Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളത്തെ കർഷകനായ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത് എന്തിനാണ്? അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച കൊലയാളികൾ ആരാണ്? കൃഷ്ണസ്വാമിയുടെ ഭൂമി തട്ടിയെടുത്തത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് കൂട്ടുനിന്നത് ആധാരം എഴുത്തുകാരനും അഗളി മുൻ വില്ലേജ് ഓഫീസറും അട്ടപ്പാടി തഹസിൽദാരും ആണ്. ഭൂമാഫിയയും ഈ ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്. അട്ടപ്പാടി താലൂക്കിന് പുറത്തുള്ള തെങ്കര വില്ലേജിലെ ഭൂമിയുടെ പ്രമാണമാണ് വ്യജരേഖ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല. കൃഷ്ണസ്വാമിക്ക് ഭൂമി കൈമാറ്റത്തിൽ പങ്കില്ല. ഭൂമി നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ല എന്ന വിശ്വാസത്തിലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയത്.
തന്റെ അമ്മയുടെ രണ്ട് ഏക്കർ ഭൂമിക്ക് മറ്റൊരാളിന് നികുതിയടച്ച് നൽകി എന്ന് അറിഞ്ഞതോടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. തഹസീൽദാരും ഡെപ്യൂട്ടി കളക്ടറും അന്വേഷണം നടത്തി നൽകിയ ആദ്യ റിപ്പോർട്ടുകളിൽ കർഷകൻ ഭൂമി വിറ്റു എന്നാണ് കണ്ടെത്തിയത്. എന്നാൽ റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യത്തിന് ഈ വ്യാഖ്യാനത്തിൽ സംശയം തോന്നി. അദ്ദേഹം, കർഷകന്റെ ആത്മഹത്യ അന്വേഷിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ച് ഒക്ടോബർ 23ന് ഉത്തരവിട്ടു. അവർ 2025 ഒക്ടോബർ 27ന് അട്ടപ്പാടിയിലെത്തി രണ്ട് ദിവസം അന്വേഷണം നടത്തി. അതോടെ വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കർഷകന്റെ ആത്മഹത്യ സംബന്ധിച്ച് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ സമർപ്പിച്ച റിപ്പോർട്ട് അട്ടപ്പാടിയിൽ അരങ്ങേറുന്ന ഭൂമികയേറ്റത്തിന്റെ വസ്തുതകളിലേക്കാണ് വെളിച്ചം വീശുന്നത്. ആദ്യം ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച റവന്യൂ ഉദ്യോഗസ്ഥർ കൃഷ്ണസ്വാമി ഭൂമി വിൽപ്പന നടത്തി എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. വിറ്റ ഭൂമിക്ക് കർഷകനായ കൃഷ്ണസ്വാമി നികുതിയടക്കാൻ വില്ലേജിൽ എത്തിയപ്പോൾ അടയ്ക്കാൻ കഴിയില്ലെന്ന് വില്ലേജ് ജീവനക്കാർ വ്യക്തമാക്കിയതോടെ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നായിരുന്നു വ്യാഖ്യാനം. അനു എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അട്ടപ്പാടി താലൂക്ക് ഓഫീസ്, അഗളി വില്ലേജ് ഓഫീസ്, അഗളി രജിസ്റ്റാർ ഓഫീസ് എന്നിവിടങ്ങളിലെ രേഖകൾ പരിശോധിച്ചു. അതോടെ കാര്യങ്ങൾ കീഴ്മേൽ മറഞ്ഞു.


