മുഖ്യധാരാ മാധ്യമങ്ങൾ ആദിവാസി പ്രശ്നങ്ങളെ അദൃശ്യവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് ‘ഇന്ത്യാ ടുഡേ ആജ് തക്ക് സാഹിത്യ സമ്മാൻ’ നിരസിച്ച ഝാർഖണ്ഡിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള കവിയും മാധ്യമ പ്രവർത്തകയുമായ ജസീന്ത കെർക്കട്ടയുമായുള്ള സംഭാഷണം.
‘ഈശ്വർ ഓർ ബസാർ’ എന്ന കവിതാസമാഹാരത്തിന് ഇന്ത്യാ ടുഡേ ആജ് തക്ക് സാഹിത്യ സമ്മാൻ നിരസിച്ചതിലൂടെ, ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾ അദൃശ്യമാക്കുന്ന ഗോത്രവർഗ പ്രശ്‌നങ്ങളിലേക്ക് നിങ്ങൾ ഒരിക്കൽ കൂടി രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചു. മണിപ്പൂർ കലാപത്തിലെ കുക്കി വംശഹത്യ മറച്ചുപിടിക്കാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് മുന്നിൽ മണിപ്പൂരിനെയും നിങ്ങൾ ഓർമ്മിപ്പിച്ചു. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ, നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ആദിവാസികളെ അദൃശ്യവത്കരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെയും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും എങ്ങനെയാണ് വിലയിരുത്തുന്നത്?
ഈ രാജ്യത്ത്, ആദിവാസികളുടെ പ്രശ്നങ്ങളും സമരങ്ങളും ഒരിക്കലും നേരായി മനസ്സിലാക്കപ്പെടുകയില്ല. ആദിവാസികൾ വികസന വിരോധികളാണെന്നും അപരിഷ്കൃതരാണെന്നുമുള്ള കാഴ്ചപ്പാടിലൂടെയാണ് മുഖ്യധാരാ സമൂഹം എന്ന് വിളിക്കപ്പെടുന്നവർ ഇപ്പോഴും ഞങ്ങളെ കാണുന്നത്. ആ വീക്ഷണം മാറ്റുന്നതിനായി മുഖ്യധാരാ മാധ്യമങ്ങൾ എന്തെങ്കിലും പങ്കുവഹിക്കുന്നതായി കാണുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളിൽ ആദിവാസികളില്ല. അതുകൊണ്ട് തന്നെ അവിടെയും വരേണ്യമനോഭാവം നിലനിൽക്കുന്നു. നോർത്ത് ഈസ്റ്റിലെ ആദിവാസികളോട് മാധ്യമങ്ങൾക്ക് എപ്പോഴും നിസ്സംഗതയുണ്ട്. ഇതൊരു വസ്തുതയാണ്.
ആദിവാസി പ്രശ്നങ്ങൾ അന്വേഷിക്കാനും കണ്ടെത്താനും മാധ്യമ പ്രവർത്തനം ജസീന്തയ്ക്ക് എത്രത്തോളം സഹായകരമായി ? ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകയാവാൻ പ്രേരിപ്പിച്ചതെന്താണ്? ഗ്രാസ്റൂട്ട് മാധ്യമപ്രവർത്തനത്തിലൂടെ ആദിവാസി ജീവിതത്തിൽ മാറ്റംകൊണ്ടുവരാം എന്ന പ്രതീക്ഷയുണ്ടോ ?
