കവിതയുടെ കണ്ണാടികൾ

ഏതൊരു ഭാഷയിലെയും ഏറ്റവും സൂക്ഷ്മമായ ആവിഷ്ക്കാര മാധ്യമമാണ് കവിത. ഭാഷയെയും ജീവിതത്തെയും നിരന്തരം നവീകരിക്കുന്ന കവിതകളിലൂടെ ഭാഷാഭേ​ദങ്ങൾ ആഘോഷിക്കുന്നതിനായും നിശബ്ദമാവുന്ന മൊഴികളെ വീണ്ടെടുക്കുന്നതിനായും യുനെസ്കോ മാ‍ർച്ച് 21 ലോക കവിതാദിനമായി ആചരിക്കുന്നു. കവിതയിലെ പുത്തൻ ചുവടുകളെ തിരിച്ചറിയാനും പിന്തുടരാനും വേണ്ടി ഒരു ദിനം. കവിതകൾ വായിച്ചും, അവതരിപ്പിച്ചും, ച‍ർച്ച ചെയ്തും ലോക കവിതാദിനത്തെ അർത്ഥവത്താക്കുന്നത് കാവ്യാസ്വാദകരാണ്. ഭാഷാതീതമായി തങ്ങളെ സ്വാധീനിച്ച ഏറെ പ്രിയപ്പെട്ട ഒരു കവിയെ സ്വന്തം ഭാഷയിൽ അടയാളപ്പെടുത്തുകയാണ് മലയാളത്തിലെ നവകവികൾ.

ഓരോ മൊഴിയും ഒരലയാണ്
ഡി അനിൽ കുമാർ

ഒരു തുറയക്കാരനാണ് ഞാൻ. തുറയക്കാരന് ലോകമെല്ലാം വേരുകളുണ്ട്. മാസിഡോണിയയും മഡ്ഗാസ്ക്കറും ഇസ്താംബുളും ഇലങ്കയും
അവന്റേതാണ്. ആദിമ തുറയരയന്മാർ പടുത്ത ചരിത്രം അവന്റേത് കൂടിയാണ്. ഇതൊന്നും എനിക്ക് അറിയുമായിരുന്നില്ല, ഡെറേക്ക് വാൾക്കോട്ടിനെ വായിക്കും വരെ. ചരിത്രം കടലിന്റേതാണെന്ന് വാൾക്കോട്ട് പറയുന്നു. സെയിന്റ് ലൂസിയയിലെ മണൽക്കാറ്റിൽ നിന്നായിരിക്കണം ഡെറേക്ക് വാൾക്കോട്ട് ലിപി കണ്ടെത്തിയത്.

കടലാണ് ചരിത്ര പ്രയാണങ്ങളുടെ പ്രഭവം. അലകളുടെ ഏറ്റിറക്കങ്ങളിലും തിരകളുടെ ചുഴിയിലും ചൊരുക്കിലും ആടിയുലഞ്ഞുയർന്ന ആദിമ യാനമാണ് വാൾക്കോട്ട്. കടലിന്റെ ആദിപ്പിറപ്പുകളിൽ നിന്ന് പുറപ്പെട്ട് ചരിത്രം സഞ്ചരിച്ചിടത്തോളം സഞ്ചരിച്ചെത്തിയ കവി. കടൽ ചരിത്രമാണെന്ന് (The sea is history) എഴുതുമ്പോൾ വാൾക്കോട്ട് തന്നെ തന്നെ മൊഴിമാറ്റി വയ്ക്കുന്നതു പോലെ തോന്നും. ഓരോ മൊഴിയും വാൾക്കോട്ടിന് അലയാണ്. അലകൾ കാറ്റിൽ ചുരുളഴിഞ്ഞു വിടരുന്നതാണ് വരികൾ.

