കർണ്ണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് എദ്ദേളു കർണ്ണാടക മൂവ്മെന്റ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. പരിഭാഷ: സിസിലി
കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർഷകരെ ബലി കഴിക്കുന്നു.
അവരുടെ വാഗ്ദാനം:
സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തതുപോലെ കർഷകർക്ക് കാർഷികോല്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് അവർക്ക് ചെലവായതിന്റെ, ചുരുങ്ങിയത് ഒന്നര ഇരട്ടിയെങ്കിലും ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും.
2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും. ഓരോ കർഷക കുടുംബത്തിനും ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
അവർ ചെയ്തത് :
ഒരു വാഗ്ദാനവും അവർ നിറവേറ്റിയില്ല.
പകരം, ഭരണത്തിലേക്ക് തിരിച്ചുകയറി ആറുമാസം കഴിഞ്ഞപ്പോൾ, ബി.ജെ.പി നയിക്കുന്ന മോദി സർക്കാർ സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുന്നത് പ്രാവർത്തികമല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു.
സർക്കാർ വാർഷിക കൃഷി ബജറ്റ് വിനിയോഗം 30 ശതമാനം കുറച്ചു.
കേന്ദ്ര സർക്കാർ കൃഷി സബ്സിഡികളിൽ നടത്തിയ വെട്ടിക്കുറയ്ക്കലുകൾ മൂലം വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, ഡീസൽ തുടങ്ങിയ മറ്റു കൃഷിസംബന്ധമായ സാധനങ്ങളുടെ വിലകളിൽ വർദ്ധനവുണ്ടായി.
സർക്കാർ ക്രമേണ ഫണ്ടുകൾ വെട്ടിക്കുറക്കുകയും ക്രമാനുഗതമായി തൊഴിലുറപ്പ് പദ്ധതിയുടെ അടിത്തറ തോണ്ടുകയുമാണ് ചെയ്യുന്നത്. 2.72 ലക്ഷം കോടിയാണ് പദ്ധതിക്ക് വേണ്ടിവരുന്ന വാർഷിക ചെലവെങ്കിൽ 2023-24 ബഡ്ജറ്റിൽ വെറും 73,000 കോടി മാത്രമാണ് വകയിരുത്തിയത്. ഇത് യഥാർത്ഥ ചെലവിന്റെ ഒരു അംശം മാത്രമാണ് .
കർഷകരുടെ കടങ്ങൾ തള്ളപ്പെട്ടില്ല. രാജ്യത്തെ എല്ലാ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളാൻ ആകെ വേണ്ടത് 5 ലക്ഷം കോടി രൂപയാണ്. എങ്കിലും ഫണ്ടുകൾ ഇല്ലാത്തതിനാൽ ഇത് സാധ്യമല്ല എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഇതേ കാലയളവിൽ കോർപ്പറേറ്റ് കമ്പനികളുടെ കടങ്ങൾ -ഏകദേശം 30 ലക്ഷം കോടിയുടേത് – എഴുതിത്തള്ളുകയുണ്ടായി.
കർഷക കുടുംബങ്ങളുടെ കടങ്ങൾ 30 ശതമാനം വർദ്ധിച്ചു. അവർ കടത്തിന്റെ ദൂഷിതവലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
കേന്ദ്ര സർക്കാർ ‘ദേശീയ ദുരിതാശ്വാസ റിലീഫ് ഫണ്ടും’ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം, വരൾച്ച അല്ലെങ്കിൽ സമാനമായ ദുരിതങ്ങളിൽ വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് സഹായം ഒന്നും തന്നെ നൽകിയിട്ടില്ല. പകരം കർഷകരെ വിള ഇൻഷുർ ചെയ്യുന്നതിലേക്ക് തള്ളിവിടുകയാണ്. കാർഷിക വിള ഇൻഷുറൻസ് പൂർണമായും സ്വകാര്യ കമ്പനികളുടെ കൈകളിലാണ്. ഇത് കർഷകരെ കൂടുതൽ ചൂഷണത്തിലേക്ക് നയിക്കും.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 10 വർഷത്തിനിടയിൽ 1,74,000 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനർത്ഥം ഓരോ ദിവസവും ജീവിതത്തിന്റെ കാഠിന്യം താങ്ങാനാവാതെ ശരാശരി 30 കർഷകരാണ് മരണത്തിൽ അഭയം പ്രാപിക്കുന്നത് എന്നാണ്.
കാർഷികവിളകളുടെ വളരെ താഴ്ന്ന വിലനിലവാരം, ഗ്രാമങ്ങളിലെ തൊഴിൽ രാഹിത്യം, കടങ്ങൾ വീട്ടുവാൻ മറ്റ് മാർഗങ്ങൾ ഇല്ലാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കർഷകകുടിയേറ്റം തീവ്രമായിക്കൊണ്ടിരിക്കുകയാണ്. 2016-2023 വരെയുള്ള ആറുവർഷത്തെ കാലയളവിൽ നാല് കോടി ജനങ്ങളാണ് ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്.
മൂന്ന് കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
അധാർമികമായ ഭേദഗതി നിയമങ്ങളിലൂടെ സർക്കാർ കർഷകരെ സഹായിക്കാനായി രൂപംകൊടുത്ത കാർഷികോല്പന്ന വിപണി കമ്മിറ്റികൾ (Agricultural Produce Marketing Committees-APMC’s), അടച്ചുപൂട്ടുകയാണ്.
ഭൂമി നിയമത്തിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് കർഷകരുടെ നിലങ്ങൾ എളുപ്പം കൈവശപ്പെടുത്താൻ കമ്പനികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നു.