ഞാൻ സ്കൂൾകുട്ടിയായിരിക്കുമ്പോൾ, തൊട്ടടുത്ത നഗരത്തിലെ ഗുണ്ടകളായ മേലാളന്മാർ എന്റെ അമ്മാവനെ കൂട്ടംകൂടിക്കൊന്നു. ഞങ്ങൾക്ക് പറയാനുള്ളത് എന്തെന്ന് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് അന്ന് എന്നെ നടുക്കി. കൊലപാതകികളെയല്ല, പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ഞങ്ങളുടെ കുടുംബത്തിലുള്ളവരെയാണ്. ഞങ്ങൾക്ക് പറയാനുള്ളത് എവിടെ എങ്ങനെ അവതരിപ്പിക്കും എന്ന് ആർക്കും ഒരറിവും ഉണ്ടായിരുന്നില്ല. അതിനാലാണ് ഞാൻ എഴുതി തുടങ്ങിയത്. എനിക്ക് എന്റെ ആളുകളെ കുറിച്ചെഴുതാം, അതിനാലാണ് ഞാൻ മാധ്യമപ്രവർത്തകയായി മാറിയത്. ഏതാനും വർഷങ്ങൾ പത്രങ്ങളിൽ പണിയെടുത്തെങ്കിലും എനിക്ക് എഴുതേണ്ടിടത്ത് എത്താനുള്ള വഴി കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല. യു.എൻ.ഡി.പി ഫെല്ലോഷിപ്പും മറ്റു സഹായങ്ങളും കിട്ടിയപ്പോൾ എനിക്കു ഗ്രാമങ്ങളിലേക്ക് ചെല്ലാൻ കഴിഞ്ഞു.
ഗ്രാമങ്ങളിലെയും ആദിവാസി ഊരുകളിലെയും പ്രശ്നങ്ങളും പ്രതിസന്ധികളും സൂക്ഷ്മസംവേദനത്തോടെയും അവബോധത്തോടെയും പൊതുശ്രദ്ധയിൽ എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ മാധ്യമപ്രവർത്തകരും ഇന്ത്യയിലുണ്ട്. ഓരോരുത്തരുടെയും ജീവിതാവസ്ഥകൾ അവരവരുടെ വാക്കുകളിൽ എല്ലാവരിലേക്കും എത്തിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് പ്രശസ്ത മാധ്യമപ്രവർത്തകൻ പി സായ്നാഥ് , അദ്ദേഹത്തിന്റെ കൂടെയാണ് ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്, അദ്ദേഹം ആരംഭിച്ച പീപ്പിൾസ് ആർക്കേവ് ഓഫ് ഇന്ത്യയും (PARI) അതുപോലെയുള്ള മാധ്യമങ്ങളും ആദിവാസി വിഷയങ്ങൾ ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്.
ആളുകളുടെ ബോധം ഉണർത്തുന്ന, അവരിലെ മനുഷ്യത്വവും സംവേദനത്വവും സംരക്ഷിക്കുന്ന, സ്വയം മനസ്സിലാക്കാനും മറ്റുള്ളവരെ ഉൾക്കൊള്ളാനും അവരെ സഹായിക്കുന്ന മാധ്യമ പ്രവർത്തനത്തിന് തീർച്ചയായും മാറ്റംകൊണ്ടുവരാനാവും. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങൾക്ക് ഈ സമൂഹം വെറും ഒരു ആൾക്കൂട്ടമാണ്, അവരുടെ വിപണിയാണ്, അവരുടെ കച്ചവടത്തിന്റെ ഭാഗമാണ്. മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളുടെ ശക്തിയും വിശ്വാസവും കവർന്നെടുക്കുകയാണ്, അവരുടെ പ്രതീക്ഷകളെ വഞ്ചിക്കുകയാണ്, സമൂഹത്തെയും രാജ്യത്തെയും അവർ കൂട്ടമായ് താഴേക്കുകൊണ്ടുപോകുന്നു.
സ്വന്തം മണ്ണിൽ നിന്നും പുറന്തള്ളപ്പെട്ട് വികസനത്തിന്റെ ഇരകളായ ആദിവാസികൾ ജസീന്തയുടെ കവിതകളിൽ അഭയം പ്രാപിക്കുന്നു. ഹിന്ദിയിൽ കവിതയെഴുതുന്ന ഒരു ആദിവാസി കവി എന്ന നിലയിൽ, നിങ്ങളുടെ സ്വന്തം കവിതയെക്കുറിച്ചും, ഹിന്ദിയിൽ എഴുതുന്നതിനെക്കുറിച്ചും പറയാനാവുമോ ?
വെള്ളിക്കാശിനായുള്ളം
വിൽക്കുന്നോരെങ്ങനെ
കുന്നുകൾക്കുയിരേകും
കൂട്ടരുടെയുള്ളമറിയും ?
