കുറവ് കൂടുതലാകുമ്പോൾ

അമേരിക്കൻ എഴുത്തുകാരനും ഹാർവാർഡ് ബിസിനസ് സ്കൂളിലെ മുൻ പ്രൊഫസറും രാഷ്ട്രീയ പ്രവർത്തകനും കോർപ്പറേറ്റ് ആഗോളവൽക്കരണത്തിന്റെ വിമർശകനുമാണ് ഡേവിഡ് കോർട്ടൻ. ലാഭാധിഷ്ഠിതമല്ലാതെ പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ സ്ഥാപനമായ എസ് മീഡിയ (YES! Media) യുടെ സഹസ്ഥാപകനും ക്ലബ് ഓഫ് റോമിലെ അംഗവും ആണ് അദ്ദേഹം. “കോർപ്പറേഷനുകൾ ലോകത്തെ ഭരിക്കുമ്പോൾ”എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെ പ്രശസ്തമാണ്. ആഗോള ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി ഭാര്യ ഫ്രാനിനോടൊപ്പം ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലുമായി 21 വർഷം ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തു.

ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായ വായു, ജലം, മണ്ണ് , ജൈവവൈവിധ്യം എന്നിവയെല്ലാം അതീവ ഗുരുതരമായ രീതിയിൽ മലിനീകരിക്കപ്പെടുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ആണ്. കാലാവസ്ഥാ പ്രതിസന്ധി , ആഗോള താപനം എന്നിവ കൂടാതെ വിഭവ ദാരിദ്ര്യവും മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നു. ഈ പ്രതിസന്ധികളെ മറികടക്കുന്നതിന് ആവശ്യമായ ഒരു വ്യവസ്ഥാ മാറ്റത്തിന് നാളിതുവരെ തുടർന്നുവരുന്ന സമ്പദ്‌വ്യവസ്ഥ മാറേണ്ടതുണ്ടെന്ന് ഡേവിഡ് കോർട്ടൻ വ്യക്തമാക്കുന്നു.

ഭൂമിയിൽ മനുഷ്യർ സൃഷ്ടിക്കുന്ന അതിതീവ്ര ആഘാതങ്ങൾ കുറയ്ക്കുന്നതിനോ, ഭൂമിയുടെ സ്വാഭാവികതയിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധമുള്ള അഗ്ര സൂചിക (Tipping points ) യിലേക്ക് കടക്കുന്നതിനോ നമുക്ക് മുന്നിൽ 10 വർഷത്തിൽ താഴെ മാത്രം സമയമേ ഉള്ളൂ എന്ന് ശാസ്ത്രം പറയുന്നു. കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് ഏറെ സജീവമായി നടക്കുന്നുണ്ട് . അതോടൊപ്പം വായു, ജലം, മണ്ണ്, ജീവിവർഗങ്ങളുടെ വംശനാശം എന്നിവയും അതീവ ഗുരുതരമായ ആപത്സന്ധികളാണെന്ന് നാം ഓർക്കണം.

ഗുരുതരമായ ഈ പ്രതിസന്ധികളുടെ പ്രധാന കാരണം ഇന്ന് എല്ലാവർക്കും അറിയാം. ഗ്ലോബൽ ഫൂട്ട്പ്രിന്റ് നെറ്റ്‌വർക്കിന്റെ അഭിപ്രായത്തിൽ, ഭൂമിക്ക് നിലനിൽക്കാൻ കഴിയുന്നതിന്റെ 1.7 മടങ്ങ് നിരക്കിലാണ് മനുഷ്യർ ഇപ്പോൾ വിഭവങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ നമുക്ക് ഒരു ഭൂമി മാത്രമേയുള്ളൂ, മറ്റൊന്ന് ഉടൻ കണ്ടെത്തുമെന്ന പ്രതീക്ഷയുമില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (Intergovernmental Panel on Climate Change ) ഏറ്റവും പുതിയ റിപ്പോർട്ട് നമുക്ക് ഇതിനകം അറിയാവുന്ന ഒരു കാര്യം തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത് : ഒരു വലിയ ദുരന്തത്തിൽ നിന്നും ഭൂമിയെ തിരിച്ചുപിടിക്കാനുള്ള സമയം തീർന്നിരിക്കുന്നു, ഏറ്റവും മോശമായ ഒരു ദുരന്തം ഒഴിവാക്കാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചേ മതിയാകൂ.