സർക്കാരിൻറെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടും കർഷകർ ദില്ലിയുടെ തെരുവീഥികളിൽ ഒരു വർഷത്തിലേറെ കാലം വിട്ടുവീഴ്ചയില്ലാതെ പ്രതിഷേധിച്ചു. തീവ്രവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ പ്രതിഷേധങ്ങളായിരുന്നു ഇത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ പോരാട്ടത്തിനിടെ സ്ത്രീ കർഷകർ ഉൾപ്പെടെ 752 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമാധാനപരമായ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ബി.ജെ.പി എംപിയായ അജയ് മിശ്ര തേനിയുടെ മകൻ മനഃപൂർവ്വം വാഹനമോടിച്ചു കയറ്റിയതിന്റെ ഫലമായി എട്ട് കർഷകർക്ക് ജീവൻ നഷ്ടമായി. കരുതിക്കൂട്ടി നടത്തിയ ഈ കൃത്യം നടന്നത് എല്ലാവരുടെയും കൺമുന്നിൽ വച്ചായിരുന്നുവെങ്കിലും അജയ് മിശ്ര മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെടുകയോ അയാൾക്കെതിരെ കർശനമായ നടപടികൾ എടുക്കുകയോ ഉണ്ടായില്ല. കർഷകരെ ഭയപ്പെടുത്താനും ചിതറിക്കാനുമായി മറ്റ് പലതരത്തിലുള്ള കപടതന്ത്രങ്ങളും കൃത്രിമോപായങ്ങളും പ്രയോഗിക്കപ്പെട്ടുവെങ്കിലും അവർ വ്യതിചലിച്ചില്ല. പിന്നീട് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദി പെട്ടെന്ന് ടി.വി സ്ക്രീനിൽ പ്രത്യക്ഷനായി, കർഷകരോട് മാപ്പ് അപേക്ഷിച്ചു. മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും കർഷകരുടെ മറ്റ് ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനവും നൽകി. കേന്ദ്ര സർക്കാർ രേഖാമൂലമുള്ള ഉറപ്പുനൽകിയതിനെത്തുടർന്ന് കർഷകർ അവരുടെ ഗൃഹങ്ങളിലേയ്ക്ക് മടങ്ങി. അതിനുശേഷം ഒരു വർഷം കഴിഞ്ഞുവെങ്കിലും മോദി സർക്കാർ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ ഇതുവരെ കാണിച്ചിട്ടില്ല. ഇന്ത്യൻ കർഷകരെ മോദി സർക്കാർ വഞ്ചിക്കുകയാണുണ്ടായത്.
ഇതിൻറെ കാരണങ്ങൾ എന്തെല്ലാമാണ്?
കാരണം വ്യക്തമാണ്, കർഷകരെ അവരുടെ നിലങ്ങളിൽ നിന്നും പുറത്താക്കാനും അവരിൽ നിന്നും ഭൂമിക്കുമേലുള്ള അവകാശം എടുത്തുമാറ്റി അവരുടെ കൃഷിയിടങ്ങളും ഉത്പന്നങ്ങളും കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനും സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
അദാനിയും അംബാനിയും കാർഷികരംഗത്ത് കാര്യമായി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കർഷകർ ഉപയോഗിക്കുന്ന വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ, ട്രാക്ടറുകൾ, ഉഴവു യന്ത്രങ്ങൾ, മറ്റ് കാർഷികോപകരണങ്ങൾ എന്നിവയുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. ഇനി അവരുടെ ശ്രദ്ധ കർഷകരുടെ നിലങ്ങളിലും വിളകളിലുമാണ്. അതിനാൽ APMC ആക്ട്, Land Acquisition Act, Land Leasing Act എന്നീ നിയമങ്ങളിൽ ഭേദഗതി വരുത്താൻ അവർ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
ഒന്നുകിൽ കർഷകരുടെ നിലം കൈവശപ്പെടുത്തുക അല്ലെങ്കിൽ അവർ കൃഷി ചെയ്തുണ്ടാക്കുന്ന വിളവുകളെ നിയന്ത്രിക്കുക, പ്രാഥമിക വിളകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുക, കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന വിലയ്ക്ക് വിളകൾ നേരിട്ട് അവർക്ക് നൽകുക ഇതാണ് കോർപ്പറേറ്റുകളുടെ നിലപാട്. കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ എല്ലാവിധത്തിലും കോർപ്പറേറ്റുകളെ പിന്താങ്ങുകയാണ്. കൃഷിയെയും കർഷക സമൂഹത്തെയും ദുർബലപ്പെടുത്താനായി കമ്പനികളുടെ അജണ്ടകളുമായി പൊരുത്തപ്പെടുകയാണ് സർക്കാർ ചെയ്യുന്നത്.
തങ്ങളുടെ ജീവനും ജീവിതവൃത്തിയും സംരക്ഷിക്കാനായി, രാജ്യത്തുടനീളമുള്ള കർഷക സംഘടനകൾ ഒരു ജീവൻ മരണ പോരാട്ടത്തിൽ ഐക്യപ്പെട്ടിരിക്കുകയാണ്. മോദി സർക്കാർ കർഷകരെ തീവ്രവാദികളായി കണക്കാക്കുകയും അവരുടെ പോരാട്ടത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് അവരിൽ ഭയം ജനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഈ പോരാട്ടം വിജയിച്ചാൽ മാത്രമേ കർഷക സമൂഹം അതിജീവിക്കുകയുള്ളൂ. അല്ലെങ്കിൽ, അവർ അരികുവൽകരിക്കപ്പെട്ട നിരാലംബരായ തൊഴിലാളികളായി തീരും