

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇടതുപക്ഷം സമരപക്ഷമായിരുന്ന, ഔദ്യോഗിക കമ്മ്യൂണിസ്റ്റുകൾ പുരോഗമനപക്ഷത്ത് ഇടംപിടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു കേരളത്തിന്. വടക്ക് ചീമേനിയിലും ചെറുവത്തൂർ പ്രദേശത്തുമായി നടന്ന തോൽ-വിറക് സമരം മുതൽ തെക്ക് തിരുവിതാംകൂറിൽ കർഷകർക്കും കർഷകതൊഴിലാളികൾക്കും മേലുള്ള അടിച്ചമർത്തലിനുമെതിരായി നടന്ന പുന്നപ്ര-വയലാർ സമരങ്ങൾ വരെ നടന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിലായിരുന്നു. പ്രത്യാശയോടെ ആ സമരത്തിൽ പങ്കെടുത്തതും ജീവൻ നൽകിയതും കർഷക തൊഴിലാളികളും കയർ തൊഴിലാളികളായിരുന്നു. തൊഴിലാളികളുടെ അധ്വാനത്തിലും രക്തത്തിലും തിടംവെച്ചതാണ് ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും അവരുടെ അധികാരത്തിൻ്റെയും അടിത്തറ.
തെരഞ്ഞെടുപ്പിലൂടെ അധികാരം ആർജ്ജിക്കൽ മാത്രമായി ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം ചുരുങ്ങിയതോടെയും ഏറെക്കാലം അധികാരത്തിൻ്റെ ഭാഗമായിരുന്നും കേരളത്തിലെ മാർക്സിസ്റ്റുകൾ തങ്ങളിൽ അവശേഷിച്ചിരുന്ന ഇടതുപക്ഷീയതയും ചോർത്തിക്കളഞ്ഞു. സമരങ്ങളുടെ അടയാളമെന്ന നിലയിൽ നിന്നും ചെങ്കൊടി, ഭയപ്പാടുണ്ടാക്കുന്ന കൂട്ടായ്മയുടെ പ്രതീകമായി മാറി. സമരങ്ങളെ തള്ളിപ്പറയുന്നവരും Ease of Doing Business-ൻ്റെ വക്താക്കളും അദാനിയെ തങ്ങളുടെ പങ്കാളിയായി കണക്കുകൂട്ടുന്നവരുമാണ് ഇന്നത്തെ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളും അവർ നേതൃത്വം നൽകുന്ന ഗവൺമെൻ്റും. സമരങ്ങളെ പരിഗണിക്കുന്നില്ല എന്നു മാത്രമല്ല അവമതിക്കുന്നത്രയും ധാർമ്മികമായി അവർ ദുർബലമായിരിക്കുന്നു. സമീപകാലത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന വനിതാ സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തേയും അംഗൻവാടി വർക്കർക്കർമാരുടെ സമരത്തേയും എങ്ങനെയാണ് ഗവൺമെന്റ് നേരിട്ടത് എന്ന് പരിശോധിച്ചാൽ മതി ഔദ്യോഗിക കമ്മ്യൂണിസ്റ്റുകൾ എത്തിച്ചേർന്നിട്ടുള്ള പരിതാപകരമായ അവസ്ഥ മനസ്സിലാക്കാൻ!
കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുകയും ഇടതുപക്ഷത്തിൻ്റെ ഭാഗമെന്ന് കരുതപ്പെടുകയുംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ അങ്ങനെയല്ലാതായി തീരുമ്പോൾ സ്വാഭാവികമായും തൊഴിലാളി വർഗവും പുരോഗമന സ്വഭാവമുള്ള മധ്യവർഗവും പ്രതീക്ഷയറ്റവരായി മാറും. ഏത് കക്ഷിയുടെ കൂടെ നിന്നാലും, മടുത്ത് രാഷ്ട്രീയം ഉപേക്ഷിച്ചാലും വലത്തോട്ട് ചരിക്കുന്നവരായിത്തീരും. കേരളത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥയിൽ എത്രയോ പ്രകടമാണ് ഈ ചായ്‌വ്. ജനാധിപത്യവൽക്കരണത്തിൻ്റേയും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സമത്വരൂപീകരണത്തിൻ്റേയും സാധ്യതകളെ ആരായുന്നതിനു പകരം, വിഭാഗീയതകളുടെ സാധ്യതകളെയാണ് വലതുപക്ഷവൽക്കരിക്കപ്പെട്ട ഔദ്യോഗിക കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയം കൂട്ടുപിടിക്കുന്നത്.