ഒരു കാര്യം അസന്നിഗ്ധമായി പറയാം. ഭൂമുഖത്ത് മനുഷ്യന്റെ ഭാവി യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തുടരുന്ന ഇന്നത്തെ ഉപഭോഗരീതി വെട്ടിച്ചുരുക്കി ജീവിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിന്റെ അർഥം ത്യാഗമാണോ? അതോ കുറെ മനുഷ്യർക്ക് അവകാശപ്പെട്ട ജീവിതത്തെ നിരാകരിക്കലാണോ? അതോ ഈ വെല്ലുവിളി എല്ലാവർക്കും മെച്ചപ്പെട്ട ഭാവി കൈവരിക്കാനുള്ള അഭൂതപൂർവമായ ഒരു അവസരമാണ് എന്നാണോ? എന്തായാലും ഒരാൾക്ക് സന്തോഷത്തോടെ ജീവിക്കാൻ എന്തുമാത്രം വിഭവ ഉപഭോഗം ആവശ്യമാണെന്നത് നമ്മുടെ കാലത്തെ അടിസ്ഥാനപരമായ ചോദ്യം തന്നെയാണ്.

ജി.ഡി.പി പോലുള്ള സാമ്പത്തിക സൂചകങ്ങളെക്കുറിച്ചുള്ള ദൈനംദിന റിപ്പോർട്ടുകൾ ഉപഭോഗം വർധിക്കുമ്പോൾ ആഘോഷമാക്കുകയും ഉപഭോഗം കുറയുമ്പോൾ അപകട സൂചനയുടെ മണി മുഴക്കമാവുകയും ചെയ്യുന്നത് സാധാരണമാണ് . അതേസമയം, പ്രതിദിന വാർത്താ റിപ്പോർട്ടുകൾ ഒന്നിനുപുറകെ ഒന്നായി കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തത്തെക്കുറിച്ച് പറയുന്നുമുണ്ട്. എന്നാൽ വളരെ അപൂർവ്വമായി മാത്രമേ വളരുന്ന ജി.ഡി.പി യും തീവ്രതയേറിവരുന്ന പാരിസ്ഥിതിക ദുരന്തങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗൗരവമായ ചർച്ച നമ്മൾ കേൾക്കുന്നുള്ളൂ.

നമ്മുടെ ആവശ്യങ്ങൾ എത്രമാത്രം ആകാം എന്ന ചോദ്യം പ്രധാനപ്പെട്ട ഒരു സംവാദത്തിന്റെ തുടക്കമാണ്. വ്യക്തികൾ എന്ന നിലയിൽ നമുക്ക് എങ്ങനെ ഉപഭോഗം കുറയ്ക്കാം എന്നതാണ് സാധാരണയായി നടക്കുന്ന അന്വേഷണം. “എപ്പോഴാണ് കുറവ് കൂടുതലാകുന്നത് (when is less more ?)?” എന്ന ചോദ്യം വ്യക്തികൾക്ക് വലിയ പങ്കില്ലാത്ത സാമൂഹികമായ തിരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധ തിരിക്കാൻ നമുക്ക് പ്രേരണ നൽകുന്നു. ഈ സാമൂഹിക തലത്തിലുള്ള മേഖലകൾ പരിശോധിക്കുമ്പോൾ, നമുക്ക് കൂട്ടായി പങ്കുവഹിക്കാൻ കഴിയുന്ന ചില സുപ്രധാന കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ‘കുറച്ചുള്ളത് കൂടുതലാകുന്ന’ നിരവധി മേഖലകൾ നമുക്ക് പരിശോധിക്കാം.

