ചിന്താസരണിയിലെ സ്വകീയമായ തുരുത്തുകൾ, വെട്ടുവഴിപ്പാതകൾ

Écrits – 9 (പ്രതിമാസ ബുക്ക് റിവ്യൂ കോളം)

‘കൊല്ലിക്കയത്രേ നിനക്കു രസമെടൊ’
(മഹാഭാരതം കിളിപ്പാട്ട് )

ചിന്തയുടെ മൗലികത എന്നാൽ എന്താണ്? മറ്റ് ചിന്തകളായൊന്നും സമ്പർക്കമില്ലാത്ത ശുദ്ധചിന്ത എന്ന സങ്കല്പമാണോ? അതോ നിലനിൽക്കുന്ന ചിന്താരീതിയിൽ നിന്നും വിഭിന്നമായ ചിന്താവഴിയുടെ പ്രകാശനമാണോ. ചിന്തയിലെ മൗലികത എന്നത് ഒരു സംവാദവിഷയമാണ്. മൗലികചിന്ത എന്നൊന്നില്ലെന്നും കലർപ്പുകളുടെ സഞ്ചയമാണ് ഏതൊരു ചിന്താവഴിയും എന്ന് വേണമെങ്കിൽ പറഞ്ഞുവെക്കാം. എന്നാൽ ചിന്തയുടെ വഴിയിൽ ഓരോരുത്തരും വിഭിന്നരാണ്. ചിന്തയെ മുന്നോട്ട് നയിക്കാൻ ഊർജ്ജമേകുന്ന വഴിച്ചോറിൽ സമാനതകൾ കണ്ടേക്കാം. എന്നാൽ ഒരാശയത്തെ പല മാനങ്ങളിൽ അവതരിപ്പിക്കുന്ന രീതിയിൽ വൈവിധ്യം സൂക്ഷിക്കുന്നവരെ മൗലിക ചിന്തകർ എന്ന് വിളിക്കാം. ഈ മൗലികചിന്ത ഉരുവം കൊള്ളുന്നതിന് സഹായകരമായി നിൽക്കുന്ന അനേകം ഘടകങ്ങളുണ്ടാകും. അവയുടെ സഹായത്തോടെ ഒരു വിഷയത്തെ അഴിച്ചെടുത്ത് തെളിച്ചത്തോടെ അവതരിപ്പിക്കുമ്പോഴാണ് ചിന്തയിലെ മൗലികത കാണാനാവുന്നത്. മലയാളിയുടെ ധൈഷണികചരിത്രത്തിൽ നിരവധി പേരുകൾ ഈ വിധം കാണാനാവും.ചിലർ പ്രഭ വറ്റാതെ ഇന്നും പ്രസക്തമായി നിലനിൽക്കുന്നതും കാണാം. ജീവിച്ചിരുന്ന കാലത്ത് ശ്രദ്ധ നേടാത്ത ചിലരിലേക്ക് ഇന്ന് നാം ഇന്നിന്റെ വ്യാധികളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾക്കായി പുനഃസന്ദർശനം നടത്തുന്നുണ്ടാകാം.ധൈഷണികചരിത്രം പല നിലയിൽ സക്രിയമാണ് ഇന്ന് എന്നു പറയാം. മലയാളിയുടെ ധൈഷണിക ചരിത്രം ഓരോ കാലത്തും ഓരോ വിതാനങ്ങളെ പുൽകിയാണ് വികസിച്ചത്. ധൈഷണിക ചരിത്രത്തിൽ വിവിധ പ്രത്യയശാസ്ത്രത്തെ അധിഷ്ഠാനമാക്കി രചനകൾ നിർവഹിക്കുകയും ചിന്താരീതിയെ അവലംബിക്കുകയും ചെയ്തവരായി നിരവധി പേരുകൾ നമ്മുടെ ഓർമ്മയിലെത്തും. തത്ത്വചിന്താരചനയുടെ സമകാലിക മുഖങ്ങളിലൊന്നാണ് സനിൽ വി. ദില്ലി ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലെ പ്രൊഫസറായ സനിൽ വി പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘കൊലയുടെ കൊറിയോഗ്രാഫി’. വിവരമോ, വ്യാഖ്യാനമോ അല്ല; വിമർശമാണ് ഈ ഗ്രന്ഥത്തിന്റെ അറിവുവഴി. തന്റെ പാരായണവഴിയും ചിന്താവഴിയും പുസ്തകത്തിന്റെ ആമുഖത്തിൽ സനിൽ പറയുന്നുണ്ട്. ”വാദപ്രതിവാദങ്ങളിലോ സംവാദങ്ങളിലോ ഇടപെടാനുള്ള ക്ഷമയോ ഭാഗ്യമോ എനിക്കുണ്ടായിട്ടില്ല. എന്നിൽ കടിച്ചുതൂങ്ങിയ ചില ചിന്തകളെ ആവോളം കൊണ്ടുനടക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു ഈ എഴുത്തുകൾ. എന്റേത് എന്നു വിളിക്കാനുള്ള ഒരു സ്വൈരത ഒരു ചിന്തയും എനിക്കനുവദിച്ചു തന്നിട്ടില്ല. എന്റേതായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുത്ത് കുറ്റമറ്റതാക്കിയെടുത്ത് അവതരിപ്പിക്കാനുമൊന്നും ഇവിടെയില്ല. പതിറ്റാണ്ടുകളോളം സാഹിത്യവുമായി ഇടപഴകി ജീവിച്ചിട്ടും സ്വന്തമായി ഒരു സാഹിത്യ ദർശനം കടമായിപ്പോലും സ്വരൂപിച്ചെടുക്കാൻ വിസമ്മതിച്ച എം. കൃഷ്ണൻ നായരാണ് എന്നും എന്റെ വിസ്മയം. ആശയങ്ങൾ നമ്മെ യാഥാർത്ഥ്യത്തിലേക്കു വലിച്ചെറിയുമ്പോൾ മസിലുപിടിക്കാതെ വിട്ട് കൊടുത്താൽ മതി.” കവിതയും തത്ത്വചിന്തയും രാഷ്ട്രീയും ശരീരവും വാണിജ്യവും സിനിമയും ചിന്താവിഷയമാകുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘കൊലയുടെ കൊറിയോഗ്രാഫി’. അധികാരം, മൂല്യചിന്ത, വായന, കാഴ്ച്ച, വ്യാധി തുടങ്ങി അഞ്ച് ഭാഗങ്ങളിലായി ഇരുപത്തിയേഴ് ലേഖനങ്ങളാണ് സമാഹാരത്തിലുള്ളത്. പ്രസക്തി ബുക്ക്സും ഉരു ആർട്ട് ഹാർബറും ചേർന്നാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഈ പുസ്തകത്തിന്റ കവർ ഇമേജ് മധുസൂദനന്റെയും കവർ ഡിസൈൻ സോയാ റിയാസിന്റേതുമാണ്. കവർ ഫോട്ടോഗ്രാഫ് റിയാസ് കോമു എടുത്തതാണ്.

