ആനകൾക്ക് വേണം രാഷ്ട്രീയ സംഘടന

എന്റെ കാടിന്റകം, കുട്ടിക്കാലത്ത് ഞങ്ങളുടെ കളിസ്ഥലമായിരുന്നു. രാവിലെ എല്ലാവരും ചേർന്ന് കാട്ടിൽ പോകും. അച്ഛനമ്മമാർ ചേർന്ന് വിറക് ശേഖരിക്കും. ഞങ്ങൾ ആ കാട് മൊത്തം നടക്കും, പഴങ്ങൾ പറിക്കും. തണൽ ചോട് കണ്ടാൽ പേടിക്കാതെ കിടന്നുറങ്ങും. സാറ്റും, ഓടിപ്പിടുത്തവും, കബഡിയും പല കളികളും കളിക്കും. കാട്ടുമരങ്ങൾ മാത്രമായിരുന്നു കാട്ടിൽ. ഞാവൽ, ഞാറ, മാവ്, കാട്ടുമാവ്, മരുത്, പേഴ്, ചെറ്പ്പുണ, ഇരുമ്പകം, ബാരൽ, താന്നി, ഇരിപ്പ, പന്തം എന്നിങ്ങനെ ഒരുപാട് മരങ്ങൾ നിറഞ്ഞ കാട്. നല്ല മുളകളുമുണ്ടായിരുന്നു. വിദേശ മരങ്ങളൊന്നും അന്ന് വയനാടൻ കാടുകളിൽ എത്തിയിരുന്നില്ല. അന്നൊന്നും ഞങ്ങൾ ആനകളെ നേരിട്ട് കണ്ടിരുന്നില്ല. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിലാണ് വിദേശ മരങ്ങളുടെ വിത്തുകൾ വീണ് മുളച്ചുപൊന്തിയത്. ശീമക്കൊന്ന പോലുള്ള മരങ്ങൾ നമ്മുടെ കാടുകൾ കീഴടക്കി. തേക്കുകളും, യൂക്കാലി മരങ്ങളും വെച്ചുപിടിപ്പിച്ചു. തനത് മരങ്ങൾ ഓരോന്നായ് വീഴാൻ തുടങ്ങി. ഈ വിദേശ മരങ്ങൾ വളർന്നാൽ നമ്മുടെ മരങ്ങളൊക്കെ കരിഞ്ഞുപോകും. വേറെയൊന്നും വളരുകയും ഇല്ല. വയനാട്ടിലെ മുളങ്കാടുകളും അങ്ങനെ നശിക്കാൻ തുടങ്ങി, ആനകൾ വിശന്നു നടക്കാനും.

മാനന്തവാടിയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ തണ്ണീർക്കൊമ്പൻ എന്ന ആന.

കുറുവയിൽ എത്തിയ ആനകൾ

കർണ്ണാടക, വയനാട് വനങ്ങൾ തമ്മിൽ അടുത്ത ബന്ധമാണല്ലോ. ആനകൾ സഞ്ചാരികളാണ്. നടന്ന് നടന്നാണ് തീറ്റ സംഭരിക്കുന്നത്. അങ്ങനെ തീറ്റ തിന്നും, തേടിയും അവർ എത്തുന്ന സ്ഥലം കാട് കഴിഞ്ഞുള്ള നാടാവാം, നഗരവുമാകാം. പണ്ട് സഞ്ചരിച്ച വഴികളിലൂടെയാവും അവർ വരുന്നത്. പണ്ടെപ്പോഴോ ഒരു ആന അവിടേക്ക് വന്നിട്ടുണ്ടാവും. ആദിവാസികൾ കഥ പറയുന്ന പോലെ ആനകളും കഥ പറയുന്നുണ്ട്. ഏതെങ്കിലും ഒരിടത്ത് ഒരാന എത്തിയാൽ ആ വിവരം അവർക്കിടയിൽ ഉണ്ടാവും. എല്ലാ ആനകളുടെയും ഓർമ്മയിൽ അതുണ്ടാവും. പണ്ട് ഞങ്ങൾ പൂജ ചെയ്ത സ്ഥലങ്ങളായിരുന്നു അതെല്ലാം എന്ന് ആദിവാസികൾ ഇന്ന് കാടിനെ ഓർത്ത് കഥ പറയുമെങ്കിലും അവിടേക്കൊന്നും ഞങ്ങൾക്ക് പോകാൻ പറ്റില്ല. കാട്ടിൽ നിന്നും ഞങ്ങളെ തടഞ്ഞുവെക്കുന്ന സംവിധാനം ഇന്നുണ്ട്. എന്നാൽ മൃഗങ്ങൾ ഈ വിലക്കുകൾ പാലിക്കണം എന്നില്ല.