മാരകമായ ആയുധങ്ങൾ

മനുഷ്യർ പണ്ടുമുതലേ സമാധാനം സ്വപ്നം കണ്ടിരുന്നു, എന്നിട്ടും നമ്മൾ യുദ്ധത്തിനായി ധാരാളം വിഭവങ്ങൾ ഉപയോഗിക്കുന്നു. അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഊർജ ഉപഭോഗത്തിന്റെ ഏകദേശം 80 ശതമാനം യു.എസ് പ്രതിരോധ വകുപ്പ് ഒറ്റയ്ക്ക് പങ്കുപറ്റുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഉപഭോക്താവാണ് യു.എസ് പ്രതിരോധ വകുപ്പ്. ലോകത്തിലെ ഏറ്റവും വലിയ തോക്കുകൾ, ടാങ്കുകൾ, സൈനിക വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവയുടെ കുത്തകയും അവർക്കാണ്. അമേരിക്കൻ സൈന്യം ഇങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാവുമ്പോൾ, ഇത്തരം വലിയ സൈനിക സംവിധാനമുള്ള നിരവധി രാജ്യങ്ങളിൽ ഒന്ന് മാത്രമാണ് യു.എസ് എന്ന കാര്യം പ്രശനത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.

പ്രതിരോധ വകുപ്പിന്റെ ഊർജ്ജ ഉപയോഗത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്ക് മാരകമായ ആയുധങ്ങൾ നിർമ്മിക്കുന്നതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ചെലവുകളെക്കുറിച്ച് വെളിപ്പെടുത്തുന്നില്ല. സൈന്യത്തെ കൂടാതെ പ്രാദേശിക പോലീസ്, തീവ്രവാദ ഗ്രൂപ്പുകൾ, ക്രിമിനൽ സിൻഡിക്കേറ്റുകൾ, സാമൂഹ്യ വിരുദ്ധ സംഘങ്ങൾ, സായുധരായ വ്യക്തികൾ തുടങ്ങിയവർ ആയുധങ്ങൾ ഉപയോഗിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ സ്ഥിവിവരക്കണക്കുകൾ മൗനം പാലിക്കുന്നു. പരസ്പരം സമാധാനത്തോടെയും സഹകരണത്തോടെയും ജീവിക്കാൻ നമ്മൾ മറന്നിരിക്കുന്നു. യുദ്ധ ആയുധങ്ങളുടെ ഉത്പാദനവും ഉപയോഗവും ‘കുറവായിരിക്കുന്നതാണ് കൂടുതൽ’ എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ്.

തെറ്റായ വിവരങ്ങൾ

ആരോഗ്യമുള്ള ഒരു സമൂഹത്തിന് ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ അനിവാര്യമാണ്. നമ്മെ അറിയിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ആണ് അതിന്റെ ദൗത്യം. നവീകരിച്ച ആശയവിനിമയ ശേഷികൾ നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന ഒരു ജൈവ നാഗരികത (ecological civilization) ഉടലെടുക്കുന്നതിന് അഭൂതപൂർവമായ സാധ്യതകൾ സൃഷ്ടിക്കേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ, നമ്മുടെ ക്ഷേമത്തിന് വിരുദ്ധമായ ഉദ്ദേശ്യങ്ങൾക്കായി നമ്മുടെ മനസ്സിനെ ദുരുപയോഗം ചെയ്യാനാണ് അസാധാരണമായ ഈ ആശയവിനിമയ വിദ്യകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. സാമൂഹികവും പാരിസ്ഥിതികവുമായ വിനാശകരമായ രാഷ്ട്രീയ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രയോജനരഹിതവും ദോഷകരവുമായ ഉപഭോഗം വർധിപ്പിക്കാനുള്ള പ്രചാരണവും പരസ്യവും പ്രോത്സാഹിപ്പിക്കുന്നത്തിനും ആണ് നവ ആശയവിനിമയ സാധ്യതകൾ കൂടുതലും ഉപയോഗിക്കപ്പെടുന്നത് . ഈ പ്രവർത്തനങ്ങൾ മൂലധന ശക്തികൾക്ക് തങ്ങളെ സേവിക്കുന്നവരുടെ ആഡംബര ജീവിതശൈലികളെ പ്രോത്സാഹിപ്പിക്കാനും ലാഭകരമായ തൊഴിൽ ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ‘കുറവ് കൂടുതൽ ആയിരിക്കും’ അല്ലെങ്കിൽ ‘കുറവായിരിക്കുന്നതാണ് കൂടുതൽ’ എന്നത് യാഥാർഥ്യമാക്കേണ്ട മറ്റൊരു മേഖലയാണിത്.