കൊലയുടെ കൊറിയോഗ്രാഫി കവർ

ചിരപരിചിതവും എന്നാൽ സങ്കീർണവുമായ ഫാസിസം എന്ന പദത്തെ നിർവചിക്കാനുളള ശ്രമമാണ് അധികാരം എന്ന ഒന്നാം ഭാഗത്തെ ലേഖനങ്ങളിൽ കാണാൻ സാധിക്കുന്നത്. ഫാസിസം എന്ന പദത്തെ നമ്മുടെ നിത്യവ്യവഹാരങ്ങളുമായും വർത്തമാനകാല രാഷ്ട്രീയസംഭവവികാസങ്ങളുമായും പൊതുബോധങ്ങളുമായും ചേർത്തുവെച്ച് പരിശോധിക്കുന്നു. ഉപരിപ്ലവമായി മനസ്സിലാക്കേണ്ടതോ,പ്രതിരോധിക്കേണ്ടതോ ആയ പ്രതിഭാസമല്ല ഫാസിസം എന്ന ചിന്തയിലേക്ക് ഈ ചർച്ചകൾ ചെന്നെത്തുന്നു. ഈ ചിന്താരീതി സനിലിന്റെ ലേഖനങ്ങളിലെല്ലാം കാണാം. പൊതുചിന്തയെ ഭരിക്കുന്ന സാമൂഹികാധീശത്വ ഘടകങ്ങളെ ഒന്നൊന്നായി പെറുകിയെടുത്ത് അടിച്ചുപൊട്ടിക്കുന്ന രീതിയിലാണ് ലേഖനങ്ങളിലെ ചിന്താരീതിയും അവതരണഭാഷയും. മൗലികമായ ചിന്തയെ രൂപപ്പെടുത്തി അവതരിപ്പിക്കുന്ന രീതിശാസ്ത്രം ഈ ലേഖനങ്ങളെ ഗാഢപാരായണം ചെയ്യുമ്പോൾ മനസ്സിലാവും. ഉമ്പർട്ടോ എക്കോയുടെ തരികിടകൾ എന്ന പ്രയോഗത്തിലൂടെ ഉമ്പരട്ടോ എക്കോയുടെ ഏറെ ആഘോഷിക്കപ്പെട്ട ഫാസിസത്തിന്റെ ലക്ഷണങ്ങൾ ചൂണ്ടികാട്ടുന്ന ലേഖനത്തെ പസോലിനിയുടെ ഫാസിസത്തിനെതിരായ ഇടപെടലിനെ പരിചയാക്കി വിമർശിക്കുന്നു. പസോലിനി ഫാസിസത്തെ ആഴത്തിൽ മനസ്സിലാക്കി തന്റെ കലാസൃഷ്ടിയിലൂടെ സമഗ്രമായി അതിനെ വിമർശിക്കുമ്പോൾ ഉമ്പർട്ടോ എക്കോ എന്ന ചിഹ്നശാസ്ത്രജ്ഞൻ സൂചകങ്ങളിൽ അടിപതറിയത് എങ്ങനെയെന്ന് സനിൽ വിശദീകരിക്കുന്നുണ്ട്. പസോലിനിയുടെ വാദങ്ങളെയാണ് സനിൽ ഇവിടെ ആധാരമാക്കുന്നത്. സിസേക്കിന്റെ ചിന്തയെ വിശദീകരിക്കാൻ ചിന്താവിഷ്ടയായ ശ്യാമള, പാസഞ്ചർ തുടങ്ങിയ സിനിമകളെ ആധാരമാക്കുകയും സിസേക്ക് പറഞ്ഞ അനേകം കഥകളെയും ഉദ്ധരിച്ച് ചിന്തകനും ചിന്താവിഷ്ടനും തമ്മിലുള്ള വ്യത്യാസം വിശദമാക്കുന്നുണ്ട് സനിൽ ഒരിടത്ത്. ചിരപരിചിതമെന്ന് നാം കരുതുകയും എന്നാൽ ഗാഢപാരായണത്തിലേക്കോ, സൂക്ഷ്മസഞ്ചാരത്തിലേക്കോ കടക്കുമ്പോൾ നമ്മുക്ക് അപരിചിതവുമായ വിഷയങ്ങളാണ് സനിൽ വായനയ്ക്കെടുക്കുന്നത്. വായന എന്ന ഭാഗത്ത് ലതീഷ് മോഹനും എം.പി നാരായണപ്പിള്ളയും വിനയചന്ദ്രനും വരുന്നത് ശ്രദ്ധിക്കുക. പൊതുഭാവുകത്വത്തിന് അത്ര പഥ്യമായ രചനകളല്ല ഇവരുടേത്. നിശ്ചലമായ പൊതുഭാവുകത്വ നിർമ്മിതിയുടെ എടുത്തുടയ്ക്കലും ആ സ്ഥലത്ത് ചിന്തയുടെ ഒഴുക്കുള്ള പ്രതലം സൃഷ്ടിക്കുകയുമാണ് സനിലിന്റെ മൗലികചിന്തകളുടെ സവിശേഷത.

