സംവരണത്തെ പുറത്താക്കിയ എയ്ഡഡ് സ്ഥാപനങ്ങൾ

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എയ്ഡഡ് മേഖലയിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക വിഭാ​ഗങ്ങൾക്ക് ശമ്പളം നൽകുന്നത് കേരള സർക്കാരാണ്. സംസ്ഥാന ബജറ്റിന്റെ 30 ശതമാനത്തോളം എയ്ഡഡ് മേഖലയിലെ ശമ്പളവും പെൻഷനും നൽകാനാണ് നീക്കിവയ്ക്കുന്നത്. എന്നാൽ ഇന്നും എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ സംവരണാടിസ്ഥാനത്തിലല്ല നടത്തപ്പെടുന്നത്. സമുദായങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന എയ്ഡഡ് കോളേജുകളിൽ തങ്ങളുടെ സമുദായത്തിലുള്ളവരെ വൻ തുക കോഴ വാങ്ങി നിയമിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. ഇത് സംവരണ വിഭാ​ഗങ്ങളിലെ, പട്ടിക ജാതി- പട്ടിക വർ​ഗവിഭാ​ഗത്തിൽപ്പെട്ടവരെ എയ്ഡഡ് മേഖലയിലെ തൊഴിലവസരങ്ങളിൽ നിന്നും അകറ്റുന്നു. സംവരണ വിഭാ​ഗങ്ങളോട് വർഷങ്ങളായി തുടരുന്ന നീതികേടിൽ സാമുദായിക സംഘടനകളോടൊപ്പം സർക്കാരും പങ്കുചേരുകയാണ്. സ്വകാര്യ മാനേജ്മെന്റുകൾ തങ്ങൾക്കിഷ്ടപ്പെട്ടവരെ നിയമിക്കുകയും സംവരണ തത്വങ്ങൾ അട്ടിമറിക്കുകയും ചെയ്യുന്ന ഈ രീതി നിയമപരമായി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്.

2010ൽ കേരളത്തിൽ എയ്ഡഡ് മേഖലയിൽ 150 ആർട്സ് ആന്റ് സയൻസ് കോളജുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2014-15 ൽ ഇത് 180 ആയി ഉയർന്നു. ഇക്കാലയളവിൽ സംസ്ഥാനത്താകെ 232 കോളജുകളാണ് ഉണ്ടായിരുന്നത്. 52 എണ്ണം (22.41%) സർക്കാർ കോളജുകളും 180 കോളേജുകൾ സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളുടെ കീഴിലും. അതായത് ആകെയുള്ള കോളജുകളുടെ 78 ശതമാനവും എയ്ഡഡ് മേഖലയിലാണെന്ന് ചുരുക്കം. കോളജുകളുടെ എണ്ണത്തിൽ മാത്രമല്ല അദ്ധ്യാപക അനദ്ധ്യാപകരുടെ എണ്ണത്തിലും എയ്ഡഡ് മേഖല മുന്നിട്ടു നിൽക്കുന്നതായി കാണാം. 52 സർക്കാർ കോളജുകളിലെ അദ്ധ്യാപകരിൽ എല്ലാ ജനവിഭാഗങ്ങൾക്കും ഭരണഘടനാനുസൃത പ്രാതിനിധ്യം ലഭിക്കുമ്പോൾ എയ്ഡഡ് കോളജുകളിൽ അതാത് മാനേജ്മെന്റ് സമുദായങ്ങൾ മാത്രമാണ് ജീവനക്കാരായി നിയമിക്കപ്പെടുന്നത്. അതിനാൽ തന്നെ എയ്ഡഡ് വിദ്യാലയങ്ങൾ കൈവശമില്ലാത്ത അതിപിന്നോക്ക, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ ഈ മേഖലയിലെ അദ്ധ്യാപക അനദ്ധ്യാപക തൊഴിലുകളിൽ നിന്നും പിന്തള്ളപ്പെട്ടു. 2014-15 ലെ ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ ഈ ബഹിഷ്കരണത്തിന്റെ സമകാലിക ചിത്രം വ്യക്തമാകും. (ഹയർ സെക്കന്ററി സ്കൂളുകളുടെ കണക്ക് 2018-19 വർഷത്തേതാണ്)

എയ്ഡഡ് മേഖല: അദ്ധ്യാപക അനദ്ധ്യാപക കണക്കുകൾ (2014-15)