സാമ്പത്തിക ഊഹക്കച്ചവടം

പണം മനുഷ്യ മനസ്സിന് പുറത്ത് മാത്രം നിലനിൽപ്പുള്ള ഒരു സംഖ്യയല്ലാതെ മറ്റൊന്നുമല്ല. വിനിമയത്തിനുള്ള ഒരു ഉപകരണമെന്ന നിലയിൽ ഇത് ഉപയോഗപ്രദമാകുമെങ്കിലും കൂടുതൽ പണം സ്വരൂപിച്ചു കൂട്ടിവയ്ക്കുക മാത്രമാണ് അതിന്റെ ഉദ്ദേശ്യമെങ്കിൽ അത് ജീവന് തന്നെ ഭീഷണിയാകുന്നു. ആധുനിക സമൂഹത്തിന്റെ ഘടന പണമില്ലാതെ മനുഷ്യ ജീവിതം പ്രായോഗികമായി അസാധ്യമാക്കുന്ന തരത്തിൽ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. അത് പണം സൃഷ്ടിക്കുന്നവർക്കും അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നവർക്കും വലിയ മേൽക്കൈ നൽകുന്നു. അതേസമയം സത്യസന്ധമായ പൊതു ആവശ്യങ്ങൾക്കായി പൊതു സ്ഥാപനങ്ങൾ സുതാര്യമായി പണം സൃഷ്ടിക്കുന്നു. എന്നാൽ സമൂഹത്തിന്റെ സമ്പത്ത് ഉൽപ്പാദിപ്പിക്കുന്നവർ എന്ന തെറ്റായ അവകാശവാദം ഉന്നയിക്കാൻ സ്വകാര്യ ബാങ്കർമാർക്കും ചൂതാട്ടക്കാർക്കും ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥ അവസരം നൽകുന്നു. 2021 ലെ മൊത്തം ലോക ഉൽപാദനം (ഒരു ആഗോള ജി.ഡി.പി) ഏകദേശം 94 ട്രില്യൺ ഡോളർ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2022 ഓടെ ആഗോള സാമ്പത്തിക സേവനങ്ങളുടെ മൂല്യം 26.5 ട്രില്യൺ ഡോളറിലെത്തുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആ തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് അവശ്യ സാമ്പത്തിക സേവനങ്ങളെ പ്രതിനിധീകരിക്കുന്നത്. ബാക്കിയുള്ളവ ചൂഷണത്തിന്റെയും, കൂടാതെ വരുമാന അസമത്വത്തിന്റെയും പാരിസ്ഥിതിക ബാധ്യതയുടെയും, ധൂർത്തിന്റെ അതിരുകടന്ന പ്രകടനങ്ങളുടേയും പ്രാഥമിക പ്രേരക ശക്തിയായി കണക്കാക്കാം. സമ്പത്തിന്റെ കുറഞ്ഞ അളവിലെ ദുരുപയോഗം വളരെ കുറഞ്ഞ തോതിലുള്ള പരിസ്ഥിതി മലിനീകരണവും കൂടുതൽ സാമൂഹ്യ സമത്വവും ഉറപ്പുവരുത്തും.