എം.പി നാരായണപ്പിള്ള

എം.പി നാരായണപ്പിള്ളയുടെ താർക്കിക ബുദ്ധിയിലും കോടതിവ്യവഹാരങ്ങളോടുള്ള ചാർച്ചയിലും മറൂള സൃഷ്ടിയിലുമാണ് ബുദ്ധിമുട്ടിക്കുന്ന കടങ്കഥകൾ എന്ന ലേഖനത്തിൽ സനിൽ ശ്രദ്ധയൂന്നുന്നത്. എം.പി നാരായണപ്പിള്ളയുടെ കഥാപ്രപഞ്ചത്തിന്റെയും രചനലോകത്തിന്റെയും അടിവേരുകളിലേക്ക് സൂക്ഷ്മശ്രദ്ധയോടെ നീങ്ങിയാൽ മാത്രം തെളിഞ്ഞുവരുന്ന നീരിക്ഷണങ്ങളാണ് ഈ പഠനത്തിന്റെ സവിശേഷത. സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം എം.പി നാരായണപ്പിള്ളയുടെ സമ്പൂർണ്ണകഥകൾ എന്ന സമാഹാരത്തിൽ ചേർത്തിട്ടുണ്ട്. സച്ചിദാനന്ദൻ കവിതയെക്കുറിച്ചുള്ള രക്തസ്നാതനായ ബുദ്ധൻ സച്ചിദാനന്ദൻ കവിതയുടെ വിമർശനാത്മകമായ വിശകലനമാണ്. കവിതയുടെ സാധ്യതകളും പരിമിതികളും വിശകലനം ചെയ്യുകയും പ്രമേയപരമായി മാത്രം ഒതുങ്ങാതെ രൂപവിശകലനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ആധുനികതയുടെ ചുവന്ന വാൽ എന്ന വിമർശനവഴികളെ വിമർശിക്കാനും മടിക്കുന്നില്ല സനിൽ ഈ ലേഖനത്തിൽ. ഡി വിനയചന്ദ്രന്റെ കവിതകൾക്ക് എഴുതിയ അവതാരികയിൽ ഡി വിനയചന്ദ്രൻ കവിതകളുടെ വായനകൾ പരിമിതപ്പെട്ടതിനെക്കുറിച്ച് സനിൽ എഴുതുന്നുണ്ട്. ലതീഷ് മോഹന്റെ കവിതകൾ കാവ്യചരിത്രത്തിൽ സവിശേഷമായി അടയാളപ്പെട്ടു കിടക്കുന്നത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്‌ സനിൽ. നളചരിതവും ജോർജ്ജ് ഗാമോവും ബോർഹസും ലതീഷിന്റെ കവിത വായിക്കുമ്പോൾ വായനയ്ക്ക് തുണയാവുന്നു.എഴുത്തുകാരനും വായനകാരനും തമ്മിലുള്ള കൂട്ടുകച്ചവടമാണ് കൃതിയെന്നെഴുതുന്ന സനിൽ വായനയിലൂടെ അർത്ഥത്തെ പൊലിപ്പിക്കുന്ന സഹൃദയധർമ്മമാണ് നിരൂപണത്തിലൂടെ നിറവേറ്റുന്നത്. സാവിത്രി രാജീവനയെയും ജോർജ്ജിനെയും വായിക്കുമ്പോഴും സവിശേഷമായ നോട്ടത്തിലൂടെ തന്റേതായ വായനയിടം പാഠത്തിൽ കണ്ടെത്താനുള്ള ശ്രമം കാണാം. എസ് ഗോപാലാകൃഷ്ണനെയും ആരാധനയോടെ കാണുന്ന കൃഷ്ണൻനായരെയും വായിക്കുമ്പോൾ വായനയുടെ വഴി മറ്റൊന്നാവുന്നു.

