മണ്ണ്, ജീവിതത്തെ ആവിഷ്കരിക്കുമ്പോൾ രഘു മാധ്യമമാവുന്നു. മണ്ണിനെ മണ്ണിൽ നിന്ന് അടർത്തുന്നത് മനുഷ്യൻ അഥവാ ശില്പി അഥവാ ജി രഘുവാണ്. അതിനെ കളിമണ്ണാക്കുന്നതും അയാൾ. എന്നാൽ മണ്ണിവിടെ തിരിഞ്ഞു നിൽക്കുന്നു. ജി രഘുവിന്റെ മൺശില്പങ്ങൾ എന്നത് മറിഞ്ഞ് മണ്ണിന്റെ മനുഷ്യ ശില്പങ്ങളായി ഈ മണ്ണിമയുള്ള കല്പനകൾ രചിക്കപ്പെടുന്നു. ഇത് രഘു തന്നെ, ‘G Reghu- Sculptures In Ceramic Stoneware’ എന്ന പ്രദർശനം നടക്കുന്ന കൊച്ചി ദർബാർ ഹാളിൽ എഴുതിവെച്ചതാണ്.
മലയാളത്തിൽ ജനിച്ച രഘു ഇന്ത്യയിൽ പലയിടത്തുനിന്നും കുഴച്ചെടുത്ത മണ്ണുകൾ ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ കേരളത്തിലെയോ ഇന്ത്യയിലെയോ എന്നല്ല ഏതൊക്കെയോ രാജ്യങ്ങളിലെ മനുഷ്യാകൃതികളുടെ സൂചനകൾ ഇവരിൽ വായിക്കാം. ഒരുപാട് ഗോത്രങ്ങളിലുള്ളവർ. ഒരു ഗോത്രത്തിലും പെടാത്തവർ. ഏറെയും കുഞ്ഞു രൂപങ്ങളാണവ. തൊടാനും തലോടാനുമുള്ള വാൽസല്യം ചുരത്തിപ്പോകുന്ന മിനുസത. മനുഷ്യൻറെ മിനുസത പറഞ്ഞു തരുന്നവ.
ഈ ചെറിയ മനുഷ്യരിൽ ഏറെ പേരുടെയും മൂക്കും വായയും മുന്നിലേക്ക് തള്ളിയാണ്. സാപ്പിയന് മുൻപുള്ള മനുഷ്യൻ, കുരങ്ങ്, മാൻ, പശു, എരുമ, നായ, എലി, പക്ഷി തുടങ്ങി ഒട്ടു വളരെ ജീവികൾ അങ്ങനെയാണ്. ഇവിടെയീ മൺമനുഷ്യർ മറ്റേതോ ജീവികൾ കൂടിയാണ് തങ്ങൾ എന്നായുകയാണോ?
മനുഷ്യർ മണ്ണിനു മുകളിൽ വംശപ്പൊങ്ങച്ചങ്ങളുണ്ടാക്കി അതിന്റെ പേരിൽ വഴക്കിട്ട് കഴിയുമ്പോൾ മണ്ണിന്റെ ഈ കല എല്ലാവരെയും, എല്ലാറ്റിനെയും ചേർത്തു കോർത്തെടുക്കുകയാണോ? മൺമയമായ ഭൂമിയിലെ ജീവിതത്തിനപ്പുറം ഗോളാന്തര അതിഥികളുടെ ഭാവനയും ഈ ആകാരങ്ങളിലുണ്ടോ? രഘു ശില്പങ്ങളിലെ രൂപങ്ങൾ നമ്മുടെ അടുത്തു നിൽക്കുന്നതും അകലെ നിൽക്കുന്നതുമാണ്. ഏറ്റവും അടുത്തയാളോടുള്ള അകലം ചിലപ്പോഴെങ്കിലും നമ്മെ അതിശയിപ്പിക്കും പോലെ. എത്രയകലെയുള്ളയാളും ഒരു നിമിഷം അടുത്താവുന്നതു പോലെ. വേറെ ഗ്രഹങ്ങളിലെ ജീവനെ മനുഷ്യൻ ഭാവന ചെയ്യുമ്പോൾ എത്ര വലിച്ചെറിഞ്ഞാലും പോകാത്ത ഒരു മനുഷ്യരൂപം അതിലുണ്ടാവും പോലെ.