ബിറ്റ് കോയിൻ

സ്വകാര്യ സൈബർ കറൻസികൾ കള്ളപ്പണത്തിന്റെ ഒരു രൂപമാണ്. ആഗോള സൈബർ കുറ്റവാളികളും നികുതി വെട്ടിപ്പുകാരും ഇഷ്ടപ്പെടുന്ന സൈബർ കറൻസിയായ ബിറ്റ്കോയിൻ പ്രത്യേകിച്ചും ചെലവേറിയ ഉദാഹരണമാണ്. ബിറ്റ്കോയിനുകളുടെ ‘മൈനിങ്’ നായി ഉപയോഗിക്കുന്ന ഊർജ്ജം ഒരു ചെറിയ രാജ്യത്തിന്റെയോ പ്രധാന നഗരത്തിന്റെയോ ഊർജ്ജ ഉപയോഗത്തിന് തുല്യമാണ്. ഇതിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇലക്ട്രോണിക് മാലിന്യങ്ങൾക്കും അർദ്ധചാലക ചിപ്പുകളുടെ (semiconductor chips ) നിലവിലെ ആഗോള ക്ഷാമത്തിനും കാരണമാകുന്നു. ബിറ്റ്കോയിനും മറ്റ് സൈബർ കറൻസികൾക്കും മൂല്യമുണ്ട്. അതിനു കാരണം അത് വാങ്ങുന്നവർ വിപണി കൂടുതൽ വില നൽകുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ ഒരു അനധികൃത ഇടപാട് ട്രാക്കുചെയ്യുന്നത് തടയാൻ അവർക്ക് ബിറ്റ്കോയിൻ ആവശ്യമാണ്.

ആഗോള വിതരണ ശൃംഖലകൾ

നമ്മുടെ ചരിത്രത്തിൽ വളരെ അടുത്ത കാലം വരെ, പ്രാദേശിക സമൂഹങ്ങളുടെ അധ്വാനത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചായിരുന്നു നമ്മുടെ സമ്പദ്‌വ്യവസ്ഥ നിലനിന്നിരുന്നത് . ഇത് പരമാവധി ഉപയോഗം, ദീർഘകാലത്തെ ഈടുനിൽക്കൽ, റിപ്പയർ, പുനരുപയോഗം എന്നിവ സുഗമമാക്കി ഭൂമിയുടെ പുനരുൽപ്പാദന സംവിധാനങ്ങളുടെ കഴിവുകൾക്കുള്ളിൽ ഉൽപ്പാദന ഉപഭോഗ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ തദ്ദേശ സമൂഹങ്ങളെ അനുവദിച്ചു. 1990 കളിൽ ആദ്യമായി കൊണ്ടുവന്ന ആഗോള വ്യാപാര നിയമങ്ങൾ തദ്ദേശ സമൂഹങ്ങൾക്ക് അവരുടെ വിപണികൾ, തൊഴിൽ, മറ്റ് വിഭവങ്ങൾ എന്നിവയുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെടുത്തുകയും തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും പ്രകൃതിയുടെയും ക്ഷേമത്തിൽ ആശങ്കയില്ലാതെ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കാൻ അന്തർദേശീയ കോർപ്പറേഷനുകളെ അനുവദിക്കുകയും ചെയ്തു. പരിസ്ഥിതി വിനാശകരവും ദീർഘദൂര സഞ്ചാരം ആവശ്യമുള്ളതുമായ ആഗോള ചരക്കു വിതരണ ശൃംഖലകളുടെ ഭാ​ഗമായ വളരെ ദുർബലമായ പരസ്പരാശ്രിത വിപണി സംവിധാനത്തിന്റെ കേന്ദ്രമാണ് ഇന്ന് ചൈന. ആഗോള വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് വരുന്നത് തദ്ദേശീയ ജനങ്ങളുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

