ഗോത്ര മണ്ഡലങ്ങളിൽ തിരിച്ചടിയേറ്റ് ബി.ജെ.പി

പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ 14 സീറ്റുകളിൽ 8 എണ്ണം ബി.ജെ.പി ക്ക് നേടാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ മൂന്ന് തവണയായി ബി.ജെ.പി ആധിപത്യം ഉറപ്പിച്ചിരുന്ന ഗോത്ര മണ്ഡലങ്ങളിൽ ഇത്തവണ അവർക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ആദിവാസി നേതാവ് ഹേമന്ദ് സോറനെതിരെ ബി.ജെ.പി സ്വീകരിച്ച പ്രതികാര നടപടികൾ ഗോത്ര വിഭാ​ഗത്തിനിടയിൽ എതിർപ്പുണ്ടാക്കിയതിന്റെ പ്രതിഫലനമായി ഈ തിരിച്ചടി വിലയിരുത്തപ്പെടുന്നു. ഗോത്ര മേഖലയിലെ സ്ഥാനാർത്ഥികൾക്കുണ്ടായ രാഷ്ട്രീയപരമായ തിരിച്ചറിവുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതായാണ് വ്യക്തമാവുന്നത്. ഭൂമി കുംഭകോണ ആരോപണത്തെ തുടർന്ന് 2024 ജനുവരി 31 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ​ഹേമന്ദ് സോറൻ ഇപ്പോഴും ജയിലിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കുചേരാൻ ജാമ്യം ലഭിച്ചെങ്കിലും ഹേമന്ദ് സോറന്റെ ഹർജി പരി​ഗണിക്കപ്പെട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിലും ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) ആദിവാസി മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ഹേമന്ദ് സോറൻ

ഝാർഖണ്ഡിലെ 14 മണ്ഡലങ്ങളിൽ രാജ്മഹൽ, ദുംക, സിംഗ്ഭും, ഖുന്തി, ലോഹാർദാഗ എന്നീ അഞ്ച് മണ്ഡലങ്ങൾ ഗോത്രമണ്ഡലങ്ങളാണ്. 2019 ൽ ദുംകയിലും സിംഗ്ഭുമിലും ഖുന്തിയിലും ലോഹാർദാഗയിലും വിജയിച്ചത് ബി.ജെ.പി ആയിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിലും സിംഗ്ഭുമും ഖുന്തിയും ലോഹർദാഗയും ബി.ജെ.പിക്കാണ് കിട്ടിയത്. 2004 ലും സ്ഥിതി വ്യത്യസ്‍തമല്ല. ലോഹർദാഗയും ഖുന്തിയും രാജ്മഹലും അന്നും ബി.ജെ.പിയുടെ കൈവശപ്പെടുത്തി. എന്നാൽ, ഈ മേഖലകളിലൊന്നും ഇത്തവണ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. ഈ തെരെഞ്ഞെടുപ്പിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം ഖുന്തി, സിംഗ്ഭും, ലോഹർ ദാഗ, രാജ്മഹൽ, ദുംക എന്നീ അഞ്ച് എസ്.ടി സംവരണ സീറ്റുകളിലും വിജയിച്ചു. ലോഹർ ദാഗയിലും ഖുന്തിയിലും കോൺഗ്രസ് സ്ഥാർത്ഥികളാണ് വിജയിച്ചത്. ജെ.എം.എമ്മുമായി ചേർന്ന് ഇൻഡ്യ മുന്നണി എന്ന നിലയിൽ മത്സരിച്ചതാണ് കോൺ​ഗ്രസിന്റെ വിജയത്തിന് കാരണമായിത്തീർന്നത്. എട്ട് ജനറൽ സീറ്റുകളിൽ വിജയിച്ച ബി.ജെ.പിക്കാണ് സംസ്ഥാനത്ത് മുന്നിലെത്താൻ കഴിഞ്ഞതെങ്കിലും എസ്.ടി സീറ്റുകളിലെ പരാജയം ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്ന ജനവിധിയാണ്.

ഹേമന്ദ് സോറൻ അഴിമതിക്കാരനാണെന്ന ബി.ജെ.പി യുടെ പ്രചാരണ പരിപാടികളൊന്നും വിജയിച്ചില്ല എന്നാണ് ജനവിധി പറയുന്നത്. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.എം.എം നേതാവുമായ ഷിബു സോറന്റെ മകനായ ഹേമന്ദ് സോറന്റെ അറസ്റ്റിനെ ​ഗോത്ര സമൂഹങ്ങൾ വളരെ വൈകാരികമായാണ് എടുത്തിട്ടുള്ളത്. ഹേമന്ദ് സോറന്റെയും അരവിന്ദ് കെജ്രിവാളിന്റെയും അറസ്റ്റിന് പിന്നാലെ ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാഞ്ചിയിലെ മഹാറാലിയിൽ അത് കാണാൻ കഴിയുമായിരുന്നു. സോറൻ അറസ്റ്റിലായതിന് പിന്നാലെ ഈ തെരഞ്ഞെടുപ്പ് സമയത്ത് ജെ.എം.എമ്മിന് നേതൃത്വം നൽകുന്നത് അദ്ദേഹത്തിന്റെ ഭാര്യ കൽപ്പന സോറനാണ്. പ്രാ​ദേശിക പാർട്ടിയാണെങ്കിലും ഹേമന്ദ് സോറന്റെ അറസ്റ്റ് ഒരു ദേശീയ വിഷയമായി ഉയർത്തിക്കാണിക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിഞ്ഞു.

സീത സോറൻ

ഇന്ത്യ സഖ്യത്തിലെ നളിൻ സോറനെതിരെ, ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെ.എം.എം എല്‍എല്‍എയുമായ സീത സോറൻ മത്സരിക്കുന്ന ദുംക മണ്ഡലത്തിലേക്കായിരുന്നു എല്ലാ കണ്ണുകളും. ജെ.എം.എം സ്ഥാനാർഥിയായി മൂന്ന് തവണ നിയമസഭാ അംഗമായിരുന്ന സീത, പാർട്ടിയുടെ അവഗണന ചൂണ്ടികാണിച്ചാണ് ലോക്സഭ തെരെഞ്ഞെടുപ്പിന് തൊട്ട് മുന്നേ ബി.ജെ.പിയിൽ ചേരുന്നത്. എന്നാൽ 22,527 വോട്ടിന് അവർ അവിടെ പരാജയപ്പെട്ടു. ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനും സഹോദരൻ ദുർഗ സോറന്റെ ഭാര്യ സീത സോറനും തമ്മിലുള്ള ശക്തമായ പോരാട്ടം എന്ന നിലയിലും ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read