നൂതനമായ മാറ്റങ്ങൾക്ക് വഴിതെളിച്ച കാനം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും വളരെ ശക്തനായ നേതാവായിരുന്നു കാനം രാജേന്ദ്രൻ. വളരെ ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആൾ ഇന്ത്യ യൂത്ത്‌ ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി കാനം പ്രവർത്തിച്ചത്. ഇരുപത്തിയഞ്ചാമത്തെ വയസിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു അദ്ദേഹം.

രണ്ട് തവണ വാഴൂരിൽ നിന്ന് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്ന കാനം നിരീക്ഷണപാടവത്തോടെ നിയമനിർമ്മാണ പ്രക്രിയയിൽ ഇടപെടുകയും, നിയമസഭാ ചർച്ചകളിൽ പങ്കെടുക്കുകയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. യുവജന ഫെഡറേഷന്റെ ഭാരവാഹിത്വം ഒഴിഞ്ഞയുടൻ ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. എ.ഐ.ടി.യു.സിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു കാനം. 2006 മുതൽ 2014 വരെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. ബഹുജന പ്രസ്ഥാങ്ങളിലും തൊഴിലാളി പ്രസ്ഥാങ്ങളിലും ഒരുപോലെ പങ്കാളിത്തം വഹിച്ച വലിയ അനുഭവ സമ്പത്തുള്ള നേതാവായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രഗല്ഭരായിട്ടുള്ള നേതാക്കന്മാരായ എം.എൻ ഗോവിന്ദൻ നായർ, ടി.വി തോമസ്, അച്യുതമേനോൻ, എൻ.ഇ ബൽറാം, വെളിയം ഭാർഗവൻ എന്നിവരുടെ മരണശേഷം അടുത്ത തലമുറയിൽ നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് വളർന്നുവന്ന ഒരാളായിരുന്നു അദ്ദേഹം.

കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ കൊണ്ടുവരുന്നു. കടപ്പാട്: മാഹിൻഷാ

നമ്മൾ ജീവിക്കുന്നത് ഒരു സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലും ലോകത്തും തന്നെ വലിയ തിരിച്ചടികൾ നേരിടുന്ന കാലമാണ്. ആ കാലത്താണ് കാനം പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത്. ആശയപരമായി വളരെയധികം ധാരണയോടെ പ്രവർത്തിച്ചിരുന്ന ഒരാൾ എന്ന നിലയ്ക്ക് ഇന്നത്തെ സവിശേഷമായ സാഹചര്യത്തിൽ ഇടതുപക്ഷ പാർട്ടികളുടെ ഐക്യം എന്നത്, ജനാധിപത്യത്തിനും മതനിരപേക്ഷതയും അതുപോലെതന്നെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വളരെ പ്രധാനപ്പെട്ടതാണെന്ന് കാനം കണ്ടിരുന്നു. സി.പി.എമ്മുമായുള്ള ആയുള്ള സി.പി.ഐയുടെ ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാലത്ത് പലർക്കും വിമർശനങ്ങൾ ഉണ്ടായിരുന്നു. പല മാധ്യമ പ്രവർത്തകർക്കും പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രരായി ചിന്തിക്കുന്നവർക്കും കമ്മ്യൂണിസ്റ്റ് പാർട്ടി പഴയതുപോലെ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്നില്ല എന്നുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. അതേസമയം ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തുന്ന ഏത് നിലപാടും രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തെ ദുർബലമാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കാനം ശക്തമായ ഒരു നിലപാട് എടുത്തിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ സന്നദ്ധപ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്. എന്നാൽ ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രവർത്തനം വളരെ വലിയ സാമ്പത്തിക സ്രോതസ് ഉണ്ടെങ്കിലേ നടക്കൂ. സന്നദ്ധപ്രവർത്തകരായി വരുന്ന പാർട്ടി പ്രവർത്തകർ തന്നെ പാർട്ടിയുടെ വിഭവ സമാഹരണത്തിൽ പങ്കുവഹിക്കണമെന്നത് അവരുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് തിരിച്ചറി‍ഞ്ഞുകൊണ്ട്, സാമ്പത്തികമായി പാർട്ടിയെ നിലനിർത്തുന്നതിന് വേണ്ടി അവരെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പരമ്പരാ​ഗതമായ തൊഴിലാളിവർ​ഗ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന മേഖലകൾക്കപ്പുറം നൂതനമായ മേഖലകളിലേക്ക് – ഇൻഫർമേഷൻ ടെക്നോളജി മേഖല, ചലച്ചിത്ര രം​ഗത്തെ പ്രവർത്തകർ – തൊഴിലാളി സംഘടനാ പ്രവർത്തനത്തെ വിപുലപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. നമ്മുടെ രാജ്യത്തെ അസംഘടിതരായ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് നിർമ്മാണ തൊഴിലാളികൾക്ക് ഇന്ന് ലഭിക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ അടക്കമുള്ള കാര്യങ്ങൾ കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. കാനം എം.എൽ.എ ആയിരിക്കുമ്പോൾ ആണ് ഇക്കാര്യത്തിൽ ഒരു സ്വകാര്യബില്ല് കൊണ്ടുവരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധി എന്നത് യാഥാർത്ഥ്യമായി മാറുകയും നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്ക് അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പുവരുന്നതരത്തിലുള്ള ക്ഷേമപെൻഷനുകൾ നടപ്പിലാക്കുന്നതിന് അദ്ദേഹ​ത്തിന്റെ പ്രവർത്തനം വഴി കഴിഞ്ഞിട്ടുണ്ട്.