പട്ടിക-1

( 1-സ്ഥാപനം, 2-എണ്ണം, 3-അധ്യാപകരുടെ എണ്ണം, 4- അദ്ധ്യാപകരല്ലാത്തവരുടെ എണ്ണം, 5- ആകെ അദ്ധ്യാപകരും അനദ്ധ്യാപകരും, 6- എസ്.സി. & എസ്.ടി, 7- ശതമാനം)

2014-15 ലെ കണക്കനുസരിച്ച് 52 സർക്കാർ കോളജുകളിലെ അദ്ധ്യാപക അനദ്ധ്യാപകരിൽ എസ്.സി, എസ്.ടി പ്രാതിനിധ്യം 11ശതമാനമുണ്ട്. അതേ സമയം 180 എയ്ഡഡ് കോളജുകളിലെ 11,958 അദ്ധ്യാപക അനദ്ധ്യാപകരിൽ 65 പേർ മാത്രമാണ് എസ്.സി, എസ്.ടി പ്രാതിനിധ്യം. മൊത്തം ജീവനക്കാരുടെ (0.54 %) ഒരു ശതമാനം പോലുമില്ല എസ്.സി, എസ്.ടി. വിഭാഗങ്ങൾ. 3 എയ്ഡഡ് എഞ്ചിനിയറിംഗ് കോളജുകളിൽ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 829 പേർ ജോലി ചെയ്യുമ്പോൾ രണ്ട് പേർ (0.24 %) മാത്രമാണ് എസ്.സി, എസ്.ടി അദ്ധ്യാപക അനദ്ധ്യാപകർ.

എയ്ഡഡ് മേഖലയിൽ ആദ്യമായി ആരംഭിച്ച എഞ്ചിനിയറിംഗ് കോളേജിൽ ഇന്ന് 317 അദ്ധ്യാപക അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. അതിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾ ആരും തന്നെയില്ല എന്നു കാണാം. മൂന്നാമത്തെ എഞ്ചിനിയറിംഗ് കോളജ് പാലക്കാട് എൻ.എസ്.എസ് എഞ്ചിനിയറിംഗ് കോളജാണ്. ഇതിൽ 255 അദ്ധ്യാപക അനദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ട്. ബഹുഭൂരിപക്ഷം നായർ സമുദായാംഗങ്ങൾ മാത്രമുള്ള ഈ കോളജിൽ എസ്.സി, എസ്.ടി അദ്ധ്യാപകരുടെ എണ്ണം പൂജ്യമാണ്.

ആറ് പോളിടെക്നിക്കുകളിലായി 1369 ജീവനക്കാർ ജോലി ചെയ്യുമ്പോൾ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ 4 പേർ മാത്രമാണ്. മൊത്തം അദ്ധ്യാപകരുടെ 0.29 ശതമാനം മാത്രം. 2225 വി. എച്ച്. എസ്. സി. അദ്ധ്യാപക അനദ്ധ്യാപകരിൽ 8 പേരാണ് എസ്.സി, എസ്.ടി വിഭാഗം. ഇത് മൊത്തം വി.എച്ച്.എസ്.സി അദ്ധ്യാപകരുടെ 0.35ശതമാനമാണ്.

