സാറാ ജോസഫിന്റെ ‘ബുധിനി’ എന്ന നോവലിലെ നായികയും 1959ൽ ജാര്ഖണ്ഡിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരില് ഊരില് നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ബുധിനി (80) അന്തരിച്ചു. വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന, ചരിത്രവും ഫിക്ഷനും സംയോജിക്കുന്ന ഈ നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബുധിനിയെക്കുറിച്ചുള്ള ഓർമ്മകൾ സാറാ ജോസഫ് പങ്കുവയ്ക്കുന്നു.
ഞാനെന്റെ നോവലിൽ തന്നെ എഴുതിയിട്ടുണ്ട്, ‘രാഷ്ട്ര നിർമ്മാണത്തിൽ പൊട്ടിപ്പോയ ഒരു മൺകട്ടയല്ല ബുധിനി’ എന്ന്. നമ്മുടെ വികസനത്തിന്റെ ചരിത്രത്തിൽ പുറത്താക്കപ്പെട്ട ആദിവാസികളുടെയും ഗോത്രവർഗ വിഭാഗങ്ങളുടെയും ദരിദ്രകർഷകരുടെയും ഭൂരഹിതരുടെയും അതേപോലെതന്നെ നശിപ്പിക്കപ്പെട്ട ഭൂമിയുടെയും പ്രതിനിധിയാണ് ബുധിനി. ഒരു വ്യക്തി എന്നുള്ളതിനേക്കാൾ അവർ ഒരു പ്രാതിനിധ്യമാണ്. ആ പ്രാതിനിധ്യത്തിന് സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെയാണ് ബുധനിയിലൂടെ വായിക്കാനും അപഗ്രഥിക്കാനും സാധിക്കുന്നത്. ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്ന വികസനത്തിന്റെ ഇരകളാണവർ. ആ രാഷ്ട്രീയമാണ് നോവലിന്റെ കേന്ദ്രവും.
15 വയസ്സുള്ളപ്പോൾ ഒരു ഡാം ഉദ്ഘാടനം ചെയ്യാൻ വന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ആ ഡാം നിർമ്മിച്ച കോർപ്പറേഷന്റെ ആവശ്യപ്രകാരം അവിടുത്തെ തൊഴിലാളി സ്ത്രീയായ ബുധിനി മാലയിടുന്നു. ഒരു നല്ല ഫോട്ടോ പത്രത്തിൽ വരുന്നു. അതിനുശേഷം ബുധിനിക്ക് എന്ത് സംഭവിച്ചു എന്ന് നമ്മൾ അറിയുന്നില്ല. ഇതുതന്നെയാണ് ഇവിടുത്തെ ആദിവാസികൾക്കും ഗോത്ര വിഭാഗങ്ങൾക്കും സംഭവിക്കുന്നത്. നമ്മുടെ മധുവിന്റെ കാര്യം തന്നെ ആലോചിക്കാം. ഫോട്ടോകൾ ആയിട്ടാണ് മധു നിറഞ്ഞുനിൽക്കുന്നത്, പരിഹാരമായിട്ടല്ല. മധുവിന്റെ ഫോട്ടോകൾ ഒരു ഓർമ്മ പുതുക്കൽ എന്നപോലെ പത്രത്തിൽ വരുന്നത് ആവർത്തിച്ചുകൊണ്ടേയിരിക്കുക്കയാണ്. എന്നാൽ ആ വിഷയത്തിന് ഒരു പരിഹാരം ആരുടെ ചിന്തയിലുമില്ല. എൻഡോസൾഫാന്റെ വിഷയത്തിൽ ആയാലും നമ്മുടെ എല്ലാ മേഖലയിലും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയാണ്.
ഇന്ത്യയുടെ പ്രതിനിധി
ബുധിനിയെ പോലെ ഒരു പെൺകുട്ടിക്ക് ഇന്ത്യയുടെ ചരിത്രത്തിലുള്ള സ്ഥാനം ഇരകളുടെ പ്രതിനിധി എന്നതാണ്. വികസനത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന കോടാനുകോടി ഇരകളുടെ പ്രതിനിധിയാണ് ബുധിനി.