കാനം രാജേന്ദ്രൻ മൂന്നാമതും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ. കടപ്പാട്:southfirst

പരിസ്ഥിതി സംരക്ഷണം പഴയ കാലത്ത് കമ്മ്യൂണിസ്റ്റുകളുടെ മുഖ്യ അജണ്ടയായിരുന്നില്ല. ആധുനികകാലത്തെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, മാർക്സിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണം എന്നത് മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമായിട്ടുള്ള ഒന്നാണെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളാണ് ആവശ്യമെന്നുമുള്ള വിപുലമായ പ്രചരണ പരിപാടികൾ കേരളത്തിൽ സംഘടിപ്പിക്കാൻ കാനം ശ്രമിക്കുകയും ചെയ്തു. പരിസ്ഥിതി പ്രവർത്തകർ എന്നാൽ ഒരു പ്രത്യേക വിഭാ​ഗമായാണ് നമ്മൾ പൊതുവെ കണ്ടിരുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിനിടയിൽ പരിസ്ഥിതി പ്രശ്നങ്ങളെ സജീവമായി പരി​ഗണിക്കുന്ന ഒരു പാർട്ടിയായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാറ്റിത്തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

വലിപ്പച്ചെറുപ്പങ്ങളില്ലാതെ പാർട്ടി പ്രവർത്തകരുമായും സാധാരണ മനുഷ്യരുമായും വലിയ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കാനം രാജേന്ദ്രൻ. ഏത് തട്ടിലുള്ള പാർട്ടി പ്രവർത്തകരെയും പേരെടുത്ത് വിളിക്കാൻ കഴിയുന്നതരത്തിലുള്ള ഊഷ്മളമായ ബന്ധം അദ്ദേഹം ആരുമായും സൂക്ഷിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെക്കുറിച്ച് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു സങ്കൽപ്പമുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിലെ എല്ലാ തലത്തിലുള്ള ആളുകളോടും സൈദ്ധാന്തിക ചട്ടക്കൂടിനപ്പുറം ബന്ധം സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴി‍ഞ്ഞു. ചെറുപ്പക്കാരായ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹം മുൻകൈയെടുത്തു. നിലവിലുള്ള എൽ.ഡി.എഫ് സർക്കാരിൽ സി.പി.ഐ നിയോ​ഗിച്ചിട്ടുള്ള നാല് മന്ത്രിമാരും പാർട്ടി ഹൈറാർക്കിയിൽ ഉന്നതനിലയിലുള്ളവർ ആയിരുന്നില്ല. എന്നാൽ യുവനിരയെ പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ കാനം രാജേന്ദ്രൻ ശ്രദ്ധ ചെലുത്തിയിരുന്നതിന് തെളിവാണ് ഈ മന്ത്രിസഭ.

പുതിയ ആശയങ്ങളോട് അദ്ദേഹത്തിന് തുറന്ന സമീപനമായിരുന്നു ഉണ്ടായിരുന്നത്. കാനം ജനയു​ഗത്തിന്റെ മുഖ്യ പത്രാധിപർ കൂടിയായിരുന്നു. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകളാണ് എല്ലാ പത്രങ്ങളും രൂപകല്പനയ്ക്കായി ഉപയോ​ഗിക്കുന്നത്. അത് ഉപേക്ഷിച്ച് സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് ലോകത്ത് ആദ്യമായി മാറുന്ന ഒരു പത്രം ജനയു​ഗമാണ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ മോണിം​ഗ് സ്റ്റാർ പോലും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ ഉപയോ​ഗിക്കുന്നതിന് വലിയ വില കൊടുക്കേണ്ടിവരുന്നതിനെക്കുറിച്ച് വിലപിക്കുകയാണ്. അതിൽ നിന്നും മാറി, സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോ​ഗിക്കണം എന്ന ഒരാശയം ഞങ്ങൾ കൊണ്ടുവന്നപ്പോൾ അത് കൃത്യമായി മനസ്സിലാക്കുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്തു അദ്ദേഹം. അതിന് ശേഷമാണ് ദേശാഭിമാനിയും മലയാള മനോരമയുമെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read