വേനൽക്കാലത്ത് കർണ്ണാടകയിൽ വെള്ളം ഉണ്ടാവില്ല. ബാവലിയിലോ ബൈരക്കുപ്പയിലോ കുട്ടയിലോ ഒന്നും അത്ര പോലും വെള്ളമുണ്ടാവില്ല. തിരുനെല്ലി പഞ്ചായത്തിൽ ഒട്ടും വെള്ളം ഉണ്ടാവില്ല. എന്നാൽ ചാലിഗദ്ധയിൽ വെള്ളമുണ്ടാവും. എവിടെയും വെള്ളം ഇല്ലാതിരിക്കുമ്പോൾ ഇന്നയിടത്ത് പോകണം എന്ന് പണ്ടൊരു ആന പറഞ്ഞുകൊടുത്ത ഓർമ്മയിൽ ചാലിഗദ്ധയിലേക്ക് ആനകൾ വരും. അങ്ങനെ വന്നു വന്ന് കൂടിയ ആനകൾ ചാലിഗദ്ധയിൽ കൂട്ടത്തോടെ താമസിക്കാൻ തുടങ്ങി. പഴങ്ങളും, പച്ചമരുന്നുകളും, പക്ഷികളും കൂടിച്ചേർന്ന കാടാണ് കുറുവ. മാനുകൾ കുറവാണ്. കാട്ടുകോഴികളും മുയലുകളുമുണ്ട്. പിന്നെ ഇടയ്ക്ക് വന്നുപോകുന്ന പന്നികളും. അങ്ങനെയിരുന്ന കുറുവ ഇന്ന് ആനകളുടെ ദ്വീപായി മാറി.

മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പൻ.

ആനകൾ വരുന്നത് നശിപ്പിക്കാനല്ല

മുമ്പ് ആനകൾ വന്നുപോകുന്നതൊന്നും ആരും അറിയാറുണ്ടായിരുന്നില്ല. നെല്ലായിരുന്നു കൃഷി. തോട്ടത്തിൽ വാഴയും തെങ്ങും കാപ്പിയും കുരുമുളകും. രാത്രി ഒറ്റയ്ക്ക് ഒരാനയൊക്കെ വരും. വന്നു പോകും എന്നല്ലാതെ കൃഷി നശിപ്പിച്ചതായി ഒരു രേഖയും കാണില്ല. പിറ്റേന്ന് കാൽപ്പാട് കാണുമ്പോഴേ മനസ്സിലാകൂ ആന വന്നുപോയിരുന്നെന്ന്. ‌മൃഗങ്ങളുടെ ആഹാരകേന്ദ്രമാണ് കാട്. മൃഗങ്ങളും കർഷകരാണ്. അവര് തിന്ന് തൂറുന്ന വിത്തുകൾ വീണ്ടും മുളച്ച് പൊന്തുന്നു. ഓരോ മാസവും എവിടെയൊക്കെ ചെന്നാൽ ഭക്ഷണം കിട്ടും എന്ന് അവർക്കറിയാം. ഒരിടത്തെ ഭക്ഷണം കഴിഞ്ഞാൽ പിന്നെ അടുത്ത കായ്കൾ പൂക്കുന്ന ഇടത്തേക്ക് അവർ നീങ്ങും. ഓരോ കാലവസ്ഥ അനുസരിച്ച് അവരിങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും. എന്നാൽ ചിലയിടങ്ങളിൽ ഭക്ഷണത്തിന്റെ ലഭ്യത കുറയും. അങ്ങനെ അവർ ഗ്രാമങ്ങളിൽ എത്തിപ്പെടും. കൃഷിയിടങ്ങളിൽ എത്തിപ്പെടും. കൃഷി നശിപ്പിക്കാനായിട്ടല്ല ആനകൾ വരുന്നത്. വിശന്നിട്ട് തീറ്റ തേടിയാണ് വരുന്നത്. അതിനെ നശീകരണം എന്ന് നമ്മൾ പറയും. പക്ഷേ അത് തിന്നാനായി വരുന്നതല്ലേ? അത്രയും വലിയ വയറല്ലേ, അതു നിറയ്ക്കണ്ടേ? നശിപ്പിക്കാനായാണ് വരുന്നതെങ്കിൽ കൃഷി മുഴുവൻ നശിപ്പിച്ച് പോയാൽ പോരെ? ഏഴ് മലയും ഏഴ് പുഴയും കടന്ന് വിശപ്പടക്കണം ആനയ്ക്ക് എന്നാണ് ഞങ്ങൾ പറയാറ്. പന്നി വന്നാൽ തേറ്റകൊണ്ട് കുത്തിയെ തിന്നും, കിളികൾ വന്നാൽ കതിര് കൊയ്തെടുത്ത് തിന്നും, എലി വന്നാൽ ചോട് കരണ്ട് തിന്നും… ഇതിനെയെല്ലാം എങ്ങനെയാണ് നശിപ്പിക്കൽ എന്ന് പറയുക ? മനുഷ്യനല്ലേ നശിപ്പിക്കുന്നതിൽ ഏറ്റവും മുന്നിലുള്ളത് ?

