന്നു. പത്രം സൗജന്യമാണ്:

മതരാഷ്ട്രവാദത്തിൽ നിന്ന് കോൺഗ്രസിന്റെ വഴിയിലെത്തിച്ചേർന്ന, ഇതുതന്നെയാണ് ഞങ്ങളുടെ നാട്, പാക്കിസ്ഥാനല്ല എന്ന് അടിയുറച്ച് വിശ്വസിച്ച മുഹമ്മദുമായി സംസാരിക്കുമ്പോൾ അവരുടെ തലമുറ കടന്നുപോന്ന നിരവധിയായ സങ്കീർണ്ണതകൾ വെളിപ്പെട്ടുവരികയായിരുന്നു. പാക്കിസ്ഥാൻ അല്ലെങ്കിൽ ഖബറിസ്ഥാൻ പോലുള്ള ഗ്രനേഡ് സമാനമായ മുദ്രാവാക്യങ്ങളുടെ ആക്രമണങ്ങളെ അതിജീവിക്കുക പോലും ആ തലമുറക്ക് എളുപ്പമായിരുന്നില്ല. മതരാഷ്ട്രവാദികൾക്കൊപ്പം തുടക്കത്തിൽ നിന്നവർ, സ്വന്തം മണ്ണിന്റെ സ്പന്ദിക്കുന്ന ഹൃദയത്തോളം പോരുന്ന മറ്റൊന്നുമില്ലെന്ന് മനസ്സിലാക്കി കോൺഗ്രസിൽ ചേർന്നു. ആ തലമുറയുടെ ശക്തനായ വക്താക്കളിൽ ഒരാളായിരുന്നു എ.പി മുഹമ്മദ്. ഇന്ത്യൻ ബഹുത്വത്തിൽ വിശ്വസിച്ച് ജീവിച്ച് മരിച്ച ഒരാൾ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുകയും പോരാളികൾക്ക് പെൻഷൻ നൽകാൻ തുടങ്ങുകയും ചെയ്തതോടെയാണ് അന്തമാൻ രേഖകളിലെ ‘മോപ്പ്‌ള വിദ്രോഹി’ പ്രയോഗം തിരുത്തണമെന്നാവശ്യപ്പെട്ട് എ.പി മുഹമ്മദ് അധികാരികളെ കാണാനും അവർക്ക് നിവേദനങ്ങളയക്കാനും തുടങ്ങുന്നത്. അന്തമാനിലെ എം.ഇ.എസ് അധ്യക്ഷൻ എന്ന നിലയിൽ എം.ഇ.എസിന്റെ ലെറ്റർ ഹെഡ്ഡിലാണ് നൂറു കണക്കിന് നിവേദനങ്ങൾ തയ്യാറാക്കപ്പെട്ടത്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ നിവേദനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ഇടവേളകളില്ലാതെ ചെന്നുകൊണ്ടിരുന്നു. ബന്ധപ്പെട്ടവരുടെ അന്തമാൻ സന്ദർശന വേളകളിൽ അവരെ നേരിൽ കണ്ട് നിവേദനങ്ങൾ സമർപ്പിച്ച് ചർച്ചകൾ നടത്തി. ഒടുവിൽ ചരിത്രത്തിൽ അനിവാര്യമായ തിരുത്ത് അദ്ദേഹം പൊരുതി സ്വന്തമാക്കുകയും ചെയ്തു. ഈ തിരുത്ത് ആൻഡമാൻ ലഫ്റ്റനന്റ് ഗവർണർ രാം കാപ്സെയാണ് 2005ൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് (താനെയിൽ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു കാപ്സെ). വക്കം പുരുഷോത്തമൻ അന്തമാൻ ഗവർണറായ 1993-96 കാലത്ത് ഇങ്ങിനെയൊന്ന് നടന്നില്ല എന്നതും ഓർക്കേണ്ടതാണ്.