ഹയർസെക്കന്ററിയിൽ 13538 ജീവനക്കാരുണ്ട്. ഇതിൽ 34 മാത്രമാണ് എസ്. സി, എസ്.ടി വിഭാഗങ്ങൾ. മൊത്തം ജീവനക്കാരുടെ 0.23 ശതമാനം മാത്രമാണിത്. ഹൈസ്കൂളുകളിലെ പ്രാതിനിധ്യം ഹയർ സെക്കന്ററിയെക്കാൾ പരിതാപകരമാണ്. 1429 എയ്ഡഡ് ഹൈസ്കൂളുകളിലായി 38,442 അദ്ധ്യാപക അനദ്ധ്യാപകരാണുള്ളത്. ഇതിൽ എസ്.സി, എസ്.ടി അദ്ധ്യാപക അനദ്ധ്യാപകരുടെ എണ്ണം 86 മാത്രമാണ്. അതായത് 0.17 ശതമാനം മാത്രം. യു.പി സ്കൂളുകളിലെ 34,926 അദ്ധ്യാപക അനദ്ധ്യാപകരിൽ 123 പേരും (0.35%) എൽ.പി സ്കൂളുകളിലെ 40268 പേരിൽ 238 പേരുമാണ് എസ്.സി, എസ്.ടി അദ്ധ്യാപക അനദ്ധ്യാപകർ ഇതിൽ എൽ.പി സ്കൂളിലാണ് അരശതമാനത്തിലധികം (0.59 %) പ്രാതിനിധ്യമുള്ളത്. എന്നാൽ മേൽക്കൊടുത്തിട്ടുള്ള ടേബിൾ പ്രകാരം മൊത്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ എസ്.സി, എസ്.ടി വിഭാഗങ്ങൾ അര ശതമാനത്തിലും താഴെയാണെന്ന് കാണാം. കോളജുകൾ, എഞ്ചിനിയറിംഗ് കോളജുകൾ, പോളിടെക്നിക്, വൊക്കേഷണൽ ഹയ ർസെക്കണ്ടറി, ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി, എൽ.പി സ്കൂളുകളടക്കം 1,44,413 ജീവനക്കാരാണുള്ളത്. ഇതിൽ എസ്.സി, എസ്.ടി ജീവനക്കാരുടെ എണ്ണം 560 മാത്രമാണ്. മൊത്തം ജീവനക്കാരുടെ 0.38 ശതമാനം മാത്രം. സർക്കാർ ഖജനാവിലെ ശമ്പളം പറ്റുന്ന ജീവനക്കാർ എന്ന നില യിൽ 10 ശതമാനം സംവരണ പ്രകാരം 14,441 പോസ്റ്റുകളാണ് എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കിയിട്ടില്ല. അതിനാൽ പട്ടിക ജാതി, പട്ടികവർഗ്ഗങ്ങളും അതിപിന്നോക്ക സംവരണീയ വിഭാഗങ്ങളും അവസരസമത്വം നഷ്ടപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ഉദ്യോഗങ്ങളിൽ നിന്നും ബഹിഷ്കൃതരായിത്തീർന്നു.

വിവരാവകാശ നിയമപ്രകാരം വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ശേഖരിച്ച കണക്കുകളാണ് മേൽകൊടുത്ത പട്ടികയിൽ കാണുന്നത്. കേരളത്തിലെ മുഴുവൻ എയ്ഡഡ് മേഖലയിലെ കണക്കുകൾ ലഭ്യമായിട്ടില്ല. എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ മൊത്തം എണ്ണം, ജാതി, മതം എന്നിവ തിരിച്ചുള്ള കണക്കുകൾ ഒന്നും തന്നെ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ ലഭിച്ചിട്ടുള്ള മറുപടി. മേൽകൊടുത്തിട്ടുള്ള സ്ഥാപനങ്ങൾ കൂടാതെ എയ്ഡഡ് മേഖലയിൽ രണ്ട് ആയുർവേദ മെഡിക്കൽ കോളജുകൾ, മൂന്ന് ഹോമിയോ മെഡിക്കൽ കോളജുകൾ എന്നിവയുമുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ലഭ്യമായിട്ടില്ല.

എയ്ഡഡ് മേഖലയും സാമുദായിക മാനേജുമെന്റുകളും പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി സ്കൂളുകളിൽ 61.01ശതമാനവും യു.പി സ്കൂളുകളുടെ 66.25 ശതമാനവും ഹൈസ്കൂളുകളുടെ 58.7 ശതമാനവും എയ്ഡഡ് മേഖലയിലാണെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. അതുപോലെ ട്രെയിനിംഗ് കോളജുകൾ ഉൾപ്പടെ 232 ആർട്സ് ആന്റ് സയൻസ് കോളജുകളാണ് 2014-15 ൽ സംസ്ഥാനത്തുള്ളത്. ഇതിൽ 180 എണ്ണം അതായത് 78 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇത്രയും സ്ഥാപനങ്ങൾ ഏതെല്ലാം മാനേജുമെന്റുകളാണ് കൈവശം വെച്ചുകൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

വിവിധ മാനേജ്മെന്റുകളുടെ കീഴിലുള്ള കോളജുകൾ (2014-15)

പട്ടിക -2

(2014-15ൽ ഓരോ സാമുദായിക മാനേജുമെന്റെുകൾ നടത്തുന്ന കോളജുകൾ, ശതമാനക്കണക്കിൽ)