ഡി വിനയചന്ദ്രൻ

എസ് ഗോപാലകൃഷ്ണന്റെ രചനയിലെ എപ്പിസോഡിക്ക് ഓർമ്മകളെയാണ് സനിൽ വായിക്കുന്നത്. ജലരേഖകൾ, കഥ പോലെ ചിലത് സംഭവിക്കുമ്പോൾ എന്നീ രണ്ടു പുസ്തകങ്ങളെക്കുറിച്ചാണ് ലേഖനങ്ങൾ. ദില്ലി ദാലി എന്ന പോഡ്കാസ്റ്റിലൂടെ സുപരിചിതനാണ് എസ് ഗോപാലകൃഷ്ണൻ. വിഷയവൈവിദ്ധ്യവും ഭാഷരീതിയും ഗോപാലകൃഷ്ണന്റെ രചനകളെ അനന്യചാരുതയുള്ളതാക്കി മാറ്റുന്നു. കോളം എന്ന മാധ്യമരൂപത്തെ സവിശേഷമായി വിവരിച്ചാണ് സനിൽ ഗോപാലകൃഷ്ണന്റെ രചനകളിലേക്ക് പ്രവേശിക്കുന്നത്. എപ്പിസോഡിക്ക് ഓർമ്മകൾ ഈ വായനയിലൂടെ കണ്ടെത്തുന്നു. ഒരാളുടെ ചിന്താഘടനയുടെ കണ്ടെത്തലാണത്.

