രണ്ടുവർഷമായി ലഖ്‌നൗ ജയിലിൽ കഴിയുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ മോചിതനായിരിക്കുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോയതിനിടെയാണ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. യു.എ.പി.എ കേസിൽ 2022 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ഡിസംബറിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ജാമ്യം നൽകിയതോടെയാണ് മോചനത്തിന് വഴി തുറന്നത്. സിദ്ദിഖ് കാപ്പൻ മോചിതനായ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി.ആർ.പി ഭാസ്കർ പ്രതികരിക്കുന്നു.
സിദ്ദിഖ് കാപ്പന്റെ മാധ്യമ പ്രവർത്തന പശ്ചാത്തലം കേരളത്തിലെ ആളുകൾക്ക് അറിവുള്ളതാണ്. അധികൃതർക്കും അറിവുള്ളതാണ്. പക്ഷെ ഒരു മാധ്യമ പ്രവർത്തകനാണെന്നുള്ള പരിഗണന കൂടാതെ അദ്ദേഹത്തെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന വിഭാഗങ്ങളുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കാപ്പൻ ഹത്രാസിലേക്ക് പോകാൻ തീരുമാനിച്ചത് അവിടെ ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടർന്നാണ്. അതിനെക്കുറിച്ച് അന്വേഷിക്കാനാണ് പോയത്. മാധ്യപ്രവർത്തനത്തിന്റെ ഭാഗമായായിരുന്നു ആ യാത്ര. പക്ഷെ കാപ്പൻ അവിടെ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ വഴിയിൽ വച്ച് തടഞ്ഞു. കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് പൊലീസ് കാപ്പനെ നേരത്തെ തന്നെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ഹത്രാസിലേക്ക് പോകുന്നത് അവിടെ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കുറെ ദിവസങ്ങൾ ജാമ്യമൊന്നും കിട്ടാതെ ജയിലിലിട്ടു. ഇതൊക്കെ ഇപ്പോൾ ഒരു പതിവ് രീതിയായി മാറുകയാണ്. ഒരാളെ അറസ്റ്റ് ചെയ്തിട്ട് പല കുറ്റങ്ങളും അയാളുടെ പേരിൽ ചുമത്തുക എന്നത് ഒരു പതിവായി മാറി. ജാമ്യം കിട്ടാതെ ജീവിതകാലം മുഴുവൻ തടവറയിൽ കഴിയേണ്ട ഒരു സാഹചര്യമുണ്ടാക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബ്ദുൾ നാസർ മദനിയുടെ കേസിൽ കേരളത്തിൽ തന്നെ നമ്മൾ ഇത് മുമ്പും കണ്ടതാണ്. അത്തരത്തിലൊരു ഇടത്തേക്കാണ് സിദ്ദിഖ് കാപ്പൻ ചെന്ന് പെട്ടത്. വളരെയധികം പരിശോധന നടത്തിയ ശേഷം ഇപ്പോൾ അദ്ദേഹത്തിന് ജാമ്യം കിട്ടിയിരിക്കുന്നു എന്നുള്ളത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ്.
ഒരുപാട് കാലം കഴിഞ്ഞിട്ടാണെങ്കിലും ജാമ്യം കിട്ടിയിരിക്കുന്നു എന്നുള്ളത് നമ്മുടെ സംവിധാനങ്ങൾ സമ്പൂർണ്ണ പരാജയങ്ങളാണ് എന്ന് പറയുന്നത് ഒഴിവാക്കാൻ സാധിക്കും. സിദ്ദിഖ് കാപ്പന്റെ കാര്യത്തിൽ പല കേസുകളുണ്ട്. പല കേസുകളിലും ഏതാനും മാസം മുമ്പ് ജാമ്യം ലഭിച്ചിരുന്നു. പക്ഷെ ഒരു കേസ് ബാക്കി നിൽക്കുകയായിരുന്നു. അതിൽ ജാമ്യം കിട്ടാതിരുന്നതുകൊണ്ടാണ് പിന്നെയും ഇത്രയും ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. ഇതെല്ലാം കാണിക്കുന്നത് ബോധപൂർവ്വം ആളുകളെ ടാർഗറ്റ് ചെയ്യുന്ന ഒരു രീതി ഇന്ത്യയിൽ രൂപപ്പെടുന്നുണ്ട് എന്നാണ്. ഇതിനകത്ത് നിന്നും നമുക്ക് പുറത്ത് കിടക്കണമെങ്കിൽ കോടതികൾ ഉണർന്ന് പ്രവർത്തിക്കണം. അവർ ഉണർന്ന് പ്രവർത്തിച്ചിരുന്നാൽ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് ആശ്വാസം നൽകാൻ കഴിയും എന്നാണ് സിദ്ദിഖ് കാപ്പന്റെ കേസ് നമ്മളെ ഓർമ്മപ്പെടുത്തുന്നത്.
സിദ്ദിഖ് കാപ്പൻ എന്ന പേര് മതി, പല സ്ഥലങ്ങളിലും അത്തരത്തിൽ ഒരു മുസ്ലിം പേര് മതി ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ. കുറച്ച് കാലം മുമ്പ് യു.പിയിൽ ഒരു പുതിയ നിയമം വന്നു. എവിടെയെങ്കിലും ഒരു കലാപം നടന്നാൽ ആ പ്രദേശത്തെ ആളുകളിൽ നിന്ന് ആ പിഴ ഈടാക്കാനാണ് ആ നിയമം കൊണ്ടുവന്നത്. ആ ചട്ടം ഉപയോഗിച്ച് കുറെപ്പേർക്കെതിരെ നോട്ടീസ് കൊടുത്തു. ആ നോട്ടീസ് കിട്ടിയവരെല്ലാം മുസ്ലീങ്ങളായിരുന്നു. ആ നോട്ടീസിൽ അത് കിട്ടിയവരുടെ പേരും മേൽവിലാസവും ഒക്കെയുണ്ട്. പക്ഷെ അവരുടെ വയസ്സ് യഥാർത്ഥ വയസ്സിനേക്കാൾ നാല് വയസ്സ് കുറവായിരുന്നു. നോട്ടീസ് കിട്ടിയ ചില ആളുകൾ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. പഴയ വോട്ടേഴ്‌സ് ലിസ്റ്റ് എടുത്ത് ആ പ്രദേശത്തെ മുസ്ലിങ്ങളുടെ പേര് മാത്രം തെരഞ്ഞുപിടിച്ച് നോട്ടീസ് അയച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കിയത് നാല് കൊല്ലം മുമ്പായതുകൊണ്ട് അവരുടെ പ്രായം നാല് വർഷം കുറഞ്ഞു. ഇങ്ങനെയുള്ള ഒരു ഭീകര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടാണ് ഈയൊരു സാഹചര്യത്തിൽ നമ്മുടെ നീതിന്യായ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം എന്ന് ആഗ്രഹിച്ച് പോകുന്നത്.
(സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്: അരുൺ ടി വിജയൻ)