കാട്ടിൽ പഴന്തോട്ടങ്ങൾ വേണം

കാട്ടിലെ പന്ത്രണ്ട് മാസങ്ങളും വ്യത്യസ്തമാണ്. ഓരോ മാസത്തിലും ആനകൾ കഴിക്കുന്ന പഴങ്ങളുണ്ട്. ആ പഴങ്ങളെല്ലാം ഓരോ മാസവും കായ്ച്ചുകൊണ്ടിരുന്നതാണ്. ഓരോ മാസവും തീറ്റ കിട്ടുന്നിടത്തേക്ക് അവരെത്തും. അതൊന്നും തിന്നാൻ കിട്ടാതായി കഴിഞ്ഞപ്പോഴാണ് ആനകൾ തീറ്റതേടി വരുന്നത്. ആനകളെ പോലെ തന്നെ ആദിവാസികൾക്കും കാടിനെയറിയാം. ഇന്ന മാസം ഇന്ന ദിവസം ആ മരം കായ്ക്കും, ആ ദിവസം നമുക്ക് പോയി നോക്കാം എന്നെല്ലാം ഞങ്ങള് പറയും. എന്നാൽ ഇങ്ങനെ പോയി നോക്കുമ്പോൾ ഒന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും? എന്റെ ഒരാശയാണിത്, ഓരോ മാസവും വിളയുന്ന പഴവർഗങ്ങളുടെ തോട്ടം കാട്ടിലുണ്ടാക്കണം. ഓരോ ഇടങ്ങളിലായി തരംതിരിച്ച് വെച്ചുപിടിപ്പിക്കണം. വളർന്നു വരുന്നതുവരെ സംരക്ഷിക്കണം. അല്ലെങ്കിൽ മാനോ, പന്നിയോ കടിച്ചുകളയും. കാട്ടിൽ ഇങ്ങനെ ഫലവൃക്ഷങ്ങൾ നട്ടുപിടിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മുളങ്കാടുകളും വേണം. മുളങ്കാടുകൾ ഉണ്ടായിരുന്നപ്പോൾ വല്ലപ്പോഴും മാത്രമെ ആനകൾ പുറത്തുവന്നിരുന്നുള്ളു.

വയനാടിലെ കാടുകളിലൂടെ നീങ്ങുന്ന ആനക്കൂട്ടം. കടപ്പാട്:wti

ആനകൾ നമ്മെ ചോദ്യം ചെയ്താൽ ?