180 കേളജുകളിൽ 86 എണ്ണം അതായത് മൊത്തം കോളജുകളുടെ 47.77 ശതമാനവും വിവിധ ക്രിസ്ത്യൻ മാനേജുമെന്റുകളുടെ കീഴിലാണ്. 35 കോളജുകൾ (19.44 %) വിവിധ മുസ്ലിം മാനേജുമെന്റുകൾ നടത്തുന്നതാണ്. ഇതിൽ 11 എണ്ണം അറബിക് കോളജുകളാണ്. 18 കേളജുകൾ (10 %) എൻ. എസ്. എസ്. (നായർ സർവ്വീസ് സൊസൈറ്റി) നടത്തുന്നതാണ്. 20 എണ്ണം (11.11%) എസ്.എൻ. ട്രസ്റ്റിന്റെ ഈഴവ വിഭാഗത്തിൽപ്പെട്ട മാനേജുമെന്റുകളുടെ കീഴിലാണ്. 7 കോളജുകൾ (3.88 %) സർക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോർഡാണ് നടത്തുന്നത്. 12 എണ്ണം (6.66 %) കോളജുകൾ ഏകാംഗ മാനേജ്മെന്റുകളാണ്. 2 എണ്ണം (1.11 %) ശ്രീ ശങ്കരട്രസ്റ്റിന്റെ കീഴിലാണുള്ളത്. നമ്പൂതിരി വിഭാഗത്തിൽപ്പെട്ട ഉൽപതിഷ്ണുക്കളുടെ മുൻകൈയ്യിൽ 1965ൽ രൂപീകരിച്ചതാണ് ശ്രീ ശങ്കര ട്രസ്റ്റ്.

കേരളത്തിലെ പ്രബലമായ നാല് സമുദായ മാനേജ്മെന്റുകളുടെ (ക്രിസ്ത്യൻ, മുസ്ലിം, നായർ, ഈഴവ) കൈവശമാണ് 88.33% എയ്ഡഡ് കോളജുകളും. ഇതിൽ തന്നെ 121 കോളജുകൾ (67.22%) ന്യൂനപക്ഷ മാനേജ്മെന്റുകളുടെ കീഴിലാണ്. ക്രിസ്ത്യൻ, മുസ്ലിം മാനേജ്മെന്റുകൾ കഴിഞ്ഞാൽ എണ്ണത്തിൽ മൂന്നാം സ്ഥാനം എസ്. എൻ ട്രസ്റ്റ്/ഈഴവ മാനേജ്മെന്റുകൾക്കാണെങ്കിലും ഫലത്തിൽ മൂന്നാം സ്ഥാനം നായർ വിഭാഗത്തിലാണെന്ന് കാണാം. 18 കോളജുകൾ മാത്രമേ എൻ.എസ്.എസ് മാനേജ്മെന്റിന്റെ കൈവശമുള്ളൂവെങ്കിലും തിരുവിതാംകൂർ ദേവസം ബോർഡിൃന് കീഴിലുള്ള നാല് കോളജുകളിലെ അദ്ധ്യാപകരിൽ 74.17 ശതമാനവും നായർ വിഭാഗക്കാരാണ്.

കൊച്ചിൽ ദേവസ്വം ബോർഡിന് കീഴിൽ രണ്ട് കോളജുകളും, ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ ഒന്നും, തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിൽ 4 കോളജുകളുമാണുള്ളത്. ദേവസ്വം ബോർഡ് കോളജുകളെ സർക്കാർ എയ്ഡഡ് കോളജുകൾ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡ് വകുപ്പ് മന്ത്രിയും സർക്കാർ നോമിനികളും അടങ്ങുന്ന ഭരണസമിതിക്ക് കീഴിലാണ് ഈ കോളജുകൾ എന്നതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് അനുമാനിക്കാം. മറ്റ് എയ്ഡഡ് സ്ഥാപനങ്ങളെപ്പോലെ സ്വകാര്യ മാനേജ്മെന്റുകളല്ല ഭരണം നടത്തുന്നത് എന്ന് ചുരുക്കം. ഇങ്ങനെ സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിയമനം നടക്കുന്ന 4 കോളജുകളിലെ ആകെയുള്ള 182 അദ്ധ്യാപകരിൽ 135 പേരും (74.17 %) നായർ വിഭാഗത്തിൽപ്പെട്ടവരാണ്. 8 ശതമാനം നമ്പൂതിരി വിഭാ​ഗത്തിൽപ്പെട്ട അദ്ധ്യാപകർ കൂടിയാകുമ്പോൾ 143 പേരും (78.56 %) മുന്നോക്ക വിഭാഗങ്ങൾ മാത്രമാകുന്നു. ഈഴവ വിഭാഗം 18 ശതമാനവും മറ്റ് സംവരണീയർക്ക് നാമമാത്ര പ്രാതിനിധ്യവുമേയുള്ളൂ. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവരും ന്യൂനപക്ഷ അദ്ധ്യാപകരും ഇവിടെ പൂജ്യമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ കേരളവർമ്മ കോളജിൽ ഇതേ കാലത്ത് (2010) 89 അദ്ധ്യാപകർ ജോലി ചെയ്തപ്പോൾ പട്ടികജാതി, പട്ടികവർഗ്ഗ, മുസ്ലിം അദ്ധ്യാപകരെ ഉൾക്കൊള്ളാൻ ഈ സർക്കാർ എയ്ഡഡ് കോളജിന് കഴിഞ്ഞില്ല. 8 ക്രിസ്ത്യൻ വിഭാഗക്കാർ ഇതേ സമയത്ത് ഇവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നു.