കൃഷ്ണസ്വാമി തന്റെ അമ്മ വേലാത്താളിന്റെ പേരിലുള്ള ഭൂമിക്ക് തണ്ടപ്പേർ നമ്പർ ലഭിക്കുന്നതിന് 2025 ഒക്ടോബർ 15ന് അഗളി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അന്ന് വില്ലേജ് ഓഫീസർ ഉണ്ടായിരുന്നില്ല. വില്ലേജ് അസിസ്റ്റന്റ് കെ.വി മനീഷ് അപേക്ഷ കൈപ്പറ്റി. തുടർന്ന് റവന്യൂവിന്റെ എന്റെ കേരളം പോർട്ടലിൽ (റിലീസിൽ) വിവരങ്ങൾ പരിശോധിച്ചു. അഗളി സബ് രാജിസ്റ്റാർ ഓഫീസിലെ 2018ലെ ആധാര പ്രകാരം മുഹമ്മദ് മാഹിൻ അലി എന്ന ആളുടെ പേരിലാണ് ഭൂമിയെന്ന് കണ്ടെത്തി. മുൻ വില്ലേജ് ഓഫീസർ താലൂക്ക് ഓഫീസിൽ തണ്ടപ്പേർ അംഗീകാരത്തിനായി അപേക്ഷ നൽകിയത് പെൻഡിങ്ങിലാണ്. അതിനാൽ കൃഷ്ണസ്വാമിയുടെ മാതാവ് വേലാത്താളുടെ പേരിൽ ഭൂമിയില്ലെന്ന് രേഖപ്പെടുത്തി. അടുത്തദിവസം 16ന് കൃഷ്ണസ്വാമി വീണ്ടും എത്തി. അന്ന് വില്ലേജ് ഓഫീസർ ആര്‍.ആര്‍ മീറ്റിംഗ് സംബന്ധമായി പോയിരുന്നു. 20ന് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തു.
പ്രശ്നത്തിന് ആധാരമായ വസ്തു അഗളി വില്ലേജിലെ (സർവേ നമ്പർ 997/1) 2.96 ഏക്കർ ഭൂമിയാണ്. ഈ ഭൂമി കൃഷ്ണസ്വാമിയുടെ അമ്മ വേലാത്താളുടെ പേരിലുള്ളതാണ്. അഗളി വില്ലേജിലെ എആൻഡ് ബി രജിസ്റ്ററിലെ തണ്ടപ്പേർ പ്രകാരം 3.03ഏക്കർ (1.22 ഹെക്ടർ) ആദിവാസി പാഞ്ചന്റെ പേരിലായിരുന്നു. 1968ൽ പാഞ്ചൻ മണ്ണാർക്കാട് സബ് രിജിസ്ട്രാർ ഓഫീസിലെ ആധാര പ്രകാരം മലയാണ്ടി എന്ന ധർമ്മന് ഭൂമി വിറ്റു. 1973ല്‍ ഈ ഭൂമി വേലാത്താളിന് കൈമാറി. 1975ലെ അഗളി ലാൻഡ് ട്രൈബ്യൂണലിന്റെ ക്രയ സർട്ടിഫിക്കറ്റ് പ്രകാരം ഭൂമിയുടെ ജന്മം മുതലായ അവകാശങ്ങൾ വേലാത്താളുടെ പേരിൽ ലഭിച്ചു. 3.03 ഏക്കർ (1.2280ഹെക്ടർ) ഭൂമിക്കാണ് വേലത്താളിന് പട്ടയ അവകാശം അല്ലെങ്കിൽ ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചത്.
ഇപ്പോൾ അവരുടെ കൈവശമുള്ള ഭൂമിയുടെ അതിരുകൾ തന്നെയാണ് അതിൽ പറയുന്നത്. 1973ലെ ആധാര പ്രകാരം 1975ൽ ക്രയ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ഭൂമിയിൽ നിന്ന് 2000 ൽ രണ്ട് സെൻറും 2005 ൽ 5 സെന്റും വിൽപ്പന നടത്തിയിരുന്നു. ബാക്കി 2.96 ഏക്കർ (1.1998 ഹെക്ടർ) ഭൂമിക്ക് 2018 വരെ നികുതി അടച്ചിരുന്നത് വേലാത്താളുടെ പേരിലാണ്.