ആന ഞങ്ങളുടെ വല്ല്യച്ഛനാണ് എന്നാണ് പറയാറ്. മുറമെടുത്ത്വെച്ച് ആനച്ചെവിയായി, ചൂലെടുത്തുവെച്ച് ആനവാലായി, ഉലക്കയെടുത്തുവെച്ച് ആനക്കാലായി അങ്ങനെയങ്ങനെ ആനയായി മാറിയ ആദ്യത്തെ ആദിവാസികളുടെ കഥ പറഞ്ഞു തരാറുണ്ട്. ആന വന്ന് കഴിഞ്ഞാൽ ഞങ്ങൾ ഓടിക്കാറില്ല, ആക്രമിക്കാറുമില്ല. വിശന്നിട്ട് തിന്നാൻ വേണ്ടി വരുന്നതാണ് നമ്മൾ ഒന്നും ചെയ്യരുത് എന്നാണ് കൊച്ച് കുട്ടികൾക്ക് കൂടി ഞങ്ങൾ പറഞ്ഞുകൊടുക്കാറ്. ഞങ്ങൾ ആനയെ കണ്ടാൽ അത് നാട് മൊത്തം കഥയാവും. ഒരു പുതിയ കഥയുണ്ടാവും. ആ കഥകളാണ് കുറുവിൽ ഉള്ളത്. കാട്ടിലേക്ക് ടൂറ് പോകുമ്പോൾ അവിടുത്തെ മൃഗങ്ങൾ നമ്മളോട് കയറരുത് എന്ന് പറയാറുണ്ടോ? ഇത് ഞങ്ങളുടെ കാടാണ്, നിങ്ങൾ എന്തിനാണ് കാട് നശിപ്പിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ? ശരിക്കും, മൃഗങ്ങളും ആനകളും ഒരു രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതാണ് നല്ലത്. അവർക്കും ഉണ്ട് രാഷ്ട്രീയം. എന്നാൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടികൾ ഉണ്ടാകുമോ?

ആനയെ ഉപദ്രവിച്ചാൽ പിന്നെ

ആനകൾ വരാതിരിക്കാൻ ആദ്യം രണ്ടുമൂന്നാൾ താഴ്ച്ചയിൽ കാടിന് ചുറ്റും കിടങ്ങുകൾ കുഴിച്ചു. അത് ഫലം കാണാതെ പിന്നീട് ഇലക്ട്രിക് ഫെൻസിങ്ങ് കെട്ടി. ഷോക്ക് കട്ടാക്കി ആനകൾ പിന്നെയും വന്നു. പിന്നെ കരിങ്കൽ മതിലുകൾ കെട്ടി നോക്കി. കരിങ്കല്ലും തകർന്നുവീണു. ഇപ്പോൾ ചാലിഗദ്ധയിൽ അടക്കം എല്ലായിടത്തും റെയിൽവെ ഫെൻസിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയാവുന്നതേയുള്ളൂ. ആനകൾ വരുമ്പോൾ എന്തിനാണ് ഇങ്ങനെ ശല്യപ്പെടുത്തുന്നത്? ഞാൻ നിന്നെ തല്ലിക്കഴിഞ്ഞാൽ നീ എന്നെ തിരിച്ചുതല്ലില്ലേ? ആനയെ ഉപദ്രവിച്ചാൽ പിന്നെ ആന ആക്രമിക്കാതിരിക്കുമോ? ആനയ്ക്കും ദേഷ്യം വരില്ലേ? ആനകൾ അവരുടെ കൂട്ടത്തെ സംരക്ഷിക്കും. ആനയുടെ അടുത്ത് ചെന്ന് ഒച്ചയിട്ട് ഓടിക്കാനും വഴക്ക് പറയാനും കല്ലെടുത്തെറിയാനും പാടില്ല. അങ്ങനെ ഒരു ഉപദ്രവവും ചെയ്യരുത്.