ഡെറേക്ക് വാൾക്കോട്ട് കടപ്പാട് : thetimes.co.uk

ഡിഗ്രി പഠനത്തിന്റെ അവസാനത്തിലാണ് വാൾക്കോട്ടിനെ വായിച്ചു തുടങ്ങുന്നത്. Sea Grapes ലെ ചില കവിതകൾ. രാവുറക്കത്തിൽ കേൾക്കുന്ന കടൽപക്ഷിയുടെ അപരിചിതമായ കുരല് പോലെ തോന്നി അതിന്റെ വായനാ അടരിൽ. സത്യമായും എനിക്കറിയാവുന്ന ലോകമാണ് ഇത്. എന്നാൽ അവയ്ക്ക് ഇത്രമാത്രം സൗന്ദര്യം ഉണ്ടെന്നോ അനുഭവവിസ്താരമുണ്ടെന്നോ തോന്നിയിരുന്നില്ല.

കടൽക്കാറ്റ്, മീൻമുള്ള്, ദ്വീപുസമൂഹങ്ങൾ, തുറമണൽ, തുറയരയന്മാർ, കടൽമഴ, യാനങ്ങൾ, കടൽക്കാലത്തെ മുദ്രവച്ചു പറക്കുന്ന ദേശാടനപക്ഷികൾ, കത്തോലിക്ക വിശ്വാസത്തിന്റെ ആത്മീയ മാർഗങ്ങൾ. കവിതയുടെ സർവ തൂണും തുരുമ്പും കൈമുതലായി ഉള്ളപ്പോഴും കടലിനോടൊപ്പം സഞ്ചരിക്കുന്ന ഒരു കപ്പലോട്ടക്കാരന്റെ അല്ലെങ്കിൽ മുങ്ങാംകുഴിട്ടു പോകുന്ന അഞ്ചാളയുടെ അസ്തിത്വമാണ് വാൾക്കോട്ടിൽ എനിക്ക് ഏറെ പ്രിയമായത്.

ഡി. അനിൽ കുമാർ

കടലിനെ വൈവിധ്യമായി, സൂക്ഷ്മമായി, പ്രദേശപരതയിൽ കവിഞ്ഞ ലോകമായി, ചരിത്രത്തിന്റെ വിതാനമായി, ഭാഷയ്ക്കുപരിയുള്ള ദൃശ്യമായി, തുടരൊഴുക്കായി എങ്ങനെ കവിതയുടെ ഭാവപകർച്ചയിൽ കൊണ്ട് വരാമെന്ന് അറിഞ്ഞ കപ്പിത്താൻ. അനുഭവത്തിലൂന്നി അനുഭവത്തെ വെടിഞ്ഞ കലാവിഷ്‌കാരങ്ങളാണവ. ഭാവനയുടെ നിത്യകാമുകൻ, ചരിത്രാന്വേഷിയായ ഗവേഷകൻ, കരീബിയൻ സ്വത്വത്തെ അറിഞ്ഞ പ്രദേശവാശി. വാൾക്കോട്ടിന്റെ കവിതയിലെ ഫിഷർമെൻ പലമാതിരി ആഴങ്ങളുള്ള ഒരു കടലാണ്.

അതിപുരാതനവും ആധുനികവുമായ കഥ പറച്ചിലുകാരുടെ വാമൊഴിയിണക്കങ്ങളാണ് ഡെറേക്ക് വാൾക്കോട്ടിന്റെ മിക്ക കവിതകളും. കേൾവിക്കാരാണ് നമ്മൾ. വായനക്കാരെന്ന അധികാരി റദ്ദു ചെയ്യപ്പെടും. 10 ഖണ്ഡങ്ങൾ (chapters) ഉള്ള Tales of the Island ലും ദീർഘ കവിതയായ The sea is History ലും ഈ സ്വഭാവം കാണാം. പുതുവരവുകൾക്ക് കടൽചട്ടം പറഞ്ഞു കൊടുക്കുന്ന ഒരു കരീബിയൻ കടൽമൂപ്പനെ സങ്കല്പിക്കാറുണ്ട് ഞാൻ ഇതിലെല്ലാം.

ഡെറേക്ക് വാൾക്കോട്ട് . കടപ്പാട് : nybooks.com

ഓരോ കവിതകളും ആ മൂപ്പൻ പറയുന്ന കഥകളാണ്. ചോദ്യങ്ങൾ ഇല്ലാതെ അവധാനതയോടെ കേട്ടാൽ കപ്പലിനും യാനങ്ങൾക്കും ചാളത്തടിക്കും നീന്തൽ വശമാകുന്നതിനും മുൻപേ കടലിന് അഭിമുഖം നിന്ന ആദിമ ജീവിയിലേക്ക് വരെ നമുക്ക് എത്താം. വിജനമായ ദ്വീപുകളിൽ ഒറ്റയ്ക്ക് അലയുന്ന ഒരു ഭയാനകതയുടെ ചുഴിയിൽ വീഴാം.