2025 ഒക്ടോബർ 15നാണ് കൃഷ്ണസ്വാമി തണ്ടപ്പേർ അക്കൗണ്ട് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ മാർജിനിൽ ആവശ്യമായ സ്ഥലം ഇല്ലെന്ന് 2018ലെ ആധാര പ്രകാരം മുഹമ്മദ് മാഹിൻ അലി എന്ന ആളുടെ പേരിൽ താലൂക്ക് ഓഫീസിൽ പെയിന്റിംഗ് ഉള്ളതാണെന്ന് രേഖപ്പെടുത്തി. അതേസമം, വില്ലേജ് ഓഫീസറെ കാണാൻ നിർദ്ദേശിച്ച് അപേക്ഷ 16 ന് കൃഷ്ണ സ്വാമിക്ക് മടക്കി കൊടുത്തു. രേഖകൾ പരിശോധിച്ചപ്പോൾ 25ലെ ആധാര പ്രകാരം വേലാത്താൾ മകന്റെ ഭാര്യ കമലത്തിന് കൈമാറിയ ഭൂമിക്ക് നാളിതുവരെ തണ്ടപ്പേർ നൽകിയിട്ടുമില്ല.


ഇവിടെ വില്ലനായത് 2018ലെ ആധാരമാണ്. ആധാരം പരിശോധിച്ചപ്പോൾ 983/2, 984, 997 എന്നീ സർവ്വേ നമ്പരുകളിലായി ആകെ 3.53ഏക്കർ (1.4291 ഹെക്ടർ) ഭൂമി ഒന്നായി കിടക്കുന്ന നിലയിൽ ഒരേ എലുകയ്ക്കുള്ളിൽ ആധാരം തയ്യാറാക്കിയിരിക്കുകയാണ്. ഈ ഭൂമി വിൽപ്പന നടത്തുന്നതിന് 1973, 1969,1971 മുൻ പ്രമാണങ്ങൾ ഹാജരാക്കി. അതിൽ 1973ലെ ആധാരം പരിശോധിച്ചപ്പോൾ അട്ടപ്പാടി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെടാത്ത തെങ്കര വില്ലേജിലേതാണ് ആ ഭൂമി. അഗളി വില്ലേജിലെ ഈ ഭൂമിയുമായി അതിന് യാതൊരു ബന്ധവുമില്ല.
2018ലെ ആധാരം രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ അധികാരികളും ആധാര ലൈസൻസിയും നിയമങ്ങളും ചട്ടങ്ങളും ഒന്നും പാലിച്ചില്ല. ആധാരം പരിശോധിക്കുന്നതിൽ അവർ കൃത്യവിലോപം വരുത്തി. അതെല്ലെങ്കിൽ തട്ടിപ്പിന് കൂട്ടുനിന്നു. 1908ലെ രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പ് 21 (1) 1958ലെ രജിസ്ട്രേഷൻ ചട്ടം 36 ഉം ലംഘിച്ചിട്ടാണ് ആധാരം രജിസ്റ്റർ ചെയ്തിരുന്നത്. അതിനാൽ ഈ ആധാരം അസാധുവാക്കുന്നതിന് നടപടി സ്വീകരിക്കാം.
ആധാരത്തിൽ പരാമർശിക്കുന്ന ഭൂമി സർവ്വേ നമ്പർ 997ൽ ഉൾപ്പെട്ടതാണ്. അതേസമയം അത് സർവീസ് 997/1 എന്ന നമ്പറിൽ ഉൾപ്പെട്ടതാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ 2021, 2023 വർഷങ്ങളിൽ മുഹമ്മദ് മാഹിൻ അലിക്ക് ഈ ആധാര പ്രകാരം 997/1എന്ന സർവ്വേ നമ്പരിൽ 2.02 ഏക്കറിന് (0.8177 ഹെക്ടർ) ഭൂമിക്ക് താൽക്കാലിക തണ്ടപ്പേരിൽ നികുതി അടച്ചുനൽകി.


അന്വേഷണത്തിലെ കണ്ടെത്തലുകൾ
ആധാരത്തിലെ വസ്തുവിവര പട്ടികയിൽ സർവ്വേ നമ്പർ 983/2, 984 എന്നിവ വില്ലേജ് ഓഫീസിലെ ആൻഡ് ബി രജിസ്റ്റർ പ്രകാരം ആദിവാസി ഭൂമിയാണ്. ഇതിൽ 984 സർവ്വേ നമ്പരിൽ അഞ്ചേക്കർ 27 സെന്റ് ഭൂമി ഉൾപ്പെട്ടിരുന്നു. ഈ ഭൂമി എങ്ങനെ കൈയേറി എന്ന് ആരും അന്വേഷിച്ചിട്ടില്ല. അത് അന്വേഷിക്കണമെന്ന് ആർക്കും തോന്നിയിട്ടില്ല. കാരണം അത് ആദിവാസി ഭൂമിയാണ്. ആർക്കും എപ്പോഴും കൈയേറാവുന്ന ഭൂമി എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. രേഖകൾ പരിശോധിച്ചതിൽ 2024 സെപ്റ്റംബർ 21 വില്ലേജ് ഓഫീസർ ആയിരുന്ന ഉഷകുമാരി മുഹമ്മദ് മാഹിൻ അലിയുടെ പേരിൽ സ്ഥിരമായ തണ്ടപ്പേർ നൽകുന്നതിന് എ ഫോറം തയ്യാറാക്കിയിരുന്നു. അതിലാകട്ടെ സർവേ നമ്പർ 983/2, 984, 997 എന്നീ സർവ്വേ നമ്പറിലെ ഭൂമി ഒന്നായി കിടക്കുകയാണ്. ഇത് ഒരേ എലികയ്ക്കുള്ളിൽ രേഖപ്പെടുത്തി ആധാരം തയാറാക്കി.
മൂന്ന് മുൻ പ്രമാണങ്ങളിലൂടെയാണ് മുഹമ്മദ് ബഷീറിന്റെ പേരിലേക്ക് ഭൂമി എത്തിയത്. അതിൽ 1973ലെ പ്രമാണത്തിലെ ഭൂമി തെങ്കര വില്ലേജിലേതാണ്. 997/1 എന്ന സർവ്വേ നമ്പരിൽ ഉൾപ്പെട്ട 3.03 ഏക്കർ (1.2280 ഹെക്ടർ) ഭൂമി കൂടി ചേർത്ത് തഹസീൽദാർ അപ്രൂവ് ചെയ്യുന്നതിനായി ശുപാർശ ചെയ്തു. തഹസീദാർ അത് അപ്രൂവ് ചെയ്തിരുന്നില്ല. അതേസമയം തഹസിൽദാർ വസ്തുതാപരമായ പിശക് കണ്ടെത്തി തിരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും തുടർനടപടികളും സ്വീകരിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ തഹസീൽദാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇക്കാര്യം മറച്ചുവെച്ച് വില്ലേജ് ഓഫീസറും ഈ അട്ടിമറി അനുകൂലിച്ചു എന്ന് വേണം എന്ന് വേണം കരുതാൻ. അല്ലെങ്കിൽ കൃത്യവിലോപം കാണിച്ചുവെന്ന് വിലയിരുത്താം.
204/2018 എന്ന ആധാരം തയ്യാറാക്കിയ ലൈസൻസിയും ആധാരം രജിസ്റ്റർ ചെയ്ത അവസരത്തിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ആധാരം പരിശോധിക്കുന്നതിൽ രജിസ്ട്രേഷൻ അധികാരികളും വീഴ്ച വരുത്തി. ഭൂമി വിൽക്കുകയും വാങ്ങുകയും ചെയ്ത വ്യക്തികളുടെ തിരിച്ചറിയൽ രേഖകളായി പരാമർശിച്ചത് പാൻകാർഡ് മാത്രമാണ്. ഭൂമി കൈമാറുന്നതിന് ആധാർ കാർഡ് അവർ ഉപയോഗിച്ചിട്ടില്ല. ഇത് കൃത്രിമം നടത്താൻ വേണ്ടി മനഃപൂർവ്വം ഗൂഢാലോചന നടത്തിയതിന് തെളിവാണ്. ഇത് സംശയമാണെന്ന് അന്വേഷണസംഘം രേഖപ്പെടുത്തി.


