പ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകൾ കേരളത്തിലെമ്പാടും നടക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളുമായും കൂടിയാലോചന നടത്തി പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്ന് സർക്കാർ പറയുന്നു. അതിന്റെ ഭാഗമായ സംവാദങ്ങൾ ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിലും ഇപ്പോൾ നടക്കുന്നുണ്ട്. എന്നാൽ ചർച്ചകൾ വിപുലമായി നടക്കുന്നുണ്ടെങ്കിലും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന പരിഷ്കരണമായി ഇത് മാറുന്നുണ്ടോ? പുതിയ പാഠ്യപദ്ധതിയും വിദ്യാഭ്യാസ പ്രക്രിയയും ഗോത്ര സമൂഹത്തിൻ്റെ വിദ്യാഭ്യാസ സാധ്യതകളെ എത്രത്തോളം പരിഗണിക്കുന്നുണ്ട് എന്നത് വിലയിരുത്തിക്കൊണ്ടാണ് അത് അന്വേഷിക്കേണ്ടത്.
‘ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം’ എന്ന കാഴ്ച്ചപ്പാട് മുന്നോട്ടുവച്ച 2009 ലെ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിലാണ് 2017 ൽ സംസ്ഥാന സർക്കാർ പുതിയ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2018 മാർച്ചിൽ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ഡോ. എം.എ ഖാദർ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. പ്രൈമറി തലം മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി, അവസര തുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നത്. ഖാദർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണ നടപടികൾ കൂടിയാണ് ഇപ്പോൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യപദ്ധതിയ്ക്കും പാഠപുസ്തകം തയ്യാറാക്കുന്നതിലുമുള്ള പങ്ക് വളരെ വലുതാണ്. ഓരോ സംസ്ഥാനത്തും, അതാത് സംസ്ഥാനത്തിന് അനുസൃതമായ കരിക്കുലം വികസിപ്പിക്കാവുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ കാലത്തും ചില വിഭാഗങ്ങൾ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുന്ന ഈ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നുണ്ട്. അത്തരത്തിലുള്ള വിഭാഗങ്ങളിലൊന്നാണ് കേരളത്തിലെ ഗോത്രജനത. വിദ്യാഭ്യാസം എന്നത് ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമായിരിക്കണമെന്ന് കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ വാചാലാവാറുണ്ട്. എന്നാൽ എത്രമാത്രം ഉൾക്കൊള്ളലുകളുണ്ടായി എന്ന പരിശോധന നടത്തിയാൽ പാഠ്യപദ്ധതിയിൽ നിന്നും പാഠ്യപ്രക്രിയയിൽ നിന്നും ഇക്കാലമത്രയും ഗോത്രസമൂഹങ്ങൾ പുറംതള്ളപ്പെട്ടിരുന്നതായി കാണാൻ കഴിയും. നമ്മുടെ പാഠ്യപദ്ധതി പറയുന്നത് പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയായിലായിരിക്കണമെന്നാണ്. ഗോത്രജനതയിൽ നിന്നുള്ള വിദ്യാർത്ഥികളെ സംബന്ധിച്ച് അവർക്ക് കിട്ടുന്ന വിദ്യാഭ്യാസം അവരുടെ മാതൃഭാഷയിലല്ല, മറിച്ച് മലയാളമാകുന്ന മാനകഭാഷയിലാണ് ഇപ്പോൾ ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ള കുട്ടികളോടൊപ്പമുള്ള പഠന നിലവാരത്തിലേക്ക് ഉയരുന്നതിന് അത് തടസം സൃഷ്ടിക്കുന്നു. ഇത് ഭാഷാപരമായ വിവേചനം തന്നെയായി കാണണം.