മാപ്പിള വിദ്രോഹി പ്രയോഗം തിരുത്താൻ വേണ്ടി മുഹമ്മദ് നടത്തിയ നിവേദനക്കത്തുകളിലൊന്ന്

മലബാർ കലാപത്തിൽ സെല്ലുലാർ ജയിലിൽ അടക്കപ്പെട്ട 159 പേരുടേയും അവരുടെ അന്തമാനിൽ തന്നെ ജീവിച്ച പിൻമുറക്കാരുടേയും വിവരങ്ങൾ അടങ്ങിയതാണ് ‘മാപ്പിള സ്വാതന്ത്ര്യസമര സേനാനികളും പിൻതലമുറകളും’. ചരിത്ര പുസ്തകങ്ങൾക്കാവശ്യമായ മെത്തഡോളജി പിന്തുടരാൻ ഇതിന് കഴിഞ്ഞിട്ടില്ല. ഹു ഈസ് ഹു രീതിയിലാണ് ഈ ചെറുപുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. പുസ്തകത്തിലെ ചെറുകുറിപ്പുകളിൽ നിന്നും മലബാർ കലാപം/ അന്തമാൻ മലയാളി ഡയസ്‌പോറയെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഒരാൾക്ക് ലഭിക്കും. ഈ പുസ്തകത്തിന്റെയും എ.പി മുഹമ്മദ് എന്ന ഗ്രന്ഥകാരന്റേയും ഏറ്റവും വലിയ പ്രാധാന്യവും അതുതന്നെയാണ്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന വിവാദങ്ങളെ കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെ മനസ്സിലാക്കാനും ഈ ചെറു പുസ്തകം സഹായിക്കുന്നു. സ്‌കൂളിൽ പോയിട്ടില്ലാത്ത ഒരാൾ മൂന്ന് ഭാഷകളിൽ പൊതുസമൂഹത്തോട് സംവദിക്കാൻ ശ്രമിച്ചതിന്റെ രേഖകൂടിയാണ് ഈ പുസ്തകം. ഹിന്ദി പഠിച്ചത് ജയിൽവാസ കാലത്തായിരുന്നു എന്നദ്ദേഹം ഒരഭിമുഖത്തിൽ പറയുന്നിണ്ട്. മലയാളവും ഇംഗ്ലീഷും സ്വയമായും.

1942 മാർച്ച് 23ന് ജപ്പാൻ സൈന്യം ആൻഡമാനിൽ പ്രവേശിക്കുന്നു.

മലയാളികൾ ഒരു പക്ഷെ മനസ്സിലാക്കാത്ത ജപ്പാൻ അധിനിവേശത്തിന്റെ ചരിത്രം കൂടി അന്തമാൻ ദ്വീപുകൾക്കുണ്ട്. 1942ൽ രണ്ടാം ലോകയുദ്ധകാലത്താണ് ജപ്പാൻ സേന ദ്വീപുകളിൽ അധിനിവേശം നടത്തുന്നത്. 1945വരെ ഇതു തുടർന്നു. ജപ്പാൻ കാലം കൊടിയ ദുരിതത്തിന്റേതായിരുന്നുവെന്ന് അന്തമാൻ യാത്രക്കിടെ കണ്ട മുതിർന്നവരെല്ലാവരും പറഞ്ഞു. ജപ്പാൻകാർ നിർമ്മിച്ച ബങ്കറുകൾ ദ്വീപുകളിൽ ചിലയിടങ്ങളിൽ ഇപ്പോഴും കാണാം. ബ്രിട്ടീഷുകാരുടെ ക്രൂരത ഒന്നുമല്ലെന്ന വിധമായിരുന്നു ജപ്പാൻ സൈനികരുടെ പീഡനങ്ങൾ എന്ന് അവിടെയുള്ളവർ പറഞ്ഞു. ദ്വീപിൽ 2000 പേരെ ഇക്കാലം കൊണ്ട് ജപ്പാൻ സൈന്യം കൊന്നു. (ഭക്ഷ്യക്ഷാമമായിരുന്നു ഇതിനു കാരണമായി പറഞ്ഞതെന്നാണ് ഞെട്ടിക്കുന്ന വസ്തുത). അവർ ജപ്പാനീസ് കറൻസി അവിടെ ഔദ്യോഗിക കറൻസിയാക്കുകയും സാമ്പത്തിക ഇടപാടുകൾക്ക് മറ്റൊരു കറൻസിയും ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. സൈനിക ബാരക്കുകളും പ്ലഷർ ഹൗസുകളുമുണ്ടാക്കാനായി സൈന്യം ഭൂമി വാങ്ങിക്കൂട്ടി. നാട്ടുകാരുടെ കയ്യിലെത്തിച്ചേർന്ന ജപ്പാനീസ് കറൻസി 1945ൽ ഉപയോഗ ശൂന്യമായി. ആ പാഴ്ക്കടലാസുകൾ അവർക്ക് കത്തിച്ചുകളയേണ്ടി വന്നു.