2000ലും 2005ലും വിറ്റത് കഴിച്ചാൽ ബാക്കി വരുന്ന 2.96 ഏക്കർ (1.1998 ഹെക്ടർ) സ്ഥലത്തിന് വേലാത്താളിനും കൃഷ്ണസ്വാമിയുടെ ഭാര്യയായ കമലത്തിന്റെ പേരിലും തണ്ടപ്പേര് സ്ഥിരമായി ലഭിക്കാൻ അർഹതയുണ്ട്. 2018 വരെ ഭൂനികുതി അടച്ചിരുന്നുവെങ്കിലും നാളിതുവരെ സ്ഥിരതണ്ടപ്പേർ നൽകിയിരുന്നില്ല. അഗളി വില്ലേജ് ഓഫിസിലെ മാനുവൽ, 1966ല പോക്ക് വരവ് ചട്ടങ്ങൾ എന്നിവ അഗളി വില്ലേജിൽ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. നിയമവിരുദ്ധമായി താൽക്കാലിക തണ്ടപ്പേരാണ് വില്ലേജിൽ നൽകിവരുന്നത്.
അഗളി സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഭൂമിയുടെ അടിസ്ഥാന രേഖകൾ ചട്ട പ്രകാരം പരിശോധിക്കുന്നില്ല. നിയമപ്രകാരമുള്ള ചട്ട പ്രകാരമുള്ള രജിസ്റ്ററുകൾ അലളി വില്ലേജ് ഓഫീസിലും സബ് രജിസ്റ്റർ ഓഫീസിലും സൂക്ഷിക്കുന്നില്ല.
നിയമാനുസൃതമുള്ള സെറ്റിൽമെന്റ് രജിസ്റ്ററോ, ബി.ടി രജിസ്റ്ററോ വില്ലേജിൽ സൂക്ഷിക്കുന്നില്ല. നിലവിൽ ലഭ്യമായ എ ആൻഡ് ബി രജിസ്റ്റർ ആധാരമാക്കിയാണ് വില്ലേജ് ഓഫീസിൽ ഇത് സംബന്ധിച്ച ജോലികൾ നടത്തുന്നത്. ഈ വില്ലേജിൽ ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിയമാനുസൃതമുള്ള പോക്ക് വരവ്, തണ്ടപ്പേർ എന്നിവയുടെ അഭാവത്തിൽ ജന്മിയുടെ കോളം ശരിയായി പൂരിപ്പിക്കാൻ കഴിയുന്നില്ല. സെറ്റിൽമെന്റ് ജന്മിയെ ചേർക്കുക മാത്രമേ നിർവാഹമുള്ളൂ എന്നത് കാരണം ഡിജിറ്റൽ സർവേ റിക്കാർഡ് നടപ്പാക്കുന്ന സമയത്ത് പൊതുജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും.
സംസ്ഥാനത്താകെ പോക്കുവരവിന് ചട്ടവും ഉണ്ടായിരിക്കെ ഈ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി തണ്ടപ്പേർ പിടിച്ചുവരുന്ന പ്രവർത്തി തികച്ചും തെറ്റാണ്. അട്ടപ്പാടിയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഭാവിയിലും തുടരുമെന്നാണ് ഇത് നൽകുന്ന സൂചന.
2024 സെപ്റ്റംബർ 21ന് ചുമതലയുണ്ടായിരുന്ന അഗളി വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും ഭാഗത്ത് നിന്നും കൃത്യവിലോപം ഉണ്ടായി. അതുപോലെ ആധാരം എഴുത്തുകരാനും രജിസ്ട്രേഷൻ അധികാരികളും വീഴ്ച വരുത്തി. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. അട്ടപ്പാടിയിലെ ആറ് വില്ലേജുകളിൽ നൽകിയിട്ടുള്ള മുഴുവൻ ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളുടെയും ഫയലുകൾ ഡിജിറ്റൽ ചെയ്യണം. റീസർവ്വേ നടന്ന കാലഘട്ടത്തിൽ തയ്യാറാക്കിയ എ ആൻഡ് ബി രജിസ്റ്ററുകൾ ഡിജിറ്റൽ ചെയ്യണം.