ഡെറേക്ക് വാൾക്കോട്ട് കവിതകൾ

A Sea – chantey, A sea – change, The fishermen Rowing Homeward, Oceano Nox, Brise Marine, Islands, Sainte Lucie ഇതിലെല്ലാം ആദിമ അലയുടെ നനവ് ഉണ്ട്. നൊടി നേരം ആകാശത്തേക്ക് പോയി തിരിച്ചു പെയ്യുമെന്നല്ലാതെ ഒരു അലയും മാഞ്ഞിട്ടില്ല.

“The sea was only ritual”

കടൽ ഒരു ആചാരമായിരുന്നു എന്ന് വാൾക്കോട്ട് എഴുതുമ്പോൾ അത് എല്ലാ ആയുസ്സിന്റെയും ആചാരങ്ങളിലേക്ക് നീളാവുന്ന ഒരു താക്കോൽ വരിയാണ്. എല്ലാ ജീവന്റെയും എറ്റിമോളേജി. ആയുസ്സിന്റെ പുസ്തകമോ ചരിത്രത്തിന്റെ ചുരുൾ ചിത്രമോ ആകുമ്പോഴും കടലോളം പരുക്കൻ പ്രകൃതം ഈ ഭൂമിയിൽ മറ്റെന്തിനാണ് ?

“To a Sea which is Crueler than any word” എന്ന് വാൾക്കോട്ട്.

കമ്പംപിടിച്ചൊരാ പക്ഷിപ്പടുതിയിൽ
അഭിരാം എസ്

“I have to sip water after each word i speak “
– Marin Sorescu

അധികമൊന്നും പുറകിലല്ലാത്ത ഒരു സമയത്ത് എനിക്ക് ആകസ്മികതയുടെ ഇഴകളിൽ നിന്നും ഒരു പുസ്തകം കിട്ടി, ‘ദ ബ്രിഡ്ജ് ‘ ( The Bridge ) എന്ന കവിതാസമാഹാരം. മരിൻ സൊറെസ്ക്യു എന്ന റൊമേനിയൻ കവിയുടേത്. കവിതവായന എപ്പോഴും കമ്പങ്ങളുടെയും കമ്പനങ്ങളുടെയും രസവിതാനത്തിലേക്ക് എന്നെ ചുഴറ്റി എറിഞ്ഞിട്ടുണ്ട്. എന്നാൽ ഈ പുസ്തകം മറ്റൊരു രീതിയിലാണ് എന്നെ ബാധിച്ചത്.

ദ ബ്രിഡ്ജ്

മനസ്സിൽ മനസ്സ് കൊണ്ട് പെരുംകളികൾ ആടിത്തകർന്ന് തരിപ്പണം എണ്ണിയിരിക്കുമ്പോൾ എനിക്ക് ഓരോ വാക്കിന് ശേഷവും ഒരിറക്ക് വെള്ളം കുടിക്കേണ്ടതായ അവസ്ഥ വന്നുചേർന്നു. ചിതറിയ തരിപ്പണത്തിന് നടുവിൽ ഇരമ്പിത്തിറമ്പി നിൽക്കുന്ന വൈകാരികതയും എന്നെ കുഴമറിച്ചു. പതിനായിരം ചരടുകൾ, അതിന്റെ പതിനേഴായിരം കുരുക്കുകൾ..