(ഈശ്വർ ഓർ ബാസാർ എന്ന കവിതാ സമാഹാരത്തിൽ നിന്നും)
രാജ്യത്തിന്റെ വികസനത്തിനായി പരമാവധി ത്യാഗം അനുഷ്ഠിച്ചവരാണ് ആദിവാസികൾ. എന്നാൽ വികസനത്തിന്റെ നേട്ടങ്ങൾ ഒരിക്കലും ആദിവാസികൾക്ക് ലഭിച്ചില്ല. ഞാൻ എഴുതുന്ന കവിതകളിൽ ഇതെല്ലാം പകർത്താൻ ശ്രമിക്കുന്നു. ഞങ്ങളുടെ വർത്തമാനങ്ങൾ ഞങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതിരിക്കാൻ ഞാൻ ഹിന്ദിയിൽ എഴുതുന്നു. മുഖ്യധാരാ എന്നു വിളിക്കപ്പെടുന്ന സമൂഹവും, അധികാരകേന്ദ്രങ്ങളും ഞങ്ങളെ കേൾക്കുന്നതിനായി ഞാൻ ഹിന്ദിയിൽ എഴുതുന്നു. ഭാഷയെ ഞങ്ങളുടെ ആയുധമാക്കുന്നു.
അതേസമയം ഗോത്രഭാഷകളെ, അവയിലെ അറിവുകളെയും അവബോധങ്ങളെയും ഞങ്ങൾ സംരക്ഷിക്കുന്നു. ഞങ്ങളുടെ ലോകത്ത് നിന്നുള്ള വാക്കുകൾ ഹിന്ദിയിലേക്ക് കൊണ്ടുവരുന്നു. വിവിധ ആദിവാസി ഗോത്രങ്ങൾക്കിടയിലെ ആശയവിനിമയത്തിന് ഹിന്ദി ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഇന്ന് ധാരാളം ആദിവാസികൾ അവരവരുടെ ഭാഷയിലും എഴുതുന്നു.
ആദിവാസികൾ പരിഷ്‌കൃതരാവാൻ കാത്തിരിക്കുന്നവരോട് മനുഷ്യരാകാൻ പറയുന്നു ജസീന്തയുടെ കവിത. മുഖ്യധാരാസമൂഹം ഇന്നും നൂറ്റാണ്ടുകൾക്ക് മുമ്പുള്ളവരായി ആദിവാസികളെ സങ്കൽപ്പിക്കുന്നു. കേരളത്തിൽ പോലും ആദിവാസികളെ ‘ലിവിങ്ങ് മ്യൂസിയ’ങ്ങളിൽ പ്രദർശിപ്പിക്കുന്നു. ആദിവാസികളും പൊതുസമൂഹവും തമ്മിലുള്ള ഈ വിടവ് നികത്താനാകുമോ ?
പരുഷവും നിന്ദ്യവുമാണ് ഇന്നും ആദിവാസികളോടുള്ള മുഖ്യധാരാ സമൂഹത്തിന്റെ മനോഭാവം. അവരുടെ വരേണ്യബോധത്തിന്റെ പ്രതിഫലനമാണത്. അതിനാലാണ് ഞങ്ങൾ പരിഷ്കൃതരാവാൻ അവർ കാത്തിരിക്കുമ്പോൾ അവർ മനുഷ്യരാവാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്ന് ഞാൻ എഴുതിയത്.
വ്യത്യസ്തതകൾക്കിടയിലും മനുഷ്യരായ നമുക്ക് ഒരേ ബോധത്തിലേക്കും മനുഷ്യത്വത്തിലേക്കും എത്തിച്ചേരാനാകും. അതിനുള്ള ധൈര്യം വേണമെന്ന് മാത്രം. കവിതകളിലൂടെയും സംവാദങ്ങളിലൂടെയും ലോകമെമ്പാടുമുള്ള ആദിവാസികളുടെ ജീവിതവും അവരുടെ കഷ്ടതകളും പ്രതീക്ഷകളും പോരാട്ടങ്ങളും പകർത്താൻ ഞാൻ ശ്രമിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ആശയവിനിമയം നടത്താൻ ഞാൻ ശ്രമിക്കുന്നു. എന്തെന്നാൽ എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് ചുരുക്കപ്പെട്ടവരാണ്. മറ്റുള്ളവരെ കുറിച്ച് പരിമിതമായ അറിവ് മാത്രമുള്ളവരാണ്. പരസ്പരം അറിയാനും, അനുഭവിക്കാനും ഒരുമിക്കുവാനും നമുക്ക് കഴിയേണ്ടതുണ്ട്.
