Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“All I ask is that you step with me into the boundlessness where constancy,quietude and peace,infinite emptiness reign.And just imagine that in this infinite sonorous silence everywhere is an impenetrable darkness..” – Werckmeister Harmonies, Bela Tarr
മനുഷ്യൻ പ്രപഞ്ചത്തിലെ അതിനിസ്സാരകണങ്ങളിൽ ഒന്ന് മാത്രമാണ്. അധികാരങ്ങളിൽ നിയന്ത്രിക്കപ്പെടുന്ന യാതനാസപര്യയാണ് അവന്റെ ജീവിതം. ഈയിടെ അന്തരിച്ച ഹംഗേറിയൻ ചലച്ചിത്രകാരൻ ബെല താറിന്റെ ചലച്ചിത്രങ്ങൾ ഈ ദാർശനിക പ്രതിസന്ധിയുടെ ദൃശ്യവത്കരണമാണ്. അനിവാര്യമായ ഒരു പതനത്തിലേക്ക് കൂപ്പ് കുത്തുന്ന ക്ഷണിക പ്രത്യാശകളുടെ ഇരുൾ വെളിച്ചം പുരണ്ട ഫ്രെയിമുകൾ ബേല താറിന്റെ ചിത്രങ്ങളുടെ മുഖമുദ്രയാണ്. ഗ്രഹണകാലം എന്ന പോലെ കറുപ്പിനും വെളുപ്പിനും ഇടയിൽ ചാരം പോലെ, പുക മഞ്ഞുപോലെ, അന്തിമങ്ങൂഴം പോലെ അഴുകുന്ന കാലത്തെ ബേല താർ അടയാളപ്പെടുത്തുന്നു.
ട്യൂറിൻ ഹോഴ്‌സ് എന്ന ചിത്രത്തിൽ ആവർത്തിക്കുന്ന പശ്ചാത്തലഗീതം ഈ ഗ്രഹണകാലത്തിന്റെ സർവ ആതുരതകളും സംവഹിക്കുന്ന ആക്രന്തനമാണ്. ജീവിതം ജീവിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു എന്ന അറിവ്, നൂറ്റൊന്നാവർത്തിക്കേണ്ട ആ യാതനാപർവത്തിന്റെ വിഷാദഭാരം ആറ്റികുറുകി നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന സംഗീതം, ജീർണ്ണതയുടെ സങ്കീർത്തനം. ആഭിചാരം പോലെ അത് നമ്മെ ആവേശിക്കുന്നു.


ആധുനികത ജീർണ്ണിച്ച ഒരു തിമിംഗലമാണ് എന്ന് Werckmeister Harmonies എന്ന ചിത്രത്തിൽ ബേല താർ ദൃഷ്ടാന്തം ചെയ്യുന്നു. ഹംഗറിയിൽ ഒരു നഗരപ്രാന്തത്തിലാണ് ഈ കഥ നടക്കുന്നത്. മഞ്ഞില്ലെങ്കിലും മരം കോച്ചുന്ന തരം മരവിച്ച കാലാവസ്ഥ. ഈ തണുപ്പത്തും നൂറുകണക്കിനാളുകൾ പ്രധാന ചത്വരത്തിൽ കൂടി നിൽക്കുന്നുണ്ട്. ഒരു പടുകൂറ്റൻ തിമിംഗലത്തിന്റെ ജീർണ്ണ ജഡമാണ് ഈ ആൾക്കൂട്ടത്തിന്റെ കൗതുകത്തിന് ആധാരം. എല്ലായിടത്ത് നിന്നും ജനങ്ങൾ അവിടെ കൂടുന്നു. അയൽ പ്രദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ വിദൂര പ്രാന്തങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നു. അവർ നിശബ്ദം ഈ ജീർണ്ണതയെ വിടാതെ പിന്തുടരുന്നു, ഒട്ടി നിൽക്കുന്നു. ഈ അപരിചിതവും വിഭ്രാന്തവുമായ പരിതസ്ഥിതിയിൽ പുറനാടുകളിൽ നിന്നും കൂടി ആളുകൾ എത്തി തുടങ്ങുമ്പോൾ അവിടെ ഒരു കലാപത്തിന് നാന്ദി കുറിക്കപ്പെടുന്നു. സന്ദർഭത്തിന്റെ ആനുകൂല്യം മുതലെടുക്കാൻ പല ശ്രേണികളിലുള്ള അധികാരികൾ ശ്രമിക്കുന്നു. ഒരു രക്ഷകൻ അഥവാ രാജാവ് ഈ നാടകീയ സന്ദർഭത്തിനൊടുവിൽ പ്രത്യക്ഷപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുഖമില്ലാത്ത ഈ രക്ഷകൻ ഈ പരിതസ്ഥിതി കൂടുതൽ വഷളാക്കുന്ന സാന്നിധ്യമാണ്. ഇവിടെ തിമിംഗലം ദൈവമഹത്വത്തിന്റെ അത്ഭുത ദൃഷ്ടാന്തം എന്ന നിലയിലും പ്രപഞ്ചത്തിന്റെ മനുഷ്യാതീതമായ ഗഭീരത എന്ന നിലയിലും സോവിയറ്റ് യൂണിയൻ എന്ന ഭീമൻ സ്വപ്നത്തിന്റെ പതനം എന്ന നിലയിലും വായിക്കപ്പെട്ടിട്ടുണ്ട്. അധികാരത്തെ സംബന്ധിച്ച ബെല താറിന്റെ സങ്കീർണ്ണ നിലപാടുകൾ ഈ രൂപകം വ്യക്തമാക്കുന്നുണ്ട്.