ബുധിനിയെ അവളുടെ ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെട്ട സാഹചര്യം കൂടി നമ്മൾ ചേർത്ത് വായിക്കേണ്ടതുണ്ട്. ഇന്ന് ഒരുപക്ഷേ സാന്താൾ ഗോത്രത്തിൽ നിന്നും ബുധിനി പുറത്താക്കപ്പെടില്ലായിരിക്കാം. വിദ്യാഭ്യാസം അനാചാരങ്ങൾ കുറിച്ചിരിക്കാം. വിദ്യാഭ്യാസത്തലൂടെ ഒരുപാട് പേർ അവരുടെ ഗോത്രത്തിൽ നിന്നും മുഖ്യധാരയിലേക്ക് വന്നിട്ടുണ്ട്. നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുർമു സാന്താൾ വിഭാഗത്തിൽ നിന്നുമാണ്. ബുധിനിയെ തേടിപ്പോകുന്ന നോവലിലെ കഥാപാത്രമായ രോഖി മുർമു ഒരു മാധ്യമപ്രവർത്തകയാണ്.
സാന്താൾ ജനതയുടെ ജീവിതവും അവരുടെ പോരാട്ടവും എല്ലാമായി ബന്ധപ്പെട്ട് കിടക്കുകയാണ് ബുധിനി. അതുകൊണ്ടുതന്നെ ബുധിനി ഒരു സ്ത്രീയാണെന്നോ വ്യക്തിയാണെന്നോ ഒരു സാന്താൾ യുവതി ആണെന്നോ ഒന്നും പറയാൻ കഴിയില്ല. ഇന്ത്യയിൽ ഇതുപോലെ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ വളരെ ശക്തമായ ഒരു പ്രതീകമാണ് ആ സ്ത്രീ. എന്നെ സംബന്ധിച്ചിടത്തോളം അതാണ് അവർക്കുള്ള വലിയ രാഷ്ട്രീയ പ്രാധാന്യം.
ഇനി ഞങ്ങൾ നൃത്തം ചെയ്യുകയില്ല !
ബുധിനിയുടെ തുടക്കത്തിൽ ഞാനൊരു ക്വോട്ട് കൊടുത്തിട്ടുണ്ട്.
‘നൃത്തമുണ്ട് നൃത്തഭൂമി മാത്രമില്ല.’
നിലമുണ്ടെങ്കിൽ അല്ലേ നൃത്തം ചെയ്യാനാവൂ ?
ആദിവാസി എന്നാൽ നൃത്തമാണ്, വാദ്യമാണ്, താളമാണ്, ഒക്കെയാണ്. പക്ഷേ എവിടെ നൃത്തം ചെയ്യും എന്ന് ചോദിക്കുന്നതാണ് ഏറ്റവും കഠിനമായ ദുരവസ്ഥ. ആ ദുരവസ്ഥയാണ് അവിടെ സംഭവിച്ചുകൊണ്ടിരുന്നത്.
സാന്താൾ വിഭാഗത്തിൽ നിന്നു തന്നെ ഡോ. സൗവേന്ദ്ര ശേഖർ എഴുതിയിട്ടുള്ള ‘ആദിവാസി വിൽ നോട്ട് ഡാൻസ്’ എന്ന ചെറുകഥ സമാഹാരം നാലഞ്ച് കൊല്ലം മുൻപ് നിരോധിക്കുകയുണ്ടായി. ലൈംഗിക വിവരണങ്ങളുണ്ട് എന്നതായിരുന്നു നിരോധിക്കുന്നതിനായി പറഞ്ഞ കാരണം. സത്യത്തിൽ ‘ആദിവാസി വിൽ നോട്ട് ഡാൻസ്’ എന്ന ഒറ്റ കഥയായിരുന്നു അതിനു കാരണം.
‘ആദിവാസി വിൽ നോട്ട് ഡാൻസ്’ എന്ന ശേഖറിന്റെ കഥയിൽ ഇന്ത്യൻ പ്രസിഡന്റിനെ പോലെയുള്ള വലിയ ആളുകളുടെ മുമ്പിൽ അവതരിപ്പിക്കുന്നതിനായി സാന്താൾ നർത്തകരെ ക്ഷണിക്കുന്നു. അവർ പോകുന്നു. പക്ഷേ ഈ നൃത്ത സംഘത്തിന്റെ നേതാവ്, ‘ഞങ്ങൾ നൃത്തം ചെയ്യില്ല’ എന്ന് പ്രഖ്യാപിക്കുന്നു ! എന്തുകൊണ്ടെന്ന് പറയുമ്പോൾ, എങ്ങനെയൊക്കെ അവർ അവരുടെ ഭൂമിയിൽ നിന്നും അവകാശ, അധികാരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു എന്ന് വിവരിക്കുന്നു. അവിടേക്ക് കടന്നുവന്ന ഓരോ വികസനങ്ങളും, തെർമൽ പ്ലാന്റുകളായും മറ്റും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നവയും.