ആദിവാസികളും ഖനനവും എന്ന വിഷയത്തിൽ പഠനം നടത്തിയിട്ടുണ്ടല്ലോ, കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരുകൾ ഖനന കമ്പനികൾക്കെതിരെ സമരം ചെയ്യുന്ന ആദിവാസികളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്നു, യു.എ.പി.എ ഉൾപ്പെടെയുള്ള നിയമങ്ങൾ ചുമത്തുന്നു, അവരെ കള്ളക്കേസുകളിൽ കുടുക്കുന്നു. സമരങ്ങളും പ്രതിഷേധങ്ങളും അറസ്റ്റുകളും തുടരുകയാണ്. കാടും വെള്ളവും ഭൂമിയും സംരക്ഷിക്കുന്ന ഗോത്രമൂല്യങ്ങളുടെ പാരിസ്ഥിതിക രാഷ്ട്രീയം ഇന്ത്യയിൽ അടിച്ചമർത്തപ്പെടുന്നതും അവഗണിക്കപ്പെടുന്നതും എന്തുകൊണ്ടാണ് ?
പൊലീസ് സ്റ്റേഷനുകളിലും ആദിവാസി മേഖലകളിലെ പൊലീസ് കണ്ടോന്മെന്റുകളിലും ആദിവാസികൾക്ക് യാതൊരു പരിഗണനയുമില്ല. മറ്റു പല ഇടങ്ങളിൽ നിന്നും എത്തുന്ന പൊലീസുകാർ ആദിവാസികളെ നിന്ദ്യരായ് കാണുകയും കഴിയുംവിധമെല്ലാം കൊള്ളയടിക്കുകയും ചെയ്യുന്നു. രാത്രിയിൽ അവർ ആദിവാസികളുടെ കുടിലുകളിൽ കയറി അവരെ മർദിച്ച് പണം വാങ്ങിക്കുന്നു. കറുപ്പ് വളർത്തൽ കേസിൽ കുടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ആദിവാസികൾക്ക് നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതിനാലും, പുറത്തിറക്കാൻ ആരും ഇല്ലാത്തതിനാലും അവർ ജയിലിൽ പോകുന്നതിൽ ഭയപ്പെടുന്നു. ആദിവാസി മേഖലകളിലെ പൊലീസ് കന്റോൺമെന്റുകൾ അവരുടെ ലളിതവും മനോഹരവുമായ ജീവിതം കൂടുതൽ ദുഷ്കരമാക്കി. അതിനാൽ പ്രതിഷേധങ്ങൾ ഉള്ളിൽ പുകഞ്ഞുകൊണ്ടേയിരിക്കുന്നു.
ഗോത്രവർഗക്കാർ കാര്യങ്ങളെ പരസ്പരബന്ധിതമായാണ് കാണുന്നത്. മുഖ്യധാരാ വിദ്യാഭ്യാസത്തിൽ നിന്ന് വരുന്ന പരിസ്ഥിതി പ്രവർത്തകർ പോലും സമഗ്രതയില്ലാതെയാണ് കാര്യങ്ങളെ കാണുന്നത്. എല്ലാം പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പൂർണ്ണമായി അവർ അറിയുന്നില്ല. അതിനാൽ, വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആദിവാസികളെ വനത്തിൽ നിന്ന് മാറ്റണമെന്ന് അവർ വാദിക്കുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, പ്രകൃതിയെ ചൂഷണം ചെയ്യുന്നതാകുന്നു വികസനത്തിന്റെ അടിത്തറ. പരസ്പരബന്ധിതമായും സമഗ്രമായും കാര്യങ്ങളെ കാണാത്തതിനാൽ മുഖ്യധാരാ സമൂഹവും, രാഷ്ട്രീയവും ആത്യന്തികമായി മനുഷ്യരുടെ ശവക്കുഴി തോണ്ടുകയാണ്.