വിദ്യാഭ്യാസ പ്രക്രിയയിൽ നിലനിൽക്കുന്ന ഈ പ്രശ്നം മനസ്സിലാക്കാതെ മറ്റ് പല മേഖലയിൽ നിന്നും ഗോത്രവിഭാഗത്തിലെ കുട്ടികളെ പഠിപ്പിക്കാനെത്തുന്ന അധ്യാപകർ കുട്ടികൾ പഠിക്കാൻ കഴിവില്ലാത്തരാണെന്ന് മുദ്രകുത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അധ്യാപകരും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ (എസ്.സി.ആർ.ടി.ഇ) ഗവേഷകരും അവരുടെ പരാജയത്തെ മറികടക്കാൻ വേണ്ടി പറയുന്നത് ആദിവാസികുട്ടികൾ പഠനത്തിൽ വിമുഖത കാണിക്കുന്നു എന്ന വാദമാണ്. ഇത്തരം അവഗണനകൾ ചെന്നെത്തുന്നത് ഗോത്രവിഭാഗം കുട്ടികളുടെ കൊഴിഞ്ഞു പോക്കിലേക്കാണ്. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസനയങ്ങൾ, പാഠ്യപദ്ധതികൾ രൂപീകരിക്കുമ്പോൾ ഭാഷാപരമായ വിവേചനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഇന്ത്യൻ പാരമ്പര്യം, സംസ്ക്കാരം, പൗരാണിക വിജ്ഞാനങ്ങൾ, പരമ്പരാഗത പഠനരീതികൾ, തദ്ദേശീയമായ ഉറവിടങ്ങളിൽ നിന്നും സ്വാംശീകരിച്ച പഠന പ്രക്രിയ വേണമെന്നത് പ്രധാനമാണ്. ഇതുതന്നെയാണ് പുതിയ നയത്തിലും പ്രതിപാദിക്കുന്നത്. എന്നാൽ അവിടെയും ഗോത്രജനത വൈജ്ഞാനികമായി പുറന്തള്ളപ്പെടുന്നുണ്ട്. ഇത് ഇന്ത്യൻ വൈജ്ഞാനിക ബഹുസ്വരതയെ ഇല്ലായ്മ ചെയ്യുന്നതിന് ഒരു കാരണമാണ്. അതേസമയം ഇതിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. കാരണം ഇന്ത്യൻ പാരമ്പര്യ വൈജ്ഞാനിക മേഖലയിൽ കൂടി കടന്നുപോകുന്നുണ്ടെങ്കിലും ഒട്ടനവധി അനാചാരങ്ങളും കൂടി നിറഞ്ഞതാണിത്. ആദിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളപ്പെട്ട ജനതയായി മാറിയതിന് പ്രധാനമായും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഗോത്രീയതകളും അടിസ്ഥാന കാരണങ്ങളാണ്. ഇവിടെയാണ് നാം ചില ചരിത്ര വസ്തുതകൾ പരിശോധിക്കേണ്ടത്. കേരളത്തിലെ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന വിഭാഗങ്ങളെ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിനായി 1997 ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങളുടെ ചരിത്രമാണ് മുഖ്യമായും പരിശോധിക്കേണ്ടത്. ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഒരുമിച്ച് ഇരുത്തി പഠിപ്പിച്ചിരുന്ന ബദൽ വിദ്യാഭ്യാസം എന്ന പരിപാടി 2009 ചോദ്യം ചെയ്യപ്പെട്ടതോടെ ഗോത്രജനത വീണ്ടും പ്രതിസന്ധിയിലായി. ഏകാധ്യാപക വിദ്യാലയങ്ങൾക്ക് പുതിയൊരു ബദൽ മാർഗം കണ്ടെത്തിയില്ലെന്നതാണ് പ്രധാന പ്രതിസന്ധി. കണ്ടെത്തിയ മാർഗമോ യാഥാർത്ഥത്തിൽ കുട്ടികളെ അപകടത്തിലാക്കുകയുമാണ് ചെയ്തത്. ഇത്തരം പ്രദേശങ്ങളിലേക്ക് കൂടുതൽ സൗകര്യങ്ങൾ വന്നതോടു കൂടി ബദൽ വിദ്യാഭ്യാസ സമ്പ്രദായം പലയിടങ്ങളിലും നിർത്തലാക്കി. 