നിങ്ങളിൽ ക്വിയർ അല്ലാത്തവർ കല്ലെറിയട്ടെ

OUT -2

ന്യൂനപക്ഷങ്ങൾ എപ്പോഴും വേട്ടയാടപ്പെടുകയും ഇരയാക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യയിൽ, ഭൂരിപക്ഷത്തിനായി ഒരു ന്യൂനപക്ഷ വിഭാഗം (?) നടത്തിയ നിയമപോരാട്ടത്തിന്, അതിന്റെ വിജയത്തിന് 2023 സെപ്റ്റംബറിൽ അഞ്ച് വർഷങ്ങൾ പൂർത്തിയാവുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, ജനാധിപത്യത്തിന്റെ സൗന്ദര്യവും മാനവികതയുടെ സന്ദേശവും എന്നൊക്കെ നമുക്ക് വേണമെങ്കിൽ ആഘോഷിക്കാമായിരുന്ന പ്രസ്തുത നിയമപോരാട്ടത്തെ എന്നാൽ നിശിതമായ വിമർശനങ്ങളും കളിയാക്കലുകളും അവമതിപ്പും നേരിട്ടുകൊണ്ടാണ് ആ ഭൂരിപക്ഷത്തിന്റെ വക്താക്കൾ സ്വീകരിച്ചത്. ഇന്ത്യൻ പീനൽ കോഡ് അഥവാ ഐ.പി.സി എന്നറിയപ്പെടുന്ന 1860-ൽ നിലവിൽ വന്ന ആ നിയമത്തിന്റെ ഭാഗമായിരുന്ന സെഷൻ 377 ഭാഗികമായി റദ്ധാക്കിയ നവതേജ് സിംഗ് ജോഹർ &ഓർസ് vs യൂണിയൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നിയമപോരാട്ടം ഒരു ജനതക്ക് നൽകിയ ആത്മവിശ്വാസവും പ്രതീക്ഷയും ജീവിക്കാനുള്ള ആഗ്രഹവുമാണ് വർധിപ്പിച്ചത്, എന്നാൽ അതേ വിധി ഇന്ത്യയിലെ എല്ലാ പൗരർക്കും ഒരുപോലെ സ്വീകാര്യമാകേണ്ടതാണ് എന്ന അറിവ് പലർക്കും ഇല്ലായിരുന്നു.

നവതേജ് സിംഗ്. കടപ്പാട് :flickr.com

ഇന്ന് ഇന്ത്യൻ പീനൽ കോഡിന് പകരം ബി.ജെ.പി-സംഘപരിവാർ സർക്കാർ കൊണ്ട് വന്ന ബി.എൻ.എസ് (ഭാരതീയ ന്യായ സംഹിത) എങ്ങനെ ജനാധിപത്യ- ക്വിയർ-വിരുദ്ധമാകുമെന്ന് യുക്തിപരമായി സമീപിക്കാൻ പലർക്കും സാധിക്കുന്നുമില്ല.

ഭൂരിപക്ഷവും ഐ.പി.സി 377 ഉം തമ്മിലെന്ത് എന്ന് സംശയിക്കുന്നവർക്ക് ഇന്നും ഈ മനുഷ്യത്വ വിരുദ്ധ നിയമത്തിന്റെ സാങ്കേതികത്വം മനസിലായിട്ടില്ല. “Whoever voluntarily has carnal inter­course against the order of nature with any man, woman or animal, shall be punished with imprisonment for life, or with impris­onment of either description for a term which may extend to ten years, and shall also be liable to fine.” ഐ.പി.സി 377 അനുസരിച്ചുള്ള ഈ വ്യാഖ്യാനപ്രകാരം ഇന്ത്യയിലെ ‘കുടുംബങ്ങളിലെ’ എല്ലാ ലൈംഗികപ്രവൃത്തികളും ലിംഗ-യോനി ബന്ധം തന്നെ ആയിരിക്കണമെന്ന സ്റ്റേറ്റിന്റെ നിർബന്ധബുദ്ധിയെ ആരും കാണാതെ പോകരുത്. ലളിതമായി പറഞ്ഞാൽ ബ്രിട്ടീഷ് വിക്ടോറിയൻ സദാചാരപ്രകാരം കുഞ്ഞുങ്ങളെ ജനിപ്പിക്കാനോ-അല്ലെങ്കിൽ ലിംഗ-യോനി ബന്ധപ്രകാരമായോ അല്ലാതെ നടക്കുന്ന എല്ലാ ലൈംഗിക ക്രിയകളും ക്രിമിനൽ കുറ്റമാണ്. (കുഞ്ഞുങ്ങളോടും-മൃഗങ്ങളോടുമുള്ള ലൈംഗിക അതിക്രമം കുറ്റകരമായി തന്നെ തുടരണം എന്നിരിക്കെ), രണ്ട് വ്യക്തികൾ തമ്മിലുള്ള- ഉഭയസമ്മതപ്രകാരമുള്ള- മറ്റ് ലൈംഗിക പ്രക്രിയകൾ എങ്ങനെ ഭരണകൂടത്തിന് വിലക്കാൻ സാധിക്കും?