ഹ്രസ്വകാല വിമാന യാത്ര

ഒരു ആഗോള സ്പീഷീസ് എന്ന നിലയിൽ നമ്മളെ ഒരുമിച്ച് കൊണ്ടുവരാൻ വിമാനയാത്ര സഹായിച്ചിട്ടുണ്ട്. പക്ഷേ ഇത് വളരെ കൂടുതൽ സമയവും ഊർജ്ജവും മറ്റ് വിഭവങ്ങളും ആവശ്യമായിവരുന്നതാണ്. വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലൂടെ നിരവധി അന്താരാഷ്ട്ര ബിസിനസ്സ് മീറ്റിംഗുകളുടെയും പ്രൊഫഷണൽ കോൺഫറൻസുകളുടെയും നടത്തിപ്പുകൾ സാധ്യമാവുന്നതാണ് . അവധിക്കാല യാത്ര അടുത്തുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്കായാൽ കൂടുതൽ ഗുണപരമായ രീതിയിൽ മാനസിക ഉല്ലാസം കൈവരിക്കാൻ സാധിക്കാവുന്നതേയുള്ളൂ . മറിച്ചു നടത്തുന്ന യാത്രകൾ പലപ്പോഴും പൊങ്ങച്ചം പറിച്ചിലിനുള്ള താൽക്കാലിക സുഖം മാത്രമേ സമ്മാനിക്കുകയുള്ളൂ. യാത്രയുടെ കാര്യം വരുമ്പോൾ, ‘കുറവായിരിക്കുന്നതാണ് കൂടുതൽ’ എന്നതാണ് യാഥാർഥ്യം.

ഓട്ടോ-ആശ്രിത നഗരങ്ങൾ

കാറുകളെ ആശ്രയിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം പറയാം. ഞാനും ഭാര്യ ഫ്രാനും 1992 മുതൽ 1998 വരെ ന്യൂയോർക്ക് നഗരത്തിലാണ് താമസിച്ചിരുന്നത്. മുതിർന്ന ശേഷം ജീവിതത്തിൽ ഞങ്ങൾക്ക് കാർ ഇല്ലാത്ത ഒരേയൊരു സമയമായിരുന്നു അത്. ഞങ്ങൾക്ക് ആവശ്യമുള്ളതോ ആഗ്രഹിച്ചതോ ആയതെല്ലാം നടക്കാനുള്ള ദൂരത്തിൽ ലഭ്യമായിരുന്നു. അല്ലെങ്കിൽ കാര്യക്ഷമമായ പൊതുഗതാഗതത്തിലൂടെ അതൊക്കെ സാധിക്കുമായിരുന്നു . ഈ ആരോഗ്യകരവും സൗഹൃദപരവുമായ യാത്ര ഞങ്ങൾക്കു ഏറെ ഹൃദ്യമായതായിരുന്നു. ദൈനംദിന യാത്രകൾക്കായി നടത്തം, സൈക്കിൾ, അല്ലെങ്കിൽ പൊതുഗതാഗതം എന്നിവ എളുപ്പമാക്കുന്ന രീതിയിൽ എല്ലാ നഗരങ്ങളും രൂപകൽപ്പന ചെയ്യുന്നത് എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും പ്രകൃതിയിൽ മനുഷ്യൻ ഉണ്ടാക്കുന്ന വിനാശങ്ങളെ കുറയ്ക്കാനും ഉപകരിക്കും. പുതുതായി വളർന്നുവരുന്ന പ്രധാന നഗരങ്ങൾ കാറിനെ ആശ്രയിക്കാത്തതായി മാറാനുള്ള നടപടികൾ ഇപ്പോൾ സ്വീകരിച്ചുവരുന്നുണ്ട്. കാർ യാത്രയെ സംബന്ധിച്ചിടത്തോളം ‘കുറവായിരിക്കുന്നതാണ് കൂടുതൽ.’

എന്തുകൊണ്ടാണ് നമുക്ക് ധാരാളം മാലിന്യം ഉണ്ടാക്കുന്ന ഉപഭോഗ തൃഷ്ണകൾ ഉണ്ടാവുന്നത് ? സാംസ്കാരികമായി, അത് അമിതമായ വ്യക്തിവാദത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെങ്കിൽ സാമൂഹികമായി അത് സാമ്പത്തിക മികവിന്റെ മാനദണ്ഡമായി ആരോഗ്യകരമായ ജീവിതത്തിനു പകരം പണം അടിസ്ഥാനം ആക്കുന്നതിൽ നിന്നാണ്. ഈ രണ്ട് ശക്തികളും നമ്മുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും പ്രകടമാകുന്ന ധൂർത്തിലേക്കും സർവ്വ നാശത്തിലേക്കും നയിക്കുന്ന ഉപഭോഗത്തിന് പ്രേരണ നൽകുന്നു.