ആദിവാസി ജീവിതത്തെയും ഉപജീവനത്തെയും താറുമാറാക്കുന്ന വികസനത്തെക്കുറിച്ച് കവിത എഴുതുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ ? എന്തുകൊണ്ടാണ് എപ്പോഴും ആദിവാസികൾ വികസനത്തിന്റെ ഇരകളാകുന്നത് ? ആദിവാസികൾ എന്തുകൊണ്ട് വികസനത്തിന്റെ ഗുണഭോക്താക്കളാവുന്നില്ല ?
ഝാർഖണ്ഡിൽ മാത്രമല്ല, ഒഡീഷയിലെയും ഛത്തീസ്ഗഢിലെയും മുഴുവൻ ഗോത്രമേഖലയിലും ആളുകൾ വർഷങ്ങളായി കൽക്കരി, ഇരുമ്പ്, ബോക്‌സൈറ്റ് ഖനനത്തെ എതിർക്കുന്നു. ആദിവാസികൾ കുടിയൊഴിപ്പിക്കപ്പെടുക മാത്രമല്ല, പുറത്തുനിന്നുള്ളവർ സമീപപ്രദേശങ്ങളിൽ സ്ഥിരതാമസമാക്കുവാനും തുടങ്ങുന്നു. ആദിവാസികളുടെ ജീവിതരീതിയെയും ഭാഷയെയും സംസ്കാരത്തെയും ഈ അധിനിവേശം ആഴത്തിൽ സ്വാധീനിക്കുന്നു. ആദിവാസി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. ഒരാൾക്കും സ്വതന്ത്രമായി എവിടെയും പോകാൻ കഴിയുന്നില്ല. ആദിവാസികൾ പ്രതിഷേധിക്കുമ്പോൾ, ആദിവാസി മേഖലകളിൽ പൊലീസ് കന്റോൺമെന്റുകൾ കൂടിക്കൊണ്ടിരിക്കുന്നു. ഈ അടിച്ചമർത്തലുകൾ മധ്യേന്ത്യയിലെ ആദിവാസികൾക്കെതിരെ ഇന്നും തുടരുന്നു.
എല്ലാ സൗകര്യങ്ങളും തങ്ങൾക്ക് വേണമെന്ന ചില ആളുകളുടെ വരേണ്യ മാനസികാവസ്ഥയാണ് ഇതിന് കാരണം, പങ്കിട്ടെടുക്കുന്ന സംസ്കാരം ഇല്ലാത്തിടത്ത്. ഇത്തരക്കാർ അധികാരത്തിലിരിക്കുന്നതിനാൽ ഈ മാനസികാവസ്ഥ ശക്തിപ്പെടുന്നു. വികസനത്തിനായി ആദിവാസികളോട് ആവശ്യപ്പെടുന്നത് ത്യാഗം മാത്രമാണ്. കുടിയിറക്കത്തിന്റെയും കുടിയേറ്റത്തിന്റെയും കഠിനഭാരം അവർ ചുമക്കുന്നു. ആദിവാസികൾക്ക് മാന്യമായ ജീവിതമുണ്ടോയെന്ന് ആർക്കാണ് ആശങ്കയുള്ളത് ?
ആദിവാസി സ്ത്രീകളുടെ ജീവിത പോരാട്ടങ്ങളെ തീവ്രമായി ആവിഷ്കരിക്കുന്നു ജസീന്തയുടെ കവിതകൾ. സ്വന്തം അമ്മയെ കുറിച്ചും ജസീന്ത എഴുതിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചർച്ചകളിൽ ആദിവാസി സ്ത്രീകൾ അവഗണിക്കപ്പെടുന്നുണ്ടോ ?