എയ്ഡഡ് കോളജ് അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണം നടപ്പിലാക്കണമെന്ന് യു. ജി. സി നിയമമുണ്ടെങ്കിലും 1972ൽ ശ്രീ അച്യുതമേനോൻ സർക്കാരും സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളും തമ്മിലുണ്ടാക്കിയ ‘ഡയറക്ട് പെയ്മെന്റ് കരാർ അനുസരിച്ച് നിയമനങ്ങൾ നടത്തുന്നത് മൂലം ഇവിടെയും പട്ടികജാതി പട്ടികവർഗ്ഗ സംവരണമില്ല. അതേ സമയം 50ശതമാനം ഒഴിവുകൾ മാനേജ്മെന്റ് സമുദായങ്ങൾക്ക് നിയമപരമായി സംവരണം ചെയ്യാനും അന്നത്തെ സർക്കാറിന് സാധിച്ചു.

100% സ്വസമുദായ സംവരണം നടപ്പാക്കുന്ന കോളജുകൾ എയ്ഡഡ് നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴിയാക്കണമെന്നും നിമയ നങ്ങളിൽ സംവരണം പാലിക്കണമെന്നുള്ള വിദ്യാഭ്യാസ ബില്ലിലെ വ്യവസ്ഥക്കെതിരെ കത്തോലിക്കാസഭക്കൊപ്പം ചേർന്ന് സമരം നയിച്ച സാമൂ ദായിക നേതാവാണ് മന്നത്ത് പത്മനാഭൻ. അദ്ദേഹം സ്ഥാപിച്ച നായർ സർവ്വീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്) കീഴിലുള്ള പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളജിൽ നൂറ് ശതമാനം അദ്ധ്യാപകരും അനദ്ധ്യാപകരും നായർ സമുദായക്കാരാണ്. 2018 ൽ ലഭിച്ച വിവരാവകാശനിയമ മറുപടിയിൽ പറയുന്ന കണക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

പട്ടിക- 3

പതിനാറ് അദ്ധ്യാപകരും ആറ് അനദ്ധ്യാപകരും അടക്കം 22 ജീവനക്കാരിൽ 22 പേരും നായർ സമുദായക്കാർ മാത്രമാണിവിടെ.

പട്ടിക- 4

100 ശതമാനം നിയമനങ്ങളും നായർ സമുദായത്തിന് സംവരണം ചെയ്തിരിക്കുന്ന മറ്റൊരു കോളേജാണ് എൻ.എസ്. എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി. ഇവിടെയുള്ള 13 അദ്ധ്യാപകരും, 8 അനദ്ധ്യാപകരും നായ‌ർ സമുദായത്തിൽപ്പെട്ടവരാണ്.

പട്ടിക- 5

മുസ്ലീം സാമുദായിക മാനേജ്മെന്റിന്റെ കീഴിലുള്ള നസത്തുൽ ഇസ്ലാം അറബിക് കോളജിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കണക്കുകളാണ് താഴെ കൊടുത്തിട്ടുള്ളത്.

എട്ട് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപകരും ഉൾപ്പെടെ 15 ജീവനക്കാരാണ് ഈ കോളജിലുള്ളത്. ഇതിൽ 15 പേരും മുസ്ലീം സമുദായക്കാരാണ്.

പട്ടിക- 6

ക്രിസ്ത്യൻ ന്യൂനപക്ഷ മാനേജ് മെന്റിന് കീഴിലുള്ള ബിഷപ്പ് മൂലപ്പറമ്പിൽ മെമ്മോറിയൽ (ബി.സി.എം) കോളജിൽ 37 അദ്ധ്യാപകരും 14 അനദ്ധ്യാപകരും ഉൾപ്പെടെ 51 ജീവനക്കാരുണ്ട്. 51 പേരും ക്രിസ്ത്യൻ സമുദായക്കാരാണ്.