ആ കാലം രേഖപ്പെടുത്തിയ ഒരു മലയാളി എ.പി മുഹമ്മദായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിൽ ജപ്പാൻ കാലത്തെ ചില അനുഭവങ്ങൾ ഇങ്ങിനെ വായിക്കാം: മേലേവീട്ടിൽ അബ്ദുറഹ്‌മാന് ജപ്പാൻ കാലത്ത് അന്തമാൻ പൊലീസിലായിരുന്നു ജോലി. പട്ടിണി മൂലം (കൊടിയ ഭക്ഷ്യ ക്ഷാമമായിരുന്നു ആ കാലത്ത്) ആളെ കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജപ്പാൻകാർ ഓരോ ഭാഗത്തു നിന്നും ആളുകളെ കൊല്ലാനായി ഹാവ്ലോക്ക് ദ്വീപിലേക്ക് കൊണ്ടുപോകുന്ന വിവരം രഹസ്യമായി ആളുകളെ അറിയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. വൈകാതെ ജപ്പാൻകാർ ലോകമഹായുദ്ധത്തിലെ പരാജയത്തെത്തുടർന്ന് അന്തമാൻ വിട്ടതിനാൽ ഹാവ്ലോക്ക് കൊലകളിൽ നിന്നും പല കുടുംബങ്ങളും വ്യക്തികളും രക്ഷപ്പെടുകയായിരുന്നു. 1942 മാർച്ച് മാസത്തിൽ ഉച്ചകഴിഞ്ഞ് നയാപുരം നിവാസിയായ ചുണ്ടമ്പറ്റ കുഞ്ഞയമുട്ടി (പിതാവ് ഫരീദ്) പാടത്തേക്കിറങ്ങി. വീടും പാടവും തമ്മിൽ ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലമുണ്ട്. ജപ്പാൻകാരുടെ മർദനവും വിളകളും മറ്റും കവർന്നെടുക്കലും സാധാരണമായിരുന്നു. കഴിവതും രാത്രി സമയത്ത് നെല്ല് കൊയ്തെടുത്ത്, കന്നുകളെ ഉപയോഗിച്ച് മെതിച്ചെടുത്ത് ഉടനെ മണ്ണിനടിയിൽ കുഴിച്ചിടുക പതിവായിരുന്നു. 1942-43 കാലങ്ങളോർക്കുമ്പോഴേക്ക് മാപ്പിളമാരുടെ മനസ്സിൽ ഭയപ്പാടുണ്ടാകും. കൊടും ചൂടിനെ കണക്കിലെടുക്കാതെ കുഞ്ഞയമുട്ടി നെല്ല് ലക്ഷ്യം വെച്ച് പാടത്തേക്ക് നടന്നു. വീട്ടിൽ അരിയില്ലാത്തതിനാൽ ഒരു ചാക്ക് നെല്ല് വേഗത്തിൽ എത്തിക്കേണ്ടിയിരുന്നു. സ്ഥലത്തെത്തി കുഞ്ഞയമുട്ടി അങ്ങോട്ടുമിങ്ങോട്ടും നോക്കി. ആരും അടുത്തില്ലെന്ന് കണ്ടപ്പോൾ കുഴിച്ചുമൂടിയ ചാക്കിൽ നിന്ന് ഒരു ചാക്ക് നെല്ലെടുത്ത് ചുമലിലേറ്റി. ഏകദേശം 100 മീറ്റർ നടന്നുകാണും, നല്ല മല്ലൻമാരായ രണ്ടു ജപ്പാൻകാർ വന്ന് വഴി തടുത്തു. പരന്ന മൂക്കും ചെറിയ കണ്ണുകളുമുള്ള ഇവർ ജപ്പാൻ ഭാഷയിൽ നെൽചാക്ക് താഴെ വെക്കാൻ ആജ്ഞാപിച്ചു. അവരുടെ കയ്യിലുണ്ടായിരുന്ന തടിച്ച ദണ്ഡുകൊണ്ട് മുട്ടുകാലിലടിച്ച് വന്ന വഴിയിലേക്കു തന്നെ നടക്കാൻ ആവശ്യപ്പെട്ടു. കുഞ്ഞയമുട്ടി വീട്ടിലെ പല പ്രയാസങ്ങളും കേണു പറഞ്ഞെങ്കിലും ജപ്പാൻകാരന് മനസ്സിലായില്ല. തർക്കത്തിനിടയിൽ ഒരു ജപ്പാൻകാരൻ ഒരു ഇഷ്ടിക എടുത്ത് വലത്തെ കയ്യിൽ ഇടിച്ചു. ഇതോടെ കൈ ചുമലുമായുള്ള ബന്ധമറ്റു. കുഞ്ഞയമുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഇതിനു ശേഷം എന്താണുണ്ടായതെന്ന് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞില്ല. ബോധം തിരിച്ചു കിട്ടിയപ്പോൾ വീട്ടിൽ കിടക്കയിൽ കിടപ്പാണ്. മരിക്കുന്നതു വരെ കുഞ്ഞയമുട്ടിയുടെ വലം കൈ ആടിക്കുഴഞ്ഞുകൊണ്ട് തന്നെയായിരുന്നു. ബാത്തുക്കാരുടേയും പഞ്ചാബിക്കാരുടേയും കഥ ഇതിലും മോശമായിരുന്നു. മാപ്പിളമാരുടെ പക്കൽ തവിട്, ഉമി മുതലായവക്കു വേണ്ടി ഇവർ കെഞ്ചിയിരുന്നു. വിശപ്പടക്കാനുള്ള റൊട്ടിയുണ്ടാക്കാൻ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീടാണറിയുന്നത്: (യു.പി/ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ദളിതരെ ദ്വീപിൽ ബാത്തുക്കാർ എന്നാണു വിളിച്ചിരുന്നത്).