അമ്മയോടുള്ള അനുതാപം
വെളിവാക്കിയിരുന്നില്ലയച്ഛൻ.
അതുപോലെ ഞങ്ങൾക്കും
സ്നേഹിക്കാനായില്ലയച്ഛനെ.
എല്ലാറ്റിനും കുറ്റപ്പെടുത്താനായി
അച്ഛനുണ്ട് എപ്പോഴും അമ്മ.
അച്ഛനോടു പൊറുക്കാനും
ഹൃദയത്തിലെ കയ്പ്പിറക്കാനും
ഞങ്ങൾക്കു തോന്നിയ കാലം
അച്ഛന്റെ കാലം കഴിയെ
ഞങ്ങൾ അച്ഛനെ നോക്കി
കുറ്റബോധം തീർത്തു.
എങ്കിലും ഏറെനാൾ ഒരു ചിന്ത
ഞങ്ങൾക്കുള്ളിലെരിഞ്ഞു.
ഓരോ സ്ത്രീയും
ഓരോ പുരുഷനോടും
ക്ഷമിക്കുന്നു, അവരുടെ –
ഹൃദയത്തിലെ കയ്പ്പിറക്കുന്നു.
ജീവിതത്തിലൊരിക്കലും
സ്ത്രീയെ സ്നേഹിക്കാത്തവർ –
എന്നാൽ എവിടെപോയി
പശ്ചാത്തപിക്കുന്നു ?
(ദൈവവും ബസാറും എന്ന കവിതാ സമാഹാരത്തിൽ നിന്നും)
ആദിവാസി സമൂഹങ്ങൾ പലതും പുരുഷാധിപത്യപരമാണ്. മുഖ്യധാരാ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ആദിവാസി സ്ത്രീകൾക്ക് പല കാര്യങ്ങളിലും സ്വാതന്ത്ര്യമുണ്ടെങ്കിലും അവർക്ക് വസ്തുവിലോ ഭൂമിയിലോ ഉള്ള അവകാശം ലഭിക്കുന്നില്ല. ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടത്തിൽ സ്ത്രീകൾ മുന്നിൽ നിൽക്കുന്നു. എന്തെന്നാൽ കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയുമാണ് കുടിയിറക്കൽ ഏറെ ബാധിക്കുന്നത്. സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ആദിവാസി ഗോത്രങ്ങൾക്കകത്തും ബോധവത്കരണവും സംവാദങ്ങളും ആനിവാര്യമാണ്.
ബിർസ മുണ്ടയുടെ ജന്മനാട്ടിൽ വെച്ച് ജൻജാതിയ ഗൗരവ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോത്രവർഗക്കാർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പദ്ധതികളോട് ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങൾ എങ്ങനെ പ്രതികരിക്കും?
ഝാർഖണ്ഡിൽ വർഷങ്ങളായി ബിജെപി സർക്കാരായിരുന്നു. അവർ ഈ സംസ്ഥാനത്തെ ഒരുപാട് കൊള്ളയടിച്ചു. സവർണ മനോഭാവത്തിന്റെ വാഹകരാണവർ. ആദിവാസികളുടെ ഭാഷയും സംസ്കാരവും സ്വത്വവും ശക്തിപ്പെടുത്താനും ആദിവാസികളുടെ നിലനിൽപ്പിനായും അവർ ഒന്നും ചെയ്തില്ല. കഴിഞ്ഞ തവണ ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയപ്പോൾ ഝാർഖണ്ഡ് കത്തുകയായിരുന്നു. ആദ്യമായാണ് ആദിവാസികൾക്ക് എതിരെ ആൾക്കൂട്ട കൊലപാതകം നടന്നത്. ആദിവാസികൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളിൽ ഭേദഗതികൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലായിടത്തും പ്രതിഷേധങ്ങളുണ്ടായി. പ്രതിഷേധിക്കുന്നവരെയെല്ലാം ജയിലുകളിലടച്ചു. ഇന്ന് അധികാരത്തിനുവേണ്ടി മാത്രം പ്രധാനമന്ത്രി ഝാർഖണ്ഡിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നു. മറ്റൊന്നുമില്ല.