തെത്സുകോ കുറോയാനഗിയുടെ ടോട്ടോ-ചാൻ നോവലിൽ നിന്നുള്ള പ്രചോദനത്തിൽ ഒരു റ്റോമോ സ്കൂൾ തുടങ്ങിയ കഥ.
(2013 നവംബർ കേരളീയം മാസികയിൽ അബ്ദുള്ളക്കുട്ടി എടവണ്ണ എഴുതിയ ഒരു റ്റോമോ സ്കൂൾ അനുഭവം)
കുട്ടികൾക്കിടയിൽ നാടകവും പരിസ്ഥിതി പഠനവുമായി സജീവമായ നാളുകളിലാണ് ‘ടോട്ടോച്ചാൻ’ ഞങ്ങളിലേക്കെത്തുന്നത്. വല്ലാത്ത ഒരഭിനിവേശത്തോടെ അനുഭവിക്കുകയും പങ്കുവെയ്ക്കുകയും വായിപ്പിക്കുകയും ചെയ്തുകൊണ്ട് പുസ്തകത്തെ ഞങ്ങളുടെ സംഘം ഹൃദയത്തിലേറ്റുവാങ്ങി.
അധ്യാപകനായ ശേഷം സ്കൂളിൽ നിന്ന് കുട്ടികളെയുംകൊണ്ട് കുശവക്കോളനിയിലേക്കും പുഴയോരത്തേക്കും മലമുകളിലേക്കും കാടിലേക്കും ഇടയിടെ പോകാറുണ്ടായിരുന്നു. അട്ടപ്പാടിയിലെ “സാരംഗ് നടത്തിയ ഒരു വിദ്യാഭ്യാസ ശില്പശാലയിൽ പങ്കെടുത്തതോടെയാണ് ഞങ്ങളുടെ കാഴ്ചപ്പാടുകൾ മാറിയത്. പ്രൈമറി ക്ലാസുകളിൽ ഡി.പി.ഇ.പി വന്ന കാലമായിരുന്നു അത്. സ്കൂളിൽ ഇത് വലിയ തുറസ്സ് തരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അധ്യാപകരല്ലാതിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ മൂൺസ് ചന്ദ്രനും ഹനീഫയുമൊക്കെ ഇടക്ക് പാട്ടുകളുമായി സ്കൂളുകളിലെത്തും. സ്കൂളിലെ ഏറ്റവും പിന്നോക്കക്കാരായ കുട്ടികളെ വച്ച് ചന്ദ്രൻ യുവജനോത്സവത്തിനായി ഒരു നാടകമൊരുക്കി. ഈ കുട്ടികൾ ക്ലാസ് കട്ട് ചെയ്ത്
ചന്ദ്രന്റെ പരസ്യസ്ഥാപനമായ മുൺസ് ആർട്ട്സിലേക്ക് എത്തും. നാടകത്തോടൊപ്പം ചന്ദ്രൻ അവരെ അക്ഷരങ്ങളും പഠിപ്പിച്ചു.
എടവണ്ണ സർക്കാർ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി രജീഷ്കുമാർ അധ്യാപകർ പുറത്താക്കിയതിന്റെ പേരിൽ സ്കൂളിനു മുമ്പിലെ പീടിക വരാന്തയിൽ സ്കൂൾ സമയത്ത് തൂങ്ങിമരിച്ച സംഭവമുണ്ടാകുന്നത് അക്കാലത്താണ്. ഞങ്ങളെ ഏറെ മുറിപ്പെടുത്തിയ ആ സംഭവം, എന്നാൽ കുട്ടി പഠിച്ച സ്കൂളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി. ഞാൻ താൽക്കാലിക അധ്യാപകനായി ഇതേ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സമയമാണത്. അവിടെ ഈ ദുരന്തം ചർച്ച ചെയ്യാൻ ഞാൻ ശ്രമിച്ചു. അതെന്നെ ഒറ്റപ്പെടുത്തി. എന്നാൽ സ്കൂളിനു പുറത്ത്, ഞങ്ങളുടെ സുഹൃദ്സംഘം ആത്മഹത്യ ചർച്ചാവിഷയമാക്കി. “കുട്ടിയുടെ ആത്മഹത്യ നമ്മെ പഠിപ്പിക്കുന്ന കാര്യങ്ങൾ’ എന്ന ലഘുലേഖ പ്രസിദ്ധീകരിച്ച് സംസ്ഥാനത്തുടനീളം വിഷയം വ്യാപിപ്പിക്കുകയും ചെയ്തു. കുട്ടികൾ അനുഭവിക്കുന്ന സ്നേഹരാഹിത്യത്തിന് പരിഹാരമുണ്ടാക്കാൻ എല്ലാ സ്കൂളും റ്റോമോ സ്കൂളായി മാറേണ്ടതുണ്ട് എന്നും അധ്യാപകരെല്ലാം കൊബായാഷി മാഷായി മാറണമെന്നും ഞങ്ങൾ പലയിടത്തും പ്രസംഗിച്ചു.