എ ആൻഡ് ബി രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദിവാസി ഭൂമിയുടെ കൃത്യമായ കണക്ക് തയ്യാറാക്കണം. ആദിവാസി ഭൂമി ഇനിയും അന്യാധീനപ്പെടാതിരിക്കുവാൻ വില്ലേജുകളിലെ എ ആൻഡ് ബി രജിസ്റ്റർ പരിശോധിച്ച് അവയിൽ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ മുഴുവൻ ഭൂമിയും കണ്ടെത്തണം. 1999 ലെ നിയമപ്രകാരം അർഹതപ്പെട്ടവരുടെ കൈവശം തന്നെയാണ് ഈ ഭൂമിയെന്ന് ഉറപ്പുവരുത്തണം.
അട്ടപ്പാടിയിലെ ഭൂമികളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി പരിഹരിക്കണം. അത് ഡിജിറ്റൽ റീസർവ്വേ നടക്കുന്നതിനോടൊപ്പം ചെയ്യുന്നതായിരിക്കും അഭികാമ്യമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.


ഡിജിറ്റൽ റീസർവേ നടന്നുവരുമ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഭൂമികളിൽ അതിർത്തിയില്ല എങ്കിലും ബന്ധപ്പെട്ട സർവേയർ നിലവിലുള്ള സർവ്വേ സ്കെച്ചിലെ സബ് ഡിവിഷൻ അതിർത്തി പ്രകാരം അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റൽ രേഖകളിൽ ഉൾപ്പെടുത്തി കൊടുക്കുന്നില്ല എങ്കിൽ ആദിവാസി ഭൂമി ഡിജിറ്റൽ സർവേക്ക് ശേഷം വീണ്ടും അന്യാധീനപ്പെടാൻ ഇടയാകും. അതിനാൽ ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദേശം ഡിജിറ്റൽ സർവീസ് ടീമിന് നൽകണം.
ഡിജിറ്റൽ സർവീസ് സമയത്ത് എ ആൻഡ് ബി രജിസ്റ്ററിൽ ആദിവാസി ഭൂമി എന്ന രേഖപ്പെടുത്തിയ ഭൂമിയിൽ നിന്ന് കൈമാറി കിട്ടിയതോ ആദിവാസിയുടെ പിന്തുടർച്ച അവകാശികൾ വഴിയോ ഉള്ള ഭൂമിയാണോ എന്നതും നിലവിലെ കൈവശക്കാരന്റെ മുൻപ്രമാണങ്ങൾ വ്യാജമല്ലെന്നും ഉറപ്പുവരുത്തണം. അതിനായി മുഴുവൻ അടിയാധാരങ്ങളും എന്റെ ഭൂമി പോർട്ടൽ ഡിജിറ്റൽ സർവേ ടീമിനെ കൊണ്ട് അപ്‌ലോഡ് ചെയ്യിപ്പിക്കുവാനുള്ള മാർഗനിർദേശം നൽകണം.