കോവിഡ് മഹാമാരി മൂലമുണ്ടായ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾ, മനുഷ്യ ജീവിതം എത്രമാത്രം ദുർബലമാണെന്നും പരസ്പരാശ്രിതത്വത്തിൽ അധിഷ്ഠിതമാണെന്നും നമ്മളെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. കൂടാതെ സൃഷ്ടിപരവും ജീവോന്മുഖവുമായ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ പ്രതിഫലവും മറിച്ചുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്നതുമായ ഒരു സമ്പദ് വ്യവസ്ഥയുടെ പ്രതിലോമ സ്വഭാവത്തെയും ഈ ദുരിതകാലം നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്.

പരസ്പരാശ്രിതമായ ഒരു ആഗോള സമൂഹമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മൾ പഠിക്കുമ്പോൾ, എല്ലാവരുടെയും ക്ഷേമത്തിനായി ഒഴിവാക്കേണ്ട എല്ലാ തരത്തിലുള്ള ഹാനികരമായ ഉപഭോഗത്തെയും നാം വിമർശനാത്മകമായി നോക്കണം. നമ്മൾ ഒരു ജൈവ നാഗരികതയിലേക്ക് മാറണമെങ്കിൽ അത്തരമൊരു ആത്മ പരിശോധന അനിവാര്യമാണ്. ജൈവ നാഗരികത: അടിയന്തിരാവസ്ഥയിൽ നിന്നും നവ ലോകത്തേക്ക് (Ecological Civilization: From Emergency to Emergence) എന്ന ക്ലബ് ഓഫ് റോമിന്റെ (Club of Rome) ചർച്ചകൾക്കായി തയ്യാറാക്കിയ എന്റെ പ്രബന്ധത്തിൽ പുതിയ ലോകത്തിനായുള്ള ഒരു സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഞാൻ വിശദമായി വിവരിക്കുന്നുണ്ട്.

ഒരു കാര്യം ഉറപ്പിച്ചു പറയാം. നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ മാനവലോകം തയ്യാറാകേണ്ടിയിരിക്കുന്നു. ഒന്നുകിൽ ബഹിരാകാശത്തേക്ക് രക്ഷപ്പെടാൻ തയ്യാറെടുക്കുന്ന ഒരു ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ ഇല്ലാതാക്കാൻ അവസരം നൽകുന്ന, ജി.ഡി.പിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയയെ നമുക്ക് തുടരാൻ അനുവദിക്കാം. അല്ലെങ്കിൽ നമ്മൾ ജനിച്ചുവീണ ഭൂമിയിൽ സുരക്ഷിതവും സംതൃപ്‌തവുമായ ജീവിതം നയിക്കാൻ നമ്മളെല്ലാവരെയും പിന്തുണയ്‌ക്കുന്ന ഒരു ജൈവ സമ്പദ്‌വ്യവസ്ഥയിലൂടെ ജൈവ നാഗരികതയിലേക്കുള്ള പരിവർത്തനത്തിനുള്ള അവസരമായി ഈ നിർണ്ണായക സമയത്തെ നമുക്ക് ഉപയോഗിക്കാം. നമുക്ക് പണം തിന്നാൻ കഴിയില്ലെന്നും മൃത ഭൂമിയിൽ വിജയികളില്ലെന്നുമുള്ള യാഥാർത്ഥ്യത്തിലേക്ക് ഉണർന്ന്, മെച്ചപ്പെട്ട തിരഞ്ഞെടുപ്പായി രണ്ടാമത്തെ സാധ്യതയിലേക്ക് പ്രതീക്ഷയോടെ ഒന്നിച്ചു നീങ്ങാം.

(കടപ്പാട്: YES! Magazine, August 12, 2021. പരിഭാഷ: എ.കെ ഷിബുരാജ്).

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read