തർണ്ണീർക്കൊമ്പനെ പിടികൂടി കർണ്ണാടകയിലേക്ക് കൊണ്ടുപോകുന്നു. കടപ്പാട്:newindianexpress

കാടിന്റെ മണം പോയാൽ

കാട്ടിലുള്ളവർക്കെല്ലാം ഒരു പച്ചമണമുണ്ട്. ശരീരത്തിൽ കാടിന്റെ മണവും കറയുമുണ്ട്. എവിടെ ഏതുവഴി പോണം എന്ന അനുഭവ സമ്പത്തുമുണ്ട്. എന്നാൽ കുറേ കാലം കാടിന് പുറത്തായാൽ ഈ മണവും അറിവും നമ്മുടെ ശരീരത്തിൽ നിന്നും പോവും. കാടുമായുള്ള ബന്ധം ഇല്ലാതെയാകും. കാടിനെ മനസ്സിലാക്കാൻ പറ്റാതെയാവും. ആനകൾക്കും അതറിയാം. കാടിന് അകത്തുള്ള മണങ്ങളും പുറത്തുള്ള മണങ്ങളും അവർക്ക് തിരിച്ചറിയാം. കണ്ടിട്ടില്ലേ തുമ്പിക്കൈയിൽ എപ്പോഴും മണം പിടിച്ചുനടക്കുന്നത്? കാടിന്റെ മണം പോയിക്കഴിഞ്ഞാൽ ആദിവാസികളെ ആയാലും ആനകൾ ഓടിച്ചുവിടും.

സുകുമാരൻ ചാലിഗദ്ധ എഴുതിയ ആന അനുഭവങ്ങളുടെ സമാഹാരം, കുറു

വന്ന വഴിയേ ആന തിരിച്ചുപോകും

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുന്നേ, ചൈനയിലൂടെ ഒരു ആനക്കുടുംബം യാത്ര ചെയ്തത് ഓർമ്മയുണ്ടോ? അവരുടെ തീറ്റ തീർന്നുപോയതിനാൽ കുറേ കിലോമീറ്ററുകൾ നടന്ന് അവർ യാത്ര ചെയ്തു. ആനകൾ വരുന്നുണ്ടെന്നും ഉപദ്രവിക്കാൻ പാടില്ലെന്നും ചൈനീസ് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തു. ഒട്ടും ഉപദ്രവിക്കാതെ അവർ ആ ആനകളെ തിരിച്ച് കാട്ടിൽ എത്തിച്ചു. നമ്മളാണെങ്കിലോ? നാട്ടിൽ ഇറങ്ങിയ ആനയെ കല്ലെറിയുന്നു, കൂവി വിളിക്കുന്നു, ഉപദ്രവിക്കുന്നു, വെടിവെച്ച് കൊല്ലുന്നു. ആന നാട്ടിൽ ഇറങ്ങി കഴിഞ്ഞാൽ ജനങ്ങളെയാണ് മാറ്റേണ്ടത്. ജനങ്ങൾ ആനയ്ക്കടുത്ത് വരാൻ പാടില്ല. ഇറങ്ങി വന്ന വഴിയിലൂടെയെ ആന തിരിച്ച് പോകൂ. തിരിച്ചുപോവാൻ അനുവദിക്കാതെ അതിനെ ഓടിക്കുകയാണിവിടെ. ഒരു ദിവസം മുഴുവൻ ഒരു മനുഷ്യനെ ഓടിച്ചുകഴിഞ്ഞാലുള്ള അവസ്ഥ എന്താകും? തളർന്ന് പോവില്ലേ? ഇങ്ങനെ ആനയും തളരില്ലേ? നാട്ടിൽ ഇറങ്ങുന്ന ആനയുടെ ചുറ്റും ആളുകൾ കൂടി ആനയെ ബുദ്ധിമുട്ടിക്കരുത്. തിരിച്ചുപോകുന്നതു വരെ ആനയ്ക്ക് സംരക്ഷണം ഒരുക്കണം. അത് മെല്ലെ പൊയ്ക്കൊട്ടെ. അത് മെല്ലെയെ പോവുകയുള്ളൂ. അത് മെല്ലെ കാട്ടിൽ കേറിക്കൊള്ളും. എങ്കിൽ ഒരു ജീവിയും തണ്ണീർക്കൊമ്പനെ പോലെ മരിക്കില്ല.

തയ്യാറാക്കിയത്: ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read