അന്തമാനിലെ മാപ്പിള ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന എം. (മാട്ടുമ്മൽ) മരക്കാറുടെ ഡയറിക്കുറിപ്പുകൾ ഈയടുത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്. (അബ്ദുൽ കലാം മാട്ടുമ്മൽ എഴുതിയ ‘ചേറുമ്പിലെ ചെറുത്തുനിൽപ്പുകൾ’ എന്ന പുസ്തകത്തിലാണ് ഡയറിക്കുറിപ്പുകൾ സമാഹരിച്ചിരിക്കുന്നത്). ഡയറിക്കുറിപ്പുകളിൽ നിന്ന്: അപ്പോഴാണ് ഞങ്ങളെ കരുവാരക്കുണ്ടിൽ നിന്നും അടുത്ത വില്ലേജുകളിൽ നിന്നും കൂടി 80 ആളെ പിടിച്ചു നിങ്ങൾ ഗവൺമെണ്ടിനോട് എതൃക്കുന്ന കുറ്റക്കാരാണെന്ന് പറഞ്ഞു അറസ്റ്റ് ചെയ്തു. അങ്ങിനെ ഞങ്ങൾ അറസ്റ്റിൽ ഇരിക്കുമ്പോൾ മലപ്പുറത്തും കാലിക്കറ്റും വെച്ചു മിലിട്ടറി വെള്ളപ്പട്ടാളക്കാര് ഞങ്ങളെ കഠിനമായ ഉപദ്രവങ്ങൾ ചെയ്യുകയാണുണ്ടായത്. അതായത് അവർ ഞങ്ങളെ അടിക്കയും തോക്കിന്റെ ചട്ട കൊണ്ട് കുത്തുകയും അതുതന്നെയുമല്ല ഭക്ഷണം വളരെക്കുറച്ചു തന്ന് കഠിനമായ വിശപ്പ് സഹിക്കയും ചെയ്തു. ഞങ്ങളെ വലിയ കുറ്റക്കാരാക്കി പാണ്ടിക്കാട്ടു വെച്ചു മിലിട്ടറി പട്ടാളത്തോട് യുദ്ധം ചെയ്തു എന്ന കുറ്റം ചുമത്തി. കാലിക്കറ്റ് കോർട്ടിൽ വെച്ച് 121ആം വകുപ്പ് പ്രകാരം 15-8-1921 ജീവപര്യന്തം നാടുകടത്തിയ ശിക്ഷയാണുണ്ടായത്. ശേഷം ഞങ്ങളെ തൃശ്നാപ്പള്ളി ജേലിൽ കൊണ്ടുപോയി വെച്ചു. 3 മാസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ബെല്ലാരി ജേലിൽ കൊണ്ടുപോയി വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ 1922ൽ 12ആം മാസത്തിൽ ആന്തമാനിൽ കൊണ്ടുവന്നു. ശേഷം 11 കൊല്ലം കഴിഞ്ഞപ്പോൾ എല്ലാ ജയിലുകളിൽ നിന്നും എല്ലാവരേയും വിടുകയും 2-6-1933ൽ ആന്തമാനിൽ നിന്ന് ഞങ്ങളേയും വിട്ടു. ശേഷം ഞങ്ങൾ നാട്ടിൽ പോയി നോക്കുമ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന വീടുകളും മറ്റും നശിച്ചു പോയിരിക്കുന്നു. നശിക്കാത്ത വീടുകൾ അക്കാലത്തുണ്ടായിരുന്ന ജന്മികൾ അവരുടേതാക്കി എടുക്കുകയും ചെയ്തിരുന്നു. അപ്പോൾ നാട്ടിൽ നിൽക്കുവാൻ യാതൊരു നിവൃത്തി മാർഗ്ഗവും ഇല്ലാതെ വന്നപ്പോൾ അന്തമാനിലേക്ക് തിരിച്ചുവരികയാണുണ്ടായത്:

റോസ് ദ്വീപിലെ ജപ്പാൻ ബങ്കർ

ശിക്ഷാ കാലാവധി കഴിഞ്ഞ് സ്വന്തം നാടുകളിൽ തിരിച്ചെത്തിയവർ നേരിട്ട അതിസങ്കീർണ്ണമായ ജീവിത പ്രതിസന്ധിയുടെ ചിത്രം ഈ ഡയറിക്കുറിപ്പിൽ തെളിഞ്ഞു നിൽക്കുന്നു. അവർക്കെല്ലാം ജീവിതം കണ്ടെത്താൻ ഒരിക്കൽ തങ്ങളെ തടവിലിട്ട അന്തമാന്റെ മണ്ണിലേക്കു തന്നെ മടങ്ങേണ്ടി വരികയും ചെയ്തു. മാട്ടുമ്മൽ മരക്കാരെക്കുറിച്ച് എ.പി മുഹമ്മദ് തന്റെ പുസ്തകത്തിൽ ഇങ്ങിനെ രേഖപ്പെടുത്തുന്നു: 1922ൽ കരുവാരക്കുണ്ട് സ്വദേശിയായ ഇദ്ദേഹത്തെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് ആൻഡമാനിലേക്ക് നാടുകടത്തി സെല്ലുലാർ ജയിലിലടച്ചു. ശിക്ഷാ കാലം കഴിഞ്ഞ ശേഷം വിംബർലി ഗഞ്ചിൽ സ്ഥിരതാമസമാക്കി. കൃഷിണപ്പണിയെടുത്ത് ജീവിച്ചു. 1987ൽ കേരള മുഖ്യമന്ത്രി ഇ.കെ നായനാർ ദ്വീപു സന്ദർശിച്ചപ്പോൾ ഇദ്ദേഹത്തേയും നെച്ചിയിൽ കുഞ്ഞീദു എന്ന മറ്റൊരു ശിക്ഷക്കാരനേയും സന്ദർശിക്കുകയും കുശലാന്വേഷണം നടത്തുകയും സാമ്പത്തിക സഹായം നൽകുകയുമുണ്ടായി. വിദ്യാസമ്പന്നനായിരുന്ന ഇദ്ദേഹം സ്വന്തം ആവശ്യത്തിനുള്ള കലണ്ടർ ഓരോ വർഷവും നിർമ്മിക്കുമായിരുന്നു:

ഇത്തരത്തിലുള്ള ചെറിയ കുറിപ്പുകളിൽ ഒരോ വ്യക്തിയുടേയും സവിശേഷമായ കഴിവുകൾ രേഖപ്പെടുത്താൻ മുഹമ്മദ് ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അന്തമാങ്കാരുടെ ചരിത്രകാരൻ എന്നു വിളിക്കപ്പെടാൻ അദ്ദേഹം അർഹത നേടുന്നതും. നെച്ചിയിൽ കുഞ്ഞീദുവിന്റെ സവിശേഷത ഇങ്ങനെ രേഖപ്പെടുത്തുന്നു: വിദ്യാസമ്പന്നനായിരുന്ന ഇദ്ദേഹം മാപ്പിളമാരിലെ മറ്റു പ്രധാനികളുമൊത്ത് ഡൽഹിയിൽ ചെന്ന് ദ്വീപുനിവാസികളുടെ പ്രശ്‌നങ്ങൾ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി ചർച്ച നടത്തിയിരുന്നു:

കല്ലുമ്പുരയിൽ മമ്മുവിനെ അടയാളപ്പെടുത്തുന്നത് ഇങ്ങിനെ: ജപ്പാൻകാരുടെ ഭരണകാലത്ത് അവർ ഈറ്റ (ഇഷ്ടിക) ചുമപ്പിക്കുമായിരുന്നു. ഒരിക്കൽ താങ്ങാൻ കഴിയുന്നതിലധികം ഭാരം ചുമപ്പിച്ചപ്പോൾ താങ്ങാനാവാതെ ഈറ്റ താഴെ വീഴാൻ ഇടയായി. ഇക്കാരണത്താൽ ജപ്പാൻകാർ ഇദ്ദേഹത്തെ ക്രൂരമായി മർദിച്ചു. സഹിക്കവയ്യാതെ ജപ്പാൻകാരെ ഇദ്ദേഹവും തിരിച്ചടിച്ചു. അക്കാരണത്താൽ കുറേ നാളുകൾ ഒളിവിൽ കഴിയേണ്ടി വന്നു: ഇയ്യമ്മടത്തിൽ കുഞ്ഞഹമ്മദ് തന്റെ മുൻവരിയിലെ പല്ലുപോയതിനെക്കുറിച്ച് പറയുന്നു: ചെറിയ തെറ്റിന് ജപ്പാൻകാരൻ നാലകത്ത് ഉണ്ണീനോടും കുഞ്ഞമ്മദിനോടും പരസ്പരം മുഖത്തടിക്കാൻ പറഞ്ഞു. രണ്ടു സുഹൃത്തുക്കൾ പരസ്പരം കവിളിലടിച്ചാൽ അത് ഉറക്കെ ആകില്ലെന്നു മനസ്സിലാക്കിയ ജപ്പാൻകാരൻ കുഞ്ഞമ്മദിനെ മാറ്റി നിർത്തി മുഴുവൻ ശക്തിയും സംഭരിച്ച് ഒരു അടി കൊടുത്തതോടെ മുൻവശത്തെ പല്ലുകൾ കൊഴിഞ്ഞു വീണു: ഈ കാലത്ത് കുഞ്ഞമ്മദിന്റെ പ്രായം 17.

