Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അട്ടപ്പാടിയിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് ജില്ലാ കളക്ടർ കെ. സുധീറിന്റെ ഉത്തരവ് നീതിയുടെ പുതുചരിത്രമായി മാറുന്നു. ചിണ്ടക്കിയിലെ രങ്കസ്വാമി, കണ്ണമ്മ, വിജയ എന്നിവർ നൽകിയ ടി.എൽ.എ (Transfer of Lands and Restoration of Alienated Lands Act) അപ്പീൽ ഹർജിയിലാണ് (കേസ് നമ്പർ: 208/87, 245/85) ഈ നിർണ്ണായക ഉത്തരവ്. 1975-ലെ ആദിവാസി ഭൂസംരക്ഷണ നിയമ പ്രകാരമുള്ള ഉത്തരവ് നിലനിർത്തിക്കൊണ്ട് തർക്കഭൂമി പൂർണ്ണമായും ആദിവാസികൾക്ക് തിരികെ നൽകണമെന്നാണ് 2026 ജൂലായ് 23ലെ ഉത്തരവിൽ കളക്ടർ വ്യക്തമാക്കുന്നത്. ഇതിനുശേഷം വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മറ്റെല്ലാ ഉത്തരവുകളും കളക്ടർ റദ്ദാക്കി. 2025 ഏപ്രിൽ 8-ലെ ഹൈക്കോടതി വിധി നടപ്പിലാക്കിയാണ് കളക്ടർ കെ. സുധീർ ഉത്തരവിറക്കിയത്.
രങ്കസ്വാമിയുടെ മുത്തച്ഛന്മാരായ അട്ടപ്പാടി കാവുങ്കൽ നഞ്ചനും കാടനും അവകാശപ്പെട്ട 9.70 ഏക്കർ ഭൂമി അന്യാധീനപ്പെട്ടു എന്ന പരാതിയിലാണ് ഈ നടപടി. 1975-ലെ ആദിവാസി ഭൂനിയമപ്രകാരം നൽകിയ ഈ പരാതിയിൽ 1995 ഒക്ടോബർ 12-ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ ഉത്തരവിനെതിരെ ആരും തന്നെ അപ്പീൽ സമർപ്പിച്ചിരുന്നില്ല. എന്നാൽ, ഒറ്റപ്പാലം ആർ.ഡി.ഒ ഓഫീസ് 1999-ലെ നിയമപ്രകാരം സ്വമേധയാ കേസ് പുനഃപരിശോധിക്കുകയും 2014 ജൂൺ 2-ന് ആദിവാസി ഭൂമിയിലെ അഞ്ച് ഏക്കർ നിലവിൽ കൈവശം വെച്ചിരിക്കുന്നവർക്ക് നൽകി ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ രങ്കസ്വാമിയും കുടുംബവും പാലക്കാട് കളക്ടർക്ക് അപ്പീൽ നൽകിയെങ്കിലും കളക്ടറും ആർ.ഡി.ഒയുടെ ഉത്തരവ് ശരിവെക്കുകയാണുണ്ടായത്. തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തുന്നത്.


കോടതിയിലെ വാദങ്ങൾ
ആദിവാസികൾക്ക് വേണ്ടി ഹാജരായ അഡ്വ. കെ.എസ്. മധുസൂദനൻ, 1975-ലെ നിയമപ്രകാരമുള്ള ആദ്യ ഉത്തരവ് ആരും ചോദ്യം ചെയ്യാത്തതിനാൽ അത് അന്തിമമാണെന്ന് വാദിച്ചു. ആദ്യ ഉത്തരവ് നടപ്പിലാക്കിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് രണ്ടാമതൊരു ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നും 1999-ലെ നിയമം നിലവിൽ വന്നതുകൊണ്ടുമാത്രം മുൻ ഉത്തരവുകൾ സ്വയം പുനഃപരിശോധിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, 1975-ലെ നിയമപ്രകാരം സ്ഥാവരസ്വത്തിൽ (Immovable property) വിളകളും മരങ്ങളും ഉൾപ്പെടുമെങ്കിലും, 1999-ലെ നിയമപ്രകാരം ‘ഭൂമി’ എന്നാൽ കൃഷിഭൂമി മാത്രമാണ്. ആധാരങ്ങളുടെയും പർച്ചേസ് സർട്ടിഫിക്കറ്റിന്റെയും വിവരങ്ങൾ അനുസരിച്ച് ഈ സ്വത്ത് കൃഷിഭൂമിയല്ല. അതിനാൽ കൃഷിഭൂമിയല്ലാത്ത സ്വത്തിൽ 1999-ലെ നിയമപ്രകാരം ഉത്തരവിടാൻ ആർ.ഡി.ഒയ്ക്ക് അധികാരമില്ലെന്ന് അഡ്വ. മധുസൂദനൻ വാദിച്ചു. അധികാരമില്ലാതെ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധികളും അദ്ദേഹം ഉദ്ധരിച്ചു. ഈ വിഷയങ്ങൾ കളക്ടർ കൃത്യമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു.


രേഖകളിലെ കൃത്രിമത്വവും കോടതി ഇടപെടലും
ഹർജിക്കാർ പർച്ചേസ് സർട്ടിഫിക്കറ്റിന്റെ പകർപ്പിനായി അപേക്ഷിച്ചപ്പോൾ രേഖകൾ ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. എന്നാൽ കളക്ടറുടെ ഉത്തരവിൽ ഈ പർച്ചേസ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പാലക്കാട് കളക്ടർക്ക് സമർപ്പിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ വീണ്ടും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോൾ ഫയലുകൾ ലഭ്യമല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ഹർജിക്കാരന് ലഭിച്ചത്. ഈ പ്രധാന രേഖ ഹർജിക്കാരിൽ നിന്ന് മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് കളക്ടർ പരിശോധിക്കേണ്ട കാര്യമായിരുന്നുവെന്ന് കോടതി പറഞ്ഞു.