ആകസ്മികതയുടെ ഇഴകളിൽ നിന്നും ഞാനപ്പോൾ മരിൻ സോറെസ്ക്യുവിന്റെ കവിത വായിച്ചു തുടങ്ങി. ‘ദ ബ്രിഡ്ജ് ‘ എന്ന സമാഹാരത്തിന് ഒരു പ്രത്യേകതയുണ്ട്.
ആശുപത്രി കിടക്കയിൽ കിടന്ന്, അഞ്ചാഴ്ച്ചയ്ക്ക് അപ്പുറം നിൽക്കുന്ന മരണത്തെ മുന്നിൽ കണ്ടുകൊണ്ട്, മരണത്തിന്റെ അന്ന് വരേയ്ക്കും എഴുതിയ കവിതകൾ അടങ്ങുന്ന സമാഹാരമാണ് ‘ദ ബ്രിഡ്ജ് ‘

മരിൻ സോറെസ്ക്യുവ് കടപ്പാട് : ziarulmetropolis.ro

അതിലൊരു കവിതയിൽ സൊറെസ്ക്യു പറയുന്നു :

” ഓരോ വാക്കിന് ശേഷവും എനിക്ക് ഒരിറക്ക് വെള്ളം കുടിക്കേണ്ടതായി വരുന്നു “

ഒരു വാക്ക് മുഴുമിപ്പിക്കുന്നതിനിടയിൽ തന്നെ എനിക്ക് ഒരിറക്ക് വെള്ളം കുടിക്കേണ്ടി വന്നിരുന്ന സമയം. സോറെസ്ക്യൂ സ്വാഭാവികമായും എന്നെ ബാധിച്ചു. രാശിച്ചീട്ടുകൾ മാറ്റിയും മറിച്ചും വാഴ്‌വിന്റെ ഗതിയറിയാൻ ശ്രമിക്കുന്ന പോലെ, പലേ കവിതകൾ മാറ്റിയും മറിച്ചും കശക്കിയും നമ്മൾ ഓരോ കാലത്ത് ഓരോ കവിതയിൽ ചെന്നു വീഴുന്നു. അവയുടെ ചിഹ്നങ്ങളിൽ മുഗ്ദ്ധരാകുന്നു.

ശേഷം സൊറെസ്ക്യുവിന്റെ കവിതകൾ പലതും തിരഞ്ഞു പിടിച്ചു ഞാൻ വായിച്ചു.

അഭിരാം എസ്

കവിതയോടുള്ള ഏറ്റവും സംശുദ്ധമായ ജീവിതസമീപനം മരിൻ സൊറെസ്ക്യുവിൽ കാണാം :

ജീവിതത്തിന്റെ നൂലിൽ പിരികൾ മുറുകി മുറുകി നിശബ്ദമാകുമ്പോൾ, അതിന്റെ തുഞ്ചത്തിരുന്ന് അയാൾ കവിത എഴുതുന്നു. ജീവിതത്തിന്റെ ഒടുക്കത്തെ മിടിപ്പ് വരേയ്ക്കും അയാൾ കവിത എഴുതുന്നു. അധികം വൈകാതെ താൻ മരിക്കും എന്ന കടുംപൊരുൾ അറിഞ്ഞിട്ടും അയാൾ കവിത എഴുതുന്നു.

അപ്പോൾ കവിത എന്താണ്. മൃത്യുഞ്ജയം എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ മരണത്തിലും പെരുത്ത ഒരു കമ്പം. മരിണത്തേക്കാൾ വലിയ ഒരു വിടുതൽ.
അങ്ങനെയൊക്കെ ആകാം..

മരിൻ സോറെസ്ക്യു കടപ്പാട് : static.wikia.nocookie.net

മരിൻ സോറെസ്ക്യു ജീവിതവും കവിതയും കൊണ്ട് എന്നിൽ നിക്ഷേപിച്ച അനുഭവം ചെറുതല്ല. ഒരു ചെറുകവിത എഴുതി ഞാനത് പകർത്താൻ നോക്കിയെങ്കിലും അതിൽ ഒതുങ്ങിയില്ല.

ഇന്ന് ലോക കവിതാദിനത്തിൽ ഞാൻ മരിൻ സൊറെസ്ക്യുവിനെ ഓർക്കുന്നു. ഓരോ വാക്കിന് ശേഷവും ഒരിറക്ക് വെള്ളം കുടിക്കേണ്ടി വരുന്ന സന്ദിഗ്ധതകളിൽ ഞാൻ മരിൻ സൊറെസ്ക്യുവിനെ ഓർക്കുന്നു..