അധികാരത്തിൻ്റെ കേന്ദ്രീകരണവും, സമൂഹത്തിലെ വൈവിധ്യങ്ങളെ ജനങ്ങളെ ഭയപ്പെടുത്താനും വിഭജിക്കാനുമുള്ള മാർഗമായി ഉപയോഗിക്കുന്നതും നവലിബറൽ കാലത്തെ ഭരണകൂടത്തിൻ്റെ സ്വഭാവമാണ്. നവലിബറലിസത്തിൻ്റെ സാമ്പത്തിക നയങ്ങൾ തൊഴിൽ-സാമ്പത്തിക ജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങളെ ഭരണകൂടം ലഘൂകരിക്കുന്നതിനാണ് ഈ മാർഗം അവലംബിക്കുന്നത്. വലതുപക്ഷവൽക്കരിക്കപ്പെടുന്ന, നവലിബറൽ സമ്പത്തികനയങ്ങളുടെ നടത്തിപ്പുകാരാകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധികാര കേന്ദ്രീകരണത്തിൻ്റെയും വിഭാഗീയ രാഷ്ട്രീയ തത്വശാസ്ത്രങ്ങളുടേയും വക്താവായി മാറുന്നു. ഹിന്ദുത്വയും ദ്രവീഡിയൻ ദേശീയതയും രാഷ്ട്രീയ ഇസ്ലാമും ജാതി ദേശീയതയും അഭിരുചിക്കനുസരിച്ച് മനുഷ്യരെ മിത്രങ്ങളും ശത്രുക്കളുമാക്കി തരംതിരിക്കുകയും അടച്ച അറകളിൽ ഉറപ്പിക്കുകയും ചെയ്യും. ഇവയിൽ അധികാരമേറുന്ന പ്രത്യയശാസ്ത്രം പ്രകടമായ അക്രമോത്സുകതയോടെ ഭയപ്പാട് സൃഷ്ടിക്കുന്നതിൽ മുന്നിൽ നിൽക്കും. കേരളത്തിൻ്റെ മുഖ്യധാരയും ഇത്തരമൊരു പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഒരു വഴിത്തിരിവെന്നോളം ആശാ സമരം ആരംഭിക്കുന്നത്.


നവലിബറലിസം മുന്നോട്ടുവെക്കുന്ന തൊഴിൽ കാഴ്ചപ്പാടിനും തൊഴിലാളി വർഗത്തിനകത്ത് ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കുന്ന നവലിബറലിസത്തിൻ്റെ പ്രത്യയശാസ്ത്രത്തിനും എതിരായ മുന്നേറ്റമാവാൻ ആശാ സമരത്തിന് സാധിച്ചിട്ടുണ്ട്. അടിസ്ഥാന തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾ രാഷ്ട്രീയ ആഭിമുഖ്യങ്ങളില്ലാത്ത ഒരു സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിച്ച് സമരരംഗത്തിറങ്ങിയതാണ് ആശാസമരത്ത കേരള സമര ചരിത്രത്തിലെ വ്യതിരിക്തമായ ഒരു ഏടാക്കി മാറ്റുന്നത്. നവോത്ഥന മുന്നേറ്റത്തിലൂടെ
കേരള മനസാക്ഷിയിൽ അന്തർലീനമായ, ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളുടെ ഇടപെടലുകളിലൂടെ രാഷ്ട്രീയ മണ്ഡലത്തിൽ അസാധുവായിത്തീർന്ന ജനാധിപത്യബോധ്യത്തെയും വൈകാരികതയേയും തട്ടിയുണർത്താൻ ആശമാർ നയിച്ച സമരത്തിനായി.
ഔദ്യോഗിക കമ്മ്യൂണിസ്റ്റുകൾ പതിറ്റാണ്ടുകളായി കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധയൂന്നിയപ്പോൾ അതിൻ്റെ പാർശ്വങ്ങളിൽ, സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിലയുറപ്പിച്ച തീവ്രവലത് ആശയധാരകളിൽപ്പെട്ട അരാഷ്ട്രീയവാദികളും സമരവിരുദ്ധരുമായവർ പോലും ആശാസമരത്തിൻ്റെ പിന്തുണക്കാരായി; കേരളത്തിൻ്റെ പൊതുവായ ജനാധിപത്യ മനഃസാക്ഷിയുടെ കൂടെകൂടി. തിരുവനന്തപുരത്തെ രാപകൽ സമര കേന്ദ്രം ജനാധിപത്യവാദികളുടെ തീർത്ഥാടനകേന്ദ്രമായി. ആ അർഥത്തിൽ ആശാ സമരം വിജയിച്ചുകഴിഞ്ഞിട്ടുമുണ്ട്.