ഒറ്റപ്പാലം ആർ.ഡി.ഒയുടെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കാതെ, അവ ശരിയാണെന്ന് വിശ്വസിച്ച് മാത്രമാണ് പാലക്കാട് കളക്ടർ മുൻപ് തീരുമാനമെടുത്തത്. ഇത് ശരിയായ രേഖാപരിശോധനയല്ലെന്നും അതിനാൽ കളക്ടറുടെ പഴയ ഉത്തരവ് റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ആദിവാസികൾ നൽകിയ ഹർജി വീണ്ടും വിശദമായി പരിശോധിക്കണമെന്ന് വിലയിരുത്തിയ ഹൈക്കോടതി, ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷം വിഷയം ജില്ലാ കളക്ടർ വീണ്ടും പരിശോധിക്കാൻ ഉത്തരവിട്ടു. പ്രത്യേകിച്ചും വൽപ്പന സർട്ടിഫിക്കറ്റിന്റെ (Purchase Certificate) ആധികാരികത നിയമപരമായി അന്വേഷിക്കാനും വിധിന്യായം ലഭിച്ച് നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാനും 2025 ഏപ്രിൽ 8-ന് ജസ്റ്റിസ് വിജു അബ്രഹാം ഉത്തരവിട്ടു.


നിയമപോരാട്ടത്തിന്റെ വഴി
അട്ടപ്പാടിയിലെ രങ്കസ്വാമിയും സഹോദരങ്ങളും മുത്തച്ഛന്റെ ഭൂമി വീണ്ടെടുക്കാൻ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. ആദ്യ പരാതിയിലെ അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം 7.50 ഏക്കർ ഭൂമി ആദിവാസികൾക്ക് വിട്ടുനൽകാൻ ആർ.ഡി.ഒ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് 1975-ലെ നിയമത്തിന് പകരമായി 1999-ലെ നിയമം നിലവിൽ വന്നപ്പോൾ ആർ.ഡി.ഒ ഇരുകക്ഷികളെയും വീണ്ടും വിചാരണ ചെയ്തു.
നഞ്ചൻ ഭൂമി ആദ്യം തായപ്പ ഉടയാർക്ക് വിൽക്കുകയും അയാൾ അത് മുരുകേശന് നൽകുകയുമായിരുന്നു. എന്നാൽ തായപ്പ ഉടയാരുടെ പേരിൽ ലഭിച്ച പട്ടയമല്ലാതെ മറ്റ് ആധാരങ്ങളൊന്നും അവർ ഹാജരാക്കിയില്ല. രണ്ടാമത്തെ കൈമാറ്റത്തിലും മുന്നാധാരങ്ങൾ ഹാജരാക്കാത്തതിനാൽ കൈമാറ്റം നിയമപരമല്ലെന്നും അനധികൃത കയ്യേറ്റമാണെന്നും കണക്കാക്കി 5.72 ഏക്കർ ഭൂമി കാടന് പുനഃസ്ഥാപിച്ച് നൽകാൻ മുരുകേശനോട് നിർദ്ദേശിച്ച് 2014-ൽ ആർ.ഡി.ഒ ഉത്തരവിട്ടു.


ഈ ഉത്തരവിനെതിരെ മുരുകേശൻ അപ്പീൽ നൽകിയപ്പോൾ, നഞ്ചന്റെ മകൻ മരുതനും കാടന്റെ മകൻ രങ്കസ്വാമിയും ഹാജരായി ഭൂമി പാട്ടത്തിന് നൽകിയതാണെന്നും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ 2016-ൽ കളക്ടർ 1999-ലെ നിയമപ്രകാരം 5 ഏക്കർ അധികമുള്ള ഭൂമി തിരികെ നൽകാൻ ഉത്തരവിട്ടു. ആർ.ഡി.ഒയ്ക്ക് മുന്നിൽ ഹാജരാക്കാതിരുന്ന ആധാരങ്ങൾ കളക്ടറുടെ മുന്നിൽ എത്തിയപ്പോൾ കൈവശക്കാർ ഹാജരാക്കിയിരുന്നു. കളക്ടറുടെ ഈ 2016-ലെ ഉത്തരവിനെതിരെയാണ് രംഗസ്വാമിയും കണ്ണമ്മയും വിജയയും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കേസ് പുനഃപരിശോധിക്കാൻ കോടതി നിർദ്ദേശിക്കുകയും 2025 മാർച്ച് 9-ന് വിചാരണ നടത്തുകയും ചെയ്തു.
ആധാരങ്ങൾ ലഭിക്കാൻ മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷിച്ചപ്പോൾ അവ പൊടിഞ്ഞുപോയി എന്ന മറുപടിയാണ് ലഭിച്ചത്. സാധാരണയായി റവന്യൂ അധികൃതർ ഭൂരേഖകൾ ആവശ്യപ്പെടുന്നത് ആദിവാസികളോടാണ്; രേഖകൾ സൂക്ഷിച്ചുവെക്കാൻ കഴിയാത്തതിനാൽ അവർ പരാജയപ്പെടാറുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച്, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ രങ്കസ്വാമിയും കുടുംബവും നടത്തിയ ഈ നിയമപോരാട്ടവും കളക്ടറുടെ പുതിയ ഉത്തരവും ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണ്.