മരിൻ സോറെസ്ക്യുവിന് സമർപ്പിച്ചെഴുതിയ ഒരു ചെറുകവിതയും ഇവിടെ ചേർക്കുന്നു.

പിന്നെ അയാൾ

മരണമെന്നെന്ന-
റിഞ്ഞതിൽ പിന്നെയാ
നോട്ടുബുക്കിൽ നിന്ന-
കന്നില്ലയാൾ

ഒടുവിലൊടുവി-
ലെന്നെണ്ണിയടുക്കിയ
വരികളൊക്കെയും
എഴുതുന്നയാൾ

കമ്പംപിടിച്ചൊരാ പക്ഷി-
പ്പടുതിയിൽ തെറ്റിപ്പറന്ന
പകൽ തിരയുന്നയാൾ

മധുരമില്ലാതെയിത്രനാൾ
മോന്തിയ കാപ്പിയിൽ
പഞ്ചാര കുമിയുന്നയാൾ

കുത്തിച്ചുമയ്ക്കുന്ന
കാരണം കൊണ്ടന്നുപേക്ഷിച്ച പൈപ്പിന്നു-
ണർത്തുന്നയാൾ

ഒരുകവിൾ നിറയെ
പുകയെ കുടുക്കിയി-
ട്ടിരുൾമേഘജാലം
പടർത്തുന്നയാൾ

കുളിരിൽ കുരുങ്ങാതെ
കടവിൽ പരുങ്ങാതെ
കുളമതിൽ നീന്തി
കുളിക്കുന്നയാൾ

രാവിരുൾത്താരയിൽ
ചിതറിത്തിളങ്ങുന്ന
അരിയതാരങ്ങളെ-
യെടുക്കുന്നയാൾ

പിന്നെയും നീളുന്ന
നോട്ടുബുക്കിൻ താളിൽ
അവകളെയൊട്ടി
ച്ചുറങ്ങുന്നയാൾ

മരണമെന്നെന്നറിഞ്ഞതിൽ
പിന്നെയാപ്പഴയ നിനവിലേ-
ക്കടുത്തില്ലയാൾ..

പേരില്ലാത്തവയുടെ കാവ്യഭാഷ
ആദി

എന്താണ് കവിത- എന്ന ചോദ്യത്തെ പല മട്ടിൽ നേരിടാവുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഭാഷയുടെ കാർക്കശ്യങ്ങളെയും കണിശതകളെയും മറികടക്കാൻ കെൽപ്പുള്ള രൂപമാണ് കവിത. അസ്ഥിരതയാണ് കവിതയുടെ സ്വഭാവം. സ്ഥിരവും സുനിശ്ചിതവുമായ അർത്ഥങ്ങളെ കവിത തല കീഴ്മറിക്കുന്നു. കവിത ഭാഷയോട് കലഹിക്കുന്നു, വ്യാകരണവിരുദ്ധമാകുന്നു.

കവിതയെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ഒട്ടും ഗുണപരമല്ലാത്ത ചില ചർച്ചകൾ ഈയിടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ‘പെണ്ണുങ്ങൾ മുല കൊണ്ടെഴുതുന്നു, ആണുങ്ങൾ തല കൊണ്ടും’ എന്ന പരാതിയും കേട്ടു. പെണ്ണുങ്ങളെഴുതുന്ന കവിത ശരീരകേന്ദ്രിതമാണെന്നും ചുറ്റും നടക്കുന്ന ‘വലിയ’ കാര്യങ്ങളൊന്നും കവിതയ്ക്ക് വിഷയമാകുന്നില്ലെന്നുമാണ് പ്രധാന വാദം. ഇവിടെയാണ്, ഓഡ്രി ലോർഡിന്റെ കവിതകളും രാഷ്ട്രീയവും ചർച്ചയാകേണ്ടത്.