ഒരു ട്രേഡ് യൂണിയൻ സമരമെന്ന നിലയിൽ ആശാ സമരം പൂർണമായി വിജയിച്ചു എന്ന് പറയാറായിട്ടില്ല. പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഇനിയും നേടാനുണ്ട്. ആശമാർ സമരം തുടരുകയുമാണ്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്തത് സമരത്തിൻ്റെയോ സമരത്തെ പിന്തുണക്കുന്ന കേരള സമൂഹത്തിൻ്റെയോ പോരായ്മ മൂലമല്ല. ഭരിക്കുന്നവരിൽ നവലിബറൽ നയങ്ങളുമായി അത്രമേൽ ഇണങ്ങിച്ചേർന്നവരും ജനാധിപത്യവിരുദ്ധരും ഇടതുവിരുദ്ധരുമായി തീർന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ആശമാരോടുള്ള ജനങ്ങളുടെ മാനുഷികതയിൽ നിന്നും ഉയിർക്കുന്ന അനുകമ്പയിൽ നവലിബറൽ സാമ്പത്തിക നയങ്ങൾക്കും അതിൻ്റെ പ്രത്യയശാസ്ത്രത്തിനും എതിരായ വൈകാരികത കൂടി കലരുമ്പോഴേ സർക്കാരിനുമേൽ ധൈഷണികമായ അപ്രമാദിത്വം സ്ഥാപിക്കാൻ ആശാ സമരത്തിന് സാധിക്കൂ.


അത്തരമൊരു രാഷ്ട്രീയ തിരിച്ചറിവിൽ നിന്നായിരിക്കാം രാപകൽ സമര യാത്ര ഉരുവംകൊണ്ടിരിക്കുക. ആ ലക്ഷ്യത്തെ സഫലമാക്കിയാണ് കാസറഗോഡ് മുതൽ രാപകൽ സമരം സഞ്ചരിക്കുന്നത്. തിരുവനന്തപുരത്തെ കേന്ദ്രത്തിൽ എത്തിച്ചേർന്നവർ സ്വീകരിച്ച അത്രതന്നെ തീക്ഷ്ണതയോടെ എല്ലായിടങ്ങളിലും ജനങ്ങൾ യാത്രയെ ആശ്ലേഷിക്കുന്നു. തിരുവനന്തപുരത്ത് എത്തിച്ചേരാൻ സാധിക്കാത്തതിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. രാത്രി തെരുവുകളിൽ ആശമാർക്ക് കാവലിരിക്കുന്നു. ഇതിലെല്ലാം ഉപരി യാത്ര മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സ്വീകരിക്കുന്നു. രാഷ്ട്രീയവൽക്കരിക്കപ്പെട്ട ജനപിന്തുണയോടെ സമരം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന് സമര നേതൃത്വം പ്രതീക്ഷിക്കുന്നു.
കേരളത്തിലെ മാർക്സിസ്റ്റുകൾ നിറവേറ്റേണ്ടിയിരുന്ന എന്നാൽ ഉപേക്ഷിച്ചുകളഞ്ഞ സമൂഹത്തിൻ്റെ ജനാധിപത്യവൽക്കരണം എന്ന ഇടതുപക്ഷ കർത്തവ്യം നിറവേറ്റുകയാണ് ആശാ സമരം. സമൂഹത്തിൻ്റെ എല്ലാ അതിരുകളിലേക്കും ആ പ്രകിയയെ വ്യാപിപ്പിക്കാൻ ആശാ സമരത്തിനും അവർ നടത്തിവരുന്ന രാപകൽ സമരയാത്രക്കും സാധിക്കുമെന്ന് ഉറപ്പാണ്. അതിന് സഹായിക്കുന്ന വൈകാരികതലം സൃഷ്ടിക്കാൻ ആശാസമരത്തിനായിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷവും ആശമാർക്കത്രതന്നെ വേദനകൾ അനുഭവിക്കുന്നു എന്നതിനാലാണ് ആശാ സമരം പ്രസരിപ്പിച്ച വികാരം നമ്മുക്ക് അതിവേഗം പിടിച്ചെടുക്കാനായത്. ഇനി നമ്മൾ ആ സമരം മുന്നോട്ടുവെക്കുന്ന ധാർമ്മികതയും രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾകൊള്ളേണ്ടിയിരിക്കുന്നു. ആശാ സമരം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുമ്പോൾ പൊതുജനമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വം അതാണ്.
(ചിത്രങ്ങൾ: ആർ ബിജു)