പട്ടിക-7

മറ്റൊരു ക്രിസ്ത്യൻ മാനേജ്മെന്റ് കോളജാണ് സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ. അവിടെ 31 അദ്ധ്യാപകരുണ്ട്. അതിൽ 31 പേരും റോമൻ കാത്തലിക് സിറിയൻ ക്രിസ്ത്യൻ സമുദായക്കാരാണ്. അദ്ധ്യാപകർ 100 ശതമാനം ക്രിസ്ത്യാനികളാണ്. അനദ്ധ്യാപകർ 15 പേരുള്ളതിൽ 14 പേരും റോമൻ കാത്തലിക് സിറിയൻ ക്രിസ്ത്യൻ ആണ്. ഒരാൾ മാത്രമാണ് ഇതര സമുദായത്തിൽനിന്നുള്ളത്.

180 ആർട്സ് ആന്റ് സയൻസ്, ട്രെയിനിംഗ് കോളജുകളുള്ളതിൽ ഏകദേശം 90 ഓളം കോളജുകളിലെ ജാതി, മതം, തിരിച്ചുള്ള കണക്കുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതിൽ 100 ശതമാനം നിയമനങ്ങൾ അതത് മാനേജ്മെന്റ് സമുദായങ്ങൾ കയ്യടക്കിയ ഒട്ടേറെ സ്ഥാപനങ്ങൾ ഇനിയും കണ്ടേക്കാം. ചില കോളജുകളിൽ അദ്ധ്യാപകർ 100 ശതമാനവും ചില കോളജുകളിൽ അനദ്ധ്യാപകർ 100 ശതമാനവും മാനേജ്മെന്റ് സമുദായാംഗങ്ങൾ തന്നെയുള്ളതുമുണ്ട്.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ വഴിയാക്കാമെന്നും നിയമനങ്ങളിൽ സംവരണം നൽകുന്നതിൽ നിയമപരമായി തടസങ്ങളൊന്നുമില്ലെന്നും 1958ലെ സുപ്രീം കോടതി ആറംഗ ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 1957ലെ കേരള വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ടാണ് ഈ സുപ്രധാന വിധിയുണ്ടായത്. അതിനെ തുടർന്നാണ് 1959ൽ കേരള വിദ്യാഭ്യാസ നിയമം നിലവിൽ വന്നത്. എന്നാൽ എൻ എസ് എസ് നേതാവ് മന്നത്ത് പത്മനാഭന്റെയും കത്തോലിക്കാ സഭയുടെയും നേത‍‍ൃത്വത്തിൽ വിമോചന സമരം രൂപം കൊള്ളുകയും ഒടുവിൽ വിദ്യാഭ്യാസ നിയമം നടപ്പിലാക്കിയ അന്നത്തെ സർക്കാരിനെ പിരിച്ചുവിടുകയുമായിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന പട്ടം താണുപിള്ള സർക്കാർ 1960ൽ വിദ്യാഭ്യാസ ഭേദഗതി നിയമം കൊണ്ടുവരികയും എയ്ഡഡ് നിയമനങ്ങൾ പി.എസ്.സി വഴിയായിരിക്കണമെന്നും സംവരണം പാലിക്കണമെന്നുമുള്ള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ് മരവിപ്പിച്ച് നിയമനാവകാശം മാനേജർമാർക്ക് നൽകുകയുമായിരുന്നു. തുടർന്ന് കേരളം ഭരിച്ച സർക്കാരുകൾ മാനേജ്മെൻ്റുകളുടെ ഭീഷണിക്ക് വഴങ്ങി മറിച്ചൊരു നിയമവും നടപ്പിലാക്കാൻ ശ്രമിച്ചില്ല.