മാട്ടുങ്ങൽ മരക്കാറിന്റെ ഡയറിക്കുറിപ്പ് (കടപ്പാട്: ചേറുമ്പിലെ ചെറുത്തുനിൽപ്പുകൾ/ അബ്ദുൽകലാം മാട്ടുമ്മൽ).

അദ്ദേഹം തുടരുന്നു: 1945 ആഗസ്റ്റ് 5,6 തിയ്യതികളിൽ ഹിരോഷിമാ, നാഗസാക്കി എന്നീ സ്ഥലങ്ങളിൽ ബോംബു വീണതോടെ ജപ്പാൻകാർ അന്തമാൻ വിട്ടു. ബ്രിട്ടീഷ് സർക്കാർ നാട്ടിലേക്ക് പോലീസിനെ അയച്ച് മാപ്പിളമാരുടെ ഭാര്യമാരേയും കുട്ടികളേയും അന്തമാനിലേക്ക് ക്ഷണിച്ചു. പക്ഷെ, കുടുംബങ്ങൾ ഇതിലെന്തോ ചതിയുണ്ടെന്ന് സംശയിച്ച് വരാൻ കൂട്ടാക്കിയില്ല. ഞങ്ങളെ ഭർത്താക്കളേയും പിതാക്കളേയും ഒക്കെ വധിച്ച ശേഷം ഞങ്ങളേയും കൊല ചെയ്യാൻ കൊണ്ടുപോവുകയാണോ? എന്നു ചോദിച്ചുകൊണ്ട് അവർ ആ പദ്ധതിയോട് നിസ്സഹകരിച്ചു.
ഇതിനു ശേഷം ബ്രിട്ടീഷ് സർക്കാർ മേമിയോ, മഞ്ചേരി, ഹെർബെട്ടാബാദ്, മലപ്പുറം, മണാർക്കാട്, കാലിക്കറ്റ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന് ഓരോ മാപ്പിളമാരെ നാട്ടിലേക്കയച്ച് മക്കളേയും ഭാര്യമാരേയും ആൻഡമാനിലേക്ക് വരുത്തി. ഇതിൽ മണ്ണാർക്കാട് നിന്ന് കേരളത്തിലേക്ക് ക്ഷണിക്കാൻ പോയത് ചൗദരി അയമുട്ടി ആയിരുന്നു. അങ്ങിനെ പലരുടേയും കുടുംബം ആൻഡമാനിലെത്തിയതോടെ മാപ്പിളമാർക്ക് എന്തെന്നില്ലാത്ത സന്തോഷമായി. തങ്ങളുടെ ഭാര്യമാരേയും മക്കളേയും ഇനി ഒരിക്കലും കണ്ടുമുട്ടാൻ സാധിക്കുകയില്ലെന്നാണ് 1921ൽ ശിക്ഷിക്കപ്പെട്ട് ആൻഡമാനിലെത്തിയ മാപ്പിളമാർ കരുതിയിരുന്നത്. എന്നാൽ ഇതിനു ഭാഗ്യം ലഭിക്കാതെ പോയവരുടെ എണ്ണവും കുറവായിരുന്നില്ല. ലംഭാ ലൈൻ റോഡ് പണിയും മീഠാഖാടി എയർപോർട്ട് പണിയും എടുക്കാൻ കൊണ്ടുപോയ ആളുകളെ കെട്ടിയിട്ട് തല്ലുക പതിവായിരുന്നു. ഇതിൽ മാറാരോഗികളായവരും നിസ്സാരകാര്യങ്ങൾക്ക് കൊല ചെയ്യപ്പെട്ടവരുമുണ്ടായിരുന്നു: (അന്തമാനിൽ സ്ഥലങ്ങൾക്ക് മലപ്പുറം, മണ്ണാർക്കാട്, വണ്ടൂർ, കാലിക്കറ്റ് തുടങ്ങിയ പേരുകളുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നും അവിടെയെത്തിയവരിട്ട പേരുകളാണിത്).