കൊല്ലലിനോട് പ്രതികരിക്കേണ്ടത് എങ്ങനെ എന്ന ആദ്യലേഖനം രാഷ്ട്രീയ കൊലപാതകത്തെ വിശകലനം ചെയ്യുകയാണ്. കൊല എന്ന പ്രക്രിയയെ നാം ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്ത രീതിയിൽ നിന്ന് വ്യത്യസ്തമായി നോക്കുകയാണ് ഈ ലേഖനം. കൊലയുടെ കൊറിയോഗ്രാഫി എന്ന ലേഖനത്തിൽ കൊലയെ മറ്റൊരു രീതിയിൽ ആനന്ദിന്റെ കൃതികളുമായി ചേർത്തുവെച്ച് പാരായണം ചെയ്യുന്നുണ്ട്. പുസ്തക ശീർഷകമായ ‘കൊലയുടെ കൊറിയോഗ്രാഫി’യിൽ കൊല, കൊറിയോഗ്രാഫി എന്നീ രണ്ട് പദങ്ങളുണ്ട്. ചേരാൻ സാധ്യതയില്ലാത്ത (ആ ചേർച്ചയിൽ ഉടലെടുക്കുന്ന വാക്ക് ഭീതി മണക്കുന്ന പദമായി നമ്മുക്ക് തോന്നിയേക്കാം). രണ്ട് ലോകവീക്ഷണമുള്ള വാക്കുകൾ ഇവിടെ ചേരുന്നു. ഹിംസയുടെ സൗന്ദര്യവത്കരണമാണോ എന്നു ആദ്യ വായനയിൽ തോന്നിയേക്കാവുന്ന ശീർഷകം കൊലയെ കേവലമായ യുക്തികൾക്കൊണ്ട് ഇത്രയും കാലം പാരായണം ചെയ്തത്തിൽ നിന്ന് വേറിട്ട നിലയിൽ വായിക്കുകയാണ്. കൊലപാതകത്തോടുള്ള രാഷ്ട്രീയ പ്രതികരണങ്ങളിൽ നിന്നാണ് ലേഖനം ആരംഭിക്കുന്നത് പലതരത്തിലുള്ള രാഷ്ട്രീയ പ്രതികരണങ്ങളിൽ നിന്ന് ആരംഭിച്ച ലേഖനം കൊല എന്നത് എന്താണെന്ന് നിർവചിക്കാൻ ശ്രമിക്കുന്നു. കൊല്ലലിനും കൊലയ്ക്കുമുള്ള അവകാശം ഭരണകൂടത്തിനും ശാസ്ത്രത്തിനും മാത്രമാണ് എന്ന പൊതുബോധത്തെ വിവരിച്ചുകൊണ്ട് രാഷ്ട്രീയ കൊലപാതകത്തോട് കേരളത്തിലെ സാംസ്കാരിക ബുദ്ധിജീവികൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നും ആ പ്രതികരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതികരണത്തിൽ പ്രവർത്തിച്ച പൊതുബോധം എന്താണെന്നും വിശദീകരിക്കുന്നു. കൊലയുടെ പ്രകൃതവും കൊലയുടെ ഭാവുകത്വവും പ്രധാന വിഷയം ആകുമ്പോൾ കൊലയെ സംബന്ധിച്ച ശരിയായ വിചിന്തനം ആണോ പൊതുസമൂഹം നടത്തുന്നത് എന്ന ആശങ്കയാണ് ലേഖനം പങ്കുവയ്ക്കുന്നത്. “അറിവും വസ്തുവും തമ്മിൽ നാം സാധാരണ കൽപ്പിക്കുന്ന മിനിമം അകലം പോലും നഷ്ടപ്പെടുമ്പോഴാണ് ഒക്കാനം വരുന്നത് വാക്കും വസ്തുവും തമ്മിലും വിഷയവും വിഷയിയും തമ്മിലും ഉണ്ടെന്ന് കരുതപ്പെടുന്ന മിനിമം അകലമാണ് അറിവിനെകുറിച്ചുള്ള സാമ്പ്രദായികധാരണകളുടെ അടിസ്ഥാനം.” ധാർമ്മികതയെ അടിസ്ഥാനമാക്കി കൊലയെ കാണുന്ന മനുഷ്യർ അതിന്റെ സൗന്ദര്യശാസ്ത്രത്തെയും ചരിത്രവാദത്തെയും ആസ്പദമാക്കിയാണ് കാണുന്നത് എന്ന് സനിൽ പറയുന്നു. അതിനെ അനുബന്ധമായി കൊലയെ സംബന്ധിച്ച് രൂപപ്പെട്ട ലിബറൽ ബോധ്യങ്ങളും വിവരിച്ചു ആധുനിക ലിബറൽ ചിന്ത എങ്ങനെയാണ് കൊലയെ കണക്കാക്കുന്നത് എന്ന് കൂടി പറയുന്നു. വ്യക്തിയും മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് കൊലയുടെ ക്രിമിനൽവൽക്കരണവും പ്രൊഫഷണൽവൽക്കരണവും സംഭവിക്കുന്ന ലോകമഹായുദ്ധങ്ങളിലേക്ക് കൊല്ലൽ എന്ന പ്രക്രിയയെകുറിച്ചുള്ള ചിന്ത വികസിക്കുന്നു. നാം മനസ്സിലാക്കിയ ധാർമ്മിക ബോധത്തെയും ഇതുവരെ നമ്മൾ കൊലയോട് പ്രതികരിച്ച രീതിയേയും അപനിർമ്മിച്ചുകൊണ്ട് ജ്ഞാനശാസ്ത്രപരമായി ഒരു പുതിയ അവബോധത്തെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ കാണുന്നത്.