2017 ലെ യുവജനക്ഷേമ, യുവജനകാര്യ റിപ്പോർട്ട്

എയ്ഡഡ് മേഖലയിലെ പട്ടികജാതി പട്ടികവർഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2006ൽ യുവജനക്ഷേമ യുവജനകാര്യ സമിതിയെ ചുമതലപ്പെടുത്തി. അഞ്ച് ഇടത്പക്ഷ എം.എൽ.എമാരും നാല് വലത്പക്ഷ എം.എൽ.എമാരുമടങ്ങുന്ന സമിതിയുടെ ചെയർമാൻ ടി.വി.രാജേഷ് എം.എൽ. എ ആയിരുന്നു. വിദ്യാദ്യാസ വകുപ്പിൽ നിന്ന് ശേഖരിച്ച കണക്കുകളനുസരിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി അടക്കം 1990 എയ്ഡഡ് സ്കൂളുകളിലായി ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഇരുപത്തിനാല് അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട 657 പേർ (അധ്യാപകരുൾപ്പെടെ) മാത്രമാണെന്നും ഇത് മൊത്തം അധ്യാപകരുടെ അര ശതമാനം മാത്രമേയുള്ളൂവെന്നും കണ്ടെത്തി. എയ്ഡഡ് മേഖലയിൽ പട്ടികജാതി പട്ടികവർഗ്ഗങ്ങൾ കടുത്ത വിവേചനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തിയ സമിതി എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കണമെന്നും നിയമനങ്ങൾ പി.എസ്.സി മുഖേനയാക്കണമെന്നും ശിപാർശ ചെയ്ത് കൊണ്ടുള്ള റിപ്പോർട്ട് 2017ൽ നിയമസഭയിൽ സമർപ്പിക്കുകയുണ്ടായി. റിപ്പോർട്ട് നിയമസഭയിലെത്തിയിട്ട് അഞ്ച് വർഷം ആയെങ്കിലും ഇതുവരെയും സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

നാളിതുവരെ കേരളം മാറി മാറി ഭരിച്ച എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭരണ പ്രതിപക്ഷ എം.എൽ.എ.മാരാണ് എയ്ഡഡ് നിയമനങ്ങളിൽ സാമൂഹിക നീതിയും അവസരസമത്വവും നടപ്പിലാക്കണമെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആ നിലയക്ക് ഇരുരാഷ്ട്രീയ പാർട്ടികളുടെയും നയങ്ങൾ ഇക്കാര്യത്തിൽ ഭിന്നമല്ല എന്നാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാർട്ടികളെ കൂടാതെ എസ്.എൻ ട്രസ്റ്റ് പ്രതിനിധിയായ വെള്ളാപ്പള്ളി നടേശനും എം.ഇ.എസ് ഡയറക്ടർ ഡോ.ഫസൽ ഗഫൂറും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിമോചന സമരത്തിന് ചുക്കാൻ പിടിച്ച എൻ.എസ്.എസ് ഉം (നായർ സർവ്വീസ് സൊസൈറ്റി) ക്രിസ്ത്യൻ മാനേജ്മെന്റുകളും മാത്രമാണ് ഇതിനെതിരെ രംഗത്തുള്ളത്. മുന്നോക്ക സംവരണത്തിലൂടെ 10 ശതമാനം സംവരണം കൂടി കൈവന്നിട്ടുള്ള രണ്ട് സമുദായിക മാനേജ്മെന്റുകളാണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഭരണഘടനാവശ്യങ്ങൾക്കെതിരെ പട നയിക്കുന്നത്.

എയ്ഡഡ് മേഖലകൾ കൂടാതെയും പി.എസ്.സി വഴിയല്ലാതെയും ഒട്ടനവധി നിയമനങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഭൂരിപക്ഷം നിയമനങ്ങളിലും സംവരണം പാലിക്കപ്പെടുന്നില്ല. ഇതിൽ പ്രധാനപ്പെട്ട മേഖലകളാണ് ദേവസ്വം ബോർഡ്, വിവിധ സർവ്വകലാശാലകൾ, ഗവൺമെന്റ് നേരിട്ട് നടത്തുന്ന കമ്പനികൾ, അക്കാദമികൾ, സൊസൈറ്റികൾ, കൗൺസിലുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ക്ഷേമബോർഡുകൾ, കോർപ്പറേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ.