ഓഡ്രി ലോർഡ് കടപ്പാട് : josunene.com

The First Cities (1968), Cables to Rage (1970), From a Land Where Other People Live (1973), New York Head Shop and Museum (1974), Coal (1976), The Black Unicorn (1978) തുടങ്ങിയ കൃതികളിലെല്ലാം ലോർഡിന്റെ രാഷ്ട്രീയ ബലമുള്ള കവിതകൾ കണ്ടെടുക്കാനാകും. ഹെറ്ററോ പാട്രിയാർക്കലായ ഒരു വ്യവസ്ഥയോടുള്ള ചരിത്രപരമായ രോഷത്തെ സർഗാത്മകമായി ലോർഡ് വിനിയോഗിക്കുന്നതിന്റെ അടയാളങ്ങൾ ഓരോ കവിതകളിലുമുണ്ട്. സ്വവർഗ്ഗഭീതിയുടെ കുറ്റം കറുത്തവർഗ്ഗക്കാരായ മനുഷ്യരിൽ ആരോപിക്കപ്പെടുമ്പോഴാണ് സ്വവർഗ്ഗാനുരാഗവും കറുപ്പും തമ്മിലുള്ള ഇടകലരലുകളെ വളരെ സൂക്ഷ്മമായി ലോർഡ് കവിതയിൽ രേഖപ്പെടുത്തുന്നത്.

ഓഡ്രി ലോർഡിന്റെ കവിതകൾ

യുക്ത്യധിഷ്ഠിതമായ ആൺലോകത്തോട് ഇടഞ്ഞ് ചിന്തയ്ക്ക് പകരം കാമനകളുടേതും (The erotic) ശരീരത്തിന്റേതുമായ ഒരു ബദൽ പാരമ്പര്യത്തെ ഓഡ്രി ലോർഡ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ദാർശനികനായ റെനേ ദക്കാർത്ത് ശരീരം-മനസ്സ് എന്ന ദ്വന്ദ്വത്തിൽ മനസ്സിന് ശരീരത്തിന് മേൽ പ്രാമാണികതയുണ്ടെന്ന് വാദിക്കുന്നുണ്ട്.

“ഞാൻ ചിന്തിക്കുന്നു,അതിനാൽ ഞാൻ ഉണ്ട്”എന്ന് ദക്കാർത്ത്. ‘ഞാൻ’എന്ന അഹമാണ് (Ego) ദക്കാർത്തിയൻ മനസ്സ്. വെളുത്ത അച്ഛന്മാർ പഠിപ്പിച്ച ഈ പാഠം ലോർഡ് തിരുത്തി എഴുതുന്നു; “ഞാൻ അനുഭവിക്കുന്നു, അതിനാൽ ഞാൻ വിമോചിക്കപ്പെടുന്നു”.

ഈ തിരുത്താണ് കവിതയുടെ ചരിത്രത്തിൽ ഓഡ്രി ലോർഡിനെ പ്രസക്തയാക്കുന്നത്. യുക്തിഭദ്രമെന്ന് തീർപ്പുകല്പിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്ത ഒരു പാരമ്പര്യത്തെ അപ്പാടെ ലോർഡ് പ്രതിസ്ഥാനത്ത് നിർത്തുന്നു. അനുഭവങ്ങളെ കേന്ദ്രത്തിൽ നിലനിർത്തിയാണ് ലോർഡിന്റെ കവിതയും രാഷ്ട്രീയവും മുന്നേറുന്നത്.

ആദി

എഴുതി തുടങ്ങുന്ന കാലം മുതൽക്കേ എഴുതുന്നതിനെല്ലാം എന്ത് മൂല്യമാണുള്ളതെന്ന് സ്വയം സംശയിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ഞാൻ ജീവിച്ച ജീവിതം കവിതയിൽ ഇടം പിടിക്കാൻ പോന്നതാണോ എന്ന ചോദ്യം ഉള്ളിലുണ്ടായിരുന്നു. ഭാഷ ഒരു വലിയ പരിമിതിയായിരുന്നു. ഭാഷ സദാ എന്റെ കാമനകളോട് മുഖം തിരിച്ചുനിന്നു. പിൽക്കാലത്ത്, അനുഭവങ്ങൾക്ക് ചരിത്രപരവും രാഷ്ട്രീയവുമായ ഉള്ളടക്കങ്ങളുണ്ടെന്ന് ഞാൻ പഠിച്ചു.