റ്റോമോ സ്കൂളിനെപ്പോലെ ഒരു ബദൽ വിദ്യാലയം തുടങ്ങിയാലോ എന്ന ചിന്ത ഞങ്ങളിൽ ബലപ്പെട്ടു. എന്നാൽ ഞങ്ങളുടെ നാട്ടിൽ ബദൽ ചിന്താഗതിയോടെ വിദ്യാലയം തുടങ്ങിയാൽ കനവിലും സാരംഗിലും വരുന്നപോലെ കുട്ടികളുണ്ടാകില്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അഞ്ചുവയസ്സു കഴിഞ്ഞ ഒരു കുട്ടിയും വെറുതെയിരിക്കുന്നില്ല എന്നതാണ് മുഖ്യകാര്യം. നാട്ടിലെ സർക്കാർ സ്കൂളുകളിലേക്കും കാശുള്ളവർ ഇംഗ്ലീഷ്മീഡിയം സ്കൂളുകളിലേക്കും കുട്ടികളെ പറഞ്ഞയക്കും. അവധിക്കാലത്ത് നാടകവും ചിത്രരചനയും പഠിക്കാൻ ഞങ്ങളുടെ അടുത്തേക്ക് കുട്ടികളെ വിട്ടെന്നരിക്കും. എന്നാൽ അതിന് ഒരു തുടർച്ചയുണ്ടാകില്ല. അതേസമയം ഒരു ടൂഷ്യൻ സെന്റർ തുടങ്ങിയാൽ സ്കൂളിൽ പോകുന്ന കുട്ടികൾ സ്ഥിരമായി വരും. അങ്ങനെയാണ്. ട്യൂഷൻ സെന്ററിന്റെ ഘടനയിൽ ഞങ്ങളുടെ സങ്കല്പങ്ങൾ കൂട്ടിച്ചേർത്ത് ഒരു റ്റോമോ സ്കൂൾ തുടങ്ങാം എന്ന ആശയം ഉള്ളിലുണ്ടായത്.
എടവണ്ണ അങ്ങാടിയോട് ചേർന്ന്, ഒരു ഷോപ്പിംഗ് കെട്ടിടത്തിലെ മുകൾ നിലയിൽ സ്ഥലം കണ്ടെത്തി. ബാങ്ക് ലോൺ എടുത്തു. പേരിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു സംശയവുമുണ്ടാകില്ല, റ്റോമോ സ്കൂൾ, കൊബയാഷി മാഷ് കൊച്ചു ടോട്ടോയോട് “സത്യമായിട്ടും നീ നല്ല കുട്ടിയാ” എന്നു പറയുന്ന ആപ്തവാക്യം അവിടെ വലുതായി എഴുതിവച്ചു. മാഷും ടോട്ടോച്ചാനും നിൽക്കുന്ന മനോഹരമായ വർണ്ണചിത്രം സുഹൃത്ത് അജയൻ വരച്ചു. വരാന്തയിലെ ചുമരിൽ ഒരു തീവണ്ടി ചിത്രം. കുട്ടികൾക്ക് തോന്നിയ പോലെ വരയ്ക്കാൻ മാത്രമായി പ്രത്യേക ബോർഡുകൾ. ഓരോ ക്ലാസുമുറിക്കും ഓരോ ഋതുക്കളുടെ പേരുകൾ. റ്റോമോ സ്കൂളിന്റെ നോട്ടീസു കണ്ട് ഏതാനും രക്ഷിതാക്കൾ കുട്ടികളുമായി വന്നു. 1998ലെ മെയ് മാസമായിരുന്നു അത്. ഞങ്ങളെ പൂർണ്ണ വിശ്വാസമുള്ള ഏതാനും പേർ കുട്ടികളെ ചേർത്തു. ഗൗരവമായ പഠിപ്പ് ലക്ഷ്യം വച്ചുവന്ന ചിലരൊക്കെ കുട്ടികളെ ചേർക്കാതെ തിരിച്ചുപോയി. എസ്.എസ്. എൽ.