1997 ൽ മാത്രം വിവിധ ജില്ലകളിലായി ഇത്തരം 484 സ്കൂളുകൾ തുടങ്ങിയെങ്കിലും പീന്നിട് സർക്കാർ തലത്തിൽ സ്കൂളുകളും ഹോസ്റ്റലുകളും ആരംഭിച്ചതോടെ ആദിവാസി കുട്ടികളെ വീട് നിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും മാറി വിദൂരങ്ങളിൽ സ്ഥാപിതമായ പഠന കേന്ദ്രങ്ങളിലേക്ക് അടർത്തിക്കൊണ്ടു പോവുകയാണുണ്ടായത്. ഇത് കുട്ടികൾക്ക് പ്രഥാമിക തലത്തിൽ മാതപിതാക്കളിൽ നിന്നും കിട്ടേണ്ട സ്നേഹവാത്സല്യങ്ങൾ ഇല്ലാതാക്കി. 2018 ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ബദൽ സ്കൂളുകളുടെ എണ്ണം 290 ആയി ചുരുങ്ങി. ഇത്തരം ബദൽ സ്കൂളുകളെല്ലാം നിർത്തലാക്കുന്നതായി 2022ൽ സർക്കാർ തീരുമാനം വന്നിരുന്നു. പുതിയ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ പ്രകാരം ഇത്തരം സ്കൂളുകൾ പ്രൈമറി സ്കൂളുകളായി ഉയർത്തിയാലും നിർത്തലാക്കിയാലും അപകടങ്ങൾ ഉണ്ടെന്നുള്ളതാണ് വസ്തുത. കാരണം, ഇത്തരമിടങ്ങളിൽ ഇന്നും മറ്റ് ഭൗതിക സൗകര്യങ്ങൾ എത്തപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ സർക്കാർ ചെയ്യേണ്ടിരുന്നത് ഗോത്ര മേഖലയിൽ പ്രാദേശികതലത്തിൽ സ്കൂളുകൾ ആരംഭിക്കുകയും അതിനോടൊപ്പം വിദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന അധ്യാപകർക്ക് താമസിക്കേണ്ട സൗകര്യങ്ങളൊരുക്കുകയുമായിരുന്നു. ഒപ്പം ഗോത്രമേഖലയിൽ നിന്നും അധ്യാപക കോഴ്സുകൾ പൂർത്തിയാക്കിയവരെ ഈ സ്കൂളുകളിൽ നിമയിക്കുകയും വേണം. ഇത്തരത്തിലുള്ള സ്കൂളുകൾക്കൊപ്പം പ്രദേശത്തിൻ്റെ ഭൂപ്രകൃതിക്കനുസൃതമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതും സർക്കാരിൻ്റെ ചിന്താമണ്ഡലത്തിൽ ഉണ്ടാവേണ്ടതായിരുന്നു.
ഗോത്രജനതയും പാഠപുസ്തകങ്ങളും
സമകാലിക പാഠ്യപദ്ധതിയിൽ ആദിവാസികുട്ടികൾ പഠിക്കുന്നത് ആരുടെ പാഠമാണ്? ആരുടെ സംസ്ക്കാരമാണ്? ആരുടെ തദ്ദേശീയറിവുകളാണ് അവർ പഠിക്കുന്നത്? തുടങ്ങിയ പ്രാഥമിക ചോദ്യങ്ങൾ ചോദിക്കാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. നിലവിൽ ഗോത്ര ജനത പഠിക്കുന്നത് മറ്റ് സമൂഹത്തിൻ്റെ പാഠങ്ങളും, സംസ്ക്കാരങ്ങളും, അറിവുകളുമാണ്. ഇത്തരം ഒഴിവാക്കാലുകൾ ഒരു സമൂഹത്തെയും അവരുടെ അറിവുകളെയും സംസ്ക്കാരത്തെയും പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതിന് തുല്ല്യമാണ്. അതുകൊണ്ടുതന്നെ പുതിയ പാഠ്യപദ്ധതി പരിഷ്കരണം, ആദിവാസി ജനതയുടെ കവിതകളും പാട്ടുകളും കഥകളും ഉൾക്കൊള്ളുന്ന ഭാഷാവൈവിധ്യത്തെയും ജൈവവൈവിധ്യത്തെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഇൻക്ല്യൂസിവ് വിദ്യാഭ്യാസമാണ്. ഗോത്രജനതയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ചില പ്രയാസങ്ങൾ നമുക്ക് മുന്നിലുണ്ടെങ്കിലും അവയെ മറികടക്കാൻ ഘട്ടം ഘട്ടമായി മാത്രമേ സാധ്യമാവൂ. ഉദാഹരണമായി കേരളത്തിലെ മുപ്പത്താറിലധികം വരുന്ന ഗോത്രങ്ങൾക്ക് വ്യത്യസ്തമായ ഭാഷകളാണുള്ളത് എന്നതുകൊണ്ടുതന്നെ അതിനെ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുക എന്നത് വളരെ ശ്രമകരമാണ്. എന്നാൽ ആ ശ്രമം നടത്താതിരിക്കാൻ കഴിയുകയുമില്ല. അതോടൊപ്പം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചുമുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പല തരത്തിലുള്ള പീഡനങ്ങൾ വിദ്യാർത്ഥികൾക്ക് നേരിടണ്ടിവരുന്ന ഇക്കാലത്ത് നിയമവശങ്ങക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾക്കൊള്ളിക്കുക എന്നത് വളരെ അത്യാവശ്യമാണ്.