ഐ.പി.സി 377 റദ്ദാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനം. കടപ്പാട്: apnews.com

അങ്ങനെ നോക്കിയാൽ ഐ.പി.സി 377 നേരിട്ട് ബാധിച്ചിരുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മനുഷ്യരെ ആയിരുന്നു. അവിടെയാണ് ക്വീയർ മനുഷ്യർ (എല്ലാ ക്വിയർ വ്യക്തികളും പ്രത്യേകിച്ച് സ്വവർഗാനുരാഗികളും ട്രാൻസ്‌ജെൻഡർ സ്ത്രീകളും – ഏനൽ സെക്സ് മാത്രം ചെയ്യുന്നവരാണെന്ന തെറ്റിദ്ധാരണ) അവരെ കാലങ്ങളായി അന്യായമായ പീഡനത്തിനും ക്രിമിനൽ കേസിന്റെ ഭാഗമാക്കുന്നതിനും കാരണമായ നിയമത്തെ ഭരണഘടനാപരമായി തന്നെ സുപ്രീംകോടതിയിൽ വെല്ലുവിളിച്ചത്.

അഞ്ച് ക്വിയർ വ്യക്തികൾ നൽകിയ ഭരണഘടനാവകാശ സംരക്ഷണ ഹർജിയും ഐ.പി.സി 377 ന്റെ ഭരണഘടനാ സാധുതയും ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ചരിത്രപരമായ വിധി സ്വാതന്ത്ര്യം നൽകിയത് പൗരരുടെ സ്വകാര്യതയ്ക്കും പൗരാവകാശങ്ങൾക്കുമാണ്. 495 പേജുള്ള, രാജ്യത്തെ ക്വിയർ മനുഷ്യരോട് ഭരണകൂടങ്ങളും ജനതയും എങ്ങനെ പെരുമാറണം, ഇടപെടണം, സാമൂഹ്യാവബോധം എങ്ങനെ സൃഷ്ടിക്കണം, ക്വിയർ വ്യക്തികൾക്ക് ലഭിക്കേണ്ട അന്തസുള്ള ജീവിതവും ആത്മാഭിമാനവും എങ്ങനെ ഉറപ്പാക്കാം എന്നിവയും അടങ്ങിയ പാഠപുസ്തകമാക്കേണ്ട ഒരു വിധി; എന്നാൽ ആ വിധിയിലും അടിസ്ഥാന അവകാശ- ഭരണഘടനാവാകാശങ്ങൾ പരിഗണിക്കപ്പെട്ടില്ല എന്നതും വിമർശനപരമാണ്.

ഐ.പി.സി 377 ഭാഗികമായി റദ്ധാക്കികൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ച വിധിയുടെ പകർപ്പ്. കടപ്പാട് :main.sci.gov.in

ക്വിയർ വിവാഹം, ദത്തവകാശം, സ്വത്തവകാശം, പൗരത്വം തുടങ്ങി അനേകം സങ്കീർണതകൾ ഇന്നും പരിഗണനകൾക്ക് അപ്പുറമാണ്. സ്വകാര്യതയെ സംബന്ധിക്കുന്ന പുട്ടസ്വാമി വിധിയുടെയും ട്രാൻസ്‌ജെൻഡർ മനുഷ്യരെ അംഗീകരിച്ച നൽസ വിധിയുടെയും തുടർച്ചയായി വേണം ഐ.പി.സി 377 ഭാഗികമായി റദ്ധാക്കികൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് സെപ്റ്റംബർ 6 ന് പ്രഖ്യാപിച്ച ചരിത്ര വിധി.

സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും എന്നാൽ ഭൂരിപക്ഷ മതവാദികൾക്കും തീവ്ര ഹിന്ദുത്വ-ഇസ്ലാം-ക്രിസ്തു വാദികൾക്കും അലോസരമുണ്ടാക്കി എന്നതാണ് വാസ്തവം. ഭരണഘടനാ ധാർമികത എന്ന മൂല്യത്തെ ഉയർത്തി പിടിച്ചുകൊണ്ട് സാമൂഹ്യ ധാർമികതയെ, പൗരരുടെ അവകാശങ്ങളെ ഹനിക്കുന്ന ഒന്നായി കാണരുതെന്ന് കോടതി ഉത്തരവിട്ടു. 2018 ശേഷം പുറപ്പെടുവിച്ച ധാരാളം ഹർജികൾക്ക് ഈ നിരീക്ഷണം ബലം നൽകിയിട്ടുണ്ട്.