ഒരു മധുശാലയിലാണ് ഈ ചിത്രം ആരംഭിക്കുന്നത്. സമയം തീരാറായി എന്ന് ഉടമസ്ഥൻ ഓർമ്മപ്പെടുത്തുന്നു. സമയത്തിന് മീതെയുള്ള മനുഷ്യന്റെ പരിധികൾ ആദ്യമേ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ആദ്യ രംഗത്തിൽ വലുഷ്ക എന്ന പോസ്റ്റുമാന്റെ വരവിന് മുൻപേ അയാൾക്ക് നടന്നുകയറാനുള്ള മധുശാല എന്ന അന്തരീക്ഷം സംവിധായകൻ ഉറപ്പിക്കുന്നു. നിങ്ങൾ വരും മുമ്പ് ജീവിതം ഉണ്ടായിരുന്നു. നിങ്ങൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കെ ജീവിതം എന്തെന്ന് നിങ്ങൾ അറിയണം എന്നില്ല. നിങ്ങൾക്ക് ശേഷവും ജീവിതം ഉണ്ടായിരിക്കും. അത്രമേൽ നിസ്സാരമാണ് മനുഷ്യജീവിതം എന്ന് ഈ രംഗം ഓർമ്മപ്പെടുത്തുന്നുണ്ട്. വലുഷ്ക, കാലം എന്ന ഈ നിതാന്ത അന്തരീക്ഷത്തിലേക്കാണ് കടന്നുവരുന്നത്. വലുഷ്‌കയുടെ രംഗാവതരണത്തിന് അവിടം സാക്ഷിയാവുന്നു. അയാൾ പ്രപഞ്ചത്തിന്റെ ചലനങ്ങളെ പ്രതിയുള്ള ദാർശനിക വിചാരം അവിടെ കൂടിയ മദ്യപരെ പങ്കാളികളാക്കി അവതരിപ്പിക്കുന്നു. ഇവിടെ ചലനങ്ങൾ നിർണ്ണയിക്കുന്നത് പ്രപഞ്ചത്തിന്റെ ബലങ്ങളാണ്. ആദ്യം ഒന്നോ രണ്ടോ പേരിൽ തുടങ്ങി പിന്നീട് അവിടെ കൂടി നിൽക്കുന്ന മനുഷ്യ ലോകത്തെ ആകമാനം ഉൾച്ചേർത്ത് ഈ പ്രപഞ്ചചലനം സംക്രമിക്കുന്നു. മദ്യശാലയുടെ ഉടമസ്ഥൻ സമയം കഴിഞ്ഞു എന്ന് ഓർമ്മപ്പെടുത്തുന്നു. എല്ലാവരും പിൻവാങ്ങുന്നു. മനുഷ്യൻ വരും മുൻപേ ഉണ്ടായിരുന്ന ഒരു വഴിയമ്പലമാണ് കാലം. അവിടേക്ക് അയാൾ കുറച്ചു മാത്രം കയറി നിൽക്കുന്നു. തന്റെ ഭാഗം അവതരിപ്പിക്കുന്നു. സമയം കഴിയുമ്പോൾ പിൻമടങ്ങുന്നു. അധികാരവും അസ്തിത്വവും തമ്മിലുള്ള ഈ ദാർശനിക വിചാരണകളാണ് ബേല താറിന്റെ വൈരുദ്ധ്യാത്മകദർശനം നിർണയിക്കുന്ന ഒരു ഘടകം.