സർക്കാർ തൊഴിലും സംവരണവും

ഇന്ത്യാ മഹാരാജ്യത്തിലെ ഭരണകൂടത്തിൽ അയിത്തജാതിക്കാരുടെ തുല്യ പങ്കാളിത്തം എന്ന (ദ്വി മണ്ഡല വ്യവസ്ഥ) ഡോ.ബി.ആർ അംബേദ്ക്കറുടെ മഹത്തായ ആശയം അട്ടിമറിക്കപ്പെടുകയും പിന്നീട് 1931ലെ പൂനാ പാക്ടിലൂടെ ‘സംവരണം’ എന്ന പേരിൽ പ്രാതിനിധ്യ അവകാശം ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാപിക്കപ്പെടുകയുമായിരുന്നു. രാഷ്ട്രത്തിന്റെ ഭരണ നിർവഹണ പ്രക്രിയ സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യമില്ലെങ്കിൽ അത് നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രത്തെ ചുമതലപ്പെടുത്തുന്ന പ്രത്യേക വകുപ്പ് ധ16 (4)പ ഭരണഘടനയിൽ എഴുതി ചേർത്തതും ഡോ.ബി.ആർ അംബേദ്കറാണ്. ഭരണഘടന നിലവിൽ വന്ന് 72 വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ സംവരണീയരുടെ പ്രത്യേകിച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം യാഥാർത്ഥ്യമായോ? ഈ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികാസം ഭരണഘടന വിഭാവനം ചെയ്ത ലക്ഷ്യത്തിലെത്തിയോ? ഇല്ല എന്ന ഉത്തരമാണ് ഇന്ന് നമ്മെ തുറിച്ച് നോക്കുന്നത്.

103-ാമത് ഭരണഘടനാ ഭേദഗതിയോടെ ഇന്ത്യയിൽ മുന്നോക്ക സംവരണം നടപ്പിലാക്കിയപ്പോൾ അതിന് ആധാരമായി സ്വീകരിച്ച 2010 ലെ സിൻഹോ കമ്മറ്റി റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 31.7 കോടി ജനങ്ങൾ ദാരിദ്ര്യരേഖക്ക് താഴെയാണ്. ഇതിൽ 12 കോടി ജനങ്ങൾ പട്ടികജാതി പട്ടികവർഗ്ഗമാണ്.14 കോടി ദരിദ്രർ ഒ.ബി.സി വിഭാഗമാണ്. എന്നാൽ 5.5 കോടി മാത്രമാണ് ജനറൽ വിഭാഗത്തിൽപ്പെടുന്ന ദരിദ്രരെന്നും സിൻഹോ കമ്മറ്റി വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ ഇരുപത്തഞ്ച് കോടി പട്ടികജാതി പട്ടികവർഗ്ഗ ജനസംഖ്യയുടെ പകുതിയോളം ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് .

എയ്ഡഡ് മേഖലയിൽ എസ്.സി/എസ്.ടി സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 29ന് നടന്ന പരിപാടിയിൽ ഒ.പി രവീന്ദ്രൻ വിഷയം അവതരിപ്പിക്കുന്നു

കേരള സംസ്ഥാനത്തിലെ തൊഴിൽ സംവരണ സ്ഥിതിയിലും സമാനമായ അവസ്ഥയിലാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.ദേശീയ തലത്തിൽ പട്ടികജാതിക്കാർക്ക് 15ശതമാനവും പട്ടികവർഗ്ഗത്തിന് 7.5ശതമാനവുമാണ് സംവരണമെങ്കിൽ കേരളത്തിലത് എട്ടും, രണ്ടും ശതമാനമാണ്. ഇത് തന്നെ നടപ്പിൽ വരുത്താൻ കഴിഞ്ഞ 62 വർഷമായി മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്ന ഇടത് വലത് സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല.

2014-15 ൽ ധനകാര്യ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് കേരളത്തിലെ സർക്കാർ ഉദ്ദ്യോഗസ്ഥരുടെ എണ്ണം 5,11,487 ആണ്. ഇതിൽ ഏകദേശം മുപ്പതിനായിരം പേർ മാത്രമാണ് പട്ടികജാതി പട്ടികവർഗ പ്രാതിനിധ്യം. ഇത് പട്ടികജാതി പട്ടികവർഗ ജനസംഖ്യയുടെ ഒരു ശതമാനം പോലും വരുന്നില്ല. പകുതിയിലധികം സർക്കാർ ഉദ്ദ്യോഗസ്ഥരെയും തെരഞ്ഞെടുക്കുന്നത് പി.എസ്.സി മുഖേനയല്ല എന്ന തുകൊണ്ടാണ് ഇത്രയും പ്രാതിനിധ്യക്കുറവ് സംഭവിക്കുന്നത്. 2014-15 വർഷത്തിൽ ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥർ എയ്ഡഡ് മേഖലയിലാണെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നു. സ്വകാര്യ മാനേജർമാർ തങ്ങൾക്കിഷ്ടപ്പെട്ടവരെ അധ്യാപകരായു അനധ്യാപകരായും നിയമിക്കുന്ന എയ്ഡഡ് മേഖലയിൽ ഇന്നോളം പട്ടികജാതി പട്ടികവർഗ സംവരണം നടപ്പിലാക്കിയിട്ടില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 29, 2023 12:34 pm