സംഹാരത്തിന്റെ പുസ്തകം കവർ

ദില്ലിയിൽ കൊല്ലപ്പെട്ട ആരുഷി എന്ന പെൺകുട്ടിയുടെ കൊലപാതകി ആരാണെന്ന് അറിയാത്ത സമൂഹം തെളിവുകൾ ഒന്നുമില്ലാതെ കൊലയാളിയായി ഒരാളെ ചൂണ്ടിക്കാണിക്കുമ്പോൾ കൊലചെയ്തതാര് എന്ന് അറിവിന്റെ ആവശ്യവും അഭാവവും നമ്മൾ അംഗീകരിക്കുകയാണ്. അങ്ങനെ അറിവിന്റെ അരുതായ്മയിൽ നിന്നും പിറക്കുന്ന മുൻവിധിയെ അറിവായി തെറ്റിദ്ധരിച്ചതാണ് പൊതുബോധത്തെ നിർമ്മിച്ചത് എന്നാണ് ഈ ലേഖനം പറയാൻ ശ്രമിക്കുന്നത്. കൊലയുടെ കൊറിയോഗ്രാഫി എന്ന ലേഖനം ആനന്ദിന്റെ ‘സംഹാരത്തിന്റെ പുസ്തകം’ എന്ന നോവലിനെ ആസ്പദമാക്കിയിട്ടുള്ള പഠനമാണ്. അതിലൂടെ കൊലപാതകത്തെ കുറിച്ചുള്ള ചില ചിന്തകൾ കൊല്ലലിനോട് പ്രതികരിക്കേണ്ടത് എങ്ങനെ’ എന്ന് ലേഖനത്തിന്റെ തുടർച്ചയായി കാണാം. ഇമ്മാനുവൽ കാന്റിന്റെ ചിന്തകളിൽ നിന്ന് ആരംഭിച്ച ലേഖനം ‘സംഹാരത്തിന്റെ പുസ്തക’ത്തിൽ ആനന്ദ് വേട്ടക്കാരന്റെ ഭാഗത്തുനിന്ന് കൊലയെ കാണുന്ന കാഴ്ച സ്ഥാനത്തെ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. ഇമ്മാനുവൽ കാന്റിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റാന്വേഷണ നോവൽ ക്രിട്ടിക് ഓഫ് ക്രിമിനൽ റീസണിൽ ആരംഭിച്ച കൃതി ഹിംസയുടെ ആനന്ദവും ജ്ഞാനോദയവും ഒരാളിൽ സമ്മേളിക്കുന്ന ചിന്തയുടെ വൈരുദ്ധ്യമാണ് എടുത്തുകാട്ടുത്തുന്നത്. മേതിൽ രാധാകൃഷ്ണന്റെ ‘സൂര്യമത്സ്യത്തെ വിവരിക്കൽ’, ‘വാസ്ലി കോക്കോഷിന്റെ രഹസ്യജീവിതം’ തുടങ്ങിയ രചനകളാണ് ഇതു വായിച്ചപ്പോൾ മനസ്സിൽ വന്നത്. കൊലയെ സമർത്ഥമായി മറക്കുന്ന കാലവും അറിവുവ്യവസ്ഥയും ആ രചനകളുടെ പിറകിൽ കാണാം. ചിന്തയിൽ ഒരാൾ കണ്ടെത്തുന്ന ഹരവും ആനന്ദവും കൊലയിൽ കണ്ടെത്തുന്നതെങ്ങനെ എന്ന നമ്മുടെ പൊതുധാർമ്മികബോധത്തെ കീഴ്മേൽ മറിച്ചൊരു ആലോചനയാണ് ഈ ലേഖനം. സ്രഷ്ടാവ് തന്നെ സ്ഥിതിയിയും സംഹർത്താവുമാകുന്ന ചിന്തയെ ആനന്ദിന്റെ കൃതികളുമായി ഗ്രന്ഥകാരൻ ബന്ധിപ്പിക്കുന്നു. കൊലയും കൊറിയോഗ്രാഫിയും പോലെ വേറിട്ട ചിന്താസ്ഥാനങ്ങളെ സംയോജിക്കുമ്പോൾ തെളിയുന്ന ചിന്തയുടെ വെട്ടുവഴിപ്പാതയോടാണ് മറ്റ് ലേഖനങ്ങളെപ്പോലെ ഇതിലും ഗ്രന്ഥകാരന്റെ താത്പര്യം.