മുസ്ലിംങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ആരാധനാ തർക്കങ്ങളേയും പുസ്തകം അവതരിപ്പിക്കുന്നു, ഇഖാമത് അബുവിനെ അവതരിപ്പിച്ചുകൊണ്ട്: സുന്നി-മുജാഹിദ് പ്രവർത്തകർ പള്ളിയിൽ നമസ്‌ക്കാരത്തിന് ഒരുമിച്ചു കൂടും. ബാങ്ക് കൊടുത്ത ഉടനെ അബു ഇഖാമത് കൊടുക്കും. അപ്പോൾ മുജാഹിദ് വിഭാഗം ജമാഅത്ത് നമസ്‌ക്കാരം (സംഘ നമസ്ക്കാരം) തുടങ്ങും. സുന്നി വിഭാഗം മാറി നിൽക്കും. ഇത് മിക്കവാറും ദിവസങ്ങളിൽ ആവർത്തിക്കും. അങ്ങിനെ അബുവിന് ‘ഇഖാമത് അബു’ എന്ന പേർ സിദ്ധിച്ചു: (മത തർക്കങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് മുജാഹിദ് പക്ഷപാതിത്വമുണ്ട്).

പ്രധാനമന്ത്രി നരേന്ദ്ര മോദി സെല്ലുലാർ ജയിലിൽ സവർക്കർക്ക് ആദരാജ്ഞലി അർപ്പിക്കുന്നു

മനുഷ്യരുടെ നേർജീവിത കഥകളുടെ ഒരു ആർക്കൈവായി ഈ പുസ്തകം എങ്ങിനെ മാറുന്നുവെന്ന് കാണിക്കാൻ വേണ്ടിയാണ് കുറച്ച് ഉദാഹരണങ്ങൾ ഇവിടെ അവതരിപ്പിച്ചത്. ഈ തരത്തിൽ പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ഓരോ മനുഷ്യനും ഓരോ ജീവിത അധ്യായങ്ങൾ തന്നെയാണ്. ബ്രിട്ടീഷ് കോളനി കാലത്തിന്റേയും ജപ്പാൻ അധിനിവേശകാലത്തിന്റേയും നിരവധിയായ ഓർമ്മകൾ ഈ ചെറുപുസ്തകത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. ചരിത്രവും സംസ്‌ക്കാരവും മനുഷ്യജീവിത കഥകളും അറിയാനാഗ്രഹിക്കുവർക്കുള്ള അച്ചടി താളുകളായി ഈ ചെറുപുസ്തകം പ്രവർത്തിക്കുന്നു. അങ്ങിനെ എ.പി മുഹമ്മദ്, സ്റ്റിവർട്ട് ഗഞ്ച് അന്തമാങ്കാരുടെ ചരിത്രകാരനായി മരണാനന്തര ജീവിതത്തിലും തുടരുന്നു.

അന്തമാൻ യാത്ര കഴിഞ്ഞ് മടങ്ങാനായി പോർട്ട് ബ്ലെയറിൽ നിന്നും തയ്യാറെടുക്കുമ്പോൾ എന്തുകൊണ്ടോ സെല്ലുലാർ ജയിലിൽ ഒന്നുകൂടി കാണണമെന്ന് തോന്നി. സെല്ലുകളിലൂടെ നടന്ന് സവർക്കർ കിടന്ന സെല്ലിൽ എത്തി. അവിടെ അപ്പോഴും പ്രത്യേക പൂജകളും പ്രാർഥനകളും തുടരുക തന്നെയായിരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read