നമ്മെ പോലുള്ള സാധാരണ മനുഷ്യരെ സംബന്ധിച്ച് എന്താണ് ശാശ്വതമായത് എന്ന് വലുഷ്ക ചോദിക്കുന്നുണ്ട്. ഹംഗറിയിലെ സാധാരണ മനുഷ്യരുടെ ജീവിതയാഥാർത്ഥ്യങ്ങൾ രേഖീയതയുടെ ചരിത്രകാലത്തിനപ്പുറം പ്രസക്തമാണെന്ന് ബെലാ താർ വിശ്വസിച്ചു. ട്യൂറിൻ ഹോഴ്‌സ് എന്ന ചിത്രത്തിലെ ആമുഖ പ്രസ്താവം ഓർക്കുക. നീത്ഷേയുടെ ജീവചരിത്രത്തിലെ ഒരു ഏടിലാണ് പ്രസ്താവം തുടങ്ങുന്നത്. നീത്ഷെ ജീവിതാന്ത്യകാലത്ത് ഒരിക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ വഴിയിൽ വെകിളി പിടിച്ച ഒരു കുതിരയേയും അതിനെ ചാട്ടവാറിന് അടിക്കുന്ന കുതിരക്കാരനെയും കാണുന്നു. കുതിരയുടെ യാതന കണ്ട് സഹിക്കാനാവാതെ നീത്‌ഷെ അതിനെ കെട്ടിപ്പിടിച്ച് കരയുന്നു. തുടർന്ന് ഏതാനും നാളുകൾക്കുള്ളിൽ നീത്‌ഷെയുടെ സമനില തെറ്റുന്നു. പക്ഷേ ട്യൂറിനിലെ ആ കുതിരയ്ക്ക് എന്ത് സംഭവിച്ചു, കുതിരക്കാരന് എന്ത് സംഭവിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ഈ രേഖപ്പെടുത്താത്ത ചരിത്രത്തിന്റെ ദിനസരി കുറിപ്പുകളാണ് ട്യൂറിൻ ഹോഴ്‌സ് എന്ന ചിത്രത്തിന് ആധാരം.


Werckmeister Harmonies എന്ന ചിത്രത്തിൽ രാഷ്ട്രീയമായ അസന്തുലിതാവസ്ഥ അടിത്തട്ടിലെ ജനതയുടെ നിത്യനിദാനങ്ങളെ എപ്രകാരം ബാധിക്കുന്നു എന്ന് ചിത്രീകരിക്കുന്നു. നഗരം പുകയുമ്പോഴും തന്റെ തൊഴിലിൽ തുടരുന്ന പോസ്റ്റുമാൻ ഹോട്ടൽ തൊഴിലാളികൾ, മരം വെട്ടുന്ന മനുഷ്യൻ ഇവരെല്ലാം ട്യൂറിൻ ഹോഴ്‌സിലെ കുതിരക്കാരനെയും മകളെയും പോലെ ജീവിതം എന്ന നിത്യനരകം തുടരാൻ വിധിക്കപ്പെട്ടവരാണ്. ഇത്തരത്തിൽ പ്രപഞ്ചത്തിന്റെ നിയമങ്ങളിലും ഭരണകൂട നിയമങ്ങളിലും നിതാന്തമായി കെട്ടപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതായോധനങ്ങളാണ് ബേല താർ സിനിമകളുടെ ദാർശനികത നിർണ്ണയിക്കുന്നത്. കുതിരയ്ക്കൊപ്പം കാണിയും അന്ത്യവിധിയിലേക്ക് നടന്നുനീങ്ങുന്നു. മരണത്തിലേക്കുള്ള മങ്ങി അണയുന്ന ഒരു യാത്ര. അവിടേയ്ക്ക് എത്തും വരെ പഴകേണ്ടുന്ന ഈ അനിശ്ചിതമായ കാത്തിരിപ്പ്. മനുഷ്യാസ്തിത്വത്തിന്റെ നിതാന്തമായ ഈ പ്രതിസന്ധി ബേല താർ ഫ്രെയിമുകളിൽ നീട്ടി നീട്ടി എഴുതുന്നു. ദൈവം, ശാസ്ത്രം, രാഷ്ട്രീയം ഇങ്ങനെയുള്ള പ്രതീക്ഷകൾ ജീർണ്ണിച്ചഴുകിയ ഒരു കാലത്ത് ജീവിച്ചിരിക്കുക എന്നതാണ്, ഈ കല്ലുരുട്ടൽ എന്നത് മാത്രമാണ് മനുഷ്യജീവിതം എന്ന് ബേല താറിന്റെ ഫ്രെയിമുകൾ പറഞ്ഞുവയ്ക്കുന്നു.