കെ.എസ്. പുട്ടസ്വാമി. കടപ്പാട്: indiatimes.com

പ്രകൃത്യാലും പ്രകൃതിപരമല്ലാത്തതും എന്ന ദ്വന്ദനിർമ്മിതി എങ്ങനെയാണ് മനുഷ്യത്വ വിരുദ്ധവും ക്വിയർ ഭീതി നിർമിക്കുന്നതുമെന്ന് നിരീക്ഷിച്ച കോടതി ക്വിയർ ബന്ധങ്ങൾ (LGBTQI ബന്ധങ്ങൾ ) എല്ലാം പ്രകൃതിപരമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യ ഒപ്പ് വെച്ചിട്ടുള്ള യോഗ്യകർത്താ തത്വങ്ങൾക്ക് വിരുദ്ധമാണ് നിലവിലെ ഐ.പി.സി 377 നിയമമെന്ന് വിലയിരുത്തുകയും ചെയ്യുകയുണ്ടായി. തുടർന്ന് 377, ഭരണഘടനാപരമായി അനുച്ഛേദം 14, 15, 19, 21 എന്നിവയുടെ ലംഘനമാണെന്ന് കണ്ടെത്തുകയും പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുള്ള (ഉഭയസമ്മത പ്രകാരമുള്ള) ലൈംഗിക ബന്ധം സാധൂകരിക്കുകയും ചെയ്തു. നോക്കൂ, ന്യൂനപക്ഷമായ (?) ക്വിയർ വ്യക്തികൾ ഭൂരിപക്ഷത്തിനുകൂടി വേണ്ടി ഒരു വിജയം നേടിയിരിക്കുന്നു.

എന്നാൽ പ്രസ്തുത വിധിയിൽ കോടതി നടത്തിയ മറ്റുചില സുപ്രധാന മാർഗനിർദേശങ്ങൾ നാളിതുവരെ ഇന്ത്യയിലെ സർക്കാരുകൾ പാലിച്ചില്ല എന്നത് (കേരളം അതിലും ചില മാതൃക കാണിച്ചിട്ടുണ്ട്) കോടതിയലക്ഷ്യമായി പരിഗണിക്കേണ്ടതാണ്.

ഐ.പി.സി 377 റദ്ദാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനം. കടപ്പാട്: outlookindia.com

ക്വീയർ വ്യക്തികൾക്ക് തുല്യ പരിഗണനയും വിവേചനരഹിതമായ ജീവിതം ഉറപ്പാക്കുവാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്നതും LGBTIQ മനുഷ്യരെക്കുറിച്ചും ലിംഗം (sex), ലിംഗത്വം (gender), ലൈംഗികത (sexuality) എന്നിവയിൽ സാമൂഹ്യാവബോധം സൃഷ്ടിക്കുവാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണെമന്നും അഭിപ്രായപ്പെട്ടിട്ടും വേണ്ട ഇടപെടലുകൾ നടത്താതെ തുടരെ തുടരെ വിവിധ സംസ്ഥാന പോലീസ് സേന ക്വിയർ മനുഷ്യർക്കെതിരെ അന്യായമായി കേസുകൾ ചാർജ് ചെയ്യുന്നുണ്ട്. സമീപകാലത്ത് സ്വവർഗ്ഗ വിവാഹം സുപ്രീംകോടതി പരിഗണിക്കുമ്പോഴും സാമൂഹ്യാവബോധം, കേന്ദ്ര സർക്കാരിന്റെ നിലപാടും പിന്നാക്കം തന്നെയാണ്.

സുപ്രീംകോടതിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിസ്ഥാന പാഠ്യപദ്ധതികളിലും സ്‌കൂൾ-കോളേജ്-മെഡിക്കൽ- പ്രൊഫഷണൽ കരിക്കുലത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി ക്വിയർ SOGIESC ഇൻക്ലൂഷൻ ആക്കിയാൽ മാത്രമേ വരും തലമുറക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കുവാൻ സാധിക്കുകയുള്ളു. കേരളവും തമിഴ്‌നാടും മുന്നോട്ടുവയ്ക്കുന്ന മാതൃകകൾ മറ്റ് സംസ്ഥാനങ്ങൾ കൂടി പിന്തുടർന്നാൽ ഒരു പരിധിവരെ ക്വീയർ ഫോബിയ കുറയ്ക്കുവാൻ സാധിക്കുന്നതാണ്. ഭൂരിപക്ഷം എന്ന് അവകാശപ്പെടുന്ന സിസ്-ഹെറ്ററോ മനുഷ്യർ ന്യൂനപക്ഷമെന്ന് നിങ്ങൾ പറയുന്ന ക്വീയർ വ്യക്തികളോട് കാണിക്കേണ്ടുന്ന സാമാന്യ മര്യാദ കൂടിയാണത് !

നിങ്ങളിൽ ക്വിയർ അല്ലാത്തവർ കല്ലെറിയട്ടെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read