ഈ ചെറിയ മനുഷ്യരിൽ ഏറെ പേരുടെയും കണ്ണുകൾ കയറിയുമിറങ്ങിയുമാണ്. അവയവ അനുപാതങ്ങൾ ഇവിടെ ഇപ്പോൾ പുതുതായി ഉണ്ടാകുന്നതാണ്. കലാകാരർ ഇല്ലസ്റ്റ്രേഷനിലും മറ്റും സ്വശൈലികളിൽ വരയ്ക്കാറുള്ളത് പോലെയല്ല ഇതെന്നു തോന്നുന്നു. അവിടെ പലപ്പോഴും ഭാവങ്ങളിലേക്ക് ഏകാഗ്രമാവുമ്പോഴാണ് കണ്ണിലും കാതിലും കയ്യിലും വായിലും ഒക്കെ അനുപാത വ്യതിയാനമുണ്ടാകുന്നത്. രഘുശില്പങ്ങളിൽ, ഭാവാന്തരങ്ങൾക്കല്ല പ്രാധാന്യം. ഇവിടെയത് വിലക്ഷണതയെയും വൈരൂപ്യത്തെയും നിർവീര്യമാക്കുന്ന പുതിയ കണ്ണുകൾ നമുക്ക് നൽകുകയാണ്. മുൻപേയുണ്ടാക്കിയ വിധി മാറ്റിവെച്ചു കാണാം എന്ന് നമ്മൾ ചിന്തിക്കുന്നു. രഘുവിന്റെ കൈയുടെ സൂക്ഷ്മത അസൗന്ദര്യങ്ങൾ തോന്നിച്ച നമ്മുടെ മനസ്സുകളെ തുടച്ചെടുക്കുന്നു. ശില്പത്തിലെ മാത്രമല്ല, മനുഷ്യരുടെ കുറവുകളായി കേട്ടുപഠിച്ചെടുത്തതെല്ലാം അഴിച്ചു വയ്ക്കാൻ കൂടി ഈ മുറിയിലിടമുണ്ട്. അതൊരു ഹൃദയ ചികിത്സയുമാണ്.
ഈ കൊച്ചുടലുകളുടെ വസ്ത്രങ്ങൾ നിറയെ കിന്നരികളാണ്. പടച്ചട്ട പോലെയോ അതിഘനമുള്ളതോ ആയ ഇസ്തിരിയിട്ട വസ്ത്രങ്ങൾ. അവയ്ക്കു മേൽ ലോഹമോ തടിയോ ഒക്കെ കൊണ്ട് പണിഞ്ഞതെന്ന് തോന്നിക്കുന്ന ആഭരണങ്ങൾ. പണിക്കുറ്റമില്ലാത്ത അഴകുള്ളവ. ഇല്ലാത്ത കൈകളെ അവയലങ്കരിക്കുന്നു. ദേഹത്തെ ബഹുമാന്യമാക്കുന്നു. നമ്മൾ ശരീരത്തിനും മനസ്സിനും മികവുള്ള പുറംചട്ടകൾ തയ്യാറാക്കാൻ പണിപ്പെടുന്നുണ്ടോ?
വിരിച്ച മണലിലാണ് ഈ കളിമൺ ശില്പങ്ങളിൽ പലതിനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒന്നിനും പേരിട്ട് വേറെ വേറെയാക്കുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തോടൊപ്പം അവയ്ക്കൊരുമിച്ചൊരു ജീവിതവും ഉള്ളതുകൊണ്ടാണോ ഇത്? രഘുവിന്റെ കഥാപാത്രങ്ങളെല്ലാം ചേർന്ന് ഒരു വീടോ ഒരു കലാഗ്രാമമോ പണിയുന്നുണ്ടോ? ഒരേ സന്ദർഭത്തിൽ നാലാൾക്കും നാലു ഭാവം കാണാം. അന്യോന്യ സംവേദനം ചിലപ്പോഴൊക്കെ തീരെയില്ലാതെയുമാവാം. ഇതെല്ലാം മനുഷ്യനെക്കുറിച്ചുള്ള മണ്ണിന്റെ ഭാവനകളാവാം.