സി തോറ്റ് വീണ്ടുമെഴുതാൻ വന്നവരായിരുന്നു കൂടുതൽ പേരും. ഏതായാലും ജൂൺമാസം കഴിഞ്ഞതോടെ 6 മുതൽ 10 വരെ ക്ലാസുകളിലായി 150-ഓളം കുട്ടികളുമായി ഞങ്ങളുടെ റ്റോമോ തീവണ്ടി ചലിച്ചു തുടങ്ങി. രാത്രികാലങ്ങളിലും റ്റോമോ പ്രവർത്തിച്ചു. എസ്.എസ്.എൽ.സി എഴുതാൻ ആഗ്രഹിച്ച കൂലിപ്പണിക്കാരായ മുതിർന്നവരും ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിച്ചവരും രാത്രിയിലെത്തി.
വിവിധ മേഖലയിൽ വൈവിദ്ധ്യം തെളിയിച്ചവർ ഇടയ്ക്കിടെ അതിഥികളായി ക്ലാസ് മുറിയിലെത്തി. അധ്യാപകർക്ക് സാരംഗിൽ വച്ച് ശില്പശാല, വിവിധ പഠനക്കളരികൾ, നിലമ്പൂർ കാട്ടിലും ചാലിയാർ പുഴക്കരയിലും സഹവാസ ക്യാമ്പുകൾ, യാത്രകൾ, ചലച്ചിത്രപ്രദർശനം, ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ…എന്നിങ്ങനെ മുന്നോട്ട് പോയി.
ഏറെനാൾ കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി അലട്ടാൻ തുടങ്ങി. അധ്യാപകർക്ക് വേതനം കൊടുക്കാനും വാടക കുടിശ്ശിക തീർക്കാനും കഴിയാത്ത അവസ്ഥ. റ്റോമോയിലെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് ക്രിയാത്മകത കൂടുതലുള്ളവരായിരുന്നു. അവർ ചില സംഗതികളിൽ പ്രതികരിച്ചത് സ്കൂൾ അധികൃതരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചില രക്ഷിതാക്കൾ ഞങ്ങൾ കുട്ടികളെ ഗൗരവമായി പഠിപ്പിക്കുന്നില്ല എന്ന് പരാതി പറഞ്ഞു. ഞങ്ങൾ വടി ഉപയോഗിക്കാത്തതിൽ പ്രതിഷേധിച്ച് പല രക്ഷിതാക്കളും കുട്ടികളെ പിൻവലിച്ചു.
നിലവിലെ ഘടനയ്ക്കുള്ളിൽ നിന്നു കൊണ്ട്, മൂന്നുവർഷം ഒരു സ്വപ്നം പരീക്ഷിച്ചു നോക്കിയ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ബോധ്യമായി. ഏറെ പരിമിതികളുണ്ടായിരുന്നെങ്കിലും ചില മനസ്സുകളിലെങ്കിലും വിത്തെറിഞ്ഞിട്ടുണ്ട് എന്ന ആശ്വാസവുമുണ്ടായിരുന്നു. ഏതായാലും പരിമിതികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് തീരുമാനി ച്ചു. “റ്റോമോ നിർത്തുന്നു” എന്ന് നോട്ടീസടിച്ചിറക്കി ഞങ്ങൾ പിൻവാങ്ങി. പല സാമൂഹ്യ വിഷയങ്ങളിലും ഇടപെടുന്ന സന്ദർഭങ്ങളിൽ റ്റോമോയിലെ പൂർവ്വ വിദ്യാർത്ഥികൾ ഓടിയെത്താറുണ്ട് എന്നതിലാണ് ഞങ്ങളുടെ ആശ്വാസം.