കവിതയുടെ രാഷ്ട്രീയത്തെപ്പറ്റിയുള്ള ആലോചനകളിൽ നിന്നാണ് ഓഡ്രി ലോർഡ് എന്റെ വായനകളിൽ ഇടം പിടിക്കുന്നത്. കവിതകൾ വായിച്ചല്ല, ഓഡ്രി ലോർഡ് എന്റെ പ്രിയപ്പെട്ട കവിയാകുന്നതെന്നും പറയാം. കവിതയെ കുറിച്ച് അവർ മുന്നോട്ട് വെയ്ക്കുന്ന ചില കാഴ്ച്ചപ്പാടുകളോട് പല സമയത്തും എനിക്ക് വലിയ മതിപ്പ് തോന്നിയിട്ടുണ്ട്.

ഓഡ്രി ലോർഡ് കടപ്പാട് : exberliner.com

വർണ്ണവെറിയിലൂന്നിയതും ഭിന്നവർഗ്ഗലൈംഗികമാനകവുമായ ഒരു വ്യവസ്ഥയോടുള്ള നിരന്തരമായ പ്രതിഷേധങ്ങൾ ഓഡ്രി ലോർഡിന്റെ എഴുത്തുകളിൽ കടന്നുവരുന്നുണ്ട്. ചരിത്രപരമായി തന്നെ അടിച്ചമർത്തപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം കവിതയെന്താണെന്ന കാതലായ ചോദ്യം അവർ ഉന്നയിക്കുന്നുണ്ട്.

“… poetry is not a luxury. It is a vital necessity of our existence. It forms the quality of the light within which we predicate our hopes and dreams toward survival and change, first made into language, then into idea, then into more tangible action. Poetry is the way we help give name to the nameless so it can be thought. The farthest horizons of our hopes and fears are cobbled by our poems, carved from the rock experiences of our daily lives.”

കവിതയും ജീവിതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഈ അന്വേഷണത്തിൽ സന്നിഹിതമാണ്. വംശീയവും പുരുഷാധിപത്യപരവുമായ അടിച്ചമർത്തലുകൾ നേരിടുന്ന കറുത്ത സ്ത്രീകൾക്ക് കവിത വലിയ സാധ്യതയാണ്.

“I have been woman
for a long time
beware my smile
I am treacherous with old magic
and the noon’s new fury
with all your wide futures
promised
I am
woman
and not white”-‌

ഒരു കറുത്തവർഗ്ഗക്കാരിയുടെ അനുഭവങ്ങൾ എത്ര ഭിന്നമാണെന്ന് ലോർഡ് തുറന്നുകാട്ടി. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വംശീയാഭിമുഖ്യത്തെ ഉടനീളം ലോർഡ് നിശിതമായി വിമർശിച്ചു.

ഓഡ്രി ലോർഡ്

ലോർഡ് എന്നെ ഭാഷയോട് കലഹിക്കാൻ പഠിപ്പിച്ചു. പേരില്ലാത്തിനെ പേരു ചൊല്ലി വിളിക്കാൻ കവിതയ്ക്കാകുന്നുവെന്ന് പഠിപ്പിച്ചു. കവിതയുടെ രാഷ്ട്രീയം ജീവിതത്തിന്റെ കൂടിയാണെന്ന് നിരന്തരം ഓർമ്മിപ്പിച്ചു. കണ്ണാടികളിൽ ഞാൻ അദൃശ്യനാക്കിയ ഒരിക്കലും സ്നേഹിക്കപ്പെടാത്ത കറുത്ത കുട്ടിയെ ലാളിക്കാൻ പഠിപ്പിച്ചു, കവിതയിലൂടെ പഴയ ലോകത്തോട് പുതിയ ഭാഷയിൽ സംസാരിക്കാനാകുമെന്നും.

മൺതരിയിൽ മഹാലോകം ചമക്കുന്ന കവിതകൾ
അമലു

കവിത വന്മരത്തെ ഒളിപ്പിച്ച ഒരു വിത്തുപോലെയാണെന്ന് ജാപ്പനീസ് ഹൈക്കു കവിതകൾ പറയുന്നു.