ആദിവാസികളും വിദ്യാഭ്യാസ പദ്ധതികളുടെ പ്രശ്നങ്ങളും
ആദിവാസി ജനതയുടെ വിദ്യാഭ്യാസവുമായി നിരവധി പദ്ധതികൾ എല്ലാ വർഷവും സർക്കാർ നടപ്പിലാക്കാറുണ്ട്. കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഗോത്രസാരഥി, ഗോത്രവിദ്യാർത്ഥിക്കുള്ള മെൻ്റർമാർ, വിദ്യാ വാളൻ്റിയാർമാർ, വിവിധയിനം സ്കോളർഷിപ്പുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ പദ്ധതികൾ ഗോത്രജനതയുടെ ഉയർച്ചയ്ക്ക് മുതൽക്കൂട്ടായിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പൂർണ്ണമായും ഉപകാരപ്രദമായിട്ടുണ്ടോ? ഇതിലൂടെ എത്ര ശതമാനം കുട്ടികൾ മുഖ്യധാരയിലേക്ക് എത്തിയിട്ടുണ്ട്? ഈ പദ്ധതികളിലെല്ലാം ആ ജനതയുടെ പങ്കാളിത്തമുണ്ടോ? ഇന്നും ഫലപ്രദമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് മുമ്പ് വിശദമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്.
ഉദ്ദാഹരണത്തിന്, വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കുന്ന കുട്ടികൾ വിദ്യാഭ്യാസത്തിൽ ഉന്നതി കൈവരിച്ചിട്ടുണ്ടോ എന്ന് പഠിക്കപ്പെടണം. മാനസികമായും ശരീരികമായും തങ്ങളുടെ പ്രദേശികതയിൽ നിന്നും മറ്റൊരു ചുറ്റുപ്പാടിലേക്ക് അടർത്തി മാറ്റപ്പെടുമ്പോൾ ഇത്തരത്തിൽ പഠിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തണം. ഇത്തരം യാഥാർത്ഥ്യങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചാൽ ഭീകരമായ ചിത്രങ്ങളാകും തെളിഞ്ഞുകാണുക. ജെൻ്റർ ന്യൂട്രലിറ്റിയെക്കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത് പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ച് പഠിപ്പിക്കുന്ന എം.ആർ.എസ് (Model Residential School) പോലുള്ള സ്കൂളുകളിലാണ് ഗോത്ര മേഖലയിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുന്നതുപോലെയുള്ള ഒരു ലോകമല്ല അവിടെയുള്ളത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ പട്ടികവർഗ വികസനവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് പ്രവർത്തിക്കേണ്ടി വരും. പ്രാദേശികതലത്തിലേക്ക് വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ഇതിന് ശരിയായ പരിഹാരം. പ്രദേശികതലത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനം മാറുന്നതോടെ അവരുടെ പ്രദേശികതയിൽ നിന്ന് പഠിക്കാൻ സാധിക്കുകയും ടീച്ചിംഗ്-നോൺ ടീച്ചിംഗ് സ്റ്റാഫുകളായി ഗോത്ര ജനതയിൽ നിന്നുള്ളവർ തന്നെ നിയമിക്കപ്പെടുന്നതിലൂടെ പുതിയ തൊഴിൽ സാധ്യതകളിലേക്ക് അത് വെളിച്ചം വീശുകയും ചെയ്യും.