ഫാസിസത്തെയാണ് മറ്റൊരു പ്രധാനവിഷയമായി സനിൽ വി പരിഗണിക്കുന്നത്. ഹിജഡക്കെന്ത് ഹിഡൻ അജണ്ട, പുതിയ ഫാസിസം പുതിയ പ്രതിരോധചിന്തകൾ, ഉമ്പർട്ടോ എക്കോയുടെ തരികിടകൾ, അഥവാ പിയറോ പസോലിനിയുടെ പകർന്നാട്ടങ്ങൾ തുടങ്ങിയ പ്രബന്ധങ്ങൾ ഫാസിസത്തെ കേന്ദ്രപഠനവസ്തുവായി പരിഗണിച്ച് എഴുതിയവയാണ്. ഫാസിസത്തിന്റെ കേവലവായനയല്ല, മറിച്ച് വിവിധ രാഷ്ട്രീയ സാംസ്കാരിക സംഭവങ്ങളെ ആധാരമാക്കി ഫാസിസം എന്ന പദത്തെ വിശാലാർത്ഥത്തിൽ കാണാനുള്ളശ്രമമാണ്. സനിൽ എഴുതുന്നു, ”ഇടതുവലതു സംവാദത്തിനായി വാദിക്കുകയല്ല ഇവിടെ. നാസിക്കാലത്തുപോലും മഹാചിന്തകർക്ക് ചിന്തയുടെ ചില സമകാലിക സാദ്ധ്യതകൾ തിരിച്ചറിയാനായി. ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്പിനുള്ള തന്ത്രങ്ങളും ആയുധങ്ങളും ഫാസിസത്തിന്റെ തന്നെ പണിപ്പുരയിലാകാം പാകപ്പെട്ടുവരുന്നത്. ചെറുത്തുനിൽപ്പുകളുടെ ചരിത്രത്തിൽ നിന്നാകാം ഫാസിസം അതിന്റെ ജനപ്രിയ തന്ത്രങ്ങളും മർദ്ദനോപകരണങ്ങളും പിടിച്ചെടുത്തത്. ശത്രുവിന്റെ പാളയത്തിൽ ശ്രദ്ധാപൂർവ്വം കടന്നുകയറാനുള്ള വകതിരിവുകൂടിയാണ് ചിന്ത. 1856-ൽ ഏംഗൽസ് എഴുതിയല്ലോ, ഞങ്ങൾക്ക് വർഗ്ഗസമരം എന്ന ആശയം കിട്ടിയത് ഫ്രഞ്ച് വംശവെറിയുടെ ചരിത്രത്തിൽ നിന്നാണെന്ന്. ഈ ധൈര്യവും തിരിച്ചറിവുമാണ് ഫാസിസ്റ്റുവിരുദ്ധ ചിന്തക്കുവേണ്ടത്. അല്ലാതെ ഫാസിസത്തിന്റെ തിരിച്ചറിയൽ കാർഡല്ല.” അപ്പോഴും ഒരു കൃത്യമായ പൊളിറ്റിക്കൽ പൊസിഷൻ പറയാതെ ഒഴിഞ്ഞുമാറുന്ന രീതി ചില ലേഖനങ്ങളെങ്കിലും കല്ലുകടിയാവുന്നുണ്ട്.

​ഗാന്ധിയും അംബേദ്ക്കറും

മൂല്യങ്ങള് പല മേഖലകളിൽ പ്രവർത്തിക്കുന്നതെങ്ങനെ എന്ന ആലോചന ഈ പുസ്തകത്തിലെ പ്രധാനഭാഗമാണ്. ടെക്നോളജി, ഗവേഷണം, ജാതി, ശരീരം, നിസ്സാർ അഹമ്മദിന്റെയും ഗായത്രി ചക്രവർത്തി സ്പിവാക്കിന്റേയും ചിന്താവഴികൾ എന്നിവയെ മൂല്യചിന്തയുടെ അടിസ്ഥാനത്തിൽ വായിക്കുകയാണ് ഗ്രന്ഥകാരൻ. ചരിത്രാതീതമായ കേവലപ്രപഞ്ചത്തിൽ ചിന്തയെ കണ്ട് ഗാന്ധി-അംബേദ്ക്കർ സംവാദങ്ങളെ കാണുന്ന രീതിയെ വിമർശിക്കുന്നുണ്ട് ഗ്രന്ഥകാരൻ (നേരിന്റെ ജാതിയും ജാതിയുടെ നേരും). ഗാന്ധിയും അംബേദ്ക്കറും ജാതിയെ അംഭിസംബോധന ചെയ്തത് എങ്ങനെ എന്ന അന്വേഷണമാണിത്. ഡി.ആർ നാഗരാജിനെ പോലുള്ള ചിന്തകർ വിശദമായി എഴുതിയ ഒരു മേഖലയാണിത്. ആ മേഖലയിലെ വർത്തമാനകാല അന്വേഷണമാണ് ഈ ലേഖനത്തിൽ കാണാനാവുന്നത്. ടെക്നോളജി മൂല്യങ്ങൾ പാർക്കുന്ന ഇടമാണോ എന്ന അന്വേഷണം സൈബർ ലോകത്തെ മൂല്യവ്യവസ്ഥ എപ്രകാരാമാകും യന്ത്രവും അധികാരവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് എന്ന വിവിധ ചിന്തകളിലേക്ക് വഴി തുറക്കുന്ന ലേഖനമാണ് (ടെക്നോളജിയും മൂല്യങ്ങളും).