ഒരിടത്ത് മൂന്നാൾ നിൽക്കുന്നയിടത്ത് കയ്യിൽ ഒരു വാദ്യവുമില്ലെങ്കിലും ഒരു സംഗീതശില്പം അവരുണ്ടാക്കുന്നു, അതിൽ മുഴുകി നിൽക്കുന്നു. നമുക്കുമത് കേൾക്കാം.
അടച്ചുപൂട്ടിയ ചെവിയുള്ളവരുണ്ട്. രണ്ടു സ്ത്രീകൾ അതിശ്രദ്ധയോടെ പരസ്പരം കേൾവി കൊടുക്കുന്നുണ്ട്.
രഘുവിന്റെ പല കഥാപാത്രങ്ങൾക്കും ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള ഏതു പ്രായവും ആകാം. പ്രായപ്രസക്തിയെ ഒഴിച്ചെടുക്കുന്നത് ഒരു ദർശനമാണ്.
അലസലാഘവത്തോടെ നടുനിവർത്തുന്ന മൂന്ന് കുഞ്ഞു ശില്പ ദേഹങ്ങളിൽ നടുനിവർത്തലിന്റെ കമ്പനങ്ങളാണ് ഉടൽ വടിവുണ്ടാക്കുന്നത്.
സ്ത്രീകളുടെ തനതു നിമിഷങ്ങളെ കാണാതിരിക്കൽ ഒരാൺശീലമാണ്. സാധാരണ സ്ത്രീകളിൽ ചിലരുടെ ചില ജീവിത നിമിഷങ്ങൾ ഈ മുറിയിൽ ശ്രദ്ധയോടെ വെച്ചിരിക്കുന്നു.
ഏത് ഗ്രഹത്തിലേക്കും കുടിയേറി താമസിക്കാൻ തയ്യാറുള്ളവരാണ് ചില കഥാപാത്രങ്ങൾ.
മാൻ കൂട്ടത്തിന്റെ ഉച്ചമയക്കത്തിനൊപ്പം ഒരാൺപെൺ കുടുംബം. മനുഷ്യരെ പോലെയല്ല ഇതര ജീവികൾ. അവർ ഒന്നും അണിഞ്ഞിട്ടില്ല.
സ്ത്രൈണതയും പൗരുഷവും അമൂർത്തമായി പരസ്പര വ്യഗ്രതയോടെ ഒരു ശില്പം. ആണിനാണാഭരണങ്ങൾ പെണ്ണിനേക്കാൾ. ശരീരത്തേക്കാൾ മനസ്സിനെയാണ് രഘു ശില്പപ്പെടുത്തിയതെന്ന് തോന്നുന്നു.
കണ്ണെന്ന ഇന്ദ്രിയത്തിന്റെ സ്ഥാനത്ത് പലപ്പോഴും ഒരു ദ്വാരം മാത്രം. എന്തും സ്വീകരിക്കാനുള്ള വാതിൽ വേണമെന്ന് ശില്പി നമ്മളോട് ആവശ്യപ്പെടുകയാണോ?
ലാറി ബേക്കറുടെയും എലിസെബത് ജേക്കബിന്റെയും സുഹൃത്തോ മനസ്സിലെ മകനോ ആയിരുന്നു രഘു പഠനകാലത്ത്. എല്ലാം വളരെ കുറച്ചു മാത്രയേ ആവശ്യമുള്ളൂ എന്ന് അവരിൽനിന്ന് രഘു മനസ്സിലാക്കിയിരിക്കാം. മണ്ണിൻറെ രഹസ്യം തേടാൻ തുടങ്ങിയതും അവരിൽ നിന്നാവാം.