2011 ലെ സെൻസസ് കണക്ക് പ്രകാരം കേരള ജനസംഖ്യയുടെ 1.45 ശതമാനം വരുന്ന ഗോത്രജനതയിൽ 36 വിഭാഗങ്ങളും 5,792 കോളനികളിലായി 1,21,289 കുടുംബങ്ങളും അതിൽ 4,84,389 പേരുമാണുള്ളത് (രഞ്ജിത്ത് മാധവൻ, മാതൃഭൂമി ജൂൺ 2021). ഗോത്ര സമൂഹത്തിലെ പരിമിതമായ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധതരം സ്കൂളുകളും ഹോസ്റ്റലുകളും ശ്രദ്ധേയമായ പങ്കുണ്ട്. ഗോത്രവർഗ വിഭാഗത്തിനായി വിവിധ ജില്ലകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേകമായി 106 പ്രീമെട്രിക് ഹോസ്റ്റലുകളും ഇരുപതിലധികം മോഡൽ റസിഡെൻഷ്യൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും സ്വന്തം പ്രദേശത്തോ ജില്ലയിലോ തന്നെ അടിസ്ഥാന വിദ്യാഭ്യാസം കിട്ടാത്ത സാഹചര്യം ഗോത്ര വിദ്യാർത്ഥികൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. മറ്റുള്ള ജില്ലകളെ പഠനത്തിനായി ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മറ്റൊരു ഭാഗത്ത് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് സ്വകാര്യ മാനേജ്മെന്റ് സ്ക്കൂകളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടുന്ന പ്രവർത്തനങ്ങളും ഗോത്രസമൂഹത്തിനിടയിൽ നടക്കുന്നുണ്ട്. സർക്കാർ ഒരുവശത്ത് ഇത്രയധികം സൗകര്യങ്ങളൊരുക്കുമ്പോഴാണ് ഇതും സംഭവിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഗോത്രജനതയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അത് പരിഗണിക്കപ്പെടുമോ എന്നത് പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാൽ മാത്രമേ വ്യക്തമാകൂ. ആദിവാസികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് വേണ്ടിയുള്ള ഒട്ടേറെ പദ്ധതികളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നുവെന്ന് കരുതുന്ന കുട്ടികളെ പ്രത്യേകം പരിഗണിക്കാനുള്ള ഗവേഷണ പരിപാടികളും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം പദ്ധതികൾ ആവിഷ്ക്കരിക്കുക മാത്രമല്ല ഇനി സർക്കാർ ചെയ്യേണ്ടത് അതോടൊപ്പം പാഠ്യപദ്ധതി രൂപീകരണത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആദിവാസി ജനതയുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുകയും വേണം. അത്തരത്തിൽ, ആദിവാസി ജനതയ്ക്ക് വേണ്ടിയുള്ള ഏത് പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുമ്പോഴാണ് ആ ജനതയ്ക്ക് അതിൻ്റെ ഗുണം ലഭിച്ചുവെന്ന് നമുക്ക് പറയാനാവുന്നത്. അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒപ്പം നിൽക്കാൻ കഴിയുന്നത് പങ്കാളിത്തത്തിലൂടെയാണ്. അല്ലാത്ത പക്ഷം ഇത്തരം പദ്ധതികൾ അർത്ഥശൂന്യമായിരിക്കും.