വി.കെ.എൻ

ആർട്ടിസ്റ്റ് നമ്പൂതിരിയെ വരയുടെ പരമശിവൻ എന്നാണ് വി.കെ.എൻ വിശേഷിപ്പിച്ചത്. വി.കെ.എൻ രചനകളുടെ ഹൃദയം കണ്ടറിഞ്ഞാണ് നമ്പൂതിരി വരച്ചത്. രചയിതാവും വരയിതാവും തമ്മിലുള്ള പാരസ്പര്യം അവിടെ തെളിഞ്ഞുനിന്നു. ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന പോപ്പുലർ തമിഴ് സിനിമയുടെ ശീർഷകം നൽകുന്ന ഓർമ്മയിൽ നിന്ന് ഞൊടിയിടയിൽ വായന നമ്പൂതിരിയിലൂടെ തെളിഞ്ഞ വി.കെ.എൻ വരകളിലേക്ക് നീങ്ങുന്നു. കഥാപാത്രങ്ങൾ എന്ന കഥാഘടകത്തെ വിശദീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ ലേഖനം ആരംഭിക്കുന്നത്. കഥാപാത്രങ്ങളെ ക്ലാസ്സിക്ക് കഥാപാത്രങ്ങളായും കാർട്ടൂൺ കഥാപാത്രങ്ങളായും വേർതിരിച്ച് വി.കെ.എൻ കഥാപാത്രങ്ങൾ കാർട്ടൂൺ കഥാപാത്രങ്ങളാണ് എന്ന് അഭിപ്രായപ്പെടുന്നു. വരയ്ക്കെതിരായ വാക്കിന്റെയും വാക്കിനെതിരായ വരയുടെയും പ്രതിരോധമാണ് വി.കെ.എൻ-നമ്പൂതിരി കൂട്ടിന്റെ ആധാരം. ക്രൂരത, ലഞ്ച് തുടങ്ങിയ കഥകളെ വരയെ വിശദീകരിക്കാൻ ഉപയോഗിക്കുന്നുണ്ട്. സൈബീരിയയിൽ നിന്ന് കേരളത്തിലെത്തുന്ന പക്ഷികളെപ്പോലെ സ്വഭാവികവും രേഖീയവുമായ വരയിലൂടെയാണ് നമ്പൂതിരി വരക്കുന്നതെന്ന നിരീക്ഷണവും വാക്കുകളുടെ ക്യൂവിനെ മറികടന്നു കാഴ്ച്ചയിലേക്ക് കുതിക്കുകയാണ് നമ്പൂതിരി എന്ന നിരീക്ഷണവും നമ്പൂതിരിയുടെ വരയെ സംബന്ധിച്ച മികച്ച അഭിപ്രായങ്ങളാണ്. രണ്ട് അറ്റങ്ങളിലുള്ള മനുഷരുടെ ചേരലായും വി.കെ.എൻ-നമ്പൂതിരി ചേർച്ചയെ ഗ്രന്ഥകാരൻ വായിക്കുന്നു. ഇവിടെ കഥയും വരയും ഗാഢപാരായണത്തിന് വിധേയമാകുന്നു.

‘വെളിച്ചത്തിന്റെ താളം’ മധുസൂദനന്റെ ബയോസ്കോപ്പ് എന്ന സിനിമയുടെ കാഴ്ച്ചയിലേക്കും സിനിമ ചരിത്രത്തിലേക്കും കാഴ്ച്ചയെ നിർണ്ണയിക്കുന്ന വിവിധ സാമൂഹിക ഘടകങ്ങളിലേക്കും ചരിത്രസാഹചര്യങ്ങളിലേക്കുമുള്ള സഞ്ചാരമാണ്. ‘വസ്തുവിന്റെ ഭൂപടങ്ങൾ: പരാജിനോവിന്റെ സിനിമ’ എന്ന ലേഖനം സോവിയറ്റ് യൂണിയനിൽ ജനിച്ച സിനിമ സംവിധായകനായ പരാജിനോവിന്റെ ജീവിതവും സിനിമയും വിഷയമാക്കുന്നു. തിരയലും ഭൂപടവും വസ്തു തന്നെയായ, വസ്തുകൾക്ക് അവയുടെ ഇരിപ്പിടം കാട്ടികൊടുത്ത സിനിമയെന്ന് ഗ്രന്ഥകാരൻ പാരജിനോവിന്റെ സിനിമയെ വിശേഷിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ശീർഷകങ്ങളിലെല്ലാം ഈ കൗതുകം കാണാം. ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ ? – കൊറോണയോടൊപ്പം, ‘ഇനി ‘യാണ് പുലി, ചിന്താവിഷ്ടരായ സിസേക്കും ശ്രീനിവാസനും, കോഴി കട്ടവൻ പൂട തപ്പുമ്പോൾ തുടങ്ങിയ പ്രബന്ധ ശീർഷകങ്ങൾ നമ്മുടെ ജനപ്രിയഭാവുകത്വത്തിന്റെ ചില മുദ്രകളെ സന്നിവേശിപ്പിച്ച് പണിതീർത്തതാണ്. ദുർഗ്രഹവും വിരസവുമാകണം ചിന്താവഴി എന്ന പൊതുബോധത്തെ പാടെ വെട്ടി സിസേക്കിനെപ്പോലുള്ള ചിന്തകർ വെട്ടിയ പാതയാണ് ഈ പുസ്തകത്തിന് പഥ്യം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read