മുൻപ് ഭൂമി സംബന്ധമായ ധാരാളം കേസുകൾ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ, ഡിജിറ്റൽ സർവേയിൽ വ്യാജമായി നിർമ്മിച്ച പ്രമാണങ്ങളും കരമടച്ച രസീതുകളും ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താൻ ഇടയുണ്ട്. അതിനാൽ ബന്ധപ്പെട്ട ഭൂമിയുടെയും മുൻപ്രമാണങ്ങളും പട്ടയങ്ങളും കൈവശങ്ങളും പരിശോധിച്ചുകൊണ്ട് മാത്രം ഭൂമി സർവേ ചെയ്യണം. മിച്ചഭൂമിയുടെ പരിധിയിൽ വരുന്ന ഏതെങ്കിലും ഭൂമിയുടെ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ റിപ്പോർട്ട് ചെയ്യണം. ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഡിജിറ്റൽ സർവീ ടീമിന് കർശന നിർദ്ദേശം നൽകണം. ഇക്കാര്യങ്ങളുടെ മേൽനോട്ടത്തിന് ഭൂനിയമങ്ങളിൽ പ്രാവീണ്യമുള്ള റവന്യൂ ഡിവിഷണൽ ഓഫിസറെ ചുമതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥർ, തിരുവായ്ക്ക് എതിർവായ് ഇല്ല രീതിയിൽ രാജാക്കന്മാരെ പോലെയാണ് പ്രവർത്തിക്കുന്നത്. അട്ടപ്പാടിയിൽ അവരെ ചോദ്യം ചെയ്യാൻ ദരിദ്ര കർഷകർക്കോ ആദിവാസികൾക്കോ കഴിയില്ല. കാരണം റിപ്പോർട്ടുകളെല്ലാം തയ്യാറാക്കുന്നത് വില്ലേജ് ഓഫീസറോ, തഹസിൽദാരോ, സബ് രജിസ്റ്റാറോ ആണ്. അവരെല്ലാം ഒറ്റക്കെട്ടായി ഭൂമാഫിയ സംഘത്തെ സഹായിക്കുന്നു. കളക്ടർക്ക് പോലും ഇവരുടെ മുന്നിൽ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. സത്യം തിരിച്ചറിയാനും കഴിയാറില്ല. ഇവർ നിർമ്മിക്കുന്ന വ്യാജ രേഖകൾ സാധൂകരിക്കുന്നതായി റിപ്പോർട്ട് നൽകും. അതോടെ, നിസ്സഹായരായ മനുഷ്യർക്ക് ആത്മഹത്യയല്ലാതെ മുന്നിൽ മറ്റ് വഴികളില്ലാതെയാകുന്നു. കൃഷ്ണസ്വാമിയുടേത് ആത്മഹത്യല്ല മറിച്ച്, കൊലപാതകമാണെന്നാണ് ഈ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്.


ഇപ്പോഴത്തെ ഡിജിറ്റൽ സർവേ പൂർത്തിയാകുമ്പോൾ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കും. കാരണം വില്ലേജിലെ നികുതി രസീതിന്റെയും വ്യാജ ആധാരത്തിന്റെയും പിൻബലത്തിലാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. സെറ്റിൽമെന്റ് രജിസ്റ്റർ പരിശോധിക്കുന്നില്ല. 1962-64 കാലത്തെ സെറ്റിൽമെന്റ് (സർവേ റിപ്പോർട്ട്) രജിസ്റ്റർ അട്ടപ്പാടിയുടെ അടിസ്ഥാന രേഖയാണ്. അട്ടപ്പാടിയിൽ അരങ്ങേറുന്നത് ഭയാനകമായ ആദിവാസി ഭൂമി കൈയേറ്റം ആണെന്ന് നിരവധി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗക്കണമെന്ന റിപ്പോർട്ടിലെ ശിപാർശക്ക് നേരെ സർക്കാർ മുഖം തിരിക്കുകയാണ്. അന്വേഷണത്തിന് ഉത്തരവിടുന്നില്ല. കൃഷ്ണസ്വാമിയുടെ ആത്മഹത്യ അട്ടപ്പാടിയിൽ ഭരണകൂടത്തിന്റെ പരാജയമാണ് അടയാളപ്പെടുത്തുന്നത്. കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യാജരേഖ നിർമ്മിച്ച ഭൂമമാഫിയ സംഘമാണ്. അതിന് കൂട്ടുനിന്നവർ റവന്യൂ ഉദ്യോഗസ്ഥരാണ്. ഈ സിസ്റ്റത്തിന്റെ ഗുരുതര പിഴവ് തന്നെയാണ് കൃഷ്ണസ്വാമിയുടെ ആത്മഹത്യയ്ക്ക് കാരണം.