”അതുമൂലം കരിപുരണ്ടുപോയ മനുഷ്യരായ ഞങ്ങൾ ഓരോ അവസരം വരുമ്പോൾ നിങ്ങളുടെ മുമ്പിൽ നൃത്തം ചെയ്യാനായി വരുന്നു. എന്നാൽ ഇനി ഞങ്ങൾ നൃത്തം ചെയ്യുകയില്ല.” എന്ന് പറയുന്നു എന്നതാണ് ആ കഥയുടെ ഏകദേശ ഉള്ളടക്കം.
ആ ഒറ്റക്കഥയാണ് ആ സമാഹാരം നിരോധിക്കാനുള്ള കാരണമെന്ന് വ്യക്തമാണ്. ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്ന സമയത്തുതന്നെയാണ് അദാനിയുടെ തെർമൽ പ്ലാൻറ് സ്ഥാപിക്കുന്നതിനായി ജാർഖണ്ഡിലെ ഗൊഢ എന്ന പ്രദേശത്ത് ഭൂമി പിടിച്ചെടുക്കുന്നതും അതിനെതിരെ സമരം നടക്കുന്നതും. 11 ഗ്രാമങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അവിടെ അദാനിക്കെതിരെ വലിയ സമരം രൂപപ്പെട്ടു.
നമ്മൾ നൃത്തം ചെയ്യുന്നു !
അവരുടെ നൃത്തം അവർക്ക് അവരുടെ ജീവിതമാണ്. സാന്താളുകൾ പറയുന്നുണ്ട്, “സന്തോഷം വരുമ്പോഴും ദേഷ്യം വരുമ്പോഴും നമ്മൾ നൃത്തം ചെയ്യുന്നു. അവർക്ക് ദേഷ്യം വരുമ്പോൾ യുദ്ധവും കലാപങ്ങളും ഉണ്ടാകും. അവരുടെ ദേഷ്യം പ്രകടിപ്പിക്കുന്നത് വർഗീയതയിലൂടെയും കൊലയിലൂടെയും യുദ്ധത്തിലൂടെയുമാണ്. നമ്മുടെ ദേഷ്യം നമ്മൾ പ്രകടിപ്പിക്കുന്നത് നൃത്തത്തിലൂടെയാണ്. അതാണ് നമ്മുടെ ജീവിതം.”
ആദിവാസികൾക്ക് അവരുടെ സംഗീതം അവരുടെ നൃത്തം അവരുടെ കലാരൂപങ്ങളെല്ലാം ശാന്തമായ ഒരു ജീവിതത്തിന്റെ ഭാഗമാണ്. അതല്ലാതെ നമ്മുടെ പ്രദർശന വസ്തുക്കളല്ല. ആദിവാസികളെ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി അവരെ കൊണ്ടുവന്ന് പ്രദർശിപ്പിക്കുന്നു. ശേഷം അവരുടെ ജീവിതത്തിന്റെ കൂടുതൽ ദുരിതങ്ങളിലേക്ക് വീണ്ടും അവരെ തള്ളിവിടുന്നു. അതാണ് മുഖ്യധാര ചെയ്യുന്നത്. മുഖ്യധാരയുടെ പ്രമാണി ഭാവമാണത്.
ആദിവാസികൾക്ക് അവരുടെ തനത് ജീവിതവും കലകളും വിശ്വാസ പ്രമാണങ്ങളും അവരുടെ ദൈവങ്ങളും എല്ലാം ഒത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. തുല്യത എന്ന് പറയുമ്പോൾ അവർക്ക് അവരുടെ ജീവിതം നയിക്കാനുള്ള അവകാശം ആണല്ലോ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത അവർക്ക് അവരുടെ നിലയിൽ ജീവിക്കാനുള്ളതാണ്. അവർക്ക് ആഗ്രഹമുണ്ടെങ്കിൽ മുഖ്യധാരയിലേക്ക് വരാനും ഇല്ലെങ്കിൽ അവർക്ക് അവരുടെ ജീവിതം നയിക്കാനുമുള്ള അവകാശം ആദിവാസികൾക്കും ഉണ്ട്. പ്രദർശന വസ്തുക്കളാക്കിക്കൊണ്ട് ആദിവാസികളെ മുഖ്യധാരാവത്ക്കരിക്കുന്നത് ശരിക്കും ക്രൂരതയാണ്.
തയ്യാറാക്കിയത് : ആദിൽ മഠത്തിൽ