“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour”

എന്ന വില്യം ബ്ലെയ്ക്കിന്റെ വരികളെ ഓര്മപ്പെടുത്തും മട്ടിൽ ആഴമുള്ള ജീവിതദര്ശനങ്ങളെയും അനുഭവത്തെയും ഏതാനും വാക്കിൽ ആവിഷ്കരിക്കുകയാണ് ഹൈക്കു ചെയ്യുന്നത്.

കൊബായാഷി ഇസ്സ

ഭാഷയുടെ സവിശേഷമായ പ്രയോഗമാണ് കവിത എന്നിരിക്കെ ഹൈക്കുവിന്റെ സൗന്ദര്യലോകം ഭാഷയുടെ ഒതുക്കത്തിലും ചടുലതയിലും ആവിഷ്ക്കരിക്കപ്പെടുന്നു. ധ്യാനാത്മകമായി ഒന്നിനെ സമീപിക്കുവാനും ലാളിത്യത്തോടെ അതിനെ ആവിഷ്കരിക്കുവാനും കഴിയുക എന്നതാണ് ഹൈക്കുവിന്റെ തത്വം.

അതിവാചാലമാകാത്ത, ഒരു നേർരേഖാശൈലി, അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അനുഭൂതിലോകം. പ്രാണിലോകത്തെയും അതിലെ സൂക്ഷ്മചലനങ്ങളെയും ഭാഷയിൽ ആവിഷ്കരിക്കുക മാത്രമല്ല അതിന്റെ ചടുലതയെയും അനുഭവ പരിസരത്തെയും ധ്യാനാത്മകമായി ഭാഷയിലാക്കുകയാണ് ഹൈക്കു ചെയ്യുന്നത്.

ഇസ്സയുടെ ഹൈക്കുകളുടെ ഇംഗ്ലീഷ് വിവർത്തനം

കൊബായാഷി ഇസ്സയുടെ ഹൈക്കു കവിതകൾ ആവിഷ്കരിക്കുന്ന ലോകവും ഇത്തരത്തിൽ ധ്വന്യാത്മകമാണ്. സൂചകവും സൂചിതവും തമ്മിലുള്ള നേർബന്ധത്തെ സർഗാത്മകമായി മാറ്റിപ്പറയുന്ന, വരികൾ തമ്മിലുള്ള ബന്ധത്തെയും, ഒഴുക്കിനെയും പുനർനിർവചിക്കുന്ന എഴുത്തുശൈലിയാണ് ഇസ്സയുടേത്.

അതിവാചാലതയില്ലാതെ കാവ്യാനുഭം സൃഷ്ടിക്കുകയാണ് ഇസ്സയുടെ ശൈലി. ഹൈക്കു എന്ന ജാപ്പനീസ് കാവ്യസമ്പ്രദായത്തിലെ വൈവിധ്യത്തിന്റെ അടയാളമാണ് ഇസ്സയുടെ കവിതകൾ. അനുദിനജീവിതത്തോട് ഇണങ്ങി നിൽക്കുന്ന കവിതകളാണ് ഇസ്സയുടേത്. ഹൈക്കു പാരമ്പര്യത്തിലെ ശക്തമായ ആവിഷ്കാരങ്ങളാണ് അവ.

അമലു. കടപ്പാട് : നോബിൾ പീറ്റർ

നിത്യജീവിതത്തെ ചടുലമായി ചിത്രീകരിക്കുകയും സാമ്പ്രദായികമായ എഴുത്ത് രീതികളോട് കലഹിക്കുകയും, പുതിയൊരു ഭാവുകത്വം നിർമിക്കുകയും ചെയ്ത ഇസയുടെ ഹൈക്കു കവിതകൾ വാക്കുകളെയും ചിഹ്നങ്ങളെയും ചിത്രങ്ങളെയും ചേർത്തുവയ്ക്കുന്ന വൈവിധ്യപൂര്ണമായ കാവ്യപദ്ധതിയാണ്.

കവിത അതിവാചാലമാകാതെ അനുഭവങ്ങളെ സംവേദനം ചെയ്യാൻ പാകമായ ഒരു മാധ്യമമാണെന്നും അവയ്ക്ക് ധ്യാനാത്മകമായ ഒരു തലമുണ്ടെന്നും ഇസ്സ ഓർമപ്പെടുത്തുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 21, 2023 1:06 pm